പെട്ടിമുടി ദുരന്തം 
മേഘവിസ്ഫോടനത്തിലും 
ഉരുള്‍പൊട്ടലിലും ഇല്ലാതായവര്‍ 
 
സന്ദീപ് വെള്ളാരങ്കുന്ന്

പൊലിഞ്ഞത് എഴുപതു ജീവിതങ്ങള്‍ ,ഇല്ലാതായത് ഒരു ഗ്രാമം 

ഇടമുറിയാതെ തോരാമഴ പെയ്ത ആ രാത്രിയില്‍ ഇടുക്കി ജില്ലയിലെ മൂന്നാറിനു സമീപമുള്ള പെട്ടിമുടിയിലെ കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖരായ ചായ ഉല്‍പ്പാദകരായ കണ്ണന്‍ ദേവന്‍ കമ്പനിയുടെ നാല് എസ്റ്റേറ്റ് ലയങ്ങളിലായി മുപ്പതോളം കുടുംബങ്ങളില്‍പ്പെട്ട 82 പേരാണ് ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ രാത്രി പതിനൊന്നരയോടെ ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ മരണം അവരെ തേടിയെത്തി. 12 പേര്‍ മാത്രം രക്ഷപെട്ട അപകടത്തില്‍ ഇതുവരെ 61 പേരുടെ മൃതദേഹങ്ങള്‍ പുഴയില്‍ നിന്നും ചതുപ്പില്‍ നിന്നും മണ്ണിനടയില്‍ നിന്നും വീണ്ടെടുത്തു കഴിഞ്ഞിരിക്കുന്നു. ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുമുണ്ട്.
 
 കേരളത്തില്‍ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട കണക്കെടുപ്പുകളില്‍ മരണ സംഖ്യയില്‍ ഏറ്റവും മുമ്പിലുള്ളതാണ് പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലെന്നു വിദഗ്ധര്‍ തന്നെ പറഞ്ഞുവയ്ക്കുന്നു. ഉരുള്‍പൊട്ടലുണ്ടായ ദേവികുളം താലൂക്കില്‍ ഒറ്റ കരിങ്കല്‍ ക്വാറിപോലും ഇല്ലായെന്ന് അധികൃതര്‍ പറയുമ്പോള്‍ എന്താണ് ഈ ഉരുള്‍പൊട്ടലിനു പിന്നിലെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. കണ്ണന്‍ദേവന്‍ കമ്പനി പെട്ടിമുടിയില്‍ സ്ഥാപിച്ചിട്ടുള്ള റെയിന്‍ ഗേജ് സ്റ്റേഷനില്‍ ദുരന്തമുണ്ടായ ഓഗസ്റ്റ് ആറാം തീയതി പെയ്തിറങ്ങിയ മഴയുടെ അളവ് 61.22 സെന്റിമീറ്ററാണ്. അതായത് 612 മില്ലീമീറ്റര്‍ മഴ. കണ്ണന്‍ ദേവന്‍കമ്പനിയുടെ പക്കലുള്ള കണക്കുകളില്‍ ആദ്യമായാണ് ഒരു ദിവസം 62 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ഇവിടെ കനത്ത മഴയാണുണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 214.7 സെന്റീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഒരു മണിക്കൂറില്‍ ഒരു സ്ഥലത്ത് 100 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ ഇത് മേഘ വിസ്‌ഫോടനത്തിനും പോലും കാരണമാകുമെന്നു വിദഗ്ധര്‍ പറയുന്നു. ഒരു ദിവസം 61.22 സെന്റി മീറ്റര്‍ മഴ ലഭിച്ചത് കേരളത്തില്‍ നിലവിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടിയ അളവാണെന്ന് വിദഗ്ധനായ ഗോപകുമാര്‍ ചോലയില്‍ പറയുന്നു. 
  അതേസമയം കേരളത്തിലെ മഴയുടെ പാറ്റേണ്‍ മാറിയതാണ് തുടര്‍ച്ചയായുണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും കാരണമാകുന്നതെന്നു വിദഗ്ധര്‍ പറയുമ്പോള്‍ കേരളത്തിലെ മാറിവരുന്ന മഴക്കണക്കുകള്‍ പരിശോധിക്കുകയും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യാനുള്ള നടപടികള്‍ വരും കാലങ്ങളിലെങ്കിലും ഉണ്ടാകുമോയെന്നു മാത്രമാണ് അറിയാനുള്ളത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി മൂന്നാറിലെ സ്ത്രീകള്‍ നടത്തിയ ഐതിഹാസികമായ പെമ്പിള ഒരുമൈ മുന്നേറ്റം തൊഴിലാളികളുടെ സമര ചരിത്രങ്ങളില്‍ എക്കാലവും ഇടംപിടിക്കുന്നതാണ്. ആഭ്യന്തരപ്രശ്‌നങ്ങളെത്തുടര്‍ന്ന് പെമ്പിള ഒരുമൈ മുന്നേറ്റം പൊളിഞ്ഞെങ്കിലും അന്നത്തെ സമരനായികമാരിലൊരാളായ ഗോമതി അഗസ്റ്റിന്‍ പെട്ടിമുടി ദുരന്തത്തിനു ശേഷം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ എക്കാലവും പരിഗണന അര്‍ഹിക്കുന്നതാണ്. ഒരു വെബിനാറില്‍ സംസാരിക്കവേ പെട്ടിമുടിയില്‍ മരിച്ചവരെ ഒരുമിച്ചു സംസ്‌കരിക്കേണ്ടി വന്നത് നാലാം തലമുറയായിട്ടും തൊഴിലാളികള്‍ക്ക് ആര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തതു മൂലാണെന്ന് ഗോമതി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി. ഒരു നൂറ്റാണ്ടിലധികമായി തേയിലത്തോട്ടങ്ങളില്‍ തൊഴിലെടുക്കുന്നുണ്ടെങ്കിലും ആര്‍ക്കും സ്വന്തമായി വീടോ ഭൂമിയോ ഇല്ലായെന്നതാണ് യാഥാര്‍ഥ്യം. തൊഴിലാളികളുടെ പ്രശ്‌നങ്ങളുന്നയിക്കാന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഗോമതി ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ജില്ലയിലെ തേയിലത്തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളെല്ലാം തന്നെ വളരെ പരിതാപകരമായ അവസ്ഥയിലുള്ളതാണെന്നും ഇന്നത്തെ കാലത്ത് ഇത്തരം പാര്‍പ്പിടങ്ങളെപ്പറ്റി ചിന്തിക്കാന്‍ പോലുമാകില്ലെന്നും തുറന്നു പറഞ്ഞത് ഇടുക്കി  ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ തന്നെയാണ്. തൊഴിലാളികള്‍ക്കു സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പോലുള്ള ഭവന നിര്‍മാണ പദ്ധതികളിലേക്ക് തോട്ടം തൊഴിലാളികളെ പരിഗണിക്കാനാവാത്ത പരിതാപകരമായ അവസ്ഥയും ഉണ്ടെന്നു പറയുന്ന കളക്ടര്‍ ജില്ലയിലെ എസ്‌റ്റേറ്റു ലയങ്ങളുടെ പരിതാപകരമായ അവസ്ഥയെപ്പറ്റി സര്‍ക്കാരിനു വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ്.

