വാമൊഴിക്ക് വര്‍ണംപകരുന്ന പദ്മദലങ്ങള്‍
പി. എം. ഗിരീഷ്
 

'സാമൂതിരിരാജാക്കന്മാരുടെ ചരിത്രമുറങ്ങുന്ന കോഴിക്കോടുനഗരത്തിന്റെ മധ്യത്തില്‍, സത്രംപറമ്പിലെ നെച്ചുളിവീട്ടിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും... എന്റെ ഭവനത്തിന്റെ വലതുഭാഗത്ത് പൗരാണികസംസ്‌കാരത്തിന്റെ പ്രതീകമായ പള്ളിത്തേവരും ഇടതുഭാഗത്ത് ആധുനിക പാശ്ചാത്യസംസ്‌കാരത്തിന്റെ പ്രതീകമായ മലബാര്‍ ക്രിസ്ത്യന്‍ കോേളജുമാണ്. ഭാരതീയസംസ്‌കാരം എന്ന പോലെ ബാസില്‍ നിന്നെത്തിയ ക്രൈസ്തവസംസ്‌കാരത്തെയും ഒരു പോലെ ഞാന്‍ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു.' സ്വതന്ത്രചിന്തകയും രാഷ്ട്രീയപ്രവര്‍ത്തകയും ചിത്രകാരിയുമായിരുന്ന വി. പാറുക്കുട്ടി അമ്മ ബയോഡാറ്റയില്‍ കുറിച്ചുവെച്ച ഇക്കാര്യം സഹോദരിയായ ഡോ.വി.പദ്മാവതിക്കും നന്നായി ഇണങ്ങും. ജവഹര്‍ലാല്‍നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പ്രസംഗങ്ങള്‍ തത്സമയവിവര്‍ത്തനം ചെയ്തിരുന്ന വി. പാറുക്കുട്ടി അമ്മ എന്ന ചുറുചുറുക്കുള്ള അധ്യാപിക;  പഴമക്കാരുടെ മനസ്സിലിപ്പോഴും ഉജ്ജ്വലസ്മരണയായി നിലനില്‍ക്കുന്നു. കേരളമായിരുന്നു പാറുക്കുട്ടി അമ്മയുടെ തട്ടകമെങ്കില്‍ വി. പദ്മാവതിയുടേത് ചെന്നൈയാണ്.
സുപ്രസിദ്ധ ഭാഷാചിന്തകനും മദ്രാസ് പ്രസിഡന്‍സി കോളേജിലെ മലയാളം അധ്യാപകനുമായിരുന്ന ഡോ. കെ. ഉണ്ണിക്കിടാവിന്റെ പത്‌നി, സഹോദരി വി. പാറുക്കുട്ടി അമ്മയുടെയും ഡോ. ഉണ്ണിക്കിടാവിന്റെയും തട്ടില്‍തന്നെ നില്‍ക്കുന്ന സര്‍ഗപ്രതിഭ, അമ്പതുകളില്‍ത്തന്നെ ആനുകാലികങ്ങളില്‍ കഥ എഴുതിത്തുടങ്ങിയ ആള്‍, നാടകമത്സരത്തില്‍ ചെറുകാടിനൊപ്പം സമ്മാനം വാങ്ങിയ വ്യക്തി, കവയിത്രി, ചിത്രകാരി, ശില്‍പി, അധ്യാപിക, ഗവേഷക  എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഡോ. വി. പദ്മാവതിക്ക്.  വയസ്സ് തൊണ്ണൂറ്. വരച്ച ചിത്രങ്ങള്‍ അതിലേറെ.
1928-ല്‍ കോഴിക്കോട്ട് ഒക്ടോബര്‍ 20ന്‍ നെചൂളി അച്യുതന്നായരുടെയും വടക്കുംതാണി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളായി ജനിച്ചു. ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിനുമുമ്പുമുതലേ കോഴിക്കോട്ട് അധിവസിച്ചവരായിരുന്ന അവരുടെ അച്ഛന്‍കുടംബം. തികഞ്ഞ അര്‍ഥത്തില്‍ കോഴിക്കോടിന്റെ പുത്രി. പ്രവാസംകൊണ്ട് മദ്രാസിന്റെ മരുമകള്‍. ക്രിസ്ത്യന്‍ കോേളജില്‍ ഇന്റര്‍മീഡിയേറ്റ് പഠിക്കുമ്പോള്‍ കോേളജ് മാഗസിനുകളില്‍ എഴുതിത്തുടങ്ങി. അതിനുശേഷം സ്ത്രീകളുടെ മാസികയായ 'അരുണ'യില്‍ സ്ഥിരമായി എഴുതുകയും വരയ്ക്കുകയും ചെയ്തു. ഈ ഊര്‍ജ്ജവുമായാണ് പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി മദ്രാസിലേക്ക് പുറപ്പെട്ടത്. വിവാഹാനന്തരം അവിടെ സ്ഥിരതാമസമാക്കി.
