കഥ

                                   വിഭ്രാന്തികള്‍ പൂക്കുമ്പോള്‍

                                        ഡി ജയകുമാരി

നഗരത്തിലെ  പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ശിവകുമാറിനെ കാണാന്‍ ഊഴവും കാത്ത് അവള്‍ ഇരിക്കുമ്പോഴാണ് ദുഃഖത്താല്‍ വിറങ്ങലിച്ച മുഖവും മുഷിഞ്ഞ വസ്ത്രവുമിട്ട അയാള്‍ കയറി വന്നത്. 

അവളിരുന്ന കസേരയുടെ അരികില്‍ ഒരു കസേര അപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അയാള്‍ ആ കസേരയില്‍ വന്നിരുന്നിട്ട് അവളെ നോക്കി പുഞ്ചിരിച്ചു. 

ഡോക്ടര്‍ വരാന്‍ വൈകിയപ്പോള്‍ അയാള്‍ ഉറക്കത്തിലേക്ക് വീഴുകയും ഇടയ്ക്കിടെ കണ്ണു തുറന്ന് നോക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. കൂടക്കൂടെ അയാള്‍ അവളുടെ ശരീരത്തിലേക്ക് അബോധത്താല്‍ ചാരി വീഴുന്നുണ്ട്. ഇടയ്ക്കിടെ ഉണര്‍ന്നു കണ്ണു തുറന്ന് അയാള്‍ അവളെ നോക്കും. പുഞ്ചിരിക്കും. പിന്നെയും അയാള്‍ ഉറങ്ങി വീഴും. 

അയാളുടെ മുടിയും താടിയും ആവശ്യത്തിലധികം വളര്‍ന്നു കിടന്നിരുന്നു. 

അയാളുടെ വിയര്‍പ്പിന്റെ ഗന്ധവും ഉമിനീരിന്റ ഗന്ധവും മുഷിഞ്ഞ വസ്ത്രത്തിന്റെ ഗന്ധവും അവളെ വീര്‍പ്പുമുട്ടിച്ചു. 

അവള്‍ക്ക് അവിടെ നിന്നും എഴുന്നേറ്റു പോകണമെന്നു തോന്നി. പക്ഷേ, എങ്ങനെ എഴുന്നേല്‍ക്കും? അയാളെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാകില്ലേ അത്? 

അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് ഡോക്ടര്‍ കയറി വന്നത്. ആദ്യത്തെ നമ്പര്‍ അവളായതുകൊണ്ട് അവള്‍ നേരെ ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെന്നു. 

ഡോക്ടറുമായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വാതില്‍ തുറന്നു അകത്തേക്ക് വന്നു. താങ്കളെ ഇപ്പോള്‍ ഞാന്‍ വിളിച്ചോ, ഇവിടെ പേഷ്യന്റ് ഇരിക്കുന്നതു കണ്ടില്ലേ എന്ന് ഡോക്ടര്‍ ദേഷ്യപ്പെട്ടു: 

അപ്പോള്‍ അയാള്‍ പറഞ്ഞു: ഡോക്ടര്‍, എനിക്ക് കാത്തിരിക്കാന്‍ ഇനി ഒട്ടും കഴിയില്ല. ഞാന്‍ ഉറങ്ങിയിട്ട് ദിവസങ്ങളായി. എനിക്കു എന്തോ കഠിനമായ മനോരോഗം ബാധിച്ചിരിക്കുന്നു. എന്നോട് ക്ഷമിക്കണം ഡോക്ടര്‍.

ഡോക്ടര്‍ സൗമ്യനായി. സുഹൃത്തേ, ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍തന്നെയാണ് ഇവിടെ എന്നെ കാണാന്‍ വരുന്നവരിലധികവും. ദേ, ഇവിടെ ഇരിക്കുന്നയാളും ഉറങ്ങാനുള്ള ഗുളികകളും മനസിനെ വരുതിയിലാക്കാനുമുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്ന ആളാണ്. മൂന്നാലു വര്‍ഷംകൊണ്ടുള്ള ചികില്‍സയുമാണ്. 

