സാക്ഷി, ദൃക്‌സാക്ഷി

മാങ്ങാട് രത്‌നാകരന്‍

കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ (1939-2020) ഓര്‍മ്മയായി. രാഷ്ട്രീയവും സാംസ്‌കാരികവുമായ മേഖലകളിലെ ചരിത്രം എണ്ണപ്പെട്ട ഫോട്ടോകളിലൂടെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചാണ് പുനലൂര്‍ രാജന്‍ യാത്രയായത്.

വീട്ടുകാരുടെയും വിരുന്നുകാരുടെയും സ്വന്തം നഗരമാണ് കോഴിക്കോട്. സത്യത്തിന്റെ നഗരം എന്ന പേരുകേട്ട കോഴിക്കോടിന്റെ ചരിത്രം തുടങ്ങിയതുതൊട്ട് ഇന്നുവരെ. വിരുന്നുകാരനെന്ന വ്യാജേന വന്ന ഗാമയും തുടര്‍ന്നുവന്ന ശീമയും കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗം. സമീപഭൂതകാലത്തിലെ കോഴിക്കോടന്‍ സാംസ്‌കാരികലോകത്തിലേക്ക് വിരുന്നുകാരായി വന്ന് വീട്ടുകാരായി മാറിയ നിരവധി പേരുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, എം.ടി.വാസുദേവന്‍ നായര്‍, പട്ടത്തുവിള കരുണാകരന്‍. ആ നിരയിലെ പ്രധാനപ്പെട്ട ഒരു പേരാണ് പുനലൂര്‍ രാജന്‍. കോഴിക്കോടന്‍ ജീവിതത്തിന്റെ ദൃശ്യചരിത്രകാരന്‍. പുനലൂരില്‍ നിന്ന് കോഴിക്കോട്ടെത്തിയതോടെ പുനലൂര്‍ രാജന്റെ ജീവിതംതന്നെ  മാറിമറിഞ്ഞു.

