പേരില്ലാത്ത സ്‌റ്റേഷനിലേക്കുള്ള കന്നിയോട്ടം
ആര്‍ഷ കബിനി
 
അങ്ങോട്ടേയ്ക്ക് ഒരു -
തീവണ്ടിപ്പാതയും ,സ്റ്റേഷനും പണിതു.
പതുക്കെ, പതുക്കെ അവിടേയ്ക്ക് -
കണ്ണ് കാണാത്ത ഒരുവളുടെ പാട്ട് വന്നു.
കടലക്കാരന്റെ ചട്ടിയിലെ ചൂടുമെത്തി.
ടിക്കറ്റെടുത്ത സ്‌റ്റേഷൻ മാഞ്ഞുപോയി,
തീവണ്ടി മുൻപോട്ട്, മുൻപോട്ട് പോയി.
 
പാളം നീണ്ട്, നീണ്ട് വളർന്നു.
ഒന്നുറങ്ങി വീണ്ടും ഉണർന്നു.
ഉച്ചയ്ക്ക് പൊതിച്ചോറ് നിവർത്തി .
വെന്ത അരിയിൽ നെൽപ്പാടം കണ്ടു.
പാടത്തിനരികിലെ കുട്ടികളെ കണ്ടു.
ആൺകുട്ടികളുടെ പന്ത് കളി,
പെൺകുട്ടികളുടെ കക്ക് കളി.
തലയിൽ എണ്ണ വെക്കുന്ന അമ്മയെ കണ്ടു.
പെങ്ങളുടെ പ0ന മുറി,
അടുക്കളയിലെ പൂച്ച,
അച്ഛന്റെ പണിശാല,
കാമുകിമാരുടെ കുളിക്കടവുകൾ,
നാട്ടുകാരുടെ ബസ് സ്റ്റോപ്പ് .
 
ഊണ് കഴിഞ്ഞ് ഇല വലിച്ചെറിഞ്ഞു.
ഇനി എത്ര ദൂരം...
മരണം ഒരു തോന്നലാണ്,
ഒരനുഭവം,
പേരറിയാത്ത സ്റ്റേഷനിലേക്കുള്ള കന്നിയോട്ടം.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image