കുചേലന്റെ വാരിയെല്ല് 
പി കെ ശ്രീനിവാസന്‍ 


കണക്കുകള്‍ വഴിയാധാരമാക്കിയ നടനായിരുന്നു ടി എസ് മുത്തയ്യ. അമ്പതുകളുടെ തുടക്കത്തിലാണ് എറണാകുളം സ്വദേശിയായ മുത്തയ്യ മദ്രാസ് നഗരത്തിലെ സിനിമയുടെ കാണാക്കയങ്ങളിലേയ്ക്ക് മുങ്ങിത്താഴാനെത്തുന്നത്, സങ്കീര്‍ണമായ ബഹളങ്ങളിലേയ്ക്ക് മുതലക്കൂപ്പ് നടത്തുന്നത്. സിനിമയില്‍ മുപ്പതു വര്‍ഷം പ്രവര്‍ത്തിച്ചിട്ടും മുത്തയ്യ അന്ത്യദിനങ്ങളിലും ദരിദ്രനായിരുന്നു താന്‍ അഭിനയിച്ച് കൃഷ്ണകുചേലയിലെ കുചേലനെപ്പോലെ. ഓര്‍മ്മകളുടെ അമ്പതു ശതമാനവും തകര്‍ന്ന് കോടമ്പാക്കത്തെ ശിവന്‍ കോവില്‍ തെരുവിലെ അറുപത്തിയൊന്നാം നമ്പര്‍ വീട്ടിലെ ഇടുങ്ങിയ വാടകമുറിയില്‍ ദുരിതക്കയത്തില്‍ കിടന്ന് ഈ നടന്‍ നരകിക്കുകയായിരുന്നു. മുത്തയ്യയെ കാണാന്‍ മാസത്തിലൊരിക്കല്‍ ഒരാള്‍ എത്തുമായിരുന്നു കൃഷ്ണകുചേലയില്‍ ശ്രീകൃഷ്ണന്റെ വേഷം കെട്ടിയ പ്രേംനസീര്‍. ഒരു ഓര്‍മ്മത്തെറ്റുപോലെ മുത്തയ്യ അദ്ദേഹത്തിന്റെ മുന്നിലിരുന്നു. ചിരകാല സുഹൃത്തിനെ കണ്ടു മടങ്ങുമ്പോള്‍ നസീര്‍ കുചേലന്റെ ഭാര്യ തിരുമലൈ വടിവിനെ വിളിച്ച് ഒരു കവര്‍ ഏല്‍പ്പിച്ചിട്ട് പറയും; 'മരുന്നിനും ആഹാരത്തിനും മുട്ടു വരരുത്. എല്ലാം ശരിയാകും.' ഒന്നും ശരിയാകില്ല എന്ന് കുചേലനേക്കാള്‍ ശ്രീകൃഷ്ണന് നന്നായറിയാം. 


ഇനി എത്രയൊക്കെ ശ്രമിച്ചാലും ജീവിതം ഇതിനപ്പുറം പോകില്ല. ഒഴിക്കില്ലാത്ത ജലാശയംപോലെ മുത്തയ്യ പകച്ചു നില്‍ക്കുകയാണ്. നല്ലകാലത്ത് നടത്തിയ ശ്രമങ്ങളൊക്കെ തകിടം മറിഞ്ഞു. ഇരുട്ടു കയറുന്ന ഈ സമയത്ത് വെളിച്ചം പോലെ എത്തുന്ന പഴയ സുഹൃത്തിന്റെ നീട്ടിയ കരങ്ങളാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 


