കലാസംവിധായകനും 
ദൃശ്യസമന്വയങ്ങളും


പി കെ ശ്രീനിവാസന്‍


സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ് കലാസംവിധാനം. സിനിമയുടെ രംഗങ്ങളില്‍ ڇറിച്ച്നസ്ڈ നിലനിര്‍ത്തണമെങ്കില്‍ കലാസംവിധായന്‍റെ സാമീപ്യം കൂടിയേ തീരൂ. അതാണ് പഴയ വിശ്വാസം, അല്ലെങ്കില്‍ സങ്കല്‍പ്പം. ഓരോ രംഗവും കലാസംവിധായകനുമായി ആലോചിക്കാതെ ചിത്രീകരിക്കാത്ത സംവിധായകര്‍ മലയാളത്തിലുണ്ടായിരുന്നു. ഒരിക്കല്‍ മദ്രാസിലെ മലയാള സിനിമയുടെ സെറ്റുകളില്‍ കലാസംവിധായകന്‍ അനിവാര്യമായിരുന്നു. എന്നാല്‍ സിനിമാസെറ്റില്‍ ആശാരിപ്പണി ചെയ്യുന്നവനാണ് കലാസംവിധായകന്‍ എന്ന ധാരണയും അന്നൊക്കെ പടര്‍ന്നിരുന്നു. സംവിധായകന്‍റെ നിര്‍ദ്ദേശപ്രകാരം മേശയും കസേരയും പിടിച്ചിടുക, ഭിത്തിയില്‍ പെയിന്‍റടിക്കുക, നായികയുടെ ഉറക്കറയില്‍ ചിത്രങ്ങള്‍ സ്ഥാപിക്കുക, പാട്ട്-സ്വപ്ന രംഗങ്ങളില്‍ പ്ലാസ്റ്റിക്പ്പൂക്കള്‍ കെട്ടിത്തൂക്കുക തുടങ്ങിയ സുകുമാരകലകളാണ് കലാസംവിധായകന്‍റെ പരിധിയില്‍പ്പെടുന്ന ചെയ്തികളെന്ന് കോടമ്പാക്കത്ത് പാടിപ്പതിഞ്ഞ കാലത്താണ് കേരളത്തിന്‍റെ കലാപാരമ്പര്യമറിഞ്ഞ ചിലര്‍ കടന്നുവരുന്നത്. എസ് കൊന്നനാട്ട്, പി എന്‍ മേനോന്‍, എസ് രാധാകൃഷ്ണന്‍ (ആര്‍കെ), ഭരതന്‍ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. ചിത്രകലയോടുളള അഭിനിവേശവും നിറങ്ങളോടുള്ള അകമഴിഞ്ഞ ആരാധനയുമാണ് സിനിമയെ നെഞ്ചിലേറ്റാന്‍ വിധി അവരെ കോടമ്പാക്കത്തേക്ക് നിയോഗിച്ചത്. അതാകട്ടെ സിനിമയുടെ ദൃശ്യസമന്വയങ്ങള്‍ക്ക് നിമിത്തവുമായി.
എന്നാല്‍ നിരുപവദ്രവമായ ചില കാര്യങ്ങള്‍ കലാസംവിധായന്‍റെ നട്ടെല്ലൊടിക്കുമെന്നു പറയാനാണ് ഈ കുറിപ്പ്.
ആര്‍കെ എന്നറിയപ്പെടുന്ന എസ് രാധാകൃഷ്ണന്‍
 
കലാസംവിധാനരംഗത്ത് സൗമ്യനായി നിന്നുകൊണ്ടു ബഹളങ്ങളില്ലാതെ നിരവധി പുതുമകള്‍ സൃഷ്ടിച്ച കലാകാരനാണ് ആര്‍കെ എന്നറിയപ്പെടുന്ന എസ് രാധാകൃഷ്ണന്‍. നല്ലൊരു ചിത്രകാരനായ ആര്‍ കെ പഠിക്കുന്ന കാലത്തുതന്നെ വാരികകളിലും വാരാന്തപ്പതിപ്പുകളിലും കഥകള്‍ക്കും നോവലുകള്‍ക്കും ചിത്രീകരണം നടത്തിക്കൊണ്ടു ശ്രദ്ധേയനായിത്തീര്‍ന്നിരുന്നു. പി പത്മരാജന്‍റെ നക്ഷത്രങ്ങളേ കാവല്‍ ഉള്‍പ്പെടെയുള്ള നോവലുകള്‍ക്കുവേണ്ടി കുങ്കുമം വാരികയില്‍ രാധാകൃഷ്ണന്‍ വരച്ചിട്ട ചിത്രങ്ങള്‍ ചരിത്രത്തിന്‍റെ രേഖകളായി മാറി.

പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ക്കുവേണ്ടി രാധാകൃഷ്ണന്‍ കലാസംവിധായകനായി. ഡിജിറ്റല്‍ കാലത്തിനുമുമ്പ് നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ആവിഷ്ക്കരിക്കാനും അവ വിജയിപ്പിക്കാനും ആര്‍കെക്ക് കഴിഞ്ഞു. ബേബിയുടെ ലിസ പോലുള്ള ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ പോരുന്ന വിധത്തിലുള്ള സീനുകള്‍ വിഭാനംചെയ്യാന്‍ രാധാകൃഷ്ണനായി. ആ ചിത്രത്തിന്‍റെ വന്‍വിജയത്തിനു കാരണം കലാസംവിധാനത്തിലെ ട്രിക്കുകളായിരുന്നു.
 
ശങ്കരന്‍നായരുടെ മദനോല്‍സവം, വിഷ്ണുവിജയം തിടങ്ങിയ അനേകം ചിത്രങ്ങളുടെ കലാസംവിധായകന്‍ മാത്രമല്ല പ്രധാന സംവിധാനസഹായിയും ആര്‍കെ ആയിരുന്നു.
കലാസംവിധാനത്തില്‍ നിന്ന് സംവിധാനത്തിലേയ്ക്കും ആര്‍കെ കടന്നു. കമലഹാസനെ നായകനാക്കി അന്തിവെയിലിലെ പൊന്ന് സംവിധാനം ചെയ്ത ആര്‍കെ തുടര്‍ന്ന് ഫുഡ്ബോള്‍, നിമിഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മയില്‍പ്പീലി എന്ന ചിത്രം പൂര്‍ത്തിയാക്കാനായില്ല. സംവിധാനത്തില്‍ നിന്നു പിന്തിരിഞ്ഞ ആര്‍കെ കലാസംവിധാനത്തിലും പരസ്യഡിസൈനിംഗിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാലം. അരവിന്ദന്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ കലയുടെ കാര്യത്തില്‍ ആര്‍കെയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക പതിവായിരുന്നു. നല്ലൊരു ചിത്രകാരന്‍ കൂടിയായ ആര്‍കെ നിരവധി പെയിന്‍റിംഗുകള്‍ വരച്ചു പ്രദര്‍ശിപ്പിച്ചു.
കലാസംവിധാനത്തിനിടയില്‍ വ്യക്തികളുടെ പോര്‍ട്രയിറ്റുകള്‍ വരയ്ക്കുന്ന ഏര്‍പ്പാടും ആര്‍ കെക്കുണ്ട്. ഈ കലാകാരന്‍റെ പോര്‍ട്രയിറ്റുകള്‍ പലയിത്തും ശ്രദ്ധേയമായ കാലമായിരുന്നു എണ്‍പതുകള്‍. പാലായില്‍ നിന്നുവന്ന ഒരു ചലച്ചിത്രനിര്‍മ്മാതാവിനു സമ്പന്നനായിരുന്ന തന്‍റെ അപ്പന്‍റെ പടം വരച്ച് വീടിന്‍റെ വിശാലമായ സന്ദര്‍ശകമുറിയില്‍ വയ്ക്കണമെന്ന മോഹം. അപ്പന്‍റെ ചരമവാര്‍ഷികത്തിനു അതു സ്ഥാപിക്കാനും തീരുമാനിക്കുന്നു. അതിനായി അയാള്‍ സമീപിച്ചത് തനിക്കു പരിചയമുള്ള പോര്‍ട്രയിറ്റ് സ്പെഷ്യസിസ്റ്റായ ആര്‍കെയേയും. ആര്‍കെ ആകട്ടെ അന്ന് ചിത്രങ്ങളുടെ പരസ്യഡിസൈനിംഗില്‍ മുഴുകുന്ന കാലവും. (അതുവരെയുള്ള തലവെട്ടിയൊട്ടിക്കല്‍ പരസ്യങ്ങളില്‍ നിന്നു വ്യത്യസ്തമായ മറ്റൊരു രീതി ആവിഷ്ക്കരിച്ചത് രാധാകൃഷ്ണനായിരുന്നു എന്നു കോടമ്പാക്കത്തെ വിളക്കുകാലുകള്‍ പോലും അടക്കം പറഞ്ഞിരുന്നു). എന്തായാലും നിര്‍മ്മാതാവിന്‍റെ അപ്പന്‍റെ പടം വരച്ചുകൊടുക്കാനുള്ള ദൗത്യം ആര്‍കെ ഏറ്റെടുക്കുന്നു.
പൊതുവേ ആര്‍കെ അല്‍പം ഉഴപ്പന്‍ പ്രകൃതക്കാരനാണെന്ന് ചലച്ചിത്രപ്രവര്‍ത്തണ്‍കര്‍ക്കറിയാം. തിരക്കിനിടയില്‍ പോര്‍ട്രയിറ്റിന്‍റെ വര പൂര്‍ത്തിയാക്കാനായില്ല. ചലച്ചിത്രനിര്‍മ്മാതാവാകട്ടെ ഇടയ്ക്കിടെ വന്നു വരച്ചു തീരാത്ത ചിത്രത്തിന്‍റെ ഭംഗി നോക്കി സംതൃപ്തനായി മടങ്ങും. സമ്പന്നനായ അപ്പന്‍റെ സര്‍വസ്വഭാവവും ചിത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ ആര്‍കെക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് നിര്‍മ്മാതാവ് വിശ്വസിച്ചു. മാത്രമല്ല