സി. ഗോപാലന്‍.

ബ്രാക്കറ്റില്‍ (സിംഹളന്‍)

 

ഒന്ന്

                മലയാള പത്രത്തിന്റെ ചരമ പേജിലെ അവഗണിത മൂലയില്‍ കണ്ട ഏതോ വാര്‍ത്തയാണ് രാവിലെ മുതല്‍ സുരേന്ദ്രനെ വല്ലാതെ അസ്വസ്ഥനാക്കുന്നതെന്ന് മഹേശ്വരിക്കു  മനസ്സിലായി. മലയാളം മനസ്സിലാകുകയും കുറച്ചൊക്കെപറയുകയും ചെയ്യും എങ്കിലും ഇതുവരെ എഴുതുവാനോ വായിക്കുവാനോ കഴിയാതെ പോയതില്‍ മഹേശ്വരി ആദ്യമായി പരിതപിച്ചു.

                ഏറെ നേരം ആ ചിത്രത്തിലും വാര്‍ത്തയിലും  സുരേന്ദ്രന്‍ നോക്കിയിരുന്നതും അവളെ അത്ഭുതപ്പെടുത്തി. ചോദിക്കുവാന്‍ മടിച്ചു. ഒരു പക്ഷേ നാട്ടിലെ പ്രിയപ്പെട്ട ആരെയെങ്കിലും കുറിച്ചുള്ള വാര്‍ത്തയാകുമോ? അതോ മരണമോ? ചിലപ്പോള്‍ പാര്‍ട്ടിയിലെ ആരെങ്കിലും അപകടത്തില്‍പ്പെട്ടതായിരിക്കുമോ?

''മഹേശ്വരീ .....''

''എന്നാ അണ്ണേ''

''എനിക്ക് നാട്ടിലൊന്നു പോകണം''

''എതുക്ക്... ഇത്ര പെട്ടെന്ന്''

''പോകണം പോകാതിരിക്കാനാവില്ല''

സുരേന്ദ്രന്‍ ഫോണ്‍ കാതില്‍ ചേര്‍ത്താണ് അകത്തേക്കു നടന്നതു തന്നെ. അത്രയേറെ ഉത്കണ്ഠ ഉണ്ടായിരുന്നു ചലനങ്ങളില്‍. ഒട്ടും സമയമെടുക്കാതെ ഒരുങ്ങുവാന്‍ സുരേട്ടന് കഴിയുമല്ലോ എന്ന് അത്ഭുതം കൊള്ളവേ ഏതാനും വാക്കുകള്‍ കാതില്‍ അലച്ചു.

                ''ഒരു വാരം ലീവ് .....ആമാ...... ശെല്‍വനെ തെര്യപ്പടുത്തണം ....  യൂണിയന്‍ ഓഫീസിലും അറിയിക്കണം...... അതെ ലെറ്റര്‍ വീട്ടില്‍ കൊടുത്തിരിക്കേന്‍.... മുരുകന് വന്ന് എടുക്ക ചൊല്ലുങ്കോ.......''

                സംഭാഷണം ആംഗ്യങ്ങളിലൂടയും നീണ്ട് പൊയ്‌ക്കൊണ്ടിരുന്നു. സുരാണ്ണന്‍ അങ്ങിനെയാണ്. ഏത് വാക്കിന്റെ പിന്നിലും ആംഗ്യം ഉണ്ടാകും. ഫോണിന്റെ മറു തലക്കല്‍ ഉള്ള ആളിന് കാണാനാവില്ല എന്ന് അറിയില്ലായിരിക്കുമോ ? മഹേശ്വരിക്ക് ചിരിയും വന്നു. പക്ഷെ സുരേന്ദ്രന്റെ ധൃതിയും ഗൗരവവും ചിരിയെ മായ്ച്ചു കളഞ്ഞു. വാര്‍ത്ത എന്തായാലും ഗൗരവം ഉള്ളതാണ്.

 സുരേന്ദ്രന്‍ ബാത്‌റൂമിലാണ് എന്ന് ബോദ്ധ്യം വന്നപ്പോഴാണ് മഹേശ്വരി വാര്‍ത്തയും ചിത്രവും നോക്കിയത്. ഏതോ വിദൂര നാളില്‍ എന്നോ എവിടെയോ  കണ്ടുമറന്ന മുഖം. നരച്ച വൃദ്ധന്റെ ചിരിച്ച മുഖം. നെറ്റിയില്‍ നീണ്ട ഭസ്മക്കുറി. വല്ല പൂജാരിയും ആയിരിക്കുമോ ? അങ്ങനെയൊരു ലുക്ക് ആണുള്ളത്.

''മഹേശ്വരീ ......'' ബാത് റൂമില്‍ നിന്നാണ്.

''എന്നാ അണ്ണേ ?''

''നീയാ ബാഗില്‍ അത്യാവശ്യം വേണ്ടതെല്ലാം ഒന്നെടുത്ത് വയ്ക്ക്........ പിന്നെ .......... അപ്പുറത്തു പോയി ആ രാജാക്കണ്ണിന്റെ വണ്ടി ഒന്ന് വരാന്‍ പറയ് ...............'' വെള്ളം പൈപ്പിലൂടെ വീഴുന്നതിനിടയിലും മഹേശ്വരി വ്യക്തമായി കേള്‍ക്കുകയും തലകുലുക്കുകയും ചെയ്തു. ഇപ്പോ വരാം........ മഹേശ്വരിക്ക് പെട്ടെന്നാണ് ഒരൈഡിയ തോന്നിയത് .    രാ ജാക്കണ്ണിന്റെ മരുമകള്‍ ഗീത മലയാളിയാണ്. പത്രവും മഹേശ്വരി കൈയില്‍ എടുത്തു. ഉത്കണ്ഠയും ആശങ്കയും പകരുന്ന ഈ കിഴവന്‍ ആരാണെന്നറിയണമല്ലോ. ഭാഗ്യം ഗീത കമ്പ്യൂട്ടര്‍ സെന്ററിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു.

''ഗീതേ...... ഇന്ത പടത്തിലെ പേര്  ഒന്ന് പഠിച്ച് പറയാമോ . ഇന്ത പടത്തെ പാത്തതു മുതലേ അണ്ണന് ഭയങ്കര സങ്കടം...''.

                ഗീത ചിരിച്ചുകൊണ്ടാണ് വാങ്ങി ഒറ്റ ശ്വാസത്തില്‍ വായിച്ചത്. ''കാണ്‍മാനില്ല ഈ ഫോട്ടോയില്‍ കാണുന്ന സിംഹളന്‍ അഥവാ സി.ഗോപാലന്‍ എന്നയാളെ 10-ാം തീയതി മുതല്‍ കാണ്‍മാനില്ല. കാവിമുണ്ടും ജുബ്ബയും ആണ് കാണാതാകുമ്പോള്‍ വേഷം. നെറ്റിയിലും ദേഹത്തും ഭസ്മക്കുറികള്‍. അഞ്ചടി എട്ടിഞ്ച് ഉയരം. മലയാളവും, തമിഴും, ഹിന്ദിയും , സിംഹളവും അറിയാം . കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ  ഈ നമ്പരുകളിലോ അറിയിക്കുക.

                താഴെ ഒരു പ്രത്യേക കുറിപ്പ് : മക്കള്‍ അഞ്ചു പേരും ചേര്‍ന്ന് ''അച്ഛാ..... അച്ഛന്‍ ഞങ്ങളെ മറന്നോ ഞങ്ങളുടെ കണ്ണുനീര്‍ അച്ഛന്‍ കാണുന്നില്ലേ. അച്ഛനില്ലാതെ ശിവരാത്രി, കൊടുങ്ങല്ലൂര്‍ ഭരണി, തൃശൂര്‍പൂരം, തിരുവൈരാണിക്കുളം നടതുറപ്പ് (അതീ അടുത്തിടെ തുടങ്ങിയതാണ്. എന്നാലും ഇടയ്ക്ക് അച്ഛന്‍ പോയിരുന്നല്ലോ) തൃക്കാരിയൂര്‍ ഉത്സവം കഥകളി, തുക്കച്ചാട് ഇപ്പോള്‍ ഇല്ലാത്ത എളവൂര്‍ തൂക്കം പനിച്ചയം കാവിലെ ഭരണി എല്ലാം കഴിഞ്ഞുപേയി   അച്ഛാ.... എവിടെയൊക്കെ ഞങ്ങള്‍ തിരക്കി എന്ന് അറിയ്യോ ?മൂകാംബികയില്‍വരെ പോയി. അച്ഛന്‍ പോവാറുള്ള വേളാങ്കണ്ണിയും നാഗൂരും വരെ തിരക്കി അറിയോ? വേഗം വരു അച്ഛാ .......... പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയതും അച്ഛനറിഞ്ഞില്ലേ?

                ക്ഷേത്ര കമ്മറ്റിക്കാര്‍ അക്ഷര ശ്ലോകക്കാര്‍ കഥകളി സഭ, സരസ്വതി നൃത്താലയം , ഓട്ടന്‍ തുള്ളല്‍കാര്‍ ഓടയ്ക്കാലിയുടെ കൊമ്പ് പഞ്ചവാദ്യക്കാര്‍ എല്ലാവരും അന്വേഷിക്കുന്നു അച്ഛാ.... കൂടെ പാര്‍ട്ടിക്കാരും വായനശാലക്കാരും. വേഗം വരു അച്ഛാ..... എന്ന്

അച്ഛനെ മാത്രം കാത്ത് മക്കള്‍ ഭഗത് സിംഗ്, സ്റ്റാലിന്‍, ഗൗരി, ഇന്ദിര, രണദിവേ ഒപ്പ്.

മഹേശ്വരിയുടെ തലപെരുത്തുപോയി. മക്കളുടെ പേരും അന്വേഷിക്കുന്നവരുടെ വിശേഷങ്ങളുമാണ് മഹേശ്വരിയെ ആശയക്കുഴപ്പത്തിലാക്കിയത്.  ക്ഷേത്രവിശ്വാസിയും കഥകളികമ്പക്കാരനുമായ ഒരാള്‍ മക്കള്‍ക്ക് ഭഗത്സിംഗ് , സ്റ്റാലിന്‍ എന്നൊക്കെ പേരിടുമോ ഈ സിംഹളനെ എവിടെയോ  കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്. നാല്‍പതോ മുപ്പതോ കൊല്ലങ്ങള്‍ക്കുമുമ്പാണോ രാജാക്കണ്ണിനോട് വണ്ടിയുമായി വേഗം വരുവാന്‍ മഹേശവരി ധൃതിയില്‍ തിരിഞ്ഞോടി. വീട്ടില്‍ എത്തുമ്പോള്‍ സുരേന്ദ്രന്‍ യാത്രയായി കഴിഞ്ഞിരുന്നു.

''ചായ കുടിച്ചില്ലല്ലൊ......''

''സമയമില്ല പോകുന്ന വഴി കഴിച്ചോളാം''

''ഒരു വാരത്തേക്ക് ഒരു വേഷ്ടിയും ഒരു ഷര്‍ട്ടും പോതുമാ ?''

മഹേശ്വരിക്ക് ഒരുക്കം അപൂര്‍ണ്ണവും അസ്വഭാവികവുമായി തോന്നി

ഗോപാലേട്ടന്റെ അല്ല സിംഹളന്‍ ചേട്ടന്റെ വീട്ടില്‍ എനിക്ക് വേണ്ടതെല്ലാം ഉണ്ടാകും. ഞാനൊന്നും കൊണ്ട് ചെല്ലേണ്ടതില്ല. പിന്നെ മുരുകന്‍ വരുമ്പോള്‍ ഞാന്‍ മേശപ്പുറത്ത് ഒരു കത്ത് വച്ചിട്ടുണ്ട് അത് കൊടുക്കണം.

 

മഹേശ്വരി വെറുതെ തലയാട്ടി. എങ്കിലും ചോദിച്ചു.

''ഒരു വാരം മട്ടും ലീവെടുത്ത് തെര്യത്ക്ക് ആരാ ഇന്ത ആള് ?'' ''ആരാ ഈ മനുഷ്യന്‍ എന്നല്ലേ ? ...'' സുരേന്ദ്രന്‍ ഒരു നിമിഷം  സഹതാപാര്‍ദ്രമായി അവളെ നോക്കി.

 ''മനുഷ്യന്‍ ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരമാണ് സിംഹളന്‍ അഥവാ സി ഗോപാലന്‍ എന്ന മനുഷ്യന്‍ മഹേശ്വരി ഇപ്പോള്‍ ഇത്രയും മനസിലാക്കിയാല്‍ മതി.'' ''ഞാന്‍ എന്നോ എങ്ങോ കണ്ട മാതിരി ആനാല്‍.... വ്യക്തമാവുന്നില്ല.''

ഒരു ദീര്‍ഘ നിശ്വാസമുതിര്‍ത്ത് മഹേശ്വരി പിന്തിരിഞ്ഞെങ്കിലും സിംഹളന്‍ ഒരു കരടായി മനസ്സില്‍ കുടിയേറിക്കഴിഞ്ഞിരുന്നു.

തമിഴന് സിംഹളത്തോടുള്ള നീരസം മഹേശ്വരിയിലും ഉണ്ട് എന്ന് സുരേന്ദ്രന് തോന്നി. ശ്രദ്ധിക്കാതെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് രാജാക്കണ്ണ് ഓട്ടോയുമായി വന്നത്.

ഓട്ടോയില്‍ കയറിയതേയുള്ളു ഗേറ്റില്‍ പോസ്റ്റുമാന്റെ ബല്ലടി ഒരു ആപല്‍ സൂചനയയോടെ സുരേന്ദ്രന്‍ കേട്ടു. പോസ്റ്റുമാനും ധൃതിയില്‍ ആയിരുന്നു.

''വണക്കം സഖാവെ... ഒരു അര്‍ജന്റാ രജിസ്‌ട്രേഡ് വന്തിരിക്കേ... ഊരില്‍ നിന്നായിരിക്കും അല്ലവാ....... ''

ഒപ്പിട്ടു വാങ്ങുമ്പോള്‍ സുരേന്ദ്രന്റെ കൈ വല്ലാതെ വിറയ്ക്കുന്നതായി മഹേശ്വരിക്കു തോന്നി   കവറിലും സിംഹളനെക്കുറിച്ചുള്ള എന്തെങ്കിലും ആയിരിക്കും.

                യാത്രാ മൊഴിയും പോസ്റ്റുമാന്റേതും ''വരട്ടെ സഖാവെ'' എന്നായിരുന്നു. നേരത്തെയൊക്കെ അതു കേള്‍ക്കുമ്പോള്‍ മഹേശ്വരിക്ക് ചിരിവരുമായിരുന്നു.ഡിഎം കെ കാരുടെ കേന്ദ്രത്തില്‍ കമ്മ്യൂണിസത്തിന് എന്ത് പ്രസക്തി എന്നൊക്കെയാണ് ആദ്യം ചിന്തിച്ചത്. പോകപോകെ തിരുപ്പൂര് ചുവപ്പിക്കാന്‍ സുരാണ്ണനും കൂടെയുള്ളവര്‍ക്കും കഴിയുന്നതു കണ്ടപ്പോള്‍ അഹങ്കാരവും തോന്നി.

                കവറിനകത്ത് ഒരു കത്തും തുണിക്കൂട്ടില്‍ പൊതിഞ്ഞ ഒരു താക്കോലുംആയിരുന്നു. ഏതോ ലോക്കറിന്റെ താക്കോല്‍. സുരേന്ദ്രന്‍ അത് തിരിച്ചും മറിച്ചും നോക്കി , കടലാസ് കുറിപ്പിനെ ആശങ്കയോടെ ഉറക്കെയാണ് വായിച്ചത്.

                ''എന്റെ 56 മക്കളില്‍ ഒരുവനായ പാലപ്പിള്ളി പട്ടാളം ശങ്കരന്റെ മകന്‍ സുരേന്ദ്രന് സിംഹളന്‍ എന്ന സി ഗോപാലന്‍ എഴുതുന്നത് എന്തെന്നാല്‍.......

                ഞാന്‍ ഒരു തീര്‍ത്ഥാടനത്തിലാണ്. രാമേശ്വരത്തുനിന്നാണ് ഈ കത്തും ലോക്കറിന്റെ കീയും അയ്ക്കുന്നത്. ഇവിടെ നില്‍ക്കുമ്പോള്‍ മേതലയില്‍നിന്നും ഇവിടെ തീര്‍ത്ഥാടനത്തിന് വന്ന് പാലം മുങ്ങിമരിച്ച കുറെ കര്‍ത്താക്കന്മാരെ ഞാനോര്‍ക്കും.

                അതില്‍ ആരെങ്കിലുമൊക്ക ജീവനോടെയുണ്ടോ എന്നൊക്കെ അറിയാന്‍ അന്വേഷിച്ചുവന്ന നമ്മുടെ പഞ്ചായത്ത്  പ്രസിഡന്റായിരുന്ന സഖാവ് കൃഷ്ണന്‍ നായരേട്ടനേയും ഞനോര്‍ക്കും വെറുംകൈയ്യോടെ തിരിച്ച്  നാട്ടിലെത്തി പെരുമ്പാവൂര്‍ അരുണകേഫിന് മുമ്പില്‍ ഇറങ്ങുമ്പോള്‍ ചൈന ചാരനാണ് ദേശദ്രോഹിയാണ്എന്നൊക്കെ പറഞ്ഞ്    പാവം കൃഷ്ണന്‍ നായരേട്ടനെ അറസ്റ്റ് ചെയ്തത് ഓര്‍ക്കും.

                ഇപ്പോഴും ചിലകര്‍ത്താക്കന്മാര്‍ ഇവിടെ ഉള്ളതായി എനിക്ക് തോന്നാറുണ്ട് അതു പോകട്ടെ. ഇവിടെ നിന്നും കാശി അല്ല വാരാണസി വഴി ഹിമാലയം വരെ പറ്റിയാല്‍ പോകും. കൊടുങ്ങല്ലൂര്‍ ഭരണിയും മറ്റും ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ മടങ്ങാനും മതി.

                നിനക്കും മക്കള്‍ക്കും തമിഴ് പൊണ്ടാട്ടിക്കും സുഖമെന്നു കരുതുന്നു. 56 മക്കളില്‍ ഞാന്‍ കൂടെക്കൂടെ ഓര്‍ക്കാറുള്ളത് നിന്നെയാണ്. നീയും എന്നെ അങ്ങനെ ആണെന്ന് എനിക്കറിയാം. ഈ കത്തും യാത്രയും ഒരു പ്രത്യേക കാര്യത്തിനാണ്. നിന്നോടല്ലാതെ എന്റെ സ്വന്തം മക്കളോട് എനിക്കൊന്നും പറയാനില്ല. പറഞ്ഞിട്ട് കാര്യവുമില്ല. എനിക്കിപ്പോള്‍ വയസ്സ് 81 ആയി. ഇനി അധികമില്ല എന്നൊരു തോന്നല്‍ എല്ലാം ഞാന്‍ ഏകദേശം ഒതുക്കി ക്കെട്ടിയിട്ടുണ്ട്. ബാക്കി ചില ബാധ്യതകള്‍ അതു കൂടി തീര്‍ത്തിട്ട് സ്വതന്ത്രനാവണം എന്നൊരു ആഗ്രഹം.

                എനിക്കിനി ഉള്ളതെല്ലാം സ്ഥാവര ജംഗമങ്ങള്‍ എല്ലാം നമ്മുടെ കോ- ഒപ്പറേറ്റീവ് ബാങ്കിന്റെ ലോക്കറില്‍ വച്ചിട്ടുണ്ട്. അതെടുത്ത് നടപ്പിലാക്കേണ്ടത് നിന്റെ ചുമതലയിലാക്കുകയാണ് ഞാന്‍. നേരിട്ട് നാം കണ്ടാലും ഇല്ലെങ്കിലും ഇത് ഒരു അന്ത്യാഗ്രഹമയി കണക്കാക്കുക.

                                                                നിര്‍ത്തട്ടെ,

എന്ന് 56 ല്‍ ഒന്നായ സുരേന്ദ്രന്റെ സിംഹളന്‍ എന്ന സി ഗോപാലന്‍ ഒപ്പ്.

                മഹേശ്വരി അമ്പരക്കുകയും രാജാക്കണ്ണ് ഒന്നും മനസിലാകാതെ രണ്ടുപേരെയും മാറി മാറി നോക്കുകയും ചെയ്തു.

                കാണാതായ മനുഷ്യന്റെ കത്ത് സുരാണ്ണനും അയാളുടെ മകനാണത്രേ. മഹേശ്വരിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. സുരേന്ദ്രന്‍ ആ കുറിപ്പില്‍ നോക്കുന്തോറും സിംഹളനെ സ്പര്‍ശിക്കുന്നതു പോലൊരു തോന്നലില്‍ എത്തിക്കൊണ്ടിരുന്നു.

                ''സുരണ്ണനുക്കും സ്വത്ത്ക്ക് പങ്ക് കാണുമായിരിക്കും ഈ സിംഹളന് എന്ന വേലൈ ? ഇന്തമാതിരി വില്‍പത്രവും മറ്റും ഉണ്ടാക്കാന്‍ ?.......''

                ന്യായമായ ചോദ്യമാണതെന്ന് സുരേന്ദ്രനും തോന്നി ''സി. ഗോപാലന്‍ നായര്‍ അഥവാ സിംഹളന്‍ ഒരു ചായക്കടക്കാരന്‍ ആയിരുന്നു. ഭാരത് കഫേ .... ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പേ സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസവും ചായക്കടയും ഒപ്പം നടത്തിയ ആള്‍ അതും ഒരുപ്രസ്ഥാനത്തിലും അംഗമാകാതെ''.

പണ്ട് കണ്ട്  മറന്ന രൂപം തെളിഞ്ഞതായി മഹേശ്വരിക്ക് തോന്നി.

                സുരേന്ദ്രന്‍ വാചാലനാകുന്നത് അത്ഭുതത്തോടെ മഹേശ്വരി കണ്ടു. കത്തും കീയും ബാഗില്‍ ഭദ്രമായി വച്ച് ഓട്ടോയില്‍ കയറുമ്പോഴും ഇനിയും പറഞ്ഞ് പൂര്‍ത്തിയാകാത്ത വിശേഷണങ്ങളുടെ ഭാണ്ഡക്കെട്ട് സുരേന്ദ്രനില്‍ ഉണ്ടെന്ന് മഹേശ്വരിക്കുതോന്നി.

                രാജാക്കണ്ണും റയില്‍വേ സ്റ്റേഷന്‍ എത്തുന്നതുവരെ നിശബ്ദനായിരുന്നു. അ ക ഉങഗ അനുഭാവിയായ രാജാക്കണ്ണ് അമ്മ  ജയലളിതയുടെ മരണത്തെക്കുറിച്ചും ശശികലാമ്മയെക്കുറിച്ചും എല്ലാം വാചാലനാവേണ്ടതായിരുന്നു അതിലും പ്രാധാന്യമുള്ള ആരെയോ തേടിയാണ് സുരേന്ദ്രന്‍ സഖാവിന്റെ യാത്ര എന്ന് രാജാക്കണ്ണിന് തോന്നി.

                ''രാജാക്കണ്ണ് മൂന്ന് മണിക്ക് സ്‌കൂളില്‍ പോയി കുഴൈന്തകളെ വീട്ടിലേക്ക് അനപ്പണം. ഒരുവാരം കഴിയും ഞാന്‍ തിരുമ്പി വരവതുക്ക് . എല്ലാ ദിനവും നീ തന്നെ അവരെ കൊണ്ടുപോയി വീട്ടില്‍ കൊണ്ടുവരണം....''

                രാജാക്കണ്ണ് തലയാട്ടുകയും 'ആമാ സഖാവെ' എന്ന് മന്ത്രിക്കുകയും ചെയ്തു. പകല്‍ ആയിരുന്നതുകൊണ്ട് ടിക്കറ്റ് കൗണ്ടറില്‍ തിരക്ക് ഉണ്ടായിരുന്നില്ല. ക്ലര്‍ക്ക് ചിരിച്ചു'' എന്നാ തലൈവരെ റൊമ്പ  ദൂരെ പോകമാതിരി .......എന്നാ വിശേഷം ?''

                ''ഊരുക്കുവരെ പോകുന്നു.. റൊമ്പനാളായി പോയിട്ട് അവിടെയും ചില വിശഷങ്ങള്‍ ഇരിക്കറത് ....''

റെയില്‍വെ സ്റ്റേഷനിലും അറിയുന്നവരുടെ അഭിവാദ്യങ്ങള്‍ സുരേന്ദ്രന്‍ യാന്ത്രികമായി സ്വീകരിക്കുകയും അവഗണിക്കുകയും  ചെയ്തു.

