തോട വേണം ചേട്ടാ തോടവേണം

കുര്യൻ തോമസ് കരിമ്പനത്തറയിൽ

 

ഒരു നാടൻപാട്ടിൻറെ  വീണ്ടെടുക്കൽ... പാട്ടിൽ അടയാളപ്പെടുത്തുന്ന പെണ്ണിടങ്ങൾ... വാമൊഴിയിൽ കാലം കുറിക്കുന്ന പാഠഭേദങ്ങൾ...

 

തോട വേണം ചേട്ടാ തോടവേണം

തോളത്തടിക്കുന്ന തോടവേണം...

അമ്മായിയമ്മയും ഞാനും അടിക്കുമ്പോ-

കൂടെയടിക്കുന്നതോട വേണം...

 

രാത്രി കമ്പ്യൂട്ടറിൽ ഓരോന്ന്‌ കുത്തിക്കുറിക്കുമ്പോൾ അടുത്ത കട്ടിലിൽനിന്ന് പാതി ഉറക്കത്തിലുള്ള വീട്ടുകാരിയുടെ പതിഞ്ഞ പാട്ട്. പലപ്പോഴും പഴയ പാട്ടുകൾ മൂളാറുണ്ടെങ്കിലും വിവാഹജീവിതത്തിൽ ആദ്യമായിട്ടാണ് ഭാര്യ രാജി ഈ പാട്ടുമൂളി ഞാൻ കേൾക്കുന്നത്.

 

പുതുതലമുറയ്ക്കും താളമിട്ടു പാടാനുള്ള ഒരു പഴയ പാട്ട്. രാജിക്ക് അറിയാവുന്നത് പാട്ടിന്റെ ആകെ നാല് വരികൾ. അതുതന്നെ അങ്ങനെയോ എന്ന സംശയം ബാക്കിയും.

 

നസ്രാണി വീടുകളിലെ പഴയ തലമുറയിൽപ്പെട്ട വലിയമ്മമാരുടെ വസ്ത്രധാരണത്തെയും ആഭരണങ്ങളെയും കുറിച്ചായിരുന്നു എഴുത്ത്‌.

അഞ്ചു മുഴം നീളവും മൂന്നു മുഴം വീതിയുമുള്ള പുടവയെന്ന മുണ്ട്. വെള്ളനിറത്തിൽ അരയോളം എത്തുന്ന ചട്ട എന്ന അരക്കയ്യൻ കുപ്പായം. പള്ളിയിലോ പുറത്തോ പോകുമ്പോൾ പെമ്പിളമാർ മേലും മൂടുന്ന കവണി. കവണി ഞൊറിഞ്ഞു കുത്തുന്ന ബ്രോച്ച്. കൈകളിൽ കാപ്പ്. കീഴ്‌ക്കാതിൽ തോട. മേക്കാമോതിരം. പലതും പറഞ്ഞ് പറഞ്ഞ് കുത്തിക്കുറിക്കുമ്പോഴാണ് താളത്തിൽ പതിവില്ലാതൊരു പാട്ട്‌...

 

അമ്മായിയമ്മയും ഞാനും അടിക്കുമ്പോ-

കൂടെയടിക്കുന്നതോട വേണം...

 

ഉള്ള അറിവുകൾ ഫേസ് ബുക്കിൽ പങ്കുവെച്ചു. സാമൂഹിക മാധ്യമങ്ങളിൽ പരതി. ഫേസ് ബുക്കിൽ കൂട്ടുകാർ കമന്റായി നൽകിയ വരികൾ  കൂട്ടിചേർത്തപ്പോൾ പാട്ടിന്റെ തുടക്കം മുതൽ 14 വരികൾ കോർത്തെടുക്കാനായി. കിട്ടിയത് മധ്യതിരുവിതാംകൂറിലെ സാമൂഹികജീവിതം സാംസ്‌കാരിക പരിസരത്തിൽ വാങ്മയങ്ങളിലൂടെ  അവതരിപ്പിക്കുന്ന പഴയൊരു പാട്ട്.

 

തോടവേണം ചേട്ടാ തോടവേണം

തോളത്തടിക്കുന്ന തോടവേണം...

 

തോടയും കുണുക്കും വാളികയും. തോട... പണ്ടു പെണ്ണുങ്ങൾ കീഴ്ക്കത്തിലണിഞ്ഞ ഭാരമേറിയ ആഭരണം. പെമ്പിളക്ക് കാതില അനുവദനീയമെന്നു കണ്ടനാട് പടിയോലയിൽ (1809) പറയുന്നുണ്ട്. ഭാരം കൂട്ടാൻ അകത്തുനിറയെ അരക്ക് നിറച്ചിരിക്കും. അണിഞ്ഞാൽ കുത്തിയ കാത് വലിഞ്ഞുവലിഞ്ഞ് ഊഞ്ഞാൽ ആകൃതിലാവും. എല്ലാം ഈ പാട്ടിൽ പറയാതെ പറയുന്നു.കുണുക്കും വാളികയും മേക്കാതിലണിയുന്ന ആഭരണങ്ങൾ. ചീട്ടു കളിക്കുമ്പോൾ 28 കളിച്ചു തോക്കുമ്പോൾ അണിഞ്ഞിട്ടുള്ള വെള്ളയ്ക്കയിൽ പച്ചീർക്കിൽ വളച്ചുകുത്തി ചെവിക്കു മുകളിലൂടെ താഴേക്കു തൂക്കിഇടുന്ന കുണുക്ക് വേറെയാണ്.

