സംഗീതമേ ജീവിതം

 പ്രൊഫസര്‍ എന്‍ ലതിക

സന്തോഷങ്ങളില്‍ നില മറക്കാതെയും സന്താപങ്ങളില്‍ നിരാശപ്പെടാതെയും കിട്ടാത്തതിനു കൈനീട്ടാതെയും മുന്നോട്ട് പോകുന്നതു കൊണ്ട് സ്വസ്ഥവും സന്തോഷപ്രദവുമായ ഒരു സംഗീതജീവിതമാണ് ഞാന്‍ നയിക്കുന്നത്. നാല്‍പത്തിമൂന്നു വര്‍ഷമായി ചലച്ചിത്ര സംഗീതരംഗത്തും ശാസ്ത്രീയ സംഗീതരംഗത്തും നിലനില്‍ക്കാന്‍ കഴിഞ്ഞതും അതുകൊണ്ടു തന്നെയാണ്. സ്വദേശത്തും വിദേശത്തുമുള്ള മലയാളികളെ നേരിട്ട് കാണുമ്പോള്‍ അവര്‍ നല്‍കുന്ന സ്‌നേഹാദരങ്ങളിലൂടെ ഞാന്‍ ആ സന്തോഷം അനുഭവിക്കുന്നു. പാലക്കാട് ചെമ്പൈ സംഗീത കോളെജിലും പിന്നിട്  തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളെജിലും സംഗീതാധ്യാപിക എന്ന നിലയില്‍ നേടാന്‍ കഴിഞ്ഞ ആയിരക്കണക്കിനു ശിഷ്യരും പിണണിഗായിക എന്ന നിലയില്‍ ആയിരക്കണക്കിന് ആരാധകരും ... ഇതിലധികം എന്തു സന്തോഷമാണ് എനിക്കു വേണ്ടത്? എങ്കിലും ദശാബ്ദങ്ങളിലൂടെയുള്ള ആ സംഗീതയാത്ര പൂക്കള്‍ മാത്രം നിറഞ്ഞ വഴികളിലൂടെ ആയിരുന്നില്ല. അവഗണനയും കുതികാല്‍വെയ്പ്പും ചതിയുമൊക്കെ നിറഞ്ഞ മുള്‍പ്പാതകളും എനിക്കു ചവുട്ടിക്കടക്കേണ്ടി വന്നിട്ടുണ്ട് .

കൊല്ലത്ത് അഷ്ടമുടിക്കായലിനോടു ചേര്‍ന്നു കിടക്കുന്ന  പ്രകൃതിഭംഗിയേറിയ ആശ്രാമം എന്ന സ്ഥലത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച എനിക്ക് അച്ഛന്‍ സദാശിവന്‍ ഭാഗവതരും അമ്മ നളിനിയും സംഗീതജ്ഞരായിരുന്നതു കൊണ്ട് സംഗീതം കുടെപ്പിറപ്പായിരുന്നു. നന്നെ ചെറുപ്പത്തില്‍ വിഎസ് രാജന്‍ലാലിന്റെയും (സംഗീതസംവിധായകന്‍ ശരത്തിന്റെ അമ്മാവന്‍) പിന്നീട് മങ്ങാട് നടേശന്‍ ഭഗവതരുടെയും (എന്റെ അമ്മാവന്‍) ശിക്ഷണത്തില്‍ കര്‍ണാടക സംഗീതത്തിന്റെ ബാലപാഠങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും സ്വന്തം നാട്ടിലും സമീപപ്രദേശങ്ങളിലും ലളിതസംഗീത പരിപാടികളില്‍ ഞാന്‍ സജീവമായിരുന്നു. എന്റെ സഹോദരന്‍ രാജേന്ദ്രബാബു കീ ബോഡും മറ്റൊരു സഹോദരന്‍ ജയചന്ദ്രബാബു തബലയും വായിച്ചിരുന്നതുകൊണ്ട് ഗായകരും എന്റെ സഹോദരിമാരുമായ അംബികയെയും അമ്പിളിയെയും ഉള്‍ക്കൊള്ളിച്ച് പ്രവീണാ മ്യൂസിക് ക്ലബ് എന്നൊരു സംഘടന രൂപീകരിച്ച് ധാരാളം ഗാനമേളകള്‍ ഞങ്ങള്‍ അവതരിപ്പിച്ചു. കെജി മാര്‍കോസ്, കവിയും പത്രപ്രവര്‍ത്തകനും ഗായകനുമായ ചാത്തൂര്‍ മോഹന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര (വയലിന്‍), സംഗീത സംവിധായകന്‍ ആലപ്പി വിവേകാനന്ദന്‍ (തബല) തുടങ്ങിയവരൊക്കെ പ്രവീണാ മ്യൂസിക് ക്ലബിലെ സഹപ്രവര്‍ത്തകരായിരുന്നു. 