ശരി. താങ്കളെ ഞാനിപ്പോള്‍ കേള്‍ക്കാം. എന്നിട്ട് അവളെ നോക്കി ഡോക്ടര്‍ പറഞ്ഞു: കുറച്ചുനേരം താങ്കള്‍ ഒന്നു മാറിയിരിക്കുമോ? വിഷമമില്ലല്ലോ. 

ഇല്ല. അവള്‍ പറഞ്ഞു.

അവള്‍ മുറിയുടെ മൂലയില്‍ കിടന്ന ഒരു കസേരയില്‍ ചെന്നിരുന്നു. അന്നത്തെ പത്രം വെറുതെ മറിച്ചു നോക്കിക്കൊണ്ടിരുന്നു. 

പറയൂ സുഹൃത്തേ.. താങ്കളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? 

അയാള്‍ തൊഴുകൈയ്യോടെ പറഞ്ഞുതുടങ്ങി: എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല ഡോക്ടര്‍. ആരാണ് എന്റെ അവസ്ഥക്ക് കാരണമെന്നും അറിയില്ല. ഒന്നറിയാം. എന്റെ ഭാര്യ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ഇത്രനാളും ഞാനെങ്ങനെ കഴിച്ചുകൂട്ടി എന്ന് എനിക്കറിയില്ല. കുറച്ചുനേരത്തെ മൗനത്തിനുശേഷം അയാള്‍ വീണ്ടും പറഞ്ഞു: 

അവള്‍ ജീവിച്ചിരുന്നപ്പോള്‍ ഇത്രയേറെ ഞാനവളെ സ്‌നേഹിച്ചിട്ടില്ല. എനിക്കിപ്പോള്‍ അവളെ തിരികെ കിട്ടണം എന്ന ചിന്തയാണ്. അതിന് പറ്റുമോ ഡോക്ടര്‍? ഇല്ലേല്‍ എനിക്കു മരിക്കണം. പക്ഷേ, എങ്ങനെ മരിക്കണം എന്നെനിക്കറിഞ്ഞുകൂടാ. ഡോക്ടര്‍ എന്നെ സഹായിക്കുമോ?

ഡോക്ടര്‍ അയാളുടെ സംസാരം കേട്ട് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: സുഹൃത്തേ, ഇന്നേവരെ മരിച്ചുപോയവര്‍ ആരെങ്കിലും മടങ്ങി വന്നിട്ടുള്ളതായി താങ്കള്‍ക്കറിയുമോ? 

മരണം അനിവാര്യമാണ്. എല്ലാവരും ഒരിക്കല്‍ മരിക്കും. ഞാനും താങ്കളും ഒക്കെ. പക്ഷേ, സ്വയം മരിക്കുന്നത് അബദ്ധമാണ്. പാപമാണ്. 

താങ്കള്‍ വിഷമിക്കണ്ട. താങ്കളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം എന്റെ കൈയ്യില്‍ മരുന്നുണ്ട്. 

ഡോക്ടര്‍ അയാളെ എന്തൊക്കെയോ ഉപദേശിക്കയും അയാള്‍ ഡോക്ടറോട് രഹസ്യമായി എന്തൊക്കെയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു. 

അവള്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരുന്നു. 

എല്ലാം മതിയാക്കി എങ്ങോട്ടെങ്കിലും പോയാല്‍ കൊള്ളാമെന്ന് മനസ്സ് പറയുന്നു. അയാള്‍ തുടര്‍ന്നു: ഒന്നിലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ ഡോക്ടര്‍? എനിക്ക് ജീവിതത്തോട് വല്ലാത്ത വിരക്തി തോന്നുന്നു. എല്ലാം അവസാനിപ്പിക്കാന്‍ സമയമായെന്ന തോന്നല്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഒരുതരം വിരസത വളരുകയാണ്. അതാരുടേയും കുഴപ്പമല്ല. എന്റെതന്നെ കുഴപ്പമാണ്. 

ആത്മഹത്യാ ചിന്ത എന്നെ പിന്തുടര്‍ന്നിരുന്നു. ഇപ്പോള്‍ അത് വീണ്ടും തലപൊക്കുന്നു...

എന്റെ ഓര്‍മകളില്‍ മരണം ഒരു പ്രധാന ഘടകമാണ്. അതിപ്പോള്‍ എനിക്കഭിമുഖമായി നില്‍ക്കുന്നു. ആരോ എന്നെ പിന്തുടരുന്നുണ്ട് ... 

