ഉച്ചമയക്കത്തിനും ശേഷം

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ Tuesday Siesta  എന്ന കഥയെപ്പറ്റി

 

കരുണാകരന്‍

 

 

അത്യുഷ്ണത്തിലേക്ക് പടരാനിരിക്കുന്ന  ഒരു ഉച്ചയിലേക്ക്,  പതിനൊന്നു മണിയ്ക്ക്‌ പുറപ്പെടുന്ന ഒരു കല്‍ക്കരി തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു സ്ത്രീയും ഒരു പെണ്‍കുട്ടിയും. ഒരു കഥയിലെ സന്ദര്‍ഭം  ഓര്‍ക്കുകയാണ്. കഥയിലെ പെണ്‍കുട്ടിയുടെ കൈയ്യില്‍ വാടാന്‍ തുടങ്ങിയ പൂക്കളുടെ ഒരു ബൊക്കെയുണ്ട്, അവള്‍ അതില്‍ വെള്ളം തളിച്ച്  ഇനിയും വാടാതിരിക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്. വണ്ടിയുടെ ജനലിലൂടെ ഇടക്കൊക്കെ വരുന്ന കരി കലര്‍ന്ന ചൂടുകാറ്റും ആ കാംപാര്‍ട്ടുമെന്റിലെ ആകെയുള്ള യാത്രക്കാരായ  അവരുടെ ഇടയിലെ ചെറിയ സംഭാഷണങ്ങളും,  അതിനടിയില്‍  കനംവെയ്ക്കുന്ന മൌനവും ഒഴിച്ചാല്‍, അവരുടെ യാത്രയില്‍ പിന്നെ പറയുന്നത് ഒരുപക്ഷെ അതേ വ്യാകുലതയോടെ പിന്നിടുന്ന സ്റേഷനുകളെപ്പറ്റിയാണ്. വലിയ ശബ്ദത്തോടെ ഒരു ഇരുമ്പ്‌ പാലം പിന്നിടുമ്പോള്‍ സ്ത്രീ പെണ്‍കുട്ടിയോട് ഇറങ്ങാന്‍ തയ്യാറാവാന്‍ പറയുന്നു. ഇനി അങ്ങോട്ട് ഒരു തുള്ളി വെള്ളം കുടിക്കരുത്. ഒരിക്കലും കരയുകയുമരുത്.  സ്ത്രീ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു. പെണ്‍കുട്ടി പാതി കഴിച്ച ബ്രഡ് അതേപോലെ പൊതിഞ്ഞ്‌ ബാഗില്‍ വെയ്ക്കുന്നു. വണ്ടി നില്‍ക്കുമ്പോള്‍ ആ സ്റ്റേഷനില്‍ ഇറങ്ങാന്‍ ഉള്ളത് അവര്‍ രണ്ടുപേരും മാത്രം, ഒരുപക്ഷെ ആ ചുറ്റുവട്ടത്തും ആ രണ്ടു പേര്‍ മാത്രം, അല്ലെങ്കില്‍ ആ പ്രദേശം മുഴുവന്‍ അത്യുഷ്ണത്തില്‍ നിന്നും രക്ഷതേടുന്ന ഒരു ഉച്ചമയക്കത്തിലാണ്....

 

വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ച ഒരു കഥയിലെ ദുഖം,  ആ ദുഖത്തിന്റെതന്നെ മറ്റൊരു ജീവിതവുമായി വരുന്നു എന്ന് തോന്നുമ്പോള്‍ നമ്മുക്കറിയാന്‍ പറ്റുന്നു, നമ്മുടെ കാലം  അതേപോലെ തുടരുകയാണ് എന്ന്. അത് നമ്മളെ അതേ സങ്കടത്തില്‍ നിര്‍ത്തുന്നു, ചുറ്റും ഒരു കളം വരച്ചു കുത്തി നിര്‍ത്തിയ പോലെ.

