കവിത
ജീവിതം
മരണം

ലൂയീസ് പീറ്റര്‍


  കവിതയുടെ

കാല്‍വരിയിലേക്ക്
            നടന്നവന്‍

ജോയ് ജോസഫ്

ലൂയീസ് പീറ്ററിന്റെ മരണം, അയാളുടെ കവിതയിലേക്കും ജീവിതത്തിലേക്കുമായി കുറേ വാതായനങ്ങള്‍ തുറന്നിടുന്നു. സോഷ്യല്‍ മീഡിയയില്‍ ലൂയീസിന്റെ മരണം ഉയര്‍ത്തിയ കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ആ ജീവിതം പോലെ തന്നെ മരണവും കലഹങ്ങള്‍ക്കു തിരികൊളുത്തുന്നു. കലഹങ്ങളായിരുന്നല്ലോ ആ ജീവിതം മുഴുവന്‍!  സ്വന്തം കുരിശുമെടുത്ത് കാല്‍വരിയിലേക്ക് നടക്കുമ്പോഴും, അയാള്‍ കലഹിച്ചുകൊണ്ടേയിരുന്നു. ജീവിതം ഏതെങ്കിലും സാമ്പ്രദായിക വഴികളിലൂടെ നടന്ന് തീര്‍ക്കേണ്ടതാണെന്ന് അയാള്‍ കരുതിയില്ല. അയ്യപ്പനേപ്പോലെ തന്നെ തെരുവായിരുന്നു ലൂയീസിന്റേയും  വീട്. എ. അയ്യപ്പന്റെ  ജീവിതവഴി പിന്തുടര്‍ന്ന   പ്പോഴും, അയ്യപ്പന്റെ കവിതകളില്‍ നിന്നും പലയര്‍ത്ഥത്തിലും കുതറി മാറുന്നവയായിരുന്നു ലൂയിസ് കവിതകള്‍. 'ദൈവം എനിക്ക് സ്‌നേഹം തെരുവില്‍ വിതറിയിട്ടിരിക്കുകയായിരുന്നു.  ഞാനത് നടന്ന് പെറുക്കിയെടുക്കണം' എന്നയാള്‍ ഒരിക്കല്‍ പറഞ്ഞു. നരകം സമ്മാനമായിത്തന്ന നാരായം കൊണ്ടാണ് ഞാനെഴുതാറുള്ളത്. അതിനാലാണ്, എന്റെ കവിതകളില്‍ ദൈവത്തിന്റെ കൈയ്യക്ഷരമില്ലാതെ പോയത്. ലൂയീസ്  പീറ്ററിന്റേതായി ഒരു കവിതാസമാഹാരം മാത്രമാണ് വായനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്.  2017 ലാണ് ലൂയീസ് പീറ്ററിന്റെ കവിതകള്‍ പുറത്തിറങ്ങുന്നത്. അങ്ങനെ ഒരടയാളപ്പെടുത്തല്‍  ഇല്ലാതെ പോയിരുന്നെങ്കില്‍ അത് മലയാളത്തിന്റെ വലിയ ഒരു നഷ്ടമായേനെ!
അരങ്ങൊഴിഞ്ഞാല്‍
ഞാനുമെന്റെ ചിതയിലേക്ക് മടങ്ങും
ഇവിടെ ഞാനെന്താണ്
മറന്നുവെക്കേണ്ടത്?   (യാത്ര)   കവിചോദിക്കുന്നു.
ജീവിതം കലഹത്താല്‍ ആടിത്തിമര്‍ത്തുകൊണ്ടാണ് ലൂയീസ് യവനികക്കുള്ളിലേക്ക് മറയുന്നത്. അയാളെ ഇഷ്ടപ്പെടുന്നാവരേക്കാള്‍ വെറുക്കുന്നുവരായിരുന്നു കൂടുതല്‍. വെറുപ്പിനേയും അപമാനങ്ങളേയും പച്ചവെള്ളം പോലെ കുടിച്ചുവറ്റിക്കാന്‍ ലൂയീസിലെ കവിക്ക് നിഷ്പ്രയാസം സാധിച്ചത്, ആഞ്ഞുകൊത്തുന്ന അനുഭവങ്ങളിലൂടെ ദൂരദൂരം സഞ്ചരിച്ചതിനാലാവാം.
പാതയായിപ്പോയതുകൊണ്ടായിരിക്കാം
നിരന്തരം ചവിട്ടേല്‍ക്കുന്നത് .  എന്ന് ലൂയീസ് ആണയിടുന്നു.
ഇനിയും മറ്റൊരിടത്ത് കവി പറയുന്നു;
നായ്ക്കള്‍ കുരയ്ക്കുകയാണ്
ഞാന്‍ വരികയാണെന്നു തോന്നുന്നു.
നായ ലൂയീസ് പീറ്റര്‍ കവിതകളില്‍ ഇടയ്ക്കിടെ കയറിയിറങ്ങുന്ന   ബിബംങ്ങളാവുന്നു.
നായ ഒരു ഭാഷയാണ്
നാം അത് വായിക്കാറില്ല
എന്നുമാത്രം.  (എസ്‌പെരാന്റോ)