ഇക്കാലത്താണ് സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജനെ പരിചയപ്പെടുന്നത്. അതെനിക്കു വഴിത്തിരിവായി. എന്റെ സഹോദരന്‍ രാജേന്ദ്രബാബു അദ്ദേഹത്തിന്റെ അസിസ്റ്റന്റും ഞാന്‍ ഗായികയുമായി തുടങ്ങിയ ബന്ധം എഴുപതുകളുടെ മധ്യത്തോടെ ഞങ്ങളെ മദിരാശിയില്‍ എത്തിച്ചു. മലയാള സിനിമയുടെ പറുദീസയായി കോടമ്പാക്കം തിളങ്ങി നില്‍ക്കുന്ന കാലം. തമിഴിലും മലയാളത്തിലുമുള്ള പ്രശസ്തരായ ധാരാളം ഗായകരോടൊപ്പം സംഗീതവേദികള്‍ പങ്കിടാന്‍ ഈ കാലട്ടം  അവസരമൊരുക്കി. പി ലീല, ജാനമ്മാ ഡേവിഡ്, പി സുശീല, എല്‍ആര്‍ ഈശ്വരി, കെപി ഉദയഭാനു, കമുകറ പുരുഷോത്തമന്‍, യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, സംഗീത സംവിധായകരായ ജോസ്, ശ്യാം തുടങ്ങിയവര്‍ക്കു പുറമേ തമിഴിലെ ആദ്യ പിണണി ഗായകന്‍ ത്രിച്ചി ലോകനാഥ്, ടിഎം സൗന്ദരരാജന്‍, പിബി ശ്രീനിവാസ്, മലേഷ്യാ വാസുദേവന്‍, എംഎസ് വിശ്വനാഥന്‍, ശങ്കര്‍ ഗണേഷ് എന്നിവരുടെയൊക്കെ ഒപ്പം ഗായികയായി എനിക്കു സംഗീത വേദികള്‍ പങ്കിടാന്‍ നിരവധി അവസരങ്ങളൊരുങ്ങി. കേരളത്തിലും തമിഴ്‌നാട്ടിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിനു വേദികള്‍! പി ജയചന്ദ്രനോടൊപ്പമായിരുന്നു ആദ്യത്തെ വിദേശയാത്ര. 1976-ല്‍ അദ്ദേഹത്തോടൊപ്പം കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

മലയാള ചലച്ചിത്ര സംഗീതരംഗത്തും തമിഴ് സംഗീതവേദികളിലുമായി തിരക്കിലായിരിക്കുമ്പോഴും ശാസ്ത്രീയ സംഗീത പഠനം മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ ഞാന്‍ പ്രയോജനപ്പെടുത്തി. സംഗീത സംവിധായകനും കര്‍ണാടക സംഗീത പണ്ഡിതനുമായ ബിഎ ചിദംബരനാഥിന്റെ ശിഷ്യയായും പിന്നിട്  തമിഴ്‌നാട് സംഗീത കോളെജില്‍ വിദ്യാര്‍ത്ഥിയായും സംഗീതപഠനം തുടര്‍ന്നു . സംഗീത കോളെജില്‍ ചേര്‍ന്നു പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും പിന്തുണച്ചതും ദാസേട്ടനായിരുു. ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍ കണ്ണൂര്‍ രാജന്‍റെ സംഗീത സംവിധാനത്തില്‍ എന്റെ ആദ്യഗാനം ദാസേട്ടനോടൊപ്പം പാടാനായതാവാം അതിനു കാരണമായത്. (പുഷ്പതല്‍പത്തില്‍ നീ വീണുറങ്ങി - അഭിനന്ദനം). 