പുനലൂര്‍ രാജന്‍: ഞാന്‍ മധ്യതിരുവിതാംകൂറിലെ ഏറ്റവും സമ്പന്നമായ, എന്നല്ല, അതിസമ്പന്നമായ ഒരു കുടുംബത്തില്‍പ്പെട്ട ആളാണ്. വള്ളികുന്നത്താണ് അമ്മ ഈശ്വരിയുടെ വീട്. അച്ഛന്‍ ശ്രീധരന്‍ ശൂരനാട്ടുകാരന്‍. അച്ഛന്റെ അച്ഛന്‍ കൊല്ലത്ത് മുണ്ടക്കല്‍. മുണ്ടക്കലാശാന്മാര്‍ എന്നുപറയും. മുണ്ടക്കല്‍ വീട്ടുപേരായിരുന്നു. ഇന്നിപ്പോള്‍ ദേശത്തിന്റെ പേരാണ്. ബാക്ഗ്രൗണ്ട് ഹിസ്റ്ററിയൊക്കെ നോക്കിക്കഴിഞ്ഞാല്‍ 'ഉണ്ണിനീലിസന്ദേശ'വുമൊക്കെയായി ബന്ധമുള്ള കുടുംബമാണ്. എന്റെ അപ്പൂപ്പന്‍ മാധവനാശാന്‍ സംഗീതം പഠിക്കാന്‍ തഞ്ചാവൂരില്‍ പോയതാ. തിരിച്ചുവന്ന് നാട്ടില്‍ ഒരുപാട് സംഗീതക്കച്ചേരികള്‍ നടത്തി. അങ്ങനെ, എന്റെ അമ്മൂമ്മയെ കല്യാണം കഴിച്ചു, അവര്‍ ശൂരനാട്ടുകാരിയാണ്. പുനലൂരില്‍ ഒരു പാട്ടുകച്ചേരിക്ക് പോയി, അവിടെ ഒരു കല്യാണം കൂടി കഴിച്ചു. അതില്‍ മക്കളൊന്നുമില്ലായിരുന്നു. എന്റെ അമ്മയുടെ വീട് വള്ളികുന്നത്ത്, ഒരുപാട് കൃഷിഭൂമിയൊക്കെയുള്ള കുടുംബം. അവരില്‍ ഒരാള്‍, കോട്ടുകോയിക്കല്‍ പത്മനാഭന്‍ ശ്രീമൂലം അസംബ്ലി മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ സഹോദരനോ കസിനോ ആണ് എന്റെ അമ്മയുടെ അച്ഛന്‍. ചുരുക്കിപ്പറഞ്ഞാല്‍, വലിയ ഫ്യൂഡല്‍ സെറ്റപ്പിലുള്ള കുടുംബം. ഞാനൊക്കെ പഠിക്കുന്ന കാലമാവുമ്പോഴേക്കും നശിച്ചു നാനാവിധമായി. ശൂരനാട് സമരം കഴിഞ്ഞപ്പോള്‍, ആ നാട്ടില്‍ താമസിച്ചിരുന്ന ഒറ്റ കുടുംബം എന്റെ അച്ഛന്റെ കുടുംബമേയുള്ളൂ. കാരണം, അച്ഛന് അത്രയും സ്വാധീനമുണ്ടായിരുന്നു. ബാക്കിയുള്ളവരെ മുഴുവന്‍ പോലീസ് അടിച്ചോടിച്ചു. അച്ഛന്‍ സ്വത്ത് നോക്കിയില്ല. പാവങ്ങള്‍ക്കു കൊടുത്തും ധൂര്‍ത്തടിച്ചും മറ്റും കളഞ്ഞു. ഞാന്‍ പഠിക്കാന്‍ തുടങ്ങുമ്പോള്‍ ജീവിക്കാന്‍ വളരെ പ്രയാസപ്പെട്ടു. കാമ്പിശ്ശേരി കരുണാകരന്‍ എന്റെ ഇളയച്ഛനാണ്. കാമ്പിശ്ശേരിയുമായുള്ള അടുപ്പംകൊണ്ടാണ് ഇങ്ങനെയൊക്കെ വഴിമാറിവന്നത്. അച്ഛന്‍ നല്ലകാലത്ത് ഒരു റോളിഫ്‌ളെക്‌സ് ക്യാമറ വാങ്ങിച്ചിരുന്നു. അതില്‍ ഫോട്ടോ എടുത്ത് എടുത്ത് നല്ല താല്പര്യമായി. കാമ്പിശ്ശേരി അന്ന് 'ജനയുഗ'ത്തിന്റെ എഡിറ്റര്‍ കൂടിയാണ്. 'ജനയുഗ'ത്തിനായി ഫോട്ടോകള്‍ എടുക്കാന്‍ പറഞ്ഞു. അച്ചടിച്ചു കണ്ടപ്പോള്‍ വളരെ സന്തോഷമായി. പിന്നെ അത് ജീവിതമാര്‍ഗ്ഗമായി മാറി.

പുനലൂര്‍ രാജന്‍ മോസ്കോയില്‍

കലയിലും ഫോട്ടോഗ്രാഫിയിലും കമ്യൂണിസത്തിലുമായിരുന്നു പുനലൂര്‍ രാജന്റെ ജ്ഞാനസ്‌നാനം. ഫോട്ടോഗ്രാഫിയോടൊപ്പം സിനിമാട്ടോഗ്രാഫിയും. അതും മോസ്‌കോയിലെ അന്നത്തെ ലോകോത്തരമായ ഓള്‍ യൂണിയന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫിയില്‍. ഐസന്‍സ്റ്റീനും പുഡോവ്കിനും പഠിപ്പിച്ച, താര്‍കോവ്‌സ്‌കിയും സൊകുറോവും പഠിച്ച അതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍.

പുനലൂര്‍ രാജന്‍: അന്ന് സോവിയറ്റ് യൂണിയനില്‍ ബ്രഷ്‌നേവിന്റെ കാലഘട്ടമായിരുന്നു. ഇന്ത്യ എന്നുപറഞ്ഞാല്‍ അവരുടെ ഒരു പോക്കറ്റുമാതിരിയായിരുന്നല്ലോ. പിന്നെ ചൈനയുമായിട്ടുള്ള അകല്‍ച്ച വന്നതോടുകൂടിയാണ് ഇന്ത്യയിലെ കമ്യൂണിസത്തില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നത്. തീവ്രവാദികള്‍ ചൈനയോടൊപ്പം നിന്നു.

