വഴി ചോദിച്ച് ചോദിച്ച്  പോകണമെന്നില്ല  

കോട്ടയം ബാബുരാജ്‌  / ബാബു ഇരുമല  ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ ...

നടപ്പു വഴികൾ താണ്ടിയ കാലം  

   പണ്ട് നടന്നായിരുന്നു ദൂരയാത്രകൾ. എയിറ്റ് സീററർ എന്ന ആവി വണ്ടിയിലൊന്നും യാത്ര പോകുവാനുള്ള പാങ്ങ് അന്നത്തെ സാധാരണക്കാർക്കുണ്ടായിരുന്നില്ല  .  

    കല്ലും മുള്ളും, പാമ്പും ഒക്കെയുള്ള വഴികൾ താണ്ടി,  രേഖകളും, കവുങ്ങിൻ പാള കൊണ്ട് പൊതിഞ്ഞ  ഭക്ഷണപ്പൊതിയും കൈയ്യിൽ കരുതി  അന്ന് കച്ചേരിയെന്ന് പറഞ്ഞിരുന്ന കോടതിയിലേക്ക് ഏകദേശം 80 വർഷം മുൻപ്  ഇടയ്‌ക്കിടെ ദീർഘദൂര യാത്ര  ചെയ്തിരുന്ന തന്റേടിയായ  ഒരു വെല്ലിമ്മയെക്കുറിച്ച് എന്റെ മുത്തശി എന്നോട് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും വീട്ടിൽ വിശ്രമിച്ചും  രാത്രിയായാൽ താമസിച്ചും ആയിരുന്നു യാത്ര. 

    ഇന്നത്തെപ്പോലെ വീടുകളും, റോഡുകളും, മതിലുകളും ഇല്ലാതിരുന്ന കാലത്ത് നടപ്പു വഴികൾ നോക്കിയും, കേട്ടറിഞ്ഞും, ദിക്കുകൾ മനസിലാക്കിയും ഒക്കെയായിരുന്നു യാത്രകൾ. ഒരു പത്തു കിലോമീറ്റർ ദൂരമൊക്കെ നടന്നു് വിദ്യ അഭ്യസിച്ചിരുന്നവരും, ബന്ധുവീടുകളിലും, ആരാധനാലയങ്ങളിലും പോയിരുന്നവരും ഒന്നും കുറവല്ല. 

    വാടക സൈക്കിളും, കാളവണ്ടികളും വഴിമാറുകയും തുറസായ സ്ഥലങ്ങളൊക്കെ പകുക്കപ്പെട്ട് റോഡുകളും, വീടുകളും, മതിലുകളും  പെരുത്തതോടെ പഴയ നാട്ടുവഴികളെല്ലാം അടയ്ക്കപ്പെട്ടു. അങ്ങനെയാണ് പഴയ കാല നടകാല  യാത്രാ യുഗം അവസാനിച്ചത്.

ഗൂഗിൾ വഴി പറയും, പക്ഷെ...

    ഇന്ന് ഗൂഗിൾ ഇംഗ്ലീഷിലോ , മലയാളത്തിലോ നമുക്ക് വഴി പറഞ്ഞു തരും. വഴി പറയുന്ന  ആപ്പുകൾ പലവിധത്തിലായി അനവധിയുണ്ട്.  ബസും, ട്രെയിനും വഴിയുള്ള യാത്രകളാകുമ്പോൾ സഹസഞ്ചാരികളെ പലപ്പോഴും ആശ്രയിക്കാനാകും. യാത്ര ബൈക്കിലോ, കാറിലോ, ഓട്ടോയിലോ ആണെങ്കിൽ വഴിയരികിലെ കടകൾക്കു മുന്നിലോ, വഴിയിൽ കാണുന്നവരുടെ അടുത്തു നിറുത്തിയോ വേണ്ടിവരും ഇത്തരം അന്വേഷണങ്ങൾ. 

