കണ്ണീരു തുടച്ച കാവൽ മാലാഖമാർ
.
റീന വർഗീസ് കണ്ണിമല

തലശേരി സന്തോഷ് ഹോസ്പിറ്റൽ.അവിടെയായിരുന്നു അന്ന് ഡോ.ശാന്തകുമാരി ; മാതൃത്വം വാരിക്കോരി നൽകിയൊരു ഡോക്‌ടറമ്മ... സിനിമാതാരം വിനീതിന്‍റെ അമ്മ/യായ ആ ഗൈനക്കോളജിസ്റ്റ് അന്നവിടുത്തെ പ്രശസ്തയായ ഡോക്‌ടറായിരുന്നു.ഇന്നിപ്പോ  ഇതെഴുതാനുമുണ്ട് ഒരു കാരണം.സിനിമാതാരം വിനീതിനെ ഞാൻ അക്കാലത്ത് സ്ത്രീധനം മാസികയ്ക്കു വേണ്ടി ഇന്‍റർവ്യൂ ചെയ്തിരുന്നു.ആ അമ്മയുടെ സ്നേഹാധിക്യവും വാത്സല്യാധിക്യവും നേരിട്ടനുഭവിച്ചറിയാനും ഭാഗ്യം കിട്ടിയിട്ടുണ്ട്.അങ്ങനെയിരിക്കെയാണ് കോഴിക്കോട് അജിതയെയും ബി.എം സുഹറയെയും ഒക്കെ ഇന്‍റർവ്യൂ ചെയ്യാൻ പോകുന്നത്.യാത്ര ഹരമായതു കൊണ്ടും ജേർണലിസം ജീവശ്വാസമായതു കൊണ്ടും ശരീരം തരുന്ന ക്ഷീണലക്ഷണങ്ങളൊന്നും ഞാനൊരു തരിമ്പും വക വച്ചിരുന്നില്ല.അല്ല, പ്രായവും അതായിരുന്നല്ലോ..!

അങ്ങനെയൊരു ദിവസം പള്ളിക്കുന്ന് നിന്നും ബസിൽ കയറി.പാഞ്ഞു പോയ ബസ് മുന്നിൽ റോഡരുകിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ പോയിടിച്ചു.പിന്നിൽ നിൽക്കുകയായിരുന്ന ഞാൻ കമ്പിയിൽ നിന്നു കൈ വിട്ടില്ല. മറ്റു സ്ത്രീകളൊക്കെ കൈ വിട്ടു ബസിനുള്ളിൽ വീണപ്പോൾ ഞാൻ ഊർന്നു ചെന്നു ബസിന്‍റെ ബോണറ്റിനിട്ടു കാലിടിച്ചു.ഇടതു കാലിന്‍റെ മുട്ടിനു താഴെയുള്ള പുല്ലൂരിക്ക് നല്ല ക്ഷതമേറ്റു.അസ്ഥിയോടടുത്ത ഭാഗം. വേഗം പഴുക്കുന്ന ശരീരപ്രകൃതം..ഞാനാകെ അസ്വസ്ഥയായി. പക്ഷേ, കോഴിക്കോട് യാത്ര വേണ്ടെന്നു വയ്ക്കാനോ ലീവെടുക്കാനോ ഞാൻ തയാറായില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം രണ്ട് ഇന്‍റർവ്യൂവും നടത്തി ഫോട്ടോയൊക്കെ എടുത്ത് വൈകുന്നേരമായപ്പോഴേയ്ക്കും ഇടതു കാലെന്നോടു വല്ലാതങ്ങു പിണങ്ങി...നീരു വച്ചു വീർത്ത കാലുമായി ഒരടി പോലും നടക്കാൻ വയ്യാത്ത അവസ്ഥയിലായി ഞാൻ. ഒരു തരത്തിൽ കോഴിക്കോട് നിന്നും ബസിൽ കയറി. കടുത്ത വേദന ...കട്ടു കഴയ്ക്കുന്നതു പോലെ...കാല് മുറിച്ചു കളയാൻ തോന്നുന്നത്ര പ്രയാസം...ഞാനൊരു തരത്തിൽ തലശേരിയിൽ വന്നു ബസിറങ്ങി.അവിടെ സന്തോഷ് ഹോസ്പിറ്റലിൽ ഡോക്‌ടർ ശാന്തകുമാരിയുണ്ടെന്നതായിരുന്നു ഏകാശ്വാസം. നേരത്തെ വിളിച്ചു ഞാനെന്‍റെ അവസ്ഥ അറിയിച്ചിരുന്നതു കൊണ്ട് നിരവധി രോഗികളുണ്ടായിരുന്നിട്ടും ഡോക്ടർ പ്രയോറിറ്റി നൽകി എനിക്കു ഫസ്റ്റ് എയ്ഡ് നൽകി .അന്നെനിക്കാ ഫസ്റ്റ് എയ്ഡ് നൽകിയതിനു സന്തോഷ് ഹോസ്പിറ്റലുടമയായ ഡോ.ഭരതനുമായി മുഷിഞ്ഞു സംസാരിക്കേണ്ടിയും വന്നു ഡോ.ശാന്തകുമാരിക്ക്....
എന്നിട്ടും എന്നോടന്നു കാണിച്ച മനുഷ്യത്വം ...അതു വലിയൊരാശ്വാസമായിരുന്നു...