 

സാമൂഹ്യ മാധ്യമങ്ങളിൽ പൊതുവെ ഉപയോഗിക്കുന്ന അസ്സൽ ക്രിസ്ത്യൻ അമ്മച്ചിയുടെ കാരിക്കേച്ചർ സോങ് തുടങ്ങുന്നത് ഇങ്ങനെയാണ്.

 

"പല്ലില്ലാക്കവിളുള്ള എത്താപ്പു മാറുള്ള

പഞ്ഞിയേം വെല്ലുന്ന മൃദുവോലും മുടിയുള്ള

തോളെത്തും കാതിലെ വാളിക ഞാത്തുള്ളെന്‍

വല്യമ്മ പണ്ടോതിയൊരു കഥ..."

കുട്ടിക്കാലത്ത്‌ അമ്മവീട്ടിൽ രാത്രി കൂടെക്കിടന്നു കഥ പറഞ്ഞുറക്കുമായിരുന്ന "പല്ലില്ലാക്കവിളുള്ള, എത്താപ്പു മാറുള്ള പഞ്ഞിയേം വെല്ലുന്ന മൃദുവോലും മുടിയുള്ള ..." എന്റെ വല്യമ്മച്ചിക്കും ഉണ്ടായിരുന്നു ഞാൻ ഉറങ്ങുംവരെ ഇരുകൈകൊണ്ടും തലോടി പിടിക്കുമ്മയിരുന്ന തോളെത്തും കാതിലെ വലിപ്പമുള്ള വാളിക. വല്യമ്മയെ അപ്പടി വരച്ചു വെച്ച പാട്ട്. എല്ലാ വല്യമ്മമാരെയും ഇങ്ങനെ അടയാളപ്പെടുത്താൻ കഴിയുമായിരിക്കും.

 

സുഹൃത്ത് സുജാതാ പ്രദീപ് പണ്ട് താൻ കോട്ടയം സിഎംഎസ് കോളജിൽ പഠിക്കുമ്പോൾ ടൂറിനിടെ അപ്പപ്പോൾ കാണുന്ന കാഴ്‌ചകൾ ചേർത്ത് രസകരമാക്കിയ പാട്ടിന്റെ വരികൾ തുടക്കം മുതൽ ഇങ്ങനെ പൂരിപ്പിച്ചു. 

 

ആലപ്പുഴക്കാരൻ കേശവൻ ചേട്ടാ

എനിക്കൊരു കൊച്ചുതോട വേണം....

അമ്മായിയമ്മയും ഞാനും പിണങ്ങുമ്പോൾ

കൂടെപ്പിണങ്ങണ തോട വേണം.....

കേറ്റമിറക്കവും കേറിയിറങ്ങുമ്പോൾ

കൂടെയിറങ്ങുന്ന തോട വേണം.....

 

പാട്ടിന്റെ ആദ്യവരി കേട്ട ഭാര്യ പെട്ടെന്ന് ഓർത്തെടുത്തു, ആലപ്പുഴക്കാരൻ... എന്ന് പാടി നിർത്തിയിട്ടുള്ള ധിംത ധിംതോം എന്ന ആ കോറസ്. പാട്ടിൽ  അമ്മയിയമ്മയുമായി അടിക്കുകയല്ല പിണങ്ങുകയുമാണെന്നും രാജി ഉറപ്പിച്ചു.

 

മൈത്രേയിയുടെ 2009 ഒക്ടോബർ 05 ലെ ബ്ലോഗെഴുത്തിൽ നിന്നാണ് ഈ പുരാതനപ്പാട്ടിലെ ഏറെ വാങ്മയങ്ങൾ കണ്ടെത്തിയത്. അൽഫോൻസാമ്മയുടെ കോൺവെന്റില്‍ രാത്രി അത്താഴത്തിനു ശേഷമുള്ള ഒരു മണിക്കൂര്‍ നീളുന്ന റിക്രിയേഷനിൽ എല്ലാവരും കലാവാസന പ്രകടിപ്പിക്കുന്നതിനിടെ മുതിർന്ന ചേച്ചി പാടിയിരുന്നത് ഈ രസകരമായ നാടന്‍ പാട്ടിലെ ഏതാനും വരികളായിരുന്നു. വരികൾക്കിടയിൽ അവർ പാടിയ വായ്ത്താരി തുമ്പ്ര തുമ്പ്ര എന്നായിരുന്നത്രേ. ആലപ്പുഴക്കാരൻ കേശവനാങ്ങളയോടുള്ള പെണ്ണാളുടെ നീണ്ടുപോകുന്ന ആവശ്യങ്ങളാണ് അതിലെ പ്രതിപാദ്യം. കിണ്ണവും കിണ്ടിയും തേച്ചുമിനുക്കുമ്പോൾ ഒപ്പം തിളങ്ങുന്ന, മുറ്റമടിക്കുമ്പോൾ കൂടെയടിക്കുന്ന, പാത്രം കഴുകുമ്പോള്‍ കൂടെ കഴുകുന്ന തോട വേണം ഇങ്ങനെ പോകുന്നു വാങ്മയങ്ങൾ.   