അതേ സമയം മുത്തയ്യയുടെ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ആക്കംകൂട്ടുന്നത് ഏക മകനാണെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? അസ്തമയം കാണാന്‍ കാത്തിരിക്കുന്ന വൃദ്ധന്റെ മുന്നില്‍ ആ മുടിയനായ പുത്രന്‍ ഏതൊക്ക വിധത്തിലാണ് പ്രത്യക്ഷപ്പെടുക. മകനെന്നു കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ കൈവച്ചു ഭരദൈവങ്ങളെ വിളിക്കുന്ന കുചേലന്റെ മനസ്സറിഞ്ഞത് ശ്രീകൃഷ്ണന്‍ തന്നെയാണ്. അച്ഛനെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നസീര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. നുങ്കമ്പാക്കത്ത് അയാള്‍ക്കൊരു പ്രിന്റിംഗ് പ്രസ് തരപ്പെടുത്തിക്കൊടുത്തു. അധികകാലം നീു നിന്നില്ല. അത് വിറ്റുപെറുക്കി അയാള്‍ മദ്യഷാപ്പുകളില്‍ കയറിയിങ്ങി. പിന്നെ ഭാരിച്ച കടവുമായി. കടക്കാര്‍ മുത്തയ്യയുടെ വീടുതേടി വന്നു. അദ്ദേഹം കൈമലര്‍ത്തുമ്പോള്‍ കടംപിരിക്കാന്‍ വന്നവര്‍ ഭീഷണിയുമായി മടങ്ങും. മകന്‍ വീട്ടില്‍ വന്നെന്നറിയുമ്പോള്‍ മുത്തയ്യയ്ക്കും ഭാര്യ തിരുമലൈ വടിവിനും ഉള്‍ക്കിടിലമുണ്ടാകും. ഇനിയൊന്തൊക്കെ സംഭവിക്കും? കൈയേറ്റമുണ്ടാകുമോ? വീട്ടിലെ ഏതൊക്കെ സാധനങ്ങളാകും അയാള്‍ വില്‍ക്കാന്‍ കൈക്കലാക്കുക? 

 മുത്തയ്യ ഏറെ നാള്‍ നരകയാതന അനുഭവിച്ചു. പതുക്കെപ്പതുക്കെ സ്വയം വിസ്മൃതിയിലേയ്ക്ക ആണ്ടിറങ്ങി. താന്‍ ആരാണെന്നോ, എവിടെയാണെന്നോ എന്തിനു ജീവിക്കുന്നെന്നോ അദ്ദേഹത്തിനറിയില്ല. ഇടതുവശത്തേയ്ക്ക് ചരിഞ്ഞചണ്ടുില്‍ നിന്ന് ഒരു വിഷാദച്ചിരി നമുക്ക് ഊഹിച്ചെടുക്കാം. മുത്തയ്യ പണ്ടെങ്ങോ അവതരിപ്പിച്ച ഏതോ ദുരന്ത കഥാപ്രത്രത്തിന്റെ മുഖത്ത് കണ്ട അതേ ചിരി. അവസാനമായി ഞാനും ചന്ദ്രാജിയും കൂടി ശിവന്‍ കോവില്‍ തെരുവിലെ വാടകവീട്ടില്‍ മുത്തയ്യയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം നഗ്‌നനായി മലമൂത്രത്തില്‍ കിടക്കുകയാണ്. ആകെ ദുര്‍ഗന്ധമയം. അവശയായ ഭാര്യ തിരുമലൈ വടിവ് അദ്ദേഹത്തെ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. കാട്ടുതീയില്‍പെട്ട ഒരു സാധുമൃഗത്തിന്റെ വെപ്രാളമായിരുന്നു അവരുടെ മുഖത്ത്. കുറച്ചുനേരം ഞങ്ങളെ വെളിയില്‍ നിറുത്തിയതിന് അവര്‍ അവ്യക്തമായ തമിഴില്‍ ക്ഷമാപണം ചെയ്യുന്നുണ്ടായിരുന്നു

. 1989 ജനുവരി 16 നു പ്രേംനസര്‍ അകാലചരമമടഞ്ഞ കാര്യം മുത്തയ്യ അറിഞ്ഞില്ല. ആശയവിനിമയം പൂര്‍ണായി തകര്‍ന്നിരുന്നു. ഭാര്യ തിരുമലൈവടിവു സങ്കടപ്പെട്ടു. മാസംതോറുമുള്ള വരുമാനവും നിലച്ചല്ലോ എന്ന് അവര്‍ പരിതപിച്ചു. പക്ഷേ പ്രേംനസീറിന്റെ മരണശേഷവും മഹാലിംഗപുരത്തുനിന്നുള്ള ശ്രീകൃഷ്ണന്റെ പെന്‍ഷന്‍ കൃത്യമായി ദൂതന്‍ മുഖേന ശിവന്‍ കോവില്‍ തെരുവിലെത്തി. 