ഒരു തരത്തിൽ കണ്ണൂരിലെത്തിയ ഞാൻ പിറ്റേന്നു തന്നെ എകെജി ഹോസ്പിറ്റലിൽ അഡ്മിറ്റായി.പക്ഷേ, ഒരു ദിവസത്തിനുള്ളിൽ ഞാനവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോന്നൂ ഹോസ്റ്റലിലേക്ക്. പക്ഷേ, വേദന എന്നെ വിടാതെ പിന്തുടർന്നു, അതോടെ വീണ്ടും എകെജി ഹോസ്പിറ്റലിലേക്ക് ...അപ്പോൾ ചികിത്സിച്ച ഡോ.റാവു കന്നഡ കലർന്ന മംഗ്ലീഷിൽ എന്നോടു പറഞ്ഞു...

"ഇഫ് യു വാണ്ട് യുവർ ലഗ് , ഒബേ അസ്...അല്ലെങ്കിൽ കാൽ മുറിച്ചുകളയേണ്ടി വരും ...! "

ഞാൻ ഞെട്ടി.ഇടതു കാലില്ലാത്ത ആ ദൃശ്യം ...! ഹോ ..വേണ്ട കർത്താവേ , വേണ്ട ...ഞാനീ വാർഡിൽ കിടന്നോളാം ...!! അറിയാതെ മനസു നീറിപ്പിടിക്കുന്നതു ഞാനറിഞ്ഞു.

"യെസ് ,ഐ ഒബേ യൂ ഡോക്‌ടർ..."

സ്വതസിദ്ധമായ ചിരിയെ മറയാക്കിയാണ് ഞാനതു പറഞ്ഞതെങ്കിലും എന്‍റെ കണ്ണു നിറഞ്ഞത് ഡോ.റാവു ശ്രദ്ധിച്ചു.അദ്ദേഹം എന്നെ  തന്‍റെ കട്ടിക്കണ്ണടയ്ക്കിടയിലൂടെ ഏറു കണ്ണിട്ടൊന്നു നോക്കി.എന്നിട്ടൊന്നിരുത്തി മൂളി.

ആ വാർഡിൽ വച്ചാണ് എനിക്കു കുറച്ചു കൂടപ്പിറപ്പുകളെ കിട്ടിയത്.ചീമേനിക്കാരി തങ്കമണി ചേച്ചി, കൂത്തുപറമ്പു കാരി സുഭദ്ര, കോഴിക്കോട് വടകരയിൽ ഡ്രൈവർ രാജന്‍റെ ഭാര്യ അനിത, പിന്നെ ജാനുവേച്ചി...

കാസർഗോഡ് ചീമേനിയിൽ നിന്നും അമ്മയെ നോക്കാനെത്തിയ തങ്കമണിച്ചേച്ചിയായിരുന്നു ആ ദിവസങ്ങളിൽ എന്‍റെ വലംകൈ.അവരെനിക്കു ഡ്രസ് കഴുകി തന്നു, എന്നെ തുടപ്പിച്ചു, ഒരു കൂടപ്പിറപ്പിനെ പോലെ , അമ്മയെ പോലെ ...മൂത്ത ജ്യേഷ്ഠത്തിയെ പോലെ ..
"ന്തേയി കുഞ്ഞീ.. "

എന്ന ആ വിളിയിൽ സ്നേഹത്തിന്‍റെ 
ആയിരത്തിരി തെളിഞ്ഞു. 