    ചില സ്ഥലങ്ങളിലൊക്കെ ചെല്ലുമ്പോൾ വലതും ഇടതും എന്നൊന്നും ആയിരിക്കില്ല പറയുക. ആ പ്രദേശത്തിന്റെ രീതി അനുസരിച്ച് കിഴക്കോട്ടുള്ള റോഡിൽ വടക്കോട്ടുള്ള രണ്ടാമത്തെ ചെറിയ റോഡിലൂടെ പോകണം എന്നൊക്കെ പറഞ്ഞാൽ സ്ഥലവാസികളല്ലാത്തവർക്ക്  ആശയക്കുഴപ്പമാകും. നടക്കാനുള്ള ദൂരമേ ഒള്ളു എന്നൊക്കെ മറുപടി കിട്ടി രണ്ടു മൂന്നു് കിലോമീറ്ററൊക്കെ, അതും ഒരു ഓട്ടോറിക്ഷ പോലും കിട്ടാത്ത വഴിയെ എല്ലാവരും തിരക്കു ഭാവിക്കുന്ന ഇന്നത്തെ കാലത്ത്  നടന്നു പോകേണ്ടി വരുന്നവരുടെ ഗതികേട് ആലോചിച്ചു നോക്കുക.

    ഗൂഗിൾ മാപ്പ് തുറന്ന്, യാത്ര തുടങ്ങുന്ന സ്ഥലവും , യാത്ര അവസാനിപ്പിക്കേണ്ട സ്ഥലവും രേഖപ്പെടുത്തി കിലോമീറററും, യാത്രയ്ക്കെടുക്കുന്ന സമയവും നോക്കി യാത്ര തുടങ്ങുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരിക തന്നെയാണ്. അവിടെയും ആശയക്കുഴപ്പങ്ങൾക്ക് നമ്മൾ വിധേയരാവുകയും പലപ്പോഴും നിരാശയ്ക്ക് വശംവദരാവുകയുമാണ്. നല്ല റോഡ് - മോശം റോഡ്, തിരക്കുള്ള റോഡ് -തിരക്കു കുറഞ്ഞ റോഡ്, പെട്ടെന്ന് എത്തുന്ന റോഡ്- പതുക്കെ എത്തുന്ന റോഡ് ,പണി നടക്കുന്ന റോഡ് - പണി തീർന്ന റോഡ്. അങ്ങനെ നമുക്കുള്ള സംശയങ്ങൾക്ക് കൃത്യതയോടെയുള്ള മറുപടി പലപ്പോഴും ലഭിച്ചു കൊള്ളണമെന്നില്ല. 

     കേരള സംസ്ഥാനം കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കൊണ്ട് കൈവരിച്ച അടിസ്ഥാന വികസനം, പ്രത്യേകിച്ച് റോഡുനിർമ്മാണത്തിൽ ഉണ്ടായ വിപ്ലവം ഇവിടെ പ്രസക്തമാണ്. കേരളത്തിലെ പ്രധാന റോഡുകളിലൊക്കെ വഴികാട്ടിയായി ദൂരം കുറിച്ച പച്ച ബോർഡുകൾ ഇപ്പോഴുണ്ട്. ചെറിയ റോഡുകളിൽ അങ്ങനെ ഒരു സൗകരും പൂർണമായി ഇനിയും ലഭിക്കേണ്ടതുണ്ട്.  

     ഇത്രയും റോഡുകൾ ഉള്ളപ്പോൾ ആപ്പുകൾ പലപ്പോഴും നമ്മെ തിരിഞ്ഞു  കൊത്തും. അവ  നമ്മളെ വട്ടംചുറ്റിക്കുകയും കുറഞ്ഞ വഴി കാണിച്ച് അവിടെയുമിവിടെയും കൊണ്ടെത്തിക്കുകയും ചെയ്തുവെന്നിരിക്കാം. 

സ്ഥലങ്ങളെ അറിയാൻ 
ആധികാരിക ഗ്രന്ഥം   

    ഇവിടെയാണ് കേരള സ്ഥല വിജ്ഞാനകോശമെന്ന ആധികാരിക ഗ്രന്ഥവും , കോട്ടയം ബാബുരാജ്‌ എന്ന പ്രയത്നശാലിയും, ചുട്ടപ്പം പോലെ വിറ്റഴിയുന്ന ഒരു പുസ്തകത്തിന്റെ  പ്രസക്തിയും മനസിലാക്കാനാകുന്നത്.