നന്ദന്‍ലാല്‍ബോസിന്റെ പിന്‍ഗാമിയായ ചിത്രകാരി
    വി.പദ്മാവതിയുടെ ചിത്രങ്ങളെ അബോധത്തിന്റെ സ്ത്രീ ആഖ്യാനങ്ങള്‍ എന്നു വിശേഷിപ്പിക്കാം. മിക്ക ചിത്രങ്ങളിലും സ്ത്രീയാണ് പ്രമേയം.  പഴയകാല ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന സ്ത്രീകളും ആധുനികസമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളും ചിത്രങ്ങളില്‍ മേളിക്കുന്നു. നിറം പലതിലും പ്രസന്നമല്ല. പ്രവാസജീവിതത്തിന്റെ സ്ത്രീ അടയാളങ്ങളായും ചിത്രങ്ങള്‍ മാറുന്നുണ്ട്. വരയ്ക്കാനുള്ള മാധ്യമം പലതാണ് ഈ കലാകാരിക്ക്. പെന്‍സിലും ചായവും കൊളാഷും എല്ലാം കടന്നുവരുന്നുണ്ട്. എണ്ണച്ചായത്തിലും ആര്‍ക്കലൈക്കിലും ചിത്രങ്ങള്‍ വിടരുന്നു. 'സ്ത്രീസൗഹൃദം', ചിത്രങ്ങളില്‍ തെളിഞ്ഞുകാണുന്നുണ്ട്. പഴയകാലസ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒത്തുകൂടാനുള്ള ഇടങ്ങള്‍ കുറവായിരുന്നല്ലോ. അപ്രകാരം അവര്‍ ഒത്തുകൂടുന്ന അവസരങ്ങളിലെ വികാരപ്രകടനങ്ങളാണ് പല ചിത്രങ്ങളില്‍ തെളിയുന്നത്. അതില്‍ ഒന്നിച്ച് സംഗീതം ആസ്വദിക്കുന്നവരുടെ ചിത്രങ്ങളുണ്ട്, ചുറ്റിക്കൂടിയിരുന്ന് തങ്ങള്‍ക്കുമാത്രം സാധ്യമായവിധത്തില്‍ കൂട്ടംകൂടുകയും കൂട്ടംപറയുകയും ചെയ്യുന്നവരു മുണ്ട്. സഹോദരിയായ വി. പാറുക്കുട്ടി അമ്മ വരച്ച താന്ത്രികരീതിയും അബ്‌സ്ട്രാറ്റ് രീതിയും വി. പദ്മാവതി സ്വീകരിക്കുന്നില്ലെന്ന കാര്യവും ശ്രദ്ധേയമാണ്. ചിത്രകലയിലും സ്വന്തം വഴിയാണ് അഭികാമ്യമെന്ന് കരുതിയതാവാം കാരണം. മാത്രമല്ല 'സൂക്ഷ്മത തേടി അലയുന്ന മനുഷ്യമനസ്സിന്റെ വികാസവും ആ വികാസത്തില്‍ തെളിയുന്ന അഖണ്ഡമായ ബോധവുമല്ലാതെ മറ്റെന്താണ് ദൈവം' എന്ന് ചോദിച്ച തത്ത്വചിന്തകനായ ജി. എന്‍. പിള്ളയുടെ സ്വാധീനമായിരുന്നല്ലോ വി. പാറുക്കുട്ടിയമ്മയുടെ ചിത്രങ്ങളില്‍ തെളിഞ്ഞിരുന്നത്. എന്നാല്‍ പദ്മാവതിയെ ആകര്‍ഷിച്ചിരുന്നത് ബംഗാളിചിത്രകാരന്മാരായിരുന്നു. അബീന്ദ്രനാഥടാഗോറും നന്ദന്‍ലാല്‍ബോസും  ഈ ചിത്രകാരിയെ ആകര്‍ഷിച്ചിരുന്നു. മുഗള്‍ചിത്രകലയെയും രജപുത്രകലയെയും നവീകരിച്ച് അവതരിപ്പിക്കുന്ന രീതിയായിരുന്ന