അഡ്മിറ്റായ ആദ്യദിവസം എന്‍റെ റൂംമേറ്റായ എൽസ ചേച്ചി , കണ്ണൂരിൽ ഓഡിറ്റിങ് സെക്ഷനിൽ ജോലിയുള്ള ആലുവക്കാരി ചേച്ചി ലീവെടുത്ത് എനിക്കു ബൈസ്റ്റാന്‍ഡറായി.അന്ന് എൽസചേച്ചിയുടെ ചീഫ് ആയ മട്ടന്നൂരു കാരൻ ഗംഗാധരൻ സാറിന്‍റെ അമ്മ അവിടെ അഡ്മിറ്റായിരുന്നു.ആ വൃദ്ധമാതാവിനെ നോക്കാൻ ഗംഗാധരൻ സാറിന്‍റെ സഹോദരപുത്രൻ, ഏതാണ്ട് എന്‍റെ പ്രായമുള്ള ബിജു സദാസമയവും ആയമ്മയ്ക്കൊപ്പമുണ്ടായിരുന്നു.എൽസ ചേച്ചി ഗംഗാധരൻ സാറിന് എന്നെ പരിചയപ്പെടുത്തി. സർ എനിക്കു വേണ്ട സഹായം ചെയ്യാമെന്നേറ്റു. ബൈസ്റ്റാൻഡറില്ലാത്ത എനിക്ക് അങ്ങനെ ബിജു ബൈസ്റ്റാൻഡറായി , മരുന്നു വാങ്ങിത്തന്നു, ചായ വാങ്ങി തന്നു, ചോറും കാപ്പിയും വാങ്ങാൻ ആയമ്മയ്ക്കടുത്തു നിന്ന് ഇടയ്ക്കിടെ ഉത്തരവാദിത്തമുള്ള പൊന്നാങ്ങളയായി ഓടിയോടി വന്നു. 3000 രൂപയുടെ ആന്‍റിബയോട്ടിക്സ് ഇൻജക്ഷൻ 8 ദിവസം കൊണ്ടാണെടുത്തത്. അതത്രയും കൃത്യസമയത്തു വാങ്ങിത്തന്നിരുന്നത് ബിജുവായിരുന്നു.ഉത്തരവാദിത്തമുള്ള ജ്യേഷ്ഠനെപോലെ ബിജു ഓടിക്കിതച്ചു വരുമ്പോൾ പലപ്പോഴും ഞാൻ പോലും അന്ധാളിച്ചിട്ടുണ്ട്...ഈ പയ്യനെത്ര ആത്മാർഥമായാണ് എനിക്കിതെല്ലാം ചെയ്തു തരുന്നത്..! ഞാനീ പയ്യന്‍റെ ആരായിട്ടാണ്..?തികഞ്ഞ സാഹോദര്യത്തോടെ , കരുതലോടെ എന്നോടു പെരുമാറിയ ആ കാവൽ മാലാഖയെ പിന്നീടൊരിക്കലും ഞാൻ കണ്ടില്ല ഇതു വരെ 

...ഇന്നിപ്പോ ആലുവയ്ക്കരുകിൽ കാലങ്ങളായി താമസിക്കുമ്പോഴും അലുവ പോലത്തെ എന്‍റെ എൽസച്ചേച്ചിയെക്കുറിച്ചുമില്ല യാതൊരുവിവരവും .എൽസ വർഗീസ് എന്ന ചേച്ചിയുടെ ഭർത്താവ് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു എന്നറിയാം. പിന്നീടൊരിക്കൽ വടകരയിൽ തച്ചോളി കുടുംബത്തിലെ അവസാന കണ്ണിയെ കുറിച്ചെഴുതാൻ പോയി. അനിത യുടെ വീട് ലോകനാർ കാവിനടുത്താണെന്നു പറഞ്ഞിരുന്നത് വച്ച് അന്വേഷിച്ചു...അതു വൃഥാവിലായതിന്‍റെ നിരാശയുണ്ടിപ്പോഴും ...തങ്കമണിചേച്ചിയെ മാത്രം പിന്നീടൊരിക്കൽ കാണാൻ ഭാഗ്യമുണ്ടായി. ഇന്നും അവരെന്നെ ഓർക്കുന്നു, അവരുടെ കുഞ്ഞിയായി .....എത്ര വലിയ ഭാഗ്യവതിയാണു ഞാനെന്നോർത്തു പോയി അപ്പോൾ!

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image