ഓണം കവിത

രൂപാന്തരണം

നീതു കെ ആര്‍ ശവപ്പെട്ടിയുടെ ആകൃതിയുള്ള
ഒറ്റ മുറി വീട്ടിൽ വെച്ചാണ്
നീ എന്നെ ഭോഗിച്ചത്

ആദ്യാനുഭവത്തിന്റെ 
വൈകാരികതകളേതുമില്ലാതെ
വറ്റിപ്പോയ നിമിഷങ്ങളിൽ
നിറം കെട്ട ചുമരിൽ
പെൺ വേട്ടാളൻ കൂടൊരുക്കുന്നതിൻ 
താളത്തിലായിരുന്നു ശ്രദ്ധ മുഴുവൻ

ഒന്നിന് മുകളിൽ ഒന്നായി
അടുക്കി വെച്ച അറകളുള്ള
മൺ വീട്, ഗർഭഗൃഹം...

രതിയുടെ ഉഷ്ണ രേഖകളിൽ
പൊടിമണ്ണു കലർന്നതിൻ
പശിമഗന്ധത്തിൽ 
ഇറുകെ അടഞ്ഞുപോയ
കൺകളിൽ നീ 
തെറ്റിദ്ധരിക്കപ്പെട്ടു...

ഇഴുകാൻ മടിച്ച ഉടലിൽ
അവജ്ഞയുടെ നോട്ടക്കുത്തേറ്റ്
ഉയിർ നീലിച്ചു..

തൃഷ്ണയുടെ 
അവസാന വേഗത്തിൽ
നീ പ്രസവിച്ച 
പഴുതാരക്കുഞ്ഞുങ്ങളുടെ
പുളച്ചിലിൽ മനം പിരണ്ടു...

ആദ്യ വേഴ്ച്ചയിൽ തോറ്റവൾ
വഴുക്കുന്ന തെറിയിൽ
തെന്നിവീഴവെ
ഗ്രിഗറിനെ* ഓർമ്മിപ്പിക്കും വണ്ണം
നൂൽ വലയിൽ ഒരെട്ടുകാലി 
ഊർന്നിറങ്ങി തുറിച്ച് നോക്കി..

ഇഴയടുപ്പമുള്ള വലയിൽ
കുരുങ്ങിപ്പിടയും
മഞ്ഞശലഭത്തെയെന്നപോൽ...

ഗൂഢസ്മൃതിയുടെ ചുഴിയാഴങ്ങൾ
തിളങ്ങുന്ന കൺകളിൽ 
വലക്കണ്ണികൾ 
പൊട്ടുന്ന മാത്രയിൽ  
ചെറുതായി ചെറുതായി
മരണംവരേയ്ക്കും ജനിക്കാതെ
ഒരു ധ്യാനം സാധ്യമാകും വിധം
മൺവീട്ടിൽ, മുട്ടത്തോടിനുള്ളിൽ
ഒളിഞ്ഞിരിക്കുമൊരു
ലാർവപ്പുഴുവായി 
സ്വയം രൂപാന്തരണം...* മെറ്റമോർഫോസിസ് ലെ കഥാപാത്രം

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image