ആരാണ് ആ  നേതാവ് ?


തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ എങ്ങനെ വീണ്ടെടുക്കാന്‍ ആവും ?ആരാവും ആ നേതാവ്?


പി എസ് ജോസഫ്‌

 

 

 കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ നടത്തുന്ന ഗംഭീരമായ ശ്രമത്തില്‍ അവര്‍ ഇന്നല്ലെങ്കില്‍ നാളെ വിജയിക്കും..അത്രമാത്രം ശകതമായ ഒരു “കോണ്‍ഗ്രസ്‌ സംസ്കാരം ‘ രൂഡമൂലമാണ് ഇന്ത്യയില്‍ .പാര്‍ട്ടി വിട്ടു വീണ്ടും പത്തും ഇരുപതും കോടി മുടക്കി മത്സരിച്ചു വിജയിച്ചു കേറണമെങ്കില്‍ വെറുമൊരു ഓപ്പറേഷന്‍  താമര മാത്രം പോരാ .രാഷ്ട്രീയമായ അത്യാര്‍ത്തിയും അതിമോഹവും  നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരോട് പുല്ലു വിലയും ഉള്ളവര്ക്കെ ഇങ്ങനെ ഉളുപ്പില്ലാതെ മറുകണ്ടം ചാടാന്‍ കഴിയൂ അതിനു ആദര്‍ശത്തിന്റെ പരിവേഷം കൂടി കൊടുത്താല്‍ യഥാര്‍ത്ഥ “കോണ്‍ഗ്രസ്‌” ആയി .ആ നിലക്ക് പാര്‍ട്ടി വിടുന്നവരെ ഓര്‍ത്ത്‌ കോണ്‍ഗ്രസ്‌ ദുഖിക്കേണ്ട  കാര്യമില്ല .എപ്പോഴും ഉപയോഗപ്പെടുത്താവുന്ന ട്രോജന്‍  കുതിരകളാണ്‌ ഈ താരങ്ങള്‍ എക്കാലവും .അവസരവാദത്തിന്റെ സുവര്‍ണ കഥകള്‍ എഴുതി ചേര്‍ക്കുന്ന കര്‍ണാടകത്തില്‍  ആയാറാം ഗയാറാമുകളുടെ  ചരിത്രത്തില്‍  ഒരു മിന്നുന്ന ഏടായി അവശേഷിക്കും ഈ പുതിയകാല കഥകള്‍ .രാഹുല്‍ ഗാന്ധിസ്ഥാനം ഒഴിഞ്ഞതിന്റെ ദുഖത്തില്‍ അല്ല അധികാര്മോഹത്തിന്റെ കൊടുമുടിയില്‍ ആണ് ഇന്നും സ്വത്തും പദവിയുമുള്ള കോണ്‍ഗ്രസുകാര്‍ പോലും എന്ന തിരിച്ചറിവ് ഇപ്പോഴെങ്കിലും രാഹുലിന് ഉണ്ടായിക്കാണും .ആ സംസ്കാരത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാനുള്ള ഒരു എളിയ തുടക്കമാണ് രാഹുലിന്റെ രാജി .പാതിവഴിയില്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു എന്ന് പലരും വിമര്‍ശിക്കുന്നു എങ്കിലും അദ്ദേഹം രാജിവെയ്ക്കാതെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്നെകില്‍ അടുത്ത തെരഞ്ഞെടുപ്പിലും ഇത് തന്നെയാകാം സ്ഥിതി .സമ്പൂര്‍ണ്ണമായ ഒരു  ഉടച്ചു വാര്‍ക്കല്‍ കൊണ്ടെ പാര്‍ട്ടി രക്ഷപ്പെടു.