പെട്ടിമുടിയിലുണ്ടായ അപകടത്തിനു നാലു ദിവസം മുമ്പു തന്നെ വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും നിലച്ചതാണ് .പെട്ടിമുടിയില്‍ രാത്രി 11.30 ഓടെയുണ്ടായ അപകടം പുറംലോകമറിഞ്ഞതാകട്ടെ മണിക്കൂറുകള്‍ വൈകി രാവിലെ ഏഴു മണിയോടെയാണ്. രക്ഷപെട്ടവരിലൊരാള്‍ കിലോമീറ്റുകള്‍ അകലെയുള്ള ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ചെക്ക് പോസ്റ്റിലെത്തി വിവരം പറഞ്ഞതോടെയാണ് വാര്‍ത്ത പുറത്തെത്തിയത്. സാങ്കേതികവിദ്യയിലും മറ്റും മുന്നിലാണെന്ന് അഭിമാനിക്കുമ്പോഴും എഴുപതോളം പാവപ്പെട്ട തൊഴിലാളികളുടെ ജീവനെടുത്ത അപകടം പുറംലോകമറിയാന്‍ മണിക്കൂറുകള്‍ വൈകിയെന്നത് കേരളത്തെ ലജ്ഞിപ്പിക്കുന്ന സംഗതിയാണെന്ന് അധികാരികള്‍ മറക്കരുത്.
 
 ഇടുക്കി ജില്ലയിലെ മുപ്പതു ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ തന്നെയുള്ളപ്പോള്‍ എന്തുകൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ മാത്രം താമസിക്കേണ്ടി വരുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടതും അധികൃതര്‍ തന്നെയാണ്.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image