 

 

രണ്ട്

                സൈഡ് സീറ്റില്‍ ഇരിക്കുവാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല. ബര്‍ത്തില്‍ ബാഗ് തലയിണയാക്കി വച്ച് കിടക്കാനാണ് ധൃതി തോന്നിയത് . മനസ്  ശാന്തമാകണം സിംഹളന്‍ പറയാറുള്ള വ്യായാമം തന്നെയാണ് അതിന് നല്ലത്. ശ്വാസം അകത്തേക്ക് വലിച്ച് നിശ്ചിതസമയം നിര്‍ത്തി പുറത്തേക്കുവിട്ട് പിന്നെ ശ്വസിക്കണം അല്പനേരം. ശ്വാസോഛാസത്തിന#് നാല് ഘട്ടമുണ്ട് എന്നും അത് നീട്ടാന്‍ കഴിയുമെന്നും പണ്ട് മുനിമാര്‍ അങ്ങിനെയാണ് ശ്വസിക്കാതെ ഏറെ നാള്‍ തപസിരുന്നതെന്നും സിംഹളന്‍ പറയും. തുടരെ ആവര്‍ത്തിച്ചാല്‍ എല്ലാ കോശങ്ങളിലും ഓക്‌സിജനും പുതുരക്തവും എത്തുമത്രെ. അപ്പോള്‍ മയക്കം വരും സുരേന്ദ്രന്‍ വെറുതെ കണ്ണടച്ചു കിടന്നു.

                എല്ലാം വെടിഞ്ഞു ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് സന്യാസം പോലെ എന്തിനാവും അത് ? ഒരിക്കലും മരണാന്തര കര്‍മ്മങ്ങളെ സിംഹളന്‍ ചേട്ടന്‍ അംഗീകരിച്ചിരുന്നില്ല.

                ''എന്തിനാ സുരേ അത് ? .... മരണം ആഘോഷിക്കണം തമിഴ് നാട്ടിലേതു പോലെ  . ആ അഭിപ്രായക്കാരനാണു ഞാന്‍ മുക്തി നേടുന്നതിനെ അനുമോദിക്കുകയല്ലേ വേണ്ടത്'' ചിരി വരുമായിരുന്നു അന്നൊക്കെ.

                കൊടുങ്ങല്ലൂര്‍ ഭരണിക്കും മൂകാംബികയ്ക്കും എല്ലാം പോകുന്നതും  പാര്‍ട്ടി സമ്മേളനത്തിനു പോകുന്ന പ്രാധാന്യത്തോടെയായിരുന്നു. ''സുരേന്ദ്രാ പുതിയ പാട്ടുകള്‍ ഉണ്ടോ എന്നറിയാനാണ് ഭരണിക്ക് പോകുന്നത്. മൂകാംബികയ്ക്ക് പോകുന്നത് ഭംഗിയുള്ള പ്രകൃതി കാണാനാണ്. എനിക്ക് ഓരോ യാത്രയും ഓരോ പാഠങ്ങള്‍ ആണ്. ചരിത്ര തീര്‍ത്ഥാടനങ്ങള്‍.''

                പിന്നെയും അല്പം ലഹരിയില്‍ ആണെങ്കില്‍ തുടരും ''56 മക്കളുണ്ട് എനിക്ക്. ഞാന്‍ വളര്‍ത്തി വലുതാക്കിയവര്‍ വളര്‍ന്നപ്പോള്‍ വിശാലമായ ആകാശത്തേക്ക് പറന്നുയര്‍ന്നവര്‍. എത്രയോ വിദൂരത്തായാലും അവരുടെ എല്ലാം ഉള്ളില്‍ ഞാനോ എന്റെ വാക്കുകളോ ഉണ്ടാവും. എനിക്കത് മതി.''

                സഖാവ് പി. കൃഷ്ണ പിള്ളയ്ക്ക് ഒൡിലിരിക്കാന്‍ ആനാട്ടിന്‍പുറത്ത് ഷെല്‍ട്ടര്‍ ഒ രുക്കിയത് സഖാവ് ടി. കെ. രാമകൃഷ്ണന്‍ പിന്നെ ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണത്തി ലെ പ്രതികള്‍ നീണ്ട നിര. അവര്‍ പലരും ഒളിവിലിരുന്ന താവളങ്ങള്‍, തീവണ്ടി മറക്കാന്‍, വാഴത്തടയും കട്ടക്കല്ലുമായി കരയാംപറമ്പില്‍ പോയി റയില്‍പ്പാളത്തിനടുത്തു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കഥകള്‍ സിംഹളന്‍ ചേട്ടന്‍ നിരത്തും. കേട്ടിരിക്കുവാന്‍ കൗമാര കുതുഹലമായിരുന്നു. അന്നൊക്കെ. ''കമ്മ്യൂണിസ്റ്റ്കാരനാവുക എന്നിട്ട് ഒപ്പം തന്നെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് റിക്കാര്‍ഡ് ചെയ്യുക എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങൡലും മതവ്യത്യാസം കൂടാതെ പോവുക കഥകളി പഠിക്കുക പൂര്‍ത്തിയാക്കാതെ ഉറക്കമിളച്ചിരുന്നു അമ്പലങ്ങളില്‍ കഥകളി കാണുക എന്ത് കമ്മ്യൂണിസം ആണിത് ?''പലപ്പോഴും ഞങ്ങളില്‍ പലരും ചോദിച്ചു

''വൈരുദ്ധ്യം നിനക്ക് മനസിലായില്ലേ ? എടാ എല്ലായിടത്തും മനുഷ്യരാണ് ആശ്വാസവും സമാധാനവും തേടിയാണ് എല്ലാം. പച്ചയായി മനുഷ്യന്‍ ചാടില്‍ തൂങ്ങുന്നതും അതിനാണ്.''

''ചേട്ടനും സമാധാനത്തിനാണോ ?''

''ഞാനതിനല്ല പക്ഷേ ആശ്വാസം തേടുന്നവരെ കാണുന്നതും ഒരു ആശ്വാസമാണ്  അവര്‍ക്കും ചതിക്കുഴികള്‍ ഉണ്ട് എന്നറിയുന്നതും ഒരു അറിവാണ്.''

                സുരേന്ദ്രന്‍ ബര്‍ത്തിലെ വേഗത്തില്‍ കറങ്ങുന്ന ഫാനില്‍ കണ്ണുനട്ടുകിടന്നു. താഴെ സീറ്റിലും ബര്‍ത്തിലും എല്ലാം യാത്രക്കാര്‍ നീലഗിരിയുടെ കുളിരുമായി നിറയുന്നതേയുള്ളു അവരും തിരക്കിലായിരുന്നു. താളാത്മകമായ വേഗത ആര്‍ജ്ജിച്ച് ട്രെയിന്‍ കുതിക്കുകയും ഓര്‍മ്മകള്‍ ആ വേഗതയെ പിന്തള്ളുകയും ചെയ്തുകൊണ്ടിരുന്നു. ഭാരത് കഫേ എതിര്‍ വശത്ത് ഗ്രാമോദ്ധാരണ ലൈബ്രറി. രണ്ടും അന്നത്തെ ഗ്രാമത്തിന്റെ സര്‍വ്വകലാശാലകള്‍ ആയിരുന്നു.

                പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഏതോ ഒരു ഇലക്ഷന്‍ കാലത്ത് ഭാരത് കഫേയില്‍ നിന്നും ചായ കുടിച്ചിട്ടുണ്ട്. എന്നും മകള്‍ ഇന്ദിര നെഹ്‌റുവിന്റെ കൂടെ ഉണ്ടായിരുന്നെങ്കിലും ചായ കുടിക്കാതെ സിംഹളന്റെ പേരെടുത്ത അരിമുറുക്ക് എന്ന പലഹാരമാണ് കഴിച്ചതെന്നും അതിന് ശേഷമാണ് സ്വന്തം മകള്‍ക്ക് ഇന്ദിരഎന്ന് പേരിട്ടതെന്നും സിംഹളന്‍  ഞങ്ങള്‍ 56 നോട് പലഘട്ടങ്ങളിലായി പറഞ്ഞിട്ടുണ്ട്.

                സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പാണ് മഹാത്മാഗാന്ധി വന്നതെന്നും ഗാന്ധിയെ തൊടുമ്പോള്‍ താന്‍ വളരെ ചെറുപ്പമായിരുന്നുവെന്നും ഇക്കൂടെ  ചേര്‍ക്കാന്‍  സിംഹളന്‍ ചേട്ടന്‍ മടിക്കാറില്ലായിരുന്നു,

                ഭാരത് കഫേയിലും സിഹളന്‍ ഗോപാലനെ പോലുള്ളവര്‍ പടുത്തുണ്ടാക്കിയ ഗ്രാമോദ്ധാരണ വായനശാലയിലും ഒത്തു കൂടുന്നവര്‍ എല്ലാം 56 ല്‍ പെട്ടവര്‍ ആയിരുന്നു. സിംഹളന് നൂറായാലും 56 ല്‍ ഒതുങ്ങും അതില്‍ ഒന്നായി താനും എത്തപ്പെട്ടതെങ്ങനെ? സുരേന്ദ്രന് ഓര്‍ക്കുമ്പോള്‍ ചിരി  വരും ഇന്നും.

                ഏഴിലോ എട്ടിലോ പഠിക്കുന്നു. പതിമൂന്നു വയസ്സു കാണുമായിരിക്കും അമ്മ പതിവില്ലാതെ എഴുന്നേല്‍ക്കാന്‍ വൈകിയിരിക്കുന്നു. എരുത്തിലില്‍ അമ്മയെ കാണാത്തതു കൊണ്ടും അകിട് നിറഞ്ഞതുകൊണ്ടും ആവാം പശുവും കിടാവും ഒപ്പം കരയുന്നത്. കോഴിക്കൂട്ടിലെ കലപില വേറെയും.

                ചായയുടെ മുമ്പിലാണ് തന്റെ സമയനിഷ്ഠയുള്ള ദിനചര്യകള്‍ ആരംഭിക്കുന്നതു തന്നെ. പിന്നെയും ഏറെ കഴിഞ്ഞാണ് പോത്തുപോലെ കിടന്നുറങ്ങുന്ന അമ്മുക്കുട്ടി എഴുന്നേല്‍ക്കുന്നതുപോലും. ഇന്നെല്ലാം തെറ്റിയിരിക്കുന്നു. മടിച്ചു എഴുന്നേറ്റ് അമ്മയുടെമുറിയില്‍ ചെന്ന്  നെറ്റിയില്‍ കൈ വയ്ക്കുമ്പോള്‍ പനിക്കുന്നതുപോലെ നേരിയ ചൂട്. മൂലപ്പടിയില്‍ നിന്നും രാസ്‌നാദിപ്പൊടിയെടുത്ത് നനച്ച് നെറ്റിയില്‍ പുരട്ടാനാണ് അമ്മ ആദ്യം പറഞ്ഞത് . പിന്നെ അമ്മുവിനെക്കൊണ്ട് ചുക്ക് കാപ്പി തിളപ്പിക്കാനും കൂടെ ചിറ്റാടത്തെ ഭവാനിചിറ്റയെ വിളിച്ച് പശുവിനെ കറക്കുവാനും.

                അവസാനം പറഞ്ഞത് മറ്റൊന്നാണ്.

                ''സുരേ.........ഇന്നൊന്നും ണ്ടാക്കാന്‍  ... യ്ക്ക് പറ്റുന്ന് തോന്നണില്യാ.... നെനക്കും അമ്മൂനും സ്‌കൂളില് പോകണ്ടെ ? സിംഹളന്‍ നായരുടെ കടയില്‍ ചെന്ന നീയ് നാലഞ്ച് ദോശയോ ഇഢലിയോ വാങ്ങിക്ക് വേഗം വേണം... ചെല്ല് ....'' അമ്മ നെറ്റിയില്‍ കൈവച്ച് കിടന്നു.

                ചായക്കടയിലൊന്നും പാലപ്പിള്ളിക്കാര്‍ പോകാറില്ല അതും പട്ടാളം ശങ്കരന്‍ നായരുടെ വീട്ടില്‍നിന്നും പ്രത്യേകിച്ചും. ഗോമതിക്കത് അറിയാഞ്ഞിട്ടല്ല. പക്ഷേ എന്താ ചെയ്യുക? നശിച്ച പനി വന്നില്ലേ ?

''ചെല്ലെടാ ..സുരു..''

''ആരുടെ കടയാന്നാ അമ്മ പറഞ്ഞത്''                'സിംഹളന്റെ'

''മനുഷ്യനങ്ങനെ പേരുണ്ടോ? ഉണ്ടെങ്കില്‍ തന്നെ കടയുണ്ടോ ? ...'' സുരേന്ദ്രന്‍ വല്ലാതെ സംശയിച്ചു.

                'ഞാന്‍ തോറ്റു .. .എടാ ഭാരത് കഫേ.. കണ്ടിട്ടില്ലേ നീയ് ....പള്ളിക്കാരുടെ കുരിശ്ശിന്റെ അടുത്ത് ....ചന്തക്കുന്നില്.... അതാണ് ... ആ നായരുടെ വിളിപ്പേരാണ് ഈ സിംഹളന്‍ എന്ന് ... ഇത്രയും ഒത്തു വരണ ഒരു പേര് വേറെ ആര്‍ക്കുമില്ല.''

                അമ്മയില്‍ ഒരു പരിഹാസച്ചിരി പുളയുന്നുണ്ടായിരുന്നു. പശുവിനെ കറക്കാന്‍ വന്ന ഭവാനിച്ചിറ്റയ്ക്കും ചിരിവന്നു.

                ''ഗോമതിക്ക് ഇപ്പോഴും സിംഹളനോട് വെറുപ്പാ അല്ലേ?''

''ഒന്നു പോ ചേച്ചി ... എന്റെ പുറകെ എത്രപേര്‍ നടന്നിരിക്കുന്നു. അതിലൊന്ന് ഇയാളും...''

''ഉവ്വുവ്വ്....'' ഭവാനി ചിറ്റ ചുണ്ടു കോട്ടി. മൊന്തയുമായി തൊഴുത്തിലേക്ക് പോയി. സുരേന്ദ്രന് ഒന്നുംമനസ്സിലായില്ല. അമ്മയുടെ പുറകെ സിംഹളന്‍ നായര്‍ നടന്നിട്ടും താന്‍ കാണാതിരുന്നത് എന്താണ് ?. അറിയാതിരുന്നത് എന്താണ് ? ഭാരത് കഫേ എത്തുന്നതുവരെ അതായിരുന്ന ചിന്ത.

                നെറ്റിയിലും മാറത്തും തോളിലും എല്ലാം ഭസ്മം പൂശിയ ഒരാള്‍ മേശയ്ക്ക് പിന്നില്‍ കസേരയില്‍.

''നാല് ദോശ ചമ്മന്തിയും വേണം''

അയാള്‍ എഴുന്നേറ്റ് അടുത്തുവന്നു.

''ആരുടെ കടേന്ന് വാങ്ങാനാ കുട്ടിയോട് അഛന്‍ കുട്ടിയോട് അച്ഛന്‍ പറഞ്ഞത്.. അയാളില്‍ ഒരു ചിരി .

''അച്ഛനല്ല... അമ്മയാ പറഞ്ഞത്......

''ഓഹോ ... സിംഹളന്റെ കടയില്‍നിന്നും വാങ്ങാനല്ലേ ?'' അയാളുടെ പേര് സിംഹളന്‍ എന്നുതന്നെയാണെന്ന് സുരേന്ദ്രന് ഉറപ്പായി .

''അതെ..''

പിന്നെ ആരാണ് അച്ഛന്‍? അമ്മ ? ചോദ്യങ്ങള്‍ ആയിരുന്നു. നേരിയ ചമ്മലും പേടിയും തോന്നി.എന്തിനാണ് ഇത്രയും ചോദ്യങ്ങള്‍? ഉത്തരങ്ങള്‍? വിഷമിച്ച് പറഞ്ഞൊപ്പിച്ചപ്പോള്‍ പിന്നീട് സംശയങ്ങളായി സിംഹളന്.

                '' പാലപ്പിള്ളി പട്ടാളം ശങ്കരന്റേയും മാണിക്യമാലിയില്‍ ഗോമതിയുടെയും മകന്‍ അല്ലെ? ഉം....? എന്ത് പറ്റി ദോശവാങ്ങാന്‍ ? പട്ടാളം ശങ്കരന്‍ വന്നോ ...? അതോ ഗോമതിക്ക് വല്ലതും പറ്റിയോ ?''

                ദോശ ഇലയിലും പേപ്പറിലും ചട്‌നിയോടെ പൊതിയുന്നതിനിടയിലായിരുന്നു ചോദ്യങ്ങളെല്ലാം. ചായ കുടിക്കാന്‍ ഇരിക്കുന്നവരോടായി ഒരു ആത്മഗതവും പിന്നാലെ വന്നു. ''ഗോമതി ഒന്ന മനസ്സുവച്ചിരുന്നെങ്കില്‍ ഇവന്‍ എന്റെ മോനായേനെ...''

ആരോ പൊട്ടിച്ചിരികള്‍ക്കിടയില്‍ മറുപടിയും പറഞ്ഞു. 'സാരമില്ല.. നായരെ.. ഇനിയും ആവാല്ലോ... സമയം ഉണ്ടല്ലോ...'

                സുരേന്ദ്രന് ഒന്നും മനസ്സിലായില്ല.

പൊതി കൈയില്‍ വാങ്ങി ഇറങ്ങിയതായിരുന്നു. ഒരു ജാള്യതയോടെ. പിന്‍വിളിപോലെ വാക്കുകള്‍

                ''നിന്റെ അമ്മ ഗോമതിയോട് പറഞ്ഞേക്ക്. എന്റെ പേര് സിംഹളന്‍ എന്നല്ല സി.ഗോപാലന്‍ നായര്‍ എന്നാണെന്ന്. ഇപ്പോ വെറും സി. ഗോപാലനാണ് വാല് മുറിച്ചു. പിന്നെ അമ്മയുടെ പഴയ നോട്ട് ബുക്കില്‍ എന്റെ ശരിപ്പേര് കാണും. ഇടയ്‌ക്കൊന്ന് മറിച്ചു നോക്കാന്‍ പറയണം കേട്ടോ...''

                മുഖം കുനിച്ചുനടക്കുമ്പോഴും സിംഹളന്റെ ചിരി പിന്നാലെ നുരച്ചെത്തുന്നതുപോലെ തോന്നി.

                സിംഹളന്റെ ഓരോ വാക്കും അമ്മയോട് പകര്‍ന്നപ്പോള്‍ അമ്മയ്ക്കാദ്യം ചിരി ആയിരുന്നു പെട്ടെന്നാണ് അകാരണമായി എന്നോണം മുഖം ചുവന്നതും ദേഷ്യം വന്നതും.

                ''ഗോമതിയില്‍ മോന്‍..... സിംഹളം സിലോണിലേക്ക് വാലില്ലാതെ ചാടേണ്ടിവരും... ശവം...''

                പിന്നെയും എന്തൊക്കെയോ അമ്മ എന്തിനെന്നറിയാതെ പിറുപിറുത്തുകൊണ്ടിരുന്നു.

''സിംഹളനല്ല... ശിങ്കളം...കുരങ്ങ്... അല്ല പിന്നെ..''

വളര്‍ന്നപ്പോഴാണ്

പട്ടാളം ശങ്കരന്‍ നായര്‍ എന്ന തന്റെ അച്ഛനും കഥകളി നടനും സരസനും ആയ സി.ഗോപാലനും ഉറ്റ സുഹൃത്തുക്കളും സുന്ദരിയായ മാണിക്യമാലില്‍ ഗോമതിയുടെ കടുത്ത ആരാധകരും ആയിരുന്നു എന്ന്  മനസിലായത്. അവര്‍ ഒന്നിച്ചു കളിച്ചുവളര്‍ന്നവരും ഒരേപള്ളിക്കൂടത്തില്‍ പഠിച്ചവരും ആയിരുന്നു. നടനും കലാകാരനുമായ സി. ഗോപാലന്റെ  ഹംസമായിരുന്നു പി.ശങ്കരന്‍.

                ഗോമതിക്ക് ആരോടും വെറുപ്പ് ഉണ്ടായിരുന്നില്ല.എല്ലാവരേയും ഇഷ്ടമായിരുന്നുതാനും. നോട്ട് ബുക്കിലൂടെയാണ് സി.ഗോപാലന്റെ കത്തുകള്‍ പ്രണയ ദൂതുകളായി ഹംസമായ ശങ്കരന്‍ ഗോമതിക്ക് കൈമാറിയിരുന്നത്.

                 സി. ഗോപാലന്റെ വാക്കുകള്‍ അതില്‍ തുടിക്കുന്ന പ്രണയ വികാരങ്ങള്‍ എല്ലാം ക്രമേണ പി.ശങ്കരന്റേതായി മാറി. അവസാനം ഗോമതിയും ശങ്കരന്റേതായി.  ഏറെ നാള്‍ തന്ത്രികള്‍ പൊട്ടിയ തംബുരുവിലെ അപശ്രുതി പോലെയായിരുന്നു സി.ഗോപാലന്‍ എന്നും ആയിടയ്ക്കാണ് ജോലി തേടി സിലോണിലേക്ക് പോയതെന്നും ആണ് കഥ. അങ്ങിനെയാണ് സിംഹളം ഗോപാലന്‍ ആയതും പിന്നെ വെറും സിംഹളന്‍ എന്ന് പ്രസിദ്ധമായതും.

                ഈ പ്രണയ നഷ്ടത്തിന്റെയും സിലോണ്‍ പ്രവാസത്തിന്റെയും കഥയെല്ലാം ഒരിക്കലും വെളിപ്പെടുത്താത്ത രഹസ്യങ്ങളായി സിംഹളന്‍ സൂക്ഷിച്ചു.

                എന്നാല്‍ഗോമതിയെയും ഗോമതിക്ക് തിരിച്ചും ഇഷ്ടമായിരുന്നു എന്നത് അവളുടെ മകനോട് പോലും പറയുന്നതിന് സിംഹളന്‍ ഗോപാലന് മടിയില്ല താനും. സുരേന്ദ്രന്‍ അമ്മയുടെ പ്രണയ വൈചിത്ര്യങ്ങളെ കുറിച്ചു തന്നെ ഓര്‍ത്തിരുന്നു.

                സുരേന്ദ്രന്‍ എല്ലാമായി സമരസപ്പെടുകയായിരുന്നു. അമ്പത്താറില്‍ ഒന്നാമനാവുക ആയിരുന്നു. ഇപ്പോള്‍ ജീവിത ലോക്കറിന്റെ താക്കോല്‍ക്കാരനുമായിരിക്കുന്നു.

                യാദൃശ്ചികതകളുടെ കൂമ്പാരമാണ് ജീവിതം എന്ന് ഏതോമഹാന്‍ പറഞ്ഞത് എത്രയോശരി.

                ഓരോ ഘട്ടങ്ങളും ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയില്‍ തെളിഞ്ഞു കൊണ്ടിരുന്നു.

                എസ്.എസ്.എല്‍.സിയൊക്കെ കഴിഞ്ഞ് പ്രീഡിഗ്രിയുടെ ഒരു ഇടവേളയിലാണ് സിംഹളന്‍ ഗോപാലനും ഭാരത് കഫേയും ഗ്രാമോദ്ധാരണ ലൈബ്രറിയും എല്ലാം ജീവിതത്തിന്റെ താളം പോലെ അവിഭാജ്യഘടകമായി മാറിയത്.

                വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ ആയിരുന്നു. ആന്നൊക്കെ തന്റെയും കൂട്ടുകാരുടെയും മനസ്സില്‍ വായനശാലയില്‍ അംഗത്വമെടുത്തു തന്നതും സിംഹളന്‍ തന്നെ. ''വായിക്കാത്തവന്റെ ദേഹം മാത്രമല്ല ആത്മാവും മരിക്കും.'' ഇതായിരുന്നു അന്നത്തെ വാക്കുകള്‍.

                എത്രയോ വായിച്ചു. വിപ്ലവത്തിന്റെ കനല്‍വഴികളുടെ ഇതിഹാസങ്ങള്‍ ആയിരുന്നു എല്ലാം. ഒരു രക്ത സാക്ഷി ആകുവാനായിരുന്നു ആവേശം.

                ഓരോ കൂട്ടായ്മയിലേക്കും ചര്‍ച്ചകളിലേക്കും ചായയുമായി കടന്നുവരും സിംഹള ഗോപാലന്‍ ചില വാദഗതികളെ വിലക്കും. ഉപദേശിക്കും ശകാരിക്കും.

                ''ഈ പ്രായത്തില്‍ കാണുന്നതെല്ലാം വസന്തമായി തോന്നും. വിപ്ലവം ആസന്നമായി എന്നു തോന്നും. ഏതു വിപ്ലവത്തിനും ആയുധം മാത്രം പോരാ. അത് പിടിക്കാന്‍ ആശയടിത്തറയുളള കൈകള്‍ വേണം. അല്ലാത്തതൊക്കെ മൂടില്ലാത്താളികളാണ് ആയുസ്സുണ്ടാവില്ല.'' 

