രാഷ്ട്രീയം X മാധ്യമം 
ചാനല്‍ ചര്‍ച്ചയില്‍  ജയിക്കാവുന്നതല്ല
സി.പി.എമ്മിന്റെ രാഷ്ട്രീയ യുദ്ധം
 
ഇഷ്ടംപോലെ സമയം അവതാരകന്‍ അനുവദിച്ചാലും, സി.പി.എമ്മിനു വാദിച്ചു ജയിക്കാന്‍ പറ്റാത്ത ഒരു കേസ്സാണ് ഈ സ്വര്‍ണ്ണം-സ്വപ്‌ന കളളക്കടത്തു കേസ് .
 
  എന്‍.പി രാജേന്ദ്രന്‍   
 
 
ചര്‍ച്ചകളില്‍ പാര്‍ട്ടിക്കു നീതി കിട്ടുന്നില്ല എന്ന കാരണത്താല്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നടത്തുന്ന ചര്‍ച്ചകള്‍ സി.പി.എം ബഹിഷ്‌കരിച്ചിരിക്കുകയാണ്. എന്തു കൊണ്ട് ബഹിഷ്‌കരിക്കുന്നു എന്നു വിശദീകരിക്കുന്ന മുഖപ്രസംഗം പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനമുന്‍പ് ചാനല്‍ എഡിറ്റര്‍ ഒരു അഭിമുഖത്തിലൂടെ ചാനലിന്റെ പക്ഷം വിശദീകരിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു മുഖപ്രസംഗം. ഒരു 'പാര്‍ട്ടി വിരുദ്ധ മുതലാളിത്ത ചാനലി'നെ നേര്‍വഴിക്കു കൊണ്ടു വരുന്നതിനു വേണ്ടിയുള്ള തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ശ്രമമായി ഇതിനെ കാണാം എന്നു തോന്നുന്നു. നേര്‍വഴിക്കു വരുമായിരിക്കും. അങ്ങനെയൊരു പ്രതീക്ഷ നല്ലതാണ്.
 
ഏഷ്യനെറ്റിനോടുള്ള പരിഭവം ഒന്നു പ്രകടിപ്പിക്കണമെന്ന താല്പര്യമേ സി.പി.എമ്മിന് ഉണ്ടാകാന്‍ ഇടയുള്ളൂ. സ്വന്തമായി ചാനല്‍ ഉണ്ടെങ്കിലും, ബി.ജെ.പി എം.പിയുടെ ഉടമസ്ഥതയിലുള്ളതാണെങ്കില്‍പ്പോലും ഏഷ്യാനെറ്റ് ന്യൂസിന്റെ ശത്രുത നേടാന്‍ പാര്‍ട്ടിക്കു താല്പര്യം കാണില്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ശത്രുത ഏറ്റുവാങ്ങാന്‍ ചാനലിനും പറ്റില്ല. രണ്ടാഴ്ച മുന്‍പ് മാത്രം, ഒരാവശ്യവും ഔചിത്യവും ഇല്ലാതെ, ഈ കോവിഡ് മൂര്‍ദ്ധന്യത്തില്‍ അഭിപ്രായവോട്ടെടുപ്പ് നടത്തി ഇപ്പം തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഇടതുമുന്നണി ഭരണത്തിലെത്തുമെന്ന് പ്രവചിച്ച സ്വതന്ത്ര പ്രസിദ്ധീകരണമാണല്ലോ ഏഷ്യാനെറ്റ്. പാര്‍ട്ടിക്കെതിരെ പലപ്പോഴും കടുത്ത വിമര്‍ശനം നടത്താറുള്ള, സ്വതന്ത്രമായി ചിന്തിക്കുന്ന ആളാണെങ്കിലും നീണ്ട കാലമായി പാര്‍ട്ടിയുടെ ഒപ്പംനില്‍ക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ എന്നതും വിസ്മരിക്കാവുന്നതല്ലല്ലോ. എന്നിട്ടും സി.പി.എമ്മിന് ഇതു ചെയ്യേണ്ടിവന്നു.
 