    ഇന്നു് സ്ഥിരം യാത്ര ചെയ്യാത്തവരായി ആരും തന്നെയില്ല.  ആർക്കായാലും സ്ഥല പരിചയമില്ലാത്തതു കൊണ്ട് വഴി തെറ്റുക സ്വാഭാവികം. പ്രത്യേകിച്ച് രാത്രി ഇരുട്ടിയാൽ. അതുമൂലമുണ്ടാകുന്ന  സമയനഷ്ടം , ധനനഷ്ടം, മനസിനും ശരീരത്തിനും ഉണ്ടാകുന്ന ക്ലേശങ്ങൾ ഇതൊന്നും നിസാരമായി കാണാനാകില്ല.  

     ആരോടും വഴി ചോദിക്കാതെയും, വഴിതെറ്റാതെയും കേരളത്തിലെ കാൽ ലക്ഷത്തിലധികം സ്ഥലങ്ങളിൽ അനായാസം എത്തിപ്പെടാൻ കോട്ടയം ബാബുരാജിന്റെ പുസ്തകം സഹായകമാണ്.  യു.ആർ.എഫ്. വേൾഡ് റെക്കാർഡ്, ലിംക ബുക്ക് ഓഫ് റെക്കാർഡ്, ഇന്ത്യാബുക്ക് ഓഫ് റെക്കാർഡ് തുടങ്ങി നിരവധി 
പുരസ്ക്കാരങ്ങൾ നേടിയ ഈ ഗ്രന്ഥത്തിന്റെ നവീകരിച്ച ഏഴാം പതിപ്പിൽ പുതുതായി ഒട്ടേറെ സ്ഥല വിവരങ്ങൾ ചേർക്കപ്പെട്ടതിനാൽ പുസ്തകം കൂടുതൽ  ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുന്നു.  

എങ്ങനെ ഉപയോഗിക്കാം 

    സ്ഥലനാമങ്ങൾ അക്ഷരമാല 
ക്രമത്തിലാണ് നൽകിയിട്ടുള്ളത്‌. ഒരോ സ്ഥലത്തിന്റെയും ജില്ല, പഞ്ചായത്ത് / മുനിസിപ്പാലിററി/കോർപ്പറേഷൻ ,റൂട്ട്, ദൂരം തുടങ്ങിയ വിവരങ്ങൾ ഏറെ പ്രയോജനപ്രദമായ 602 റോഡ് ചാർട്ട് സഹിതമാണ് വിശദീകരിച്ചിട്ടുള്ളത്.  1056 പേജുകളിലായി  പരന്നു കിടക്കുന്ന ഈ റഫറൻസ് പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ച കാര്യങ്ങൾ കൗതുകമുണർത്തുന്നതാണ്.
      

    സംസ്ഥാനത്തെ എല്ലാ റോഡുകളിലൂടെയും ഗ്രന്ഥകാരൻ തന്നെ വാഹനമോടിച്ച് വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കി എന്നതിനാലാണ് പുസ്തകത്തിന് ഇത്രമാത്രം കൃത്യത അവകാശപ്പെടാനാകുന്നത്.

     ആദ്യഭാഗം ഒരോ സ്ഥലങ്ങളെക്കുറിച്ചുമുള്ള വിശദാംശം തരുമ്പോൾ  റോഡ് ചാർട്ടുകളാണ് രണ്ടാം ഭാഗത്തിലുള്ളത്.  ഒരോ പ്രധാന സ്ഥലങ്ങളിലേക്കുമുള്ള എളുപ്പവഴികൾ പറയുന്നു അവസാന  ഭാഗം.

സ്ഥല കൗതുകങ്ങൾ 

   കേരളത്തിൽ ഒരേ പേരിലുള്ള സ്ഥലങ്ങൾ തന്നെ നിരവധിയാണ്. 24 ആനപ്പാറ, 18 പുത്തൂർ, 14 പരിയാരം, 12 മോസ്കോ, 22 കോട്ടപ്പുറം, 17 നെല്ലിക്കുന്ന്, 13 പുതുശ്ശേരി, 16 പാറക്കടവ്, 13 പള്ളിപ്പുറം. ഇങ്ങനെ ഒരേ പേരിൽ ഒന്നിലധികം സ്ഥലങ്ങൾ  2000ത്തോളം നമ്മുടെ സംസ്ഥാനത്തുണ്ടത്രെ.  