തെരുവിന്റെ ഗൂഢാര്‍ത്ഥങ്ങള്‍ ശരിയായി തിരിച്ചറിഞ്ഞവനായിരുന്നു   ലൂയീസ്. തെരുവിന്റെ ചിരിയും കരച്ചിലും സ്പന്ദനങ്ങളും എന്നും അയാള്‍ കവിതയില്‍ ഒപ്പിയെടുത്തു.
ദുഃഖവെള്ളി എന്ന ഒരൊറ്റ കവിത മതിയാവും ലൂയീസ് പീറ്ററിനെ ചരിത്രത്തില്‍ രേഖപ്പെടുത്താന്‍. ആ കവിതയുള്ളിടത്തോളം കാലം ലൂയിപാപ്പന്‍ എന്ന് പുതുതലമുറ വിളിക്കുന്ന കവിക്ക് മരണമില്ല.
ഇന്നെനിക്ക് സ്‌നേഹിതരാക്കുവാന്‍
രണ്ടുപേരുണ്ട്.
ഒരാള്‍ എന്നെ പരിഹസിച്ചവന്‍
ഇനിയുമൊരാള്‍
പറുദീസയില്‍ കാണാമെന്നെന്നോട്
പൊളി പറഞ്ഞവന്‍.
ഇന്നു ഞാന്‍ പരിഹാസിയെ
തെരഞ്ഞെടുക്കുന്നു.
പറുദീസാമോഹിയുടെ വാക്കുകള്‍
വല്ലാതെ കയ്ക്കുന്നു. (ദുഃഖവെള്ളി)
ലൂയീസ് കുടിച്ച കണ്ണീര്, വേദന ഇവയൊന്നും അതേ രൂപത്തില്‍ എഴുതാന്‍ ലൂയീസിനായില്ല. ഒരു പക്ഷേ അയാള്‍ അത് വേണ്ടെന്ന് വച്ചതാവും.  ഈ കവിയുടെ അനുഭവങ്ങള്‍ മലയാളത്തില്‍ അതിന്റെ തനിമയില്‍ എഴുതപ്പെട്ടിരുന്നെങ്കില്‍ ,  മലയാളത്തിലെ എക്കാലത്തേയും വിലപ്പെട്ട അനുഭവക്കുറിപ്പുകളായേനേ.  ലൂയീസ് പീറ്ററോട് ഇതേപ്പറ്റി ഈയുള്ളവന്‍ തന്നെ പലതവണ ആവശ്യപ്പെട്ടെങ്കിലും, ലൂയീസ് അത് പിന്നീടേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ഒരിക്കല്‍ യെസ് മലയാളം വാരിക പെരുമ്പാവൂരില്‍ അവരുടെ വാര്‍ഷികത്തോടനുബന്ധിച്ച് പുസ്തക പ്രകാശനങ്ങളും മറ്റുമായി രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ  രണ്ടാംദിവസം, യെസ് മലയാളം വാരിക ഒരു എ. അയ്യപ്പന്‍ പതിപ്പ് പുറത്തിറക്കി.  അതിന്റെ പ്രകാശനം അന്നവിടെ നിര്‍വ്വഹിച്ചത് ലൂയീസ് പീറ്ററായിരുന്നു. ഇന്നും ആ പ്രകാശനച്ചടങ്ങ് നിറവോടെ ഞാനോര്‍ക്കുന്നു. ലൂയീസേട്ടന്‍ കുറേനേരം കരഞ്ഞുകൊണ്ടാണ് ആ ചടങ്ങില്‍ സംസാരിക്കാനാരംഭിച്ചത്. എല്ലാവര്‍ക്കും വിഷമമായി. പിന്നെ കവി അയ്യപ്പനേക്കുറിച്ചുള്ള അപൂര്‍വ്വമായ കുറേ ഓര്‍മ്മകള്‍ ആ വേദിയില്‍ ലൂയീസേട്ടന്‍ പങ്കുവെക്കുകയുണ്ടായി.  പല അയ്യപ്പ പ്രേമികള്‍ക്കും അത് പുതിയ ചില അനുഭവങ്ങളായിരുന്നു. പിന്നീട് എ. അയ്യപ്പന്റെ കവിതകളും, തന്റെ കവിതകളും  അയാള്‍   ഘനഗംഭീര സ്വരത്തില്‍ ചൊല്ലിയതും അപൂര്‍വ്വതയായി. തലേദിവസം ലൂയി എന്നെ വിളിച്ചു പറഞ്ഞു, എന്റെ ഷര്‍ട്ടൊക്കെ കീറിയെടാ, നിന്റെ കയ്യില്‍ ഷര്‍ട്ടെന്തെങ്കിലു     മുണ്ടെങ്കില്‍ എടുത്തോ. ഞാന്‍ പിറ്റേദിവസം രണ്ടു പുതിയ ഷര്‍ട്ടുകള്‍  എത്തിച്ചു കൊടുത്തു. അതപ്പോള്‍ തന്നെയിട്ടുകൊണ്ട്, ലൂയീസേട്ടന്‍ വേദിയില്‍ നിറഞ്ഞു.      അയ്യപ്പജീവിതം തന്നെയായിരുന്നു ലൂയീസ് പീറ്റര്‍ ജീവിതവുമെന്ന് സാക്ഷ്യപ്പെടുത്താന്‍ ഇനിയുമെത്രയോ അനുഭവങ്ങള്‍.