സംഗീത കോളെജില്‍ നിന്നു തമിഴ്‌നാട്ടിലെ ഒന്നാം  റാങ്ക് നേടി അന്നത്തെ മുഖ്യമന്ത്രി എംജിആറില്‍ നിന്ന് സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റും സ്വീകരിക്കാനായത് ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളായി. തുടര്‍ന്ന് മദ്രാസ് മ്യൂസിക് അക്കാഡമിയില്‍ സംഗീത പണ്ഡിതന്‍ ടിഎം ത്യാഗരാജന്റെ ശിക്ഷണത്തില്‍ ഉപരിപഠനവും. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് പിന്നിടാണ്.

മലയാള പിന്നണിഗാന രംഗത്ത് ഞാന്‍ കടന്നുവരുമ്പോള്‍ സുശീല, ജാനകി, വാണി ജയറാം, മാധുരി തുടങ്ങിയ ഒന്നാം കിട ഗായികമാര്‍ ജ്വലിച്ചു നില്‍ക്കുകയാണ്. പുതിയവരെ പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ടു  വരാത്ത കാലം. പണവും സ്വാധീനവും ഉള്ളവര്‍ക്കു മാത്രമാണു പരിഗണന. പാവപ്പെട്ട കുടുംബത്തില്‍ നിന്നു വന്ന എന്നെ ആരു സഹായിക്കാന്‍? തുടക്കം തന്നെ എനിക്കു കല്ലുകടിയായിരുന്നു. ഐവി ശശിയുടെ ചിത്രത്തില്‍ തുഷാരബിന്ദുക്കളേ... എന്ന ഗാനമായിരുന്നു ആദ്യം എനിക്കായി നിശ്ചയിച്ചിരുന്നത്. സംഗമിത്ര എന്ന നാടക സമിതിയുടെ ദണ്ഡകാരണ്യം എന്ന നാടകത്തിനു വേണ്ടി ബിച്ചു തിരുമല രചിച്ച് കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തില്‍ ഞാന്‍ പാടിയ തുഷാര ബിന്ദുക്കളേ... പിന്നീട് ഐവി ശശി തന്റെ പുതിയ സിനിമയ്ക്കു വേണ്ടി തെരെഞ്ഞടുക്കുകയായിരുന്നു. ഒപ്പം ആ പാട്ടിലൂടെ എന്നെ പിണണിഗാന രംഗത്ത് അവതരിപ്പിക്കാനും. എന്നാല്‍  സിനിമയിലെ അനാരോഗ്യകരമായ ചില തിരിമറികള്‍ക്കിടയില്‍ അതെനിക്കു നഷ്ടമായി. ജാനകിയമ്മയാണ് പിന്നീടു  ആ പാട്ട്  പാടിയത്. അതിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.  