ഞാന്‍ സോവിയറ്റ് യൂണിയനില്‍ ഉള്ളപ്പോള്‍ തന്നെ  അവിടത്തെ സാധാരണ ജനങ്ങള്‍ തൃപ്തരൊന്നുമല്ല.  സ്റ്റാലിന്റെ മട്ടിലുള്ള ഭരണം തിരിച്ചുവരുമെന്ന് അവര്‍ക്കു പേടിയുമുണ്ടായിരുന്നു. സ്റ്റാലിന്റെ കാലത്തു കൂട്ടക്കൊലയാണു നടന്നത്. എന്റെ കൂടെപ്പഠിച്ച ഒരാള്‍, ക്ലാസ്സിലെ മുറിയില്‍ തൂക്കിയിരുന്ന സ്റ്റാലിന്റെ ഫോട്ടോ കുത്തിവരച്ച് കീറിക്കളഞ്ഞതിനു ഞാന്‍ സാക്ഷിയാണ്. എന്തിനാടോ ഇത് ചെയ്തത് എന്നുചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, എന്റെ കുടുംബത്തിലെ എത്രയാളുകളെ ഇയാള്‍ ശരിപ്പെടുത്തിയിട്ടുണ്ടെന്നറിയ്യ്വോ എന്നാണ്. അങ്ങനെ പ്രതികാരബുദ്ധിയുള്ള നിരവധി ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ഗോര്‍ബച്ചേവ് വന്നതുകൊണ്ട് വീണ്ടും കൂട്ടക്കൊല ഇല്ലാതെ രക്ഷപ്പെട്ടു.

മോസ്‌കോയില്‍ നിന്ന് മടങ്ങുമ്പോള്‍ ബോളക്‌സ് പൈലാര്‍ഡ് 16 എം.എം.സ്വീഡിഷ് ക്യാമറയും തോളത്തുണ്ടായിരുന്നു. വ്യക്തികളും മുഹൂര്‍ത്തങ്ങളും ആ ക്യാമറ ഒപ്പിയെടുത്തു.

പുനലൂര്‍ രാജന്‍: ഞാന്‍ ഇതിന്റെ വാല്യു മനസ്സിലാക്കുന്നത് സോവിയറ്റ് യൂണിയനില്‍ വച്ചാണ്. ചരിത്രരേഖകള്‍ അവര്‍ പ്രിസെര്‍വ് ചെയ്ത് സൂക്ഷിക്കുന്ന രീതി അത്ഭുതകരമാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ ദൃശ്യങ്ങള്‍, രണ്ടാം ലോകമഹായുദ്ധത്തിന്റെയൊക്കെ വിശദമായ ദൃശ്യങ്ങള്‍. നമ്മുടെ മുന്നില്‍ യുദ്ധം  കാണിച്ചുതരുകയാണ്. ക്യാമറയുമായിട്ട് യുദ്ധരംഗത്തേക്ക് ആളുകളെ വിട്ടിരിക്കുകയാണ്. ചരിത്രത്തിന്റെ രേഖയല്ലേ. അതുവഴിയാണ് സോവിയറ്റ് യൂണിയന്‍ യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ചത്.

വിദ്യാര്‍ത്ഥി ആയിരിക്കെ സാഹിത്യരചനയ്ക്ക് സമ്മാനമായി കിട്ടിയ ബാല്യകാലസഖി എന്ന നോവലിലൂടെയാണ് ബഷീറുമായുള്ള അക്ഷരസൗഹൃദം തുടങ്ങുന്നത്. 1963-ല്‍ ജോലി കിട്ടി കോഴിക്കോട്ടു വന്നതോടെ അത് ആത്മസൗഹൃദമായി വളര്‍ന്നു. രാജന്‍ ബഷീറിനെ ഒപ്പിയെടുത്തു, ഒരായിരം തവണ.