അബീന്ദ്രനാഥ് ടാഗോറിന്റേത്. പാരമ്പര്യ ഇന്ത്യന്‍ചിത്രകലയെ അദ്ദേഹം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ നന്ദന്‍ലാല്‍ബോസിന്റെ  പുതുമേഘം(ന്യൂ ക്ലൗഡ്‌സ്) പോലുള്ള ചിത്രങ്ങള്‍ക്ക് സമാനമായ രീതിയാണ് പദ്മാവതിയും പിന്തുടരുന്നതെന്ന് കാണാനാകും. അവര്‍ അമ്പതുകളില്‍ വരച്ച 'സ്വാഗതം', 'ലയം'  എന്നീ ചിത്രങ്ങള്‍ ഇതിന്‍ ഉദാഹരണങ്ങളാണ്. എന്നാല്‍ പദ്മാവതിയുടെ  ചിത്രങ്ങളെ മറ്റൊരു തരത്തിലാണ് എസ്. ഗുപ്തന്നായര്‍ വിലയിരുത്തുന്നത്. 'കെ.സി.എസ്.പണിക്കരുടെ ആദ്യകാലചിത്രങ്ങളെയും ഇന്ന് ഏതാണ്ട് വിസ്മൃതപ്രായനായ എന്റെ സുഹൃത്ത് ടി. കെ. പദ്മനാഭയ്യരുടെ രേഖാചിത്രങ്ങളുടെയും സ്മരണ പദ്മാവതിയുടെ ചിത്രങ്ങള്‍ എന്നില്‍ ഉണര്‍ത്തുന്നു'. പദ്മാവതി എഴുതിയ 'മൂകമാം വാചാലത' എന്ന കാവ്യസമാഹാരത്തിന്‍ എസ്. ഗുപ്തന്നായര്‍ എഴുതിയ അവതാരികയിലാണ് ഇപ്രകാരം പറയുന്നുത്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് കൊച്ചുകൊച്ചു കലാരൂപങ്ങള്‍ കൊത്തിയെടുക്കുന്നതിലും വിദഗ്ദ്ധയാണ് ഈ ചിത്രകാരി. ചിത്രമെഴുത്തിന്റെ നീട്ടലുകളായി ഇവയെ കരുതാം.
 
എഴുത്തൊരു ആത്മപ്രകാശനമാണ്
ഇരമ്പുന്ന കടല്‍(നാടകം), അറിയപ്പെടാത്തവള്‍(ചെറുകഥ), ശിവഭക്തി മലയാളകവിതയില്‍(പഠനം), മൂകമാം വാചാലത(കവിത), സന്ധ്യാരാഗം(കവിത), പ്രഭാതംമുതല്‍ പ്രദോഷംവരെ(ആത്മകഥ) എന്നിവയാണ് അവരുടെ കൃതികള്‍.  'കുറേ ജന്മവാസനകളും  കുറേ ആര്‍ജ്ജിതസ്വഭാവങ്ങളും ഉള്‍ച്ചേര്‍ന്നതാണ് മനുഷ്യപ്രകൃതി. ഒരെഴുത്തുകാരന്റെ വ്യക്തിത്വവും സവിശേഷവാസനകളും ഇതു രണ്ടിനെയും ആശ്രയിച്ചിരിക്കുന്നു. സ്വതവേ ഉള്ളോടു വലിഞ്ഞ പ്രകൃതക്കാരിയായ എനിക്ക് എഴുത്ത് ഒരു ആത്മപ്രകാശനോപാധികൂടിയായിരുന്നു. മനസ്സില്‍ ഊറിക്കൂടുന്ന വികാരങ്ങളെ കടലാസിലേക്ക് പകര്‍ക്കാനുള്ള അടക്കിയാലടങ്ങാത്ത ആഗ്രഹം പലപ്പോഴും ഉണ്ടാകാറുണ്ട്. അപ്പോഴാണ് എഴുതുന്നത്. എഴുതിത്തീരുമ്പോള്‍ അനിര്വചനീയമായ ഒരാനന്ദവും ആശ്വാസവും തോന്നുന്നു.' എന്നിങ്ങനെ എഴുത്തിന്റെ രാസപ്രക്രിയയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള എഴുത്തുകാരിയാണ് വി. പദ്മാവതി.