    പ്രസിദ്ധമായ സ്ഥലങ്ങൾക്ക് ഡ്യൂപ്പുകളുണ്ടാകുക സ്വാഭാവികം. കോഴിക്കോട് ജില്ലയിലെ കൊല്ലം, കൊല്ലം ജില്ലയിലെ കോഴിക്കോട്, കണ്ണൂർ ജില്ലയിലെ കോട്ടയം, കോട്ടയം ജില്ലയിലെ ആലപ്പുഴ, തൃശൂർ ജില്ലയിലെ കാഞ്ഞിരപ്പള്ളി, എറണാകുളം ജില്ലയിലെ ചിറ്റൂർ പത്തനംതിട്ട ജില്ലയിലെ കൂത്താട്ടുകുളം...ഡ്യൂപ്പുകൾ ഇനിയും നിരവധിയുണ്ട്. 

    നേരിയ വ്യത്യാസത്തിൽ മാറിപ്പോകാവുന്ന സ്ഥലങ്ങൾ ഏറെയുണ്ട്. വടക്കഞ്ചേരി - വടക്കാഞ്ചേരി ,തിരുവമ്പാടി -തിരുവാമ്പാടി, കലൂർ -കല്ലൂർ, അടൂർ-അഡൂർ, പരുത്തും പാറ - പരുന്തുംപാറ ... വള്ളി പുള്ളി വ്യത്യാസത്തിലും ഉച്ചാരണത്തിലും സ്ഥലങ്ങൾ പരസ്പരം  മാറി പോകാം. 

   ഒരേ സ്ഥലത്തിനു തന്നെ ഒന്നിലധികം പേരുകൾ. വിചിത്രമായ അവസ്ഥയാണത്. ഇരവിനല്ലൂർ  -എരമല്ലൂർ, ശ്രീകണ്ഠപുരം - ശ്രീകണ്ഠാപുരം, സുൽത്താൻ ബത്തേരി-ബത്തേരി ...

     വിജ്ഞാനവും ,കൗതുകവും ഉളവാക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ കേരളത്തിലുണ്ട്. അടുക്കള മൂല, അത്താഴക്കുന്ന്, ഇസ്പേഡ്‌ കവല, കല്യാണത്തണ്ട്, കോടാലി, നരകം, ദേവലോകം, സ്വർഗം, പാതാളം, പിരിവുശാലാ, മദാമ്മക്കുളം , മാന്തുക , സന്യാസി ഓട, സേനാപതി... പല പേരുകളിലും ചിരി മറഞ്ഞിരിക്കുന്നുണ്ട്. 

    പ്രശസ്തരുടെ പേരിൽ ചില സ്ഥലങ്ങൾ തന്നെ പ്രസിദ്ധങ്ങളായി.
ചങ്ങമ്പുഴ , കടമ്മനിട്ട , കമുകറ... നിരവധി ഉദാഹരണങ്ങൾ ഇനിയുമുണ്ട്. വ്യക്തി നാമങ്ങൾ ഉൾപ്പെടുന്ന പേരുകളിൽ തങ്കമണി, കോമളം, തൊമ്മൻകുത്ത്, വീരപ്പൻകാട്, സാവിത്രിക്കവല... എത്രയെങ്കിലുമുണ്ട്. 

    ഭയമെന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്നു - അപായപ്പടി, ആനകുത്തി, ചാത്തൻ കൈ, തല വെട്ടി, ഭൂതത്താൻകെട്ട്, ശവക്കോട്ടപ്പാലം...
ജാതിപ്പേരുകൾ- അരയൻ, കുറവൻ, കൊങ്ങിണി, ചാക്യാർ, നസ്രാണി... ബന്ധപ്പെട്ട 200 പേരുകളെങ്കിലുമുണ്ട് .