ബഷീറും ഷാഹിനയും

രാജന്‍: ബഷീറിന്റെ ഫോട്ടോ എത്ര തവണ എടുത്തു എന്നു കണക്കാക്കാന്‍ കഴിയില്ല. ബഷീറിനെ സാഹിത്യകാരന്‍ എന്നുമാത്രം വിശേഷിപ്പിച്ചുകൂടാ. അതിലുപരി ഒരു മനുഷ്യനായിരുന്നു, മനുഷ്യസ്‌നേഹിയായിരുന്നു. ആ മനസ്സിന്റെ ദയ, സ്‌നേഹം, വലിപ്പം. അന്യന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ കഴിവുള്ളവനെ മാത്രമേ നല്ല മനുഷ്യനെന്നുപറയാന്‍ പറ്റൂ.

ജിയാകോമെറ്റിക്ക്, കാര്‍തിയെ-ബ്രസ്സനും, സത്യജിത് റായിക്ക്, നിമായ് ഘോഷും പോലെയായിരുന്നു ബഷീറിന് രാജന്‍. ഫോട്ടോ എടുത്തെടുത്താണ് തന്റെ സുന്ദരമുഖം തേഞ്ഞുപോയതെന്ന ബഷീറിന്റെ കുസൃതി കാര്യമായെടുത്താല്‍ മുഖ്യപ്രതിയെ മറ്റെങ്ങും തെരഞ്ഞുപോകേണ്ട!

പുനലൂര്‍ രാജന്‍: ബഷീറിനെ ഞാന്‍ ബേപ്പൂരിലുള്ള വൈലാലില്‍ വീട്ടില്‍ പോയി കണ്ടത് ടി.ദാമോദരന്‍ മാഷുടെ കൂടെയാണ്. മാഷ് അന്ന് ബേപ്പൂര്‍ സ്‌കൂളിലാണ്. ബഷീറിനെ കണ്ടു. വളരെ സന്തോഷം, തിരുവിതാംകൂറുകാരനാണ് അല്ലേ, എന്തായാലും നമുക്ക് ഒരു കൂട്ടുകാരായല്ലോ, അങ്ങനെ തമാശയൊക്കെ പറഞ്ഞു. പിന്നീട് പല പല കാര്യങ്ങളും. ബഷീര്‍ വളരെ ജോളിയായിട്ട് കഴിയുന്ന കാലമാണ്. ആഘോഷത്തോടുകൂടി നടക്കുന്ന കാലം.

ബഷീറിന്റെ പ്രശസ്തമായ കഠാര ഇപ്പോള്‍ പുനലൂര്‍ രാജന്റെ കൈയിലാണ്. വിഭ്രാമകമായ ഒരു ജീവിതസന്ദര്‍ഭത്തിനുശേഷം ആ കഠാര കൈയില്‍ വയ്ക്കാന്‍ ബഷീര്‍ താല്പര്യപ്പെട്ടില്ല. എങ്കിലും ഉപേക്ഷിക്കാന്‍ വയ്യ. തന്റെ പ്രിയപ്പെട്ട രാജന് അതു കൈമാറുകയായിരുന്നു.

പുനലൂര്‍ രാജന്‍: ശരിക്കും ഈ കഠാര വി.അബ്ദുള്ളയുടെ ഫാദര്‍ പോക്കര്‍ സാഹിബിന്റേതാ.  അബ്ദുള്ള സാഹിബിന്റെ വീട്ടില്‍ ബഷീര്‍ ഊണു കഴിക്കാന്‍ ചെന്നപ്പോള്‍ ബഷീറിന് എടുത്തുകൊടുത്തിട്ട് ഇത് തുറക്കാമെങ്കില്‍ ബഷീറിന് എടുക്കാമെന്ന് പറഞ്ഞു. ബഷീര്‍ അപ്പോള്‍ തന്നെ ലോക്ക് റിലീസ് ചെയ്ത് തുറന്നു. അങ്ങനെ ബഷീറിന്റെ കൈയില്‍ വന്നു. ബഷീര്‍ ഇതുംകൊണ്ടേ പിന്നെ നടക്കാറുള്ളു. നിര്‍മ്മാല്യത്തില്‍ പി.ജെ.ആന്റണിയുടെ കയ്യിലിരുന്ന് ഈ കഠാര അഭിനയിച്ചിട്ടുണ്ട്.