ഇപ്പോള്‍ ഞാന്‍തന്നെ മരണത്തിലേക്ക് നടന്നു പോകുന്നതായി തോന്നുന്നു. എന്റെ ഭാര്യ - അവള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ നിലനില്‍പ്പിന്റെ അര്‍ത്ഥശൂന്യതയാണ് ഞാന്‍ പറയുന്നത്.

മരണം വേണോ ജീവിതം വേണോ എന്ന് മനസ് ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുന്നു ഡോക്ടര്‍ എനിക്ക് .. 

അയാള്‍ കരയാന്‍ തുടങ്ങി .. 

ഡോക്ടര്‍ എഴുന്നേറ്റ് ചെന്ന് അയാളെ കെട്ടിപ്പിടിച്ചു. സമാശ്വസിപ്പിച്ചു. 

തീരെ അനാഥനായിപ്പോയ ഒരാളിന്റെ മുഖമായിരുന്നു അയാള്‍ക്കപ്പോള്‍.

അയാള്‍ യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവളെ അയാള്‍ തിരിഞ്ഞു നോക്കി. എന്തോ സഹായം അഭ്യര്‍ത്ഥിക്കുന്നപോലെയുണ്ടായിരുന്നു അയാളുടെ കണ്ണുകള്‍. 

തിരികെ വീട്ടില്‍ വന്നു കയറുമ്പോള്‍ അവളുടെ കണ്ണുകളില്‍ അയാളുടെ ദൈന്യതയാര്‍ന്ന കണ്ണുകളായിരുന്നു കിടന്നു പിടഞ്ഞത്.  

അവളുടെ മനസില്‍ - ചിന്തകളില്‍ ഒക്കെ അയാള്‍ കടന്നാക്രമണം നടത്തിക്കൊണ്ടിരുന്നു.

അടുത്ത തവണ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അയാള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടയുടന്‍ അയാള്‍ എഴുന്നേറ്റു വന്നു. . ചിരിച്ചു. നമസ്‌കാരം പറഞ്ഞു. 

ഒരുപാടു വര്‍ഷത്തെ അടുപ്പമുള്ള ആളെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റം.

അവള്‍ ഒരു കസേരയില്‍ ചെന്നിരുന്നു. അവളുടെ തൊട്ടരികില്‍ ഇരുന്ന സ്ത്രീ എഴുന്നേറ്റുപോയ ഒഴിവില്‍ അയാള്‍ ഓടി വന്ന് അവള്‍ക്കരികില്‍ ഇരുപ്പുറപ്പിച്ചു. എന്നിട്ട് പറഞ്ഞു: ഞാന്‍ എല്ലാ ദിവസവും ഇവിടെ വരും. നീ വന്നൊ എന്ന് അറിയാന്‍. 

അതെന്തിന്? അവള്‍ അത്ഭുതപ്പെട്ടു. 

അയാളുടെ നീ വിളി അവള്‍ക്കൊട്ടും രസിച്ചില്ല. എങ്കിലും നീരസം കാട്ടാതെ  അവള്‍ വീണ്ടും ചോദിച്ചു: എന്നെ കാണേണ്ട കാര്യമെന്താണ് താങ്കള്‍ക്ക്? 

അറിയില്ല. അയാള്‍ പറഞ്ഞു.

അവള്‍ ഒന്നും മിണ്ടിയില്ല. വിഷാദരോഗമുള്ള രണ്ടുപേര്‍ സംസാരിക്കുന്നു. അരികില്‍ അത് കേള്‍ക്കാന്‍ കാതു കൂര്‍പ്പിക്കുന്ന വിഷാദരോഗികളായ കുറെ മനുഷ്യരും.

എല്ലാവരും അവരെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലായപ്പോള്‍ അവള്‍ അയാളോട് ചോദിച്ചു: താങ്കളുടെ അസുഖം എങ്ങനെയുണ്ട്? ഡോക്ടറെ കണ്ടോ?