പാലാക്കാരെ ഭയപ്പെടുത്തിയിട്ടുള്ള മീശയും തുറിച്ച കണ്ണുകളും ചിത്രത്തില്‍ സന്നിവേശിപ്പിക്കാന്‍ ചിത്രകാരന്‍ ശ്രദ്ധിച്ചിരിക്കുന്നു. അപ്പന്‍റെ തടിയന്‍ ശരീരവും തന്‍റേടം നിറഞ്ഞ നോട്ടവും ചിത്രകാരന്‍ കണ്ടിട്ടുണ്ടാവില്ല. പക്ഷേ താന്‍ കൊടുത്ത ചെറിയൊരു ഫോട്ടോയില്‍ നിന്ന് ഇതൊക്ക ഇയാള്‍ എങ്ങനെ വരച്ചൊപ്പിച്ചുവെന്നും നിര്‍മ്മാതാവ് അത്ഭുതപ്പെടാതിരുന്നില്ല. പോര്‍ട്രയിറ്റിന്‍റെ ഏതാണ്ട് എണ്‍പതു ശതമാനം പണിയും  കഴിഞ്ഞിരുന്നെങ്കിലും നിര്‍മ്മാതാവിനു കൊടുക്കാന്‍ സമയമായില്ല എന്നായിരുന്ന ആര്‍കെയുടെ വിനീതമായ തോന്നല്‍. അതിനാല്‍ ചിത്രം മുക്കാലിയില്‍ത്തന്നെ തൂങ്ങിക്കിടന്നു.
 അക്കാലത്താണ് ആര്‍കെയുടെ ശിഷ്യരില്‍ പ്രധാനിയായ കലാസംവിധായകന്‍ കെ കെ സുധാകരന്‍ തന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചിത്രത്തിന്‍റെ സെറ്റിലേക്ക് പ്രമാണിയായ ഒരുവന്‍റെ ചിത്രം പരതി നടക്കുന്നത്. രാധാകൃഷ്ണന്‍ സ്ഥലത്തില്ലാത്തതിനാല്‍ ചോദിക്കാതെ തന്നെ പാലാക്കാരന്‍ അച്ചായന്‍റെ ചിത്രം വടപളനി വാഹിനി സ്റ്റുഡിയോയിലെ സെറ്റിലെത്തി. ചിത്രത്തിന്‍റെ അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ അച്ചായന്‍റെ ചിത്രം വീണ്ടും മുക്കാലിയിലെത്തി. ഇതൊന്നുമറിയാത്ത ആര്‍കെ താമസിയാതെ ചിത്രം പൂര്‍ത്തിയാക്കി നിര്‍മ്മാതാവിനു കൊടുക്കുകയും ചെയ്തു.  
പക്ഷേ മാസം രണ്ടു കഴിഞ്ഞപ്പോള്‍ അതാവരുന്നു ആര്‍കെയുടെ ശനിദശ. പാലായില്‍ നിന്ന് നിര്‍മ്മാതാവിന്‍റെ നേതൃത്വത്തില്‍ വമ്പിച്ചൊരു റൗഡിസംഘം ചെന്നൈയില്‍ ആര്‍കെയുടെ വീട് വളഞ്ഞു. അവര്‍ക്ക് വഞ്ചകനായ ആര്‍കെയോടു പ്രതികാരം തീര്‍ക്കണം. തന്‍റെ അപ്പന്‍റെ പ്രൗഢിയെ കളങ്കപ്പെടുത്തിയ ചിത്രകാരനെ തുറുങ്കിലടയ്ക്കണമെന്നാണ് നിര്‍മ്മാതാവ് ആക്രോശിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ റിലീസ് ചെയ്ത ഒരു ചിത്രത്തില്‍ തന്‍റെ അപ്പനെ കൊള്ളക്കാരനും തെമ്മാടിയുമായി ചിത്രീകരിച്ചിരിക്കുന്നു. ആരാണ് ഇതംഗീകരിച്ചുകൊടുക്കുക? നായകന്‍ ആ ചിത്രത്തില്‍ നോക്കി പറയുന്ന കാര്യങ്ങള്‍ സ്നേഹസമ്പന്നനായ ഒരു മകനു കേട്ടിരിക്കാനാകുമോ? ചിത്രം പൂര്‍ണമായി കാണാനുള്ള ശേഷിയില്ലാതെയാണ് അയാള്‍ തിയേറ്റര്‍ വിട്ടതും ചെന്നൈയ്ക്ക് സംഘം ചേര്‍ന്ന് വണ്ടികയറിയതും. ചിത്രത്തില്‍ വില്ലന്‍റെ അച്ഛന്‍റെ ഫോട്ടോയുടെ സ്ഥാനത്ത് തൂങ്ങിക്കിടന്നത് നിര്‍മ്മാതാവിന്‍റെ അപ്പന്‍റെ പോര്‍ട്രയിറ്റ്! അരുമ ശിഷ്യന്‍ സുധാകരന്‍ വരുത്തിവച്ച വിന. കോടമ്പാക്കത്തെ ആര്‍കെയുടെ വീട് യുദ്ധക്കളമാകാന്‍ പോകുന്നു! ആര്‍കെയുടെ ചില സുഹൃത്തുക്കള്‍ ഇടപെട്ടതിനാല്‍ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചില്ല.  
സമാധാനപ്രിയനായ ആര്‍കെയുടെ നിസ്സഹായത മനസ്സിലാക്കിയ നിര്‍മ്മാതാവും സംഘവും അരിശത്തോടെ സുധാകരനെ അന്വേഷിച്ചിറങ്ങി. കോടമ്പാക്കത്തെ സര്‍വ സ്റ്റുഡിയോകളും അരിച്ചുപെറുക്കിയിട്ടും ആ കലാസംവിധായകന്‍റെ പൊടിപോലും കിട്ടിയില്ല. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ സുധാകരന്‍ ചാലക്കുടിയിലേക്ക് വണ്ടി കയറിയിരുന്നു.