ലൂയീസേട്ടന്റെ കവിത ചൊല്ലല്‍ വല്ലാത്ത ഒരനുഭവംതന്നെയായിരുന്നു. ആ ശബ്ദം ഏതോ അഗാധതലങ്ങളില്‍ നിന്നും ഉയിര്‍ന്നുവരുന്നതാണെന്ന് തോന്നും.  അത്രയ്ക്ക് മുഴക്കമുണ്ടായിരുന്നു അതിന്. ഒരിടിമുഴക്കം പോലെ ഇന്നും എന്റെ     മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കാണത്. കവി അയ്യപ്പന്റെ ഓര്‍മ്മയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ ഉഇ  ബുക്ക്‌സ് നടത്തിയ കവിയരങ്ങില്‍, ലൂയീസേട്ടന്‍ ചൊല്ലിയ കവിതയാണ്. 'ഏദെന്‍' എന്നായിരുന്നു അതിന്റെ പേര്. ഞാനടക്കം പ്രശസ്തരും അപ്രശസ്തരുമായ കേരളത്തിലെ നിരവധി കവികള്‍ പങ്കെടുത്ത ഒരു കവിയ    രങ്ങായിരുന്നു അത്.
വൃക്ഷങ്ങള്‍ക്കിടയിലൂടെ
ഒരു ദൈവം നടക്കാനിറങ്ങിയിട്ടുണ്ട്.
എന്റെ പക്ഷിക്കൊപ്പം
ഞാനുറങ്ങാറുള്ള കൂട്
ഇന്നവന്‍ തകര്‍ക്കും.  എന്നാരംഭിക്കുന്ന കവിത  ദൈവവുമായുള്ള ഒരു കലഹമാണ്. ഹൃദയം പൊടിഞ്ഞു നുറുങ്ങുന്നതുപോലുള്ള അനുഭവം അത് എനിക്കു നല്‍കി.
പിന്നീട് എത്രയോ വട്ടം മരച്ചുവട്ടിലും, തെരുവിലും വച്ചാണ് ലൂയീസ് അധികവും കവിത ചൊല്ലാറുള്ളത്. സാഹിത്യ അക്കാദമിയുടെ മരച്ചുവടുകള്‍ ലൂയീസ് കവിതകളുടെ ചൊല്‍ത്തറകളായിരുന്നു. ലഹരിയുടെ  സ്വപ്‌നങ്ങളില്‍ പകര്‍ന്നാടിയ ഈ കവിതകള്‍ക്ക്, കാതുകൂര്‍പ്പിച്ചവരേറെ. കലാലയ വിദ്യാര്‍ത്ഥികളായിരുന്നു ലൂയീസേട്ടനു ചുറ്റും നിറഞ്ഞത്. അവരോട്  സംവദിക്കാന്‍ അയാള്‍ക്ക് ഒരു പ്രത്യേക വിരുതുണ്ടായിരുന്നു. കവിതയുടെ വിത്തുകള്‍ തെരുവിലായിരിക്കും കൂടുതല്‍ വിളയുകയെന്ന് നന്നായി തെളിയിച്ച കവികൂടിയായിരുന്നു ലൂയീസ്.
തെരുവ് അയാള്‍ക്ക് സൗഹൃദങ്ങളുടെ മഴക്കാടുകളായിരുന്നു. ഈ മഴക്കാടുകളില്‍ മുങ്ങി നിവരുമ്പോള്‍, അയാള്‍ പുതിയൊരു മനുഷ്യനായി. ലൂയീസ് മരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി നിറഞ്ഞത്, മരച്ചോട്ടിലിരുന്ന് ചൊല്ലുന്ന 'ഏകലവ്യം' എന്ന കവിതയാണ്.
മനുഷ്യരുമായല്ല ദൈവവുമായാണ് അയാള്‍ ഏറെ  കലഹിച്ചതെന്ന് ലൂയീസിന്റെ കവിതകള്‍ സാക്ഷ്യം പറയും. ഏദെന്‍, മൃഗബലി , കാല്‍വരി, ദുഃഖവെള്ളി, നയീന്‍ എന്ന പട്ടണത്തില്‍ നിന്ന്, ദൈവശാസ്ത്രം, അത്തിമരം, എന്നെ ഞാന്‍ പറയുമ്പോള്‍, വ്യാകുലമാതാവ്, പിയാത്ത, വിശുദ്ധ വചനങ്ങള്‍ എന്നീ കവിതകള്‍ കവിയും ദൈവവും തമ്മിലുള്ള അവസാനിക്കാത്ത കലഹങ്ങള്‍ക്ക് നിദര്‍ശമാണ്.
എന്നെക്കുറിച്ചാണെങ്കില്‍
എന്നോടു ചോദിക്കുക
മൗനാക്ഷരങ്ങള്‍ നിറച്ച
ഒരു കടലാസുകീറ്
ഞാന്‍ നിങ്ങള്‍ക്കുതരും.
അതില്‍
നിങ്ങളെന്നെ
വായിച്ചെടുക്കുക.  (എന്നെക്കുറിച്ച്)
തോന്നുന്ന വഴികളിലൂടെ തോന്നിയപോലെ ലൂയീസ് സഞ്ചരിച്ചു.  ദുരിതങ്ങളെ, അപമാനങ്ങളെ അയാള്‍ ഭയപ്പെട്ടില്ല.