ഞാന്‍ കഴിഞ്ഞാഴ്ച വന്ന് ഡോക്ടറെ കണ്ടിരുന്നു. അന്നാണ് എനിക്ക് വരേണ്ടിയിരുന്നത്. നീ എന്താണ് അന്ന് വരാതിരുന്നത്?  അന്നാണ് ഒരു മാസം തികഞ്ഞ തീയതി.

നീ എന്ന വിളി വീണ്ടും. അവള്‍ക്കത് അരോചകമായി തോന്നി. 

തന്റെ ഭര്‍ത്താവുപോലും അങ്ങനെ വിളിച്ചിട്ടില്ല. അവള്‍ക്ക് അയാളോട് കയര്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, വിഷാദരോഗത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ഒരു രോഗിയോട് അത് പാടില്ല എന്ന് അവള്‍ക്കറിയാം. 

അയാള്‍ വീണ്ടും എന്തോക്കെയോ പറയുന്നുണ്ടായിരുന്നു. അവള്‍ക്കൊന്നും മനസിലായില്ല.

ഡോക്ടറെ കണ്ട് തിരിച്ചിറങ്ങി മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പില്‍ വന്നപ്പോള്‍ അയാള്‍ അവിടെയും വന്നു. 

എന്തേ? അവള്‍ ചോദിച്ചു: മരുന്ന് വാങ്ങണോ?

 വേണ്ട. അയാള്‍ പറഞ്ഞു. ഒരു മാസത്തേക്കുള്ള മരുന്ന് കഴിഞ്ഞാഴ്ച ഞാന്‍ വാങ്ങിക്കൊണ്ടു പോയിരുന്നു. 

പിന്നെന്തിനാണ് ഇവിടെ വന്നത്?  

വെറുതെ.

അവള്‍ക്ക് ചിരി വന്നു. ഈ വിഷാദരോഗികള്‍ ഇങ്ങനെയാണ്. 

തന്റെ അനുഭവങ്ങള്‍ അവള്‍ ഓര്‍ത്തെടുത്തു.

തന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ അവളും ഇങ്ങനെയായിരുന്നല്ലോ. ആരോടും അസ്ഥാനത്തുള്ള ചോദ്യങ്ങള്‍. 

വഴിയേ പോകുന്നവരില്‍ എത്രയോ മുഖങ്ങളിലാണ് തന്റെ ഭര്‍ത്താവിന്റെ  മുഖം അവള്‍ തെരഞ്ഞത്. 

ഒരിക്കല്‍ നഗരത്തിലൂടെ ധൃതിപ്പെട്ട് നടന്നു പോവുകയായിരുന്ന ഒരാളെ അവള്‍ ഓടിച്ചിട്ടു പിടിച്ചു. അയാളെ കെട്ടിപ്പിടിച്ചു. ഇത്രനാളും എവിടെപ്പോയി എന്നുറക്കെ പറഞ്ഞ് കരഞ്ഞു. അയാള്‍ കുതറി മാറുകയും മറ്റാളുകള്‍ എന്താ എന്നു ചോദിച്ചു ഓടി വരുകയും ചെയ്തു.  അപ്പോഴാണ് അത് തന്റെ തോന്നലായിരുന്നു എന്ന് അവള്‍ക്ക് മനസിലായത്. അങ്ങനെ വല്ല മാനസികാഘാതവുമാകാം അയാള്‍ക്കും എന്നവള്‍ സമാധാനിച്ചു. 

മരുന്നും വാങ്ങി ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ മഴ ചാറാന്‍ തുടങ്ങി. അയാള്‍ പറഞ്ഞു: എന്നെ ആ ബസ്റ്റോപ്പില്‍ ഇറക്കുമോ? 

ശരി. അവള്‍ സമ്മതിച്ചു.

ഓട്ടോറിക്ഷ മുന്നോട്ടു പോയപ്പോള്‍ മഴ കനത്തു. കാറ്റടിച്ച് അയാള്‍ നന്നായി നനഞ്ഞു. പെട്ടെന്നയാള്‍ വിറക്കാന്‍ തുടങ്ങി. വായില്‍ നിന്നും നുരയും പതയും ഒഴുകിയിറങ്ങി. അവള്‍ ആട്ടോ റിക്ഷാക്കാരന്റെ സഹായത്തോടെ അയാളെ നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചു. 