സി.പി.എമ്മിന് ഇതൊരു ധര്‍മസങ്കടമാണ്. പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കാനും വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനും കിട്ടുന്ന അവസരമാണ്. ഏറ്റവും അധികം പ്രേക്ഷകരുള്ള ചാനലാണ് ഏഷ്യാനെറ്റ് എന്നതും മറന്നുകൂടാ. ഒരു പാര്‍ട്ടിയും അതു മറക്കില്ല. എന്നിട്ടും ചര്‍ച്ച സി.പി.എം ബഹിഷ്‌കരിക്കുന്നുണ്ടെങ്കില്‍ അതിന് പ്രത്യക്ഷത്തില്‍ത്തന്നെ കാണാവുന്ന വേറെ കാരണങ്ങള്‍ ഉണ്ടാവണം. ഇപ്പോള്‍ ഏഷ്യാനെറ്റ്് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിക്കു ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുന്നത്. അതിനുള്ള കാരണങ്ങള്‍ പാര്‍ട്ടിതന്നെ വിശദീകരിച്ചിട്ടുണ്ട്. സി.പി.എം വിരുദ്ധ പക്ഷത്തുനിന്ന്്് മൂന്നു പേരും അവര്‍ പറയുന്നതിനെല്ലാം മറുപടി പറയാന്‍ പാര്‍ട്ടി പക്ഷത്തുനിന്ന്  ഒരാള്‍ മാത്രവും ആണ് സ്വര്‍ണ്ണം കള്ളക്കടത്തു ചര്‍ച്ചയില്‍ ഉണ്ടാകുന്നത്. മൂന്നാളുടെ വാദങ്ങള്‍ക്ക് മറുപടി പറയാന്‍ അത്രയും സമയം ആ ഒരാള്‍ക്ക് കിട്ടേണ്ടേ? അത് കിട്ടുന്നില്ല എന്നു മാത്രമല്ല അവതാരകന്റെ ഇടപെടലും ഇടങ്കോലിടലും കാരണം ഒന്നും വിശ്വാസ്യമായ തരത്തില്‍ പറയാനാവുന്നില്ല. എത്ര സമയം കിട്ടിയാലും സ്വയം പിടിച്ചുകയറാന്‍ കഴിയുന്നതല്ല പാര്‍ട്ടി ഇപ്പോള്‍ വീണിട്ടുള്ള പടുകുഴി എന്നത്  വേറെ കാര്യം.  
 
എല്ലാവരും തുല്യരല്ല
ചാനല്‍ എഡിറ്റര്‍ ഏഷ്യാനെറ്റില്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നല്‍കിയ വിശദീകരണത്തിലെ ഒരു കാര്യം ശ്രദ്ധാര്‍ഹമാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവരും തുല്യരല്ല. സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയന്നും എതിരായ ആരോപണങ്ങളാണ് ഈ വിവാദത്തിന്റെ കാതലായ ഭാഗം. അതിനു ചോദ്യങ്ങള്‍ ചോദിക്കേണ്ടത് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് എത്തുന്ന ആളോടാണ്, പ്രതിപക്ഷക്കാരോടല്ല.  അവതാരകന്‍ അതുകൊണ്ടാണ് ഇടക്കിടെ ഇടപെടുന്നത്. ഈ വാദത്തില്‍ കഴമ്പുണ്ട്. പക്ഷേ, അപ്പോള്‍ ഈ വാദം സ്വീകരിക്കുകയാണെങ്കില്‍ ഒരു കാര്യം ചാനല്‍ അംഗീകരിക്കേണ്ടിവരും. മറുപടി പറയാന്‍ ഏറ്റവും കൂടുതല്‍ സമയം കിട്ടേണ്ടതും സി.പി.എം പ്രതിനിധിക്കു തന്നെയാണ്. അല്ലേ?
 
