പാപനാശം


പി കെ ശ്രീനിവാസന്‍

അച്ഛന്റെ കൈവിരലില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് പെണ്‍കുട്ടി കടല്‍ക്കരയിലെ ആള്‍ത്തിരക്കിലൂടെ നടന്നു. ശക്തിക്ഷയിച്ച തന്ത്രിമാരുടെ തൊണ്ടയില്‍ വീര്‍പ്പുമുട്ടുന്ന മന്ത്രോച്ചാരണങ്ങള്‍ കടലിന്റെ ഇരമ്പത്തില്‍ അവ്യക്തമായി.

രാവിലെതന്നെ  കടല്‍ത്തീരം നിറഞ്ഞിരിക്കുന്നു . ഈറനണിഞ്ഞു മുട്ട്മടക്കി ഭക്തിപൂര്‍വ്വം തന്ത്രിമാരുടെ മുന്നിലിരിക്കുന്ന  ജനങ്ങള്‍. മോക്ഷം കിട്ടാതെ അലഞ്ഞുതിരിയുന്ന  ആത്മാവുകള്‍ക്ക് അവര്‍ ബലിയര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നു. അവരുടെ മുഖങ്ങളിലെ കുറ്റബോധം കുട്ടി ശ്രദ്ധിച്ചു. പെണ്‍കുട്ടിക്ക് എല്ലാം പുതുമയായിരുന്നു.

    പൂര്‍വപിതാക്കളുടെ ആത്മാവിനു ദര്‍ഭയും അരിയും പൂവും കൊണ്ട് അവര്‍ നിവേദ്യമര്‍പ്പിച്ചു. പിന്നെ കടലില്‍ മുങ്ങി പരിശുദ്ധരായി.

  ആള്‍ക്കൂട്ടത്തിലൂടെ ഒറ്റപ്പെട്ട്, നിശ്ശബ്ദനായി നടക്കുന്ന അച്ഛനെ പെണ്‍കുട്ടി ശ്രദ്ധിച്ചു. കടല്‍ക്കാറ്റിലെ ഉപ്പുരസത്തില്‍ അച്ഛന്റെ മുഖം കരുവാളിച്ചിരിക്കുന്നു ..

   കടല്‍ക്കരയില്‍ അലഞ്ഞവരുടെ മുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ട നിരാശയും കുറ്റബോധവും പെണ്‍കുട്ടിയെ വല്ലാതെ വേദനിപ്പിച്ചു. അച്ഛന്റെ മുഖത്തും കുറ്റബോധത്തിന്റെ ജലബിന്ദുക്കള്‍.

  പെണ്‍കുട്ടിക്ക് അസ്വസ്ഥത തോന്നി .

  വേദമന്ത്രങ്ങള്‍ പടര്‍ന്നു  പിടിച്ച കടല്‍ത്തീരത്ത് പെണ്‍കുട്ടിയുടെ ദുഃഖം ആരുമറിഞ്ഞില്ല.

  അവള്‍ അച്ഛന്റെ മുഖത്തേക്കു നോക്കി.

   സമുദ്രത്തില്‍ മുങ്ങി തര്‍പ്പണം ചെയ്യുന്നവര്‍.

  മണല്‍ക്കൂനയ്ക്കരികിലെ തന്ത്രിമാരുടെ വേദമന്ത്രങ്ങള്‍ക്കു മുന്നില്‍ അവര്‍ മുട്ട്മടക്കി കണ്ണടച്ചിരുന്നു . അവ്യക്തമായ മന്ത്രങ്ങളില്‍ അവരുടെ കണ്ണുനീര്‍. ആത്മാവുകള്‍ കണ്ണുനീരിന്റെ ചൂടില്‍ പുളകം കൊള്ളുകയാവും.

  പ്രായം ചെന്ന  സ്ത്രീകള്‍ തന്ത്രിമാരുടെ മുന്നില്‍ വേച്ചുവേച്ചിരുന്നു കരഞ്ഞു.

  ആത്മാവുകള്‍ അവരെ ശല്യം ചെയ്യുകയാണെന്നു പെണ്‍കുട്ടി  വിശ്വസിച്ചു. അച്ഛന്‍ പണ്ടു പറഞ്ഞ കഥകളില്‍ കുട്ടിയുടെ മനസ്സ് ഓടി നടന്നു .. മറ്റുള്ളവരുടെ കണ്ണുനീര്‍ കണ്ടാല്‍ പെണ്‍കുട്ടിക്ക്  വിഷമം തോന്നും .. കരച്ചില്‍ വരും.

 

   കുടുമയും കനത്ത ഭസ്മക്കുറിയുമണിഞ്ഞ തന്ത്രിമാരുടെ നീണ്ട നിരകള്‍ക്കിടയില്‍ അച്ഛന്‍ നടക്കുകയാണ്.

