മൂന്നാര്‍ 
 
സഞ്ചാരികള്‍ കൈവിടുന്നു 
 
സന്ദീപ്‌ വെള്ളാരങ്കുന്ന്
അശാസ്ത്രീയ നിര്‍മാണങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളത്തിനു സമീപം ഗ്യാപ് റോഡിലുണ്ടായ തുടര്‍ച്ചയായ മലയിടിച്ചിലുകളും ഗതാഗതടസങ്ങളും.
 
തെക്കിന്റെ കാഷ്മീര്‍ എന്നറിയപ്പെടുന്ന രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിനെ സഞ്ചാരികള്‍ കൈവിടുന്നുവെന്നു സൂചന.ഹോട്ടലുകളും റിസോര്‍ട്ടുകളും ലീസിനെടുത്തു നടത്തിയിരുന്നവര്‍ സഞ്ചാരികളെത്താത്തതിനാല്‍ നഷ്ടം സഹിച്ചു മടുത്തതോടെ പലരും ഉടമകളെ തിരച്ചേല്‍പ്പിച്ചു മടങ്ങിത്തുടങ്ങിയിരിക്കുന്നു. 
 
   പഴയമൂന്നാര്‍, കോളനി, മൂന്നാര്‍ ടൗണ്‍, പള്ളിവാസല്‍, രണ്ടാംമൈല്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റിസോര്‍ട്ട് ഉടമകളാണ് റിസോര്‍ട്ടുകള്‍ ഉപേക്ഷിച്ചു പിന്‍വാങ്ങുന്നത്. 2018 പ്രളയം മുതലാണ് തെക്കിന്റെ കാഷ്മീരിനെ സഞ്ചാരികള്‍ കൈവിട്ടു തുടങ്ങിയത്. പ്രളയത്തിലും ഉരുള്‍പൊട്ടലിലും റോഡുകളും പാലങ്ങളും തകര്‍ന്ന മൂന്നാര്‍ ഒരാഴ്ചയോളം ഒറ്റപ്പെട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും വിദേശ രാജ്യങ്ങളിലും നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപകമായി പ്രചരിക്കുന്നത് മൂന്നാര്‍ ഇപ്പോഴും സേഫ് അല്ലാത്ത ഡെസ്റ്റിനേഷനാണെന്ന തോന്നല്‍ ടൂര്‍ ഓപ്പറേറ്റര്‍മാരിലും സഞ്ചാരികള്‍ക്കിടയിലും ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ടെന്ന് ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 
 
   അതേസമയം അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതിന്റെ അനന്തരഫലമായുണ്ടാകുന്ന ദുരന്തങ്ങളുമാണ് സഞ്ചാരികളെ മൂന്നാര്‍ എന്ന  ഡെസ്റ്റിനേഷന്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അശാസ്ത്രീയ നിര്‍മാണങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളത്തിനു സമീപം ഗ്യാപ് റോഡിലുണ്ടായ തുടര്‍ച്ചയായ മലയിടിച്ചിലുകളും ഗതാഗതടസങ്ങളും. അശാസ്ത്രീയമായി റോഡ് നിര്‍മാണം നടത്തിയതിന്റെ ഭാഗമായി മലയിടിഞ്ഞതോടെ മാസങ്ങളായി കൊച്ചിയില്‍ നിന്നും തേക്കടിയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ എത്തുന്നതും തിരിച്ചുപോകുന്നതുമായ പ്രധാന പാതയായ കൊച്ചി ധനുഷ്‌കോടി പാതയില്‍ കഴിഞ്ഞ ജൂലൈ 28 മുതല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായി തടസപ്പെട്ട നിലയിലാണ്. കഴിഞ്ഞ ജൂലൈ 28-നാണ് ഈ റൂട്ടിന്റെ ഭാഗമായ ഗ്യാപ്പ് റോഡില്‍ ആദ്യം മലയിടിഞ്ഞത്. ഇതിനേത്തുടര്‍ന്ന് ഒന്നരമാസത്തോളം തടസപ്പെട്ട ഗതാഗതം സെപ്റ്റബറില്‍ പുനരാരംഭിച്ചുവെങ്കിലും ഒക്ടോബര്‍ ആദ്യവാരം തന്നെ ഈ റൂട്ടില്‍ വീണ്ടും മലയിടിയുകയായിരുന്നു. ജൂലൈ 28-നു ശേഷം തുടര്‍ച്ചായി 16-ഓളം മലയിടിച്ചിലുകളാണ് ഈ റൂട്ടിലണ്ടായത്. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് മലയിടിച്ചിലിനു കാരണമെന്നു മുന്‍ ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ പ്രളയകാലത്ത്

കഴിഞ്ഞ പ്രളയകാലത്ത് മൂന്നാറിനെ പ്രളയത്തില്‍ മുക്കിയത് അശാസ്ത്രീയ നിര്‍മാണങ്ങളും പുഴ കൈയേറിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമായിരുന്നു. കനത്തമഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞതോടെ പഴയമൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മൂന്നാറിനു സമീപം ഗവണ്‍മെന്റ് കോളജിനായി നിര്‍മിച്ച കെട്ടിടം ഒരു കുന്നു സഹിതമാണ് ഇടിഞ്ഞു താഴേയ്ക്കു പതിച്ചത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണെന്നും നിര്‍മാണം പാടില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും ഇത് അവഗണിച്ചാണ് ഇവിടെ കോളജിനായി കെട്ടിടം നിര്‍മിച്ചത്. 
 
കഴിഞ്ഞ വര്‍ഷം വരെ രാജ്യത്തെ തന്നെ ഏറ്റവും ആള്‍ത്തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്ന മൂന്നാറിനെയാണ് സഞ്ചാരികള്‍ കൈവിടുന്നത്. വിനോദ സഞ്ചാരത്തില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രം കണ്ണുവച്ചാല്‍ പോര മറിച്ച് സഞ്ചാരികളുടെയും പ്രദേശത്തിന്റെയും നിലനില്‍പ്പ് ഉറപ്പാക്കുന്നതിനായിരിക്കണം സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നതാണ് മൂന്നാര്‍ നല്‍കുന്ന പാഠം.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image