തകഴി ശിവശങ്കരപ്പിള്ള എന്ന കര്‍ഷകനായ വിശ്വസാഹിത്യകാരനെ കോട്ടിലും സ്യൂട്ടിലും ചിത്രീകരിക്കാന്‍ പുനലൂര്‍ രാജന് മോസ്‌കോയില്‍ വച്ച് അവസരം കിട്ടി. തകഴിയോടൊപ്പം മോസ്‌കോയിലും കുട്ടനാട്ടിലും ചെലവഴിച്ച മുഹൂര്‍ത്തങ്ങള്‍ ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഇന്നും ശോഭിക്കുന്നു.

തകഴിയുടെ പ്രശസ്ത ചിത്രം

രാജന്‍: തകഴി വരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് അടക്കാനാവാത്ത സന്തോഷമുണ്ടായി. ഞാന്‍ മോസ്‌കോയില്‍ ഒറ്റപ്പെട്ടു കഴിയുകയല്ലേ? ഞാന്‍ അദ്ദേഹത്തിനെ കൊണ്ടുനടന്നു. എന്റെ കൂടെ ലാറ്റിനമേരിക്കന്‍ സ്റ്റുഡന്റ് ഒരുത്തനുണ്ടായിരുന്നു, ദാനിലോ കാസ്സോ, യുവസാഹിത്യകാരന്‍. അവനെയൊക്കെ പരിചയപ്പെടുത്തി, അവനു സന്തോഷമായി. തകഴിക്കും വളരെ സന്തോഷമായി. തകഴി അന്ന് അവിടെ വന്നപ്പോള്‍ അദ്ദേഹത്തെ കൊണ്ടുനടന്ന് ഞാന്‍ എടുത്ത ഫോട്ടോകളൊക്കെ എന്റെ കയ്യിലുണ്ട്. തകഴി സ്യൂട്ടും കോട്ടും ഇട്ട ഫോട്ടോ ഒക്കെ ഞാന്‍ എടുത്തു സൂക്ഷിച്ചു. കുറച്ചു ഫിലിം തകഴിക്ക് കൊടുത്തുപോയി. അതുകൊണ്ട് അവ നഷ്ടപ്പെട്ടു. തകഴിയുടെ സാഹിത്യലോകം വളരെ അത്ഭുതമായിട്ട് തോന്നിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരന്‍ തകഴിയാണെന്നേ ഞാന്‍ പറയൂ. അദ്ദേഹത്തിന്റെ സാഹിത്യപ്രപഞ്ചമുണ്ടല്ലോ അതിന്റെ ഒരു റേഞ്ച് അസാധാരണമാണ്. തകഴിയെ സര്‍വദേശീയ തലത്തില്‍ അംഗീകരിച്ച് കാണേണ്ടതാണ്. പക്ഷേ അതിനൊക്കെ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും താല്പര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഏതൊക്കെ കൃതികളാണ്! അധികമൊന്നും വേണ്ടല്ലോ, ചെമ്മീന്‍ മാത്രം മതിയല്ലോ. പിന്നീട് രാഷ്ട്രീയതലത്തിലുള്ള രണ്ടിടങ്ങഴി പിന്നെ, ഒരു കര്‍ഷകന്റെ ആ മനഃസ്ഥിതിയല്ലേ ....മനുഷ്യന്റെ മനസ്സ് അറിഞ്ഞ് മനസ്സിലാക്കിയിട്ടേ അദ്ദേഹം എഴുതിയിട്ടുള്ളു.