   പള്ളി, അമ്പലം, പുരാണം പേരുകളും നിരവധിയുണ്ട് - പള്ളിക്കത്തോട്, പള്ളിവാസൽ, അമ്പലപ്പുഴ, അമ്പലമേട്, രാമപുരം, രാവണേശ്വരം, ഒലിവ് മൗണ്ട്, സിയോൻ കുന്ന്...
ലോകത്തിലെ തന്നെ ഏറ്റവും അധികം സിറ്റികളുള്ളത് ഇടുക്കി ജില്ലയിലാണെന്നു് ഉറപ്പിച്ച് പറയാം. കടുക്കാസിറ്റി, കുരുവിളസിറ്റി, പിള്ളസിറ്റി, ഒടക്കു സിറ്റി...

   പൊയിൽ,കോണം, കുർശി ഒക്കെ ചേർന്നു വരുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഉദിരംപൊയിൽ, പന്തിപ്പൊയിൽ (കോഴിക്കോട്), കാട്ടായിക്കോണം, അണ്ടൂർക്കോണം (തിരുവനന്തപുരം), ഇടക്കുർശി, കാരാക്കുർശി (പാലക്കാട്)... ഇവയൊക്കെ ഉദാഹരിക്കാവുന്നവയാണ്. 

    ഇരുമല ഈ ലേഖകന്റെ വീട്ടു പേരും, ഇരുമലപ്പടി ദേശവുമാണ്. പുറം 71ന്റെ ആദ്യ ഭാഗത്ത് ഇരുലപ്പടിയെക്കുറിച്ച് പറയുന്നു - എറണാകുളം ജില്ലയിലെ നെല്ലിക്കുഴി പഞ്ചായത്തിൽപെട്ട സ്ഥലം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലം റൂട്ടിൽ 12.5 കി.മീ. ചാർട്ട് 187/12.

      'ഇരുമല' - എറണാകുളം ജില്ലയിലെ കോട്ടപ്പടി പഞ്ചായത്ത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതും ശരിയാണ്. കേരളത്തിലെ തന്നെ ഏറ്റവും ചെറിയ കരയാണ് കേവലം മൂന്ന് ഏക്കർ മാത്രം വരുന്ന കോട്ടപ്പടി വില്ലേജിലെ ഇരുമല എന്ന മന നിന്നിരുന്ന പ്രദേശം. 

       'ഇരുമലക്കപ്പ് ' - ഇടുക്കി ജില്ല. കൊന്നത്തടി പഞ്ചായത്ത്.പാറത്തോട് നിന്ന് 1.5 കി.മീ. ദൂരം. ഞങ്ങളുടെ കുടുംബത്തിലെ ആറോളം വീട്ടുകാർ താമസിക്കുന്ന പഴയ കാല കുടിയേറ്റ ഗ്രാമമാണ് ഇരുമലക്കപ്പ്.

       ഈ കൃത്യതകൾ നമ്മെ  ഞെട്ടിക്കുമ്പോഴും, അപര്യാപ്തതകൾ ഉണ്ടാകാം. പ്രത്യേകിച്ച് പഴയ സ്ഥലങ്ങളിൽ  ചിലതെങ്കിലും വിട്ടു പോയിട്ടുണ്ടാകാം. പുതിയ സ്ഥലനാമങ്ങൾ ഒരോ ദിവസവും അംഗീകരിക്കപ്പെടുന്നുണ്ടാകാം. നവീകരണം ഈ പുസ്തകം എപ്പോഴും ആവശ്യപ്പെടുന്നുവെന്ന്  ചുരുക്കം.

ഗ്രന്ഥകാരൻ ഒറ്റയാനാണ്  
 
     17 പുസ്തകങ്ങൾ കോട്ടയം ബാബുരാജ് രചിച്ചിട്ടുണ്ട്. സ്ഥലവിജ്ഞാനവുമായി ബന്ധപ്പെട്ട് തന്നെ മലയാളത്തിലും, ഇംഗ്ലീഷിലുമായി നാല്  പുസ്തകങ്ങൾ. ഭാഷയുമായി ബന്ധപ്പെട്ടും,  സഭാസംബന്ധിയായും നന്നാലു പുസ്തകങ്ങളുണ്ട്.  നോവൽ, ഹാസ്യം, കഥാപ്രസംഗം തുടങ്ങിയ ശാഖകളിലാണ് മറ്റ് ഗ്രന്ഥങ്ങൾ . 

