സൗമ്യസാത്വികം 
ഈ സുകുമാരജീവിതം
 
കുര്യൻ കെ തോമസ്
 
 
 
വ്യത്യസ്തമായിരുന്നു മൂല്യങ്ങൾ സമ്പന്നമാക്കിയ ആ ലളിതജീവിതമാതൃക... 2020 ഓഗസ്റ്റ് 2 നു അന്തരിച്ച  സിപിഐ (എം) നിയമസഭാകക്ഷി മുൻ ഓഫീസ് സെക്രട്ടറി എം സുകുമാരൻ നായരുടെ ജീവിതത്തിലൂടെ...
 
 
 

"ഇന്നും എന്നെ മുടങ്ങാതെ സന്ദർശിക്കുമായിരുന്ന ഏക സുഹൃത്ത് എം സുകുമാരൻ നായർ ആയിരുന്നു...” ഇത് കഥാകൃത്ത് എം സുകുമാരന്റെ വാക്കുകളാണ്. ദുരിതങ്ങൾ വേട്ടയാടിയ ജീവിത സായാഹ്നത്തിൽ ഇന്റർവ്യൂ ചെയ്യാനെത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനോടു   മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ തീർത്ത മലയാളത്തിന്റെ കഥാകാരൻ പങ്കുവെച്ചതാണ് നിർവികാരതയെ പിളർത്തിക്കാട്ടുന്ന ഈ നൊമ്പരങ്ങൾ.

സിപിഐ (എം) നിയമസഭാകക്ഷി മുൻ ഓഫീസ് സെക്രട്ടറി കോട്ടയം മോനിപ്പള്ളി പുല്ലാട്ട് പ്രൊഫ എം സുകുമാരൻ നായർ 2020 ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ തന്റെ എഴുപത്തിമൂന്നാം വയസ്സിൽ അന്ത്യയാതയായി. 1970 കളുടെ രണ്ടാംപാദം മുതൽ ഏഴെട്ടു വർഷം അദ്ദേഹത്തെ മുതിർന്ന സുഹൃത്തും സഹപ്രവർത്തകനുമായികണ്ട് അടുത്തിടപഴകിയതിന്റെ അവകാശ പ്രഖ്യാപനങ്ങളും അനുഭവസാക്ഷ്യങ്ങളുമാണ് ഈ കുറിപ്പുകൾ.

1970 കളുടെ ആദ്യപാതിയിൽ തുടങ്ങുന്നു എം സുകുമാരൻ നായരുടെ ജീവിതത്തിൽ അടിയന്തിരാവസ്ഥ തീർത്ത പൊള്ളുന്ന സമരാനുഭവങ്ങളുടെ തിരുവനന്തപുരം കാലം. തുടർന്ന് ഗവേഷകനും അദ്ധ്യാപകനും സംഘാടകനുമായി 1970 കളുടെ രണ്ടാംപാതി മുതൽ ഒരു പതിറ്റാണ്ടിലേറെ നീണ്ട കോട്ടയം കാലം. പിന്നെ 1987 മുതൽ പാർട്ടിയുടെ പുതിയ നിയമസഭാ സാമാജികരെ പരിചരിച്ചും പരിശീലിപ്പിച്ചും കഴിഞ്ഞ  കാൽനൂറ്റാണ്ട്‌. ജീവിതസായാഹ്നത്തിൽ അച്ചടക്കമുള്ള പാർട്ടി സഖാവായി, സി പി ഐ (എം) ഉഴവൂർ ലോക്കൽ കമ്മിറ്റി അംഗമായി, മോനിപ്പള്ളിയിലെ തറവാട്ടുവീട്ടിൽ. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജിസ്റ്റുകൾ പരിപാലിച്ചിരുന്ന ആ ഹൃദയതാളം അവിടെ ഐസിയുവിൽ വെച്ചുതന്നെ നിലയ്ക്കുകയായിരുന്നു.

