സക്കർ ബാബ്‌...

തോമസ്‌ കെയൽഅങ്ങനെയിരിക്കെ ഒരു ദിവസം ഞാനെന്റെ ആദ്യവിദേശയാത്രയിൽ സൗദി അറേബ്യയിലെ അനക്ക്‌ എന്ന സ്ഥലത്തെത്തി. ഫ്രീവിസക്ക്‌ രമണൻ, കുംഭകർണ്ണൻ എന്നീ ഓമനപ്പേരുകളുള്ള കാലം. തൊഴിലറിയാവുന്നതുകൊണ്ട്‌ ആടിനെമേക്കുന്ന രമണനോ മുറിയിൽ കിടന്ന് ഉറങ്ങിത്തീർക്കേണ്ട കുഭകർണ്ണനോ ആവേണ്ടിവരില്ലെന്ന് കൂടെയുള്ളവർ കട്ടായം പറഞ്ഞത്‌ ശരിയെന്നോണം എനിക്ക്‌ ആദ്യം തരപ്പെട്ട ജോലി വെൽഡിംഗ്‌. നാട്ടിലായിരിക്കുമ്പോൾ സ്വന്തം ലാവണത്തിൽ വല്ലപ്പോഴും ഒരു സ്പ്രിംഗ്‌ ലീഫ്‌ പൊട്ടിയതോ വെട്ടുകത്തി ഒടിഞ്ഞതോ വെൽഡുചെയ്ത പരിചയം പൊടിപ്പും തൊങ്ങലും വച്ച്‌ മുറി ഇംഗ്ലീഷും ഹിന്ദിയും പിന്നെ ഒരൽപ്പം മലയാളവും വിളക്കിച്ചേർത്ത്‌ അറബിക്ക്‌ മുമ്പിൽ ബോധിപ്പിച്ചു. അതിന്‌ അയാൾ പറഞ്ഞ ചീത്തകേട്ട്‌ എന്റെ ചെവികൾ ചുവന്നു. കൂടെ നിന്നവരാണ്‌ അത്‌ മലയാളത്തിലാക്കിത്തന്നത്‌ 'നാളെമുതൽ ജോലിക്ക്‌ ചെല്ലാൻ' ശ്ശെടാ..അറബി കയ്യും കലാശവും കാട്ടി അലറിപ്പറഞ്ഞതൊന്നും തെറിയല്ലായിരുന്നു അല്ലേ! പിറ്റേന്ന് എന്ത്‌ വെൽഡിങ്ങാണാവോ ചെയ്യേണ്ടി വരാ എന്നാലോചിച്ച്‌ കിടന്ന് ഉറക്കം പിടിച്ചത്‌ പാതിരയും കഴിഞ്ഞെപ്പഴോ ആണ്‌.

പിറ്റേന്ന് കാലത്ത്‌ അറബിയുടെ പഴഞ്ചൻ ഇമ്പാല എന്നെ കൂട്ടിക്കൊണ്ട്‌ പോകാൻ താമസസ്ഥലത്തെത്തി. അന്ന് വരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാറാണ്‌ എന്ന് ഉൾക്കുളിരോടെയാണ്‌ ഓർത്തത്‌.
ഒരു ചെറുകിട ഫാക്ടറിയുടെ അസ്ഥിക്കൂടം പണിഞ്ഞുതുടങ്ങുന്നിടത്ത്‌ ഞങ്ങളെയിറക്കി ‌ ശകടം തിരികെപ്പോയി. പോയവഴിക്ക്‌ മണൽപറത്തി മറഞ്ഞ വാഹനം 'ദി കാർ' എന്ന സിനിമയിലെ പ്രേതബാധയേറ്റ കാറിനെ ഓർമ്മിപ്പിച്ചു.
നെടുനീളൻ ഉരുക്ക്‌ ഭീമുകൾ ചൂണ്ടിക്കാണിച്ച്‌ ഇതാണ്‌ വെൽഡ്‌ ചെയ്യേണ്ടതെന്ന് കങ്കാണി പറഞ്ഞപ്പോൾ ഞാനൊന്ന് തിരിഞ്ഞുനോക്കി, എന്നോട്‌ തന്നെയാണോ കൽപ്പിച്ചത്‌ എന്നുറപ്പുവരുത്താൻ. ആ പരിസരത്തൊന്നും വേറെയാരുമില്ല. സ്വപ്നഭൂമിയിലെ ആദ്യ വേല അന്നവിടെ ആരംഭിച്ചു. ചെറുവിരൽ വണ്ണത്തിൽ ഒരുമുഴം നീളമുള്ള വെൽഡിംഗ്‌ റോഡുകൾ കമ്പിത്തിരി കത്തിക്കുന്നവന്റെ വൈഭവത്തോടെ ഒന്നിനുപുറകെ മറ്റൊന്നായി ഉരുക്കിത്തീർത്തു. മുകളിൽ അർക്കനും താഴെ ആർക്ക്‌ വെൽഡിംഗും.. വി കെ എൻ പറഞ്ഞപോലെ 'കരിമ്പടം പുതച്ച്‌ കനലടുപ്പിൽ ഇരിക്കുന്ന സുഖം'. രണ്ടുമൂന്ന് ദിവസം ഈ കലാപരിപാടി തുടർന്നപ്പോൾ ചൂടടിച്ച്‌ പടം പൊഴിഞ്ഞ്‌ എന്റെ കൈകളും മുഖവും വെളുക്കാൻ തുടങ്ങി.

