'പെണ്ണ്'
ജമാല്‍ റാഷി, മൂവാറ്റുപുഴ
 
      വെള്ളം നിറച്ച മിനി ടാങ്കര്‍ ഫസ്റ്റ് ഗിയറില്‍ അരിച്ചരിച്ച് കയറ്റം കയറുകയാണ്. ഇങ്ങോട്ടുള്ള വരവ് ആദ്യമായാണ്. വഴി കാണിക്കാന്‍ മുന്‍പേ പോയ സൗദിയുടെ വാഹനം കയറ്റം തീരുന്നിടത്ത് എനിക്കായി കാത്തു നില്‍ക്കുന്നു. ചെറുപട്ടണമായ സപ്തല്‍ അലായില്‍ നിന്ന് ഷാഫ് എന്ന ഈ കൊച്ചുഗ്രാമത്തിലേയ്ക്ക് കുറഞ്ഞദൂരം മാത്രമേയുള്ളുവെങ്കിലും ദുര്‍ഘടം പിടിച്ച വഴിയായതുകൊണ്ട് ഒരുമാതിരിപ്പെട്ടവരൊന്നും വിളിച്ചാല്‍ വരാന്‍ കൂട്ടാക്കാത്ത സ്ഥലം. ഏതാണ്ട് അര കിലോമീറ്ററോളം കയറ്റം. അതില്‍ത്തന്നെ അവസാനഭാഗം മണ്ണുവഴിയും. ഇടതടവില്ലാതെ വീശുന്ന കാറ്റ്. ഉയരത്തിലെത്തുന്തോറും തണുപ്പിന്റെ കാഠിന്യം കൂടി വരുന്നു. അനുഭവം കൊണ്ട് പരിചിതമായതിനാല്‍ മടുപ്പോ നീരസമോ തീരെയില്ല. പുതുമയും തോന്നിയില്ല.
 
ആടുവളര്‍ത്തല്‍ ഒരു വിധപ്പെട്ട എല്ലാ അറബികളുടെയും നല്ലൊരു വരുമാനമാര്‍ഗമാണിവിടെ. പ്രധാനവഴിയില്‍ നിന്ന് അകത്തേയ്ക്ക് മാറി ആട്ടിന്‍കൂടും പരിപാലിക്കാന്‍ ആളുകളും തയ്യാറാക്കും. ആട്ടിന്‍കൂടിന് സമീപത്തായി അത്യാവശ്യം എല്ലാ സൗകര്യത്തോടും കൂടിയ താല്ക്കാലിക വീടും സജ്ജീകരിക്കും. ഒഴിവുദിന സായാഹ്നങ്ങളില്‍ അറബികള്‍ സകുടുംബം എത്തും. മുതിര്‍ന്നവര്‍ സൊറപറഞ്ഞിരിക്കും. കുട്ടികള്‍ പുറം വെളിച്ചം കണ്ടതിന്റെ ആഹ്ലാദത്തില്‍ തുള്ളിച്ചാടും.
 
അത്തരമൊരിടത്തേയ്ക്ക് ആടിനും പരിചാരകര്‍ക്കും വെള്ളവുമായുള്ള വരവാണ്. കയറ്റം തീര്‍ന്നതും ദൂരെ നിന്നും കാണാം, കുറച്ച് കുട്ടികള്‍ ഓടിക്കളിക്കുന്നു. അവര്‍ക്കരികിലായി ഒരു കൂട്ടം സ്ത്രീകള്‍ താല്‍ക്കാലിക വീടിന് വെളിയില്‍ സംസാരിച്ച് നില്‍ക്കുന്നു. എന്റെ വണ്ടി കണ്ണില്‍പെട്ടതും അവര്‍ വീടിനകത്തേക്ക് വലിഞ്ഞു. എന്നിൽ നിന്നും ഒളിച്ചു.ആട്ടിന്‍കൂടിനോട് ചേര്‍ന്ന് കാട്ടുകല്ലുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ തറയില്‍ സ്ഥാപിച്ചിരിക്കുന്ന തകര ടാങ്കിന് സമീപം വണ്ടി നിര്‍ത്തി. കുട്ടികള്‍ വണ്ടിക്കുചുറ്റും കലപില കൂട്ടി.
 
ഹോസ് വലിച്ച് വെള്ളം നിറക്കേണ്ട ടാങ്കില്‍ വെച്ച് കെട്ടുക, വണ്ടിയില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം കാലിയാക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ സഹായത്തിന് ആള്‍ വേണ്ടതാണെങ്കിലും നിരന്തരമായ പ്രവര്‍ത്തനം കൊണ്ട് ഒറ്റക്കുതന്നെ ചെയ്യാമെന്നായിട്ടുണ്ട്. മോട്ടോര്‍ ഓണ്‍ ചെയ്ത പ്രകൃതിയുടെ വിജനതയിലേയ്ക്ക് കണ്ണും നട്ട് നില്‍ക്കേ സൗദി കുശലാന്വേഷണങ്ങളുമായി അടുത്തുകൂടി.
 