തിരുവനന്തപുരം ആട്സ് കോളേജിൽനിന്ന് പ്രീ യൂണിവേഴ്സിറ്റി. പാലാ സെന്റ് തോമസ് കോളേജിൽനിന്നും മാത്തമാറ്റിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും. 1973 ൽ തിരുവനന്തപുരം ഏജീസ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. കേന്ദ്രത്തിലെ കോൺഗ്രസ് ഭരണം അഴിമതിയിലൂടെയും പൗരസ്വാതന്ത്ര്യ നിഷേധത്തിലൂടെയും അടിയന്തിരാവസ്ഥയിലേക്കു നീങ്ങുന്ന കാലം. ഭരണത്തിനെതിരായും സംഘടനാസ്വതന്ത്ര്യത്തിനായും അരങ്ങേറിയ ഉജ്ജ്വല  സമരപോരാട്ടങ്ങളുടെ കാലം. അറസ്റ്റുകളുടെയും അടിച്ചമർത്തലുകളുടെയും പിരിച്ചുവിടലുകളുടെയും കാലം. 1972-74 കാലത്ത് നടന്ന ഐതിഹാസികമായ ഏജീസ് ഓഫീസ് സമരത്തിൽ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ പിരിച്ചു‌വിടപ്പെട്ട ജീവനക്കാരിൽ ഒരാളായിരുന്നു സുകുമാരൻ നായരും. 

1972 ഏപ്രിൽ 22 നായിരുന്നു സമരത്തെത്തുടർന്നു ഏജീസ് ഓഫീസിലെ സംഘടനാ നേതാക്കളായിരുന്ന പി ടി തോമസിനെയും എം ബി ത്രിവിക്രമൻ പിള്ളയെയും സർവീസിൽനിന്നും എ ജി പിരിച്ചുവിടുന്നത്. തുടർന്ന് നടന്ന സമരത്തിൽ 1973 ജനുവരിയിൽ എ എൻ ഗോവിന്ദൻ നമ്പ്യാർ, (മുൻ പി എസ് സി ചെയർമാൻ) എം ഗംഗാധര കുറുപ്പ്, സാഹിത്യകാരൻ എം സുകുമാരൻ അടക്കമുള്ളവരെ പിരിച്ചുവിടുന്നു. റെയിൽവേ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 1974 മെയ് 8 ന് ഏജീസ് ആഫീസിൽ നടന്ന പണിമുടക്കിൽ പങ്കെടുത്തതിന് 10 നു പുലർച്ചെ താമസസ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്ത സുകുമാരൻ നായരടക്കം 17 ജീവനക്കാരെയും മെയ് മാസം ഒടുവിൽ പിരിച്ചുവിട്ടു. അടിയന്തരാവസ്ഥയെ തുടർന്ന് കേന്ദ്രത്തിൽ അധികാരത്തിലേറിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാരാണ് 1979 ൽ പിരിച്ചുവിട്ടവരിൽ 6 പേരെ തിരിച്ചെടുത്തത്.

ഏജീസ് ഓഫീസ്‌ ജീവനക്കാരുടെ സംഘടനാ ഓഫീസിനോടനുബന്ധിച്ചു ഗോവിന്ദൻ നമ്പ്യാർ തുടങ്ങിയ പ്രസ്സിൽ പ്രൂഫ് റീഡറായ സുകുമാരൻ നായർ താമസിക്കാതെ ഡോ മാത്യു കുര്യൻ ഡയറക്ടറായ ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം സുകുമാരനെപ്പോലെ ഉദ്യാഗസ്ഥനായി. 1977 ൽ ഡോ മാത്യു കുര്യൻ കോട്ടയത്ത് ഡോ ജോർജ് ജേക്കബ് അദ്ധക്ഷനായി ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഫോർ റീജണൽ ഡവലപ്പ്മെന്റ് സ്റ്റഡീസ്  (ഐഐആർഡിഎസ്) ആരംഭിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ആദ്യം സുകുമാരൻ നായരും ഭാര്യ രമാദേവിയും കെ കെ ഈശ്വരനും മാസങ്ങൾക്കുള്ളിൽ സോഷ്യൽ സയന്റിസ്റ്റ് എഡിറ്റർ അച്ചായൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പി എൻ വർഗീസും ടൈപ്പിസ്റ്റ് പി സുധാകരനും തിരുവനന്തപുരത്തെ പഴയ സ്ഥാപനംവിട്ട് കോട്ടയത്തെത്തി