 

 ഗാന്ധി എന്ന വാല്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ അനായാസമായി ജയിക്കാന്‍ ആകും എന്ന മിഥ്യാധാരണയാണ് ഈ തെരഞ്ഞെടുപ്പു തകര്‍ത്തത് .കോണ്‍ഗ്രസിന്‌ പകരം മറ്റൊരു ബദല്‍ ഉണ്ടെന്നും ജനം വിധിയെഴുതി .മൂന്നാമതായി കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ആര്‍ക്കും  ഒരു വേവലാതിയുമില്ല.തങ്ങളുടെ കക്ഷിയുടെ പേരില്‍ കോണ്‍ഗ്രസ്‌ എന്ന് ചേര്‍ത്തിട്ടുള്ള ക്ലോണുകള്‍ തങ്ങളാണ് യഥാര്‍ത്ഥകോണ്‍ഗ്രസ്‌ എന്ന് കരുതി തുടങ്ങിയിരിക്കുന്നു.ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ എന്ത് ചെയ്യണം ?

 

  അധികാരം ,പണം സാങ്കേതിക ശക്തി ,വിജയങ്ങളുടെ പിന്‍ബലം ,സംഘടനയുടെ കരുത്തുറ്റ അടിത്തറ ,വിജയം കണ്ടെത്തിയ നേത്രുത്വം ,രാഷ്ട്രീയ സാഹസികത ,എല്ലാ സ്ഥാപ്നങ്ങളുടെയും   വിധേയത്വം  ,വന്‍ കമ്പനികളുടെ പിന്തുണ എന്നിങ്ങനെ എല്ലാ വിധത്തിലും ഉയരങ്ങളില്‍ നില്‍ക്കുന്ന ബി ജെ പിയോട് പോരാടാന്‍ ഒരു രാഹുല്‍ ഗാന്ധി പോരാ എന്ന് ഈ തെരഞ്ഞെടുപ്പു വ്യക്തമാക്കി .പ്രിയങ്കാ ഗാന്ധിയെ കൂടി ഇറക്കി പ്രിയങ്കയെ വിളിക്കൂ എന്ന ആ മുറവിളി കൂടി ഇല്ലാതാക്കാന്‍ ഈ തെരഞ്ഞെടുപ്പിന് കഴിഞ്ഞു എന്നത് ശുഭോദര്‍ക്കമാണ്.ബി ജെ പി  എന്താണോ  അതല്ല കോണ്‍ഗ്രസ്‌ എന്നതാണ് ഇപ്പോഴത്തെ നില .

 അടുത്ത വട്ടം തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ആദ്യമായി മറ്റൊരു യുദ്ധം കൂടി കോണ്‍ഗ്രസ്‌ ജയിക്കേണ്ടതുണ്ട് പേപ്പര്‍ ബാലറ്റിലേക്ക് ഒരു മടക്കമാണ് അത്.കോടതിയോ എലെക്ഷന്‍ കമ്മിഷനോ ബി ജെ പി സര്‍ക്കാരോ അത് അനുവദിക്കാന്‍ ഇടയില്ലാത്ത സാഹചര്യത്തില്‍ രാജ്യവ്യാപകമായ ഒരു പ്രക്ഷോഭം കൊണ്ടെ ഇതില്‍ ഒരു മാറ്റം വരൂ.വോട്ടിംഗ് മെഷീന്‍ കുറ്റമറ്റതാകാം,പക്ഷെ ഒരു അവിശ്വാസം  നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടലാസിലേക്ക് മടങ്ങിയില്ലെങ്കില്‍ ആ പഴി എക്കാലവും നിലനില്‍ക്കും.


ഇന്ന് കോണ്‍ഗ്രസ്‌ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പാര്‍ട്ടിയില്‍ ഏറെ സമ്മതനായ ഒരു നേതാവിനെ പ്രസിഡന്റ്‌ ആയി കണ്ടെത്തുകയാണ് .ജനങ്ങളെ  സ്വാധീനിക്കുന്ന ഒരു നേതാവ്  കൂടിയാകണം അയാള്‍/അവള്‍  .അതും പോരാ സഖ്യ കക്ഷി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിയുന്ന ആള്‍ ആകണം അത് .മോദിക്കു പറ്റിയ പ്രതിയോഗി ആകണം അത് .ആരായിരിക്കും   അത്ര യോഗ്യതയുള്ള ആള്‍ ?ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ അല്ലെങ്കില്‍ കുടുബത്തിലുള്ള ആളുകള്‍ക്ക് ഇത്തരം ഒരാളെ പിടിക്കണമെന്നുമില്ല.അധികാരം  കൈവിട്ടാലും വേണ്ടില്ല ,പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്ന രാഹുലിന്റെ നിലപാട് കുടുബത്തിന്റെ നിലപാട് ആയി കാണാം .പക്ഷെ ഇന്നും സോണിയ ആണ് കോണ്‍ഗ്രസ്‌  പാര്‍ലമെന്ററി  പാര്‍ട്ടി നേതാവ്  .ഇനിയും അധികാരം ഗാന്ധി കുടുബത്തില്‍ നിന്ന് ചോര്‍ന്നു പോകാന്‍ ഇടയില്ല. ഒരു പക്ഷെ പ്രിയങ്കയുടെ ചുമലില്‍ ഈ ഭാരം എത്തി കൂടെന്നുമില്ല പക്ഷെ... .