വര്‍ണക്കൂട്ടില്ലാത്ത കഥകള്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളമനോരമ, തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരമാണ് 'അറിയപ്പെടാത്തവള്‍'. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 1965-ല്‍ പ്രസിദ്ധീകരിച്ച  'അറിയപ്പെടാത്തവള്‍'എന്ന കഥയില്‍ കണ്ണമ്മ എന്ന സ്ത്രീയിലൂടെ, തമിഴകജീവിതത്തില്‍ സ്ത്രീ അനുഭവിക്കുന്ന  നിസ്സഹായതയും ഒറ്റപ്പെടലും തെളിഞ്ഞ ഭാഷയില്‍ ആവിഷ്‌കരിക്കുന്നു. 'ബേര്‍ഡന്‍' എന്ന പേരില്‍ അവര്‍ വരച്ച ചിത്രവുുമായി വളരെയധികം സാമ്യം ഈ കഥയിലെ 'കണ്ണമ്മ' എന്ന കഥാപാത്രത്തിനുണ്ട്.  മിക്ക കഥകളിലും പ്രമേയം സ്ത്രീയുടെ യാതനയാകുന്നു. അതിലളിതഭാഷയില്‍ അതിസങ്കീര്‍ണമായ സ്ത്രീമാനസികചിത്രീകരണമാണ് വി. പദ്മാവതിയുടെ കഥകളുടെ മുഖമുദ്ര. 'മുപ്പത്തൊന്നാമത്തെ പിറന്നാള്‍', 'ഒടുക്കത്ത കണ്ണി' എന്നിവ ഉദാഹരണങ്ങള്‍. 'അച്ഛനും മകനും' , 'പൂര്വ്വാശ്രമം' എന്നീ കഥകള്‍ പുരുഷന്റെ ചേതോവികാരങ്ങളുടെ ആവിഷ്‌കാരങ്ങളാണ്. പ്രണയവിവാഹവും മതമാറ്റവുമാണ് 'ഒടുക്കത്ത കണ്ണി' എന്ന കഥയുടെ ഉള്ളടക്കം. പ്രണയവിവാഹത്തിനുശേഷം മതംമാറുന്നവര്‍ പ്രണയത്തെയും മതത്തെയും ഒരുപോലെ അപമാനിക്കുന്നുവെന്ന നിലപാടാണ് കഥാകരിക്കുള്ളത്. ഇത്തരം വിവാഹങ്ങളില്‍ പലപ്പോഴും സ്ത്രീകളാണ് മതമാറ്റത്തിന്റെ ഇരകളാകുന്നത്. ആണ്‌കോയ്മയുടെ  മതപ്രത്യയശാസ്ത്രത്തെയും ഈ കഥ വരച്ചുകാട്ടുന്നുണ്ട്. ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടമല്ല സന്ന്യാസം എന്ന പ്രഖ്യാപനമാണ് 'പൂര്‍വാശ്രമം' എന്ന കഥയില്‍ കാണുന്നത്.
 
'ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ മറക്കാന്‍ പഠിക്കുക' എന്ന ലളിത തത്ത്വചിന്തയാണ് കഥകളുടെ അടിപ്പടവ്. ചിത്രകാരിയാണെങ്കിലും അധികം നിറക്കൂട്ട് കഥകള്‍ക്ക് നല്‍കുന്നില്ല. അക്കാലത്തെ കഥകളുടെ പൊതു പ്രത്യേകതകളായ പശ്ചാത്തലവര്‍ണനയും ദീര്‍ഘപ്രസ്താവനകളും സ്വീകരിക്കുന്നില്ല. ഇത് കഥയ്ക്ക് മികവേകുന്നു.
കവിതാസംസ്‌കാരം
'കവിത കാണാതെ പഠിക്കുകയും ചൊല്ലിരസിച്ച് ആഹ്ലാദിക്കുകയും ചെയ്ത സംസ്‌കാരമാണ് തന്റെ കവിതകളുടെ അന്തസ്സത്തയെന്ന്' കവയിത്രിതന്നെ പറയുന്നുണ്ട്.
വികാരങ്ങളെ അഭിസംബോധന ചെയ്യുന്ന 'വികാരങ്ങള്‍'എന്ന  കവിത കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു. 'നിഴലുപോല്‍ ചിരിക്കുന്നു നിങ്ങളെല്ലായ്‌പോഴും കൂടെ/ത്തരം വരുംനേരം സ്വന്തം മിടുക്കുകാട്ടാന്‍ /കടും ചായക്കൂട്ടു ഹൃത്തിലിടിക്കുന്ന/ചില നേരമിളം ചായങ്ങളാല്‍ സ്വപ്‌നം രചിച്ചിടുന്നു/ മധുരമാ,യെരുവായി,പ്പുളിയായി, ക്കഷായമായ്/പകരുന്നു രുചി നിങ്ങളെന്റെ ജീവനില്‍/ നിങ്ങളില്ലാത്തൊരീലോകം വിരസമാണെനിക്കെന്നും/നിങ്ങളാടും നവരസമേറെയാസ്വാദ്യം'. മനുഷ്യരുടെ ക്രൂരതയുടെ അവശേഷിപ്പാണ് അഭയാര്‍ഥികള്‍, എന്ന കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്ന 'അഭയാര്‍ഥികള്‍' എന്ന കവിത സാമൂഹികവിഷയങ്ങള്‍ കൈകാര്യംചെയ്യാനുള്ള കവയിത്രിയുടെ മിടുക്ക് കാണിക്കുന്നുണ്ട്. 'ശവങ്ങളെങ്കിലും ശ്വസിയ്ക്കുന്നു ഞങ്ങള്‍/മനുജന്റെ ക്രൗര്യം രുചിച്ഛറിഞ്ഞവര്‍/ജനിച്ച മണ്ണിന്റെ മഹത്വമോര്‍ത്തോര്‍ത്തു/വിലപിയ്ക്കാന്മാത്രം പിറന്നുവീണവര്‍' എന്ന വരികള്‍ ഉദാഹരണം.
