ഓർമകൾ
മാങ്കോസ്റ്റിൻ മരത്തിനരികിലെ ജയിലറകൾ

ഡി. ജയകുമാരി


പണ്ട്, എന്റെ കുടുംബം വക്കം എന്ന സ്ഥലത്തുനിന്നും കടയ്ക്കൽ എന്ന
കുഗ്രാമത്തിൽ ചേക്കേറിയ കാലം. ശരിക്കും ഒരു മലമ്പ്രദേശം. മൂന്നേക്കർ
ഭൂമി ഉണ്ട്. പ്ലാവുകൾ, മാവുകൾ, കവുങ്ങുകൾ, തെങ്ങുകൾ,
പറങ്കിമാവുകൾ, ശീമപ്ളാവുകൾ, അതിരുകളിൽ വരിവരിയായി
നട്ടുപിടിപ്പിച്ച കൈതച്ചക്കകൾ, പലയിനം വാഴപ്പഴങ്ങൾ എന്നിവ
സുലഭമായിരുന്ന ഒരു പറമ്പ്. ആയതിനാൽ ആഹാരത്തിന്
പഞ്ഞമുണ്ടാകാറില്ലായിരുന്നു. താഴത്തെ തൊടിയിൽ തോടുകളും,
കുളങ്ങളും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ കുട്ടികൾ തോടുകളിലും
കുളങ്ങളിലും നീന്തിക്കളിച്ച് ജീവിതം ആഘോഷമാക്കി.


ഞങ്ങളുടെ പുരയിടത്തിന്റെ തെക്കുഭാഗത്ത് ഒരു ഓടിട്ട കെട്ടിടം
ആൾതാമസമില്ലാതെ കിടപ്പുണ്ടായിരുന്നു. ഒരേക്കർ വസ്തുവിൽ
ഒരേയൊരു വീട്. ഞങ്ങളുടെ വടക്കുവശത്ത് താമസിക്കുന്ന ഉണ്ണിത്താൻ
വിലയ്ക്ക് വാങ്ങിയ വസ്തു ആയിരുന്നു അത്. ഉണ്ണിത്താന്റെ
ഉച്ചമയക്കങ്ങളിൽ, ഞങ്ങൾ കുട്ടികൾ തോടിലും കുളത്തിലും ജീവിക്കുന്ന
തവളകളേയും നീർക്കോലികളെയും അടിച്ചുകൊന്നും മരങ്ങളിൽ
കയറിയിറങ്ങിയും തളർന്ന് വിശ്രമിക്കുന്നത് ആൾ താമസമില്ലാത്ത
വീടിന്റെ പിറകുവശത്തെ തിണ്ണയിലായിരുന്നു. 


ഒരു ദിവസം
സന്ധ്യയാകാറായ നേരത്ത് ഞാൻ ഒറ്റക്ക് ആ വീടിന്റെ തുറന്നു കിടന്ന
അടുക്കളയിൽ കയറിയിരുന്ന് ഒരു പ്രേതകഥ വായിക്കയായിരുന്നു.
അന്നു രാത്രി എനിക്ക് പനിച്ചു. പൊള്ളുന്ന ചൂട്. ഇതറിഞ്ഞ
അയൽവാസിയായ ഒരമ്മച്ചി എന്റെ അമ്മയോട് ഒരു രഹസ്യം പറഞ്ഞു.
ആ വീട്ടിലാണ് ഉണ്ണിത്താൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കിയതെന്ന്.
അയൽവീട്ടിലെ ബന്ധുവായ കുടുംബനാഥൻ അവരെ ബലാൽസംഗം
ചെയ്യാനൊരുങ്ങി എന്നതായിരുന്നു ആ സ്ത്രീയുടെ മേൽ ചുമത്തിയ കുറ്റം.
അവർക്ക് നിലത്ത് തട്ടുംവിധം അഴകാർന്ന മുടി ഉണ്ടായിരുന്നത്രേ!
സന്ധ്യയായിക്കഴിഞ്ഞാൽ അവരുടെ പ്രേതം ആ വീട്ടിനുള്ളിൽ
നിലവിളിക്കുന്നതും, രാത്രികാലങ്ങളിൽ അവർ മുടിയഴിച്ചിട്ട് റോഡിൽ
നടക്കാറുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു ! മെയിൻ റോഡിന്റെ
അരികിലായി സ്ഥിതി ചെയ്യുന്ന വീടിന്റെ മുൻപിൽകൂടി സന്ധ്യ
കഴിഞ്ഞാൽ ആരും നടക്കാറില്ല.