ഇഷ്ടംപോലെ സമയം അവതാരകന്‍ അനുവദിച്ചാലും, സി.പി.എമ്മിനു വാദിച്ചു ജയിക്കാന്‍ പറ്റാത്ത ഒരു കേസ്സാണ് ഈ സ്വര്‍ണ്ണം-സ്വപ്‌ന കളളക്കടത്തു കേസ് എന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു. എത്ര സമയമെടുത്തു വിശദീകരിച്ചാലും സംശയങ്ങളും അവിശ്വാസതകളും, കേള്‍വിക്കാരുടെ ആളുടെ മുഖത്ത് അവശേഷിക്കും. പാര്‍ട്ടി ബന്ധുക്കള്‍ക്കും ബോധ്യമാവാത്ത കാര്യങ്ങളാണ് ഇതെല്ലാം. ഇടതുമുന്നണിയില്‍ ഏതെങ്കിലും കക്ഷി പൂര്‍ണ്ണമനസ്സോടെ സി.പി.എമ്മിനെ ന്യായീകരിക്കുന്നുണ്ടോ?  ഇല്ല. പാര്‍ട്ടിക്കകത്തുതന്നെയും നേതൃത്വത്തിന്റെ വിശദീകരണങ്ങള്‍ ബോധ്യപ്പെടാത്തവര്‍ ധാരണമുണ്ടെന്ന് വ്യക്തമാണ്.
 
മാധ്യമത്തെ ബഹിഷ്‌കരിക്കുന്നത് ഫോര്‍ത്ത് എസ്റ്റേറ്റ് ധര്‍മത്തെ ഹനിക്കുന്ന ജനാധിപത്യവിരുദ്ധമായ നടപടിയല്ലേ എന്ന സംശയം ചിലര്‍ക്കുണ്ട്. അഭിപ്രായം പറയാനുള്ളതുപോലത്തെ സ്വാതന്ത്ര്യം പൗരന് അഭിപ്രായം പറയാതിരിക്കാനും ഇല്ലേ? ഏഷ്യാനെറ്റ് പ്രതിനിധികള്‍ ഇനി സി.പി.എം ഓഫീസില്‍ കയറരുതെന്നോ സി.പി.എം നേതാക്കളോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്നോ അവര്‍ പറഞ്ഞിട്ടില്ലല്ലോ. ചാനല്‍ ചര്‍ച്ചയിലെ അവതാരകന്റെ പെരുമാറ്റം അസഹ്യമാണെങ്കില്‍ ഇറങ്ങിപ്പോകാനല്ലാതെ, ബഹിഷ്‌കരിക്കാനല്ലാതെ പൗരനു മറ്റെന്താണ് കഴിയുക?  ഇതു പ്രാകൃതമോ ജനാധിപത്യവിരുദ്ധമോ അല്ലതന്നെ. മാധ്യമങ്ങള്‍ പറയുന്ന എല്ലാം വായടച്ച് നുസരിച്ചുകൊള്ളാമെന്ന കരാറൊന്നും ആരും ആര്‍ക്കും ഒപ്പിട്ടുകൊടുത്തിട്ടില്ല. ഇതു അനിഷേധ്യമായ പൗരാവകാശമാണ്, സംശയമില്ല.
 
ബഹിഷ്‌കരണം ആദ്യമല്ല
 കേരളത്തില്‍ ഇത് ആദ്യമായല്ല ഒരു പാര്‍ട്ടി ചാനല്‍ രീതികളില്‍ അപ്രിയം പ്രകടിപ്പിക്കുന്നതും ബഹിഷ്‌കരിക്കുന്നതും. ഇന്ന് ഒരുപക്ഷേ, ഏഷ്യാനെറ്റിന്റെ പക്ഷത്തു നില്‍ക്കുന്ന ബി.ജെ.പി തന്നെ ഇതിനേക്കാള്‍ മോശമായ രീതിയില്‍ മാധ്യമത്തോട്-ഏഷ്യാനെറ്റിനോട്- പ്രതികരിച്ചിട്ടുണ്ട്. 2014-ല്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ബി.ജെ.പിയുടെ പരിപാടിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സംഘാടകര്‍ പുറത്താക്കിയ അനുഭവമുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്ത പരിപാടി. അതിനും രണ്ട് ദിവസം മുന്‍പ് കോട്ടയത്ത് ചേര്‍ന്ന ബി.ജെ.പി. സംസ്ഥാന സമിതി ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിക്കുക പോലും ചെയ്തു.  നിഷേധാത്മകമായ റിപ്പോര്‍ട്ടിംഗാണ് ഏഷ്യാനെറ്റ് നടത്തുന്നതെന്നാണ് അന്നു പ്രസിഡന്റ്  വി.മുരളീധരന്‍ വിശദീകരിച്ചത്. തലയില്‍ ആള്‍ത്താമസമുള്ള  നേതാക്കള്‍ ബി.ജെ.പിയിലില്ലാത്തതിനാലാണ് അവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ് ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. (http://newsmoments.in/media/visual/bjp-boycott-asianet-news/5442.html )
 