ആഴ്ചവട്ടതിന്റെ തലേന്നാൾ അറബി 25 റിയാൽ അഡ്വാൻസ്‌ തന്നതും കൊണ്ട്‌ അടുത്ത പട്ടണമായ ദമ്മാമിലേക്ക്‌. പോകാനും വരാനുമുള്ള ടിപ്പുകൾക്ക്‌ സഹമുറിയന്മാർ ക്ലാസെടുത്തതിൽ കഷ്ടിച്ച്‌ കിട്ടിയ പാസ്‌ മാർക്കിന്റെ ധൈര്യത്തിൽ രണ്ട്‌ റിയാൽ കൊടുത്ത്‌ സീക്കോ ബിൽഡിങ്ങിന്റെ അടുത്തിറങ്ങി. തിരികെ പോരുമ്പോൾ ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര്‌ മറന്നാലോ എന്ന് കരുതി ഒരു തുണ്ട്‌ കടലാസിൽ എഴുതിയത്‌ കീശയിലുണ്ടെന്ന് ഒന്നുകൂടി നോക്കി‌ ഉറപ്പ്‌ വരുത്തി. തിരികെ പോകേണ്ടതും ഇവിടെനിന്ന് തന്നെ, ദമ്മാമിൽ നിന്നും ഖത്തീഫിലേക്ക്‌ പോകുന്ന ടാക്സിയിൽ കയറി അനക്കിൽ ഇറങ്ങണം.

വർഷങ്ങളായി മുടങ്ങാതെ വായിക്കുന്ന കലാകൗമുദി വാങ്ങലാണ്‌ ഈ യാത്രയുടെ പ്രഥമ ലക്ഷ്യം. സീക്കോ ബിൽഡിംഗിന്‌ എതിർവശത്തെ സ്റ്റാർ റെസ്റ്റോറന്റ്‌ എന്ന മലയാളിക്കടയിൽ കിട്ടാൻ സാധ്യതയുണ്ടെന്നാണ്‌ പറഞ്ഞ്‌ കേട്ടത്‌. ഇതുവരെ എല്ലാം കിറുകൃത്യം, പക്ഷെ കലാകൗമുദി മാത്രം ഇല്ല. ആകെയുണ്ടായിരുന്ന ഒരെണ്ണം വിറ്റുപോയി. നാട്ടിൽ ഇറങ്ങി രണ്ടാഴ്‌ചക്ക്‌ ശേഷമാണ്‌ ഇവിടെയെത്തുക. അതിനാൽ വിഷമിക്കാനില്ല, എനിക്ക്‌ കിട്ടാതെ പോയത്‌ നാട്ടിൽ വച്ച ഞാൻ വായിച്ചതാണ്‌.

ഇനി തിരികെപ്പോരാം. റോഡിന്റെ വശങ്ങളിലെല്ലാം മുറുക്കിത്തുപ്പിയതിന്റെ ചോപ്പടയാളങ്ങൾ. ബംഗ്ലാദേശികൾ മുറുക്കലിന്റെ ആശാന്മാരാണ്‌. അവർ എവിടെയും മുറുക്കിത്തുപ്പും ലിഫ്റ്റിലും കോണിപ്പടികളിലും അപൂർവ്വം ചിലപ്പോൾ വെയ്സ്റ്റ്‌ ബിന്നിലും ചിലർ മുറിയിൽ വച്ച നിഡോയുടെ കാലി ടിന്നിലും. വെള്ളിയാഴ്ചയായതിനാൽ നല്ല തെരക്ക്‌. തൊട്ടടുത്ത്‌ കണ്ട ഇലക്ട്രോണിക്‌ ഷോപ്പിൽ ഒന്ന് കയറി. അതുവരെ കാണാത്ത ഓഡിയോ സിസ്റ്റങ്ങൾ..പയനീർ..കെൻവുഡ്‌..നകാമിച്ചി..അക്കയ്‌..അവിടെ നിന്നിറങ്ങിപ്പോരാൻ തോന്നില്ല അത്രയും ഭംഗിയാണ്‌ ഓരോന്നിനും.

