കവിത

ഇച്ചേച്ചിയും കുട്ടൻ ഭൂമിയും

ശ്രീദേവി മധു
ഉണക്ക മത്തി ചതച്ച് വറുത്തതെന്റെ 
ചോറു പാത്രത്തിൽ വച്ചു തന്നിട്ട് കൂടെ
വറുത്ത കാന്താരിമുളക് സ്വന്തം ചോറു 
പാത്രത്തിൽ വച്ച്
പള്ളിക്കൂടത്തിൽ  പോയ ഒരു 
ഇച്ചേച്ചിയുണ്ടായിരുന്നെനിക്ക് .

കാലു നിലത്തു മുട്ടും വരെ 
തോളത്തു കിടത്തി കഥപറഞ്ഞുറക്കിയ
പുന്നാര ചേച്ചി.
നീന്തലു പഠിപ്പിച്ചതും
കണക്കു പഠിപ്പിച്ചതും
കള്ളം പറയരുതെന്നു
പഠിപ്പിച്ചതും ഇച്ചേച്ചിയായിരുന്നു.
മൂസാക്കയുടെ പറമ്പിലെ 
തേന്മാവിലെറിയുന്ന എന്റെ ശീലത്തിന്
ഇച്ചേച്ചി കേട്ടിരുന്ന തെറിയുടെ 
ചീളുകൾ ഇപ്പോഴും കാതിൽ 
പറ്റിയിരിപ്പുണ്ടാവും.
മൂടുകീറിയ നിക്കറെല്ലാം
തയ്ച്ചു തരുവാനും
അമ്മയെപ്പോലെ
സ്നേഹിക്കാനും
ഇച്ചേച്ചി മാത്രമെ
ഉണ്ടായിരുന്നുള്ളു.
ഉത്സവപ്പറമ്പിലെ ബാലെക്കും 
ഗാനമേളക്കും
കൊണ്ടുപോകാനും ഇഷ്ടമുള്ളതെല്ലാം 
വാങ്ങിത്തരുവാനും
ഇച്ചേച്ചിപെട്ട പാടൊന്നും
ഞാനറിഞ്ഞിരുന്നില്ല.
ഇച്ചേച്ചിയുടെ ഭൂമി ഞാനായിരുന്നു എന്നും,

ഇന്നലെ വെളിപ്പിനായിരുന്നു ഇച്ചേച്ചി പോയത്
ആകാശ നക്ഷത്രങ്ങൾക്കിടയിലെ 
അമ്മയെ ചൂണ്ടിക്കാണിച്ചിരുന്ന 
ഇച്ചേച്ചി നക്ഷത്രമാകാൻ തിടുക്കപ്പെട്ട് 
പോയതെന്തിനാണോ ...?
കുട്ടനെക്കാണാൻ കൊതിക്കുന്നുവെന്ന്
അഞ്ചാറു വർഷമായി ഇച്ചേച്ചി പറയുന്നു.
വിദേശവാസമാണ്
ലീവില്ലെന്ന് കള്ളം പറയിക്കുന്ന ഭാര്യ,
കള്ളം പറഞ്ഞാൽ ആയിരം 
സൂചികൾ ഹൃദയത്തിൽ തറഞ്ഞു 
കയറുമെന്ന് ഇച്ചേച്ചി പറഞ്ഞത് 
വാസ്തവമായിരുന്നു.
ഇച്ചിച്ചിയെ ദഹിപ്പിക്കാൻ
തുടങ്ങുകയാണെന്ന് കൂട്ടുകാരൻ 
വിളിച്ചു
പറയുമ്പോൾ
ഭാര്യയും മക്കളും ഗ്രില്ലഡ് ചിക്കൻ കഴിക്കുകയായിരുന്നു.
ആ ഇറച്ചി മണമേറ്റ്
ഛർദ്ദിച്ച് കുഴയുമ്പോൾ
മഴ നനഞ്ഞതിന്
വഴക്കു പറഞ്ഞ്
പാവാട കൊണ്ട് എന്റെ തല
തുവർത്തിത്തരി-
കയായിരുന്നെന്റെ - ഇച്ചേച്ചി.Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image