പ്രിയ ജോജു...ആരറിയുന്നു വിധിയുടെ വിളയാട്ടങ്ങൾ ...?

 
പയ്യന്നൂർ ബാലൻ മാഷ്. സിഎംപി നേതാക്കളിൽ എം.വി.രാഘവനെക്കാൾ ജനകീയനായ നേതാവ്. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും സിഎംപി എന്ന പേരിൽ അവർ പുതിയ പാർട്ടി രൂപീകരിച്ചു പിരിഞ്ഞതു മുതൽ ബാലൻ മാഷ് സിപിഎമ്മിന്‍റ കണ്ണിലെ കരടാണ്. പലകുറി അദ്ദേഹത്തെ വധിക്കാനവർ ശ്രമിച്ചു. പലതവണയും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കൂത്തുപറമ്പു സംഭവം കഴിഞ്ഞയിടെയായിരുന്നു ഞാൻ കണ്ണൂരിൽ ട്രെയിനിയായി എത്തിയത്. 


കൂത്തുപറമ്പു സംഭവത്തിനു കാരണം എംവി രാഘവനായിരുന്നു എന്നതിനാലും അദ്ദേഹത്തെ കിട്ടാത്തതിനാലും വീണ്ടും സിപിഎമ്മിന്‍റെ കലി പയ്യന്നൂർ ബാലൻ മാഷിനോടായി. മാഷെയും കിട്ടാതായതോടെ മാഷിന്‍റെ കുടുംബം മുഴുവൻ ബോംബിട്ടു തകർക്കാൻ അവർ പ്ലാനിട്ടു.ഒരു ദിവസം രാവിലെ എട്ടരയ്ക്ക് ബാലൻ മാഷിന്‍റ വീട്ടിലെത്തിയ ഒരുസംഘം സിപിഎം ഗുണ്ടകൾ മണിക്കൂറുകൾ നീണ്ട അതിഭീകരമായ അതിക്രമം അഴിച്ചു വിട്ടു. വീട്ടിലെ സാധനസാമഗ്രികളത്രയും നശിപ്പിച്ചു. മാഷിന്‍റെ ഭാര്യ ആസ്മ രോഗിയായ രുക്മിണി ടീച്ചറും എൻജിനീയറിങിനു പഠിക്കുന്ന മകനും ആറാം ക്ലാസിൽ പഠിക്കുന്ന കൊച്ചു മോളുമാണപ്പോൾ വീട്ടിലുണ്ടായിരുന്നത്. അക്രമികളുടെ അഴിഞ്ഞാട്ടം തുടർന്നപ്പോൾ രോഗം മൂർച്ഛിച്ച ടീച്ചറിനു മരുന്നു വാങ്ങാൻ അയൽപക്കത്തെ ഒരു കുട്ടിയെ പറഞ്ഞയച്ചു. മരുന്നു വാങ്ങി വന്ന ആ കുട്ടിയെ അക്രമികൾ വഴിയിൽ ഭീഷണിപ്പെടുത്തി തടഞ്ഞു വച്ചു.ടീച്ചർ മരണാസന്നയായി വെറുങ്ങലിച്ച് വീട്ടിൽ കിടക്കുമ്പോൾ, ആ കുഞ്ഞുങ്ങൾ ഗുണ്ടാസംഘത്തിന്‍റെ രൂപത്തിൽ മരണത്തെ മുന്നിൽ കണ്ട് വെറുങ്ങലിച്ചപ്പോൾ മലപ്പുറത്ത് പാർട്ടിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പയ്യന്നൂർ ബാലൻ മാഷ്. 