മഞ്ഞ പെയിന്റടിച്ച പഴയ അമേരിക്കൻ കാറുകളിൽ ആളെ വിളിച്ച്‌ കയറ്റുന്ന തെരക്കിലാണ്‌ അറബി ഡ്രൈവർമാർ. ഇടക്കൊരു ഖത്തീഫ്‌ ശബ്ദം കേട്ടപ്പോൾ ഞാനോടിച്ചെന്ന് 'അനക്ക്‌' എന്ന് പറഞ്ഞതും 'യെള്ളാ' എന്നൊരു തള്ള്‌. എനിക്ക്‌ കൂടി ഇരിക്കാൻ പാകത്തിന്‌ പിൻ സീറ്റിലുള്ളവർ ഒതുങ്ങി. ഡ്രൈവർ തലേക്കെട്ടഴിച്ച്‌ കുടഞ്ഞ്‌‌ വെള്ളത്തൊപ്പി നേരെ വച്ച്‌ തലപ്പാവണിഞ്ഞ്‌ ഊരിപ്പോരാതിരിക്കാൻ കണ്ണാടിയിൽ നോക്കി കറുത്ത വട്ട്‌ തലപ്പാവിൽ അമർത്തി എന്നെ നോക്കി മുരണ്ടു 'സക്കർ ബാബ്‌' ഇതെന്ത്‌ കൂത്ത്‌ എന്ന് മനസ്സിലാവാതെയിരുന്ന എന്നോട്‌ കൂടുതൽ ഉച്ചത്തിൽ ഒന്നുകൂടി 'സക്കർ ബാബ്‌'..
എന്നിട്ടും മിഴിച്ചിരുന്ന എന്നോട്‌ ഒരു സഹതാപവുമില്ലാതെ അയാൾ അലറി ' സക്കർ ബാ..ബ്‌..' പിന്നൊന്നും നോക്കിയില്ല ഞാൻ കാറിൽ നിന്ന് ചാടിയിറങ്ങി. അതാ അയാളും പുറത്തിറങ്ങുന്നു! ഞാനോടി ജീവനും കൊണ്ട്‌..അറബിയുടെ കയ്യീന്ന് അടി വാങ്ങേണ്ട തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ലെന്നെനിക്കറിയാം ഒരു പക്ഷെ അതയാൾക്കറിയില്ലെങ്കിലോ..? അയാൾ കാറും കൊണ്ട്‌ പോകുന്നത്‌ വരെ ഞാൻ ദൂരെ മാറിനിന്നു. പിന്നെ ഒന്നും സംഭവിക്കാത്തത്‌ പോലെ തിരികെ വന്ന് മറ്റൊരു കാറിൽ അനക്കിലെത്തി.

'..എന്തിനെന്നറിയില്ല.. അറബി എന്നെ ചീത്ത പറഞ്ഞു.. ഞാനിറങ്ങിയോടി..അറബി കാറീന്ന് ഇറങ്ങിയെങ്കിലും ഞാൻ പിടികൊടുക്കാതെ ഓടിമാറി..' എന്നൊക്കെ മുറിയിലുള്ളവരോട്‌ പറഞ്ഞു. അവരും ശരിവച്ചു 'അടികൊള്ളാതെ ഓടീത്‌ നന്നായി.'
'അല്ലാ അറബി എന്ത്‌ പറഞ്ഞാ നിന്നെ ഓടിച്ചത്‌'
'സക്കർ ബാബ്‌..'
മുറിയിലിരുന്നവരെല്ലാം ആർത്ത്‌ ചിരിച്ചു. ഞാനാണെങ്കിൽ ഇവരെന്തിനാ ചിരിക്കുന്നതെന്നറിയാതെ കൂടെ ചിരിച്ചു.
പിന്നെ ഒരു നിമിഷം അവർ ചിരിനിർത്തി പറഞ്ഞു..' ടാ പൊട്ടാ.. കാറിന്റെ ഡോർ അടക്കാനാ അറബി പറഞ്ഞെ..'
പിന്നെയവർ ചിരി തുടർന്നു.Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image