അത്യാഹിത വിഭാഗത്തിലാണ് അയാളെ കിടത്തിയത്. അയാള്‍ക്ക് ബോധം പോയിരുന്നു. അയാളുടെ പേരോ വീടോ ഒന്നും അവള്‍ക്കറിയില്ലായിരുന്നു. ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചിട്ട് പറഞ്ഞു: ഗുരുതരമാണ് അവസ്ഥ. ഡ്യൂട്ടി സിസ്റ്റര്‍ പറഞ്ഞു: നിങ്ങള്‍ പോയി ഓ പി ടിക്കറ്റ് എടുത്തു വരൂ. 

അതിരിക്കട്ടെ. ഇദ്ദേഹം നിങ്ങളുടെ ആരാണ്? സിസ്റ്റര്‍ ചോദിച്ചു.

പെട്ടെന്ന് ഒരുത്തരം പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. 

അപ്പോള്‍ ഡോക്ടറും സിസ്റ്ററും അവളെ സംശയത്തോടെ നോക്കി.

അവള്‍ പെട്ടെന്ന് പറഞ്ഞു: എന്റെ ഭര്‍ത്താവാണിത്. 

അത് പറഞ്ഞ് തുലയ്ക്കരുതോ?

അവള്‍ കൗണ്ടറിന്റെ മുന്‍പില്‍ ചെന്നു. 
കൗണ്ടറിലെ പെണ്‍കുട്ടി ചോദിച്ചു.. പേഷ്യന്റിന്റെ പേര്?
പേര്...??
എന്താ പേരില്ലെ? 
ഉണ്ട്. 
സുഗുണന്‍. അവള്‍ അവളുടെ മരിച്ചുപോയ ഭര്‍ത്താവിന്റെ പേര് പറഞ്ഞു കൊടുത്തു. 

വയസ്?
അവള്‍ ഭര്‍ത്താവിന്റെ വയസു പറഞ്ഞു. അറുപത്. 
ഫോണ്‍ നമ്പര്‍ പറയൂ.

അവള്‍ അവളുടെ ഫോണ്‍ നമ്പര്‍ പറഞ്ഞു.

ഓ പി ടിക്കറ്റുമായി ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. ഐസിയുവില്‍ കിടത്തേണ്ടി വരും. ഇ സി ജിയില്‍ വേരിയേഷനുണ്ട്. 
അയാള്‍ കഴിക്കുന്ന മരുന്നുകളുടെ പേരുകള്‍ ഡോക്ടര്‍ ചോദിച്ചു. 

അവള്‍ വേഗം അയാളുടെ പോക്കറ്റില്‍ കിടന്ന ചെറിയ പേഴ്‌സ് വലിച്ചെടുത്തു. എന്നിട്ട് ഡോ. ശിവകുമാറിന്റെ കുറിപ്പടിയിലെ മരുന്നിന്റെ പേരുകള്‍ പറഞ്ഞു കൊടുത്തു. 

ഇയാള്‍ക്ക് ഈ മനോരോഗം തുടങ്ങിയത് എന്നാണ് ? ഡോക്ടര്‍ ചോദിച്ചു.

ഒരു വര്‍ഷമായി.

എന്നിട്ട് ഡോക്ടറെ കാണിച്ചത് കഴിഞ്ഞ മാസമാണോ?

അതേ.
അതെന്താണ്? ഡോക്ടറെ കാണാന്‍ പ്രത്യേകിച്ച് കാരണം?

മനസിന്റെ സമനില നഷ്ടപ്പെട്ടപോലെ പെരുമാറും, ഉച്ചത്തില്‍ നിലവിളിക്കും. രാത്രിയില്‍ ഉറങ്ങുകില്ല. എപ്പോഴും മരിക്കണം മരിക്കണം എന്ന ചിന്ത.

അതിന്റെ കാരണം?
അറിയില്ല.

ഭാര്യയായ നിങ്ങള്‍ക്കറിയില്ല എങ്കില്‍ പിന്നെ ആര്‍ക്കാണത് അതറിയാന്‍ കഴിയുക? 

ഒരു കാമുകി ഉണ്ടായിരുന്നു. അവര്‍ ഒരു വര്‍ഷം മുമ്പ് മരിച്ചു. അതിനുശേഷമാണിങ്ങനെ...