അത്ഭുതത്തോടെ കേട്ടിരുന്നു. മറുത്ത് പറയാന്‍ തോന്നിയില്ല. എന്നാല്‍ സിരകളിലെ ആവേശം അണഞ്ഞുമില്ല.

ഇന്നും ഓര്‍ക്കുന്നു.

മൂന്ന്

                അടിയന്തിരാവസ്ഥ കൂര്‍ത്ത മുള്‍മുനകളുള്ള കരിമ്പടമായി രാജ്യത്തെ വലയം ചെയ്ത കാലം. വായടയ്ക്കുവാനും പണിയെടുക്കുവാനും ഉള്ള ആഹ്വാനങ്ങള്‍. കോണ്‍സന്ററേഷന്‍ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന തടവറകളില്‍ ഒരു പിടി ചാരമാകുന്ന ബലിത്തറകള്‍. കാതോടു കാതോരം പടരുന്ന കഥകള്‍. കാണാതാവുന്ന യുവത്വങ്ങള്‍.

ചിലരൊക്കെ ഒളിവില്‍.

ചിലര്‍ നേരെ വന്നു നിന്നും. പോരാടുന്ന ചരിതങ്ങള്‍.

'അടിയന്തിരാവസ്ഥ അറബിക്കടലില്‍

ഏകാധിപത്യം തുലയട്ടെ

ജനാധിപത്യം പുലരട്ടെ.'

                എല്ലാ ചുവരുകളിലും കൈകള്‍  കൊണ്ടെഴുതിയ പോസ്റ്ററുകള്‍. എല്ലാരാത്രികളിലും പോസ്റ്ററുകള്‍ നിരന്നു. വാ മൂടി കെട്ടിയവന്റെ വിലാപശബ്ദങ്ങള്‍ പോലെ.

രാവിലെ പോലീസും അവര്‍പേടിപ്പിക്കുന്ന നാട്ടുകാരും കീറിക്കളയും. പക്ഷെ പിന്നെയും അവ നിറഞ്ഞുകൊണ്ടേയിരുന്നു.

                തലങ്ങും വിലങ്ങും അപ്രതീക്ഷിതമായി ഇടിവണ്ടികള്‍ വരുമെന്നോ പിടിക്കപ്പെടുമെന്നോ കരുതിയില്ല.  ഇന്നും അറിയില്ല ആരാണ് ഒറ്റിയതെന്ന്. ഒറ്റുകാരുണ്ടായിരുന്നുഎന്ന് മനസ്സിലായത് പിടിക്കപ്പെട്ടവരില്‍ ചുമത്തപ്പെട്ട കുറ്റം ദേശീയ പതാക കത്തിച്ചു എന്നതായതാണ്.

                പശ കലക്കിയ പാത്രമായിരുന്നു. സുരേന്ദ്രന്റെ തലയില്‍ കുടഞ്ഞെറിഞ്ഞ് ഓടുകയാരുന്നു. പോലീസിന്റെ ടോര്‍ച്ചുവെളിച്ചം മിന്നല്‍പോലെ പിന്നാലെ നിരനിയായി എല്ലാം മറന്ന് ഓടുകയായിരുന്നു. കാലുകള്‍ എപ്പോഴും അറിയാതെ തന്നെ പരിചിത വഴികളെ മാത്രമേ തിരയൂ എന്ന അന്നാണ് മനസ്സിലായത്.

 

                തിരിഞ്ഞു നോക്കുമ്പോള്‍ മറ്റാരും കൂടെയില്ല. ദൂരത്തുനിന്നും പ്രകാശ വീചികള്‍ മാത്രം.

                ആരൊക്കെയോ പിടിക്കപ്പെട്ട് രാജ്യദ്രോഹികളായി. ഭാരത് കഫേയില്‍ അകത്തെവിടെയോ വെളിച്ചം. പിന്നിലെ ചെറിയ മതില്‍ചാടി പിന്നാമ്പുറത്തെ വാതിലില്‍ മുട്ടേണ്ടിവന്നില്ല. തുറക്കപ്പെട്ടതും തന്നെ അകത്തേക്ക് വലിച്ചിട്ടതും കതക് അടയ്ക്കപ്പെട്ടതും ഒപ്പമായിരുന്നു.

സിംഹളന്റെ കിടപ്പുമുറിയിലേക്കാണ് വീണത്. കല്യാണിയമ്മയും ചെറിയ മക്കളും ഉറങ്ങുന്നു.

                ''നീ ഇവരോടൊപ്പം കിടക്ക്.. ഉം...''

                ''അയ്യോ....''

                ''കിടക്കടാ.'' കൂടുതല്‍ വെളിച്ചം അടുത്തുവരുന്നു. ഒരു തെറിയോടെ ബലമായി പിടിച്ചു കിടത്തുകയായിരുന്നു. പുതപ്പിക്കുവാന്‍ കല്യാണിയമ്മയുടെ കൈകളും കൂടെ നീണ്ടു വന്നു. ലൈറ്റണഞ്ഞു. പുറത്തെ ലൈറ്റു തെളിഞ്ഞു. ഇടിവണ്ടിയും അതിനകത്ത് അമ്പത്താറിലെ ആരൊക്കെയോ ഉണ്ട്.

''എന്താ സാറെ ....'' സിംഹളന്‍ തിരക്കി. 'ഭാരത് കഫേ മാനേജര്‍ക്കെന്താ ഉറക്കമില്ലേ? അതോ തനിക്കും ഇതില്‍ വല്ല പങ്കും ഉണ്ടോ? 'എസ്സൈ ക്രുദ്ധിച്ചു നോക്കി.

ഇവിടെവരെ അവന്‍ ഓടുന്നത് കണ്ടതാ.. പിന്നെ എവിടെ ഒളിച്ചു എന്തോ? ഒരു കോണ്‍സ്റ്റബിള്‍ ഓട്ടം മതിയാക്കി തിരിച്ചുവരുന്നു.

                'അപ്പുറത്തു മാളികക്കാരുടെ കുടിയാ പത്തുപന്ത്രണ്ടേക്കര്‍ കൊടും കാടാണ് സാറേ... കഴിഞ്ഞ ദിവസമാണ്... വിറക് ഒടിക്കുന്നവര്‍ മലമ്പാമ്പിനെ കണ്ടത്.' സിംഹളന്‍ ഗോപാലന്‍ ചിരിക്കുന്നു.

                ''ആ മലമ്പാമ്പല്ല..... തന്റെ ഭാരത് കഫേ എന്ന മലമ്പാമ്പ് വിഴുങ്ങിയോ എന്നും സംശയം..കേറി നോക്കട്ടെ സാറെ ... ഇയാള് അസല്‍ കഥകളി നടനാണ്. ഭയങ്കര അഭിനയമാണ.് ഗുരു ചെങ്ങന്നൂര് തോക്കും...''

                പോലീസ്‌കാരന് സിംഹളനെ നേരത്തെ അറിയാം അയാളുടെ വാക്കുകളിലെ സംശയത്തിന്റെ മാറാലയെ ശ്രദ്ധിക്കാതെ സിംഹളന്‍ ചോദിച്ചത് മറ്റൊന്നായിരുന്നു.

''ആരാ സാറെ വല്ല പിള്ളേരുമാണോ?''

അപ്പോള്‍ ഉറക്കം ഉണര്‍ന്നതുപോലെ കല്യാണിയമ്മയും വന്നെത്തിനോക്കി.

ചില പോലീസുകാര്‍ സംശയം തീര്‍ക്കുവാന്‍ പിന്നാമ്പുറത്തുകൂടി സിംഹളന്റെ കുടുംബം താമസിക്കുന്നയിടത്തേക്ക് കയറിനോക്കിയിരുന്നു. ഉറങ്ങുന്ന കുട്ടികളെ അല്ലാതെ ആരെയും കാണാന്‍ കഴിഞ്ഞില്ല.

''ഇവിടെങ്ങും ആരുമില്ല സാറെ..''

''ഉം... ഓടിയവന്‍ ഇവിടെ അടുത്തുള്ളവന്‍ ആയിരിക്കും.. കൈയ്യില്‍ കിട്ടിയവരെ കൈകാര്യം ചെയ്യുമ്പോള്‍ പറയാതിരിക്കില്ലല്ലോ..?

                ഇടിവണ്ടികള്‍ അകന്നുപോയി കൂടെ ചോരപുരണ്ട നിലവിളികളും

സുരേന്ദ്രന്റെ ഉള്ളില്‍ ആ നിലവിളികളുടെ ആനുരമണനങ്ങള്‍ ഇന്നും ഉണ്ട്. അന്ന് മര്‍ദ്ദനമേറ്റ പലരും തിരിച്ചുവന്നത് മരിച്ച് ജീവിച്ചാണ്. അന്ന് ഇഞ്ചപ്പരുവത്തില്‍ ചതക്കപ്പെട്ട ശശീന്ദ്രനാണല്ലോ പിന്നീട് പഞ്ചായത്ത് പ്രസിഡന്റും മറ്റും ആയത്. രക്ഷപ്പെട്ടത് താന്‍ മാത്രം.

                ജീവിതത്തിന്റെ എത്രയോ തീഷ്ണങ്ങളായ ആ ദശാസന്ധികളില്‍ തനിക്ക് രക്ഷാകവചങ്ങളുമായി സിംഹളന്‍ അവതരിച്ചിരിക്കുന്നു. തന്റെ ജീവിതം പോലും തനിക്കായി തിരഞ്ഞെടുത്തത് സിംഹളന്‍ അല്ലെ?

                സുരേന്ദ്രന്‍ ബര്‍ത്തിന്റെ താളാത്മകതയില്‍ ജീവിതത്തിന്റെ തെറ്റാതെ പോയ താളത്തെ ഓര്‍മ്മകളില്‍ സന്നിവേശിപ്പിച്ചുകൊണ്ടിരുന്നു. കൗമാര യൗവ്വനങ്ങളില്‍ വഴികാട്ടിയാവുക. കൂട്ടുകാരനാവുക. എല്ലാ ബലഹീനകളോടെയും സ്‌നേഹിക്കുക, ചതുപ്പിലെ തകരയെപ്പോലെ ഒതുങ്ങുമായിരുന്ന ജന്മത്തെ കൈപിടിച്ച കരകയറ്റുക.

നന്ദി പ്രകടിപ്പിച്ചാല്‍ പറയും.

''നീയും എന്റെ അമ്പത്താറില്‍ ഒന്നല്ലേടാ അച്ഛന്‍മാര്‍ക്ക് ഒന്നും അമ്പത്താറും ഒരുപോലെയാണ്. നിങ്ങടെ സന്തോഷമല്ലേടാ സുരേ... എന്റെ സന്തോഷം തനിക്ക് കിട്ടാത്തത് തന്റെ മക്കള്‍ക്ക് കിട്ടണമെന്നാണ് ഏതൊരച്ഛന്റെയും ആഗ്രഹം.''

                സ്വന്തം മക്കളുടെ കര്യത്തില്‍ അത് ശരിയല്ലാതെവന്നത് എന്തുകൊണ്ടാണ്? സുരേന്ദ്രന്‍ സ്വയം ചോദിച്ചു.

                വിപ്ലവാവേശങ്ങളില്‍ നിന്നും ആണ് മക്കള്‍ക്ക് പേരുകള്‍ പോലും ഉണ്ടായത്. ഭഗവത്സിംഗ്, സ്റ്റാലിന്‍, ഇന്ദിര,ഗൗരി, രണ ദിവേ ഇന്ദിര മാത്രമേ വിപ്ലവകാരിയോ, കമ്മ്യൂണിസ്റ്റോ അല്ലാതിരുന്നിട്ടുള്ളു. ചോദിച്ചാല്‍ സിംഹളന്‍ പക്ഷേ അപ്പോഴും പറയും.

''നോക്കെടാ... ഏത് കമ്മ്യൂണിസ്റ്റിനെക്കാളും ഉറപ്പുള്ളത് അവര്‍ക്കായിരുന്നു. തീരുമാനങ്ങളുടെ ഉറപ്പ് ശരിയാകട്ടെ തെറ്റാകട്ടെ.''

                വിയോജിപ്പ് അറിയിക്കുമ്പോള്‍ ഏതോ പത്രക്കാരന്റെ വാചകം ഉണ്ടാകും കൂട്ടിന് ''എടാ അവരുടെ മന്ത്രിസഭയില്‍ ഒരേ ഒരു പുരുഷനേ ഉണ്ടായിരുന്നുള്ളു. അത് അവരായിരുന്നു അറിയോ.? എന്റെ മക്കള്‍ക്കൊക്കെ പേരിലേ കമ്മ്യൂണിസം ഉള്ളു.'' ഇടയ്ക്ക് കാണുമ്പോള്‍ പറയും.  അവസാനം കണ്ടത് എന്നാണ് ? അവസാനം എന്നത് ശരിയാണോ ? അപ്പോള്‍ ഇനി കാണില്ലേ ? സുരേന്ദ്രന്‍ നെറ്റി അമര്‍ത്തി തുടച്ചു.

                കുറെമുമ്പാണ് , വേളാങ്കണ്ണിയും നാഗൂരും ഒക്കെ കറങ്ങിയാണ് സുരേന്ദ്രന്റെ അടുത്തെത്തുന്നത്. അതും കമ്പനിയില്‍

                ''ഒരാഴ്ചയായി പോന്നിട്ട് .... ഒന്നു രണ്ടാഴ്ചകൂടി കൂടി കഴിഞ്ഞെ മടക്കം ഉള്ളു...''

''അപ്പോള്‍ കടയും കാര്യങ്ങളും.......?''

                ''അതൊക്കെ രണദിവേ അല്ല രണദേവന്‍ നോക്കിക്കോളും. അവന്‍ പേരുമാറ്റി ... രണദിവേക്ക് ഭയങ്കര ഭാരം രണ ദേവനായി. കൈകളില്‍ നിറയെ ചരടുമായി. എനിക്ക് ചിരി വരും. ക്ഷേത്രക്കമ്മറ്റിയുടെ ആ ജീവനാന്ത പ്രസിഡന്റായിരുന്നു ഞാന്‍. എനിക്ക് ഒരു ചരടും  അരയില്‍ പോലും ഉണ്ടായിരുന്നില്ല. പഴയ പൊട്ടിച്ചിരി അന്നും കണ്ടു. മനസ്സിലെ നൊമ്പരം മുഖത്തുണ്ടായിരുന്നില്ല.

''എവിയെയൊക്കെ പോയി ഇത്തവണ....?''

''പുതിയതൊന്നുമില്ല ...... വേളാങ്കണ്ണി നാഗൂര്‍മാത്രം.

''വേളാങ്കണ്ണി മാതാവിനെ ..... തമിഴന്റെ ആരോഗ്യ മാതാവിനെ എനിക്ക് വലിയ ഇഷ്ടമാണ്.  എന്താന്നറിയോ?''

''എന്താണ് ?'' അറിയാതെ ചോദിച്ചുപോയി

കപ്പലപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച മാതാവ് ഏതുണ്ടെടാ ..... ആ കടലിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ആരംഗം ഞാന്‍ വീണ്ടും വീണ്ടും കാണും.

സുരേന്ദ്രന്‍ മറുത്തൊന്നും പറഞ്ഞില്ല.

പതിവുള്ള കുശലാന്വേഷണങ്ങള്‍. '' തമിഴത്തിക്കും തമിഷ് മലയാള സങ്കര സന്തതികള്‍ക്കും അവരുടെ സങ്കരമേതെന്ന് അറിയാത്ത മതനിരപേക്ഷസന്താനങ്ങള്‍ക്കും സുഖമല്ലേ ?''

തുടര്‍ന്നാണ് ആത്മഗതങ്ങള്‍ ഉണ്ടായത്.

                ''ഇനിയും തീര്‍ത്ഥാടനങ്ങള്‍ ബാക്കിയുണ്ട്. എല്ലാം ഞാന്‍ ഒതുക്കിക്കെട്ടുവാണ് സുരേ........ ഭഗത്‌സിങ്ങും സ്റ്റാലിനും തമ്മിലും ഇന്ദിരയും ഗൗരിയും രണദിവേയും തമ്മിലൊന്നും പൊരുത്തപ്പെടില്ല. ഇപ്പഴാണ് എനിക്കത് മനസിലായത്.''

                ഒരു നിശ്വാസം അതില്‍ നേരിയ  ദുഖത്തിന്റെ ഈര്‍പ്പം

''ഓരോ ഇഞ്ചിനും അവര്‍ പൊരുതുകയാണ്. എന്തിനാണെന്നോ സ്വത്തിന്. മണ്ണിന്        ... എല്ലാവര്‍ക്കും വേണ്ടതുണ്ട് രണദിവേക്കൊഴികെ എല്ലാവര്‍ക്കും ജോലിയുണ്ട്. എന്നിട്ടും പോരാ.... ജീവിതം മാതൃകയാക്കിയാലൊന്നും മക്കള്‍ നന്നാവില്ല സുരേ.. നീയൊഴികെ.''

                ഇതായിരുന്നു അന്ന് ഹാസ്യാത്മകമായി പറഞ്ഞ വാചകങ്ങള്‍. അതിലൊരു പിടച്ചില്‍ ഉണ്ടായിരുന്നു. എങ്കിലും അര്‍ത്ഥമില്ലാതെ ആശ്വസിപ്പിച്ചു.

                ''ശരിയാകും ചേട്ടനെല്ലാം പകുത്ത് കൊടുത്തേരെ ചേട്ടനെ മക്കള്‍ നോക്കും അല്ലേല്‍ ഇങ്ങോട്ട് പോരെ....''

''ഉം..എല്ലാം ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. നീ എന്റെ കൂടെ ഉണ്ടായാല്‍ മതി .....ഉണ്ടാവില്ലെ ?''                  ''ഞാനെന്നും ഉണ്ടല്ലോ.....'' ചിരിച്ചു.

                ''അതെ 56 ന്റെ ഗുണം അതാണല്ലോ ഈ ഓണത്തിന്  എത്ര കോടിയാ എനിക്ക് കിട്ടിയത് എന്ന് നിനക്കറിയ്യ്വോ? 53. മൂന്നാള് മരിച്ച് പോയത് അപ്പോഴാണ് ഞാനോര്‍ത്തത.് അവരിപ്പഴും മരിച്ചതായി ഞാന്‍ കാണുന്നില്ല. നീ തന്ന കമ്പനി ബനിയനുകള്‍ കൂടാതെ എത്ര കോടികള്‍. ആര്‍ക്കുണ്ടെടാ ഈ ഭാഗ്യം ?''

ശരിയാണ് ആര്‍ക്കുണ്ട് . ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ഭാരത്താലാവാം സിംഹളന്‍ അല്പം അവശനായിരുന്നു. ശരീരത്തിനേക്കാള്‍ മനസിനായിരുന്നു അവശത. ജീവിതത്തിന്റെ ബാലന്‍സ്ഷീറ്റ് പരിശോധിക്കുന്നതിന്റെ ഒരു വ്യഗ്രത ഉണ്ടായിരുന്നു. ചലനങ്ങളില്‍.

                ആശ്വസിപ്പിക്കാനല്ലാതെ ഒരു ജീവിതം പരിക്കില്ലാതെ കെട്ടിപ്പെടുത്ത് തനിക്ക് സിംഹ

ളന്‍ നല്‍കിയതുപോലെ തനിക്കാവില്ലല്ലോ സുരേന്ദ്രനില്‍ ഒരു നെടുവീര്‍പ്പുണ്ടായി.

                ഒരു നാള്‍ സ്വന്തമെന്ന ഒന്നും ഇല്ലാതാവുക. അനാഥത്വം പേറി ദിക്കറിയാതെ കാട്ടിലകപ്പെട്ട കുട്ടിയാവുക. മറക്കാനാവുന്നില്ല അതൊന്നും. മായ്ചാലും തെളിഞ്ഞുവരുന്ന ജീവിതത്തിന്റെ ഊടും പാവും പോലെ സുവര്‍ണ്ണ രേഖകളായി സിംഹളന്‍.

ആ തണലിലേക്ക് എന്നാണ് ചേക്കേറിയത്. സാന്ത്വനം തേടി ആ മാറിലണഞ്ഞത്.

താന്‍ ഉറക്കമിളച്ചിരുന്ന് പഠിക്കുന്നത് ഇഷ്ടമായിരുന്ന അമ്മ പ്രീഡിഗ്രി  പരീക്ഷാ വേളയിലാണ് ചുവട് മാറ്റിയത്. ഇന്നും ഓര്‍ക്കുന്നു.

                പതിവുള്ള മുന്‍ ശുണ്ഠിയോടൊപ്പം ഒരു അസിഹിഷ്ണുതയും അചഛന്‍ വന്നുപോയിട്ട് അധികമായിട്ടില്ല. ആഹ്‌ളാദകരമായിരുന്ന ആ നാളുകളുടെ ഓര്‍മ്മ വിട്ടുമാറിയിരുന്നില്ല. ''നന്നായി പഠിക്കണം പാസാകണം''എന്ന് അച്ഛന്റെ ഉപദേശവും കൂട്ടിനുണ്ടായിരുന്നു.

''രാത്രി മുഴുവന്‍ ലൈറ്റിട്ടാല്‍ ബാക്കിയാര്‍ക്കും ഉറങ്ങണ്ടേ''

''ഞാന്‍ തിരി കത്തിച്ചാണല്ലോ അമ്മേ ഇരിക്കുന്നേ...''

''എന്നാലും ഉറക്കമിളച്ചു  ഇരുന്ന് രോഗം വരുത്തി വച്ചാലെ നിനക്ക് തൃപ്തിയാകു. പഠിക്കുന്നവര് ഉറക്കമിളച്ചും മറ്റുള്ളവരുടെ ഉറക്കം കളഞ്ഞുമല്ല പഠിക്കുന്നത്.''

അത്ഭുതത്തോടെ ഒരെത്തും പിടിയും കിട്ടാതെ അമ്മയെ നോക്കിയിരുന്നു. കൂടുതല്‍ തര്‍ക്കിച്ചാല്‍ അമ്മയ്ക്ക് ദേഷ്യം വരും ചിലപ്പോള്‍ തല്ലിയെന്നും വരും.

                ''അച്ഛന്‍ കൊല്ലത്തില്‍ ഒരിക്കലേ വരു എന്ന ധൈര്യത്തില്‍ അല്ലേ നീയാ സിംഹളന്‍  നായരുടെ കൂട്ടും വായനശാലേം പോസ്റ്റര്‍ എഴുത്തും മറ്റുമായി ഊരു തെണ്ടി നടക്കുന്നത്. മറ്റുള്ളവരൊക്കെ ആ നേരത്ത് പഠിക്കുവാണ് അറിയ്യോ?''

                വിളക്കണച്ച് വേഗം ഉറക്കത്തിനായി കാത്തുകിടന്നപ്പഴേ അമ്മയ്ക്ക് തൃപ്തിയായുള്ളു എന്ന് ആശങ്കയോടെ കണ്ടു.

                സിംഹളനെ അമ്മയ്ക്ക് ഇഷ്ടമല്ല. അത് സിംഹളനും അറിയാം.

''സുരേ... ഗോമതിക്ക് എന്നോടുള്ള വിരോധമാണ് നിന്നോട് തീര്‍ക്കുന്നത്. സാരമില്ലെടാ... അവളുടെ തറവാട്ടില്‍ ഇപ്പോള്‍ നാലക്ഷരം പഠിക്കുന്നത് നീആണ് . ശങ്കരന്‍ പട്ടാളത്തില്‍ പോയത് പഠിച്ചിട്ടല്ല. മറ്റ് നിവര്‍ത്തി ഇല്ലാഞ്ഞിട്ടാണ്...''

സിംഹളന്‍ ചേട്ടന്‍ ചുണ്ടു കോട്ടി തുടര്‍ന്നു.

''ഗോമതി അമ്മയല്ലേടാ...... ചിലക്കട്ടെ നീ അവള്‍ ഉറങ്ങി എന്ന് തോന്നുമ്പോള്‍ ഉണര്‍ന്നിരുന്ന പഠിച്ചോടാ...''

അതും പിടിക്കപ്പെട്ടു അമ്പരപ്പായിരുന്നു അപ്പോഴും മകനെ ഉറങ്ങാന്‍ നിര്‍ബന്ധിക്കുന്ന അമ്മ എന്താണ് ഉറങ്ങാത്തത് തന്റെ ഉറക്കം നോക്കി കാവല്‍ ഇരിക്കുന്നത് എന്തിന്? സുരേന്ദ്രന് അമ്മ ദുരൂഹത നിറഞ്ഞ ഒരു പ്രഹേളികയായി തോന്നി.

                ''ഒന്നു കണ്ണടയ്ക്കുമ്പോഴെ വെളിച്ചം .... മടുത്തു... ഗുരുവായൂരപ്പാ....''ഇരുട്ടില്‍ പൂച്ചയുടെ മാതിരി തിളങ്ങുന്ന കണ്ണുകളോടെ പിറുപിറുത്തുകൊണ്ട് അമ്മ ഉലാത്തുന്നു.