ജാനകിയമ്മയ്ക്കു വേണ്ടി ഒരു തമിഴ് പാട്ടിന്റെ ട്രാക്ക് പാടാന്‍ സംഗീത സംവിധായകന്‍ രാജാമണി (അക്കാലത്ത് അദ്ദേഹത്തിന്റെ പേര് മണിരാജ) എന്നെ ക്ഷണിച്ചു. അതു പാടിയ ശേഷം അടുത്ത ദിവസം അതേ സ്റ്റുഡിയോയില്‍ ജയചന്ദ്രനോടൊപ്പം ഒരു കന്നഡ പാട്ട് പാടാന്‍ ഞാന്‍ എത്തി. ഇടവേളനേരത്ത് രാജാമണിയുടെ പാട്ട്  തലേന്നു ഞാന്‍ പാടിയത് മാറ്റിപ്പാടാന്‍ ജാനകിയമ്മയും എത്തി. ഞാന്‍ കോരിത്തരിച്ചുപോയി! ജാനകിയമ്മയെ ഒന്നു കാണാനും പരിചയപ്പെടാനും കൊതിച്ചിരിക്കുമ്പോഴാണത്. ബന്ധപ്പെട്ടവര്‍ ആരെങ്കിലും എന്നെ ജാനകിയമ്മക്കു പരിചയപ്പെടുത്തുമെന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. വോയ്‌സ് റൂമിലിരുന്നു ജാനകിയമ്മ ഞാന്‍ പാടിയ പാട്ട്  കേള്‍ക്കുകയാണ്. 'ഇതു നന്നായിരിക്കുന്നു. എന്തിനാ മാറ്റുന്നത്? ഇതു തന്നെ ഉപയോഗിച്ചാല്‍ മതിയല്ലോ' എന്നു പറഞ്ഞ് ആ അമ്മ എഴുനേറ്റ്  ഞാന്‍ നോക്കിനില്‍ക്കെ സ്റ്റുഡിയോ വിട്ട്  പുറത്തുപോയി. സംഗീത സംവിധായകനോ മറ്റുള്ളവരോ ജാനകിയമ്മയെ എന്നെ പരിചയപ്പെടുത്തിയില്ല. അന്നത്തെ നിരാശയും വേദനയും ഇന്നും  എനിക്കു പറഞ്ഞറിയിക്കാനാവില്ല.

മറ്റൊരിക്കല്‍ ഇളയരാജയുടെ മാനേജര്‍ കല്യാണം  വീട്ടില്‍ വന്നു  ഒരു ട്രാക്ക് പാടാന്‍ എന്നെ വിളിച്ചു. എസ്പി ബാലസുബ്രഹ്മണ്യത്തോടൊപ്പമുള്ള ഒരു യുഗ്മഗാനമായിരുന്നു അത്. ഞാന്‍ പാടിയതു മാറ്റേണ്ടെന്നു  പിന്നീട് ജാനകിയമ്മ ഇളയരാജയോടും പറഞ്ഞെന്നു  കേട്ടു.. പക്ഷേ അദ്ദേഹം നിര്‍ബന്ധിച്ച് ആ അമ്മയെക്കൊണ്ടു തന്നെ പാടിക്കുകയായിരുന്നത്രെ. മറ്റൊരിക്കല്‍ എസ്പിബിയും ഞാനും വിഎസ് നരസിംഹന്റെ ഒരു യുഗ്മഗാനം പാടി. ഞാന്‍ പാടിയത് ട്രാക്ക് ആണെന്നു  അറിഞ്ഞപ്പോള്‍ എസ്പിബി എനിക്കു വേണ്ടി ശുപാര്‍ശ ചെയ്തു. സംഗീത സംവിധായകന്‍ സമ്മതിച്ചു. എന്നാല്‍ സംവിധായകന്റെ സമ്മതം കൂടി വേണം. പ്രിയദര്‍ശനായിരുന്നു സംവിധായകന്‍. അദ്ദേഹവുമൊത്ത് താരനിശകളില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഞാന്‍ മടങ്ങിയെത്തിയ സമയമായിരുന്നു. പ്രിയദര്‍ശന്‍ അനുവദിച്ചെങ്കിലും നിര്‍മ്മാതാവ് എതിര്‍ത്തതിനാല്‍ ആ ഗാനം എനിക്കു നഷ്ടമായി. പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല എ ചിത്രത്തിലും ഇതുപോലൊരനുഭവം ഉണ്ടായി. രവീന്ദ്രന്റെ സംഗീതത്തില്‍ ഒരു ഗാനം ഞാന്‍ ആ ചിത്രത്തില്‍ പാടി. അസുഖമായിരുന്നതു കൊണ്ട് എനിക്കു നല്ലവണ്ണം പാടാന്‍ കഴിഞ്ഞിരുന്നില്ല. വിഷമിക്കേണ്ടെും മറ്റൊരു ദിവസം അതു ഒന്നുകൂടി പാടാമെന്നും  രവിയേ'ന്‍ എന്നെ ആശ്വസിപ്പിച്ചു. പക്ഷേ സംവിധായകന്‍ പിന്നിട്  ആ പാട്ട്  എനിക്കു പകരം ചിത്രയെക്കൊണ്ടു പാടിപ്പിച്ചു. പാട്ട് കേട്ടപ്പോള്‍ തന്നെ അതു ഞാന്‍ പാടിവച്ചതാണെന്നു ചിത്ര മനസ്സിലാക്കി. പിന്മാറാന്‍ ചിത്ര ശ്രമിച്ചെങ്കിലും സംവിധായകന്റെ നിര്‍ബന്ധത്തിനു വഴങ്ങി പാടേണ്ടി വന്നു. സിനിമ അങ്ങനെയൊക്കെയാണ്. ഏതു തീരുമാനവും മാറിമറിയാന്‍ നിമിഷങ്ങള്‍ മതി. പ്രതീക്ഷകള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ അവിടെ യാതൊരു സ്ഥാനവുമില്ല.