ഏത് രാജ്യക്കാരന്‍, ദിനം എന്ത് കിട്ടും, ഒരു റിയാലിന് എത്ര റുപ്പി.... തുടങ്ങി പലതും.
 
റിയാലിന് 19 രൂപയെന്ന് ഞാന്‍ പറഞ്ഞതും അദേഹം എന്റെ ശമ്പളത്തുകയെ പെരുക്കി അത്ഭുതപ്പെട്ടു. ചെറിയ അസൂയയും പ്രകടമായി.
ഇതിനിടയിലാണ് കൂട്ടികളോടൊപ്പം കളിക്കാന്‍ കൂടാതെ ഒരു മരച്ചുവട്ടില്‍ മാറിനില്‍ക്കുന്ന പെണ്‍കുട്ടി എന്റെ ശ്രദ്ധയില്‍
പെട്ടത്. കണ്ടാലറിയാം, പിണങ്ങിയുള്ള നില്‍പാണ്. ഇത്രനേരം സംസാരിച്ച പരിചയം കൊണ്ട് ഞാന്‍ സൗദിയോട് കാര്യമന്വേഷിച്ചപ്പോഴാണ്, എല്ലാവരും കൂടി മാതളം കഴിച്ചു. അവള്‍ പതുക്കെയായിപ്പോയി. മറ്റുള്ളവര്‍ തങ്ങള്‍ക്ക് കിട്ടിയത് കഴിച്ചു തീര്‍ത്ത് അവളുടെ പങ്കില്‍ കൈവച്ചതില്‍ പിണങ്ങിയുള്ള നില്‍പാണെന്ന് അറിഞ്ഞത്.
 
എന്റെ വണ്ടിയുടെ ഡാഷില്‍ മാതളമുള്ളത് ഓര്‍ത്തു, ഞാന്‍ സ്ഥിരമായി വെള്ളം കൊടുക്കുന്ന തോട്ടക്കാരന്‍ തന്നതാണ്. മുന്തിരി, ഓറഞ്ച്, പലതരം ആപ്പിളുകള്‍ തുടങ്ങി നാട്ടിലില്ലാത്തതും പേരറിയാത്തതുമായ പലതരം പഴങ്ങളും പച്ചക്കറികളും അങ്ങനെ കിട്ടുക പതിവാണ്. എന്റെ ഭക്ഷണം മെസ്സിലായതുകൊണ്ട് പച്ചക്കറികള്‍ ചെറിയ വിലക്ക് പലര്‍ക്കായി വില്‍ക്കും. പഴങ്ങള്‍ സഹമുറിയന്മാരായ കുഞ്ഞുപ്പ പാനോളിയും സുഡാപ്പി സിയാദുമായി പങ്കിടും. വണ്ടിയില്‍ നിന്ന് രണ്ട് മാതളമെടുത്ത് ഞാന്‍ ക്ഷണിച്ചു. അവള്‍ സൗദിയെ അനുവാദത്തിനായി പ്രതീക്ഷയോടെ നോക്കി. അയാള്‍ തലകൊണ്ട് സമ്മതം അറിയിച്ചു.
 
വിശാലമായ നെറ്റിത്തടം, ഉണ്ടക്കണ്ണുകള്‍, വട്ടമുഖം, നാണിച്ചുള്ള നടപ്പ്... എനിക്കെന്റെ മോളെ ഓര്‍മ്മ വന്നു.
അവള്‍ക്കും വലിയ ഇഷ്ടമാണ് മാതളം. അവയുടെ പവിഴമുത്തുകള്‍ പോലുള്ള കായ് കള്‍ പെറുക്കിപെറുക്കി തിന്നുന്നത് കൗതുകത്തോടും വാത്സല്യത്തോടും നോക്കിനില്‍ക്കാറുണ്ട് ഞാന്‍. ഒരു രസമുള്ള കാഴ്ചയാണത്. എന്നോട് മാതളപ്പഴങ്ങള്‍ വാങ്ങി നന്ദി പറഞ്ഞ് തിരികെ നടന്ന അവളെ പേരെന്തെന്ന ചോദ്യം കൊണ്ട് ഞാന്‍ തടഞ്ഞു. മുഖം മാത്രം എന്നിലേക്ക് തിരിച്ച് അവള്‍ പറഞ്ഞു
'മുഹ്സിന'
മാതളപ്പഴങ്ങള്‍ ചേര്‍ത്തുപിടിച്ച് എന്റെ അനുവാദത്തിന് കാക്കാതെ അവള്‍ വീട്ടിലേക്കോടി.
മുഹ്സിന, ഞാന്‍ അത്ഭുതപ്പെട്ടുപോയി. എന്റെ മോളുടെ പേര്.
അന്നങ്ങനെ അവസാനിച്ചു.
 