                പണ്ടു മുതലേ അങ്ങനെയാണ്. അമ്മയ്ക്ക് ഇരുട്ടിനേം പേടിയില്ല മുറ്റത്തും തൊടിയിലും ഒക്കെ ഏത് പാതിരാത്രിയിലും ഇറങ്ങി നടക്കും.

                അവിചാരിതമായി കണ്ട് ചോദിച്ചാല്‍ ശകാരിക്കും.

''തേങ്ങ വീണാല്‍ എടുക്കാന്‍ നെന്റെ അച്ഛന്‍ വര്വോ? കള്ളന്മാരും കള്ളികളും ഉള്ള കാലമാണ് പോയി ഉറങ്ങടാ.....''

                പണ്ട് വല്ലപ്പോഴും ആയിരുന്നത് ഇപ്പോള്‍ വല്ലാതെ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാവാം? തേങ്ങാവീഴ്ച കൂടുതല്‍ ആയിരിക്കുമോ ? സുരേന്ദ്രന് ഒന്നും മനസ്സിലായില്ല.

സിംഹളനോടാണ് അമ്മയുടെ അത്ഭുത ഭാവമാറ്റങ്ങളെക്കുറിച്ച് സ്വകാര്യമായി വിവരിക്കുക.

                സിംഹളന്റെ മറുപടിയിലും അവ്യക്തതകള്‍ ഉണ്ടായിരുന്നു.

''ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതമുള്ളു. ശങ്കരന്‍ വരാന്‍ ഇനിയും അഞ്ചെട്ട് മാസങ്ങളില്ലേ ? അതിന്റെയാണ്. അമ്മയ്ക്ക് എപ്പോഴും അച്ഛന്‍ അടുത്തുണ്ടാകണം... നീയും ഒരു അച്ഛനാകുമ്പോള്‍ അതറിയും. ഇപ്പോള്‍ ക്ഷമിക്ക്.....''

                എന്നിട്ടും പഠിക്കാതിരുന്നില്ല. ഒളിച്ചും തെളിച്ചുമെല്ലാം സുരേന്ദ്രന്‍ രാത്രിയെ പകലാക്കി .

പിന്നീടാണ് പതുക്കെ അമ്മയില്‍ പുതിയൊരു ഭാവം കാണാന്‍ തുടങ്ങിയത്.

''ഉറക്കമിളച്ച് ഇരുന്ന് പഠിച്ച് ചെക്കന്‍ എല്ലും തോലുമായി അച്ഛന്‍ വരുമ്പഴേ ഞാന്‍ നിനക്കൊന്നും തരുന്നില്ലാന്നെ കരുതു...''

അന്ന് തൊട്ടാണ് അമ്മ  രാത്രിയില്‍ പാല്‍ തരാന്‍ തുടങ്ങിയത്.

''വായിക്കുവാണേലും ഉറങ്ങുവാണേലും  ഇത് കുടിച്ചേച്ച് ആയിക്കോ. നല്ലതാടാ ബുദ്ധി തെളിയും....''

                ശരിയാണെന്നു തോന്നി . സ്‌നേഹവും ശുണ്ഠിയും അമ്മയില്‍എപ്പോഴാണ് മാറി മാറി വരിക എന്ന് മകനായിരുന്നിട്ടും  മനസ്സിലാകാത്തതില്‍ നിരാശയും തോന്നി

                വായനയ്ക്കിടയിലാണ് പാല്‍കുടിച്ച് തുടങ്ങിയത്.

                നല്ല മധുരം ഉള്ളതും തുള്ളി വെള്ളം ചേര്‍ക്കാത്തതുമായ പാല് അമ്മയുടെ സ്‌നേഹം പോലെ. പക്ഷെ കുടിച്ചാല്‍ പിന്നെ കോട്ടുവായിടും വായിക്കാനാവില്ല. ഉറങ്ങിപ്പോകും പലപ്പോഴും മേശമേല്‍ തലചായ്ചു തന്നെ.

സിംഹളന്‍ ചേട്ടന്‍ പാല്‍ കുടിച്ചുറങ്ങുന്ന സുരേന്ദ്രനെ ഒരു പൊട്ടിച്ചിരിയോടെ ആണ് നോ ക്കിയത്.

                ''പാല്‍ ഉറങ്ങാന്‍ നല്ലതാടാ സുരേന്ദ്ര .. ചിലര്‍ക്ക് ഉണരാനും..... നീയ് ഇന്നൊരു കാര്യം ചെയ്യ്

                ''എന്നാ ?'' ആകാംക്ഷ ആയിരുന്നു

                ''നീയിന്ന് പാല്‍ കുടിക്കുന്നതായി അഭിനയിച്ചിട്ട് ലൈറ്റ് ഓഫ് ചെയ്ത് കിടക്ക്... വേണമെങ്കില്‍ കൂര്‍ക്കം വലിച്ചോടാ....''

                ''എന്നാലോ......?'' മനസിലാകാതെ നോക്കി

''അമ്മ പാല്‍ തന്ന് മകനെ സ്‌നേഹിക്കുന്നതിന്റെ ആഴമറിയാടാ .............. നോക്ക്.... പിന്നെ ഉറക്കം അഭിനയിക്കാനേ പാടുള്ളു. ഉറങ്ങരുത് ...... സ്‌കൂളിലോ കോളേജിലോ നീ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയെ കുറിച്ചോര്‍ത്ത് കിടന്നാല്‍ മതി. പിന്നെ ഉറക്കം നാലയലത്ത് വരില്ല.....''

                സിംഹളന്‍ ചിരിച്ചുകൊണ്ടിരുന്നു.

                വാല്‍സല്യമോ സ്‌നേഹമോ എന്ത് വികാരമാണ് അമ്മയുടെ മുഖത്ത് എന്ന് പാല്‍ മേശപ്പുറത്ത് വയ്ക്കുമ്പോള്‍ മനസ്സിലായില്ല. അതൊന്നും അല്ലാത്ത മറ്റെന്തോ ഒന്ന് .

ഒരു തരളത. ഒരു മന്ദസ്മിതം. ഏതോ കാവില്‍ തൊഴാന്‍ പോകുന്ന പോലൊരു ഒരുക്കമുണ്ടോവേഷത്തില്‍. തിളക്കമില്ലേ കണ്ണില്‍ ?

                ''കുടിച്ചേച്ച് വായിക്ക് മോനെ''

പതിവിലേറെ മധുരം വാക്കില്‍. പാലിലും ഉണ്ടാവും. അമ്മ അലസമായി നടന്നു പോയിട്ടും കാറ്റില്‍ ഒരു സുഗന്ധം ബാക്കി നിന്നു. പൂവിന്റെയാവാം.

ഒരു വല്ലായ്മയോടെ ആണ് സുരേന്ദ്രന്‍ ഉറങ്ങാന്‍ കിടന്നതും ലൈറ്റ് അണച്ചതും. കനത്ത നിശബ്ദതക്കിടയിലും അമ്മയുടെ  മൂളിപ്പാട്ട് കേള്‍ക്കാം. തിരുവാതിരയുടെ ശീലുകള്‍. ഏതോ പാത്രം മറിയുന്നതിന്റെ പിന്നണിയുണ്ട് കൂടെ.

                തൊടിയിലെ കരിയിലക്കാട്ടില്‍ പൂച്ചയാവില്ല പട്ടിയാവും, ശബ്ദമുണ്ടാക്കുന്നത്.മുറ്റത്തല്ലേ അതെ. പാല്‍കുടിച്ചില്ലെങ്കിലും ഒരു മയക്കം കണ്‍ പോളകളില്‍ കൂടുകൂട്ടുവാന്‍ തുടങ്ങിയിരുന്നു.

നാല്

                വാതിലില്‍ ഒരുശബ്ദം ഞെട്ടി ഉണര്‍ന്നു. ഉറക്കത്തെ ശപിച്ച് കാതോര്‍ത്തു.  എങ്ങും ഇരുട്ടും മൗനവും മാത്രം.

                വാതിലിന്റെ സാക്ഷ വീഴുന്നു. അതും പുറത്തുനിന്നും ഞെട്ടിപ്പോയി.   ആരായിരിക്കും ? ശബ്ദമുണ്ടാക്കാതെ വലിച്ചു നോക്കി. ഇല്ല സാക്ഷ വീണിരിക്കുന്നു. ചിലപ്പോള്‍ താന്‍ രാത്രി വല്ല സെക്കന്റ് ഷോയ്‌ക്കോ കൂട്ടായ്മയ്‌ക്കോ പോകാതിരിക്കാന്‍ ആവില്ലേ ?ആണോ ?

                തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും കാതോര്‍ത്തു കൊണ്ടിരുന്നു. നരച്ചീറുകളുടെ ചിറകടിയും കൂമന്റെ മൂളലും മാത്രം. മറ്റൊന്നുമില്ല എപ്പോഴോ ഉറങ്ങിപ്പോയി പാല് രാവിലെ ഒഴുക്കികളഞ്ഞു.

                അമ്മ പതിവില്ലാതെ ഏറെ സുന്ദരിയായതുപോലെ സ്‌നേഹപൂര്‍വ്വം നോക്കുന്നതുപോലെ  ചിരിചുണ്ടിലും, തിളക്കത്തിന്റെ നനവ് കണ്ണിലും സ്ഥിരമാക്കിയതുപോലെ സുരേന്ദ്രനും അമ്മയെ ഇഷ്ടമായി.

സിംഹള ഗോപാലന്‍ അപ്പോഴും ചിരിച്ചു.

                ''സാക്ഷ പുറത്തുനിന്നിട്ടത് നീ പാല്‍ കുടിച്ചില്ലെങ്കിലോ എന്നുകരുതീട്ട് തന്നെയാ. സാരമില്ല...''

                സുരേന്ദ്രന്‍ ഒന്നും മനസ്സിലാകാതെ സിംഹളനെ നോക്കി

''സുരേ... സാക്ഷയിട്ടാലും പുറത്തു കടക്കാന്‍ കഴിയണമല്ലോ കഴിയും.......''

                ''എങ്ങനെ?''....  ''നിന്റെ മുറിയുടെ ജനല്‍ പഴയതല്ലേ ?''

                ''ആവോ എനിക്കറിയില്ല..?''

''എനിക്കറിയാം  ആ ജനലിന് അഴികളില്ല ഞാന്‍ ശങ്കരന്റെ കൂടെ ആ മുറിയില്‍ ഒരുപാട് തങ്ങിയിട്ടുണ്ട്. അറിയ്യോ...? .അന്നും ജനല്‍വഴിയാ ഞങ്ങള്‍ പുറത്ത് ചാടുന്നത്....''

അന്നും അമ്മയില്‍ തിരുവാതിര ശീലുകളും തിളക്കവും സുഗന്ധവും ഉണ്ടായിരുന്നു. പൂച്ചയുടെ പാദ പതനത്തോടെ സാക്ഷയും പതിവുപോലെ വീണതും അറിഞ്ഞു. ഹൃദയം വല്ലാതെ തുടികൊട്ടിക്കൊണ്ടിരുന്നു.

ജനല്‍പാളികള്‍ സുരേന്ദ്രനായി ഇളകി മാറിക്കൊടുത്തു. സിംഹളന്റെ അറിവ് ആ ജനലിനെക്കുറിച്ച് അമ്മയ്ക്കില്ലാതെ പോയത് എന്താണ്...?

ശ്വാസം അടക്കിപ്പിടിച്ചാണ് മുറ്റത്തേക്ക് ചാടിയത്. കനത്ത നിശബ്ദതയില്‍ പിന്നാമ്പുറത്തെ കോലായില്‍ മുറിയിലല്ല. ഒരു ഇക്കിളിപ്പെടുത്തിയ ചിരിയുടെ കിലുക്കം നിശ്വാസങ്ങളുടെ  കിതപ്പ്.

                തുറിച്ചു നോക്കി. അവ്യക്തമാണെങ്കിലും നിഴലുകള്‍ ചുറ്റിപിണയുന്നത് കണ്ടു. വെളുത്തതും കറുത്തതും. നിഴലുകള്‍ക്കു നിറം ഉണ്ടോ?

                കോലായും കോരിത്തരിച്ചു പോകുന്നു. പതിവായുയരുന്ന കാറ്റിന്റെ ശബ്ദങ്ങളും  മൗനമായി കൂട്ടുനിന്നു.

                പെരുവിരലില്‍ നിന്നാണ് പെരുപ്പ് കയറിയത്. കൈയില്‍ കിട്ടിയത് വെള്ളം നിറച്ച്  കാവലിരുന്ന ഓട്ടുകിണ്ടിയാണ്. ആഞ്ഞ് എറിയുകയായിരുന്നു. കറുത്ത നിഴലിനാണ് ഉന്നം തെറ്റിക്കൊണ്ടത്. കാരണം വെളുപ്പ് കറുപ്പിനടിയിലായിരുന്നു.

                പരുത്ത ശബ്ദത്തില്‍ അലറി നിഴലുകള്‍ വേര്‍പിരിയവേ എരുത്തിലിലെ കന്നും കുട്ടിയും അമറിക്കൊണ്ടിരുന്നു.കറുത്ത നിഴല്‍ മാത്രമല്ല അന്തം വിട്ടോടിയത് സുരേന്ദ്രനും ഓടുകയായിരുന്നു.

ജീവിതം കീഴ്‌മേല്‍മറിഞ്ഞ ആ രാത്രിയുടെ ഒസ്യത്തുമായി.

                അന്നാണ് സിംഹളന്റെ 56 ല്‍ ഒന്നിന്റെ അന്തസ്സും സ്‌നേഹമസൃണയാര്‍ന്ന സുരക്ഷിതത്വവും മനസ്സിലായത്.

                ''സാരമില്ലെടാ സുരേ.. നീ ആരോടും ഒന്നും പറയരുത് .അമ്മയ്ക്കല്ല നിനക്കാണ് ശങ്കരനാണ് മോശം... നാണക്കേട് കേട്ടല്ലോ..''

''എന്നാലും'' ഒരു വിതുമ്പല്‍ ചിതറി.

''ഒരെന്നാലുമില്ല.. ആട്ടെ ആരായിരുന്നെടാ ...''ശബ്ദം താഴ്ത്തി ആയിരുന്നു ചോദ്യം.

''ഇളയച്ഛനാണ്..''

''അപ്പോ അന്യനല്ല ഗോമതി എന്നും ബുദ്ധിമതിയാ .....''

രാവിലെ പുസ്തകങ്ങളും ഉള്ള തുണികളും വാരിക്കെട്ടി ഇരിക്കപ്പിണ്ഡം പോലെ സിംഹളന്റെ കൂടെ ഇറങ്ങുമ്പോഴും അമ്മ സുരേന്ദ്രനോട് ഒന്നും മിണ്ടിയില്ല.

സിംഹളനോട് മാത്രമായി ഏതാനും വാക്കുകള്‍.

                ''അവനെ താന്‍ കൊണ്ടു പോയാലും ഇവിടെ നിന്നാലും എനിക്ക് ഒന്നുമില്ല. ഞാന്‍ പട്ടാളത്തിലല്ല എന്റെ നായരാണ് പട്ടാളത്തില് .... താനൊക്കെ എന്നെക്കുറിച്ച് പറയാറുള്ളതുപോലെ ഒരുപെണ്ണു തന്നെയാ ഞാനും ...ഗോമതി എന്ന പെണ്ണ്''

                തലവെട്ടിത്തിരിച്ച് അമ്മ അകത്തേക്ക് മറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. ഒരു കുററബോധവും ജാള്യതയും അമ്മയില്‍കണ്ടില്ല മരണം വരെ.

ഉറക്കത്തിനായി കാത്തുകിടന്നിട്ടും നിഷ്ഫലമായതിന്റെ ആശ്വാസത്തോടെ സുരേന്ദ്രന്‍ ബര്‍ത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം കളഞ്ഞു. കൂട്ടിന് സിംഹളനും,അമ്മയും കൂടെ ജീവിത ദശാസന്ധികളും.

''ഇതാണ് ഇനി നിന്റെ മാളം. ഇവിടെ നിന്ന് നീ പഠിക്കുന്നു എന്റെ കൂടെ സര്‍വ്വെക്കല്ലിന്റെ കോണ്‍ട്രാക്ടില്‍ സഹായിയായി കൂടുന്നു. പഠിത്തവും ചെറിയ ജോലിയും ഒക്കെ ആയി മുന്നേറുമ്പോള്‍ ഒരുവഴി തെളിയും സുരേ.... എനിക്കും അങ്ങനെയൊക്കെ ആയിരുന്നെടാ..

                അച്ഛന്‍ അവധിക്ക് വന്നപ്പോള്‍ സിംഹളനോട് ഇടയും എന്ന് കരുതിയിരുന്നു. ഒരുപാട് പേര്‍ നിരാശരായി. അതും അമ്മയുടെ യുക്തിയാണെന്ന് അച്ഛന്റെ വാക്കുകളില്‍ നിന്നും മനസ്സിലായി.

                ''സിംഹളന്‍ ഗോപാലന്‍ നിന്നെ നന്നാക്കി അയാളുടെ മകളെ നിനക്ക് കെട്ടിച്ചുതരുമായിരിക്കും. വിരോധമില്ല എനിക്കോ നിന്റെ അമ്മയ്‌ക്കോ കഴിയാത്തത് സിംഹളന് കഴിയുമായിരിക്കും.  എന്നാലും നിന്റ അമ്മയെ നീ വെറുക്കരുത് എന്നു പറയാന്‍ പറഞ്ഞു നിന്റെ അമ്മ .......''

അഛന്റെ നോട്ടത്തില്‍ ഈറന്‍. സിംഹളനാണ് ഇടയ്ക്കുകയറി പറഞ്ഞത്.

                ''മകനെ വിളിച്ചുകൊണ്ടു ചെല്ലാന്‍ ഗോമതി പറഞ്ഞില്ലല്ലോ അല്ലേ ശങ്കരാ ... നീ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞു പോന്നില്ലല്ലോ അതാ പറയാത്തത്.''

സിംഹളന്റെ ചിരിയില്‍ അച്ഛനില്‍ നിസ്സഹായതയുടെ ബന്ധനം സുരേന്ദ്രന്‍ കണ്ടു.

''എനിക്ക് ഗോപാലനോട് ഒന്നും പറയാനില്ല...''

 ''എനിക്കുണ്ട് ശങ്കരാ .. കല്യാണക്കാര്യം പറഞ്ഞത് എന്റെ മകളുമായിട്ടല്ലേ ? അപ്പോള്‍ ഞാനും പറയേണ്ടെ ? എന്റെ മോളെ കൂടാതെ സുരേന്ദ്രന് ജീവിക്കാനാവില്ലെങ്കില്‍ എനിക്ക് അതിന് സമ്മതമാണ് ... അപ്പോഴും അവന്‍ എന്റെ മകന്‍ ആവുമല്ലോ....''

അച്ഛന്‍ ഒന്നും മിണ്ടാതെ നിശബ്ദനായ് നിന്നു.

''പക്ഷെ എന്റെ മകള്‍ സമ്മതിക്കാന്‍ വഴിയില്ല. കാരണം സഹോദരനെ ആരും വിവാഹം   കഴിക്കാറില്ലല്ലോ....''

ഒരു പ്രതികരണത്തിനും ഒരുങ്ങാതെ നടന്നകന്ന അച്ചന്റെ രൂപം ഇന്നും വിങ്ങലായി സുരേന്ദ്രനറിഞ്ഞു.

അതിര്‍ത്തിയില്‍ യുദ്ധമില്ലാത്തപ്പോള്‍ വീരമൃത്യു വരിച്ച ജവാനായിട്ടാണ് അച്ഛനെ പിന്നീട് കണ്ടത്. കൊള്ളിവച്ചു കഴിഞ്ഞിട്ടും അമ്മ വിളിച്ചില്ല.

കരയുന്നതിനിടയിലും രണ്ട് വാചകങ്ങള്‍ അലക്ഷ്യമായി ഉണ്ടായി.

''ഞാന്‍ എന്തിനവനെ വിളിക്കണം ? ഒരു ഉറപ്പും എനിക്കവന് നല്‍കാനില്ലല്ലോ .''

ലംഘിക്കപ്പെടാത്ത ഒരു ഉറപ്പും ലോകത്തില്ല എന്ന് അമ്മയ്ക്കറിയാം. ഏറ്റവും വലിയ ഉറപ്പ് വിശ്വാസമാണ്. സുരേന്ദ്രനില്‍ ആ ദുഖം ഒരു നീറ്റലായി പിന്തുടര്‍ന്നിരുന്നു. കുറേക്കാലം പിന്നെ മറന്നു.

ഈ മുറിവുകള്‍ക്കിടയിലും പ്രീഡിഗ്രി ജയിച്ചപ്പോള്‍ തുടര്‍ന്നു പഠിക്കുവാന്‍ ഏറെ നിര്‍ബന്ധിച്ചതും സിംഹളനാണ്.

                ''നീ എനിക്കൊരു ഭാരമല്ല നിനക്കറിയാമോ 56 ല്‍ ഒരാളെങ്കിലും എന്റെ സഹായം തേടാതിരുന്നിട്ടില്ല. ഒന്നും നിരസിച്ചിട്ടുമില്ല . പഠിക്കാന്‍ കഴിവുള്ളവരല്ലേ പഠിക്കേണ്ടത് ? നിനക്കതുണ്ട്.''

                ആലപ്പുഴ, കോട്ടയം ജില്ലകളിലും ഹൈറേഞ്ചു  മേഖലകളിലും റീ സര്‍വ്വെ നടക്കുന്ന ഇടങ്ങളില്‍ സര്‍വ്വെ കല്ലുകള്‍ സപ്ലെ ചെയ്യുന്ന കോണ്‍ട്രാക്റ്റും സിംഹളന്‍ ഗോപാലന്‍ ആയിരുന്നു. അതില്‍ സഹായിക്കുവാനായിരുന്നു സുരേന്ദ്രനു താല്‍പര്യം.

                ''എന്റെ അച്ഛന്‍ പോയി അമ്മയ്ക്കാണെങ്കില്‍ എന്റെ പഠിത്തത്തിലെന്നല്ല ഒന്നിനും ഉത്കണ്ഠയില്ല. ഞാന്‍ ചേട്ടനോടൊപ്പമായിരിക്കുമ്പോള്‍ അമ്മയ്ക്കതിന്റെ ആവശ്യമില്ല. .എനിക്ക് സര്‍വ്വെക്കല്ലിന്റെ കച്ചവടത്തില്‍ കൂട്ടായിരുന്നാല്‍ മതി.''

                 സുരേന്ദ്രന്‍ ഉറപ്പിച്ചു പറഞ്ഞു.

                ''പോരാ തുടര്‍ന്നു പഠിക്കാമെന്ന് ഉറപ്പു തന്നാലെ കോണ്‍ട്രാക്റ്റില്‍ എന്നല്ല എന്തിലും ഞാന്‍ കൂട്ടുകയുള്ളു. പഠിക്കാത്തവനെ 56 നു വേണ്ട..''

സിംഹളനോടൊപ്പം അന്ന് ചിരിക്കുകയും കോളേജില്‍ ഡിഗ്രിക്ക് ചേരുകയും ചെയ്തു.

അന്നും സിംഹളന്‍ പറഞ്ഞു.

                ''ഈ കോണ്‍ട്രാക്റ്റുകള്‍ എല്ലാം ഒത്തുകളിയാ സുരേ... വെറുതെ ഒരു ക്വട്ടേഷന്‍ എഴുതിയാല്‍ നിനക്കും വീതം കിട്ടും അഥവാ ടെന്റര്‍ നമുക്ക് കിട്ടിയാലും മറ്റുള്ളവര്‍ക്ക് വീതം കൊടുക്കണം. ഏതായാലും പഠനവും നിന്റെ ഇഷ്ടവും ഒന്നിച്ചായിക്കോ....''

സിംഹളനും അതൊരു സഹായമായിരുന്നു.

പക്ഷെ പഠനവും കോണ്‍ട്രാക്റ്റും സിംഹളന്റെ തണലില്‍ മുന്നോട്ട് പോകുന്നത് സ്വന്തം മക്കള്‍ക്കും കല്യാണിയമ്മയ്ക്കും അത്ര സ്വീകാര്യമായിരുന്നില്ല.

                കല്യാണിയമ്മ അത് തെളിച്ചു തന്നെ പറഞ്ഞു. ''നിങ്ങളെ എനിക്ക് വിശ്വാസമാണ്. നാട്ടുകാര്‍ക്ക് അതുണ്ടാവണം എന്നില്ല. സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ ബന്ധം മറ്റുള്ളവരോടുണ്ടാകുന്നത് ആര്‍ക്കും ഇഷ്ടമാവില്ല . എനിക്കും .......''

പക്ഷെ സിംഹളന്‍ കുലുങ്ങിയില്ല.