ലളിതച്ചേച്ചിയെ (കെപിഎസി ലളിത) പരിചയപ്പെടാന്‍ കഴിഞ്ഞതാണ് സംഗീത ജീവിതത്തിലെ എന്റെ സുപ്രധാന വഴിത്തിരിവിനു കാരണമായത്. ഒരു താരനിശയുമായി ബന്ധപ്പെട്ട്  ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ എല്ലായിടത്തും ലളിതച്ചേച്ചിയും ഞാനും ഒന്നിച്ചായിരുന്നു താമസം. അവര്‍ക്ക് എന്നെ വലിയ ഇഷ്ടമായി. സിനിമയുടെ ആര്‍ഭാടത്തിലും പൊങ്ങച്ചത്തിലുമൊന്നും  മുഴുകാതെ, എങ്ങും ഇടിച്ചുകയറാതെ ഒതുങ്ങിക്കൂടുന്ന  എന്റെ സ്വഭാവവിശേഷമായിരിക്കണം ആ ഇഷ്ടത്തിനു കാരണം. തിരികെ എത്തിയ ശേഷം ഭരതേട്ടനോട് എനിക്കു വേണ്ടി ചേച്ചി നടത്തിയ ശക്തമായ ശുപാര്‍ശ ഫലം കണ്ടു. കാതോടു കാതോരം എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ പിണിഗാന രംഗത്ത് എന്റെ ശക്തമായ സാന്നിധ്യം അദ്ദേഹം അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള  എല്ലാ ചിത്രങ്ങളിലും എനിക്കവസരം നല്‍കി. ഭരതന്‍ ചിത്രങ്ങളിലെ ഗാനങ്ങളാണ് എനിക്കൊരു മേല്‍വിലാസം നേടിത്തന്നതെന്ന്  പറയാം. ഒഴിവുകാലം, ചിലമ്പ്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ', വൈശാലി, കേളി, വെങ്കലം, അമരം... അങ്ങനെ നിരവധി ചിത്രങ്ങള്‍. ഭരതന്‍ ചിത്രങ്ങളിലെ ഗായിക എന്ന  വിശേഷണവും ചിലരെങ്കിലും എനിക്കു ചാര്‍ത്തിത്തരുകയും ചെയ്തു.

