മറ്റെന്തോ ഉറപ്പിച്ച മരണം

സരൂപ 

 


ജീവിച്ചിരിക്കുന്ന ഒരാളിന്റെഫോട്ടോ

കാണും പോലെയല്ല

മരിച്ച ശേഷം അത് തന്നെ കാണുക 


ജീവിച്ചിരുന്നപ്പോള്‍

ഛെ! അത് ശരിയായില്ല ,

മുടിയൊട്ടിപ്പോയി

കണ്ണടഞ്ഞു പോയി

എന്നൊക്കെ തോന്നിയ

ഭാഗങ്ങളെല്ലാം മരണശേഷമുള്ള കാഴ്ചയില്‍

നമ്മെ അത്ഭുതപ്പെടുത്തി

അവയുടെ കുറവുകള്‍

സ്വയം

പരിഹരിച്ചു കളയും.


അന്നേരം പാതി അടഞ്ഞുപോയ ആ കണ്ണുകള്‍ മതി

അതിന്റെ അടയാത്ത ബാക്കി ഭാഗത്തെഓര്‍മിപ്പിക്കാന്‍

ഒട്ടിപ്പോയ മുടിയില്‍ നിന്ന്

നിമിഷനേരം കൊണ്ടു നാം

അതിന്റെ പ്രതാപകാലത്തെത്തും

ആ ചുണ്ടിന്റെ കോറല്‍ കൊണ്ടു മാത്രം

പഴയൊരു ചിരി കണ്ടെത്താന്‍ ആവുമെന്ന്

ഫോട്ടോ കയ്യില്‍ കിട്ടിയ കാലത്തൊന്നും

ആരും ഓര്‍ത്തിരിക്കില്ല

അല്ലെങ്കില്‍ ഫോട്ടോ തന്നെ എന്തിനു

ഗേറ്റ് കടന്നു വരുമ്പോള്‍

ആ കസേര ചുമ്മാ അവിടെ കിടന്നാല്‍ പോരെ

അതില്‍ ചാരി കിടന്നിരുന്ന

അഛനെ അങ്ങനെ തന്നെ കാണാന്‍

അഛന്‍ മരിച്ചതില്‍ പിന്നെയാണ്

ആരും മരിക്കുന്നില്ലെന്ന്

മനസ്സിലായത്

‌മരണം മറ്റെന്തോ ഉറപ്പിച്ചു

പിന്‍വാങ്ങുകയാണ് 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image