ഈ ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രഭാഷയായ ഹിന്ദിയെപറ്റി ഓര്‍ക്കാന്‍ കാരണം ഈയിടെ കേന്ദ്രമത്രി അമിത്ഷാ നടത്തിയ പ്രസ്താവനയാണ്. ഹിന്ദിക്ക് രാഷ്ട്രഭാഷാപദവി നല്‍കണമെന്നത് ഗാന്ധിജിയുടെ ആശയവും സ്വപ്നവുമായിരുന്നു. എന്നാല്‍ ഹിന്ദിയെ ഭരണഭാഷയാക്കുക എന്നതായിരുന്നില്ല ഗാന്ധിജിയുടെ ലക്ഷ്യം. ഭാഷാവൈവിധ്യം പുലരുന്ന ഇന്ത്യയിലെ ജനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താനും അതുവഴി ദേശീയ ഐക്യം ഊട്ടി ഉറപ്പിക്കാനും ഹിന്ദി ഭാഷയ്ക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. 1918, മാര്‍ച്ച് 29 ന് ഇന്ദോറില്‍ എട്ടാമത് ഹിന്ദി സാഹിത്യ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ആദ്യമായി ഇക്കാര്യത്തില്‍ മനസ്സുതുറക്കുന്നത്. “ഹിന്ദിക്ക് ദേശീയഭാഷാ പദവിയും മറ്റ് പ്രാദേശിക ഭാഷകള്‍ക്ക് അര്‍ഹമായ പ്രാധാന്യവും നല്‍കുന്നില്ലെങ്കില്‍ ’സ്വരാജ്യ’ ത്തെക്കുറിച്ചുള്ള എല്ലാ വാചകക്കസര്‍ത്തുകളും അര്‍ത്ഥശൂന്യമാകുമെന്നാണ് എന്‍റെ വിനീതവും എന്നാല്‍ ഉറച്ചതുമായ അഭിപ്രായം,” അദ്ദേഹം വ്യക്തമാക്കി. ദേശീയ തലത്തിലുള്ള ഹിന്ദിപ്രചരണം അന്നത്തെ മദ്രാസ് പ്രസിഡന്‍സിയില്‍നിന്ന് തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു തരത്തിലും അഹിന്ദി മേഖലകലില്‍ ഹിന്ദി അടിച്ചേല്‍പിക്കരുത് എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സംസ്കൃതത്തിന്‍റേയോ പേര്‍ഷ്യന്‍റേയോ അതി പ്രസരമില്ലാത്ത ഉര്‍ദുകലര്‍ന്ന ഹിന്ദി അഥവാ ഹിന്ദുസ്ഥാനിയായിരുന്നു ഹിന്ദി എന്നതുകൊണ്ട് അദ്ദേഹം വിവക്ഷിക്ഷിച്ചത്. ആശയവിനിമയത്തിന്‍റെ അനായാസത അത് ഉറപ്പുനല്‍കും എന്ന് അദ്ദേഹം കരുതി.

ഇംഗ്ലീഷ് ഉപയോഗിച്ചുകൊണ്ടുള്ള ബ്രിട്ടീഷുകാരുടെ ആധിപത്യശ്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു ഹിന്ദി ദേശീയഭാഷയാക്കുന്നതിന്‍റെ പരമമായ ലക്ഷ്യം. ബ്രിട്ടണില്‍നിന്നുള്ള മില്‍വസ്ത്രങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിക്കൊണ്ട് ഇംഗ്ലീഷുകാര്‍ നടത്തുന്ന ചൂഷണത്തെ എതിരിടുകയായിരുന്നു ഖാദി പ്രസ്ഥാനത്തിലൂടെ അദ്ദേഹം പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഹിന്ദിയുടേയും ഖാദിയുടേയും ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്. ബന്ധഭാഷയായല്ല, അധികാരത്തിന്‍റെ ഭാഷയായാണ് ഹിന്ദി അടിച്ചേല്‍പിക്കുന്നത് എന്ന ധാരണയാണ് തമിഴ്നാട്ടില്‍ വന്‍ പ്രക്ഷോഭത്തിന് വഴിവെച്ചത്. 1965 നുശേഷം ഹിന്ദി മാത്രമായിരിക്കും ദേശീയ തലത്തില്‍ ഔദ്യോഗികഭാഷ എന്ന തീരുമാനത്തില്‍നിന്നും പിറകോട്ടുപോകാന്‍ ജവഹര്‍ലാല്‍ നെഹ്റു തയാറായതോടെയാണ് ഹിന്ദി വിരുദ്ധ പ്രക്ഷോഭം കെട്ടടങ്ങിയത്. എന്നാല്‍ കാലത്തിന്‍റെ ചാരം മൂടിയതിനടിയില്‍ അതിന്‍റെ ചില കനലുകളെങ്കിലും കെടാതെ കിടപ്പുണ്ട്. അമിത്ഷാ ഇത് കാണാതെപോകില്ലെന്ന് പ്രത്യാശിക്കാം.ഭാഷകൊണ്ടുള്ള തീക്കളി എത്ര ആപല്‍ക്കരമാണെന്നതിന് നമ്മുടെ തൊട്ടടുത്തുകിടക്കുന്ന പാക്കിസ്ഥാന്‍ തന്നെ തെളിവാണ്. ഇന്ത്യാവിഭജനത്തിലൂടെ രൂപംകൊണ്ട പാക്കിസ്ഥാനിലും ഇതേ ഭാഷാപ്രശ്നമുണ്ടായിരുന്നു. അവരുടെ രാഷ്ടപിതാവ് മുഹമ്മദലി ജിന്ന ഉര്‍ദു പാക്കിസ്ഥാന്‍റെ രാഷ്ടഭാഷയാണെന്ന് ആ രാജ്യത്തിന്‍റെ രൂപീകരണത്തിനുമുമ്പുതന്നെ പ്രഖ്യാപിച്ചതാണ്. പാകിസ്ഥാന്‍ കിഴക്കും പടിഞ്ഞാറുമായി രണ്ട് ഖണ്ഡങ്ങളായാണല്ലോ രൂപമെടുത്തത്. പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഭൂരിപക്ഷം ഉര്‍ദു സംസാരിക്കുന്നവരാണെങ്കിലും മറ്റ് പ്രാദേശിക ഭാഷകളും പ്രബലമായിരുന്നു. പഞ്ചാബില്‍ പഞ്ചാബിയും സിന്ധില്‍ സിന്ധിയും മുഖ്യഭാഷകളാണ്. കിഴക്കന്‍ പാക്കിസ്ഥാനിലാകട്ടെ ബംഗാളിയല്ലാതെ മറ്റൊരുഭാഷക്കും സ്വാധീനമില്ല. ഉര്‍ദുവിനോടൊപ്പം തുല്യമായ പദവി ബംഗാളി ഭാഷക്കും വേണമെന്ന് അവിടെയുള്ളവര്‍ ശഠിച്ചു. എന്നാല്‍ ജിന്ന ഉര്‍ദുമാത്രം എന്ന നിലപാടില്‍ ഉറച്ചുനിന്നു. ഗാന്ധിജി ഹിന്ദിക്കുവേണ്ടി സമന്വയത്തിന്‍റെ പാത നിര്‍ദ്ദേശിച്ചപ്പോള്‍ ജിന്നയുടേത് കര്‍ക്കശ സമീപനമായിരുന്നു.

