കവിത
ഒഴുക്കു നിലച്ച നദി
ബൃന്ദ


എനിക്ക് നിന്റെ അരികിലിരിക്കണം
കാലമെത്തുന്നതിന് മുൻപ്
അടർത്തിക്കളഞ്ഞ
ഒരില പോലെ ഞാൻ
നിന്നെക്കുറിച്ചുള്ള
ഓർമകളിലേക്കല്ലാതെ
സഞ്ചരിക്കാനാവുന്നില്ല.
ഒന്നിച്ചു കൈ പിടിച്ചു നടന്ന വഴികൾ.
ഇന്ന് നീ വിടർത്തിയകറ്റിയ
എന്റെ വിരലുകൾ
ഇരുട്ടിലൂടെ അശാന്തമായി
ഉഴറി നടക്കുന്നു.
ഒരുമിച്ചു കാറ്റു കൊണ്ട
കടൽത്തീരങ്ങൾ
നിന്റെ കൈത്തണ്ടയുടെ
സുരക്ഷിതത്വത്തിൽ
തിരമാലകളെ കീഴടക്കിയ
എന്റെ പാദങ്ങൾ
ഇപ്പോൾ നടവഴികളിൽ
ഒരോ ചുവടും താണു പോകുന്നുണ്ട്.

അരക്ഷിതമായ സ്വപ്നങ്ങൾ
നിശബ്ദതയിലേക്കു
പിൻവാങ്ങിയിരിക്കുന്നു
എന്റെ നനുത്ത ഹൃദയം
ഇരുണ്ടു പോയ
ആകാശത്തിനു ചുവടെ
വെറുതെ നിൽക്കുന്നു.
അത്രമേൽ കൈ പിടിച്ചു നടന്നിട്ട്
അത്രമേൽ നെഞ്ചിൽ
ചേർത്തുറക്കിയിട്ട്
പൊടുന്നനെ
ഇരുണ്ട ഒരു നദിക്കരെ
എന്നെ ഉപേക്ഷിച്ച്
നീ വാതിലടച്ചു.
മരിച്ചു പോയ എന്നെ
ഞാൻ കാണുന്നു.
ഒഴുക്കു നിലച്ച നദി
എന്നെ തർപ്പണം ചെയ്യുന്നു.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image