കുറച്ചുപറഞ്ഞ് കൂടുതല്‍ ധ്വനിപ്പിക്കുന്നതിനുള്ള  വ്യഗ്രത പദ്മാവതികവിതയുടെ ഗുണമാണെന്ന് എസ്. ഗുപ്തന്നായര്‍ അവതാരികയില്‍ പറയുന്ന കാര്യം  ശരിയാകുന്നു. 'നിന്നെ ഞാനറിയുന്നു തമസ്സായെന്നാകിലും/നിന്നില്‍ നിന്നല്ലോ സഹസ്രാംശുക്കളുയരുന്നു' എന്നാണ് കവിതയുടെ തത്ത്വചിന്ത. കണ്ണുകളെ വഞ്ചിക്കുന്ന മായാമയമായ സഭാപ്രവേശമാണ് ജീവിതമെന്ന് കവിതകളിലൂടെ പദ്മാവതി വിളിച്ചുപറയുന്നു.  ഭക്തികൊണ്ടുവന്നത് എഴുത്തച്ഛനല്ല
  ഡോ.വി പദ്മവാതിയുടെ ഏക ഗവേഷണസംരംഭം, പിഎച്.ഡി പ്രബന്ധമായ 'ശിവഭക്തി മലയാളകവിതയില്‍' എന്ന പഠനമാണ്. ഗവേഷകയുടെ അപഗ്രഥനപാടവത്തിന്റെ മികച്ച മാതൃകയാണ് ഈ പ്രബന്ധം. ഒരു ഉദാഹരണം നോക്കുക: 'മലയാളകവിത എഴുത്തച്ഛന്‍ മുമ്പ് സ്ത്രീവര്‍ണനാപ്രധാനമായി അധപ്പതിച്ചുപോയിരുന്നുവെന്നും എഴുത്തച്ഛനാണ് ഈ അധപ്പതനത്തില്‍നിന്ന് കൈരളിയെ കരകയറ്റിയതെന്നും സാധാരണ പറഞ്ഞുകേള്‍ക്കാറുണ്ട്. യഥാര്‍ഥത്തില്‍ എഴുത്തച്ഛന്റെ കാലത്തിനുമുമ്പുതന്നെ ഭക്തി മലയാളകവിതയില്‍ വേരുറച്ചുകഴിഞ്ഞിരുന്നു. മണിപ്രവാളപ്രസ്ഥാനം ശൃംഗാരത്തിന്‍ പ്രധാന്യം നല്‍കിയിരുന്നുവെങ്കിലും ഭക്തിക്കും അത്രതന്നെ പ്രാധാന്യം നല്‍കിയിരുന്നുവെന്ന് അതിലെ ദേവതാസ്തുതിപദ്ധതികള്‍ തെളിയിക്കുന്നു. എഴുത്തച്ഛനുമുമ്പുതന്നെ രാമായണവും മഹാഭാരതവും ഗീതപോലും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുകഴിഞ്ഞിരുന്നു. ഈ പരമാര്‍ഥത്തെ കണക്കിലെടുക്കാതെയാണ് എഴുത്തച്ഛന്‍ കേരളസമുദായത്തെ ക്ഷണഭംഗുരമായ ഭോഗത്തില്‍നിന്ന് അകറ്റി, ശാശ്വതമായ ആത്മീയപുരോഗതിയുടെ മാര്‍ഗത്തില്‍ പ്രതിഷ്ഠിച്ചു എന്ന് അഭിപ്രായപ്പെടുന്നത്' കേരള ഹിസ്‌റററി അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തിയ കേരളചരിത്രത്തിലെ പരാമര്‍ശത്തിന്‍ എതിരെയാണ് വി. പദ്മാവതി നിലപാടു വ്യക്തമാക്കുന്നത്. മറ്റു ഇന്ത്യന്‍ ഭാഷകളിലുള്ളതുപോലെ ശക്തമായിത്തന്നെ ഭക്തിസാഹിത്യം മലയാളത്തിലുമുണ്ടെന്നും അത് എഴുത്തച്ഛനുമുമ്പുതന്നെ തുടങ്ങിയാതാണെന്നും സമര്‍ഥിക്കുകയാണ് ചെയ്യുന്നത്. പദ്മാവതിയുടെ നിലപാടുകള്‍ ശരിവെയ്ക്കുന്നതുതന്നെയാണ് പില്‍ക്കാലമണിപ്രവാളപഠനങ്ങളും ഭക്തിസാഹിത്യപഠനങ്ങളും. വേശ്യാപാദനസാഹിത്യമല്ല മണിപ്രവാളമെന്ന് സ്ഥാപിക്കുന്ന പഠനങ്ങള്‍ സംസ്‌കാരപഠനത്തിന്റെ ഭാഗമാണിന്ന്. കേരളത്തിലെ ശൈവമതത്തിന്റെ വികാസപരിണാമങ്ങളും തെന്നിന്ത്യന്‍ ഭാഷകളിലെ ഭക്തിസാഹിത്യത്തെക്കുറിച്ചുള്ള താരതമ്യവും ഈ പഠനത്തിന്റെ മറ്റു സവിശേഷതകളാകുന്നു.