1948, മാര്‍ച്ച്21ന് കിഴക്കന്‍ പാക്കിസ്ഥാനിലെ ധാക്കയില്‍ ഒരു വന്‍ ജനാവലിയെ അഭിസംബോധചെയ്തുകൊണ്ട് ജിന്ന വ്യമാക്കി:” നിങ്ങളുടെ പ്രൊവിന്‍സില്‍ ഏത് ഭാഷവേണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. എന്നാല്‍ ഞാന്‍ ഒരു കാര്യം വ്യക്തമാക്കാം. പാക്കിസ്ഥാന്‍റെ ദേശീയഭാഷ ഉര്‍ദുവല്ലാതെ മറ്റൊരു ഭാഷയുമായിരിക്കില്ല. ഇക്കാര്യത്തില്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പാക്കിസ്ഥാന്‍റെ ശത്രുക്കളാണ്.”(രസകരമായ ഒരു വസ്തുത ഉര്‍ദുമാത്രമാണ് പാക്കിസ്ഥാന്‍റെ ദേശീയഭാഷ എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ജിന്നയുടെ ആ പ്രസംഗം ഇഗ്ലീഷിലായിരുന്നു എന്നതാണ്.) 
എന്നാല്‍ ഭാഷയുടെ പേരിലുണ്ടായ ഈ അസംതൃപ്തിയാണ് കിഴക്കന്‍ പാക്കിസ്ഥാന്‍ വേര്‍പെട്ട് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായിത്തീരാന്‍ മുഖ്യകാരണമായിത്തീര്‍ന്നത്. 


പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വത്തെ കിഴക്കn^ പാക്കിസ്ഥാനികള്‍ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങി. ഭാഷയുടെ പേരില്‍ തങ്ങള്‍ അവഗണിക്കപ്പെടുകമാത്രമല്ല, സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയുമാണെന്ന് അവര്‍ മനസ്സിലാക്കി. ഉദാഹരണത്തിന് രാജ്യത്തെ കയറ്റുമതി വരുമാനത്തിന്‍റെ 74 ശതമാനം സംഭാവന ചെയ്യുന്ന കിഴക്കന് പാക്കിസ്ഥാന് അതില്‍ 24  ശതമാനത്തിന്‍റെ ഗുണഭോക്താവാകാനേ സാധിച്ചിരുന്നുള്ളു. 1952-ല്‍ നടന്ന ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ 1956-ല്‍ ബംഗാളി ഭാഷയ്ക്ക് ഔദ്യോഗികഭാഷാ പദവി അനുവദിക്കപ്പെട്ടു.എന്നാലും ബംഗാളി ജനതയുടെ അവിശ്വാസം നിലനില്‍ക്കുകയും അത് 1971-ല്‍ ബംഗ്ലാദേശിന്‍റെ രൂപീകരണത്തില്‍ കലാശിക്കുകയും ചെയ്തു.

അതുകൊണ്ട് ഗാന്ധിജിയുടെ ആഗ്രഹം പോലെ സംഭവിക്കട്ടെ എന്ന് ഈ ഗാന്ധി ജയന്തി ദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം. ഹിന്ദി രാഷ്ട്രഭാഷ എന്നനിലയില്‍ കൂടുതല്‍ പ്രാമുഖ്യം നേടട്ടെ. എല്ലാ പ്രാദേശികഭാഷകളും ഒപ്പം വളരട്ടെ. സാമ്രാജ്യത്വത്തിന്‍റെ മദപ്പാടില്ലാത്ത ഇംഗ്ലീഷിനേയും നമുക്ക് കൂടെക്കൂട്ടാം. 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image