കവിത

മീന്‍ മേരി

ലിഷ ജയന്‍


വലിയ വീടുകളില്‍

കല്യാണത്തിനും

അടിയന്തിരത്തിനും

മീന്‍ കറി വയ്ക്കലാരുന്നു

അമ്മച്ചിക്ക് പണി !


പെലയത്തി ആണേലും

മീന്‍ മേരിയെ കണ്ടാല്‍

ലത്തീന്‍കാരി ആണെന്നെ

തോന്നത്തൊള്ളന്ന് 

നല്ല വൃത്തിയും മെനയും ഉണ്ടെന്ന് 

കറി വെച്ചാല്‍ എന്നാ രുചിയാണെന്ന് 

അവിടത്തെ പെണ്ണുങ്ങള്‍ കുശുകുശുക്കുമ്പോ

അയിനിപ്പം  എന്തോവേണം എന്ന മട്ടില്‍

അമ്മച്ചി കേട്ടില്ലാപ്പെട്ട്  നിക്കും .


അമ്മച്ചിക്ക് കറിവെപ്പുള്ള ദിവസം

വീടാകെ ബഹളത്തില്‍ മുങ്ങും !

സന്ധ്യക്കെ കഞ്ഞിയിടും

നാലുമണിക്കെ കോഴിക്കൂട് അടക്കും

പെര നിറച്ചും അമ്മച്ചി ഓടിയും പാഞ്ഞും  നടക്കും!


എളെത്തുങ്ങളെ നേരത്തെ കുളിപ്പിക്കും

മൂത്തതിനെ ഓരോന്ന് പറഞ്ഞെല്‍പ്പിക്കും!

ദേവമാതാ ജൌളിക്കടയുടെ കൂടെടുത്ത്എ

ന്തൊക്കെയോ പെറുക്കി വെയ്ക്കും 


അപ്പന്‍ പണി കേറി ഞങ്ങളെ ഏല്‍പ്പിച്ചു

കിടക്കണേനു മുന്‍പ് അടുക്കള കതകു അടച്ചേക്കണേ

എന്ന് വിളിച്ചു പറഞ്ഞോണ്ട്

(അതൊന്നും അപ്പന്‍ ശ്രദ്ധിക്കത്തില്ലേലും )

ചൂട്ടും കത്തിച്ചു പാഞ്ഞൊരു പോക്കാണ്‌.!
വെളുപ്പിനു എതെതെല്ലാമോ മീനിന്‍റെ മണത്തോടെ

ഓടി തിരിച്ചു കയറി വരും!

ഞങ്ങളാ മണത്തില്‍

ഒരു പിഞ്ഞാണം കഞ്ഞി വയറു നിറച്ചു കുടിക്കും !


അതീന്നു ഒരു കഷണം പോലും ഞാന്‍ തിന്നില്ല

എന്നു ഞങ്ങളെ ചേര്‍ത്തു പിടിച്ചു

അമ്മച്ചി കണ്ണ് നിറക്കും !


 .
ഉറക്കത്തില്‍ ഞങ്ങള്‍ മീന്‍മുള്ളുകള്‍ സ്വപ്നം കാണും ...

ചിട്ടിക്കു പൈസ വെച്ചേന്റെ ബാക്കിക്ക്

അമ്മച്ചി ഞങ്ങളെ ചന്തക്കു കൊണ്ടോകും ..

.വയറു നിറച്ചും എണ്ണ പലഹാരം  മേടിച്ചു തരും !

ഉണക്ക ചാള സഞ്ചി നിറയെ മേടിക്കും

രൂപക്കൂട്ടില്‍ പുണ്യാളന്റെ പങ്കു പൈസ ഇടും!

അടുക്കള പുറത്തിരുന്നു ബീഡി വലിക്കും

അപ്പന്‍റെ കള്ളുകുടിയെ പ്രാകും ..

.തെറിവിളിക്കും ,,കരയും .


വടക്കേലെ കറിവെയ്പ്പിന്റന്നാണ്

കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന

മൂത്തോള് പിഴച്ചു പോയത് !

കള്ള് മണക്കുന്ന കറുത്ത ഉടലോടെ

പെണ്ണ് നിലവിളിക്കുമ്പോള്‍

പഴുത്ത മീഞ്ചട്ടിപോലെ തിളച്ചിട്ടും

അമ്മച്ചി ഒന്നും മിണ്ടാതെ  കല്ലുപോലെ നിന്ന്  !


അന്ന് രാത്രിയാണ്

പുഴയില്‍ ഞങ്ങള്‍ മൂന്നും

അമ്മച്ചിയുടെ കയ്യും  പിടിച്ചു നീന്തിയതും

അമ്മച്ചിയുടെ മുടി ഒരു വല പോലെ പൊതിഞ്ഞതും

ഞങ്ങള്‍ മീനുകളുടെ ചിറകു കെട്ടി ആകാശം തൊട്ടതും!

 

 

  

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image