എസ്.കെ.പൊറ്റക്കാട്ടിന്റെ മധുരവും സൗമ്യവുമായ സാമീപ്യം, ജ്ഞാനപീഠലബ്ധിയെത്തുടര്‍ന്ന് കോഴിക്കോട് നഗരം നല്കിയ സ്വീകരണം, എസ്.കെയുടെ മറുപടി പ്രസംഗം, 'സുന്ദരികളെയും സുന്ദരന്മാ'രെയും സൃഷ്ടിച്ച ഉറൂബിന്റെ തലപ്പൊക്കം. അന്ന് 38 കാരനായിരുന്ന ഇന്നത്തെ ഏകാന്ത വൃദ്ധന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഉറൂബില്‍ നിന്നും 'സ്മാരകശിലകള്‍' എന്ന നോവലിനുള്ള സാഹിത്യഅക്കാദമി അവാര്‍ഡ് സ്വീകരിക്കുന്നത് -എല്ലാം രാജന്റെ ചലനദൃശ്യങ്ങളില്‍ കൗതുകത്തോടെ നാം കാണുന്നു. എം.ടി.വാസുദേവന്‍ നായര്‍ എഴുപതുകളില്‍ ഊര്‍ജ്ജസ്വലനായ എഴുത്തുകാരനായി ബഷീറിനോടുപോലും പഞ്ച പിടിച്ച് വിരാജിച്ചകാലം. മാധവിക്കുട്ടി ഡാവിഞ്ചിയുടെ മോണാലിസയെപ്പോലെ-ഇതെല്ലാം നിശ്ചലദൃശ്യങ്ങളിലും.

മാധവിക്കുട്ടി   പുനലൂര്‍ രാജന്‍റെ കണ്ണുകളില്‍ മോണോലിസയായി ...

രാജന്‍: ബാലാമണിയമ്മയുടെ ഫോട്ടോ എടുക്കാന്‍ ചെന്നതാണ്. കോഴിക്കോട് ചേവായൂരിലെ ബാങ്കോക്ക് ഹൗസില്‍. അപ്പോള്‍ മാധവിക്കുട്ടിയും അവിടെയുണ്ട്. ബാലാമണിയമ്മ ലളിതമായ ഖദര്‍ വസ്ത്രത്തില്‍ വന്നുനിന്നു. എന്തോ ഒരു പ്രത്യേക തേജസ്സ് അവരിലുണ്ട്. ഞാന്‍ മൂന്നാലു ഫോട്ടോ എടുത്തു. മാധവിക്കുട്ടിയുടെ കൂടുതല്‍ ഫോട്ടോ എടുത്തു. ഞാന്‍ ചോദിച്ചു, ഇത് ജനയുഗം ആഴ്ചപ്പതിപ്പിന്റെ കവറായിട്ട് ഉപയോഗിക്കുന്നതില്‍ വിരോധമുണ്ടോ? അങ്ങനെ ചോദിക്കാന്‍ കാരണം, അവരുടെ അച്ഛന്‍ വി.എം.നായര്‍ ആ സമയത്ത് മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടറല്ലേ! കൊടുത്തോളൂ, ഞാന്‍ ജനയുഗത്തില്‍ കഥ എഴുതുന്നതല്ലേ, എന്നായിരുന്നു മറുപടി.

സുകുമാര്‍ അഴിക്കോടിന്റെ സാഗരഗര്‍ജ്ജനം നിശ്ചല-ചലന ദൃശ്യങ്ങളില്‍. ലളിതാംബിക അന്തര്‍ജ്ജനം, എന്‍.പി.മുഹമ്മദ്, കെ.എം. മാത്യു, കെ.പി.എസ്.മേനോന്‍, മണ്‍മറഞ്ഞ എഴുത്തുകാര്‍ നമുക്കൊപ്പം, ജീവനോടെ.

കോഴിക്കോട്ടെ ജീവിതത്തിനിടയില്‍ അത്യപൂര്‍വ്വമായ മുഹൂര്‍ത്തവും പുനലൂര്‍ രാജന്‍ ഒപ്പിയെടുത്തു. ഇന്ത്യന്‍ കായികരംഗത്തെ മഹത്തായ ഒരു താരോദയത്തിന് സാക്ഷിയാകുന്ന ദൃശ്യം. ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പി.ടി.ഉഷ സമ്മാനമണിഞ്ഞ മുഹൂര്‍ത്തം. ഉഷയുടെ കായിക ജീവിതത്തില്‍തന്നെ വഴിത്തിരിവായിരുന്നു ആ മുഹൂര്‍ത്തം. 