ഏഷ്യാനെറ്റ് ചാനലിലെ സിനിമാല എന്ന പരിപാടിയില്‍ അഭയ കേസ് സംബന്ധമായ പരാമര്‍ശത്തില്‍ രോഷാകുലരായ കത്തോലിക്ക സഭ ചാനല്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിനിടയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു എക്‌സിറ്റ് പോളില്‍ രോഷാകുലരായി കോണ്‍ഗ്രസ്സുകാര്‍ ഇന്ത്യവിഷന്‍ ചാനല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 
ഏഷ്യാനെറ്റ് ചാനല്‍ ഏന്തെങ്കിലും ഗൂഢരാഷ്ട്രീയ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്ന ചാനലാണ് എന്നു ആരോപിക്കാന്‍ കഴിയില്ല. സ്വതന്ത്ര പ്രൊഫഷനല്‍ ചാനലുകളുടെ പ്രവര്‍ത്തനരീതി തന്നെയാണ് ഏഷ്യാനെറ്റ് അവലംബിച്ചു പോരുന്നത്. പ്രൊഫഷനലിസം പലപ്പോഴും രാഷ്ട്രീയ പക്ഷപാതത്തേക്കാള്‍ അസഹ്യമായി മാറാറുണ്ടെന്നത് മറ്റൊരു കാര്യം. മലയാള ചാനലുകള്‍ക്കിടയിലെ ഏറ്റവും വിശ്വാസ്യതയുള്ള ചാനല്‍ എന്ന നിലയില്‍ കുറെക്കാലമായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഈ ചാനലിന് അതു നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നുണ്ട്. ഈ ചാനല്‍ മത്സരം ചാനലുകളുടെ നല്ല വശങ്ങളേക്കാള്‍ ഏറെ മോശം പ്രവണതകളെയാണ് ശക്തിപ്പെടുത്തുന്നത്.
 
മാധ്യമപ്രവണതകള്‍
 ഒട്ടും സ്വീകാര്യമല്ലാത്ത, അങ്ങേയറ്റം ജനവിരുദ്ധമായ പല പ്രവണതകളും ദൃശ്യമാധ്യമരംഗത്ത് ശക്തി പ്രാപിക്കുന്നുണ്ട് എന്നു പറയാതെ വയ്യ. സാമാന്യ മര്യാദയോ സത്യസന്ധതയോ നിഷ്പക്ഷതയോ നീതിബോധമോ ഒന്നും ലവലേശമില്ലാതെ ചാനല്‍ അവതാരകന്‍ ചര്‍ച്ചയ്ക്ക് എത്തുന്നവരോട് അലറുകയും അധിക്ഷേപിക്കുകയും അസംബന്ധങ്ങള്‍ വിളിച്ചുപറയുകയും ചെയ്യുന്ന അധമ പ്രവണത ഇപ്പോള്‍ ഇന്ത്യയിലെ ഇംഗ്ലീഷ് വാര്‍ത്താമാധ്യമങ്ങളില്‍ ശക്തി പ്രാപിച്ചു വരുന്നുണ്ട്. അത് കയ്യടിച്ച് അംഗീകരിക്കേണ്ട ഒരു മികച്ച മാധ്യമപ്രവര്‍ത്തനരീതിയാണെന്ന് കുറെ ജനങ്ങളെങ്കിലും കരുതുകയും ചെയ്യുന്നു. റിപ്പബ്ലിക്ക് ടി.വി യില്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയാണ് ഈ പ്രതിഭാസത്തിന്റെ ഒന്നാം ക്ലാസ് ഉദാഹരണം. രാജ്യത്തെ ഭൂരിപക്ഷമതത്തിലും രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ പാര്‍ട്ടിയിലും പെട്ടവരുടെ പക്ഷത്തു നിന്ന് പൊരുതുകയാണ് അയാളുടെ മാധ്യമധര്‍മ്മം. ഇതിന്റെ അനുകരണം പല ഭാഷകളില്‍ പല രീതിയില്‍ വളര്‍ന്നുവരുന്നുണ്ടത്രെ.
 