ഉച്ചയോടടുത്തതോടെ കയ്യിലെ ബോംബുകളും സാധനസാമഗ്രികളും തീർന്ന് , ആവേശം കെട്ടടങ്ങി അക്രമികൾ സ്വയം പിൻവാങ്ങി. അതിനു ശേഷമാണ് ആ കുടുംബത്തെ ആശുപത്രിയിലാക്കാനൊക്കെ നാട്ടുകാർക്കു പോലും സാധിച്ചത്. കേരളത്തിലൊരു പത്രവും ഈ ദുരന്തം റിപ്പോർട്ട് ചെയ്തില്ല. ആകെ റിപ്പോർട്ട്  ചെയ്തത് സുദിനം എന്ന കൊച്ചു പത്രം മാത്രം. അതു റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ സുദിനം പത്രാധിപരെയും മാർക്സിസ്റ്റ് പാർട്ടി കാര്യമായി കൈകാര്യം ചെയ്തു. കേരളത്തിൽ നാളുകളോളം സുദിനം കേസ് എന്ന പേരിൽ ആ കേസ് നടന്നു.ഇതിനിടയിലാണ് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ വരെ അപലപിച്ച ഈ സംഭവം ഞാനറിയുന്നത്. പിന്നെ അമാന്തിച്ചില്ല,എന്‍റെ ചീഫ് മരിയൻ ജോർജ് സാറിൽ നിന്നും അനുവാദം വാങ്ങി ഞാൻ കരിവെള്ളൂരിൽ അവരുടെ വീട്ടിലെത്തി. രുക്മിണി ടീച്ചറെ കണ്ടു, ആറാംക്ലാസുകാരിയായ മോളെ കണ്ടു, എൻജിനീയറിങ് വിദ്യാർഥിയായ മോനെ കണ്ടു.അപ്പോഴവർ പങ്കു വച്ച അനുഭവം ഹൃദയമുള്ളവർക്കു കരയാതെ കേൾക്കാനാവുമായിരുന്നില്ല.
.മാലാഖ പോലത്തെ രണ്ടു കുട്ടികൾ . മെലിഞ്ഞ് അസ്ഥിപഞ്ജരമായ ടീച്ചർ, അവർ ചിരിക്കാൻ മറന്നു പോയിരിക്കുന്നു...
അതോ ചിരി എന്നേയ്ക്കുമായി അവരിൽ നിന്നിറങ്ങി പോയതോ? 
ജില്ലാതല കലോത്സവത്തിൽ നൃത്ത മത്സരങ്ങൾക്കു നേടിയ ഷീൽഡ് ഒക്കെ അക്രമികൾ തച്ചുടയ്ക്കുന്നതു കണ്ട് മരവിച്ചു പോയീ ആ പെൺകുഞ്ഞിന്‍റെ മനസ് എന്നറിഞ്ഞു ഞാൻ. വീട്ടിലുള്ള സാധനസാമഗ്രികളെല്ലാം ഒരു സംഘം സായുധരായ ഗുണ്ടകൾ തച്ചുടയ്ക്കുന്നതു കണ്ട് മരവിച്ചു നിന്ന പതിനെട്ടുകാരൻ പെട്ടെന്നാണതു കണ്ടത്, തന്‍റെ അമ്മയും കുഞ്ഞുപെങ്ങളും താനും അഭയം പ്രാപിച്ചിരിക്കുന്ന കിടക്കമുറി ലാക്കാക്കി ഒരു ഗുണ്ട ബോംബെറിയാനായുന്നു..! 
"ഞാൻ നിങ്ങളെ എങ്ങനെ രക്ഷിക്കുന്നമ്മേ"
അന്തരാളത്തിൽ നിന്നുതിർന്ന നിലവിളിയുടെ മീതെ മുറിയിലിരുന്ന സ്റ്റീൽ അലമാര സകലശക്തിയുമെടുത്തവൻ വലിച്ചു തങ്ങളുടെ മുമ്പിൽ പരിചയായി...മറയായി മാറ്റി..!
കിറുകൃത്യം...ആ സ്റ്റീൽ അലമാരയ്ക്കപ്പുറം നാടൻബോംബൊന്നു പൊട്ടിത്തെറിച്ചു! ആ പതിനെട്ടുകാരന്‍റെ കയ്യിൽ കിടന്ന് ആ അമ്മയും മകളും ഭയന്നു വിറച്ചു... !
പിന്നെന്താണു സംഭവിച്ചതെന്ന് പറയാനാവാതെ എന്‍റെ മുമ്പിൽ നിന്നു വിങ്ങിയ  ആ പതിനെട്ടുകാരന്‍റെ ഭീതിദമായ മുഖം ...ചോര വാർന്നു പോയ മുഖം...മറക്കുന്നതെങ്ങനെ ഞാൻ?