ഞങ്ങളുടെ ഭൂമി അവസാനിക്കുന്നത് പടിഞ്ഞാറു ഭാഗത്താണ്. സമീപത്ത്
ഒരു വലിയ നാലുകെട്ടുണ്ട്. ആ തറവാടിന്റെ തെക്കുവശത്തെ മുറ്റത്ത്
ഒരു മാങ്കോസ്റ്റിൻ മരമുണ്ട്. ബഷീറിന്റെ ആരാധിക ആയിരുന്നതിനാൽ
മാങ്കോസ്റ്റിൻമരം എന്റെയും പ്രിയപ്പെട്ട മരമായിരുന്നു. വീടിനോട്
ചേർന്നാണ് മരം. ഞാൻ ഇടയ്ക്കിടെ ആ വീട്ടിൽ പോകും.
വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്ന അഞ്ചാറ് ചേച്ചിമാരുണ്ടായിരുന്നു.
എട്ടിലോ ഒൻപതിലോ പഠിക്കുകയായിരുന്നു ഞാൻ. താമസിയാതെ
അവിടത്തെ നിത്യസന്ദർശകയായി മാറി ഞാൻ. ചേച്ചിമാരുടെ അച്ഛൻ
വളരെ സ്ട്രിക്ട് ആയ മനുഷ്യനായിരുന്നു. നാട്ടുപ്രമാണി! നാലുകെട്ടിന്റെ
പ്രൗഢിയിൽ ചാരുകസേരയിൽ അദ്ദേഹമങ്ങനെ മലർന്ന് കിടക്കും.
ഉത്തരവുകൾ പുറപ്പെടുവിക്കും. പക്ഷേ, സ്വന്തം മക്കൾക്ക്
അടിവസ്ത്രംപോലും വാങ്ങിക്കൊടുക്കാത്ത പിശുക്കൻ പ്രമാണി!
പെൺമക്കളെ വീടിന്റെ ജയിലറകളിൽ പാർപ്പിച്ചിരിക്കുന്ന മാന്യൻ. കുറെ
വസ്തുക്കളുണ്ട്. വയലുകളുണ്ട്. ആദായവുമുണ്ട്. പക്ഷേ, എല്ലാം പുള്ളി
സ്വന്തം ആവശ്യത്തിനുംമാത്രം ഉപയോഗിച്ചു. സ്ത്രീവിഷയത്തിൽ
തല്പരനായിരുന്നു ആള് !

രാത്രികാലങ്ങളിൽ കാട്ടിൽ പോയി വെടിയിറച്ചി കൊണ്ടുവരുന്നത്
വടക്കേലെ ഉണ്ണിത്താന്റെ ഇഷ്ട വിനോദമായിരുന്നു എന്നും,
അങ്ങനെയിരിക്കെ, ഒരിക്കൽ ഉണ്ണിത്താൻ കാട്ടിൽ പോയ തക്കം നോക്കി
ഉണ്ണിത്താന്റെ ഭാര്യ അവിഹിതത്തിലേർപ്പെട്ടത് ഉണ്ണിത്താൻ കണ്ടു
പിടിച്ചതുകൊണ്ടാണത്രേ അവർ തൂങ്ങി മരിച്ചത് എന്നും എന്റെ
അച്ഛനോട് ഉണ്ണിത്താൻ പറഞ്ഞ കഥ, അച്ഛൻ അമ്മയോട് പറയുന്നത്
ഞാൻ ഒളിഞ്ഞു നിന്നു കേട്ടു. ഉണ്ണിത്താനെപ്പോലെ, എന്തിന്റെ
പേരിലായാലും എന്നെയും നിങ്ങൾക്ക് കൊല്ലാമായിരുന്നില്ലേ എന്നു അമ്മ
അച്ഛനോട് ചോദിച്ചത് ഇന്നും എന്റെ ഓർമയിലുണ്ട്.
ആണുങ്ങൾക്ക് എന്തും ചെയ്യാം. എത്ര സ്ത്രീകളെ വേണേലും പ്രാപിക്കാം.
അതൊരു കുറ്റമേയല്ല. ഭാര്യമാരെ ആരും നോക്കാനും പാടില്ല.
ബലാൽസംഗം ചെയ്യാൻ വരാനും പാടില്ല. മാത്രമല്ല; ഒരു കുറ്റവും
ചെയ്യാത്ത ഭാര്യയെ തെറ്റുകാരിയാക്കുകയും തൊഴിക്കുകയും
കൊല്ലുകയും ഒക്കെ ചെയ്യും. പുരുഷന്മാരുടെ അവകാശമാണതൊക്കെ!
ഇതൊക്കെ പണ്ടു പണ്ടേ പുരുഷ പ്രമാണിമാർ എഴുതിവച്ച
സൂക്തങ്ങളാണ്.


എന്റെ അച്ഛൻ അദ്ദേഹത്തിന്റെ കാമുകിയെ കാണാൻ പോകുന്നതിനു
മുമ്പുള്ള ഒരുക്കങ്ങളിൽ പ്രധാനം ഞാനോർക്കുന്നു.

