കവിത

ബീഡി

വി.ആർ.സന്തോഷ്

ബീഡിയാണ്
വായിക്കാൻ പഠിപ്പിച്ചത്

ഒരു കെട്ട് കുമരനട്ടു ബീഡിയിൽ
രാത്രി പകലാക്കി
സോണിയയോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്
റസ്ക്കാളിനോടൊപ്പം
കോണിച്ചുവട്ടിൽ ഒളിച്ചിരുന്നിട്ടുണ്ട്

റോസാ ലക്സൻ ബർഗിനെ
ഞാനൊരു സ്ത്രീയെപ്പോലെ ഇരുന്ന്
നോക്കിയിട്ടുണ്ട്

അന്നൊക്കെ ഒരു ബീഡി കൈമാറുമ്പോൾ
വിപ്ലവകാരിയുടെ
കൈയുയർന്ന മുദ്രവാക്യംകേട്ടിട്ടുണ്ട്

സ്നേഹത്തോടെ
''കുമാരേട്ടനല്ലേ "എന്നു ചോദിക്കുമ്പോൾ
മനസുപൊട്ടുമായിരുന്നു

ആവേശത്തോടെ കെട്ടിപ്പിടിക്കുമ്പോൾ
എല്ലാ ചങ്ങലകളും ഉരുകുമായിരുന്നു

എല്ലാ ഉറക്കങ്ങളേയും
ഉണർത്തിയിരുന്ന  ബീഡി 
ഇപ്പോൾ കൈവശമില്ല

പുസ്തകം നിവർത്തുമ്പോൾ തലകറങ്ങുന്നു
ചെയേയും മാവോയേയും
ഓർക്കുമ്പോൾ ബനിയനുള്ള
അലമാര തുറന്നു കിടക്കുന്നു

ആവശ്യത്തിന് വാതിലുകളുള്ള
വിപണിയിലേക്ക്
ഇറങ്ങി നടക്കുന്നു

ആരെങ്കിലും ഇപ്പോൾ ബീഡി ചോദിക്കുന്നുണ്ടോ
എന്നറിയില്ല

എങ്കിലും കുമാരേട്ടന്റെ ചുണ്ട്
ബീഡിക്കറ വീണ വിരലുകൾ
ഓർമ വരും
അഴുക്കുപുരണ്ട മാനിഫെസ്റ്റോയുടെ
പഴയ കോപ്പിയും



Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image