 

 ഈ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ പരാജയത്തിനു കാരണമായവരെ  അധികാരത്തില്‍  നിന്ന് പുറത്താക്കുകയാണ് പാര്‍ട്ടിയുടെ പ്രധാന ദൌത്യം.പക്ഷെ അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ്‌ അല്ല വല്ലാതെ ശോഷിച്ച ഇന്നത്തെ പാര്‍ട്ടി.പവാറിന്റെ എന്‍ സി പിക്ക് സാധിക്കാത്തത് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനും ജഗന്റെ വൈ എസ് ആര്‍ കോണ്‍ഗ്രസിനും കഴിഞ്ഞു .അമിത് ഷാക്കും മുന്‍പേ ഇന്ത്യയെ കോണ്‍ഗ്രെസ്സ്മുക്തമാക്കാന്‍ ശ്രമിച്ചവരാണ്  അവര്‍. കര്‍ണാടകയില്‍ വിജയിച്ച ശേഷം മധ്യപ്രദേശിലും രാജസ്ഥാനിലും ഓപ്പറഷന്‍  താമര തുടങ്ങാന്‍ കാത്തിരിക്കുകയാണ് ബി ജെ പി .അവിടെ ഞാണില്‍ തൂങ്ങുന്ന ഭരണം വീഴ്ത്താന്‍ വലിയ രാഷ്ട്രീയ കൂര്‍മബുദ്ധി  ഒന്നും  വേണ്ട..കോണ്‍ഗ്രസ്‌ അണികളുടെ  മനസ്സിലെ ഇളം കാവി യഥാര്‍ത്ഥ  കാവിയാകാന്‍ അധിക നേരം വേണ്ട.അത് കൊണ്ടു ആ സാഹസം ഇപ്പോള്‍ ഉപേക്ഷിക്കുകയാകും ഭംഗി .

 

  ശക്തനായ നേതാവ് മാത്രമല്ല കൌശലക്കാരനായ നേതാവ് കൂടിയാണ് കോണ്‍ഗ്രസിന്‌ ആവശ്യം .അഴിമതിക്കെതിരെയുള്ള യുദ്ധത്തില്‍ ആണ് ജഗന് കോണ്‍ഗ്രസില്‍ സ്ഥാനം പോയത് ,നിരവധി കേസുകളില്‍ പെട്ടിട്ടും അയാള്‍ക്ക്‌ പിന്നിലാണ് അണികള്‍ എന്നറിയാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന് കഴിഞ്ഞില്ല .ചന്ദ്രശേഖര്‍ രോവിന്റെ വാക്കുകളില്‍ വിശ്വസിച്ചു ആന്ധ്ര തന്നെ നഷ്ട്ടപെടുത്തിയ പാരമ്പര്യമാണ്   കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ളത് .ഒരവസരത്തില്‍ അഴിമതിയുടെ പേരില്‍ ഡി എം കെ യെ കയ്യൊഴിയാന്‍ കോണ്‍ഗ്രസ്‌ ആലോചിച്ചതാണ് .പവാറിനെ തിരിച്ചു കൊണ്ടുവരാനും ആന്റണിയെ അനുനയിപ്പിക്കാനും ശ്രമിച്ച ഇന്ദിരയുടെ കുശാഗ്രബുദ്ധി ഇപ്പോഴത്തെ നേതൃത്വത്തിനില്ല.എന്ത് കൊണ്ടാണ് അഖിലെഷും മായാവതിയും ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തിയത്?കോണ്‍ഗ്രസിന്റെ തുരുപ്പു ശീട്ടാകേണ്ടിയിരുന്ന പ്രിയങ്കയുടെ മേല്‍ എന്ത് കൊണ്ടാണ് വലിയൊരു പരാജയം അടിച്ചെല്പ്പിച്ച്ത് ?പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു  എന്നതും ഇവിടെ ഒരു ചോദ്യമാകുന്നു . അവര്‍ പരാജയപ്പെടുമായിരിക്കാമെന്നു ഇന്ന് നമുക്ക് പറയാന്‍ ആവും പക്ഷെ അത്  നല്‍കുന്ന സന്ദേശം വലുതായിരുന്നു