75ാം വയസ്സില്‍ മുത്തയ്യ ശൂന്യതയില്‍ ലയിച്ചു. ആരോരുമില്ലാത്ത ചെങ്കോട്ട സ്വദേശിനി തിരുമലൈ വടിവ് അനാഥയായി എങ്ങോ പോയി. മഹാരാജാസ് കോളെജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം മുത്തയ്യ എറണാകുളത്ത് ഒരു പ്രസ് ആരംഭിച്ചു. പത്രക്കാരനാകുകയെന്ന മോഹമായിരുന്നിരിക്കണം അദ്ദേഹത്തെ അച്ചടിശാല ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തം പ്രസില്‍ നിന്ന് മുത്തയ്യ ഒരു പ്രസിദ്ധീകരണം തുടങ്ങി. കൊച്ചിന്‍ ആര്‍ഗ്യൂസ്. 

അക്കാലത്താണ് പിന്നീട് നിര്‍മ്മാതാക്കളുടെ തലതൊട്ടപ്പനായി മാറിയ ടി ഇ വാസുദേവനെ പരിചയപ്പെടാന്‍ ഇടവരുന്നത്. സിനിമയുടെ വര്‍ണ്ണപ്പകിട്ട് അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. ആ പരിചയപ്പെടന്‍ മുത്തയ്യയുടെ ജീവിതത്തെ ആകെപ്പാടെ മാറ്റിമറിച്ചു. ആയിരം സ്വപ്നങ്ങളുടെ അകമ്പടിയോടെ അദ്ദേഹം സിനിമയുടെ വാഗ്ദത്ത ഭൂമിയായ മദ്രാസിലേയ്ക്ക് വണ്ടി കയറി. 

മലയാളസിനിമ മദ്രാസില്‍ വേരുറച്ചു വരുന്ന കാലമായിരുന്നു അന്‍പതുകള്‍. അഞ്ചോളം ചിത്രങ്ങള്‍ മാത്രമേ അതുവരെ മലയാളത്തിന്റെ ക്രെഡിറ്റില്‍ ഉണ്ടായിരുന്നുള്ളു. സിനിമയുടെ ലഹരിയില്‍ പെട്ടവര്‍ അവസരങ്ങള്‍ക്കു വേണ്ടി കോടമ്പാക്കത്തേയ്ക്ക് പ്രവഹിച്ചു തുടങ്ങിയിരുന്നില്ല. ജനസഞ്ചാരം കുറഞ്ഞ തെരുവുകള്‍. പ്രാകൃതമായ തമിഴ് സംസാരിക്കുന്ന ജനങ്ങള്‍. ഫ്‌ളോറുകള്‍ അങ്ങിങ്ങ് തലപൊക്കാന്‍ തുടങ്ങിയിരിക്കുന്നു. വാഹിനിയായിരുന്നു അന്നത്തെ സിനിമയുടെ തട്ടകം. 