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ പലരെയും പുനലൂര്‍ രാജന്‍ പകര്‍ത്തുന്നത് ചരിത്രപുരുഷന്മാരെ ചലനചിത്രത്തില്‍ ഒപ്പിയെടുക എന്നതോടൊപ്പം തന്നെ അവരോടുള്ള സ്‌നേഹവും ആരാധനയും മൂലമായിരുന്നു. ഇന്ന് നാലഞ്ചു പതിറ്റാണ്ടുകള്‍ക്കുശേഷം ഈ ഫൂട്ടേജുകള്‍ അമൂല്യമായ ചരിത്രരേഖയായി മാറുന്നു.

ഇ എം എസ് -വികാരനിര്‍ഭരമായ ഒരു നിമിഷം

രാജന്‍: നേതാക്കളുമായി ഒരു ഡിസ്റ്റന്‍സ് കീപ്പ് ചെയ്തിരുന്നു, കാരണം, അവരോടൊക്കെ വലിയ റെസ്പക്റ്റ് ഉണ്ടായിരുന്നല്ലോ. അവരൊക്കെ നമ്മുടെ ആദര്‍ശപുരുഷന്മാരാണല്ലോ എന്നൊരു തോന്നല്‍. പക്ഷേ, നമ്മളുടെ എന്തു കാര്യവും അവര്‍  ശ്രദ്ധിക്കുകയും ചെയ്യും. അതായിരുന്നു അവര്‍. എസ്.കുമാരന്‍, കെ.സി.ജോര്‍ജ്, എം.എന്‍.ഗോവിന്ദന്‍ നായര്‍, സി.അച്യുതമേനോന്‍, എന്‍.ഇ.ബാലറാം, പി.കെ.വാസുദേവന്‍ നായര്‍ അങ്ങനെ പലരും.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പഥികരിലൊരാളായ കെ.സി.ജോര്‍ജ്, വിപ്ലവത്തീപ്പൊരിയായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍, സന്ന്യാസത്തില്‍ നിന്നും കമ്യൂണിസത്തിലേക്ക് വന്ന എന്‍.ഇ.ബാലറാം. ആദ്യകാല നേതാവും കേരളമുഖ്യമന്ത്രിയുമായിരുന്ന സി.അച്യുതമേനോന്‍ വേദിയിലും ഓഫീസിലും വീട്ടിലും അങ്ങനെ വിപുലമാണ് പുനലൂര്‍ രാജന്‍ 16 എം.എമ്മിലെടുത്ത ദൃശ്യങ്ങള്‍.

പുനലൂര്‍ രാജന്‍: അച്യുതമേനോന്റെ ലൈവ് രത്‌നാകരന്‍ തന്നെ ടെലികാസ്റ്റ് ചെയ്തതല്ലേ? പാര്‍ട്ടിക്കാര്‍ക്ക് ഇതെല്ലാം എവിടെന്നെങ്കിലും കൊണ്ടുവരാന്‍ പറ്റുമോ? എവിടെന്നെങ്കിലും ഒരു കഷണം?

മരണത്തിലേക്ക് .പ്രൊഫസര്‍ കെ എന്‍ എഴുത്തച്ചന്റെ അന്ത്യനിമിഷങ്ങള്‍- 1

മരണത്തിലേക്ക് .പ്രൊഫസര്‍ കെ എന്‍ എഴുത്തച്ചന്റെ അന്ത്യനിമിഷങ്ങള്‍- 2

മരണത്തിലേക്ക് :പ്രൊഫസര്‍ കെ എന്‍ എഴുത്തച്ചന്റെ അന്ത്യനിമിഷങ്ങള്‍- 3

വ്യക്തികളും പുനലൂര്‍ രാജന്റെ നിശ്ചലദൃശ്യങ്ങളില്‍ മിഴിവോടെ ജീവിക്കുന്നു. മഹാപണ്ഡിതനായിരുന്ന ഡോ.കെ.എന്‍.എഴുത്തച്ഛന്റെ അന്ത്യശ്വാസം പകര്‍ത്തിയ മുഹൂര്‍ത്തം പുനലൂര്‍ രാജന് ഇപ്പോഴും ഉള്‍ക്കിടിലമുണ്ടാക്കുന്നു. എടുക്കേണ്ടിയിരുന്നില്ല എന്നു തോന്നിയ ഒരേയൊരു ചിത്രപരമ്പര ഇതാണെന്ന് പുനലൂര്‍ രാജന്‍ പറയുന്നു.

