കവിത

കൂത്താട്ടുകുളത്തു നിന്ന്
വടക്കോട്ടുള്ള വണ്ടികള്‍

ബാബു ഇരുമല

'അരമണിക്കൂറു കഴിഞ്ഞു
ഒരു വണ്ടി വന്നിട്ട് ' അല്ല
'മണിക്കൂറൊന്നായി
ഇതേ നില്‍പു നില്‍ക്കുന്നു '
എന്നു പറയുന്നവരാണ്
പെട്രോള്‍ ബങ്കിനു മുന്നില്‍
തെക്കോട്ടു തിരിഞ്ഞ്
വടക്കോട്ടുള്ള വണ്ടി കാത്തു
നില്‍ക്കുന്നവരിവരെല്ലാവരും.

ഒരു വീട്ടമ്മയതാ
ഒരു കാറു നിന്നതില്‍
കയറിപ്പോയി,
ഭാഗ്യം അവര് രക്ഷപെട്ടു.
ഒരു മദ്ധ്യവയസ്‌ക്കന്
ഇപ്പോള്‍ വന്ന
കള്ളുവണ്ടി കനിഞ്ഞു,
അയാള് വേഗമങ്ങ്
എത്തിക്കൊള്ളും.

പിറവം, തൊടുപുഴ
ആളില്ലാതെ ഇതു വരെ
നാലോ, അഞ്ചോ ?
എണ്ണവും കൃത്യമായില്ല.
'ആ പോയത് വടക്കോട്ടുള്ള
വണ്ടിയായിരുന്നോ?',
ബൈക്കിലെത്തിയ
ബാഗുകാരന് അല്ലെന്ന്
അറിഞ്ഞ് ആശ്വാസം.

രാജന്‍സ് റസ്റ്റോറന്റില്‍
ചിക്കന്‍ വറുക്കുന്നതിന്റെ
മണം അലയടിച്ച് വന്നു,
ബസു മാത്രമെന്തേ വരുന്നില്ല.
കാറ്റു പടിഞ്ഞാട്ടായതിനാല്‍
രണ്ടു കൂട്ടുകാര്‍ ഇനി
ചായ കുടിക്കാതെ യാത്ര
വേണ്ടെന്ന് നിശ്ചയിച്ച്
റോഡു മുറിച്ചു കടക്കുന്നു.

ലോറി ഡ്രൈവറായിരിക്കും
ടിപ്പര്‍ ഉദ്ദേശിച്ച് കുറച്ചു ദൂരം
മുന്നോട്ട് മാറി നില്‍ക്കുന്നു.
ബാംഗ്ലൂരൊരെണ്ണം വന്നത്
നിര്‍ത്താതെ കടന്നു പോയി.
ആശയ്ക്കു വകയുണ്ട്,
തലവെട്ടം കണ്ടാല്‍
നാലഞ്ചെണ്ണം പിന്നെ
തുരുതുരാ വരാതിരിക്കില്ല.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image