മുത്തയ്യ വണ്ടിയിറങ്ങുമ്പോള്‍ അവിടെ ജീവിത നൗകയുടെ പണികള്‍ നടക്കുകയായിരുന്നു. അതിലെ ചില കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിക്കൊണ്ടാണ് മുത്തയ്യയിലെ കലാകാരന്‍ ഉണര്‍ന്നെണീക്കുന്നത്. 1951ല്‍ നവലോകത്തില്‍ അഭിനയിച്ചുകൊണ്ട് മുത്തയ്യ ആദ്യമായി ക്യാമറയുടെ മുന്നിലെത്തി. തന്റെ യജമാനനെ മനസ്സു നിറയെ സ്‌നേഹിച്ച വേലക്കാരന്റെ വേഷം. പ്രേംനസീറുമായി ആദ്യം അഭിനയിച്ച ചിത്രം മരുമകളായിരുന്നു. വിശ്വസ്തനായ മാനേജരുടെ വേഷം. സത്യനുമായി ആദ്യം അഭിനയിച്ച ആത്മസഖിയും അന്നത്തെ ഹിറ്റ് ചിത്രമായിരുന്നു. ഹരിശ്ചന്ദ്രനിലെ നക്ഷത്രികന്‍ എന്ന പിരുവുകാരന്‍, അവകാശിയിലെ നിസ്സഹായനായ മാനേജര്‍, മന്ത്രവാദിയിലെ രാജകുമാരന്റെ സുഹൃത്ത്, പാടാത്ത പൈങ്കിളിയിലെ പട്ടിണി നട്ടെല്ലു തകര്‍ത്ത സ്‌കൂള്‍ ടീച്ചര്‍, രണ്ടിടങ്ങഴിയിലെ നിഷ്‌ക്കളങ്കനായ കൃഷിക്കാരന്‍, ഉമ്മിണിത്തങ്കയിലെ രാമ്മയ്യന്‍ ദളവ, കൃഷ്ണകുചേലയിലെ ദരിദ്രനും കൃഷ്ണഭക്തനുമായ കുചേലന്‍, പുതിയ ആകാശം പുതിയ ഭൂമിയിലെ ആത്മാര്‍പ്പണം ചെയ്യുന്ന നേതാവ്, ഗുരവായൂരപ്പനിലെ മേല്‍പ്പത്തൂര്‍, പോര്‍ട്ടര്‍ കുഞ്ഞാലിയിലെ കുഞ്ഞാലി, കര്‍ണനിലെ ശകുനി, അഗ്‌നിപുത്രിയിലെ ഡോക്ടര്‍ ജയചന്ദ്രന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മുത്തയ്യക്ക് മാത്രമല്ല അന്നത്തെ പ്രേക്ഷകര്‍ക്കും അവിസ്മരണീയങ്ങളായിരുന്നു. 


അമ്മ, മരുമകള്‍, ആത്മസഖി, അവകാശി, ഹരിചന്ദ്രന്‍, പാടാത്ത പൈങ്കിളി, നായരു പിടിച്ച പുലിവാല്, മറിയക്കുട്ടി, അഗ്‌നിപുത്രി, ചതുരംഗം, ഉമ്മിണിത്തങ്ക, ലൈലാ മജ്‌നു തുടങ്ങിയ ഇരുനൂറിലധികം മലയാളചിത്രങ്ങളിലും അറുപതിലധികം തമിഴ്ചിത്രങ്ങളിലും മുത്തയ്യ അഭിനയിച്ചു. എം ജി ആര്‍, ജയലളിത എന്നിവരോടൊപ്പം കുമരിക്കോട്ടം, അന്നമിട്ടകൈ, പുതിയഭൂമി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മുത്തയ്യ അഭിനയിച്ചു. ഇരുപതോളം വര്‍ഷങ്ങള്‍ മുത്തയ്യ സിനിമയില്‍ അജ്ജയ്യനായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍. ആവശ്യം പോലെ പണം. നടനെന്നനിലയില്‍ ലഭിക്കുന്ന അംഗീകാരം. 