ഡോക്ടറും സിസ്റ്ററും ചിരിച്ചു. 

അയാളെ ഐ സി യുവിലേക്ക് കൊണ്ടുപോയി. 

അവള്‍ ശിവകുമാര്‍ ഡോക്ടറുടെ കുറിപ്പടി സൂക്ഷിച്ചു നോക്കി. അയാളുടെ പേര് സുഗുണന്‍ എന്നാണ് എഴുതിയിരിക്കുന്നത്. വയസ് അറുപത്. 

തനിക്ക് എന്തു സംഭവിച്ചു എന്ന് അവള്‍ ചിന്തിച്ചു.

അവള്‍ വെയിറ്റിംഗ് റൂമില്‍ കാത്തിരുന്നു. രാത്രി ഒന്‍പതു മണിയാകുന്നു. 

വീടിനെക്കുറിച്ച് അപ്പോഴാണ് അവള്‍ ഓര്‍ത്തത്. 

അവളുടെ വളര്‍ത്തുനായയുടെ കരച്ചില്‍ ആശുപത്രി വരാന്തയില്‍ അവള്‍ കേള്‍ക്കാന്‍ തുടങ്ങി.

അവള്‍ വിവരം സിസ്റ്ററിനോട് പറഞ്ഞിട്ട് വീട്ടിലേയ്ക്ക് പോയി. നായക്ക് ആഹാരം കൊടുത്തിട്ട് അവള്‍ വീണ്ടും ആശുപത്രിയില്‍ വന്നിരിപ്പായി.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാളെ ഡിസ്ചാര്‍ജ് ചെയ്തു. 

താങ്കളുടെ വീട് എവിടെയാണ്? അവള്‍ ചോദിച്ചു. എവിടെയാണ് ഞാന്‍ താങ്കളെ കൊണ്ടുചെന്നാക്കേണ്ടത്? 

അയാള്‍ അവളുടെ മുമ്പില്‍ തൊഴുകൈയ്യോടെ നിന്നു. എന്നിട്ട് പറഞ്ഞു: എനിക്ക് വീടില്ല. തല്‍ക്കാലം നിന്റെ വീട്ടില്‍ എന്നെ കൊണ്ടുപോവുമോ? ഇപ്പോള്‍ നല്ല ക്ഷീണമുണ്ട്. ക്ഷീണം മാറിയാലുടന്‍ ഞാന്‍ പൊയ്‌ക്കൊള്ളാം.

അവള്‍ ഒന്നും പറഞ്ഞില്ല. സ്വന്തം കാര്യം നോക്കാന്‍ ശക്തിയില്ലാത്ത താന്‍ എങ്ങിനെയാണ് മറ്റൊരാളെ കൂടെ കൂട്ടുക? 

മറ്റു വഴികളില്ലല്ലോ.  അവള്‍ ഓട്ടോ റിക്ഷ വിളിച്ച് അയാളെ അവളുടെ വീട്ടില്‍ കൊണ്ടുപോയി. 

അവളുടെ ഭര്‍ത്താവിന്റെ എഴുത്തുമുറിയില്‍ അയാള്‍ക്ക് അവള്‍ മെത്ത വിരിച്ചു. അയാള്‍ക്കണിയാന്‍ അവളുടെ ഭര്‍ത്താവിന്റെ ഒരു വെള്ള ഷര്‍ട്ടും ഒരു ലുങ്കിയും കൊടുത്തു. അയാള്‍ക്ക് തോളിലിടാന്‍ ഒരു ടവ്വലും. 

എനിക്കൊന്നു കുളിക്കണം. അയാള്‍ പറഞ്ഞു. 

അവള്‍ സോപ്പും തോര്‍ത്തും കൊടുത്തു. ചൂടുവെള്ളവും എടുത്തു വച്ചു. 

കുളിച്ചു ലുങ്കിയും ഷര്‍ട്ടുമിട്ട് അയാള്‍ ഇറങ്ങി വന്നപ്പോള്‍ അവള്‍ക്കു തോന്നി അത് അവളുടെ ഭര്‍ത്താവാണെന്ന്. 