രംഗം ഒന്ന്: മൂന്നാലു ദിവസം മുൻപേ അച്ഛന്റെ ജൂബായും മുണ്ടും
അമ്മയെക്കൊണ്ട് കഴുകി കഞ്ഞിപ്പശ മുക്കി വയ്പിക്കും. നന്നായി
അയൺ ചെയ്യുന്നത് അച്ഛനാണ്.

രംഗം രണ്ട്: അച്ഛന്റെ തലയിലെ നര പിഴുതെടുക്കും. സുന്ദരനാവണ്ടേ?
ആ ജോലി ഏറ്റെടുത്തിരിക്കുന്നത് ഞാനാണ്. നൂറു നര എടുക്കുന്നതിന്
ഇരുപത് പൈസ കൂലി. അടുത്ത വീട്ടിലെ വെളുത്ത ആടിന്റെ രോമം
എടുത്ത് വച്ചിട്ടുണ്ട് ഞാൻ. അച്ഛന്റെ കറുത്ത മുടിയിൽ ഒന്നു വലിച്ച്
ആട്ടിൻരോമം കൈയ്യിൽ കൊടുക്കും. അങ്ങനെ ഇരുന്നൂറും മുന്നൂറും മുടി
പിഴുതതായി കണക്കു കൂട്ടും. കാശും വാങ്ങും.

രംഗം മൂന്ന്: മൂന്നാല് ദിവസം മുൻപ് വീട്ടിലെ കോഴി ഇടുന്ന മുട്ട ദിനം
രണ്ടെണ്ണം വീതം വാട്ടിക്കുടിക്കും. അച്ഛന് ഊർജ്ജം ഉണ്ടാകാനാണത്രേ!

രംഗം നാല്: പോകുന്ന ദിവസത്തിന് തലേന്ന് അമ്മയുമായി വഴക്കിടും. അടിയും
കൊടുക്കും. പോകാൻ നേരം മിണ്ടാതിരിക്കാനും എവിടെ പോകുന്നു
എന്ന് ചോദിക്കാതെയിരിക്കാനുംവേണ്ടിയുള്ള സൂത്രമാണത്.

പറഞ്ഞ് പറഞ്ഞ് ഞാൻ കാടുകയറി. ഇനി വിഷയത്തിലേക്ക് വരാം.
ഞാൻ ചെല്ലുമ്പോൾ ഏതെങ്കിലും പഴകിയ വസ്ത്രവുമിട്ട്
പുറത്തിറങ്ങാൻപോലും പറ്റാതെ ആ ചേച്ചിമാർ ഇരിക്കുന്നത് കാണാം.
വലിയ വീടൊക്കെയാണ്. ഓരോരുത്തർക്കും ഓരോ മുറിയും ഉണ്ട്.
ആഹാരവും ഉണ്ട്. പക്ഷേ ആരും കല്യാണം കഴിച്ചിട്ടില്ല. എല്ലാവർക്കും
പത്താം ക്ലാസുവരെ പഠിത്തം. 

ഒരു ചേച്ചി വായനയിൽ
കമ്പമുള്ളവളാണ്. രമണി ചേച്ചി. എന്നോട് കൂടുതൽ അടുപ്പം
കാണിക്കുന്നത് രമണി ചേച്ചിയാണ്. എനിക്ക് കിട്ടുന്ന പുസ്തകങ്ങളൊക്കെ
ഞാൻ കൊടുക്കും. പലതും വായിച്ച് കരയുന്നത് കാണാം. എന്തോ ഒരു
ദുരൂഹത ആ വീട്ടിൽ ഉണ്ടെന്ന് എനിക്ക് തോന്നി.

ഒരു ദിവസം മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിലിരുന്ന് ഞാൻ
വാങ്ങിക്കൊടുത്ത മനോരമ വാരിക വായിക്കയായിരുന്നു ചേച്ചി. ഞാൻ
അടുത്തുചെന്നു. വളരെ പതുക്കെയാണ് ഞങ്ങളുടെ സംസാരം. അന്ന്
എന്റെ തലയിൽ കുറെ പേനുണ്ട്. ചേച്ചി അതൊക്കെ കൊന്നുതരും. ഒരു
ദിവസം പേൻ നോക്കിയിരുന്നുകൊണ്ട് ഒരു രഹസ്യം എന്നോട് പറഞ്ഞു.
ആരോടും പറഞ്ഞേക്കരുത് എന്ന് കടക്കൽ ഭഗവതിയെക്കൊണ്ട്
ആണയിടീച്ചിട്ടാണ് പറഞ്ഞത്. അടുത്തുള്ള ഒരു പയ്യനുമായി ചേച്ചി
സ്നേഹത്തിലായി... അവൻ ഒരു കുറവച്ചെറുക്കനായിരുന്നു. വീട്ടിൽ
എല്ലാരും അറിഞ്ഞു. ചേച്ചിയെ അച്ഛൻ അടിച്ച് അവശയാക്കി. 
അഞ്ചാറു വർഷത്തോളം ഭ്രാന്തിയെപ്പോലെ ജീവിച്ചു. ഇപ്പോൾ സാധാരണ
ജീവിതത്തിലേക്ക് വരാൻ തുടങ്ങുന്നതേ ഉള്ളൂ.
രമണിചേച്ചിയുടെ കണ്ണുകളിൽനിന്നും കടും ചുവപ്പ് കണ്ണീർ വീണത്
എന്റെ കൈകളിലേക്കായിരുന്നു. ആറ് പെൺമക്കളിൽ
മൂന്നാമത്തെയാളാണ് ചേച്ചി. ഇക്കാരണംകൊണ്ടാണ് ചേട്ടത്തിമാർക്കും
കല്യാണം കിട്ടാതായത്.