കോട്ടയം കാലം: മോളി മാത്യു, ഗീതാ മാത്യു, ഡോ ബി ഇക്ബാൽ, പ്രൊഫ എസ്‌ ശിവദാസ്‌, ജോർജ്ജ്‌ ഐസക്, ഡോ എം പി പരമേശ്വരൻ  
 

1970 കളുടെ രണ്ടാം പാതിയിലാണ്‌ സുകുമാരൻ നായർ കോട്ടയത്തെത്തുന്നതും ഞാൻ പരിചയപ്പെടുന്നതും. കോട്ടയം മുനിസിപ്പൽ തെരഞ്ഞെടുപ്പു കമ്മിറ്റി ആഫീസിൽ ഇരിക്കുമ്പോൾ നോട്ടീസുകളിലും മറ്റും കോളേജ് ഇലക്ഷൻ മാതൃകയിൽ ഞാൻ കാട്ടിക്കൂട്ടിയ "പണികൾ ബോധിച്ച” കൺവീനർ ഡോ മാത്യു കുര്യൻ എന്നെയും കൂടെക്കൂട്ടുകയായിരുന്നു. അങ്ങനെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ ജോലിക്കാരനായതും സുകുമാരൻ നായർ ഗുരുതുല്യനായ മുതിർന്ന സുഹൃത്തും സഹപ്രവർത്തകനും ആയി മാറിയതും. കൈമുട്ടിനു തൊട്ടുതാഴെവരെ മടക്കിയ വെളുപ്പോ ആകാശനീലയോ നിറമുള്ള മുഴുക്കൈയ്യൻ ഉടുപ്പുകൾമാത്രം ധരിക്കുമായിരുന്ന സുകുമാരൻ നായരെ ഞങ്ങളൊക്കെ സ്നേഹത്തോടെ "മേനനേ.." എന്നായിരുന്നു വിളിച്ചിരുന്നത്.

ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്കെത്തുമ്പോൾ അച്ചായനും ഈശ്വരനും സുധാകരനും സുകുമാരൻ നായർക്കും ഭാര്യ രമാദേവിക്കുമൊപ്പം കെ എൻ  രാജശേഖരൻ, പി ജെ സെബാസ്റ്റ്യൻ, ഡോ ജോസഫ് മംഗളത്തിന്റെ മരുമകൻ മത്തായി ജോൺ, ഗവേഷണ ഫെലോകൾ ജോസഫ് മാത്യു, പിഎം മാത്യു, പ്രസാദ്... ഇവരൊക്കെയായിരുന്നു അവിടത്തെ ജീവനക്കാർ. ഡോ പി ടി ജോസഫ്, ഡോ ജോസ് ജോർജ്, പിന്നീട് എം ജി യൂണിവേഴ്സിറ്റിയിലും സഹപ്രവർത്തകനും അവിടെ നേതാവുമായിരുന്ന വി ആർ പ്രസാദ്, ശശി, ബാലകൃഷ്ണൻ... ഇവരൊക്കെ ഗവേഷകരോ ഉദോഗസ്ഥരോ അയി പിന്നീടെത്തിയവരായിരുന്നു.

1979-83 കാലത്ത് കഞ്ഞിക്കുഴിക്കടുത്ത്‌ കീഴുക്കുന്നിൽ ഡോ മാത്യു കുര്യന്റെ വീടിനടുത്തുള്ള സഹോദരന്റെ പഴയ കൊച്ചുകളിയിക്കൽ വീടായിരുന്നു ഐഐആർഡിഎസ് ആഫീസ്‌. അന്ന് പോലീസ്‌ ക്യാമ്പിനടുത്ത കേശവന്റെ ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം. കേശവന്റെ ഭാര്യാസഹോദരൻ പാർട്ടി സഖാവായ കുട്ടപ്പൻ ഇലയിൽ വിളമ്പുന്ന മീൻകറിയും കൂട്ടിയ ഊണിന്‌ അന്ന്‌ ഓന്നേകാൽ രൂപയായിരുന്നു ചാർജ്ജ്‌.