''ഇഷ്ടവും ഇഷ്ടക്കേടും മനസ്സിന്റെയാണ്. അതങ്ങനെ ഇരുന്നോട്ടെ കല്യാണീ നിനക്ക് ഞാനുണ്ട്. മക്കള്‍ക്ക് ഞാനും നീയുമുണ്ട്. അവന് ഇതൊന്നുമില്ല. ഇല്ലാതാവുമ്പോഴെ നിങ്ങള്‍ക്ക് മനസ്സിലാവൂ. നിങ്ങള്‍ ഞാനാര്‍ക്ക് എന്തുകൊടുക്കുന്നു എന്ന് നോക്കുന്നത്  എന്തിനാണ്. നിങ്ങള്‍ക്ക് കുറയുന്നുണ്ടോ എന്ന് നോക്കിയാമതി.''

                ഇങ്ങിനെയൊക്കെ അന്നാളുകളില്‍ സിംഹളന്‍ ഗോപാലന്‍ പറഞ്ഞിട്ടുണ്ടാകും. സുരേന്ദ്രന്‍ ഊഹിച്ചു.

                മുറുകുന്ന  മുഖ പേശികള്‍ ആയിരുന്നു കല്യാണിയമ്മയ്ക്കും മക്കള്‍ക്കും പിന്നീടും.

                ആയമ്മയ്ക്ക് എന്തോ ഒരു വിഷമം ഉണ്ട് പണ്ടത്തെ മുഖമല്ല.... വിഷമത്തോടെ പറഞ്ഞപ്പോള്‍ സിംഹജന്‍ മുന്‍കൂര്‍ ജാമ്യം പോലെ പറഞ്ഞു.

                ''എന്റെ ഭാര്യ കല്യാണിയുടെ മുഖം കറുത്താണോ വെളുത്താണോ എന്ന് നീ നോക്കണ്ട.... അതിന് ഞാനുണ്ട് നീ വിഷമിക്കേണ്ട...''

                ''അതല്ല എന്തോ തെറ്റിദ്ധാരണയുണ്ട്.''

''നീയെന്റെ  ജാര സന്തതിയാണോ എന്നല്ലേ ?''

ഞെട്ടിപ്പോയെങ്കിലും മിണ്ടിയില്ല.

''അങ്ങനെ ഒരു വിശ്വാസം അവള്‍ക്കുണ്ടെങ്കില്‍ എനിക്ക് പിന്നെ വേറെ ന്യായീകരണം തേടേണ്ടല്ലോ. ഒരു കണക്കിന് ഈ ലോകത്ത് എന്തിന് ദൈവങ്ങള്‍ പോലും ജാര സന്തതികളാടാ സുരേന്ദ്ര... വായിച്ചിട്ടില്ലേ നീയ്.''

                ശിവരാത്രി ആരവവും മലയാറ്റൂര്‍ മുത്തപ്പന്‍ വിളിയും ശബരിമല ശരണം വിളിയും തൃക്കാരിയൂര്‍ കഥകളിപദങ്ങളും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകളും എളവൂര്‍ തൂക്കത്തിനെതിരെ സ്വാമി ഭൂമാനന്ദ നടത്തിയ  പ്രഭാഷണവും എല്ലാം അക്കാലത്ത് വിരളമായിരുന്ന ടേപ്പ് റിക്കാര്‍ഡറില്‍ റിക്കാര്‍ഡ് ചെയ്തിരുന്നു. നാഷണല്‍ പാനസോണിക്കിന്റെ റിക്കാര്‍ഡറില്‍ നിന്ന് ഭരണിപ്പാട്ട് 56 നെ മാത്രം സിംഹളന്‍ കേള്‍പ്പിക്കുമായിരുന്നു.

                ഓര്‍ക്കുമ്പോള്‍ ഇന്നും ചിരിവരും.

''നീയൊക്കെ ചിരിച്ചോടാ ഞാനീ മലയാറ്റൂരും ശബരിമലയും എല്ലാം കയറുമ്പോള്‍ ശരണ മന്ത്രങ്ങളോടൊപ്പം മുദ്രാവാക്യങ്ങളും ഉണ്ട് എന്റെ ഉള്ളില്‍. ഓരോ ശരണം വിളിയും മുത്തപ്പന്‍ വിളിയും ഓരോ മുദ്രാവാക്യങ്ങളാണ് അറിയ്യോ?''

മുദ്രാവാക്യങ്ങള്‍ ആകുന്ന ശരണ മന്ത്രങ്ങള്‍ അത് തന്നെ ഓര്‍ത്തു കിടന്നപ്പോഴാണ്  ഫോണ്‍ ബല്ലടിച്ചത്. മഹേശ്വരിയാണ്. മലയാളവും തമിഴും കലര്‍ത്തി അവള്‍ ഏറെ സംസാരിച്ചു. എല്ലാം ആരോഗ്യത്തെ കുറിച്ചുള്ള ഉത്കണ്ഠകള്‍! സമയത്തിന് ആഹാരവും ഉറക്കവും കൃത്യമായി പാലിക്കണം. അങ്ങിനെയങ്ങിനെ.

                ''നീ എന്താ ഉറങ്ങാത്തത് മഹേശ്വരി ?''

                ചിരിയായിരുന്നുഅവളുടെ മറുപടി .

സിംഹളന്റെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ടുജാതികള്‍ തമ്മിലല്ല രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലായിരുന്നു വിവാഹം അല്ല തിരുമണം ഇന്റര്‍ കാസ്റ്റല്ല. ഇന്റര്‍‌സ്റ്റേറ്റ് ... ചിരി വരുന്നു ഇന്നും.

                സിംഹളന്‍ തിരക്കുന്നത് അതായിരുന്നുവല്ലോ

''നിന്റെ തമിഴ് പൊണ്ടാട്ടിക്കും മതേതര കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും സുഖമാണോ ?''

അഞ്ച്

ജീവിതത്തിന്റെ ഗതിക്രമങ്ങള്‍ വീണ്ടും വീണ്ടും നമ്മള്‍ അറിയാതെ ചാല് മാറിയൊഴുകും. എന്നതിന് തെളിവ് ആയിരുന്നല്ലോ തിരുപ്പൂരും മഹേശ്വരിയും സിംഹളനിലൂടെ സുരേന്ദ്രനെ തേടി എത്തിയത്.

                നിമിത്തം മുരുകച്ചാമി ആയിരുന്നു. കാഴ്ചയില്‍ കാണുന്നതൊന്നും ആയിരുന്നില്ല മുരുകച്ചാമി. തിരുപ്പൂരില്‍ അക്കാലത്തുതന്നെ ഒരു ബനിയന്‍ കമ്പനിയും മറ്റും ഉണ്ടായിരുന്ന ആളായിരുന്നു.

                സിംഹളന്റെ ഭാരത് കഫേയുടെ മുകളിലത്തെ മുറികളും ഹാളും സത്രം പോലെ ആയിരുന്നു. മരുന്നു കച്ചവടക്കാര്‍ ആഴ്ച ചന്തകളിലെ കച്ചവടക്കാര്‍ കാളവണ്ടിക്കാര്‍ എ ല്ലാം ഒന്നോ രണ്ടു ദിവസം സ്വസ്ഥമായി തങ്ങുന്ന സത്രം.

ഇന്നും ഓര്‍ക്കുന്നു.

                സര്‍വ്വെക്കല്ല് കോണ്‍ട്രാക്റ്റും പഠിത്തവും രാഷ്ട്രീയവും വായനശാലയും നിശബ്ദ പ്രണയങ്ങളുമായി ഒഴുകിനടന്ന കാലം. അന്നാണത് ഉണ്ടായത്.

                തിരുപ്പൂര് മുരുകച്ചാമി പെരുമ്പാവൂര്‍ കോതമംഗലം മുവാറ്റുപുഴ അടിമാലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബനിയന്റെ ഒര്‍ഡറുകള്‍ പിടിക്കാന്‍ വരുമ്പോള്‍ തങ്ങുന്നത്  ടൗണുകളില്‍ ആയിരുന്നില്ല. ഗ്രാമത്തിലെ സിംഹളന്റെ സത്രത്തിലായിരുന്നു. ഭക്ഷണത്തിന് ഭാരത് കഫേയും വിശ്രമത്തിന് സത്രവും എപ്പോഴും തയ്യാറായിരുന്നു താനും.

                മുരുകച്ചാമിക്കും സിംഹളന്‍ എന്ന പേര് ആദ്യമൊക്കെ ഒരു പ്രഹേളിക ആയിരുന്നു.സിംഹളന്മാര്‍  മലയാള നാട്ടില്‍ ഹോട്ടല്‍ നടത്തുമോ എന്നുള്ള ആശങ്കയും ഉണ്ടായിരുന്നു. ആദ്യകാലത്ത് മുരുകച്ചാമി ചോദിക്കുകയും ചെയ്തു.

                ''സിലോണില്‍ നിന്നും നീങ്ക എപ്പടി ഇങ്ക വന്തേ..?'' 

എപ്പടി ഇങ്കേ ഹോട്ടല്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടേ ?

                പൊണ്ടാട്ടിയും മക്കളും ഇവിടത്ത് കാര്‍ തന്നെയോഇങ്ങനെ ഒരുപാടായിരുന്നു. ആശങ്കയുടെ ചോദ്യങ്ങള്‍. തമിഴ് പുലികള്‍ ശക്തി പ്രാപിക്കുന്നതിന് മുമ്പ് പലായനം ചെയ്തതാണ്  എന്ന് സിംഹളന്‍ പറയുമെങ്കിലും ഇവിടെ ജനിച്ചുവളര്‍ന്ന  സി. ഗോപാലനാണ് എന്നും വിളിപ്പേരാണ് സിംഹളന്‍  എന്നും മുരുകച്ചാമിക്ക് മനസ്സിലായത് ക്രമേണയാണ് അങ്ങനെയാണ് സിംഹളനുമായുള്ള മുരുകച്ചാമിയുടെ സൗഹൃദം ഉറച്ചത്.

                എന്നുവന്നാലും എവിടെയൊക്കെ അലഞ്ഞാലും സിംഹളന്റെ അടുത്തായിരുന്നു മുരുകച്ചാമിയുടെ അഭയകേന്ദ്രം. വിശ്വാസപൂര്‍വ്വം പണമടങ്ങിയ ബാഗ് ഏല്പിക്കുന്നതും  സിംഹളനെ ആയിരുന്നു.

                ഭക്ഷണത്തിനും വിശ്രമത്തിനുമായി പതിവ് പോലെ എത്തിയമുരുകച്ചാമി ഒരു ദിവസം കുഴഞ്ഞുവീണു. വെട്ടിവിയര്‍ക്കുകയും, അബോധാവസ്ഥയില്‍ ആവുകയും ചെയ്തു. ബി.പി. കൂടിയതാണോ? ഷുഗര്‍ കുറഞ്ഞതാണോ ഹൃദ്രോഗമാണോ എന്നൊക്കെ ചോദിച്ചറിയുവാന്‍ അബോധാവസ്ഥ തടസ്സമായി. ആശുപത്രി ടൗണിലേയുള്ളുതാനും.

                ബാഗ് പരിശോധിച്ചപ്പോള്‍ മുരുകച്ചാമിയുടെ ഇംഗ്ലീഷിലും തമിഴിലുമുള്ള മേല്‍വിലാസം കിട്ടി. പക്ഷെ തിരുപ്പൂര് അറിയിക്കുന്നതിനെ സിംഹളന്‍ എതിര്‍ക്കുകയാണ് ചെയ്തത്.         ''അത് പിന്നീടാവാം ... ഇപ്പോള്‍ വണ്ടിവിളിച്ച് ആശുപത്രിയില്‍ എത്തിക്കണം.

                56 ല്‍ അപ്പോഴുണ്ടായിരുന്നവര്‍ മുരുകച്ചാമിയെ എടുത്തുകയറ്റി ആശുപത്രിയില്‍ എത്തിച്ചു. അടിയന്തിര ചികിത്സ നല്‍കി ... ജീവന്‍ രക്ഷിച്ചു.

                ''അണ്ണാച്ചിക്ക് മുടിഞ്ഞ കനം മാത്രമല്ല. ഭാഗ്യവും ഉണ്ട്.''

 56 ല്‍ ചിലര്‍മന്ത്രിച്ചു.

കടവുളിന് സിംഹളന്റെ രൂപമാണെന്ന് മുരുകച്ചാമിക്ക് ആദ്യമായി തോന്നുകയും ചെയ്തു.

                ഒട്ടും വൈകാതെ ആശുപത്രിയില്‍ എത്തിച്ചതിനും ജീവന്‍ രക്ഷിച്ചതിനും ടൗണിലെ കുറുപ്പ് ഡോക്ടര്‍ സിംഹളന്‍ ഗോപാലനെ അഭിനന്ദിക്കുകയും ഉണ്ടായി.''മൈനര്‍ അറ്റാക്കായിരുന്നു. സൂക്ഷിക്കണം മേജര്‍ ആവാന്‍ താമസമില്ല. എന്നും ഇവര്‍ ഉണ്ടായി എന്നു വരില്ല.'' കുറുപ്പ് ഡോക്ടര്‍ മുരുകച്ചാമിയെ യാത്രയാക്കി.

                ഒരു നന്ദി പ്രകടനത്തേയും സിംഹളന്‍ സ്വീകരിച്ചില്ല.

                ''മുരുകച്ചാമി ഇപ്പഴും ആരോഗ്യത്തിലായിട്ടില്ല. ഒരു കാര്യം ചെയ്യാം ...  തിരുപ്പൂര് അറിയിക്കാം മക്കള്‍ വരട്ടെ''

                സ്‌നേഹ ബഹുമാനങ്ങളോടെ മുരുകച്ചാമി അത് നിരാകരിച്ചു.

                ''നീങ്ക അപ്പടിയൊന്നും വേണ്ട അണ്ണേ ... നാട്ടില്‍ എനിക്ക് പൊണ്ടാട്ടിയും രണ്ടു     മക്കളും ഇരിക്ക് ആനാലും അവരറിയാതെ തിരുപ്പൂര് അനുപ്പ് താന്‍ പോതും....''

                അറിഞ്ഞാല്‍ മക്കളും ഭാര്യയും തകരുമെന്നും നിങ്ങളാരെങ്കിലും തിരുപ്പൂരിലേക്ക് വണ്ടികയറ്റിവിട്ടാല്‍ മതിയെന്നും മുരുകച്ചാമി പറഞ്ഞു.

ആ നിയോഗം സുരേന്ദ്രനിലാണ് വന്നുവീണത്.

                ''സുരേന്ദ്രാ... മുരുകച്ചാമിയെ റയില്‍വെ സ്റ്റേഷന്‍ വരെയല്ല തിരുപ്പൂര് വരെ നീ എത്തിക്കണം. ഇനിയും യാത്രയില്‍എന്തെങ്കിലും സംഭവിച്ചാല്‍ ഒറ്റയ്ക്ക് എന്ത് ചെയ്യും . ഒരുറപ്പിന് നീ കൂടെചെല്ല് ... പറ്റിയാല്‍ ഒരു ജോലി തരപ്പെടുത്തി മുരുകച്ചാമി നിന്നെ സഹായിക്കുമെടാ... പാവം .. ചാമി നല്ലവനാ സുരേ... അല്ലേ ചാമി... ?''

 ചാമി പ്രതീക്ഷയോടെ ഇരുവരേയും നോക്കി.

                ''ഞാന്‍ തൃശൂര്‍ വിട്ട് വടക്കോട്ട് പോയിട്ടില്ല. പൂരത്തിനും സര്‍വ്വെക്കല്ലിനും തൃശൂര്‍വരെ അതും ചേട്ടന്റെ കൂടെ . ഇതിപ്പോള്‍''സുരേന്ദ്രന്റെ ആശങ്ക സിംഹളനെ ചിരിപ്പിച്ചു.

                ''നീ തനിച്ചാകണ്ടാടാ ഞാനും വരാം കല്യാണിയും പിള്ളേരും കട നോക്കട്ടെ തിരുപ്പൂര് ഞാനിതുവരെ കാണാത്ത ഒരു സ്ഥലമാണ്...''

                മുരുകച്ചാമിക്ക് സ്വര്‍ഗം കിട്ടിയ സന്തോഷമായി.

                ''നീങ്ക റൊമ്പ നല്ലമനിതന്‍. പെരിയമനിതന്‍. അതുമല്ലെങ്കില്‍ പുറം നാട്ടുകാരനായ എനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുമോ. ഇന്ത പയ്യനും എന്‍കൂടെ വരട്ടും ഏതാവത് നല്ല വേല പാത്ത് കൊടുപ്പേം ... കണ്ടിപ്പാ കൊടുപ്പേന്‍...''

കേരളത്തിന് വെളിയിലേക്കുള്ള ആദ്യത്തെ യാത്ര ആയിരുന്നു അത്. സിംഹളന്‍ ചേട്ടന്‍ സിലോണിലൊക്കെ പോയിട്ടുള്ള ആളാണല്ലോ. അതുകൊണ്ട് യാത്രയില്‍ ടെന്‍ഷന്‍ ഒന്നും കാണുന്നില്ല.

                ''ചേട്ടനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ.''

''സത്യത്തിന്റെ കാര്യത്തില്‍ ഉറപ്പ് പറയാനാകില്ല. പക്ഷെ മറുപടിയുണ്ടാകും അതുറപ്പ് .''

''ചേട്ടന്‍ സത്യത്തില്‍ സിലോണില്‍ പോയിട്ടുണ്ടോ ?''

                ''എന്റെ ട്രേഡ് സീക്രട്ട് തകര്‍ക്കാനാണോ നിന്റെ  ശ്രമം. സിംഹളന്‍ എന്ന പേരിന്റേ താണ് എന്റെ ജീവിത വിജയം . സി ഗോപാലന്‍ രേഖകളിലേയുള്ളു. ആരുടേയും മനസ്സിലില്ല. എന്റെ ഭാര്യയുടെ പോലും മക്കളുടെ കാര്യം പറയണ്ടല്ലോ അവരും സിംഹളന്‍  കേട്ടല്ലേ വളര്‍ന്നത്. നീ ഉള്‍പ്പെടെ 56 ഉം...''

                ചിരിച്ചു അന്ന്. പക്ഷെ സിലോണ്‍ അന്നും രഹസ്യമായി നിന്നു ഇന്നും.!

മുരുകച്ചാമിയുടെ തിരുപ്പൂരും കുടുംബവും ഹൃദ്യമായാണ് സ്വീകരിച്ചത് .

                ''അപ്പാവോട് എപ്പോഴും ചൊല്ലീട്ട് താന്‍ ഇരിക്കിറെ .. ഇവ്വളവ് ദൂരം യാത്ര ചെയ്യക്കൂടാത് എന്ന്. കേക്കമാട്ടേന്‍. ആപത്തില്‍ നല്ല മനുഷ്യര്‍ ഇരുന്തതിനാല്‍ കാപ്പാത്തിട്ടേ... എപ്പോഴും ഇപ്പടി ഇരിക്കുമോ?''

                രണ്ടു മക്കളും പൊണ്ടാട്ടിയും ബന്ധുക്കളും ഒപ്പമാണ് ശോകാകുലമായി പറഞ്ഞതും   മുരുകച്ചാമിയെ തലോടിയതും സിംഹളനേയും സുരേന്ദ്രനേയും വണങ്ങിയതും.  അതില്‍ സ്‌നേഹത്തിന്റെ സൗരഭ്യം ഉണ്ടായിരുന്നു.

                ''ആണ്ടവന്‍ ചിലപ്പോള്‍ ഇന്തമാതിരി മനിതനായും വരും മോളെ...'' മുരുകച്ചാമി വികാരാധീനനായി മക്കളെ പുണരുകയും പൊണ്ടാട്ടിയെ തലോടി ആശ്വസിപ്പിക്കുകയുംചെയ്തു.

                രണ്ടു ദിവസം മുരുകച്ചാമിയോടൊപ്പം സിംഹളനും സുരേന്ദ്രനും ഇന്നത്തെ ഭാഷയില്‍അടിച്ചു പൊളിച്ചു. തിരുപ്പൂരിന്റെ മുക്കും മൂലയും മുകച്ചാമിയുടെ സ്വന്തം ആയിരുന്നു. മൂന്നാം ദിവസം മടക്കയാത്രാമൊഴി കുറിക്കാന്‍ തുടങ്ങുമ്പഴാണ് സിംഹളനും മുരുകച്ചാമിയും വീണ്ടും വികാരാധീനരായത്.

                ''ഇനി എന്നാണ് നീങ്കള്‍ വരിക ?'' ചാമിയുടെ മാത്രമല്ല കുടുംബത്തിന്റെയും കണ്ണുകള്‍ നിറയുന്നു. സിംഹളന്റെയും.

''വരും ചാമി .. ഒരു കാര്യം ശൊല്ലട്ടും...''

''ശൊല്ലുങ്കോ... ഇന്തപയ്യനുക്ക് വേലക്കാര്യം അല്ലവാ .. അതേറ്റു.''എല്ലാം ശരിയാക്കി അറിയിക്കാമെന്നും അപ്പോള്‍ വരണമെന്നും മുരുകച്ചാമി സുരേന്ദ്രനെ നോക്കി പറഞ്ഞു.

സിംഹളന് എന്നിട്ടും തൃപ്തി ആയില്ല.

''അത് മാത്രമല്ല മുരുകച്ചാമി എന്റെ 56 മക്കളില്‍ ഒന്നാണിവന്‍ .. വെറും ഒന്നല്ല ഒന്നാമന്‍ . പ്രായത്തില്‍ അല്ല. ഹൃദയത്തില്‍.''

                മുരുകച്ചാമിയുടെ പൊണ്ടാട്ടിയും മക്കളും അത്ഭുതത്തോടെ സിംഹളനേയും അപ്പാവേയും സുരേന്ദ്രനേയും മാറിമാറി നോക്കി. 56 മക്കളുടെ പിതാവ് . അവര്‍ക്കത് വിശ്വസിക്കുവാനേ കഴിഞ്ഞില്ല.

                                ''എന്നാ അപ്പാ ഇതെല്ലാം ...56 മക്കളോ ?''

                ''ആമാ..കണ്ണേ ഇന്ത മനിതന്‍ കടവുള്‍ മാതിരി.. കടവുള്‍ക്ക് എല്ലാരും മക്കള്‍ അല്ലവാ...''

                മുരുകച്ചാമി സിംഹളനെ നോക്കി

                ''മുരുകച്ചാമി മനസ്സുവച്ചാല്‍ നമ്മള്‍ ഇനിയു കാണും

                ഇവനിലൂടെ നമ്മുടെ ബന്ധം തുടരാന്‍ കഴിയും ഏത്''

                ''എന്നാ അയ്യാ .. ഒന്നും തെരിയിലേ...''

മുരുകച്ചാമിയുടെ മകള്‍ മഹേശ്വരിയെ ചൂണ്ടിയാണ് പിന്നെ സിംഹളന്‍ പറഞ്ഞതെല്ലാം. മഹേശ്വരി സുന്ദരിയായിരുന്നു.

''ജാതിയും മതവും കേരളത്തിലേ മലയാളിക്കുള്ളു. കേരളത്തിന് വെളിയിലില്ല. ഇവിടെയും ഉണ്ടാവാം തമിഴും മലയാളവും തമ്മില്‍ എന്ത് ജാതി?''

മുരുകച്ചാമിയും അത് സമ്മതിച്ചു.

''മരണത്തെ നേരില്‍കണ്ട എന്നെ നിങ്ങള്‍ രക്ഷിച്ചത് ജാതിം മതോം നോക്കി അല്ലല്ലോ.''

സുരേന്ദ്രന് അറിയാതെ ചിരിവന്നു. ശരിയാണ് ഇന്നും മഹേശ്വരിയുടെ ജാതി തനിക്കറിയില്ല. സുരേന്ദ്രന്‍ ഓര്‍ത്തു.

                മുരുകച്ചാമിയുടെ ആശ്രിതനായി ബനിയന്‍ കമ്പനിയില്‍ ജേലിക്കാരനായി മഹേശ്വരിയുടെ കൈപിടിച്ച് കണവനായി ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരു നഷ്ട ബോധവും തോന്നാതിരിക്കാന്‍ സിംഹളന്‍ ശ്രദ്ധിച്ചു.

                ''സാധാരണ ഞങ്ങളുടെ നാട്ടിലൊക്കെ പെണ്‍കുട്ടിയെയാണ്  വരനെ ഏല്‍പ്പിച്ചു വരന്റെ ഗൃഹത്തിലേക്ക് വലതുകാല്‍വച്ച് കയറ്റുന്നത്. എന്നാലിവിടെ മറിച്ചാണ്. എന്റെ 56 ല്‍ ഒന്നായ ഇവനെ മുരുകച്ചാമിയെ ഏല്‍ല്‍പ്പിക്കുകയാണ് ഞാന്‍. മകളുടെ ഭര്‍ത്താവായി മാത്രമല്ല മകനായി, ചാമിയുടെ എല്ലാമായി.''

