കഥ :
ചിക്കന്‍ 3 5 0-
ശ്രീദേവി മധു

ഭാര്യ ഓഫീസിലേക്കും മക്കള്‍ സ്‌കൂളിലേക്കും പോയിക്കഴിഞ്ഞപ്പോള്‍ സന്തോഷ് കുളിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടിലെ ആമിനാത്ത വിളിക്കുന്നത്.
'എന്റെ സന്തോഷേ; കോഴിക്കൂട് തുറന്ന് വിട്ടതേയുള്ളൂ റോഡിലേക്ക് ഒറ്റ ഓട്ടം. സുന്ദരിമോള് വന്ന് ഒറ്റയിടി. ആ പുത്തംപുരക്കലെ രമേശന്റെ ഓട്ടോയേ.
'ങാ മനസ്സിലായി
'അപ്പോ തന്നെ തീര്‍ന്നു. മനുഷ്യന്മാരെ ഇടിച്ചാ മയ്യത്താവും പിന്നെയാ ഈ പൂവന്‍കോഴി. സന്തോഷിനറിയാലോ ഞങ്ങള്‍ക്ക് അറുക്കാതെ തിന്നാന്‍ പാടില്ലാന്ന്. ഒരു കാര്യംചെയ്യ് സന്തോഷതിനെ കറിവച്ചോളൂ'
'ഷോപ്പില് പോകാന്‍ നേരായല്ലോ ഇത്താ
'ശാന്തി ജോലിക്ക് പോയോ?
'പോയി
'സാരമില്ലാന്നേ. നീയാ ഫ്രഡ്ജിലോട്ട് വച്ചിട്ട് ജോലിക്ക് പൊയ്‌ക്കോ വൈകിട്ട് ശാന്തി വന്ന് കറിവച്ചോളും.. ദാ പിടിച്ചോ.
സന്തോഷ് കോഴിയെ വാങ്ങി.
'പാവം, ഈ തിണ്ണയില്‍ കൊത്തിപ്പെറുക്കി നടന്നതാ'
ഏതായാലും ഇതിനെ നന്നാക്കി വച്ചിട്ട് പോകാം. ശാന്തിക്ക് തൂവലൊന്നും പറിച്ച് പരിചയമില്ല. കാല് വെട്ടി തലവെട്ടി ചൂടുവെള്ളത്തിലിട്ട് പപ്പെല്ലാം പറിച്ചെടുത്ത് വയറുകീറി കുടലെല്ലാം പുറത്തെടുത്തു. വേസ്റ്റുകള്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കി. ഇറച്ചി നുറുക്കി കഴുകി ഒരു ബോക്‌സിലാക്കി ഫ്രഡ്ജില്‍ വച്ചു. കോഴിത്തലയൊക്കെ ഇട്ട പ്ലാസ്റ്റിക് കവര്‍ ഒന്നുകൂടി നല്ലൊരു കവറിലാക്കി.
മൂന്നുസെന്റില്‍ ഞെക്കി ഞെരിച്ച്് പണി തീര്‍ത്തിരിക്കുന്ന വീട്. മുന്‍വശത്ത് റോഡ്. അടുത്തടുത്ത് വീടുകളാണ്. പാല്‍ കവറുകളും പ്ലാസ്റ്റിക് കവറുകളും കടലാസുകളും ഒക്കെ മുറ്റത്തിട്ട് കത്തിക്കുകയാണ് പതിവ്.'ഭക്ഷണവേസ്റ്റും മറ്റും രണ്ടൂന്ന് തടിയന്‍ പൂച്ചകള്‍ വന്ന് ശാപ്പിട്ടോളും. ബസ്സ് സ്‌റ്റോപ്പിലോട്ട് പോകുന്നവഴി വീടൊന്നും പണിയാത്ത കുറച്ച് സ്ഥലമുണ്ട്. അങ്ങോട്ടിട്ടാല്‍ ഏതെങ്കിലും തെരുവ് പട്ടിയോ പന്നിയെലിയോ വന്ന് തിന്നുകൊള്ളും.