തിരുവണ്ണൂരിലെ 'സാനഡു'വില്‍ നിന്ന് പുനലൂര്‍ രാജന്‍ പുറത്തിറങ്ങുന്നത് അപൂര്‍വം. കുബ്ലാഖാന്റെയും മാന്ത്രികനായ മാന്‍ഡ്രേക്കിന്റെയും 'സാനഡു'പോലെ ഒരു സങ്കല്പ ഭൂമികയാക്കി മാറ്റുകയാവുമോ? വീട്ടിന്റെ പിന്നില്‍ ഒരുനൂറ്റാണ്ടിലേറെ പ്രായമുള്ള മദ്രാസ് മുല്ല പന്തലിച്ചുനില്‍ക്കുന്നു. മുറ്റത്തോടു ചേര്‍ന്ന വളപ്പില്‍ ബഷീറിലൂടെ നാട്ടില്‍ പ്രശസ്തമായ മാങ്കോസ്റ്റിന്‍. പുനലൂര്‍ രാജന് ഫോട്ടോഗ്രാഫിയോട് ഇപ്പോള്‍ തികഞ്ഞ വിരക്തി. അതിനു കാരണവുമുണ്ട്.

പുനലൂര്‍ രാജന്‍: എനിക്ക് ആരോടും ഞാന്‍ ചെയ്തതിന് പ്രതിഫലം ചോദിക്കാന്‍ പറ്റില്ല. വല്ല പത്രക്കാരും എടുത്ത് പ്രസിദ്ധീകരിച്ചാലോ വല്ലപ്പോഴും എന്തെങ്കിലും തന്നാല്‍ അത് വാങ്ങുക എന്നല്ലാതെ നമ്മള്‍ ചെയ്ത ജോലിക്ക് ഇത്ര കാശ് പ്രതിഫലം വേണമെന്ന് ഡിമാന്‍ഡ് ചെയ്യാന്‍ എന്നെകൊണ്ട് പറ്റില്ല, അതിന്റെ ആവശ്യവുമില്ല. മാത്രവുമല്ല, നമുക്ക് താല്‍പര്യമുള്ള സബ്ജക്റ്റ് വേണ്ടേ? ഇപ്പോള്‍ ഫോട്ടോഗ്രാഫിയും മാറിപ്പോയി. ഇപ്പോള്‍ ഡിജിറ്റല്‍ ക്യാമറ വേണ്ടേ. നല്ലൊരു ഡിജിറ്റല്‍ ക്യാമറ വേണമെങ്കില്‍ കുറഞ്ഞത് ഒരു വണ്‍ ലാക് റുപ്പീസ് വേണം. എന്ത് കാര്യത്തിനാ? ഇപ്പോള്‍ ഫോണ്‍ മതിയല്ലോ, ഫോട്ടോയെടുക്കാന്‍.

പൊതുവേ പത്രപ്രവര്‍ത്തകര്‍ ചോദിക്കാറുള്ള വിഡ്ഡിത്തം നിറഞ്ഞ ഒരു ചോദ്യം വിടപറയാന്‍ നേരത്ത് യാത്രികന്‍ എടുത്തിട്ടു. വേണ്ടത്ര അംഗീകാരം കിട്ടിയില്ലെന്ന് തോന്നുന്നുണ്ടോ? നിലംപരിശാക്കുന്ന മറുപടിയാണ് ഉണ്ടായത്.

പുനലൂര്‍ രാജന്‍: ഞാന്‍ എടുത്തുവച്ചിട്ടുള്ള സാധനങ്ങളുടെ മൂല്യം എനിക്കു നന്നായറിയാം. ഇന്നിപ്പോള്‍ മലയാള സാഹിത്യത്തിലെ വലിയ എഴുത്തുകാരുടെ ഫോട്ടോകള്‍ ലോകത്തിനു കാണിക്കണമെങ്കില്‍ ഇവിടെയല്ലാതെ വേറെ എവിടെയാണുള്ളത്? അതില്‍ ഞാന്‍ സെല്‍ഫ് സാറ്റിസ്‌ഫൈഡാണ്. 

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image