                സുരേന്ദ്രന് അപ്പോഴും സിംഹളന്റെ 56 ന്റെ കൂട്ടായ്മയും ഗ്രാമോദ്ധാരണ ലൈബ്രറിയും പാര്‍ട്ടിയും നാടും വെറുപ്പ് മാത്രമേകിയ വീടും അന്യമാകുമല്ലോ എന്ന ചിന്തയായിരുന്നു.

                സിംഹളന്‍ അവിടെയും സാന്ത്വനസ്പര്‍ശമേകി. ''അതൊക്കെ ഇവിടെയും ഉണ്ടാകും ഇവിടെയും മനിതര്‍ താന്‍ .... അവിടെ ഇല്ലാത്ത ഒന്ന് നിനക്കിവിടെ ഉണ്ടാകും. അച്ഛനും അമ്മയും.'' സിംഹളന്റെ മാത്രമല്ല എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു.

                എത്രയോ വര്‍ഷങ്ങള്‍ ഇതള്‍ പൊഴിഞ്ഞ് അകന്നു പോയി. തമിഴും മലയാളവും യോജിച്ചപ്പോള്‍ മകനും മകളും ഉണ്ടായി. അവര്‍ക്കും മക്കള്‍ ഉണ്ടായി. ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു. സിംഹളന്‍ പറയും ഇന്റര്‍‌സ്റ്റേറ്റ് മാര്യേജും മതേതര മക്കളും. എല്ലാ സ്റ്റേറ്റുകള്‍ തമ്മിലും ഇങ്ങനെ ആയിരുന്നെങ്കില്‍ വല്ല കലാപവും ഉണ്ടാകുമായിരുന്നോ?

                മനുഷ്യനെല്ലാം അതിരുകളില്ലാതെ ജീവിക്കുന്ന ഒരു ലോകം .  ഇതാണ് തന്റെ സ്വപ്നം അതില്‍ എല്ലാ ജാതിയും മതവും അതില്ലാത്തവരും ഉണ്ടായിരുന്നല്ലോ. ഒന്നിലും സിംഹളന്‍ അംഗമായിരുന്നില്ല. ''എടാ കമ്മ്യൂണിസ്റ്റാകാന്‍ അംഗത്വം വേണ്ട. അത് നിങ്ങള്‍ക്കുമതി  എനിക്ക് ഹോട്ടല്‍ ആയതു കൊണ്ടല്ല. നിങ്ങള്‍ക്ക് എന്നെയും എനിക്ക് നിങ്ങളെയും വിമര്‍ശിക്കുവാന്‍ സ്വതന്ത്രമായി കഴിയും.'' വ്യക്തികളെ മാത്രമല്ല പലപ്പോഴും നയങ്ങളെയും സിംഹളന്‍ വിമര്‍ശിച്ചിരുന്നു.അപ്പോള്‍ അസഹിഷ്ണുത തോന്നിയിരുന്നെങ്കിലും കാലം അതെല്ലാം ശരിയെന്നു തെളിയിച്ചു. പാര്‍ട്ടിയും.

                ജീവിതം ഒഴുകി നീങ്ങുമ്പോള്‍ എല്ലാം സിംഹളന്‍ ഒരുതോണിയുമായി കാവല്‍നില്‍ക്കുന്നതുപോലെ.

                ഇപ്പോള്‍ എവിടെ ആയിരിക്കും ? പരസ്യ വാചകങ്ങളില്‍ അന്വേഷണം ഒതുങ്ങിയിരിക്കുമോ ?

                ഗ്രാമത്തില്‍ ഇപ്പോള്‍ ആരൊക്കെ ഉണ്ടാകും.? യാത്രപോലും പറയാതെ എത്രപേര്‍ കടന്ന് പോയിട്ടുണ്ടാവും ഒരു അടയാളവും ബാക്കി വയ്ക്കാതെ എത്ര പേര്‍ മാഞ്ഞ്  പോയിട്ടുണ്ടാകും.

ആറ്

                ആലുവ റയില്‍വെസ്റ്റേഷന്‍ സുരേന്ദ്രനെ പ്രസവിച്ചു. ഓര്‍മ്മകള്‍ നിരന്തരം കൂട്ടിരുന്നതിനാല്‍ ഉറങ്ങാന്‍ കഴിയാതെ പോയതിന്റെ അലോസരം സുരേന്ദ്രനില്‍ ഉണ്ടായിരുന്നു.     വലിയ മാറ്റങ്ങള്‍ കൊല്ലങ്ങള്‍ക്ക് മുമ്പ് വന്നു പോയതിനു ശേഷം ഗ്രാമത്തിലോ ഭാരത് കഫേയിലോ ഉണ്ടായിട്ടില്ല എന്ന് സുരേന്ദ്രന്‍ കണ്ടു.

                സിംഹളന്റെ നിറഞ്ഞ ചിരിയും ചലനങ്ങളും ദ്വയാര്‍ത്ഥങ്ങള്‍ ഒളിപ്പിച്ച വാചകങ്ങളും ഭാരത് കഫേയില്‍ ഇപ്പോഴും ഉള്ളതുപോലെ.

                ഗ്രാമോദ്ധാരണ ലൈബ്രറി പഞ്ചായത്ത് ഏറ്റെടുത്ത് ഇപ്പോള്‍ പഞ്ചായത്ത് ലൈബ്രറി ആയിരിക്കുന്നു അവിടെയും ഇപ്പോള്‍ പഴയ ശ്ലോകങ്ങള്‍ കേള്‍ക്കുന്നതുപോലെ.

രണദിവേയാണ് ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്നത്. മറ്റുള്ളവരെല്ലാം ജോലിയുമായി കെട്ടിമറയുന്നവര്‍ ആണല്ലോ. അച്ഛനെ കാണാതായി എന്ന ഭാവമൊന്നും രണദിവേയില്‍ ഉണ്ടായിരുന്നില്ല. പരസ്യം കൊടുത്തവര്‍ തന്നെ നിസംഗരാവുക മനസ്സിലാവുന്നില്ല.

ഇനി സിംഹളന്‍ തന്നെ പരസ്യം കൊടുത്തതായിരിക്കുമോ..? തന്നെ കാണ്‍മാനില്ല എന്ന്  പറയുന്നതിലും ഹരം കൊള്ളുന്ന ആളായിരിക്കില്ലേ സിംഹളന്‍? ചിരിവന്നു.

സ്വയം ചരമമടഞ്ഞു എന്ന് ചരമക്കോളത്തില്‍ പരസ്യം കൊടുത്ത ഒരാളെകുറിച്ച് വായിച്ചത് സുരേന്ദ്രന്‍ ഓര്‍ത്തു.

                ''സുരേട്ടന്‍ നേരത്തെ വരുമെന്ന് കരുതി'' രണദിവേ ഓടിവന്ന് കെട്ടിപ്പിടിച്ചിരുത്തുമ്പോള്‍ പറഞ്ഞു.

                ''വൈകുന്തോറും അറിഞ്ഞില്ല എന്നു തോന്നി. വിളിക്കാന്‍ പല തവണ ശ്രമിച്ചതാണ്. നിങ്ങള്‍ 56 ന്റെയും നമ്പരുകള്‍ അച്ഛന്റെ മാത്രം സ്വകാര്യ സ്വത്താണല്ലോ.''

                രണദിവേയുടെ ശബ്ദത്തില്‍ നിസ്സഹായത അഭിനയിക്കന്നതിന്റെ ഒരു കിതപ്പുണ്ടായിരുന്നു.

                ''എന്താ ഉണ്ടായത് ? രണദിവേ ...? ഇത്രയും മാസങ്ങള്‍ പിരിഞ്ഞു നില്‍ക്കാന്‍?'' സുരേന്ദ്രന്റെ ആശങ്ക രണദിവേ തിരിച്ചറിഞ്ഞെങ്കിലും ശബ്ദം താഴ്ത്തി പറഞ്ഞത് മറ്റൊന്നാണ്.

''ഞാനിപ്പോള്‍ രണദിവേ അല്ല... സുരേട്ടാ.. രണ ദേവനാണ്... രണ്ടും അര്‍ത്ഥമൊന്നാണെങ്കിലും രണ ദേവനില്‍ ഒരു മലയാളിത്തം ഉണ്ട് സുരേട്ടാ...''ചിരിച്ചു പോയി. വെറുതെ തല യാട്ടി.

                ''അച്ഛനീയിടെ ആയിട്ട് ഇത്  പതിവാണ് സുരേട്ടാ....പറയാതെ പോകുന്ന തീര്‍ത്ഥാടനങ്ങള്‍. ഇത്രയും നീണ്ടുപോകാറില്ല എന്നുമാത്രം. മാസങ്ങളായി....''

                ''നിനക്കെന്നെ ഒന്നു വിളിക്കാമായിരുന്നു.''

                ആ വാക്കില്‍ രണ ദേവന്‍ തല കുനിച്ചു.

''സുരേട്ടന്റെ നമ്പര്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. അത് കണ്ടില്ല മറ്റ് നമ്പരുകള്‍ അച്ഛന്റെ ഡയറിയില്‍ ആയിരുന്നല്ലോ.. പിന്നെ എങ്ങനെയെങ്കിലും തപ്പിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചതാ. ... ആരും സമ്മതിച്ചില്ല. സ്വന്തം മക്കളേക്കാള്‍ മറ്റൊരാളെ മകനായി കണ്ടു സ്‌നേഹിക്കുക. ആര്‍ക്കും അതിഷ്ടമാവില്ല. സുരേട്ട..... അച്ഛനോട് ആരും അത് പറയില്ല എന്നേയുള്ളു.''

                ''മക്കള്‍ കൂടിയാല്‍ അവര്‍ക്കും ഭാഗം വേണ്ടിവരുമല്ലോ എന്നോര്‍ത്താണോ രണ ദേവാ...?'' ചിരിച്ചു

                ''അയ്യോ അതല്ല സുരേട്ടാ അച്ഛനും സുരേട്ടനുമായുള്ള ബന്ധം എനിക്കറിയാം ... എനിക്കുമാത്രം. അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.''

രണ ദേവന്‍ സുരേന്ദ്രനെ അല്പം ദുഖത്തോടെ നോക്കി.

                ''ശരി ...ശരി.... അച്ഛന്‍ എനിക്കൊരു കത്തയച്ചിട്ടുണ്ട്.''

                ''കത്തോ എവിടെയാണെന്നുണ്ടോ ?''

''രാമേശ്വരം കാശി എന്നൊക്കെ പറയുന്നുണ്ട് ....എല്ലാ കണക്കും തീര്‍ത്ത് അച്ഛന് ഈ ഗൃഹസ്ഥാശ്രമം വെടിഞ്ഞാല്‍ കൊളളാമെന്നുണ്ട് എന്നു തോന്നുന്നു.

കത്തും കീയും അവനെ കാണിച്ചു.. രണ ദേവന്‍ അമ്പരന്നു പോയി. ഏതോ നിധിപേടകത്തിന്റെ മാപ്പും കീയും കാണുന്നതുപോലെ അവന്‍ തുറിച്ചു നോക്കി .

                ''നീ മറ്റുള്ളവരെ എല്ലാം ഒന്നറിയിക്ക് അത്യാവശ്യമായി വരാന്‍ പറയ് ലോക്കറിന്റെ കീ ഉണ്ടെന്നു പറഞ്ഞാല്‍ വരാത്ത മക്കളുണ്ടോ ?''

ഉള്ളില്‍ കനല്‍ ആയിരുന്നെങ്കിലും ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.

''എന്നെ ഏല്‍പ്പിച്ച കാര്യം നിര്‍വ്വഹിച്ചിട്ട് എനിക്ക് പോകണം.. തിരുപ്പൂരിലേക്കല്ലാട്ടോ... സിംഹളന്‍ ചേട്ടനെ അന്വേഷിച്ച് ചിലപ്പോള്‍ കണ്ടെത്തണമെന്നുള്ള നിയോഗം എനിക്കായിരിക്കും''

ചായ കുടിക്കുന്നതിന്റെ ഇടയില്‍ സുരേന്ദ്രന്‍  പറഞ്ഞു രണദേവന്‍ തടഞ്ഞു.

''പോകുന്ന കാര്യമൊക്കെ പിന്നീടാവാം.. ഇപ്പോള്‍ വിശ്രമിക്ക് ...സുരേട്ടന്‍ ഉണ്ടെങ്കില്‍ എനിക്കും ധൈര്യമാ.. അന്വേഷിക്കുവാന്‍ ഞാനും വരാം....'' സുരേന്ദ്രന്‍ അതിന് നേരിട്ട് മറുപടി ഒന്നും പറഞ്ഞില്ല.

''ഞാന്‍ വീട്ടിലൊക്കെ ഒന്നു പോയി അമ്മുവിനേയും പിള്ളാരെയും അവളുടെ നായരെയും ഒന്നു കണ്ടേച്ചും വരാം..... വീട്ടിലേക്കുള്ള വഴി എന്നും മറക്കാതെ ഓര്‍ക്കുന്നത് ഞങ്ങള്‍ പ്രവാസികളാണ്.'' 

                എല്ലാവരേയും ഫോണില്‍ ബന്ധപ്പെടുന്നതിനിടയില്‍ അവന്‍ തലയാട്ടി.

                തനിക്ക് ഈ നാട്ടില്‍  ആകെ കാണുവാന്‍ ഉണ്ടായിരുന്നത് സിംഹളനേയും 56 ന്റെ കൂട്ടായ്മയേയും ആണ്. സഹോദരിയും മക്കളും അവളുടെ നായരുമെല്ലാം അനുബന്ധങ്ങള്‍ മാത്രം. 56 ല്‍ ആരെങ്കിലും ഇപ്പോള്‍ സ്ഥലത്തുണ്ടെങ്കില്‍ അവരെയും കാണണം.

                രണദിവേ പേര് മാറ്റി രണദേവനാവുകയും കൈത്തണ്ടയില്‍ പല നിറത്തിലുള്ള ചരടുകള്‍ സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു.ഓര്‍ത്തപ്പോള്‍ ചിരിവന്നു.സിംഹളന്‍ ഭസ്മം പൂശുകയല്ലാതെ ചരടുകള്‍ കെട്ടി ഒരിക്കലും കണ്ടിരുന്നില്ല. ഭസ്മത്തിനും ചന്ദനത്തിനും എല്ലാം ഓരോ ഹൃദ്യമായ ന്യായീകരണങ്ങള്‍ സിംഹളന് ഉണ്ടായിരുന്നു താനും. തലമുറകള്‍ പേരില്‍ പോലും പിതൃ ചിന്തകളെ അംഗീകരിക്കാതായിരിക്കുന്നു.ഓരോരുത്തര്‍ക്കും അവനവന്റെ വഴികള്‍.

                ''സുരേട്ടാ അച്ഛനീ വയസ്സുകാലത്ത് അടങ്ങിയൊതുങ്ങി ഇരുന്നു കൂടെ .ഇവിടെയെന്താ ഒരു കുറവ് ? .....''

                ''അച്ഛന്‍ എന്തെങ്കിലും അനിഷ്ടത്തിന്റെ സൂചനകള്‍ തന്നോ ?...'' സുരേന്ദ്രന്‍ സംശയിച്ചു.

                ''എന്ത് അനിഷ്ടം ..ആണെങ്കില്‍ തന്നെ ഒളിച്ചോട്ടമാണോ പരിഹാരം ?...  പിന്നെ ഒരു വില്‍പത്രം. ലോക്കര്‍... അല്ലെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍പോലും ഒന്നിലും ഉറച്ചു നിന്നിട്ടുള്ള ആളല്ലല്ലോ...''

                ''ലോകം തന്നെ ഉറച്ചു നില്‍ക്കുന്നില്ലല്ലോ രണദേവ''

                ഫോണ്‍ അടക്കിപ്പിടിച്ച് രണദേവനും ചിരിക്കുകയും ഒരു ആത്മഗതം പോലെ വാക്കുകളെ തുപ്പുകയും ചെയ്തു.

                ''മക്കള്‍ക്കും ഭാര്യക്കും .. .അതായത് അമ്മയ്ക്കും കൊടുക്കാനുള്ളതൊക്കെ കൊടുക്കുകയും വ്യവസ്ഥകള്‍ ആക്കുകയും ചെയ്തിട്ടുണ്ട് അച്ഛന്‍.. പിന്നെന്തു വില്‍പത്രം എനിക്ക് മനസ്സിലാവുന്നില്ല.....''

                ''ഇല്ല എനിക്കും മനസിലാകുന്നില്ല.'' സുരേന്ദ്രന്‍ വെറുതെ ചിരിച്ചു.

''ലോക്കറില്‍ സൂക്ഷിച്ചു വയ്ക്കാന്‍ എന്ത് അമൂല്യ സ്മാരകങ്ങളാണ് അച്ഛനുള്ളതാവോ?''                             രണദേവന്‍ ഫോണിലൂടെയാണ് പറയുന്നതെങ്കിലും അത് ശരിയാണെന്ന് തോന്നി.

''സുരേട്ടാ എല്ലാവരും വൈകാതെ തന്നെ എത്തും . ലോക്കറിലെ പുണ്യ വസ്തു  വലിയ വില പിടിച്ചതാണെങ്കില്‍ അതിനും ഇനി തര്‍ക്കം വല്ലതും ഉണ്ടാകുമോ എന്റെ കല്ലിലമ്മേ..

                ''അതെന്താ രണദേവ ..... തര്‍ക്കം ഇതിനുമുമ്പുണ്ടായോ..?''

''ഉണ്ടായോന്ന് അച്ഛന്‍ സുരേട്ടനെ മനപ്പൂര്‍വ്വം അറിയിക്കാതിരുന്നതാ... മുകളിലെ ഈ ഉത്തരം കണ്ടോ ....അതുവരെ പകുത്താണ് ആധാരങ്ങള്‍  അറിയ്യോ... കട എനിക്കാണെങ്കില്‍ ലാഭത്തില്‍ പകുതി മൂത്ത ചേച്ചിക്കാണ്.സുരേട്ടാ .......  രണദേവനില്‍ ഒരു നൊമ്പരം.''

                സുരേന്ദ്രന്‍ സിംഹളന്റെ സ്വന്തം മക്കളെക്കുറിച്ചു തന്നെ ചിന്തിച്ചു പോയി.ഒരാള്‍ക്ക് പോലും അച്ഛന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല.

                ഒരു ചായക്കട കൊണ്ട് ഒരുപ്രസ്ഥാനവും ആ പ്രസ്ഥാനം കൊണ്ട് ഒരു ഭരത് കഫേയും ഉണ്ടാക്കുക നാട്ടുകാരുടെ ചിന്തകളെ നര്‍മ്മ  ഭാവനയോടെ തന്നോടൊപ്പം കൊണ്ടു പോവുക. വായനശാലയിലൂടെ കലാ സാഹിത്യ രംഗങ്ങള്‍ നാടകങ്ങള്‍, കഥകളി ഓട്ടന്‍ തുള്ളല്‍ അങ്ങിനെ എന്തെല്ലാം. ....

                സുരേന്ദ്രന്‍ വീട്ടിലേക്ക് നടക്കുന്ന വഴിയെല്ലാം ആ ചിന്തയിലായിരുന്നു. ഒരു നാടാകുന്ന ഒരു മനുഷ്യന്‍.

                പായല്‍ പിടിച്ച മതില്‍ക്കെട്ടും മുറ്റവും കടന്നു ചെല്ലുമ്പോള്‍ മറ്റൊരു പായല്‍ പോലെ മുഷിഞ്ഞ അമ്മൂട്ടി എന്ന  സുമതി.

                ''സിംഹളനെ കാണാതായപ്പോള്‍ ഏട്ടന്‍ എത്തുമെന്ന് കരുതി. പിന്നെ രണ്ടുപേരും ഒന്നിച്ചല്ലാതെ കാണാതാകാനും വഴിയില്ലല്ലോ എന്നും തോന്നി.''

സുമതി ചിരിക്കുന്നു.

                അമ്മയുടെ വാക്ചാതുരി തന്നേക്കാള്‍ കിട്ടിയിട്ടുള്ളത് സുമതിക്കാണെന്നും സുരേന്ദ്രന്‍ സുരേന്ദ്രന്‍ ഓര്‍ത്തു.

                ''വില്‍പത്രോ, നിധിയോ ഒക്കെ സുരേട്ടനെ ഏല്‍പ്പിച്ചേച്ചാ സിംഹളന്‍ മുങ്ങിയതെന്നാ മുരൡയട്ടന്‍ ഇവിടെ പറയുന്നത്. .. ശരിയാണോ...?''

                അവള്‍ മുറി തുറന്ന് ഫാനിട്ട് സുരേന്ദ്രന് മാറിയുടുക്കുവാന്‍ മുണ്ടു കൊടുത്ത് മാറിനിന്ന് പിന്നെയും ചിരിച്ചു. ആ ചിരിയില്‍ അമ്മയുടെ ഒരു വിദൂര ഛായ സുരേന്ദ്രന്‍ കണ്ടു.

                ''ഉം.. അതേടി .. നിന്റെ നായര് മുരളി പറഞ്ഞത് ശരിയാ ..എന്റെ അച്ഛനേക്കാള്‍ എന്നെ വിശ്വാസം സിംഹളാനായത് എന്തുകൊണ്ടാണെന്ന് അമ്മയ്ക്കറിയാമായിരുന്നു. നിന്നോട് അമ്മ അത് പറയാതെ പോയി. എങ്കിലും എന്നോട് പറഞ്ഞിട്ടാ പോയത് . അമ്മ മാത്രമല്ല. അച്ഛനും.

                സുമതി ചുണ്ട് കോട്ടി.

                ''ഉം ...  ഞാന്‍ ഒന്നും പറയുന്നില്ലേ... വന്ന് കുളിക്ക് വിശ്രമിക്ക്... അവിടത്തെ വിശേഷങ്ങള്‍ പറയ്.... പോയവരൊക്കെ പോയില്ലെ ? ... അവര്‍ക്ക് അവരുടെ ന്യായങ്ങള്‍ ചേട്ടന് ചേട്ടന്റെയും. ഞാനതിലൊന്നും പറയാനില്ല വാ...

                അവള്‍ ചിരിച്ച് അകത്തേക്ക് നടന്നു.

                സുരേന്ദ്രന്‍ അമ്മ തന്റെ ഉറക്കത്തിനായി ഒരുക്കിയ പാല്‍പ്രയോഗം ഓര്‍ത്ത് സുമതിയുടെ പിന്നാലെ നടന്നു.

                എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഇപ്പോഴും എവിടെയോ ഇരുന്ന് അമ്മ തന്നെ നോക്കുന്നതുപോലെ.  താന്‍ കാണാതെ എന്നാല്‍ തന്നെ കാണാന്‍ ഇന്നും അന്നു പറഞ്ഞ വാചകത്തോടെ.

                ''ഞാനല്ല എന്റെ നായരാണ് പട്ടാളത്തില് ...ഞാനേ.. താനൊക്കെ പറയാറുള്ളതുപോലെ പെണ്ണാ ... ഗോമതി എന്ന പെണ്ണ്......''

                എത്രയോ നാളുകള്‍ ആ വാക്കുകള്‍ ദഹിക്കാതെ കിടന്നു. ഏറെ വൈകിയാണ്  ആ വാചകങ്ങള്‍ പലതായി ചിന്നി ചിതറിയതും രൂപ പരിണാമങ്ങള്‍ വന്ന് അര്‍ത്ഥങ്ങള്‍ ഏറി ഉള്ളില്‍ നിറഞ്ഞതും.

                വാചകങ്ങള്‍ പരിണമിക്കുക.

                ഗോമതി അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. കാരണം ഞങ്ങളുടെ ക്ലാസില്‍ യഥാര്‍ത്ഥത്തില്‍ ഏക ആണ്‍കുട്ടി അവളായിരുന്നു.

അമ്മ പാല്‍തന്ന് ഉറക്കുമായിരുന്ന മുറിയില്‍ അലസമായി കിടക്കുമ്പോഴും സിംഹളനെക്കുറിച്ചായിരുന്നു ചിന്ത. എത്രയെത്ര മുഖങ്ങളാണ് ഒരു ജന്മത്തില്‍ ഒരു മനുഷ്യന് അണിയാന്‍ കഴിയുക ?

                സര്‍വ്വെക്കല്ലിന്റെ കോണ്‍ട്രാക്ടറായി നാടുകള്‍ ചുറ്റുമ്പോള്‍ സിംഹളന്‍ മറ്റൊരു വ്യക്തിയായി മാറും.