അവളുടെ പിതാവ് എനിക്ക് ഫോണ്‍ ചെയ്തതറിഞ്ഞാല്‍ അവളെന്നെ കാത്തുനില്‍ക്കും. ഞാനും കാത്തിരിക്കും, അവിടന്ന് വിളി വരാന്‍ .
കൈനിറയെ മാതളപ്പഴങ്ങളുമായി ഒരു പാടു വട്ടം പോയി, അവളില്‍ എന്റെ മോളെ കാണാന്‍. ചില സമയങ്ങളില്‍ വിളി വരുമ്പോള്‍ എന്റെ കൈവശമില്ലെങ്കില്‍ കടയില്‍ നിന്ന് മാതളം വാങ്ങി പോലും പോയിക്കൊണ്ടിരുന്നു.
എത്യോപ്യക്കാരന്‍ ആട്ടിടയനോട് ഞാന്‍ പറയും, ആഴ്ചയിലൊരിക്കല്‍ ആടുകളെ കുളിപ്പിക്കുമ്പോള്‍ മാത്രമല്ല, ദിനവും നീ കുളിക്ക്, വെള്ളം തീരട്ടെ, ആടുകളോട് ഞാന്‍ സൂചിപ്പിക്കും, നിങ്ങള്‍ പതിവിലും കൂടുതല്‍ വെള്ളം കുടിക്ക്. എനിക്കെന്റെ മോളെ കാണാന്‍ അടിക്കടി വരാമല്ലോ. ഒരിക്കല്‍ ഞാനവളോട് വയസ്സന്വേഷിച്ചപ്പോള്‍ മറുപടി 12 സഫര്‍ 1423. ഹിജ്‌റ മാസ കണക്കാണ്. ഇവിടെ എല്ലാം കണക്കാക്കുന്നത് അറബി മാസത്തിലാണല്ലോ.
 
അവളുടെ ജനനതീയതിയില്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. രാത്രി, വായിച്ചുകൊണ്ടിരുന്ന പത്മരാജന്റെ സമ്പൂര്‍ണ നോവല്‍ മടക്കിവെച്ച് അതിലെ കഥാസന്ദര്‍ഭങ്ങളിലൂടെ മനോവ്യാപാരം നടത്തുന്നതിനിടയില്‍ ഭിത്തിയില്‍ വര്‍ഷങ്ങളായി മാറ്റാതെ കിടക്കുന്ന കലണ്ടര്‍ കൂട്ടത്തില്‍ നിന്ന് അവള്‍ പറഞ്ഞ ദിവസം കണ്ടെത്തുന്നതുവരെ.
 
2002 ഏപ്രില്‍ 25. എന്റെ സന്തോഷം ഇരട്ടിച്ചു. എന്റെ മോളുടെ അതേ ജന്മദിനം. അവിടെ നിന്ന് വെള്ളത്തിനായുള്ള അടുത്ത വിളി വന്നതും ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്റെ മോള്, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അപ്പുറത്തുള്ള അവളെ ഇവിടെ കാണാനാവുക. പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം കൊണ്ട് എന്റെ ഹൃദയം അവളുടെ സാമിപ്യത്തിനായി തുടിച്ചു.
 
ലഭ്യമാകുന്നത്ര മാതളപ്പഴങ്ങളും ശേഖരിച്ച് സൗദി പറഞ്ഞ സമയത്തുതന്നെ അവിടെയെത്തി. എന്നാല്‍, പതിവിനു വിപരീതമായി അവളെ അവിടെയെങ്ങും കാണാനില്ല. എന്റെ കണ്ണുകള്‍ അവിടെയെല്ലാം അവളെ പരതുന്നത് മനസിലാക്കിയ സൗദി പറഞ്ഞു.
'അവള്‍ ഇനി നിന്റെ അടുത്തേക്ക് വരില്ല. നിന്റെ മാതളവും അവള്‍ക്കിനി ആവശ്യമില്ല. അവള്‍... അവള്‍... പെണ്ണായി'.
ഇത്രയും പറഞ്ഞ് എന്റെ ചോദ്യത്തിന് കാത്തുനില്‍ക്കാതെ സംസാരത്തില്‍ താല്പര്യമില്ലാതെ അയാള്‍ ആട്ടിപറ്റത്തിലേയ്ക്ക് നീങ്ങി.
അവള്‍ പെണ്ണായി....
 
എനിക്കിനി എന്റെ മോളെ ഇവിടെ കാണാനാകില്ല. എന്റെ ഹൃദയം നുറുങ്ങി. ഒന്നുറക്കെ കരയാന്‍ പരിസരം അനുവദിക്കാത്തതിനാല്‍ നിയന്ത്രിച്ചു. വണ്ടി കാലിയാക്കി മടങ്ങുമ്പോള്‍ ആ പരിസരം കണ്ണില്‍ നിന്ന് മറയുന്ന നേരത്ത് ഞാനറിയാതെ കാല്‍ ബ്രേക്കിലമര്‍ന്നു. ഞാന്‍ തല പുറത്തിട്ട് ആട്ടിന്‍കൂടിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക വീട്ടിലേയ്ക്ക് നോക്കുമ്പോള്‍ കണ്ടു, കണ്ണുകള്‍ മാത്രം പുറത്താക്കി എന്നെ മാത്രം ശ്രദ്ധിച്ചു കൊണ്ട് ഒരു കറുത്ത കൊച്ചു രൂപം.
 
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image