കഥ

 

ഹാരിസ്‌ക്കയുടെ

ഏഴാം പതിപ്പ്

 

-വി എച്ച് നിഷാദ്

 

 

ഉറക്കത്തില്‍ നിന്നെന്ന പോലെ തന്നെ കൈ പിടിച്ചു നടത്തിക്കുന്ന ഈ രണ്ടാമന്‍ വേറൊരു ഹാരിസ്‌ക്ക തന്നെയാണെന്ന് ഹാരിസ്‌ക്ക ഇതിനിടയില്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

തന്റെ കോപ്പി പോലെ മറ്റൊരാള്‍!

പടച്ചോനേ...എന്തൊക്കെയാണ് നടക്കുന്നത്.

 

രാവിലെ പാലും വാങ്ങി വന്ന് കെട്ട്യോള്‍ക്ക് കൊടുത്ത് കസേരയില്‍ പത്രവും നിവര്‍ത്തിപ്പിടിച്ച് ഇരിക്കുമ്പോഴാണ് അതു സംഭവിച്ചത്. ഒരു സ്‌കാനിംഗ് മെഷീന്‍ പോലെ കണ്ണുകള്‍ കൊണ്ട് ചരമ വാര്‍ത്തകള്‍ അരിച്ചു പെറുക്കുകയായിരുന്നു താന്‍. ചരമപ്പെട്ടിയില്‍ അടക്കം ചെയ്യാത്ത അസ്വാഭാവിക മരണങ്ങളുടെ പട്ടിക കണ്ടു പിടിക്കാനായിരുന്നു കൂടുതലിഷ്ടം. ഇന്നും അതു തന്നെ ചെയ്തു.

 

ഗര്‍ഭകാല ശുശ്രൂഷയ്ക്കായി വീട്ടിലുള്ള മൂത്ത മകളും ഇളയ മകളും അകത്തെവിടെയോ ആണ്. കാര്‍ പോര്‍ച്ചിലുള്ള ബൈക്ക്,ഒരു കുതിരയെ കഴുകുന്ന ശ്രദ്ധയോടെ മകന്‍ തുടച്ചു വൃത്തിയാക്കുന്നു.

 

ഒരു മുരടനക്കം കേട്ട് നോക്കിയ ഹാരിസ്‌ക്ക ഞെട്ടി.

മുന്നില്‍ തന്നെപ്പോലെ മറ്റൊരുവന്‍.

ആ കണ്ണുകളും താടിയും നെറ്റിയിലെ മാങ്ങാപ്പൂളു പോലുള്ള പാടുമെല്ലാം അതു പോലെ. പാന്റിനകത്ത് ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്തു കുട്ടപ്പനായിട്ടുണ്ട് എന്നതു മാത്രമാണ് വ്യത്യാസം.

 

ഫാത്തീ..

 

അതിഥി അകത്തേക്ക് നോക്കി ചിരപരിചിതനെപ്പോലെ വിളിച്ചു. താന്‍ മുന്നില്‍ നില്‍ക്കുന്നത് തീരെ ഗൗനിച്ച മട്ടില്ല.

 

കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ ഫാത്തിമ ഇറങ്ങി വന്നു. തന്റെ മൈന്റ് ചെയ്യാതെ പുതുതായി വന്നയാളോട് ഹായ്..ഇക്ക..ഇങ്ങളെന്താ താമസിച്ചത്...എന്ന് അവള്‍ ചോദിച്ചതു കേട്ട് ഹാരിസ്‌ക്ക  തളര്‍ന്നു വീഴുമെന്നായി. ആകാശത്ത് മേഘങ്ങള്‍ പോലെ എന്തൊക്കെയോ കലര്‍പ്പുകള്‍ നീങ്ങുന്നത് ആ പതര്‍ച്ചയിലും ഹാരിസ്‌ക്ക കണ്ടു.

 

പിന്നീട്  കൈ പിടിച്ച് അയാളെ അവള്‍ അകത്തേക്ക് ആനയിക്കുന്നത് ഹൃദയത്തകര്‍ച്ചയോടെയാണ് ഹാരിസ്‌ക്ക കണ്ടത്.

 

പെണ്‍ മക്കളും മകന്‍ റുമൈസും അയാളോട് കിന്നാരം പറഞ്ഞു തുടങ്ങിയപ്പോള്‍ ഹാരിസ്‌ക്ക ഒന്നു കൂടി തകരുക തന്നെ ചെയ്തു.

 

ഇതെന്തൊരു അട്ടിമറിയാണ് പടച്ചോനെ. സത്യത്തില്‍ എന്താണ് മുന്നില്‍ നടക്കുന്നത്.