ആദ്യകാല സംഗീത സംവിധായകന്‍ പിഎസ് ദിവാകര്‍, ജികെ വെങ്കടേഷ്, ബിഎ ചിദംബരനാഥ്, കെ രാഘവന്‍, ദക്ഷിണാ മൂര്‍ത്തി, ജി ദേവരാജന്‍, എംകെ അര്‍ജുനന്‍, ശ്യാം, കണ്ണൂര്‍ രാജന്‍, എടി ഉമ്മര്‍, രഘുകുമാര്‍, കെജെ ജോയ്, വിദ്യാധരന്‍, ജോസ, രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എസ് പി വെങ്കടേഷ്, കീരവാണി, രാജാമണി, എംഎസ് വിശ്വനാഥന്‍, ഇളയരാജ, മലേഷ്യാ വാസുദേവന്‍, ദേവ തുടങ്ങിയ സംഗീത സംവിധായകരുടെയെല്ലാം പാട്ടുകള്‍ പാടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടൂണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി മുന്നൂറ്റിയമ്പതോളം ചിത്രങ്ങളില്‍ പാടിക്കഴിഞ്ഞിട്ടും  പിന്നണിഗാന രംഗത്ത് ഉറച്ചുനില്‍ക്കാനുള്ള ആത്മധൈര്യം എനിക്കുണ്ടായില്ല. കിടമത്സരവും പാലംവലിയും കൂടാതെ അത്ര പ്രകടമല്ലെങ്കിലും ശക്തമായിരുന്ന  ജാതിവിവേചനവും ഒക്കെ എന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടി. ആകെപ്പാടെ ഒരു അനിശ്ചിതാവസ്ഥ!

ലതികയുടെ കുടുംബം


കേരളത്തിലെ മൂന്നു  ഗവണ്മെന്റ് സംഗീത കോളെജുകളില്‍ അധ്യാപകരെ ക്ഷണിച്ചു കൊണ്ടുള്ള പിഎസ്‌സി വിജ്ഞാപനം വന്നത് ആയിടക്കാണ്. ഇത് പിന്നണിഗാന രംഗത്തെ അരക്ഷിതാവസ്ഥയില്‍ നിന്നു  മാറിച്ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ പിഎസ്‌സിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും പാലക്കാട്ടുമുള്ള മൂന്നു കോളെജുകളിലായി നാലു വേക്കന്‍സിയാണ് ഉണ്ടായിരുന്നത്. പതിനാലു വര്‍ഷത്തിനു ശേഷം പിഎസ്‌സി ക്ഷണിച്ച അപേക്ഷയായതിനാല്‍ ഉദ്യോഗാര്‍ത്ഥികളായി ധാരാളം പേരുണ്ടായിരുന്നു. പരീക്ഷാഫലം വന്നപ്പോള്‍ എനിക്ക് രണ്ടാം റാങ്ക് ലഭിച്ചു. പാലക്കാട് ചെമ്പൈ സംഗീത കോളെജിലായിരുന്നു ആദ്യനിയമനം. അങ്ങനെ മനസ്സില്ലാ മനസ്സോടെ  മദിരാശി വിട്ട് പാലക്കാട് ചെമ്പൈ സംഗീത കോളെജില്‍ ഞാന്‍ അധ്യാപികയായി  പ്രവേശിച്ചു. ഇടക്കൊക്കെ മദിരാശിയിലെത്തി സിനിമയ്ക്കു വേണ്ടി പാടാനും സാധിച്ചു. സഹകരണ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ജി രാജേന്ദ്രനും മകന്‍ രാഹുല്‍രാജും ഇക്കാലയളവില്‍ എനിക്കു നല്‍കിയ പ്രോത്സാഹനവും പിന്തുണയുമാണ് ഒരേസമയത്ത് പിണണി ഗായികയായും അധ്യാപികയായും തുടരാന്‍ എനിക്കു കരുത്തു പകര്‍ന്നത് .

.