ആത്മവും അപൂര്‍ണതയും
എന്‍. കൃഷ്ണപിള്ള ആത്മകഥയെ  ഇങ്ങനെ നിരീക്ഷിക്കുന്നു: 'വക്താവിന്റെ സത്യസന്ധതയും ആത്മപരിശേധനയ്ക്കുവേണ്ട കഴിവും സന്മനസ്സും അഹന്താപരതന്ത്രനാകാതെ സ്വജീവിതത്തെ വസ്തുനിഷ്ഠമായി ദര്‍ശിക്കുന്നതിനുള്ള സന്നദ്ധതയുമാണ് ആത്മകഥാകഥനത്തിന്റെ വിജയത്തിന്‍ നിദാനങ്ങള്‍.  ആത്മചരിതം എഴുതുന്ന ആള്‍ സമുന്നതനോ എളിയവനോ പ്രഖ്യാതനോ അജ്ഞാതനോ ആയതുകൊണ്ടു അയാളുടെ കൃതി നന്നാകണമെന്നില്ല'. സ്വത്വത്തെ മാറിനിന്ന് വീക്ഷിക്കാനുള്ള കഴിവാണ് ആത്മകഥയുടെ മുഖ്യലക്ഷണമെന്നാണ് ഈ ചരിത്രകാരന്‍ 'കൈരളിയുടെ കഥ' എന്ന ഗ്രന്ഥത്തിലൂടെ അര്‍ഥമാക്കുന്നത്. ഈ ലക്ഷണം ഏതാണ്ട് പാലിക്കുന്ന കൃതിയാണ് വി. പദ്മാവതിയുടെ 'പ്രഭാതംമുതല്‍ പ്രദോഷംവരെ' എന്ന ആത്മകഥ. കോഴിക്കോടിന്റെയും ചെന്നൈയുടെയും ദേശചരിത്രവും സംസ്‌കാരചരിത്രവും പ്രതിപാദിക്കുന്നുവെന്നതാണ് വി. പദ്മാവതിയുടെ  ആത്മകഥയുടെ പ്രത്യേകത.  'എന്റെ കഥ ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ' എന്ന്  ചോദിച്ചുകൊണ്ടാണ് മലയാളത്തിലെ മറ്റു പല ആത്മകഥാരചയിതാക്കളെപോലെ, വി. പദ്മാവതിയും ആത്മകഥ തുടങ്ങുന്നത്. ആ ചോദ്യത്തെ മറികടക്കുമ്പോഴാണ് ആത്മകഥ വിടര്‍ന്നു പരിലസിക്കുന്നത്. ഒറ്റയ്ക്ക് നില്‍ക്കുന്ന വ്യക്തിയെപ്പോലെ ആത്മകഥ എന്നും അപൂര്‍ണമാണ്. പല ജീവിതങ്ങള്‍കൊണ്ടു പൂരിപ്പിക്കപ്പെടേണ്ട അപൂര്‍ണത ആത്മകഥ എപ്പോഴും നിലനിര്‍ത്തും.  