  കുടുംബ വാഴ്ച എന്ന്  അപഹസിപ്പിക്കപ്പെട്ടാലും ഗാന്ധി കുടുംബം ഇന്നും ജനമനസ്സില്‍ നിലകൊള്ളുന്നത് ചില മൂല്യങ്ങളുടെ പേരിലാണ് .മതേതരത്വം ,ശാസ്ത്രീയ ബോധം സാഹോദര്യം സമത്വം തുടങ്ങിയ ഭരണഘടനയുടെ അന്തസത്ത  ഉള്‍ക്കൊള്ളുന്ന ആ മൂല്യങ്ങള്‍ ആണ് കോണ്‍ഗ്രസിന്റെ പ്രത്യയ ശാസ്ത്രം .പാവങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രവും എല്ലാവര്ക്കും സമമായ അവസരവും വാഗധാനം ചെയ്യുന്ന ഒരു ഭരണഘടന തയ്യാറാക്കാന്‍ നെഹ്‌റു ഭരണഘടനാ അസംബ്ലിയില്‍ ആഹ്വാനം ചെയ്യുന്നു അത് പില്‍ക്കാലത്ത് ഭരണഘടനയുടെ  ആമുഖമായി മാറി .ഗാന്ധിജിയുടെ  കോണ്‍ഗ്രെസ്സിനെക്കാള്‍ എല്ലാവര്ക്കും തുല്യാവസരം വാഗ്ദാനം ചെയ്ത നെഹ്രുവിന്റെ കോണ്‍ഗ്രെസ്സുമായാണ് ഇന്നത്തെ പാര്‍ട്ടിക്ക്  സാദൃശ്യം ആ മൂല്യങ്ങള്‍ മെല്ലെ നഷ്ടപ്പെട്ടു തുടങ്ങിയെങ്കിലും കോണ്‍ഗ്രസിനെ ഇന്നും എന്നും അടയാളപ്പെടുത്തുന്നത് ഏഴു ദശകം നീണ്ട സ്വാതന്ത്ര ഇന്ത്യയുടെ മുന്നേറ്റമാണ് .ഇത്തരമൊരു ആദര്‍ശസംഹിതയില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ എന്ത് കൊണ്ടു പണത്തിനും പദവിക്കും വേണ്ടി ആയാറാം ഗയാറാം ആയി മാറുന്നു ?

 

 പ്രാഥമികമായി കോണ്‍ഗ്രസ്‌ രാഷ്ട്രീയം അധികാരത്തിനു വേണ്ടിയുള്ള ഒരു പ്രസ്ഥാനമായി മാറി .നേതൃത്വം താഴെ തട്ടില്‍ നിന്നുണ്ടായില്ല . നോമിനേഷന്‍ വഴിയും  അഡ്ജസ്റ്റ്മെന്റ്  വഴിയും  മക്കളെയും ബന്ധുക്കളെയും അവര്‍ തള്ളിക്കയറ്റി.അവര്‍ക്ക് ജനസ്വീകാര്യത ഉണ്ടായിരുന്നില്ല .ജനാധിപത്യനടപടികള്‍ പാഴാക്കി നേതാക്കളുടെ സ്വന്തം ബന്ധുക്കള്‍ അധികാരം കയ്യടക്കി .അവര്‍ക്ക് കോണ്‍ഗ്രസ്‌  പോലെ തന്നെയേ ഉള്ളു ബി ജെ പിയും .