അവള്‍ അയാള്‍ക്ക് ചായയും പലഹാരവും നല്‍കി. അയാളത് ആര്‍ത്തിയോടെ കഴിക്കുന്നത് അവള്‍ നോക്കിയിരുന്നു.

രാത്രിയില്‍ അവള്‍ അയാള്‍ക്കുവേണ്ടി കമ്പ്യൂട്ടറില്‍ പ്രണയഗാനങ്ങള്‍ ഇട്ടു കൊടുത്തു. 

അയാള്‍ അതാസ്വദിച്ചു കിടക്കുന്നത് അവള്‍ ആരാധനയോടെ നോക്കിനിന്നു.

ഇപ്പോള്‍ അയാളില്‍ സന്തോഷത്തിന്റെ വര്‍ണങ്ങള്‍ മിന്നിമറയുന്നത് അവളറിഞ്ഞു. 

അയാള്‍ക്ക് രാത്രിയില്‍ കഴിക്കാന്‍ തന്റെ ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ചപ്പാത്തിയും വെജിറ്റബിള്‍കറിയും ഉണ്ടാക്കി. ഭര്‍ത്താവ് മരിച്ചശേഷം ആദ്യമായാണ് അവള്‍ ചപ്പാത്തി ഉണ്ടാക്കുന്നത്. 

രണ്ടാളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഒരു അന്യ പുരുഷനുമൊത്ത് അവള്‍ രാത്രി പങ്കിടുകയാണ്. 

ആരെങ്കിലും ഇതറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന സ്‌ഫോടനങ്ങളുടെ വ്യാപ്തി എത്രയാണെന്ന് അവള്‍ ഊഹിച്ചു. അതവളുടെ ചിന്തകളെ അലോസരപ്പെടുത്തുന്നുണ്ട്. 

പക്ഷേ, ഈ കഥയില്‍ താനെങ്ങനെ തെറ്റുകാരിയാവും? ആരും ആശ്രയമില്ലാത്ത ഒരാളെ വഴിയില്‍ ഉപേക്ഷിക്കണമായിരുന്നോ?

എന്തു വന്നാലും, തന്നെ ആരെങ്കിലും മറ്റൊരു തരത്തില്‍ കരുതിയാലും അതൊക്കെ തരണം ചെയ്യാനുള്ള കരുത്ത് അപ്പോഴേക്കും അവള്‍ സംഭരിച്ചു കഴിഞ്ഞിരുന്നു.

ഉറങ്ങുന്നതിനു മുമ്പ് അവള്‍ അയാള്‍ കഴിക്കേണ്ട ഗുളികകള്‍ എടുത്തു നല്‍കി. അയാളെ നിര്‍ബ്ബന്ധിപ്പിച്ച് മരുന്നുകള്‍ കഴിപ്പിച്ചു.

രാവിലെ അവള്‍ ഉറക്കത്തില്‍ നിന്നുണരാന്‍ താമസിച്ചു. അയാള്‍ വാതില്‍ക്കല്‍ വന്ന് അവളെ തട്ടി വിളിച്ചു. 

കണ്ണും തിരുമ്മി അവള്‍ കതകു തുറന്നു പുറത്തേക്ക് വന്നു.  അവള്‍ പറഞ്ഞു: ക്ഷമിക്കണം, ഉറക്കഗുളിക കഴിച്ചിരുന്നതിനാല്‍ ഞാനുറങ്ങിപ്പോയി..

ഞാന്‍ ചായയുണ്ടാക്കാം. അവള്‍ പറഞ്ഞു. 

അപ്പോള്‍ അയാള്‍ തടഞ്ഞു: വേണ്ട. ഞാന്‍ പോവുകയാണ്.

ഇനിയും ഞാനിവിടെ നില്‍ക്കുന്നത് ശരിയല്ല. 

അവള്‍ ചോദിച്ചു: എവിടേക്കാണ് താങ്കള്‍ പോകുന്നത്? 
അറിയില്ല. എങ്ങോട്ടേക്കെങ്കിലും ... 

മക്കള്‍? 

മക്കളുണ്ട്... പക്ഷേ... അവിടേക്കില്ല...