'പ്രഭാതംമുതല്‍ പ്രദോഷംവരെ' എന്ന തലക്കെട്ട് വളരെ ഉചിതമായി. ഒരാളുടെ ജനനമരണങ്ങള്‍ക്കിടയിലുള്ള കാലയളവ് എന്നര്‍ഥത്തിലും പ്രഭാതംമുതല്‍ പ്രദോഷംവരെ അടുക്കളയിലോ തൊഴിലിടങ്ങളിലോ തളച്ചിടപ്പെടുന്ന സ്ത്രീയുടെ കര്‍മമണ്ഡലം എന്നര്‍ഥത്തിലും തലക്കെട്ട് പ്രസക്തമാകുന്നു. ഇക്കാര്യം ഈ ഗ്രന്ഥകാരിയ്ക്കും യോജിക്കുന്നു. 'എന്റെ ഗൃഹാന്തരീക്ഷത്തില്‍നിന്നും കുടുംബത്തില്‍നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു ജീവിതം എനിക്ക് ഉണ്ടായിട്ടില്ല' എന്ന് അവസാന അധ്യായത്തിലെ വെളിപ്പെടുത്തല്‍ ഇതിനുദാഹരണമാണ്. ദേശസംസ്‌കാരത്തെക്കുറിച്ചുള്ള കൗതുകമാര്‍ന്ന നിരീക്ഷണങ്ങള്‍ വി. പദ്മാവതിയുടെ ആത്മകഥയില്‍ ധാരാളം കാണാം. പ്രിയ നഗരമായ മദ്രാസിനെക്കുറിച്ച് പ്രത്യേകിച്ചും. 'തൈ പിറന്നാല്‍ വഴിപിറക്കുമെന്ന്' വിശ്വസിക്കുന്ന തമിഴ് സംസ്‌കാരത്തിന്റെ ഉത്സവാഘോഷങ്ങളും ജീവിതരീതികളും ഒപ്പിയെടുക്കുന്നുണ്ട് ഈ ആത്മകഥയില്‍. ഉപയോഗശൂന്യമായിരുന്ന വെളിമ്പ്രദേശമായിരുന്ന അണ്ണാനഗര്‍ എങ്ങനെ ജനബാഹുല്യമുള്ള പ്രദേശമായിത്തീര്‍ന്നുവെന്നത് അവര്‍ വിവരിക്കുന്നുണ്ട്. നഗരത്തിന്റെ ദ്രുതവളര്‍ച്ച നേരിട്ടു കണ്ട ഒരാളുടെ അനുഭൂതി ഇത്തരം വിവരണങ്ങളില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
ദേശചരിത്രത്തില്‍നിന്ന് കുടുംബചരിത്രത്തിലേക്കുള്ള യാത്രയാണ് ഈ ആത്മകഥ
ആനുകാലികങ്ങളിലേക്ക് കത്തുകളെഴുതി സമകാലിക സാമൂഹികസംഭവങ്ങളോടുള്ള പ്രതികരണം ഇപ്പോഴും വി.പദ്മാവതി തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രസക്തമായ വിഷയങ്ങളെക്കുറിച്ച് ഇപ്പോഴും ലേഖനങ്ങള്‍ എഴുതാറുണ്ട്.  ചക്കയുടെ ഗുണഗണങ്ങളെ ആസ്പദമാക്കി ഈയിടെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം ശ്രദ്ധേയമായിരുന്നു.  
അധ്യാപനം കലാപമല്ല
    അധ്യാപനത്തെ കലയായിട്ടാണ് വി.പദ്മാവതി കണ്ടിരുന്നത്. വിദ്യാര്‍ഥികളെ സാഹിത്യ-കലാദി മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും മറ്റും അവര്‍ ഉത്സാഹം കാണിച്ചിരുന്നു.
അധ്യാപനം കലാപത്തിനുള്ള വേദിയായി മാറരുതെന്ന വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. ചെന്നൈയിലെ എസ്. ഐ. ഇ.ടി വിമന്‍സ് കോളേജിലെ മലയാള അധ്യാപികയായിരുന്നു അവര്‍. മുപ്പതു വര്‍ഷം അവിടെ സേവനം നടത്തി.  മറ്റ് കോളേജുകളില്‍ കൊടുക്കുന്നതുപോലെ തുല്യവേതനത്തിനായി അക്കാലത്ത് അധ്യാപകര്‍ സമരം ചെയ്തിരുന്നു. 'കോളേജ് മുതല്‍' നശിപ്പിക്കുന്ന തരത്തില്‍ അത് അക്രമാസക്തമാകുകയും ചെയ്തു.  എന്നാല്‍ പദ്മാവതി ടീച്ചര്‍ സമരത്തില്‍ പങ്കെടുത്തില്ല. അവര്‍ കരിങ്കാലിയായി. ഒറ്റപ്പെട്ടു. താന്‍ സമരത്തില്‍ പങ്കെടുത്താല്‍ മലയാളഭാഷയും അതോടെ അവിടെനിന്ന് പടികടത്തപ്പെടുമെന്ന ഭയമായിരുന്നു പ്രധാനമായും സമരത്തില്‍ പങ്കെടുക്കേണ്ട  എന്ന തീരുമാനത്തിന്‍ പിന്നില്‍. അധ്യാപകരില്‍ അവസാനത്തെ ആള്‍ റിട്ടയര്‍ ചെയ്യുന്നതോടെ മലയാളവകുപ്പുകള്‍ അടച്ചുപൂട്ടപ്പെടുന്ന സാഹചര്യമാണ് ചെന്നൈയില്‍ ഇപ്പോഴുമുള്ളത്.  അപ്പോള്‍ അക്കാലത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. പക്ഷേ തമിഴ്‌നാട് സര്‍ക്കാര്‍ വി. പദ്മാവതിയുടെ അധ്യാപനമികവിനെ ആദരിച്ചു. 1986-ല്‍ അവര്‍ക്ക് 'നല്ലാശിരിയര്‍ ബിരുദം' സര്‍ക്കാറില്‍നിന്നു ലഭിച്ചു.