  അകലെ ആകാശത്തില്‍ ദരിദ്രമായി കണ്ണുചിമ്മി നില്‍ക്കുന്ന ആത്മാവുകളെ ആവാഹിച്ച് തന്ത്രിമാര്‍ നമ്മെ മോക്ഷപ്രാപ്തരാക്കുമെ്ന്നു അച്ഛന്‍ തലേദിവസം രാത്രിയില്‍ പറഞ്ഞ കാര്യം പെണ്‍കുട്ടി ഓര്‍ത്തു.

   പെണ്‍കുട്ടിക്ക്  ഒന്നും  മനസ്സിലായില്ല.

  കടല്‍ക്കരയില്‍ തിരക്ക് ഏറിവരികയാണ്.

   കൂടുതല്‍ ആത്മാവുകള്‍ മേഘങ്ങള്‍ക്കിടയില്‍ നിന്ന് കടല്‍ക്കരയിലേക്ക് ഇറങ്ങിവരും.

അയാള്‍ വസ്ത്രങ്ങള്‍ അഴിച്ച് മകളെ ഏല്‍പിച്ച് ഒറ്റമുണ്ടുടുത്ത് കടലില്‍ മുങ്ങി വന്നു. കിഴവനായ ഒരു തന്ത്രിയുടെ മുന്നില്‍ അച്ഛന്‍ ഇരുന്നു. 

അച്ഛന്റെ മുഖം വിവര്‍ണ്ണമാകുന്നത് മകള്‍ ശ്രദ്ധിച്ചു. തന്ത്രി അച്ഛനെ സൂക്ഷിച്ചു നോക്കി. പിന്നെ മന്ത്രങ്ങള്‍ ഉരുവിട്ടു .

 

  അച്ഛന്റെ കണ്ണുകള്‍ നിറയുന്നതു പെണ്‍കുട്ടി കണ്ടു.

  അവള്‍ക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല. അച്ഛന്റെ വസ്ത്രങ്ങള്‍ നേഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ട് പെണ്‍കുട്ടി തേങ്ങി.

'ആരുടെ ആത്മാവിനു വേണ്ടിയായിരിക്കും അച്ഛന്‍ ബലിയര്‍പ്പിക്കുന്നത്.?' ഇന്നലെ പലപാട് ചോദിച്ചതാണ്. കോണ്‍ന്റിവെല്‍ നിന്നു വിളിച്ചുകൊണ്ടു പോരുമ്പോള്‍ അച്ഛന്‍ പറഞ്ഞു: 'നാളെ ബലിയാണ്. അതു കഴിഞ്ഞാല്‍ മോള്‍ക്ക് സ്‌കൂളില്‍ മടങ്ങിപ്പോകാം.'

  അവള്‍ സമ്മതത്തില്‍ തലയാട്ടി.

പിന്നെ  പെണ്‍കുട്ടി ചോദിച്ചു:

'അച്ഛാ ആര്‍ക്കാണ് ബലി?'

അച്ഛനു ചോദ്യം ഇഷ്ടപ്പെട്ടില്ലെന്നു  തോന്നി . അവളെ തലോടിക്കൊണ്ട് അച്ഛന്‍ പറഞ്ഞു:

 'നിനക്ക് വയസ്സ് പതിനൊന്ന്. ഇപ്പോള്‍ ഒന്നുമറിയില്ല. എല്ലാം പിന്നിടറിയും.  ഞാന്‍ ബലിയര്‍പ്പിക്കുമ്പോള്‍ എന്റെ മോള്‍ അച്ഛന്റെടുത്തു വേണം. എനിക്ക് ഈ ലോകത്തു മോളു മാത്രമേയുള്ളൂ.'

പെണ്‍കുട്ടി ഒുന്നും  പറയാതെ വാര്‍ഡനോട് യാത്ര പറഞ്ഞിറങ്ങി. അകലെയുള്ള പാപനാശത്തിന്റെ കടല്‍ത്തിരയിലേക്ക് അവര്‍ സഞ്ചരിച്ചു. ആത്മാവിനെക്കുറിച്ചും മോക്ഷത്തെക്കുറിച്ചും ബലിയെക്കുറിച്ചുമൊക്കെ അവള്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു .. അപ്പോഴൊക്കെ അയാള്‍ ഓരോന്നു പറഞ്ഞൊഴിയുന്നതു മകള്‍ ശ്രദ്ധിച്ചു.

 മന്ത്രങ്ങള്‍ അവസാനിച്ചിട്ടില്ല. തന്ത്രിയുടെ മുന്നില്‍ അച്ഛന്റെ കണ്ണുനീര്‍. പാപനാശത്തിന്റെ വിശുദ്ധമായ വെള്ളമണലില്‍ അച്ഛന്റെ കണ്ണുനീര്‍ നിമജ്ജനം ചെയ്യുതു പെണ്‍കുട്ടി  കണ്ടു.