                അന്നാളുകളിലാണ് സിംഹളന്‍ ചേട്ടന്‍ ബ്രാണ്ടിയും ചാരായവും മാത്രമല്ല കള്ളും കുടിക്കുമെന്ന് മനസ്സിലായത്. നല്ല കള്ള് കിട്ടുന്ന ഉള്‍ഗ്രാമങ്ങളിലെ ഷാപ്പുകള്‍ പാടത്തിന്‍കരയിലും പുഴയോരത്തും ഉള്ള ഷാപ്പുകള്‍ എല്ലാം സിംഹളനറിയാം. പകലന്തിയോളം നടപ്പിനിടയില്‍ എല്ലാം പരിചിതമാണ്.

                ഒരു ഷാപ്പില്‍ നിന്നും ഒരു ഗ്ലാസ്സ് . അന്ന് ഗ്ലാസ്സ് വിരളമാണ്. കവടിയുള്ള കോപ്പ അല്ലെങ്കില്‍ മണ്‍ചട്ടി. കള്ളു ചെത്തുന്നതു തന്നെ അന്ന് ചുരയ്ക്കാ തൊണ്ടിലാണ്. അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.

                ഒരു കോപ്പ കള്ളും ഒരു കറിയും. കറി സുരേന്ദ്രനാണ്. ഷാപ്പിലെ കറിക്ക് പ്രത്യേക രുചിയാണ്. എരിവും.

                ''നീയിപ്പോള്‍ കുടിക്കണ്ടാ ചിലപ്പോള്‍ എന്‍ജിനീയറോ..., സൂപ്പര്‍വൈസറോ വരുമ്പോള്‍ നീ വേണം സംസാരിക്കാന്‍ ... അതുമാത്രമല്ല പുതിയ ശീലങ്ങള്‍ ഉണ്ടാകുന്നത് നല്ലതല്ല. എന്നും.....''

കോപ്പ ചുണ്ടിനോടടുപ്പിച്ച് പറയും.

                ''നീ കുടിച്ചു പഠിക്കുന്നത് ഒരുകണക്കിന് എനിക്ക് നല്ലതാണ്. എന്താണെന്നറിയോ?''

                അറിയില്ലെന്ന് സുരേന്ദ്രന്‍ തലയാട്ടി.

                ''എനിക്ക് വയസ്സായി ഇരുപ്പിലാകുമ്പോള്‍ എന്റെ 56 ല്‍ ഒരു മകനായതുകൊണ്ട്  നീ ഒരുകുപ്പി വാങ്ങിച്ചുതരും...... എനിക്ക് ധൈര്യമായി ചോദിക്കാം.''

                കറിതൊട്ട് നാക്കില്‍ വച്ച് സിംഹളന്‍ സുരേന്ദ്രനെ നോക്കി ചിരിച്ചു.

                ''എന്നാല്‍ മദ്യം കുടിക്കാത്ത മകന്‍ കുടിക്കുന്ന അച്ഛന് മദ്യം വാങ്ങിക്കൊടുക്കില്ല അറിയാമോ.... പക്ഷേ എന്നാലും നീ കുടിച്ചുപഠിക്കണ്ട....

ആ തത്വ ശാസ്ത്രം വളരെ ശരിയാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എന്തു കൊടുത്താലും മദ്യം കൊടുക്കുവാന്‍ തനിക്കോ വാങ്ങുവാന്‍ സിംഹളനോ ഒരിക്കലും തോന്നാറില്ല.

എന്നാല്‍ ബാക്കിയുള്ളവര്‍ വാങ്ങിച്ചുകൊടുക്കുമ്പോള്‍ സിംഹളന്‍ നിരസിക്കാറില്ല.

 ''കണ്ടോടാ....കണ്ടോടാ....56 ന്റെ ഗുണം.'' സിംഹളന്‍ ഉറക്കെ ചിരിക്കും.

                ഓര്‍മ്മകള്‍ കയങ്ങള്‍ പോലെയാണ്. ചിലപ്പോഴെല്ലാം കെട്ടിനിന്നു പോകും ഒഴുകാന്‍ ഒരു പഴുതുമില്ലാതെ

                യാത്രപറയുമ്പോഴും സുമതിയുടെ കൊള്ളിവാക്കു വന്നു.

                ''മഹേശ്വരി ചേച്ചിയേയും മക്കളേയും ഞങ്ങള്‍ കണ്ടുവെന്നു കരുതി സിംഹളന്‍ പിണങ്ങത്തൊന്നുമില്ല. ചേട്ടനവരേയും കൊണ്ടു വരാമായിരുന്നു. ഒന്ന് കാണാന്‍ ആഗ്രഹിച്ചിട്ടാണ്. അതും നമ്മുടെ രക്തമല്ലേ....?''

                വാക്കുകളില്‍ ആത്മാര്‍ത്ഥതയില്ലെന്നും വഴിപാടാണെന്നും സുരേന്ദ്രനറിയാം എങ്കിലും പറഞ്ഞു.

                ''മക്കളൊക്കെ വെളിയിലാണെന്നു നിനക്കറിയാലോ പിന്നെയുള്ളത് പേരക്കുട്ടികളാണ്. അവര്‍ യാത്ര ചെയ്യാറാവട്ടെ അവധിക്കാലം വരട്ടെ കൊണ്ടുവരാം...''

നടയിറങ്ങി നടക്കുമ്പോള്‍ സുമതിയെ തിരിഞ്ഞുനോക്കിയില്ല. അമ്മയുടെ ഒരുവിദൂരഛായ അവളിലിരുന്ന് തന്നെ നോക്കി ചുണ്ട് കോട്ടി ചിരിക്കുന്നതു പോലെ ഒരു തോന്നല്‍. വേഗം നടന്നു.

ഏഴ്

                ബാങ്കില്‍ പോകുവാന്‍ രണദേവന്‍ എല്ലാവരേയും വിളിച്ചിരുന്നു. പക്ഷെ വന്നത് വിരലില്‍എണ്ണാവുന്നവര്‍ മാത്രം. 56 ല്‍ ഒന്നോ രണ്ടു പേര്‍ മാത്രം.

മീനം കോട്ടയിലെ ഹരിയും കഴുവേറ്റംമോളത്തെ മോഹനനും പറഞ്ഞത് സത്യമാണെന്നും തോന്നി.

                ''ഇതൊക്കെ സിംഹളനാശാന്റെ തമാശയാണെന്നാണെനിക്കു തോന്നുന്നത്. ...ഈ ഒളിച്ചോട്ടം തന്നെ ഒരു നാടകം ആണെന്നേ.... കണ്ടോ ... ഇപ്പോള്‍ എങ്ങിനെയുണ്ടെടാ കഴുവേറികളെ എന്റെ ഐഡിയ ..എന്നും ചോദിച്ച് പെട്ടെന്ന് പ്രത്യക്ഷനാകും കണ്ടോ..''

                പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല.

ബാങ്ക് മാനേജര്‍ പുന്നയംകാരന്‍ വിശ്വനാഥപണിക്കരായിരുന്നു. 56 ല്‍ ഒന്നല്ലെങ്കിലും സിംഹളനെയും സുരേന്ദ്രനേയും പരിചയമുള്ള ഒരാള്‍ .

                ''സി. ഗോപാലന്‍ ഈ ലോക്കര്‍ എടുത്തതല്ലാതെ സ്ഥിരമായി അത് കൈകാര്യം ചെയ്യാറില്ല...''

                താക്കോലും മാനേജര്‍ ഉറപ്പുവരുത്തുകയും തുറക്കാന്‍ സൗകര്യം ചെയ്ത്  ക്യാബിനിലേക്ക് പോവുകയും ചെയ്തു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി പേടകങ്ങള്‍ തുറക്കുന്നതിന്റെയത്ര ആശങ്കാകുലമായ ഒരാകാംക്ഷ ഉണ്ടായിരുന്നു എല്ലാവരിലും.

                അതുകൊണ്ടാണ് പവിത്രതയോടെ ലോക്കര്‍ സുരേന്ദ്രന്‍ തുറന്നത്. സുരേന്ദ്രന്‍ തുറക്കുന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടായിരുന്നില്ല താനും.

                ഇവിടെയും സിംഹളന്‍ ഗോപാലന്‍ എന്ന സി. ഗോപാലന്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നു.

ലോക്കറില്‍ കണ്ട സ്ഥാവര ജംഗമങ്ങളാണ് അവരെ അമ്പരിപ്പിച്ചത്. എന്നാല്‍ സുരേന്ദ്രനില്‍ ഒരു ചിരി മാത്രം നുരഞ്ഞു.

                കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒരു പഴയ  പതിപ്പ് വളരെ പഴക്കം ചെന്നതാണത്. ഒരു പാനസോണിക്കിന്റെ ആദ്യകാല ടേപ്പ് റെക്കോര്‍ഡര്‍ ഒരു ചെക്ക്‌ലീഫും.

                സുരേന്ദ്രന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തിരിച്ചും മറിച്ചും നോക്കി. ഇത് താന്‍ എന്നോ സിംഹളനെ വായിച്ചുകേള്‍പ്പിക്കുവാന്‍ സിംഹളന്‍ തന്നെ വാങ്ങിച്ച് ഒരിക്കല്‍ തന്നെ ഏല്‍പ്പിച്ചതാണ്. മുഴുവന്‍ വായിച്ചു കേട്ടിരുന്നുവോ ഓര്‍ക്കുന്നില്ല.

                പാനസോണിക് ടേപ്പ് റിക്കാര്‍ഡറിന് ഒരുപാട് കഥകള്‍ ഉണ്ട് പറയുവാന്‍. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകള്‍ കഥകളി പദങ്ങള്‍ സന്യാസിമാരുടെയും രാഷ്ട്രീയ നേതാക്കളായ ഇ.എം.എസ് , എ.കെ.ജി, പി.ജി തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ എല്ലാം അതില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഏതോ പത്രവാര്‍ത്ത വായിക്കുന്ന സുരേന്ദ്രന്റെ ശബ്ദവും ഉണ്ടായിരുന്നു അതില്‍. മക്കളും അമ്പത്തിആറില്‍ വന്നെത്തിയവരും ഇഛാഭംഗത്തിലാണെന്ന് സുരേന്ദ്രനു തോന്നി. അവര്‍ എന്തൊക്കെയോ മോഹിച്ചിരുന്നുവോ.?

                സുരേന്ദ്രന്റെ പേരെഴുതിയ ചെക്ക് ലീഫാണ്  അവരെ ഏറെ അലോസരപ്പെടുത്തിയത്. അതും എത്ര തുക വേണമെങ്കിലും എഴുതിയെടുക്കാവുന്ന ഒരു ബ്ലാങ്ക് ചെക്ക്. സിംഹളന്റെ ചതുരവടിവുള്ള ഒപ്പുണ്ടായിരുന്നു അതില്‍. ഹിന്ദിയും മലയാളവും ചേര്‍ന്ന ഒരൊപ്പ്

                ''ഇത് നിങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും എടുക്കാം മാനിഫെസ്റ്റോയോ, ചെക്കോ, പാനസോണിക്കോ എന്തുവേണമെങ്കിലും...

                അവര്‍ഒന്നും മിണ്ടിയില്ല അച്ഛനീ കുന്നായ്മ  പതിവാണെന്നവര്‍ക്കറിയാമായിരുന്നു.വെറുതെ സമയം കളഞ്ഞു. കനപ്പെട്ടത് എന്തെങ്കിലും ഉണ്ടാകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അതിന്റെ നിരാശയും സുരേന്ദ്രനോടുള്ള നീരസം സ്ഫുരിക്കുന്ന ഗൗരിയുടെ വാക്കുകളില്‍തുടിച്ചു.

                ''ഇത് സുരേട്ടനും അച്ഛനും ചേര്‍ന്നുളള ഒരു ഒത്തുകളിയാണ്.  അല്ലാതെഞങ്ങള്‍ക്കാര്‍ക്കും തരാതെ സുരേട്ടനുമാത്രം താക്കോല്‍ അയയ്ക്കുക. ചെക്ക് പേരെഴുതി വയ്ക്കുക. എന്നിട്ടൊരു നാടകം...''

അവളും ഭര്‍ത്താവും വേഗത്തിലാണ് പടിയിറങ്ങിയത് രണ ദേവനൊഴികെ മറ്റാര്‍ക്കും വ്യത്യാസം ഉണ്ടായിരുന്നില്ല. അവരും മുറുകിയ മുഖങ്ങളോടെ ബാങ്കിന്റെ പടിയിറങ്ങിയത്. സുരേന്ദ്രന്‍ ഒരു ആത്മ നിന്ദയോടെ നോക്കിനിന്നു. ആര്‍ക്കും മാനിഫെസ്റ്റോയോ, പാനസോണിക്കിലെ ഭരണിപ്പാട്ടോ വേണ്ടിയിരുന്നില്ല.

''സുരേട്ടന്‍ വിഷമിക്കണ്ട. ടേപ്പ് റിക്കാര്‍ഡറും മാനിഫെസ്റ്റോയും അച്ഛന്റെ ഓര്‍മ്മയ്‌ക്കെന്ന പോലെ ഞാന്‍ സൂക്ഷിച്ചോളാം..... എന്നെങ്കിലും ഒരുനാള്‍ വന്ന് ചോദിച്ചാലോ.......''

                സുരേന്ദ്രന്‍ മൗനമായി അവ രണദേവനു കൈമാറി. ചെക്ക്‌ലീഫ് അവര്‍ക്ക് പ്രയോജനമില്ല. എന്താവാം സിംഹളന്‍ ഗോപാലന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക ? എന്തിനായിരിക്കാം സ്വന്തം മക്കളെ വിട്ട് കേവലം 56 ല്‍ ഒന്നായ തന്റെ പേരില്‍എഴുതിയത്? അതും തുകയെഴുതാതെ. മക്കള്‍ അറിയരുത് എന്നാഗ്രഹിക്കുന്ന ഉദ്ദേശം ഉണ്ടാകാം ''രണദേവ  എനിക്കൊന്നും മനസ്സിലാവുന്നില്ല.'' സുരേന്ദ്രന്‍ ആശയക്കുഴപ്പത്തിലായി.

രണദേവനില്‍ ഒരു വിളറിയ ചിരി ഉണ്ടായി.

                ''അച്ഛന്‍ ഞങ്ങള്‍ക്കെല്ലാം അര്‍ഹമായത് തന്നു. സുരേട്ടന് ഒന്നും തന്നില്ലല്ലോ. നിങ്ങളാണ് സുരേട്ടാ അച്ഛന്റെ യഥാര്‍ത്ഥ മകന്‍ മാത്രമല്ല മനസാക്ഷിയും.''

സുരേന്ദ്രന്‍ ഒട്ടൊരു അത്ഭുതത്തോടെ രണദേവനെ നോക്കി. സിംഹളനെ മനസിലാക്കാന്‍ ശ്രമിച്ച ഒരേ ഒരു മകന്‍ രണദേവനാണെന്നു തോന്നി.

''രണദേവ ഒന്നു നിന്നേ'' സുരേന്ദ്രന്‍ ഒരാലോചനയോടെ വിളിച്ചു.

                ''ആ മാനിഫെസ്റ്റോ ഒന്നു തന്നേ ... നോക്കട്ടെ..''

പെട്ടെന്നൊരു വെളിപാടുപോലെ സുരേന്ദ്രന്‍പറഞ്ഞു. മാനിഫെസ്റ്റോയ്ക്ക് ചുരുളഴിക്കാന്‍ കഴിഞ്ഞേക്കും .വിചാരിച്ചതു പോലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഈര്‍പ്പം നിറഞ്ഞ പേജുകള്‍ക്കിടയില്‍ ഒരു കുറിപ്പുണ്ടായിരുന്നു. സുരേന്ദ്രന്‍ അതു വായിച്ചു.

                ''പട്ടാളശങ്കരന്റെ മകനും 56 ല്‍ ഒന്നുമായ എന്റെ പ്രിയ സുരേന്ദ്ര.. എന്നായാലും നീയി ലോക്കര്‍ തുറക്കുമെന്നും അതിലുള്ളത് കാണുമെന്നും എനിക്കറിയാം. ഇഷ്ടമുണ്ടെങ്കില്‍ മാനിഫെസ്റ്റോയും ടേപ്പ് റിക്കാര്‍ഡറും നീ സൂക്ഷിക്കുക ചിലപ്പോള്‍ വീണ്ടും പഴയകാലങ്ങള്‍ പുനര്‍ജനിച്ചാലോ...?

ബ്ലാങ്ക് ചെക്കില്‍ നീ ഭയപ്പെടേണ്ട ഒരുപാട് തുകയൊന്നും ഉണ്ടാവില്ല. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം കാരണം ഈ അക്കൗണ്ടില്‍ നീയാണ് എന്റെ നോമിനി. അപ്പോള്‍ ഞാന്‍ മരിച്ചാലും നിനക്കേ കിട്ടുകയുള്ളു കേട്ടോടാ...

നിനക്കറിയാവുന്നതുപോലെ മക്കള്‍ക്കെല്ലാം ഞാന്‍ പകുത്ത് കൊടുത്തിട്ടുണ്ട് നീയും എന്റെ പിറക്കാതെ പോയ മകനാണല്ലോ. നിനക്കിപ്പോള്‍ പൈസയ്ക്ക് ആവശ്യമില്ല എന്നെനിക്കറിയാം

എന്നെങ്കിലും എന്റെ കണ്ണടയുമ്പോള്‍ ഞാനിവിടെ ജീവിച്ചിരുന്നുഎന്നതിന് ഒരു തെളിവ്       ഒരു ഓര്‍മ്മപ്പെടുത്തല്‍. പ്രതിമയൊന്നും വേണ്ട.. ശിലാഫലകവും വേണ്ട. .. അല്ലാതെ നമ്മുടെ ഗ്രന്ഥശാലയും നമ്മുടെ എസ്.എന്‍ ചേട്ടന്‍ പണിത സ്‌കൂളുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒന്ന്  നിന്നെപ്പോലെ നിന്റെ അടുത്ത തലമുറയും ഓര്‍ക്കാനായി എന്തെങ്കിലും''

                കത്തങ്ങനെ ചുരുങ്ങാതെ നീണ്ടുപോയി. സുരേന്ദ്രന്റെ കൈയിലിരുന്ന് ആ കടലാസ് തുണ്ട് വിറച്ചു.സിംഹളന്‍ ഗോപാലന്‍എന്ന മനുഷ്യന്‍ തന്നെ സ്പര്‍ശിക്കുന്നതു പോലെ ഒരു തേന്നല്‍.

                രണദേവനില്‍ ഒരു മന്ദസ്മിതം .

                ''അതെ ജീവിച്ചിരുന്നുഎന്നതിന് ഒരു തെളിവ്. ആധാറും ഐഡിയും   ഒന്നുമല്ല ..... സ്വന്തമക്കളോ, സുരേട്ടനേപ്പോലുള്ളവരോ പോരാ... ജീവിക്കുന്ന ആത്മാവുള്ള എന്തോ ഒന്ന് ..ശരിയാ.. അങ്ങനെ ഒന്ന് വേണം സുരേട്ടാ....''

രണദേവനില്‍ ഒരു തിളക്കം.

                ''പക്ഷെ എനിക്കെന്തോ പേടിയാവുന്നു രണദേവ.... ഇപ്പഴേ ഇങ്ങനെ അറം പറ്റുന്നതു പോലെ എഴുതുകാന്ന് വച്ചാല് .. എവിടെയോ മറഞ്ഞിരുന്നുകൊണ്ട് നമ്മെകാണുന്നതുപോലെ എനിക്ക് തോന്നിപ്പോകുവാ....''

രണദേവന്‍ സുരേന്ദ്രന്റെ കൈപിടിച്ചു. പേടിക്കണ്ട എന്നു പറയുന്നതുപോലെ.

്ബാങ്കില്‍ നിന്നും രണദേവനോടൊപ്പം ഇറങ്ങിയപ്പോഴാണ് സുരേന്ദ്രന്  പരിചിതമല്ലാത്ത ഒരു നമ്പരില്‍ നിന്നും ഫോണ്‍വന്നത്.

സിംഹളന്‍ആയിരിക്കുമോ ?

                ''ഹലോ ആരാണ്'' ?

                ''സുരേന്ദ്രന്‍ അല്ലേ'' എന്നാണ് ചോദ്യമെന്ന് രണദിവേ ഊഹിച്ചു. കാരണം ഉത്തരം അതെ സുരേന്ദ്രനാണ് എന്നായിരുന്നു.

                ഏറെ നേരം ഫോണില്‍ ചെവിചേര്‍ത്ത് മൗനമായി നിന്ന സുരേന്ദ്രനെ അല്പം അസഹ്യതയോടെ രണദേവന്‍ നോക്കി. കടയില്‍ തിരക്കേറുന്ന സമയമാണ്. പണിക്കാരെക്കൊണ്ടോ ഭായിമാരെക്കൊണ്ടോ മാത്രം കാര്യം നടക്കില്ല. മാത്രമല്ല അച്ഛന്റെ നര്‍മ്മമൊന്നും തനിക്കില്ല താനും.

                ''എന്താ സുരേട്ടാ.. ആരാണ്?''

                സുരേന്ദ്രനില്‍ ഒരാശങ്ക കണ്ടു.

                ''രണദേവ നീ ചേട്ടനോടും ചേച്ചിയോടുമൊന്നും പോകല്ലെ എന്നുപറയ്.''

                ''എന്തേയ്'' ?

                ''അച്ഛന്‍വരുന്നുണ്ട് എന്ന് ഒരുമണിക്കൂറിനുള്ളില്‍ എത്തുമെന്ന് .''

''ഇപ്പോ എന്തായി എവിടുന്നാ വിളിച്ചത് ...അച്ഛന്‍ തന്നെയാണോ പറഞ്ഞത്....''          

 ''അല്ല മറ്റാരോ ആണ്

                സുരേന്ദ്രന് വിയര്‍പ്പ് പൊടിയുന്നതുപോലെ തോന്നി.

രണദേവന്‍ സന്തോഷ വാര്‍ത്ത സഹോദരങ്ങളെ അറിയിക്കുവാനായി വീണ്ടും ഫോണിലേക്ക് തിരിയുകയും സുരേന്ദ്രനോടൊപ്പം വേഗത്തില്‍ കടയിലേക്ക് നടക്കുകയും ചെയ്തു.

എട്ട്

വൈകിയെത്തിയ ട്രെയിനില്‍ കയറി പഴയതുപോലെ മടക്കയാത്രയിലും സൈഡ് സീറ്റും ബര്‍ത്തും കിട്ടിയതില്‍ സുരേന്ദ്രന് ആദ്യമായി സന്തോഷം തോന്നി.

മനസ്സ് ശുദ്ധശൂന്യവും അപ്പൂപ്പന്‍ താടിപോലെ ഘനശൂന്യവും  ആയതുപോലെ.!

പിന്നിലേക്ക് മായുന്ന അങ്കമാലിയും ചാലക്കുടിയും എല്ലാം മനസ്സിനെ തൊടുന്നതുമില്ല. യാദൃശ്ചികങ്ങളുടെ കൂമ്പാരമാണ് ജീവിതം എന്ന് എത്രയോ തവണ തനിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. ഇന്നലെയും അത് തെളിയിക്കുക ആയിരുന്നല്ലോ.

                തങ്ങളെ മണ്ടന്മാരാക്കി പൊട്ടന്‍ കളിപ്പിച്ച അച്ഛന്‍ മാസങ്ങള്‍ക്കുശേഷം തിരിച്ചുവരുന്നു എന്ന്  കേട്ടിട്ടും രണദേവന്‍ ഒഴികെ ആര്‍ക്കും സന്തോഷം ഒന്നും തോന്നിയില്ല.

                ''ഞങ്ങളെന്തിനാ നില്‍ക്കുന്നത് ?ഇനി വേറെ നിധിയൊന്നും തുറക്കാനില്ലല്ലോ ഉണ്ടോ?''

                ഗൗരിക്കായിരുന്നു ഏറെ കലിപ്പ്. ''അഥവാ ഉണ്ടെങ്കില്‍ തന്നെ സുരേട്ടനും അച്ഛനും കൂടി തുറന്നാല്‍ മതിയല്ലോ രണദേവനും കൂടും.'' ഇന്ദിരയും ഗൗരിയെ പിന്താങ്ങി.

സുരേന്ദ്രന് പത്തനാപുരം ഗാന്ധി ഭവനില്‍ നിന്നും ഫോണ്‍ വന്നതിനാലായിരുന്നു അവ്യക്തത. സിംഹളന്‍ ഗോപാലന്‍ സ്വന്തം നാട്ടിലേക്ക് വീട്ടിലേക്ക് വരുന്നു  എന്നറിയിക്കേണ്ട ബാധ്യത അവര്‍ക്ക് എന്താണ് .? സിംഹളന്‍ ചേട്ടന്റെ തീര്‍ത്ഥാടനം അങ്ങോട്ടായിരുന്നിരിക്കുമോ ? ഒന്നും മനസ്സിലാവുന്നില്ല.