 

തോടയും കുണുക്കും വാളികയുമൊക്കെ പുതിയകാലത്ത്‌ പുതിയ ആഭരണങ്ങളായി തിരികെ എത്തുന്നു. നാഗരികതയുടെ ഉപോൽപ്പന്നമാണ്  ഗൃഹാതുരത്വം. അതോടൊപ്പമാണ് നാടൻ ഉൽപ്പന്നങ്ങളോടുള്ള കമ്പവും കൂടുക. സ്വർണ്ണക്കടകളുടെ പുത്തൻ പരസ്യങ്ങളിൽ തോട തിരികെ എത്തിയിട്ടുള്ളത് തോട(thota)യല്ല തോഡ(thoda)യാണ്. എന്നാൽ പഴയ പാട്ടിൽ അത് തോടയാണ്.

 

തോട വേണം എന്ന പാട്ടിൻറെ ഇതുവരെ സമാഹരിക്കപ്പെട്ട വരികൾ ഇങ്ങനെയാണ്.

 

ആലപ്പുഴക്കാരൻ... ധിംത ധിംതോം

ആലപ്പുഴക്കാരൻ കേശവനാങ്ങളേ

എനിക്കൊരുകൊച്ചു തോടവേണം...

തോടവേണം ചേട്ടാ തോടവേണം

തോളത്തടിക്കുന്ന തോടവേണം... (തോടവേണം ചേട്ടാ...)

 

അമ്മായിയമ്മയും... ധിംത ധിംതോം

അമ്മായിയമ്മയും ഞാനും പിണങ്ങുമ്പോൾ

കൂടെപ്പിണങ്ങണ തോട വേണം... (തോടവേണം ചേട്ടാ...)

 

കേറ്റമിറക്കവും... ധിംത ധിംതോം

കേറ്റമിറക്കവും കേറിയിറങ്ങുമ്പോൾ

കൂടെയിറങ്ങുന്ന തോട വേണം... (തോടവേണം ചേട്ടാ...)

 

കിണ്ടിയും കിണ്ണവും... ധിംത ധിംതോം

കിണ്ടിയും കിണ്ണവും തേച്ചുമിനുക്കുമ്പോള്‍

ഒപ്പംമിനുങ്ങുന്ന തോടവേണം... (തോടവേണം ചേട്ടാ...)

 

മുറ്റമടിക്കുമ്പോള്‍... ധിംത ധിംതോം

മുറ്റമടിക്കുമ്പോള്‍ ചുറ്റുമടിക്കുമ്പോൾ

കൂടെയടിക്കുന്ന തോട വേണം... (തോടവേണം ചേട്ടാ...)

 

പാത്രം കഴുകുമ്പോൾ... ധിംത ധിംതോം

പാത്രംകഴുകുമ്പോൾ പായകഴുകുമ്പോൾ

കൂടെക്കഴുകുന്ന തോട വേണം... (തോടവേണം ചേട്ടാ...)

 

ഒരു കർണ്ണാഭരണത്തിൻറെ താളാത്മകമായ വാമൊഴി ആവിഷ്‌കാരമാണ് തോട വേണം എന്ന ഈ പാട്ട്. സാമൂഹികജീവിതത്തിൽ പാട്ടുപിറന്ന കാലത്തെ പെണ്ണിടങ്ങൾ അടയാളപ്പെടുത്തുന്ന പാട്ട്. വാങ്മയങ്ങൾക്കൊപ്പം തീർക്കുന്ന താളവും ഈണവുമാണ് ഇതിൻറെ ആകർഷണീയത. കേട്ടുപഠിച്ച് കൂടെപ്പാടി ഏറ്റുപാടി പാട്ട് പാടുന്നവരിൽ പതിയുന്നു. എല്ലാ നാടൻപാട്ടുംപോലെ പാടുന്ന സന്ദർഭത്തിനനുസരിച്ച് വാങ്മയങ്ങളും അങ്ങനെ വരികളും മാറുന്നു. പാഠഭേദങ്ങൾ ഇത്തരം പാട്ടുകളുടെ സവിശേഷതയാണ്. കാലദേശങ്ങളുടെ സംക്രമണത്തിൽ എല്ലാ വാമൊഴി പാട്ടുകളെയും പോലെ കേശവനാങ്ങളയുടെ പാട്ടും കൂട്ടിച്ചേർക്കലുകളിലൂടെയും മാറ്റപ്പെടലിലൂടെയും പുതുക്കപ്പെടുന്നു.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image