 

 രണ്ടാമതായി ബി ജെ പി യുടെ മതപരമായ സമീപനങ്ങളെ അനുകരിച്ചു കോണ്‍ഗ്രീസുകാരും അമ്പലങ്ങളിലും പള്ളികളിലും തമ്പടിച്ചു .കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ രാഹുല്‍ ആണെങ്കിലും അത് ശബരി രിമലവിഷയത്തില്‍ തങ്ങള്‍ സ്വീകരിച്ച  നിലപാടാണെന്ന് അവര്‍ കരുതുന്നു ഇങ്ങനെ അന്ധമായ മത നിലപാടുകള്‍ കൊടികളുടെ നിറം ഒരേ പോലെയാക്കും.ഇതിനു ബദലായി ചെറുപ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന പുതിയ കാല നേതൃത്വത്തെ കോണ്‍ഗ്രസ്‌ രൂപപ്പെടുത്തണം അവര്‍ക്ക് ഉയര്‍ന്നു വരാന്‍ അവസരമൊരുക്കണം. പക്ഷെ ഇന്ന് ദേശീയ തലത്തില്‍ കോണ്‍ഗ്രസോ ബിജെ പിയോ തമ്മില്‍ വ്യത്യാസം വളരെ കുറഞ്ഞിരിക്കുന്നു. ആ നിലക്ക് പഴയ മൂല്യങ്ങളിലേക്കു പാര്‍ട്ടി തിരിച്ചു പോകണം മന്ദിറും മസ്ജിദും വിഭജിച്ച ദേശീയ രാഷ്ട്രീയ ഭൂമികയില്‍ ഒരു എകീകരണ ശക്തിയായി ഇന്നും കോണ്‍ഗ്രസിന്‌ വലിയ പ്രസക്തിയുണ്ട്.

 

 

നേതൃ ദാരിദ്ര്യം മാത്രമല്ല ധന ദാരിദ്ര്യവും കോണ്‍ഗ്രസ്‌ അഭിമുഖീകരിക്കാന്‍ പോകുകയാണ് .എലെക്ടറല്‍ ബോണ്ട്‌ വഴി നടത്തുന്ന സംഭാവനകളുടെ സ്രോതസ്  കേന്ദ്രത്തിനു തിരിച്ചറിയാന്‍ ആവും കോണ്‍ഗ്രെസിനു സംഭാവന ചെയ്യുന്നവരെ സര്‍ക്കാരിന് 

നിരുല്സാഹപ്പെടുത്താനാവും .മാത്രമല്ല ഭരണകക്ഷിയുടെ പണലഭ്യത നാള്‍ക്കു നാള്‍ വര്‍ദ്ധിക്കും .വോട്ടര്‍മാര്‍  കൂടി 

പണത്തിനു ആര്‍ത്തി  പിടിച്ചു തുടങ്ങിയതോടെ തെരഞ്ഞെടുപ് വിജയം അനായാസം അല്ലാതായിരിക്കുന്നു . ഈ തെരഞ്ഞെടുപ്പില്‍ അറുപതിനായിരം കോടി പാര്‍ട്ടികള്‍ മാത്രം ചെലവഴിച്ചു എന്നാണു കണക്കു .അതിനര്‍ത്ഥം ഒരു നിയോജകമണ്ഡലത്തില്‍ നൂറിലേറെ കോടികള്‍ തെരഞ്ഞെടുപ്പിന് വിനിയോഗിച്ചു .ഇതിനു പുറമെയാണ്  കമ്മിഷന്റെ ചെലവുകള്‍ .വോട്ടിംഗ് യന്ത്രത്തിന്  മാത്രം അയ്യായിരത്തില്‍ ഏറെകോടികള്‍ ചെലവായിരിക്കുന്നു.