അക്കാലത്താണ് ഒരു നിര്‍മ്മാതാവുക എന്ന ചിന്ത മനസ്സില്‍ കടന്നുകൂടിയത്. അതിന്റെ അന്ത്യമായിരുന്നു ചിത്രമേള. ചിത്രം പരീക്ഷണമായിരുന്നെങ്കിലും ഭീമമായ നഷ്ടത്തിലായി. ഒരു ചിത്രമെടുത്തു പരാജയപ്പെട്ടാല്‍ അടുത്ത ചിത്രമെടുത്തു നേടാമെന്ന സിദ്ധാന്തം അന്നുമുണ്ടായിരുന്നു. ചിത്രമേളയില്‍ സംഭവിച്ച നഷ്ടം നികത്താന്‍ മറ്റൊരു പരീക്ഷണത്തിനു കൂടി മുതിര്‍ന്നു. അങ്ങനെ ബല്ലാത്ത പഹയന്‍ ജനിക്കുന്നു. അതോടെ മുത്തയ്യയിലെ നിര്‍മ്മാതാവിന് അകാലമരണം സംഭവിച്ചു. കിടപ്പാടവും നഷ്ടപ്പെട്ടു. മുത്തയ്യ ദരിദ്രനായി. ഭാര്യ തിരുമലൈ വടിവിനേയും കൂട്ടി വാടക വീട്ടിലേയ്ക്ക് നീങ്ങി. നിര്‍മ്മാതാവായിപ്പോയതിനാല്‍ മുത്തയ്യയെ പിന്നീടാരും അഭിനയിക്കാന്‍ വിളിച്ചില്ല. കുറേ നാള്‍ നസീര്‍ മാനേജരാക്കി ഒപ്പം നിര്‍ത്തി. നസീറിനെ കാണാന്‍ വരുന്ന നിര്‍മ്മാതാക്കളുമായി സംസാരിച്ച് കരാര്‍ ഉറപ്പിക്കുന്നതും മറ്റും മുത്തയ്യയായിരുന്നു. 

അദ്ദേഹത്തെ 'മുത്തയ്യസാര്‍' എന്നുമാത്രമേ പ്രേംനസീര്‍ വിളിച്ചിരുന്നുള്ളു. അവശനാണെന്നു സ്വയം തോന്നിയപ്പോള്‍ മുത്തയ്യ ആ പണിയില്‍ നിന്ന് പിന്‍വാങ്ങി. പിന്നെ വാടകവീടിന്റെ ഏകാന്തതയില്‍ ദിവസങ്ങള്‍ തള്ളിനീക്കി. മാസത്തിലൊരിക്കല്‍ സഹായഹസ്തവുമായി വരുന്ന പ്രേംനസീറിനേയും കാത്തിരുന്ന അദ്ദേഹത്തിന്റെ മനസ്സ് പൂര്‍ണമായി മരവിക്കുന്നത് ഭാര്യ മാത്രമറിഞ്ഞു. ഓര്‍മ്മ കാലക്രമത്തില്‍ തന്നില്‍ നിന്ന് മാഞ്ഞു പോകുകയാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. എല്ലാത്തിനും ഭാര്യയുടെ സഹായം മാത്രം. എന്തെങ്കിലും ചോദിച്ചാല്‍ അകത്തേയ്ക്ക് നോക്കി വിളിക്കും: 'വടിവേ നമ്മുടെ ആദ്യ ചിത്രമേതായിരുന്നു?' അസ്തി മാത്രമായ ആ സ്ത്രീ അടുക്കളയില്‍ നിന്നിറങ്ങി വന്ന് പതുക്കെ ഉത്തരം കാതില്‍ പറഞ്ഞിട്ടു പോകും.

 സര്‍ക്കാര്‍ അവശകലാകാരന്മാര്‍ക്ക് നല്‍കുന്ന 300 രൂപയുടെ മണിയോര്‍ഡര്‍ മാത്രം മാസം തോറും മുത്തയ്യയെ തേടിയെത്തി. അതും നസീറിന്റെ ശ്രമഫലം. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പെടെ പതിനൊന്നോളം അവാര്‍ഡുകള്‍ മുത്തയ്യക്ക് ലഭിച്ചു. 1961ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള അവാര്‍ഡും നേടി. ഒരിക്കല്‍ തന്റെ ആത്മകഥ 34 അധ്യായങ്ങളായി ആരോ എഴുതിയെടുത്തു കൊണ്ടുപോയി. പ്രസിദ്ധീകരിച്ചോ എന്നറിയില്ല. പണം തരാമെന്നു പറഞ്ഞാണ് എഴുത്താരംഭിച്ചത്. പത്തു രൂപ പോലും പ്രതിഫലം കിട്ടിയില്ല. 