പുസ്തകപ്രസാധനം എന്ന പുനര്‍ജന്മം
  വി. പദ്മാവതിയുടെ മറ്റൊരു പ്രത്യേകതയാണ് പുസ്തകപ്രസാധനം. തന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഊര്‍ജ്ജം ചെലവഴിക്കുന്നത് ഭര്‍ത്താവായ ഡോ. ഉണ്ണിക്കിടാവിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനാണ്. ഉണ്ണിക്കിടാവ് എണ്പ്പത്തിയൊന്നാം വയസ്സിലാണ് ആദ്യമായൊരു  പുസ്തകം പ്രസിദ്ധീകരിക്കുന്നത്.  വ്യാകരണവിഷയങ്ങളിലും ഭാഷാചരിത്രത്തിലും സ്വന്തമായ നിലപാടുകളുണ്ടായിരുന്ന ഉണ്ണിക്കിടാവ്, അത്തരം വിഷയങ്ങളെക്കുറിച്ച് ധാരാളമെഴുതി. പക്ഷേ എഴുതിയവ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ വൈമുഖ്യം കാണിച്ചു. അദ്ദേഹത്തിന്റെ മരണാനന്തരം പദ്മാവതി ടീച്ചര്‍ മുഴുവന്‍ സമയവും പണവും ചെലവഴിക്കുന്നത് അദ്ദേഹത്തിന്റെ ഗവേഷണം പ്രസിദ്ധപ്പെടുത്താനാണ്. അപ്രകാരമാണ് ഉണ്ണിക്കിടാവിന്റെ 'മലയാളം ദേശവും ഭാഷയും', 'സംഘസാഹിത്യപഠനങ്ങള്‍', 'ചില ലീലാതിലകപ്രശ്‌നങ്ങള്‍', 'രണ്ടു ഗീതകള്‍', 'ഭാഷയും ചരിത്രവും' എന്നീ കൃതികള്‍ പുറത്തുവന്നത്. കേരളപാണിനീയപഠനങ്ങളും പതിറ്റുപ്പത്തിനെക്കുറിച്ചുള്ള പഠനവും യഥാക്രമം വള്ളത്തോള്‍ വിദ്യാപീഠവും എന്‍.ബി. എസും ഏറ്റെടുത്തിട്ടുണ്ട്. താന്‍ മരിക്കുന്നതിനുമുമ്പു ഉണ്ണിക്കിടാവ് മരിക്കരുതെന്നായിരുന്നു അവരുടെ പ്രാര്‍ഥന. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ ആളില്ലാതെ പോകുമോ എന്ന ഭയം. പുസ്തകപ്രസാധനത്തിലൂടെ ഭര്‍ത്താവിന്‍ പുനര്‍ജന്മം നല്‍കിക്കൊണ്ടിരിക്കുകയാണ് അവര്‍; ഒപ്പം മലയാളത്തിലെ ഭാഷാചരിത്രപഠനത്തിനും. എഴുത്തിലൂടെയും ചിത്രമെഴുത്തിലൂടെയും ഒരിക്കലും പേരെടുക്കാന്‍ താത്പര്യമില്ലായിരുന്ന സഹോദരിയായ വി. പാറുക്കുട്ടി അമ്മയുടെ കവിതകള്‍ 'ഹൃദയസ്പന്ദനങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതും പദ്മാവതിയാണ്.
ഉപസംഹാരം
ജീവിതമെഴുത്തിന്‍ കഥ, നാടകം, കവിത, ചിത്രം, ശില്‍പം എന്നിങ്ങനെ ബഹുവിധമാധ്യമങ്ങള്‍ ഉപയോഗിച്ച കലാകാരിയാണ് വി. പദ്മാവതി.  ജീവിതത്തെ സമഗ്രമായി പ്രതിപാദിക്കാനുള്ള ചോദനയാകാം ഇതിനു പിന്നില്‍. ആ ചോദനകള്‍ ഉയര്‍ന്നുവന്ന ഇടവും ഇടയും ചേര്‍ന്ന് ഒടുവിലത് 'പ്രഭാതംമുതല്‍ പ്രദോഷംവരെ' എന്ന ആത്മകഥയിലെത്തി. ഡോ.വി. പദ്മാവതി ഇപ്രകാരം മറുനാടന്‍ സര്‍ഗബോധത്തിന്റെ വിസ്മയമാകുന്നു.
  
 
Attachments area
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image