                രണദേവന്‍ സഹോദരങ്ങളെ ശാന്തരാക്കി. ''ഏതായാലും ഇത്രയും ആയില്ലെ ? അച്ഛന്‍ വന്നിട്ടേ പോകാവു എന്നു പറഞ്ഞു സുരേട്ടനോട്... നിങ്ങളോടും  പറയാന്‍ പറഞ്ഞു അല്ലെ സുരേട്ടാ...''

                ''അതെ അല്പം കൂടി ക്ഷമിക്ക് ...അച്ഛന്‍ വരട്ടെ വരാതിരിക്കില്ല. എന്തിനായിരുന്നു ഈ വേഷം കെട്ടല്‍ എന്നൊക്കെ നേരിട്ട് ചോദിക്കാലോ.?''

                മനസ്സില്ലാ മനസ്സോടെയാണ് ഭാരത് കഫേയോടനുബന്ധിച്ചുള്ള രണദേവന്റെ വീട്ടിലേക്ക് അവര്‍ നടന്നത്.  

                സുരേന്ദ്രന്‍ മാത്രം വഴിക്കണ്ണുമായി എന്ന പോലെ ഏതോ മുഹൂര്‍ത്തം തേടി ആശങ്കയോടെ നിന്നു. മനസ്സില്‍ മാത്രം ദൈവത്തേയും വിളിച്ചുപോയി.

എന്നത്തേയും പോലെ ഇതും ഒരു പൊയ് വേഷം കെട്ടല്‍ ആയിരുന്നുവോ ?

                സുരേന്ദ്രന്‍ ആ നമ്പരിലേക്ക് ഒന്നു കൂടി വിളിച്ചു നോക്കി... ''ഹലോ.. നേരത്തെ എന്നെ വിളിച്ചിരുന്നല്ലോ സി. ഗോപാലന്റെ കാര്യം പറഞ്ഞ.്''    

                ''ഉവ്വ് സി ഗോപാലന്‍ കൂടാതെ ഒരു വിളിപ്പേരില്ലെ അദ്ദേഹത്തിന് .....'' ഫോണ്‍ ശബ്ദിച്ചു.

                ''സിംഹളന്‍ എന്ന വിളിപ്പേരുണ്ട് ... ഇപ്പോള്‍ ആള്‍ എവിടെയെത്തി. നിങ്ങള്‍ ആരെങ്കിലും കൂടെയുണ്ടോ?''

                ''കുറവിലങ്ങാട് കഴിഞ്ഞു. കൂടെ ഞങ്ങള്‍ ഉണ്ട്. പിന്നെ  സുരേന്ദ്രന്‍ നിങ്ങളല്ലേ .. നിങ്ങള്‍ അവിടെ ഉണ്ടാകണം എന്ന് സി. ഗോപാലന്‍ പറഞ്ഞിട്ടുണ്ട്... പിന്നെയും ചിലതുണ്ട്. അത്  വന്നിട്ട് പറയാം ...''അയാള്‍ ഫോണ്‍ വച്ചു.

സുരേന്ദ്രന്‍ വല്ലാതെ അസ്വസ്ഥനായി.

                എന്താണ് സിംഹളന്‍ ചേട്ടന്‍ സംസാരിക്കാത്തത്. ?

എത്രയോ ഡയലോഗുകള്‍ പറയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

കടയില്‍ ഉച്ചയൂണിന്റെ തിരക്കേറുന്നുവോ?

രണദേവന്‍ ശബ്ദമുയര്‍ത്തി ഭായിമാരെ ശാസിച്ചുകൊണ്ട് നടക്കുകയും ഇടയ്‌ക്കെല്ലാം സുരേന്ദ്രനെ നോക്കുകയും ചെയ്തു. പിടിച്ചു നിര്‍ത്തിയിരിക്കുന്ന മറ്റുമക്കളെ അച്ഛന്‍ മുഷിപ്പിക്കുമോ എന്ന പേടി ആയിരുന്നു ആ നോട്ടത്തില്‍ വരും വരും എന്ന് പറഞ്ഞ് വരാതിരുന്നാലോ..? സുരേന്ദ്രന്‍ കടയിലെ തിരക്കുതന്നെ അലക്ഷ്യമായി നോക്കി നിന്നു. സിംഹളന്റെ നല്ലകാലത്ത് ചരിത്രപ്രസിദ്ധമായിരുന്നല്ലോ ഭാരത് കഫേയിലെ ഊണ് ? മാത്രമല്ല മറ്റ് വിഭവങ്ങളും ഇല്ലായ്മയില്‍നിന്നും കറികള്‍ ഉണ്ടാക്കുവാന്‍ സിംഹളനല്ലാതെ ആര്‍ക്കും കഴിയില്ല. ചക്ക കൊണ്ട് പോലും ഇത്രയും വിഭവങ്ങള്‍ സ്വാദിഷ്ടമായി ഉണ്ടാക്കാന്‍ കഴിയുമെന്ന് അറിഞ്ഞതും അന്നാണ് ഓര്‍ത്തപ്പോള്‍ വെറുതെ ചിരി വന്നു.

                ''എടാ സുരേ കൈപ്പുണ്യം എന്നത് ദൈവീകമാണ്.''

                ''ദൈവീകമോ''?

                ''ആ ദൈവമല്ല. നളന്റെ ഒരുപാചക ദൈവമുണ്ടല്ലോ.... അത്...  നളപാചകം എന്ന് കേട്ടിട്ടില്ലേ നീയ്....''?

                ഉരുണ്ട് കളിച്ചാണെങ്കിലും തന്റെ പാചക നൈപുണ്യം വ്യക്തമാക്കുമായിരുന്നു സിംഹളന്‍ അത് ശരിയുമായിരുന്നല്ലോ. അതല്ലേ വിദൂരതയില്‍ നിന്നും ജനം തേടി എത്തിയത്. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്തെങ്കിലും നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്കുകള്‍ കഥകള്‍ അവര്‍ക്കും കിട്ടുകയും ചെയ്യുമായിരുന്നല്ലോ.

                വീണ്ടും ഒരിക്കല്‍ കൂടി സുരേന്ദ്രന്‍ ഫോണ്‍ കൈയില്‍ എടുത്തപ്പോഴാണ് അത് ശബ്ദിച്ചത്.

''ഹലോ സുരേന്ദ്രനാണ്.''

''ഞങ്ങള്‍ പെരുമ്പാവൂരെത്തി''

''ഇത്രവേഗമോ''

''അത് പിന്നെ ട്രാഫിക് ബ്ലോക്ക് ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഇവിടെ നിന്നും എങ്ങോട്ടാണ് തിരിയേണ്ടത്?''

 സുരേന്ദ്രന്‍ അന്തം വിട്ടുപോയി..

''അതിപ്പോള്‍ വഴിയറിയില്ലേ ? സിംഹളന്‍ ചേട്ടന്‍ കൂടെയുണ്ടല്ലോ...... അദ്ദേഹത്തിനറിയാലോ.''

''ഓ.. ശരിയാണല്ലോ ചോദിച്ചോളാം... ഉടന്‍ വരും..'' ഫോണ്‍ പെട്ടെന്നാണ് നിലച്ചത് .

സുരേന്ദ്രന്‍ മൊബൈലിലേക്കു തന്നെ തുറിച്ചു നോക്കി. സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നതിനും ഒരു നാടകീയ പരിവേഷം സിംഹളന്‍ ചേട്ടന്‍ ഒരുക്കുന്നത് എന്തിനാണ് .? പ്രായമാകുന്തോറും കോമാളിത്തം കുറയുകയല്ലേ ചെയ്യേണ്ടത്.? ജീവിതം തന്നെ വലിയൊരു കോമഡിയായി കാണുന്ന സിംഹളന്‍ ഏത് പ്രതിസന്ധിയേയും സ്വ യം വിദൂഷകനായി ചമഞ്ഞ് പരിഹാരം തേടുന്ന സിംഹളന്‍ ഗോപാലന്‍ ഇപ്പോഴും പൊറാട്ട് നാടകം ആവര്‍ത്തിക്കുകയാവാം എന്ന് സുരേന്ദ്രനു തോന്നി.

ഏതായാലും ഇതവസാനത്തേതാവണം. ഇനി ഇതാവര്‍ത്തിക്കരുത് എന്ന് വ്യക്തമാ ഉറപ്പ് സിംഹളന്‍ ചേട്ടനില്‍ നിന്നും വാങ്ങണം. എന്തെങ്കിലും ബുദ്ധിമുട്ട് ഇവിടെ നില്‍ക്കുന്നതിനുണ്ടെങ്കില്‍ തന്റെ കൂടെ തിരുപ്പൂരിലേക്ക് പോന്നോട്ടെ. എല്ലാവരേയും തീ തീറ്റുന്ന അജ്ഞാത വാസങ്ങള്‍ക്ക് അറുതി വരുമല്ലോ. സുരേന്ദ്രന്‍ ഒരുറപ്പിനായി സ്വയം ഉറപ്പിച്ചു. ട്രെയിനില്‍ തിരക്ക് ഏറിക്കൊണ്ടിരുന്നു. തലക്ക് കൈ കൊടുത്ത് ഫാനിലേക്ക് അലക്ഷ്യമായി നോക്കി കിടക്കുമ്പോള്‍ ''ഇതവസാനത്തേതായിരിക്കണം ആവര്‍ത്തിക്കുവാന്‍ അനുവദിക്കാന്‍ ആവില്ല ഒരുറപ്പ് വാങ്ങണം.'' എന്ന തന്റെ ചിന്ത എത്രയോ അറംപറ്റുന്നതായിരുന്നു. എന്നോര്‍ത്തുപോയി.   

                ഉറപ്പുമായിട്ടാണ് സിംഹളന്‍ വന്നതെന്ന് മനസ്സിലായത് സൈറനുമായി കിതച്ചെത്തി നിന്ന ആംബുലന്‍സും പിന്നാലെ എത്തിയ കാറും കണ്ടപ്പോഴാണ്.

                സുരേന്ദ്രന്‍ വിളറിപ്പോയി.. ഗാന്ധിഭവന്‍ പത്തനാപുരം അതായിരുന്നു ആംബുലന്‍സിന്റെ പേര്.

രണദേവന് ഇലകളില്‍ വിളമ്പുന്നതു നിര്‍ത്തേണ്ടി വന്നു കാരണം ഉണ്ണാനിരുന്നവരെല്ലാംആകാംക്ഷയോടെ എഴുന്നേറ്റു നിന്നു പോയി.

                ''ആരാ സുരേന്ദ്രന്‍ ?'' 

കാറില്‍നിന്നുമിറങ്ങിയ കണ്ണടവച്ച മധ്യവയസ്‌കനിലും അസ്വഭാവികമായ ധൃതി ഉണ്ടായിരുന്നു.

''ഞാനാണ് എന്താ കാര്യം ?''

അയാള്‍ ഒന്നും മിണ്ടാതെ സുരേന്ദ്രനേയും കൂട്ടി ആംബുലന്‍സിനേയും മറി കടന്ന് മുമ്പോട്ട് നടന്നു .

                രണദേവന്‍വല്ലാത്ത വേഗതയില്‍ പുറത്തേക്കോടി വന്നത് സുരേട്ടാ എന്നു വിളി ച്ചുകൊണ്ടാണ്. കടയില്‍ ഉണ്ടായിരുന്നവരെല്ലാം ആംബുലന്‍സിനെ വളഞ്ഞു നിന്നു . ആര്‍ക്കും ഒന്നും കാണാന്‍കഴിഞ്ഞില്ല ഡ്രൈവറെ അല്ലാതെ.

''സി. ഗോപാലന്‍ എവിടെ?''

ആംബുലന്‍സിലേക്ക് മധ്യവയസ്‌ക്കന്‍ ചൂണ്ടിക്കാണിച്ചു. ''മി. സുരേന്ദ്രന്‍ നിങ്ങളാണ് ധൈര്യം കാണിക്കേണ്ടത് . നിങ്ങള്‍ക്കാ ധൈര്യം ഉണ്ടാകും എന്നുറപ്പുള്ളതുകൊണ്ടാണല്ലോ എല്ലാക്കാര്യങ്ങളും നിങ്ങളെ ഏല്‍പ്പിക്കുവാന്‍ ഞങ്ങളെ പറഞ്ഞേല്‍പ്പിച്ചത്.''

സുരേന്ദ്രനില്‍ ഒരു വിറയല്‍ മാത്രമല്ലാതെ ശബ്ദം പുറത്തേക്കു വന്നതേയില്ല.

                കണ്ണട വച്ച മധ്യവയസ്‌കനും അയാളുടെ സഹായി എന്നു തോന്നുന്ന ചെറുപ്പക്കാരനും പറഞ്ഞതെല്ലാം ഒരു ജീവിത കഥയുടെ ക്ലൈമാക്‌സിലേക്കുള്ള സഞ്ചാര പഥം പോലെ സുരേന്ദ്രനു തോന്നി .

''ഞാന്‍ പത്മരാജന്‍ ഇത് സെക്രട്ടറി ബാബു. ഇയാള്‍ അടുത്ത നാട്ടുകാരനാണ്. കാര്യത്തിലേക്കുവരാം ഈ സി. ഗോപാലന്‍ എന്ന സിംഹളന്‍ രണ്ടാഴ്ച മുമ്പാണ് ഗാന്ധി ഭവനില്‍എത്തിയത്. വെറുമൊരു സൗഹൃദ സന്ദര്‍ശനം എന്നാണ് പറഞ്ഞത്. പിന്നെ ഗാന്ധി ഭവനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് എന്നു പറഞ്ഞു.  

മറ്റുള്ളവരില്‍നിന്ന് വളരെ വ്യത്യസങ്ങള്‍ ഉണ്ടായിരുന്നു ഈ സി. ഗോപാലന്

ലാഘവത്വം എന്തിലും. നര്‍മ്മം എല്ലാ വാക്കിലും അറിവ് എല്ലാ ചിന്തയിലും അങ്ങനെ ഒരു വ്യക്തിത്വം അപൂര്‍വ്വമാണ്. മി. സുരേന്ദ്രന് അറിയാമല്ലോ.. ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.''

സുരേന്ദ്രന്‍ വെറുതെ തലയാട്ടി.

''സന്തോഷത്തോടെ സംതൃപ്തിയോടെയാണ് കുറച്ചുദിവസം ഗാന്ധിഭവനില്‍ തങ്ങാന്‍ തീരുമാനിച്ചത്. വളരെ ഹാപ്പി ആയിരുന്നു ആള്‍ .

സംസാരത്തിലെല്ലാം നിങ്ങള്‍ ഒരു കഥാപാത്രമായി കടന്നുവരുമായിരുന്നു.''

സുരേന്ദ്രന്റെ കണ്ണുകള്‍ വല്ലാതെ പിടഞ്ഞു.

പത്മരാജന്‍ എന്ന മധ്യവയസ്‌കന്‍ പിന്നെ പറഞ്ഞതെല്ലാം സ്വകാര്യം പോലെ ശബ്ദം താഴ്ത്തി ആയിരുന്നു.

                ''ഇന്നലെ രാത്രിയാണ് മൈനര്‍ അറ്റാക്ക് വന്ന് ബോധം പോയത്. ഗാന്ധി ഭവനിലെ ഹോസ്പിറ്റലില്‍ തന്നെയാണ് ആദ്യം പ്രവേശിപ്പിച്ചത്.

                ''ബോധം തെളിഞ്ഞപ്പോള്‍ രണ്ടുകാര്യങ്ങളാണ് പറഞ്ഞേല്‍പ്പിച്ചത്. അത് മി.സുരേന്ദ്രനോട് മാത്രം പറയുവാനും പറഞ്ഞു ഏല്‍പ്പിച്ചിട്ടുണ്ട്.''

രണദേവന്‍ അപ്പോഴേക്കും  അടുത്തെത്തിയിരുന്നു. താളം തെറ്റിയ ഹൃദയമിടിപ്പോടെ. ചെറിയ ഇരമ്പല്‍ അല്ലാതെ അമ്പരപ്പിന്റെ നിശബ്ദത ആയിരുന്നു ചുറ്റും.

                ''ഒന്ന് മരണാനന്തര കര്‍മ്മങ്ങള്‍ ഒന്നും ചെയ്യരുത്, ഒരു കര്‍മ്മിയും പാടില്ല. രണ്ട് ചിതയ്ക്ക് തീ കൊളുത്തേണ്ടത് സുരേന്ദ്രനാണ്. മറ്റൊരു ആവശ്യവും ആ നാവില്‍നിന്നും വീഴുകയുണ്ടായില്ല.''

                രണ ദേവനില്‍ നിന്നും ഒരു തേങ്ങല്‍ പുറത്തുവന്നു. '' മി. സുരേന്ദ്രനെ കുറിച്ച് പറയുമ്പോഴെല്ലാം സുരേന്ദ്രന്‍ മകന്‍ ആണ് എന്നായിരുന്നു ഞങ്ങളുടെ ധാരണ. പക്ഷെ സി. ഗോപാലന്‍ തന്നെയാണ് തിരുത്തിയത്. മകന്‍ എന്നുപറഞ്ഞാല്‍ അവന്‍ ചെറുതായിപ്പോകും അതിനേക്കാള്‍ വലിയ ഒന്ന്.''

 

                സുരേന്ദ്രന് ഒട്ടും താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ആ വാക്കുകള്‍ .

                ''സുരേ... ഞാന്‍ മരിച്ചാല്‍ നീ വേണം കൊള്ളിവയ്ക്കാന്‍.''

                ''നടന്നതു തന്നെ മക്കള്‍ സമ്മതിക്കുമോ നാട്ടുകാര്‍ സമ്മതിക്കുമോ?''

                ''ആര്‍ക്കുവേണമെടാ അവരുടെ സമ്മതം.''

''ഉം... അതുപോകട്ടെ ... മരിച്ച ആള്‍ അറിയുന്നില്ലല്ലോ ആരാ കൊള്ളിവച്ചതെന്ന്...''

''പിന്നെ ഒരു കര്‍മ്മിയേയും എന്റെ ദേഹത്തിനടുത്ത് അടുപ്പിക്കരുത്.''

''മക്കള്‍ കര്‍മ്മിയെ കൊണ്ടുവന്നാലോ ?''

                ''വന്നാലോ... നീ പറയണം അവരോട് സ്വകാര്യമായി ..എന്റെ സമ്മതമില്ലാതെ എനിക്ക് കര്‍മ്മംചെയ്യുന്ന കര്‍മ്മിയെ ഞാന്‍ അറുകൊലയായി വന്ന് കഴുത്ത് ഞെരിച്ച് കൊല്ലും എന്ന് പറഞ്ഞേരെടാ... ജീവനില്‍ കൊതിയുള്ള കര്‍മ്മി പൊയ്‌ക്കോളും ...അല്ലാത്തവന്‍ അനുഭവിച്ചോളും.''

                അന്ന് ചിരിയാണ് വന്നതെങ്കില്‍ അതോര്‍ക്കുമ്പോള്‍ ഒരു തേങ്ങലാണ് സുരേന്ദ്രനെ പൊതിഞ്ഞത്.

                കാറില്‍ നിന്നും സിംഹളന്റെ ബാഗും കാലന്‍ കുടയും എല്ലാം പത്മരാജന്‍ പുറത്തെടുത്തുവച്ചു.

                ''ബോഡിയെവിടെ ഇറക്കണം?''

ആംബുലന്‍സ് ഡ്രൈവര്‍ തിരക്കേറുന്നതില്‍ അസ്വസ്ഥനായി  ചോദിച്ചു.

                രണദേവനാണ് വീട് ചൂണ്ടിക്കാണിച്ചത്. ആംബുലന്‍സ് മുറ്റത്തെത്തിയത് അറിഞ്ഞത് അലമുറ ഉച്ചത്തില്‍ കേട്ടപ്പോഴാണ്. ഗൗരിയുടെ ശബ്ദമാണ് വല്ലാതെ ഉയര്‍ന്നു കേട്ടത്. പത്മരാജന്‍ സുരേന്ദ്രന്റെ കൈപിടിച്ചു.

''മി. സുരേന്ദ്രന്‍ ഞങ്ങള്‍ക്ക് എല്ലാം കഴിയുന്നതുവരെ നില്‍ക്കണം എന്നുണ്ടായിരുന്നു. പക്ഷെ  അവിടെ ചില അത്യാവശ്യ കാര്യങ്ങള്‍ ഉണ്ട്. പോയേ മതിയാകു ....''

സുരേന്ദ്രന്‍ രണദേവനെചൂണ്ടി

ഇതാണ് മകന്‍.

''ഓ... സുരേന്ദ്രനോട് പറഞ്ഞിട്ടുണ്ട് അച്ഛന്റെ അന്ത്യാഗ്രഹം അത് മകന്‍ എന്ന നിലയില്‍ നടപ്പാക്കുക. ഇനിയൊന്നും ആവശ്യപ്പെടില്ലല്ലോ അച്ഛന്‍.''

                രണദേവന്‍ തലയാട്ടുകയും സുരേന്ദ്രന്റെ കൈയ്യില്‍ മുറുകെ പിടിക്കുകയും  ചെയ്തു

                ജീവനില്ലാത്ത നര്‍മ്മമില്ലാത്ത സിംഹളന്‍ എന്ന സി.  ഗോപാലനെ കാണുവാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല. അങ്ങനെയൊരു സിംഹളന്‍  ഗോപാലനെ സങ്കല്‍പ്പിക്കുന്നതുപോ ലും ആത്മഹത്യയ്ക്ക് തുല്യമാണ് എന്ന് സുരേന്ദ്രനു തോന്നി. ചിരിക്കുന്ന പരിഹസിക്കുന്ന ഭരണിപ്പാട്ട് കേള്‍ക്കുന്ന സിംഹളനായിരിക്കണം മനസ്സില്‍ എന്നും.

                ആരവങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും നിന്ന് ഒഴിഞ്ഞ് ചിതയൊരുക്കുന്നതുവരെ സുരേന്ദ്രന്‍ തലകുനിച്ചിരുന്നു. ഒന്നും മിണ്ടാതെ.

                ട്രെയിന്‍ വളരെ വേഗത്തിലാണ് കുതിക്കുന്നത്. സുരേന്ദ്രന്‍ മെല്ലെ  കണ്ണടച്ചു.

''എല്ലാ പുണ്യ തീര്‍ത്ഥാടനങ്ങള്‍ക്കും പോകുന്നത് മരണാനന്തരം മോക്ഷം കിട്ടാനല്ലേ ?... കമ്മ്യൂണിസത്തിലും തീര്‍ത്ഥാടനം അതല്ലേ?''

                വെറുതെ ശുണ്ഠിപിടിപ്പിക്കാനാണ് അന്നൊക്കെ ചോദിക്കുക.

''എടാ സുരേ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ആശ്വാസം തേടിയെത്തുന്നവരാണ് അധികവും.''

''ചേട്ടനും അതിനല്ലേ?''

                ''അല്ല. എടാ ആശ്വാസം തേടി എത്തുന്നവരെ കാണുന്നതും ഒരു ആശ്വാസമാണ്. ആശ്വസിക്കുവാന്‍  എന്തെങ്കിലും ഉണ്ടാകുന്നത് ഒരു ആശ്വാസമല്ലേ.?

ഒമ്പത്

                സിംഹളന്‍ തലയില്‍ തടവുന്നതുപോലെ. സില്‍ക്ക് ജുബ്ബയും ഭസ്മക്കുറിയും നരച്ച താടിയും പോറല്‍ വീണ കണ്ണടയും . ചിതയില്‍പോലും അതായിരുന്നില്ലേ?

''എടാ സുരേ...''

''എന്താ ചേട്ടാ...''

''എടാ കര്‍മ്മം ഒന്നും ഇല്ലാതെ ഞാന്‍ പോന്നതുകൊണ്ട് നിനക്കും വിഷമം തോന്നിയോ?

''എന്തിന്?''

''കൊള്ളി വച്ചപ്പോള്‍ നിന്റെ കൈവിറച്ചോടാ ?''

''എന്തിന് പറഞ്ഞേല്‍പ്പിച്ചതല്ലേ ?''

                ''ഉം....നീയാണ് ശരിക്കും എന്റെ മകന്‍...''

                വീണ്ടും ഒരു ചിരിയോടെ അകന്നുപോകുന്ന സിംഹളന്‍ ഗോപാലന്‍. സുരേന്ദ്രന്‍ ഞെട്ടി ഉണര്‍ന്നു. ഒരുപാട് ഉറങ്ങിയതുപോലെ ഒരു തോന്നല്‍.

                പാലക്കാട്  കഴിഞ്ഞിരിക്കുന്നു.

ജീവിതം എന്നത് കൊടുക്കല്‍ വാങ്ങലുകളുടെ ലഘുഗണിതങ്ങള്‍ മാത്രമല്ല. അതിലുപരി നിര്‍വ്വചിക്കാനാവാത്ത ചില ബന്ധങ്ങളുടെ ബന്ധനങ്ങള്‍ കൂടിയാണ്. നിര്‍വചനം ഇല്ലാത്ത ബന്ധങ്ങള്‍.

 

         

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image