എങ്കിലും മുത്തയ്യയ്ക്ക് ആരോടും പരിഭവമില്ലായിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട നൂറു സിനിമയിലെ വേഷങ്ങളുടെ ചിത്രങ്ങള്‍ മുത്തയ്യ വാടകവീട്ടിലെ ഒരു ചില്ലിട്ട ഫ്രെയിമില്‍ സൂക്ഷിച്ചു വച്ചിരുന്നു. ഇടയ്ക്കിടെ ഓര്‍മ്മ വരുമ്പോള്‍ ആ ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ കണ്ണോടിക്കും. യാചകനും പ്രൊഫസറും ഡോക്ടറും ജയില്‍പ്പുള്ളിയുമൊക്കെ അതില്‍നിന്ന് മുത്തയ്യയെ നോക്കി ചിരിക്കുന്നുണ്ടാവും. അക്ഷരങ്ങളുമായി എന്നും പ്രണയത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ടാണല്ലോ അച്ചടിശാല ആരംഭിക്കാന്‍ തുനിഞ്ഞത്.


 കോടമ്പാക്കത്തെ ജീവിതത്തിനിടയിലും മുത്തയ്യ പുസ്‌കങ്ങള്‍ വാങ്ങിക്കൂട്ടി. നല്ല വായനക്കാരനായിരുന്നു. അന്ത്യകാലംവരെ വാങ്ങിക്കൂട്ടിയ പുസ്തകങ്ങള്‍ ചില്ലലമാരയില്‍ സൂക്ഷിച്ചു വച്ചിരുന്നു. അതിന്റെ താഴെ ഒരു കുറിപ്പും: 'കടം കൊടുത്ത പുസ്തകങ്ങള്‍ നഷ്ടപ്പെട്ടതിന് തുല്യമാണ്. ഞങ്ങളെ വെറുതേ വിടൂ' പുസ്തകങ്ങള്‍. തന്നോടൊപ്പം അഭിനയിച്ച പലരേയും മരണത്തിനു മുമ്പ് കാണണമെന്ന് മുത്തയ്യക്ക് ആഗ്രഹമുണ്ടായിരുന്നു. തിക്കുറിശ്ശി, ബഹദൂര്‍, എസ് പി പിള്ള, കൊട്ടാരക്കര തുടങ്ങിയവരെയൊക്കെ. അക്കാര്യം പലപ്പോഴും കാണാന്‍ വരുന്നവരോട് പറഞ്ഞിട്ടു്. പക്ഷേ ആരും വന്നില്ല, കില്ല. കിടക്കയില്‍ മലമൂത്ര വിസ്സര്‍ജ്ജനം നടത്തി അവസാന നാളുകള്‍ തള്ളിനീക്കുമ്പോള്‍ ഭാര്യയല്ലാതെ മകന്‍ പോലുമില്ലായിരുന്നു. മുത്തയ്യയെക്കുറിച്ചു പറഞ്ഞപ്പോള്‍ അന്ന് ഒരാള്‍ ചോദിച്ചു: 'എന്തേ, അയാള്‍ മരിച്ചില്ലായിരുന്നോ? ' രംഗം വിട്ടു കഴിഞ്ഞാല്‍ മരിച്ചതിനൊപ്പമാണ്. അതാണ് കോടമ്പാക്കത്തിന്റെ ജാതകം. 

 (കോടമ്പാക്കം ബ്ലാക് ആന്റ് വൈറ്റ് എന്ന പുസ്തകത്തില്‍ നിന്ന്. പ്രസാധകര്‍ കറന്റ് ബുക്‌സ്, തൃശ്ശൂര്‍. For  Copies Cosmo Books)

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image