സമയം പോയി. സന്തോഷ് തിടുക്കപ്പെട്ട് കുളിച്ച് ബ്രേക്ഫാസ്റ്റ് പോലും കഴിക്കാതെ കോഴിയുടെ വേസ്റ്റ് കവറുമായി നടന്നു.
നടക്കുംവഴി പിറകില്‍ രണ്ടുമൂന്ന് ചെറുപ്പക്കാര്‍ വരുന്നു. അവരെ പരിചയമില്ല. അവര്‍ നടന്നുപോകാന്‍ വേണ്ടി സന്തോഷ് പതിയെ നടന്നു. പക്ഷെ അവര്‍ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും സന്തോഷിനേക്കാളും സ്പീഡ് കുറച്ചാണ് നടക്കുന്നത്. മുന്നില്‍ നിന്നും നഴ്‌സറി ടീച്ചര്‍ സുനിതയും വരുന്നുണ്ട്.
'എന്താ സന്തോഷേട്ടാ പൊതിയൊക്കെയായി? സന്തോഷ് ഒന്നു പകച്ചു. എന്താ പറയുകാ,
സുനിത തന്നെ മറുപടിയും പറഞ്ഞു: 'ചോറ് കൊണ്ടുപോകുന്നതാവും അല്ലേ ?
സന്തോഷ് ഇളിഭ്യതയോടെ ചിരിച്ചു. അപ്പോഴേക്കും വേസ്റ്റ് ഇടാമെന്നുവിചാരിച്ച സ്ഥലം കടന്നുപോയി. സന്തോഷ് തിരിഞ്ഞുനോക്കി. ആ ചെറുപ്പക്കാര്‍ പിന്നിലുണ്ട്. എതിരെ രണ്ട് സ്ത്രീകളും വരുന്നുണ്ട്.
'നാശം' സന്തോഷ് പിറുപിറുത്തു.
ബസ്‌സ്റ്റോപ്പില്‍ നിറയെ സ്‌കൂള്‍ കുട്ടികളും ജോലിക്കുപോകുന്നവരും. മനുഷ്യര്‍ തിങ്ങാത്ത ഒരു സ്ഥലവുമില്ല. ജനപ്പെരുപ്പത്തെക്കുറിച്ച് സന്തോഷ് ആദ്യമായി വ്യാകുലപ്പെട്ടു.
ദൈവമേ ബസ്സിപ്പോ വരും. ഈ കോഴിത്തലയുമായി ബസ്സില്. സന്തോഷിന് തലപെരുത്തു. ബസ്സില്‍ കയറിയപ്പോള്‍ കിളി വെളുക്കനെ ചിരിച്ചു. സന്തോഷും ചിരിച്ചു. സന്തോഷ് കമ്പിയില്‍ പിടിച്ചു നിന്നു. കവര്‍ ആരുടേയും ദേഹത്തുമുട്ടാതെ വളരെ സൂക്ഷിച്ചു. ഭാഗ്യത്തിന് ഒരു വൃദ്ധന്‍ എഴുന്നേറ്റു. 'ഞാനിറങ്ങുകയായി മോനിരുന്നോ' വൃദ്ധനോട് സന്തോഷിന് വളരെ സ്‌നേഹം തോന്നി. സന്തോഷ് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അരികത്ത് ഇരുന്നയാള്‍ സൈഡിലോട്ട് നീങ്ങി. 'ദാ ഇങ്ങോട്ട് കയറിയിരുന്നോ ഞാന്‍ അടുത്ത സ്റ്റോപ്പിലിറങ്ങും.'
സന്തോഷ് ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്നു. കവര്‍ സീറ്റിനടിയില്‍ വച്ചു. ബസിന് വേഗം പോരെന്ന് തോന്നി. അരമണിക്കൂര്‍ യാത്രയുണ്ട് കടവന്ത്രക്ക്.