ഇപ്പോഴത്തെ മഹാത്മാഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഐഐആർഡിഎസിനായി ഡോ മാത്യു കുര്യൻ പണികഴിപ്പിച്ചതായിരുന്നു. ആ ഹർമ്യനിർമ്മാണ ചരിത്രം ഡോക്ടറുടെ യാഥാർത്ഥ്യമാകാതെപോയ സ്വപ്നത്തിന്റെ മാത്രമല്ല സുകുമാരൻ നായരുടെയും രാജശേഖരന്റെയും മറ്റു പലരുടെയും കണക്കെടുക്കാത്ത കഷ്ടപ്പാടുകളുടെ കഥകൂടിയാണ്. വിശ്വപ്രശസ്ത വാസ്തുശിൽപിയും (അന്ന്) ആർട്ട്സ് ആൻഡ് ഐഡിയാസ് എന്ന അന്തർദേശിയ കലാ, വാസ്തുശില്പ ഗവേഷണ ജേർണലിന്റെ എഡിറ്ററുമായിരുന്ന റോമി ഖോസ്ല ആയിരുന്നൂ ആ കെട്ടിടം രൂപകൽപന ചെയ്തത്. കെട്ടിടനിർമ്മാണത്തിനിടെ ദില്ലിയിൽനിന്നു വന്നപ്പോഴൊക്കെ ആ ആർക്കിടെക്ടിനെ ഞാനായിരുന്നു അനുഗമിച്ചിരുന്നത്.

1983 ൽ ഇൻസ്റ്റിറ്റ്യൂട്ട് പുല്ലരിക്കുന്നിൽ സംഘടിപ്പിച്ച മാർക്സ് ചരമശതാബ്ദി സെമിനാർ ചരിത്രസംഭവമായിരുന്നു. ചൈനയിൽനിന്നു മൂന്നും സോവിയറ്റ് യൂണിയനിൽനിന്നു നാലും പ്രതിനിധികൾ, എ ആർ ദേശായി, ഇകെ നയനാർ, പി ഗോവിന്ദപ്പിള്ള, വെങ്കിടേഷ് ആത്രേയ, സി പി ബാംബ്രി, ഹനൻ മുള്ള, രാജൻ ഗുരുക്കൾ, സുനിത് ചോപ്ര... ഇന്ത്യയിലും വിദേശത്തു നിന്നുമായി നൂറോളം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൻറെ മുഖ്യസംഘാടകരിൽ ഒരാൾ സുകുമാരൻനായരായിരുന്നു.

പുല്ലരിക്കുന്നിൽ താമസിക്കുമ്പോൾ സി പി ഐ എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി അംഗം, കുമാരനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും സുകുമാരൻ നായർ പ്രവർത്തിച്ചു. കുമാരനല്ലൂർ പ്രദേശത്തു 1980 കളുടെ തുടക്കത്തിലെ പ്രാദേശിക സംഘട്ടനങ്ങളുടെ കാലത്ത് വെളുത്ത് മെലിഞ്ഞ ഈ കുഞ്ഞുമനുഷ്യൻ ഉറപ്പും ബലവുമുള്ള വലിയ നേതൃത്വമായിരുന്നു.

1979 മുതൽ കോട്ടയത്തെ മാസ് ഫിലിം സൊസൈറ്റി സെക്രട്ടറി സുകുമാരൻ നായരായിരുന്നു. ഡോ ബി ഇക്‌ബാലായിരുന്നു പ്രസിഡന്റ്. ഞാൻ ആഫീസ്‌ ചുമതലയുള്ള ജോ സെക്രട്ടറി. അഡ്വ ഗോപാലകൃഷ്ണ കുറുപ്പ് വൈസ് പ്രസിഡന്റ്. രണ്ടു വർഷത്തോളം മാസത്തിലൊരു സിനിമ എന്ന കണക്കിൽ മുടങ്ങാതെ വിശ്വക്ലാസ്സിക്കുകളും മൃണാൾ സെൻ, ഋതിക് ഘട്ടക്, ബി വി കാരന്ത് പോലെയുള്ള പ്രശസ്ത ഇന്ത്യൻ സംവിധായകരുടെ ചിത്രങ്ങളും കോട്ടയം രാജമഹാൽ തീയറ്ററിൽ പ്രദർശിപ്പിച്ചു. 1979 ഡിസംബറിൽ നടത്തിയ എട്ടു ദിവസം നീണ്ട സത്യജിത് റേ ഫിലിം ഫെസ്റ്റിവൽ കേരളത്തിൽതന്നെ അത്തരത്തിൽ ആദ്യത്തേതായിരുന്നു. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്, സംഘാടനം, അച്ചടി, പബ്ലിസിറ്റി എന്നിവക്കെല്ലാം സുകുമാരൻ നായരും മറ്റുള്ളവരും നൽകിയ സ്വാതന്ത്ര്യവും പിന്തുണയും നന്ദിയോടെ ഓർക്കുന്നു.

കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും പാർട്ടി നിലപാടുകളിൽ ഉറച്ചുനിന്നും കൊണ്ടു തിരുവനന്തപുരത്ത് പാർലമെന്ററി പാർട്ടി ഓഫീസ് സെക്രട്ടറിയായി  1987 മുതലുള്ള കാൽനൂറ്റാണ്ട്‌ സുകുമാരൻ നായർ സത്യസന്ധമായും കൂട്ടുത്തരവാദിത്വത്തോടെയും പ്രവർത്തിച്ചു. പാർട്ടിയുടെ നയവും രാഷ്ടീയവും സർക്കാർ തീരുമാനങ്ങളും സമന്വയിപ്പിച്ച് നിയമസഭാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിലും ജനപ്രതിനിധികളെ മികച്ച പാർലമെന്റേറിയൻമാരായി വളർത്തിയെടുക്കുന്നതിലും പഞ്ചായത്ത് അംഗം പോലുമാകാത്ത അദ്ദേഹം ജാഗരൂകനായി.

വെളളയമ്പലം ആൽത്തറക്കടുത്ത് വാടകവീട്ടിലും പിന്നീട് ഒബ്സർവേറ്ററി ക്വാർട്ടേഴ്സിലെ 74 ആം നമ്പർ ക്വാർട്ടറിലുമായിരുന്നു 2011 വരെ സുകുമാരൻ നായരുടെയും കുടുംബത്തിന്റെയും താമസം. ശമ്പളത്തിൽനിന്നുള്ള മിച്ചവും ബാങ്ക് ലോണും ചേർത്തായിരുന്നു ചിത്രാ നഗറിൽ അഞ്ചു സെന്റ് സ്ഥലം വാങ്ങിയതും താഴെ ഇളയമകൻ ജിജുവിനും മുകളിൽ മുത്തമകൻ ബിജുവിനുമായി ഇരുനില വീടുവെച്ചതും.

പ്രായമായ അച്ഛനമ്മമാരെയും ഡൗൺ സിൻഡ്രോം ബാധിതനായ ഇളയ സഹോദരൻ സുധാകരനെയും നോക്കാൻ ആദ്യം സുകുമാരൻ നായരും പിന്നീട് രമാദേവിയും മോനിപ്പള്ളിയിലെ തറവാട്ടിലേക്ക് മടങ്ങി. 2014 ജൂലൈയിൽ സഹോദരൻ സുധാകരനും ഒക്ടോബർ 4 നു പാർക്കിൻസൺസ് രോഗബാധിതനായ അച്ഛനും 2017 ജൂൺ 30 നു അമ്മയും മരിച്ചു. നാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം പകർന്ന പകരംവെക്കാനില്ലാത്ത ഊർജ്ജത്തെക്കുറിച്ച് കലാലയകാലം മുതലുള്ള എന്റെ സുഹൃത്തും സി പി ഐ (എം) ഉഴവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഷെറി മാത്യു പലകുറി പറഞ്ഞിട്ടുള്ളതാണ്. സുകുമാരൻ നായരുമായി 1987 ൽ എം എൽ എ ആയനാൾ മുതലുള്ള ആത്മബന്ധത്തെക്കുറിച്ചും ഒടുവിൽ ശബരിമല സമരകാലത്ത് അദ്ദേഹം വിളിച്ചിട്ടു ഉഴവൂരിൽ നടത്തിയ പ്രസംഗത്തെക്കുറിച്ചും ഗോപി കോട്ടമുറിക്കലിൻറെ അനുസ്മരണകുറിപ്പിലുണ്ട്. ഇതിനിടെ സുകുമാരൻ നായരുടെ ഹൃദയവാൽവിനു തകരാറു കണ്ടെത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോ വി എൽ ജയപ്രകാശുതന്നെ ഒരു തവണയും അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഫ്രാൻസിൽ നിന്നെത്തിയ മറ്റൊരു  വിദഗ്ധൻ പിന്നീടും ആൻജിയോപ്ലാസ്റ്റി നടത്തി. ഒടുവിൽ 2020  ഓഗസ്റ്റ് 2 ഞായർ രാവിലെ ആ ഹൃദയമിടിപ്പുകൾ എന്നന്നേക്കുമായി നിലച്ചു.