അയാളെ ഒറ്റക്ക് വിടാന്‍ അവള്‍ക്ക് വേദനയുണ്ടായിരുന്നു. പക്ഷേ, ഈ ലോകത്തിന്റെ വൃത്തികെട്ട സദാചാര ബോധത്തിനകത്തു നിന്നുകൊണ്ട് എങ്ങനെയാണു അവള്‍ അയാളെ കൂടെ കൂട്ടുക?

ഒന്നും പറയാതെ അവള്‍ നിര്‍ന്നിമേഷയായി നോക്കിനിന്നു.

 അയാള്‍ നടന്നകലുകയാണ്.

ആരോരുമില്ലാതെ അലഞ്ഞ് തിരിയുന്ന ഒരാള്‍!  അകലേക്ക് പോയി മറയുന്നു ... 

രക്ഷപ്പെടുത്താന്‍ മാര്‍ഗമുണ്ടെങ്കിലും രക്ഷപ്പെടുത്താന്‍ കഴിയാതെ...

തന്റെ നെഞ്ചിടിപ്പുപോലെ ആ കാഴ്ച അവളെ അസ്വസ്ഥയാക്കി .

തന്റെ ഭര്‍ത്താവിന്റെ വിരിഞ്ഞ നെഞ്ചിന്‍കൂട് അവള്‍ ഓര്‍ത്തെടുത്തു...

അവളുടെ ഭര്‍ത്താവിന്റെ അതേ പേര്. അതേ വയസ്. അതേ നെഞ്ചിന്‍ കൂട്! അതേ പെരുമാറ്റം. അതവളെ  ത്രസിപ്പിച്ചു. 

അവളുടെ സ്വപ്നങ്ങള്‍, അവളുടെ ആഗ്രഹങ്ങള്‍, അവളുടെ ആസക്തികള്‍...,.

നിറക്കൂട്ടുകളുടെ ഒരു ലോകം ചമച്ച് അതിനുള്ളില്‍ അവള്‍ അവളെ ബന്ധിച്ചു.
മരണംവരെ രക്ഷപ്പെടാന്‍ കഴിയാത്തവിധം  അയാളെയും തന്റെ മനസില്‍ അവള്‍ ബന്ധിച്ചു. 

രണ്ടു ദിവസം കഴിഞ്ഞ് അയാളുടെ ഒരു കത്തു വന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

നീ എനിക്ക് ഇപ്പോഴും ഒരത്ഭുതമാണ്.

നിന്റെ നിശ്വാസങ്ങള്‍പോലും എന്റെ നൊമ്പരമാകുന്ന സന്ദര്‍ഭമാണിത്.

സമര്‍പ്പിതാമി എന്ന് പറഞ്ഞപോലെയാണ് നമ്മുടെ ബന്ധം. 

എല്ലാം എനിക്കുവേണ്ടി നീ സഹിച്ചു. 

ചില നിമിഷങ്ങളില്‍ നീയും, ചില നിമിഷങ്ങളില്‍ മരണവും മാറി മാറി വന്നെന്നെ അസ്വസ്ഥനാക്കുന്നു. 

പക്ഷേ, നീ....! 
എപ്പോഴും എന്നെ അസ്വസ്ഥനാക്കുന്നു....

എന്റെ സമനില തെറ്റുന്നു. 

എനിക്കിപ്പോള്‍ നിന്നെ കെട്ടിപ്പിടിച്ചു ക്ഷമ ചോദിക്കണം.

നിന്റെ നെഞ്ചില്‍ മുഖമമര്‍ത്തി എനിക്ക് പൊട്ടിപ്പൊട്ടിക്കരയണം... 


അവള്‍ ആ കത്ത് നെഞ്ചോട് ചേര്‍ത്തു പിടിച്ചു. എന്തോ ഓര്‍ത്ത്.... 

അപ്പോള്‍ മുറ്റത്തെ നാട്ടുമാവിന്‍ കൊമ്പിലിരുന്ന് ഒരു കിളി ചിലച്ചു ...

അവള്‍ കിളിയെ നോക്കി ചോദിച്ചു: സുഗുണന്‍? 

അതേ ... കിളി വീണ്ടും വീണ്ടും ചിലച്ചുകൊണ്ടിരുന്നു. 

--------------------------------------------------------
  

 

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image