 

ആപ്പാ..നിങ്ങള് ഐസ്‌ക്രീം കൊണ്ടു വന്നിനാ..

 

ഇളയ മകള്‍ ഉള്ളില്‍ നിന്ന് ചോദിക്കുകയാണ്.

 

കുറേ നാള്‍ കൂടി വീട്ടിലെത്തുന്ന ഗൃഹനാഥനെ സ്വീകരിക്കുന്ന മട്ടിലായി അകത്തുള്ള കാര്യങ്ങള്‍.

 

അയാള്‍ അകത്തും-താന്‍ പുറത്തും.

 

ഒരു പ്രതിമ കണക്ക് വീട്ടിനു മുന്നില്‍ തരിച്ചു നില്‍ക്കേ ഹാരിസ്‌ക്കയ്ക്ക് മനസ്സിലായി. എല്ലാം കൈ വിട്ടു പോയിരിക്കുന്നു. ഈ വീട്ടില്‍ താനിനി തീരാറായ പ്രഭാതം പോലെ അപ്രസക്തമാണ്.

 

ഉടുത്തിരുന്ന കൈലി മുണ്ടില്‍ തന്നെ ഹാരിസ്‌ക്ക  വീടു വിട്ടിറങ്ങി.

 

വീട്ടുകാര്‍ക്ക് വേണ്ടാത്ത ഹാരിസ്‌ക്ക!

 

ഇടവഴിയിലേക്ക് തിരിഞ്ഞു കയറുമ്പോള്‍ മുറ്റത്തിന്റെ ഒരു ഓരത്തായി തലേന്ന് മാനന്തവാടിയില്‍ നിന്നും മകനോടൊപ്പം വാങ്ങിയ ഇഞ്ചി നിരത്താനായി കിളച്ചിട്ട മണ്ണ് നോക്കി ഹാരിസ്‌ക്ക നിശ്വസിച്ചു. അത് പുലരി മഞ്ഞില്‍ വല്ലാതെ നനഞ്ഞിട്ടുണ്ട്.

 

പിന്തിരിഞ്ഞു നോക്കാതെ നടക്കാനാഞ്ഞപ്പോള്‍ ആരോ കൈ കൊട്ടി വിളിക്കുന്നു.

ഓ, അതയാള്‍ തന്നെ.

 

ഓടി ഹാരിസ്‌ക്കയ്ക്ക് പിന്നാലെ വന്നു അയാള്‍. എന്നിട്ട്  പറയുകയാണ്-

 

ഹാരിസ്‌ക്ക. നിങ്ങള്‍ ഇതൊന്നും കണ്ട് അന്തം വിടണ്ട. ഞാനും മറ്റൊരു ഹാരിസാണ്. ഇനി ഇവിടത്തെ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. എന്റെ വീട്ടിലും കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇതേ മുഖമുള്ള ഒരു മനുഷ്യന്‍ വന്നു കയറിയിരുന്നു.  എനിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നത് അപ്പോഴാണ്.

 

ഹാരിസ്‌ക്കയുടെ കൈ പിടിച്ചു കൊണ്ട് ആശ്വസിപ്പിക്കും പോലെ അയാള്‍ തുടര്‍ന്നു-

ഡോണ്ട് വറി..നിങ്ങള്‍ നിങ്ങളുടെ മുഖമുള്ള മറ്റൊരാളെ കണ്ടു പിടിക്കൂ. ഒരാളെ പോലെ ഏഴു പേര്‍ ഉണ്ടെന്നല്ലേ...അപ്പോള്‍ ഇനി അഞ്ചു പേര്‍ ഉണ്ട്.

 

ഭാഗ്യമുണ്ടെങ്കില്‍ അതുമൊരു ഹാരിസ്‌ക്കയാവും. എങ്കില്‍ നിങ്ങള്‍ക്ക് എളുപ്പമാകും. ആള്‍ ദ് ബെസ്റ്റ്.

 

കുലുക്കിപ്പിടിച്ച് ഒരു ഹസ്തദാനം തന്ന് തന്റെ വീട്ടിലേക്ക് തന്നെ അയാള്‍ തിരിച്ചു കയറിപ്പോകുന്നത്  ഹാരിസ്‌ക്ക സങ്കടത്തോടെ കണ്ടു നിന്നു.

ആരാലും തിരിച്ചറിയാതെ പിന്നെ  ഹാരിസ്‌ക്ക മാന്തവാടിയിലേക്ക് നടന്നു.

 

വഴിയരികിലെ  തൊട്ടാവാടി മാത്രം കണ്ണടച്ചു കൂമ്പി വീണു കൊണ്ട് വിളിച്ചു-

ഹാരിസ്‌ക്കാ...

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image