പതിനെട്ട്  വര്‍ഷത്തെ സേവനത്തിനു ശേഷം ചെമ്പൈ കോളെജില്‍ നിന്നു  തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളെജിലേക്കു സ്ഥലം മാറ്റമായി. അധ്യാപന രംഗത്തും കുതികാല്‍വെട്ടിനു കുറവുണ്ടായില്ല. ചെമ്പൈ കോളെജിലെ കുത്തഴിഞ്ഞ ഭരണക്രമത്തില്‍ പ്രതിഷേധിച്ചപ്പോള്‍ എനിക്കെതിരെ കള്ളക്കേസ് ചുമത്തി പ്രതികാരം ചെയ്യാന്‍ ചില അധ്യാപകര്‍ തന്നെമുന്നോട്ട് വന്നു . വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി എനിക്കു പിന്തുണ നല്‍കിയതിനാല്‍ അതൊുന്നും  നടന്നില്ല. സ്വാതിതിരുനാള്‍ കോളെജില്‍ എന്റെ സീനിയോറിറ്റി മറികടക്കാന്‍ നടന്ന കുത്സിതശ്രമങ്ങളും കാണാന്‍ കഴിഞ്ഞു. പ്രശസ്തരായ ബന്ധുക്കളുടെ ഉത ബന്ധങ്ങള്‍ ഉപയോഗിച്ച് ഭരണരംഗത്തും അധികാരസ്ഥാനങ്ങളിലും സ്വാധീനം ചെലുത്തി എനിക്കു ശേഷം വന്ന രണ്ടു പേരെക്കാള്‍ ജൂനിയറായിരുന്ന ഒരധ്യാപകന്‍ എല്ലാവരേയും കടത്തിവെട്ടി കോളെജ് പ്രിന്‍സിപ്പലായത് ആശ്ചര്യത്തോടെ നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്  എന്റെ സീനിയോറിറ്റി മറികടക്കാന്‍ ഞാന്‍ ജീവിച്ചിരുപ്പില്ലെന്നു വരെ രേഖയുണ്ടാക്കി ട്രിബ്യൂണലില്‍ സമര്‍പ്പിച്ചത് അക്ഷരാര്‍ത്ഥത്തില്‍ എന്നെ  ഞെട്ടിച്ചുകളഞ്ഞു. വിരമിച്ച ശേഷമാണ് ഈ ചതിപ്രയോഗങ്ങളൊക്കെ ഞാന്‍ അറിയുന്നത്. ഇപ്പോള്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ വാങ്ങുന്ന  ഞാന്‍ ജീവിച്ചിരിപ്പില്ലെന്ന  വിവരം ബന്ധപ്പെട്ട  ഓഫീസിലെ രേഖകളില്‍ ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ടാകും. അധികാരികളെ സ്വാധീനിക്കാന്‍ തരംതാണ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഇത്തരം അധ്യാപകര്‍ എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്? ഇത്തരം സമൂഹദ്രോഹികളെ പ്രോത്സാഹിപ്പിക്കുന്ന അധികാരി വര്‍ഗത്തിനും ഈ ദുരവസ്ഥയില്‍ പങ്കുണ്ടെന്നു  പറയാതിരിക്കാനാവില്ല.

രണ്ടു സംഗീത കോളെജുകളിലുമായി ഇരുപത്താറു വര്‍ഷത്തെ സേവനത്തിനുള്ളില്‍ ആയിരക്കണക്കിനു പേരടങ്ങുന്ന വലിയൊരു ശിഷ്യസമ്പത്ത് നേടാനായത് ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. അവര്‍ക്കെല്ലാം ഞാന്‍ അവരുടെ പ്രിയപ്പെട്ട' ലതിക ടീച്ചറാണ്. സംഗീത പരിപാടികള്‍ക്കായി ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഇവരില്‍ ഒരാളെയെങ്കിലും കണ്ടുമുട്ടാതിരിക്കില്ല. പവിത്രമായ ഈ ശിഷ്യസമ്പത്തും ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെടു കുറെ ഗാനങ്ങളും ദുരനുഭവങ്ങളില്‍ നിുള്ള പാഠങ്ങളുമാണ് ഇന്നെന്‍റെ ശക്തി.

                   ......................................................................

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image