സുദിനം പത്രാധിപർ ഇതെഴുതാൻ പോയിട്ടാണ് അദ്ദേഹത്തിനു നേരെ വധശ്രമമുണ്ടായത്.അതറിയാമായിരുന്ന ദീപികയിലെ നോൺജേർണലിസ്റ്റ് സ്റ്റാഫായ തൃശൂരുകാരൻ ജോജു അന്ന് എന്നോടു ചോദിച്ചു...
"ന്‍റെ കൊച്ചേ , ജീവിക്കണ്ടേ "
എനിക്കു മറുപടിയൊന്നേ ഉണ്ടായുള്ളു. 
"ജോജു, ജിഹ്വയില്ലാത്തവന്‍റെ ജിഹ്വയാകാനാണു ഞാൻ വന്നത്, ഞാനെഴുതും അവരെ പറ്റി...എനിക്കെന്താന്നു വച്ചാ പറ്റിക്കോട്ടെ ..."
ആവേശവും ആദർശവും മഷിയാക്കി ഞാനെഴുതിയ ആ ഫീച്ചർ പക്ഷേ, പുറംലോകം കണ്ടില്ല. പ്രസിദ്ധീകരിക്കാത്തതിനു കാരണം തേടി ഞാൻ എംഡിയായിരുന്ന ഡോ.പി.കെ.എബ്രഹാമിന്‍റെ അടുത്തെത്തി. അദ്ദേഹം  കറങ്ങുന്ന കസേരയിൽ ചാരിക്കിടന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു:
"പത്രത്തിന്‍റെ പോളിസിക്കു നിരക്കുന്നതല്ല ഇയാളെഴുതിയ ആ ഫീച്ചർ ...അതാണ് വരാത്തത്"


അപ്പോൾ ഞാൻ പെട്ടെന്നോർത്തത് ജോജുവിനെയാണ്, സ്വന്തം ജീവനല്ലേ വലുതെന്ന് എന്നെയോർമിപ്പിച്ച ജോജു. പിന്നെ ആ കുടുംബത്തെ ... ആ മോനെ ...അവരെല്ലാം നിമിഷാർധത്തിനുള്ളിൽ എന്‍റെ മനക്കണ്ണിലെ തിരശീലയിൽ മിന്നി മറഞ്ഞു. നുരപൊന്തിയ ധാർമികരോഷം കടിച്ചൊതുക്കി ഞാൻ തിരിച്ചിറങ്ങി. 


അന്ന് എന്നെ ഉപദേശിച്ച തൃശൂരുകാരൻ ജോജു ഇന്നില്ല. വർഷങ്ങൾക്കു മുമ്പ് മാഗസിൻ ജേർണലിസവും ശിശുപരിപാലനവുമൊക്കെയായി ഞാൻ കഴിയുമ്പോൾ ഒരു ദിവസം രാവിലെ ദീപിക പത്രത്തിലൊരു വാർത്ത കണ്ടു;
വീടിനടുത്തുള്ള തൃശൂർ ദീപികയലെ ഓഫീസിലേക്ക് രാവിലെ ജോലിക്കായിപതിവു പോലെ നടന്നു വന്ന ജോജു ജോസഫ് എന്ന സ്റ്റാഫ് ഓട്ടോറിക്ഷ തട്ടി മരിച്ചു. മൂന്നു പെൺമക്കൾ ഉണ്ട് അദ്ദേഹത്തിന് .അന്തരാളത്തിൽ നിന്നൊരു കത്തലുയർന്നു ...ഇന്നും അതൊരു കെടാത്തിരിയായി എന്നെ  പൊള്ളിക്കുന്നു. പ്രിയ ജോജു...ആരറിയുന്നു വിധിയുടെ വിളയാട്ടങ്ങൾ ...?

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image