    ലേബർ ഓഫീസറായിരുന്ന കോട്ടയം ബാബുരാജ് അദ്ധ്യാപകൻ, കാഥികൻ, പത്രപ്രവർത്തകൻ, പ്രസാധകൻ, സാംസ്ക്കാരിക പ്രവർത്തകൻ... അങ്ങനെ നിരവധി വേഷങ്ങൾ ഇണങ്ങുമെന്നു് തെളിയിച്ചിട്ടുണ്ട്. 12 പ്രധാന അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി. 
     
     സംസ്ഥാനത്ത് എവിടെ പുസ്തകമേള നടന്നാലും ഏറ്റവും കുറഞ്ഞ ടൈറ്റിലുമായി എന്നാൽ തരക്കേടില്ലാത്ത വിൽപ്പനയുമായി  കോട്ടയം ബാബുരാജിന്റെ പുസ്തക സ്റ്റാളുമുണ്ടാകും.  മനോഹരമായ ചെറിയ സ്റ്റാളിൽ, കണ്ണടയിലൂടെ നോക്കി പുഞ്ചിരിക്കുന്ന  ഒറ്റയാനാണ് കോട്ടയം ബാബുരാജ്. ഒരു  റഫറൻസ് ഗ്രന്ഥമെന്ന നിലയിലുള്ള കേരള സ്ഥലവിജ്ഞാനകോശത്തിന്റെ പ്രാധാന്യം മലയാളി മനസിലാക്കിക്കഴിഞ്ഞു. റെക്കാർഡ് തിരുത്തുന്ന വില്പന നൽകുന്ന സൂചന അതു തന്നെ.

വാൽക്കഷണം 
    
     കുടുംബസമേതം തമിഴ്നാട്ടിലെ കുലശേഖരത്തേയ്ക്ക്  കാറിലൊരു യാത്ര പോയപ്പോൾ ഡ്രൈവറും, സുഹൃത്തുമായ ഷാജി സൃഷ്ടിച്ചു തന്ന ഒരു സീനാണ് ഓർമ വരുന്നത്‌. വെമ്പായം, കള്ളിക്കാട്, നെയ്യാർ വഴിയുള്ള യാത്രയായിരുന്നു അത്‌. കള്ളിക്കാട്‌ കഴിഞ്ഞ് രണ്ടു  കിലോമീറ്റർ ദൂരത്തിനിടയിൽ മൂന്നു സ്ഥലത്ത് നിറുത്തി ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം ചോദിച്ചു .  

   മുറുക്കാൻ കടയിലും, പാതയോരത്തു് നിന്നവരോടും, ഓട്ടോസ്റ്റാൻഡിലും നിറുത്തി ഒരേ ചോദ്യം ആവർത്തിച്ചു. കുലശേഖരത്തേയ്ക്ക് എത്ര ദൂരമുണ്ട്. യഥാക്രമം ലഭിച്ച 60 കി.മീ., 20 കി.മീ., 100 കി.മീ. മൂന്നു് ഉത്തരങ്ങളും ഞങ്ങളെ ഞെട്ടിക്കുന്നതും, ഷാജി പറഞ്ഞത് ഡബിൾ ശരി വയ്ക്കുന്നതുമായിരുന്നു. 

    പക്ഷെ, തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവിനടുത്തും കുലശേഖരമുണ്ട്. കേരള സ്ഥലവിജ്ഞാനകോശം പുറം 202 അങ്ങനെയൊരു അറിവ് കൂടി തരുമ്പോഴാണ് കുലശേഖരത്തേക്കുള്ള ദൂരം മൂന്നു തരത്തിൽ പറഞ്ഞു തന്നതിലെ വ്യത്യാസം ബോദ്ധ്യപ്പെട്ടത്.

    അതെ, വഴി ചോദിച്ച് ചോദിച്ച് പോകണമോ എന്ന് നിശ്ചയിക്കേണ്ടത് നമ്മൾ യാത്രക്കാർ തന്നെയാണ്. 

     

   


ബാബു ഇരുമല 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image