 

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ Tuesday Siesta  എന്ന കഥ ഞാന്‍ ആദ്യം വായിക്കുന്നത് മലയാളത്തിലാണ്, ശിഖ മാസികയില്‍. ഇന്നലെ രാത്രി ആ കഥ വീണ്ടും ഓര്‍ത്തു. മറ്റൊരിടത്തു നിന്ന് ജോലി തേടിയെത്തിയ ഒരു മനുഷ്യനെ കേരളത്തിലൊരിടത്ത് കോഴിയെ കട്ടു എന്ന പേരില്‍  ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍.

 

നമ്മുടെ ജീവിതം നമ്മളെ പലപ്പോഴും അടിമുടി മോഹിപ്പിക്കുന്നു, അതേ മോഹം ചിലപ്പോള്‍ നമ്മളെ അന്യരുടെ കൊലപാതകികളുമാക്കുന്നു. കോഴിയെ കട്ടതിനല്ല, പകരം  എന്റെ മോഹത്തിലേക്ക്,  എനിക്ക് എന്തുകൊണ്ടും അന്യനായ നീ ഇരച്ചു കയറി വരാമോ എന്ന് ഈ  കൊലപാതകം  ഒരു നാടിനെ മുഴുവന്‍ കുറച്ചു നേരമെങ്കിലും ഒരാളുടെ മാത്രം മണമാക്കുന്നു. 

 

മാര്‍ക്കേസിന്റെ കഥയിലെ സ്ത്രീയും പെണ്‍കുട്ടിയും അവിടെ ഒരു പുരോഹിതന്റെ വീട്ടിലേക്കാണ് പോയത്, അവിടെയുള്ള  സെമിത്തേരി സന്ദര്‍ശിക്കാനാണ് അവര്‍ എത്തിയിരിക്കുന്നത്.  പുരോഹിതന്‍ ഉച്ചമയക്കത്തിലാണ് എന്ന് അവിടെയുള്ള ഒരു സ്ത്രീ പറയുന്നു. അവരോട് പിന്നെ വരാന്‍ പറയുന്നു, വെയിലാറിയതിനു ശേഷം. അതു പറ്റില്ല, സ്ത്രീ പറയുന്നു. ഞങ്ങള്‍ക്ക് മൂന്നരയുടെ വണ്ടിക്കു മടങ്ങണം. ഇപ്പോള്‍ പുരോഹിതന്‍, അവിടെയുള്ള സ്ത്രീയുടെ ആങ്ങളപോലെ തോന്നിക്കും അയാളെ കണ്ടാല്‍,  അവരെ കാണാന്‍ തയ്യാറായി. അയാള്‍ തന്റെ രജിസ്റ്റര്‍ എടുത്തുവെച്ചു. അവള്‍ക്കുവേണ്ടി കല്ലറയുടെ നമ്പര്‍ രജിസ്റ്ററില്‍ തിരഞ്ഞു. ആരുടെ കല്ലറയാണത്,  പുരോഹിതന്‍ ചോദിക്കുന്നു.  അവള്‍ പേര് പറയുന്നു. കാര്‍ലോസ് സെന്‍റ്നൊ. പുരോഹിതന്  മനസ്സിലായില്ല. ഒന്നുകൂടി അവള്‍ ആ പേര് പറയുന്നു. അപ്പോഴും അയാള്‍ക്ക് ആളെ മനസ്സിലാവുന്നില്ല. കഴിഞ്ഞ ആഴ്ച്ച ഒരു കള്ളനെ ഇവിടെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നില്ലേ, അയാളുടെ കല്ലറ. സ്ത്രീ ശാന്തതയോടെ പറയുന്നു. ഞാന്‍ അവന്റെ അമ്മയാണ്...

 