ഒരു കാര്യം ചെയ്യാം കവര്‍ എടുക്കാതെ ഇറങ്ങാം. ട്രിപ്പ് നിര്‍ത്തി കിളി ബസ്സ് പരിശോധിക്കുമ്പോള്‍ ഈ കവര്‍ കിട്ടും. കവറ് തുറക്കുമ്പോഴോ ദുര്‍ഗന്ധത്തോടെ രക്തംപുരണ്ട കോഴിത്തലയും കുടലും... അതോര്‍ത്തപ്പോ തന്നെ സന്തോഷിന് ഛര്‍ദ്ദിക്കാന്‍ തോന്നി. കിളിയാണേ തന്നേനോക്കി ചിരിച്ചതുമാണ്. ചിലപ്പോ ഈ കവര്‍ തന്റേതാണെന്ന് മനസ്സിലായാലോ? അതുവേണ്ടാ.
കടവന്ത്രയില്‍ ചെന്നിറങ്ങിയിട്ട് മുനിസിപ്പാലിറ്റിയുടെ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാം. ബസ്സിറങ്ങി ചവറ്റുകുട്ടയന്വേഷിച്ച് സന്തോഷ് നടന്നു. ഇതിനുമുമ്പ് ഇതുപോലെ ഒരനുഭവം ഉണ്ടാകാത്തതുകൊണ്ട് ചവറ്റുകൊട്ടയെവിടെയാണെന്ന് യാതൊരു ഊഹവുമില്ല. ആമിനാത്തയോട് കോഴിയെ വാങ്ങാന്‍ തോന്നിയ നേരത്തെ ആയാള്‍ ശപിച്ചു. പനമ്പിള്ളി നഗറില്‍ക്കൂടി രണ്ടോമൂന്നോ തവണ നടന്നു.  
വെയില്‍ കൊണ്ട് സന്തോഷിന് തലകറങ്ങുന്നതുപോലെ തോന്നി. ഓട്ടോയില്‍ കയറി അയാള്‍ പുറത്തോട്ടു നോക്കിയിരുന്നു. പക്ഷെ ഒരു വേസ്റ്റ് ബാസ്‌ക്കറ്റുപോലും കണ്ടില്ല. സമയം വൈകുന്നു. ഷോപ്പില്‍ തിരക്കുള്ള സമയമാണ്. ഓട്ടോയില്‍ നിന്നും ഇറങ്ങി. ചുറ്റുപാടും ഫ്‌ളാറ്റുകള്‍. ഒരു മതിലിന്റെയടുത്ത് രണ്ടുമൂന്ന് പ്ലാസ്റ്റിക് കവര്‍. സന്തോഷ് തിരിഞ്ഞു നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. കയ്യിലിരുന്ന കവര്‍ അവിടെ വച്ചിട്ട് ധൃതിയില്‍ നടന്നു. പിന്നില്‍ നിന്നാരെങ്കിലും വിളിക്കുമോയെന്ന ഭയത്താല്‍ സന്തോഷിന് നെഞ്ചിടിപ്പ് കൂടി. അയാള്‍ വീണ്ടും ഒരു ഓട്ടോയില്‍ കയറി.
ഓട്ടോയില്‍ നിന്നിറങ്ങി ചാര്‍ജ്ജ് കൊടുത്ത് വിടുമ്പോള്‍ സന്തോഷ് ഓര്‍ത്തു, കോഴിയിറച്ചി വാങ്ങുന്നതിനേക്കാള്‍ മൂന്നിരട്ടി പൈസയായി കോഴിത്തല കളയാന്‍ വേണ്ടീട്ട്. കൊല ചെയ്തിട്ട് അതൊളിപ്പിക്കാന്‍ പോലും ഇത്രയേറെബുദ്ധിമുട്ടേണ്ടി വരില്ല. ഇന്നാരെയാണാവോ കണികണ്ടതെന്ന് പഴിച്ച്, വിയര്‍ത്തൊലിച്ച് കടയിലേക്ക് നടക്കുമ്പോള്‍ സി.സി. ക്യാമറകളേക്കുറിച്ച് അയാള്‍ ഓര്‍ത്തതേയില്ലാ.
 

 
 
Attachments area
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image