വീട്ടിലാരും കാണാതെ കശുവണ്ടി പെറുക്കി വയ്ക്കും ചേച്ചി. പിന്നീട്
നല്ല മഴയും കാറ്റും ഉള്ള സമയത്ത് ഞാൻ പെരുമഴയത്ത് അവരുടെ
പറമ്പിൽ വീഴുന്ന കശുവണ്ടികൾ പെറുക്കി ചേച്ചിമാർക്ക് അടിവസ്ത്രം
വാങ്ങിക്കൊടുക്കുക പതിവായി. എന്റെ അച്ഛനും എനിക്ക്
സമയാസമയങ്ങളിൽ വാങ്ങിത്തരാൻ മറന്നുപോയ ചില അടിവസ്ത്രങ്ങൾ
ഈ മോഷണരീതി അവലംബിച്ച് സ്വന്തമാക്കുമായിരുന്നു ഞാൻ.
കുരുമുളക് ഇറുത്തെടുത്ത് വഴിയോരക്കച്ചവടക്കാർക്ക് വിൽക്കും.
കവുങ്ങുകളിൽ നിന്നും അടയ്ക്ക എറിഞ്ഞിട്ടും തെങ്ങുകളിൽ കയറി
തേങ്ങ ഇട്ട് വിറ്റും അമ്മയ്ക്കും ചേച്ചിക്കും എനിക്കും ബോഡീസ്, മറ്റ്
അടിവസ്ത്രങ്ങൾ എന്നിവ വാങ്ങും.

ഒരു ദിവസം രാത്രി. ഉണ്ണിത്താന്റെ മൂന്നു പെൺമക്കളിൽ ഒരാളായ
എന്റെ കൂടെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി കരഞ്ഞുകൊണ്ട്
ഞങ്ങളുടെ വീട്ടിലേക്ക് ഓടിക്കയറി വന്നു. അച്ഛൻ അവളെ
കൊന്നുകളയും എന്നു പറഞ്ഞ് പേടിച്ചരണ്ടായിരുന്നു ആ കുട്ടിയുടെ
വരവ്. അമ്മയെ കൊന്ന പോലെ എന്നെയും കൊല്ലും എന്നവൾ
വിലപിക്കുന്നുണ്ടായിരുന്നു. അന്ന് ആ പെൺകുട്ടിയെ ഞങ്ങളുടെ
പണിതീരാത്ത വീടിന്റെ ഒരു മുറിയിൽ ഞങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നു.
അവളുടെ അമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്
പടിഞ്ഞാറുവശത്തെ തറവാട്ടിലെ ചേച്ചിമാരുടെ അച്ഛനായ മാന്യനായി
ചമഞ്ഞു നടന്ന പ്രമാണിയായിരുന്നു എന്ന കാര്യം അവൾ
പറഞ്ഞറിഞ്ഞപ്പോൾ ഞാൻ ഞെട്ടി!

കുറെനാൾ കഴിഞ്ഞ് ഞങ്ങൾ മറ്റൊരു സ്ഥലത്തേക്ക് വീട് മാറി. പിന്നെ
ആരേയും കണ്ടിട്ടില്ല. ഇന്നും ആ മാങ്കോസ്റ്റിൻ മരവും അതിന്റെ
വിശാലമായ തണലും ആ തണലിൽ ഞങ്ങളുടെ പേൻനോട്ടവും
ചേച്ചിമാരുടെ കണ്ണുനീരും ജീവിതവും ഒക്കെ ഓർത്ത് എന്റെ മനസ്
കലങ്ങാറുണ്ട്. ജീവിതം ചിലപ്പോഴൊക്കെ എത്ര യാദൃച്ഛികതകളാണ്
നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്?

---------------------------------------------------------------------

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image