തങ്ങളുടെ ദരിദ്രമായ ജീവിതത്തെ പോറ്റാന്‍ ആ ചെറുപ്പക്കാരന്‍ ഗുസ്തി പിടിക്കാന്‍ പോകാറുള്ളതും മുറിവുകളും  ചോരയുമുള്ള ശരീരത്തോടെ രാത്രി വീട്ടിലെത്തുന്നതും അവള്‍ ഓര്‍ക്കുന്നു. അവനെ നല്ല വഴിക്ക്‌ നടത്താന്‍ നീ എന്തേ ശ്രമിച്ച്ചില്ലാ എന്ന് പുരോഹിതന്‍ അവളോട്‌  ചോദിക്കുമ്പോള്‍.  ഒരുപക്ഷെ എത്ര നിരാധാരമാണ് ജീവിതവും മരണവും എന്നാകും, അവള്‍ ഓര്‍ത്തിരിക്കുക. ഒരു പക്ഷെ, തന്റെ മകന്റെ കല്ലറ സന്ദര്‍ശിക്കുന്നതോടെ അതിന്റെയൊക്കെ  ഒരു തുടര്‍ച്ചയില്‍ തന്നെ അവള്‍ വീണ്ടും കണ്ടുമുട്ടുകയുമാവും. 

 

മാര്‍കേസിന്റെ കഥയിലെ കള്ളന്‍ ഒരു രാത്രി ഒരു വീട് കുത്തിതുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ഒരു വിധവയുടെ. അവള്‍ പക്ഷെ അത് മുന്‍കൂട്ടി കണ്ടു, ഇരുട്ടത്തുതന്നെ തന്റെ തോക്ക് എടുത്തു, കണ്ണും പൂട്ടി വാതിലിന്റെ താഴിലേക്ക് ഉന്നം വെച്ചു, വാതില്‍ തുറക്കുന്നതോടെ വെടി വെച്ചു..

 

കള്ളന്‍ അവിടെത്തന്നെ മരിച്ചുവീണു..

 

Tuesday Siesta, അവസാനിക്കുന്നത് ഇങ്ങനെയാണ് :

 

പുരോഹിതന്റെ വീട്ടിലുള്ള ആ സ്ത്രീ അവര്‍ക്ക് വേണ്ടി വാതില്‍ തുറക്കുമ്പോള്‍, ആ വീടിന്റെ ജനാനലക്കല്‍,  പടിക്കല്‍, നിരത്തില്‍, എല്ലാം ആളുകളാണ്, അവര്‍ എന്തോ അറിഞ്ഞു എത്തിയവരാണ്. അവള്‍ വാതില്‍ അടക്കുന്നു. സ്ത്രീയോടും പെണ്‍കുട്ടിയോടും സെമിത്തേരിയിലേക്ക് ഇപ്പോള്‍പോകേണ്ട എന്ന് പുരോഹിതന്‍ പറയുന്നു. വെയിലാറട്ടെ, എന്നിട്ട് പോകാം... ഈ വെയിലില്‍ നിങ്ങള്‍ ഉരുകും എന്ന് അയാളുടെ മുഖച്ഛായയുള്ള സ്ത്രീ പറയുന്നു. സാരമില്ല,   സ്ത്രീ പറയുന്നു. ഞങ്ങള്‍ക്ക് അതൊന്നും പ്രശ്നമല്ല. അവള്‍   പെണ്‍കുട്ടിയുടെ കൈ പിടിച്ച് നിരത്തിലേക്ക് ഇറങ്ങുന്നു.

     

ഒരു കൊലപാതകത്തില്‍ നിന്നും എങ്ങനെയാണ് നിരാധാരമായ ഒരു മരണം ഉണ്ടാവുന്നത് എന്നുകൂടിയാണ്,  ഒരുപക്ഷെ,  ഈ കഥ പറയുന്നത്. 

 

ഈ അന്യസംസ്ഥാന തൊഴിലാളിയുടെ കഥയിലും അങ്ങനെയാണ് അത് എന്ന് തോന്നുന്നു: കൊല്ലാനുള്ള കാരണം എത്ര നിസാരമാണെങ്കിലും അതിനേക്കാള്‍ ഒക്കെ തിളച്ചു നില്‍ക്കുന്ന ഒന്ന് ഈ കൊലപാതകത്തിലുമുണ്ട്. മോഹമോ അവകാശമോ പോലെ ഒന്ന്.  ഒരുപക്ഷെ തനിക്കുതന്നെ അസഹ്യമായ ഒരാളുടെ വെറുപ്പ്..

 

അതു പിന്നെ ദുഷിച്ച മണംപോലെ നാടാകെ പടരുന്നു, എല്ലാവരിലും എത്തുന്നു....

(k)

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image