പിന്‍കുറി:  ഇന്നത്തെ ടിവി പരമ്പരകളില്‍ ഭിത്തികളില്‍ ഫോട്ടോകള്‍ തൂങ്ങിയാല്‍ താരങ്ങള്‍ പ്രതിഫലം കൂടുതല്‍ ചോദിച്ചെന്നു കരുതണമെന്ന് ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ മറ്റൊരു ഫോട്ടോപുരാണം മനസ്സിലെത്തി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തെലുങ്ക് ചിത്രത്തിന്‍റെ സെറ്റില്‍ പ്രായമുള്ള മുത്തശ്ശന്‍റെ ചിത്രം വേണം. നായകന്‍റെ മുത്തശ്ശനാകാന്‍ പറ്റിയ څഫിഗറാچയിരിക്കണം. മുത്തശ്ശന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയി. നരച്ച താടിയും പക്വത തോന്നിപ്പിക്കുന്ന മുഖവുമൊക്കെ മുത്തശ്ശന്‍റെ ചിത്രത്തിനു വേണമെന്നാണ് സംവിധായകന്‍റെ നിര്‍ദ്ദേശം. കലാസംവിധായകന്‍റെ സഹായി എത്ര അന്വേഷിച്ചിട്ടും അത്തരത്തിലൊരു ഫോട്ടോ കിട്ടിയില്ല. ഒടുവില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നായപ്പോള്‍ സഹായി നേരേ ബര്‍മ്മാ ബസ്സാറിലെ ഫോട്ടോ ഫ്രെയിം കടകളില്‍ കയറിയിറങ്ങി. അതാ ഒരുഗ്രന്‍ ചിത്രം! സംവിധായകന്‍റെ മനസ്സിലിരിപ്പ് ഇതുതന്നെ. ചിത്രം സെറ്റിലെത്തിച്ചു. സംവിധായകനു പെരുത്തു ഇഷ്ടവുമായി. അതുവച്ചു ചിത്രം പൂര്‍ത്തിയാക്കി. അന്നൊക്കെ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുമായിരുന്നു. ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിലുമെത്തി. നായകന്‍റെ ഭിത്തിയില്‍ തൂങ്ങുന്ന മുത്തശ്ശന്‍റെ ചിത്രം കണ്ട മലയാളിപ്രേക്ഷകര്‍ അന്തംവിട്ടു. സാക്ഷാല്‍ ശ്രീനാരായണഗുരു!

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image