അറിവും ധാരണയും പകർന്നു നൽകുന്നതിൽ പിശുക്കുകാട്ടാതിരുന്ന സൗമ്യനും വിനയാന്വിതനുനായ സുകുമാരൻ നായരെ മന്ത്രിമാരായ ജി സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, പൊഫ സി രവീന്ദ്രനാഥ്, എംഎൽഎമാരായിരുന്ന വി എൻ വാസവൻ, സുരേഷ് കുറുപ്പ്  ഇവരൊക്കെ വികാരവായ്പ്പോടെ അനുസ്മരിക്കുന്നുണ്ട്. മരിക്കുംവരെ തിരുവോണത്തിനു മുടങ്ങാതെ ബാലരാമപുരം മുണ്ടുമായി കാണാനെത്തുമായിരുന്ന തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും പ്രൊട്ടേം സ്‌പീക്കറുമായിരുന്ന വി ജെ തങ്കപ്പനു ചേട്ടനുമായുള്ള ആഴത്തിലുള്ള അടുപ്പം രമാദേവിയുടെ ഓർമ്മയിൽ ഇന്നുമുണ്ട്.

 
എം സുകുമാരൻ നായർ, ഭാര്യ രമാദേവി, മക്കൾ ജിജു, ബിജു.
 

വ്യത്യസ്തമായിരുന്നു സുകുമാരൻ നായർ എന്നും മുന്നോട്ടുവെച്ച  ജീവിതമാതൃക. കഴിവും യോഗ്യതയും വിഷയപരിജ്ഞാനവുംവെച്ച് പലതും നേടാമായിരുന്നിട്ടും അതൊന്നും ആ ചിന്തയിൽപോലും കടന്നുവന്നില്ല.1970  കളിലെ എംഎസ്സിക്കാരന് കോളേജദ്ധ്യാപകനോ/ഉയർന്ന ഉദ്യോഗസ്ഥനോ ആകമായിരുന്നിട്ടും അതായിരുന്നില്ല അദ്ദേഹം തെരഞ്ഞെടുത്തത്. കോടതി ഉത്തരവിനെത്തുടർന്നു 1974-ൽ ഏജീസ് ഓഫീസിലെ ജോലിയിൽ തിരികെ  പ്രവേശിച്ചിരുന്നെങ്കിൽ വലിയ ശമ്പളവും ആനുകൂല്യങ്ങളുമായി പിരിഞ്ഞു പോകാമായിരുന്നു. എംസിഎക്കാരൻ മൂത്തമകനോ എംബിഎക്കാരൻ ഇളയവനോ ജോലിക്കായി നേതാക്കളും ഭരണാധികാരികളുമായി തനിക്കുള്ള സുദീർഘബന്ധത്തെ ഉപയോഗിക്കാനും അദ്ദേഹം തയ്യാറല്ലായിരുന്നു. ദീർഘകാലം താൻ നടത്തുമായിരുന്ന പാർട്ടി ക്ലാസ്സുകൾക്കുള്ള  കുറിപ്പുകളിൽ നിർദ്ദേശിക്കുന്ന സ്വകാര്യജീവിതത്തിലെ ആദർശാത്മകത അതുപടി സ്വജീവിതത്തിൽ അദ്ദേഹം പകർത്തുകയായിരുന്നു.

സൗമ്യവും സാത്വികവുമായിരുന്നു മൂല്യങ്ങൾ സമ്പന്നമാക്കിയ ആ ലളിത ജീവിതം.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image