 

പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കാനുള്ള ഒരു അവസരമാണ് രാഹുല്‍ തന്റെ രാജിയിലൂടെ നല്കിയിരിക്കുന്നത്      ജനപ്രിയനായ നേതാവായി രാഹുല്‍ ഉയര്ന്നുവെങ്കിലും മടിച്ചു മടിച്ചു മടിച്ചായിരുന്നു അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ മാന്യനായ നേതാവാണെങ്കിലും  കരുത്തുറ്റ  പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തില്ല .വരാനിരിക്കുന്ന നാളുകള്‍ പ്രക്ഷുബ്ദമായിരിക്കും. ഈ സാഹചര്യത്തില്‍ മഹുയ മോയ്ട്രയെപൊലെ കനയ്യ കുമാറിനെ പോലെ ജനങ്ങളെ വശീകരിക്കുന്ന    നേതാക്കളാണ്‌  പാര്‍ട്ടിക്ക് ippol

വേണ്ടത്.ജനപക്ഷത്തു നില്‍ക്കുന്ന ,ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ്മാത്രം പോരാ ശക്തമായ നീകങ്ങളിലൂടെ  പാര്‍ലമെന്ടിലും തെരുവുകളിലും പ്രക്ഷോഭം നയിക്കാന്‍ കഴിയുന്ന ഒരു മുഴുവന്‍ സമയ നേതാവാണ്‌ ഇനി ഉണ്ടാകേണ്ടത് .അണികളെ ഉദ്ദീപിപ്പിക്കുന്ന നേതാവ്.മാധ്യമങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ്  കൂടിയാകണം ആ ആള്‍ . അത് ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ ആയാലും തെറ്റില്ല കുടുബത്തില്‍ നിന്നാണെങ്കിലും പ്രിയങ്ക ശക്തമായ ഒരു സാധ്യതയാണ് .അല്ലെങ്കില്‍ ശക്തന്നായ ഒരു നേതാവിനെ ഒരിക്കല്‍ രാജേന്ദ്ര

കുമാര്‍ ചമ്പാരന്‍ സമരത്തിനു വേണ്ടി ഗാന്ധിജിയെ കണ്ടെത്തിയത് പോലെ ,പാര്‍ട്ടിക്ക് കണ്ടെത്തി കൂടെ?

 

രണ്ടു പൊതു തെരഞ്ഞെടുപ്പുകളിലും അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്നും കോണ്‍ഗ്രസിനെ എഴുതി തള്ളാന്‍ ആവില്ല.തകര്ന്നടിഞ്ഞുവെങ്കിലും അതൊരു ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ത്തെഴുനെറ്റ്  കൂടെന്നുമില്ല ഇന്നും 52 സീറ്റുകള്‍ അവര്‍ക്കുണ്ട് ഒട്സടേറെ ഖ്യ കക്ഷികളും ഇന്നും  അവര്‍ക്കൊപ്പമുണ്ട് .അധികാരത്തില്‍ ഇല്ലെങ്കിലും ഇതൊരു വലിയ സാധ്യതയാണ് വൈകാരികമായി ദേശീയതയും മതവും വിഷയമായ ഒരു തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടിരിക്കാം.പക്ഷെ ഇപ്പോഴേ ബൂത്ത്‌ തലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ പാര്‍ട്ടിക്കു വേരുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും അവര്‍ക്ക് വീണ്ടും ചുവടു ഉറപ്പിക്കാം   കാരണം നിയതമായ രൂപമില്ലാത്ത ഒരു കക്ഷിയാണത്.. ജനവികാരമാണ് പലപ്പോഴും കോണ്‍ഗ്രസിനെ നയിക്കുന്നത്.അതിനു ജീവന്‍ നല്‍കാന്‍ ഒരു മുഖം വേണമെന്നു  മാത്രം  

 

  പക്ഷെ അവസാനം എതെങ്കിലും നെഹ്‌റു -ഗാന്ധി ഭക്തനായ ഒരു വൃദ്ധസിംഹം ആകുമോ ആ സ്ഥാനത്തു  എത്തുക.എങ്കില്‍ കഥ കഴിഞ്ഞു ...

  ..   

 

 . .

  .    

 

 

 .

       

 

 

 

 

 

 .

  

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image