 കേരളത്തിലാരും ആ തോതിലേക്ക് പൂര്‍ണ്ണമായി വളര്‍ന്നിട്ടില്ലെങ്കിലും ചിലരെങ്കിലും കേരള അര്‍ണാബുമാരായി സ്വയം ചമയുന്നു എന്ന് അവര്‍ പ്രകടിപ്പിക്കുന്ന ധാര്‍ഷ്ട്യവും യജമാനഭാവവും നമ്മെ തോന്നിപ്പിക്കുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടികള്‍ നിയോഗിക്കുന്നവരായതു കൊണ്ടാവും അതെല്ലാം സഹിക്കുന്നതും. ചാനലുകള്‍ ഇത്തരം കാര്യങ്ങളില്‍ പാലിക്കേണ്ട ഒരു എത്തിക്കല്‍ കോഡ്-പെരുമാറ്റസംഹിത- സ്വയം രൂപപ്പെടുത്തുകയും പാലിക്കുകയും വേണം എന്നു തോന്നുന്നു. പൊതുജനവും ഇത് എന്ത് എന്നറിയേണ്ടതുണ്ട്. ഒട്ടും ഫലപ്രദമല്ലെങ്കിലും അച്ചടി മാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ എന്നൊരു സംവിധാനമുണ്ട്. അതുപോലും ദൃശ്യമാധ്യമങ്ങള്‍ക്കില്ല.
 
ഒരു എഡിറ്റര്‍ക്കും ം അധമപ്രവണതകളെ ഒരു പരിധിക്കപ്പുറം നിയന്ത്രിക്കാന്‍ കഴിയില്ല. അത്ര കഠിനമായ മത്സരമാണ് മാധ്യമങ്ങള്‍ തമ്മില്‍ നടക്കുന്നത്. വിവാദം കത്തിനില്‍ക്കുന്നുണ്ടെന്ന ഒറ്റ കാരണം കൊണ്ടുമാത്രം അതില്‍ മുഖ്യസ്ഥാനത്തുള്ള ആള്‍ക്ക് മനുഷ്യാവകാശമോ സാമാന്യമര്യാദയുള്ള പെരുമാറ്റമോ കിട്ടാന്‍ അര്‍ഹതയില്ല എന്ന് കരുതുന്നതെന്തുകൊണ്ടാണ്? മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഒരു കേസ്സില്‍ ചോദ്യം ചെയ്യല്‍ നേരിടാന്‍ പോകുന്നു എന്നു കരുതി അദ്ദേഹത്തെ പുലര്‍ച്ചെ നാലു മണി മുതല്‍ ക്യാമറകള്‍ പിന്തുടരുന്നത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ്. എന്തു തരമായായാലും അതുപാടില്ല എന്നാര് പറയും?  ഇതു തുടരും-നാളെ പ്രേക്ഷകന്‍ എന്ന സാമാന്യജനം ചാനല്‍ ബഹിഷ്‌കരണം തുടങ്ങുംവരെ.
 
(പ്രമുഖ മാധ്യമ നിരുപകനാണ് എന്‍ പി രാജേന്ദ്രന്‍ ..കടപ്പാട് :ജനശക്തി മാസിക)

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image