അച്ഛന് അടുത്തകാലത്തുണ്ടായ മാറ്റം പെണ്‍കുട്ടി ഓര്‍ക്കുകയായിരുന്നു.

നഗരസംസ്‌കാരത്തില്‍ വളര്‍ന്നിട്ട് പോലും ഗ്രാമത്തിന്റെ തനിമയില്‍ വിശ്വസിച്ച അച്ഛന്‍. വലിയ ഉദ്യോഗസ്ഥന്‍. അമ്മ മാസങ്ങള്‍ക്കു മുമ്പ് മറ്റൊരാളോടൊത്ത് യാത്രയായപ്പോള്‍ അച്ഛന്‍ തകര്‍ന്നു പോയിയിരുന്നു.

  അമ്മ അച്ഛനെയും തന്നെയും  ഉപേക്ഷിച്ച് പോകുമെന്ന് ഒരിക്കലും കരുതിയതേയില്ല. അമ്മ പോയതറിഞ്ഞ അച്ഛന്‍ ഏറെ ചിന്തിച്ചിരുന്നു. പിന്നെ  ഏതോ സുഹൃത്തിനോടു പറയുതു കേട്ടു.:

'അവള്‍ക്ക് അതാണിഷ്ടമെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞുവിടുമായിരുല്ലോ.'

  ആ സംഭവത്തിനു ശേഷം അച്ഛന്‍ ഏറെ നാള്‍ അവധിയെടുത്ത് വീട്ടിലിരുന്നു . ആരോടും കൂടുതലൊന്നും  സംസാരിച്ചില്ല. പിന്നെ മകളെ കോണ്‍വെന്റിലാക്കി.

  ഒരു വര്‍ഷം അച്ഛന്‍ എവിടെയായിരുനിന്നു  പെണ്‍കുട്ടിക്ക്  അറിയില്ലായിരുന്നു.

ബലിയര്‍പ്പിക്കാന്‍ മകളെ വിളിക്കാന്‍ വപ്പോഴാണ് അച്ഛനെ കാണുത്.

  അച്ഛന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നുവെന്ന് പെണ്‍കുട്ടിയറിഞ്ഞു. കഴിഞ്ഞ രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍ അച്ഛന്‍ ഉറക്കത്തില്‍ പൊട്ടിക്കരയുന്നതായി പെണ്‍കുട്ടിക്കു തോന്നിയിരുന്നു.

  തന്ത്രിയുടെ മന്ത്രങ്ങള്‍ തീര്‍ന്നിരിക്കുന്നു  

  കൈക്കുമ്പിളില്‍ ദര്‍ഭയും പൂവും അരിയുമായി അച്ഛന്‍ എഴുനേറ്റു . അച്ഛന്റെ കണ്ണകള്‍ നിറയുന്നത് മകള്‍ കണ്ടു.

പെണ്‍കുട്ടിയെ  അയാള്‍ ദീനതയോടെ നോക്കി.

  മകള്‍ അച്ഛന്റെ വസ്ത്രങ്ങള്‍ നെഞ്ചോടു ചേര്‍ത്ത് അകലെ നിന്നു .

അയാള്‍ സാവധാനം കടലിലേക്കു നടന്നു  

  പെണ്‍കുട്ടി  ആള്‍ക്കുട്ടം  മറന്നു .. അച്ഛനെ മാത്രം ശ്രദ്ധിച്ചു നിന്നു.

അയാള്‍ കടലില്‍ മുങ്ങി. പിന്നെ തിരിഞ്ഞു മകളെ നോക്കി.

  പെണ്‍കുട്ടി ചിരിക്കാന്‍ ശ്രമിച്ചു.

  അതയാള്‍ കണ്ടില്ല.

കടലിന്റെ തീക്ഷ്ണമായ തിരകളില്‍ അയാള്‍ വീണ്ടും വീണ്ടും മുങ്ങി.

തിരകള്‍ ആത്മാവുകളെപ്പോലെ അയാളെ ആശ്ലേഷിച്ചു.

ചുറ്റിനും ബലിമന്ത്രങ്ങളുടെ ശക്തി കൂടി.

കടലില്‍ കണ്ണു നട്ട് പെണ്‍കുട്ടി നിന്നു.

അച്ഛനെ തിരകള്‍ ഉള്‍ക്കടലിലേക്ക് കൊണ്ടുപോയപ്പോള്‍ പെണ്‍കുട്ടി  വിളിച്ചു. ആ വിളി ആരും കേട്ടില്ല.

മന്ത്രങ്ങളുടെയും കടലിന്റെയും ആരവത്തില്‍ പെണ്‍കുട്ടിയുടെ  ശബ്ദം നഷ്ടപ്പെട്ടിരുന്നു ..

 

ഃഃഃഃഃഃ

 

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image