മാനവം


സീന ശ്രീവത്സൻ
മുഖപുസ്തകത്തിലെ പതിവു സഞ്ചാരത്തിൽ എലിക്കുട്ടി സൗഹൃദത്തിനായുള്ള നിന്റെ അപേക്ഷയിൽ മണത്തുനിന്നു

എന്റെ ദേശത്തിന്റെ ചുവരിനപ്പുറം
നീ പാർക്കുന്നുവെന്ന്
വലക്കണ്ണികൾ എന്നോട് പറഞ്ഞു

നിന്റെ ദേശം അറിഞ്ഞമാത്രയിൽ
വല്ലാത്തൊരു തണുപ്പ്
എലിക്കുഞ്ഞിനെ തളർത്തുന്നത് ഞാനറിഞ്ഞു

മടിച്ച് മടിച്ച് നിന്റെ വഴികളിലേക്ക്
ഞാനൊന്ന് കണ്ണോടിച്ചു.

നിന്റെ മണ്ണിലെ മഴയെ
നീ പകുത്തുവെച്ചിരിക്കുന്നു

ഗോതമ്പുപാടങ്ങൾ
നിന്നിൽ വരച്ചു തീർത്ത 
കവിതകൾ തെളിഞ്ഞു വന്നു

നിന്റെ പ്രണയത്താൽ പൂത്ത മുല്ലവള്ളിക്ക്
എന്റെ ദേശത്തിന്റെ സുഗന്ധം തന്നെയെന്ന് 
മനസ്സ് പറഞ്ഞു

നിന്റെ കൈപ്പട തിരുത്തിയെഴുതിയ
ചിമിഴാർന്ന ശിൽപ്പങ്ങളിൽ
നമുക്കിടയിലെ ചുവരുകളുടെ നിഴലുകൾ
പതിയുന്നതേയില്ലെന്ന് 
ഞാനദ്ഭുതപ്പെട്ടു

നാമിരുവരും നിഗൂഢമായ ആജ്ഞകളാൽ
വികർഷിക്കപ്പെട്ടവർ!

വീട്, വീട്ടിലെ കുരുവികൾ,
ചിതറിക്കിടക്കുന്ന കരിയിലകൾക്കുപോലും
പൊരുത്തപ്പെട്ടവരായി
നമ്മൾ മാറി.

നമുക്കൊന്നായ സൂര്യനേ സാക്ഷി,
മനസ്സാക്ഷ നീക്കി
മുഖവാതിൽ ഞാനമർത്തിത്തുറന്നു.


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image