എന്നെക്കുറിച്ച്

ലൂയിസ് പീറ്റര്‍

എന്നെക്കുറിച്ചാണെങ്കില്‍
എന്റെ പാതയോടു ചോദിക്കുക
നിഴലിനോട് ചോദിക്കുക.
ഒരു കള്ളച്ചുവടോ
കള്ളയുറക്കമോ ഉണ്ടായിരുന്നില്ല
എന്നവര്‍ പറയും.

എന്നെക്കുറിച്ചാണെങ്കില്‍
പൂക്കളോട് ചോദിക്കുക
വസന്തങ്ങളോട് ചോദിക്കുക
ഒരു സുഗന്ധവും
അവരുടെ കൈകളില്‍ നിന്നു
കവര്‍ന്നെടുത്തിട്ടില്ലെന്ന്
അവര്‍ ഏറ്റുപറയും.

എന്നെക്കുറിച്ചാണെങ്കില്‍
നിശയോടു ചോദിക്കുക
നിലാവിനോടു ചോദിക്കുക
തന്ന കിനാവുകളെല്ലാം
തിരികെ നല്‍കിയിട്ടുണ്ടെന്ന്
അവര്‍ സാക്ഷ്യം പറയും.

എന്നെക്കുറിച്ചാണെങ്കില്‍
എന്നോടു ചോദിക്കുക
മൗനാക്ഷരങ്ങള്‍ നിറച്ച
ഒരു കടലാസു കീറ്
ഞാന്‍ നിങ്ങള്‍ക്കു തരും
അതില്‍
നിങ്ങളെന്നെ
വായിച്ചെടുക്കുക.

-----
 


 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image