കവിത 

മുത്തശ്ശന്റെ മെസ്സേജ് 

എന്‍ ആര്‍ രാജേഷ്‌


1934 ല്‍ മുത്തച്ചന്‍ നല്ല ഡ്രൈവര്‍ ആയിരുന്നതിനാല്‍

തന്നെപ്പോലെ നല്ല ഡ്രൈവറായിരുന്നതിനാല്‍

ഒറ്റ റോഡപകടത്തിലും  പെട്ടില്ലെന്ന്

എറണകുളം സ്പെഷലിസ്റ്റ് ഹോസ്പിറ്റലില്‍

ഡോക്ടറുടെ ഉപദേശത്തിന്നു മറൂപടിയയോരാള്‍

അന്നേരം നരകത്തിലിരുന്നാണോ സ്വര്‍ഗത്തില്‍ നിന്നാണോ

എന്നറിയില്ല പേരക്കിടാവിന്‍ തിരു മൊബൈലിലേക്കൊരു 

മെസ്സേജ് :"പാഞ്ഞുവളഞ്ഞോടുമെന്‍ സ്ടിയറിങ്ങുപോല്‍ 

പശു ,പോത്ത്,മാനെല്ലാമേ പാഞ്ഞിരുന്നേന്‍ മകനെ"


1947 നു ശേഷമാണ് 

കാറ് ചെളിവെള്ളം തെറിപ്പിക്കുമ്പോള്‍ 

ഹോ !എന്തൊരു  സ്പീഡ് എന്ന്

 മലയാളത്തില്‍ പ്രതിഷേധിച്ചത്.


1970 നു ശേഷം കാറ് ചെളിവെള്ളം തെറിപ്പിച്ചപ്പോള്‍

കൊപ്രക്കളത്തിലെ അനന്തന്‍ മുതലാളിയോട് 

അരാജകചെറുപ്പക്കാരന്‍ പ്രതിഷേധിച്ചെന്നോ

അവനെയാണ്‌ പാടത്ത് ചെളിക്കളത്തില്‍
 
പൂഴ്ത്തി കൊന്നതെന്നോ 

മറ്റോപറഞ്ഞു കേട്ടിട്ടുണ്ട് .


1990 നു ശേഷം എന്തായാലും 

കാറ് ചെളിവെള്ളം തെറിപ്പിച്ചാല്‍ 

ജനം കൂട്ടംകുടാനും 

കാറുകാരനെ കൊണ്ടു ക്ഷമ പറയിപ്പിക്കാനും 

ചെളിവെള്ളത്തില്‍ 

കുളിച്ചു നില്‍ക്കുന്നവന് 

പുതിയ ഷര്‍ട്ടും പാന്റും

 ലഭിക്കാനും തുടങ്ങി .


മനപൂര്‍വമായിരുന്നില്ല ഈ 1990 .

ഈ 1990 ഇല്‍ ഒരു കുഴിയുള്ളതുകൊണ്ട് 

വണ്ടിയൊന്നു വെട്ടിച്ചതാണ് .

അല്പം സ്പീഡ് കുടുതലായിരുന്നു.

2000 ത്തിനു ശേഷം ചെളി തെറിച്ചാല്‍ അപ്പോള്‍ തന്നെ 

അയ്യാള്‍ ബാങ്കില്‍ നിന്ന് ലോണ്‍ തരപെടുത്തിപുതിയ കാര്‍ വാങ്ങി

റോഡരികില്‍ പക വീട്ടാന്‍ കാത്തു നില്‍ക്കുന്ന

നായകനായിത്തുടങ്ങി ,


ആ ചെളി പക്ഷെ ,ചെളിവെള്ളമായിരുന്നില്ല

തളം കെട്ടി നിന്ന ആഗ്രഹത്തില്‍ നിന്ന് തെറിച്ച ദ്രാവകമായിരുന്നു .

ആഗ്രഹങ്ങളുടെ ഈ ദ്രാവകത്തില്‍ നിന്നാണ് 

മേല്‍പ്പറഞ്ഞ എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ 

കിടക്കുന്നയാള്‍ക്ക് 

മുത്തശന്റെ മെസ്സേജ് സ്വീകരിക്കാനായത് Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image