ശാപമുദ്രകളെ ഞാന്‍ ഗൗനിക്കുന്നേയില്ല. നിന്നേപ്പോലെ എനിക്കും
എന്റെ സ്വര്‍ഗ്ഗം തന്നെയാണ് വലുത് (വിശുദ്ധ വചനങ്ങള്‍)

വിധിദിവസത്തില്‍
എന്റെ മുറിവുകളെ
നീ വിചാരണ ചെയ്യതത് (അടിമ)
തലച്ചോറിന്റെ പാപ്പിറസില്‍ കവിതകള്‍ രേഖപ്പെടുത്തി, ഒന്നും ഈ ഭൂമിയില്‍ നിന്നെടുക്കാതെ, നക്ഷത്രങ്ങള്‍ പൂക്കുന്ന മഹാശാഖിയിലേക്ക് നടന്നു മറഞ്ഞവനേ.
താരസന്നിഭം ആകാശമത്രയും
താഴെവീണു തകര്‍ന്നുടയുന്നു
രാവു പിന്നെയും ബാക്കിയാവുന്നു
നിറനോവുപോല്‍ ചിരഞ്ജീവിയാകുന്നു (കറുത്തപെണ്ണ്)
തെരുവില്‍  കവിതയും സൗഹൃദങ്ങളും വിതച്ച് ആടിത്തിമര്‍ത്തവനേ,   മനസ്സിന്റെ ചില്ലു ജാലകങ്ങളില്‍ നിന്റെ മുഖം മായുന്നില്ലല്ലോ? 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image