കവിത
വന്‍കരകള്‍ 
 
കെ വി സുമിത്ര 
അനോന്യം അപരിചിതമായ, 
പേരറിയാത്തൊരു 
വൻകരയുടെ, 
ഇരു വഴികളിലായി 
കഴിഞ്ഞൂ നാം..

ഇനി,
നീയെന്നെയും 
ഞാൻ നിന്നെയും 
പേരില്ലാതെ 
വിളിക്കാം.. 

കറുപ്പുകളെ 
കളവെന്നും 
വെളുപ്പുകളെ
സ്വപ്നമെന്നും 
പതറാതെ പറയാം.. 

നീലിച്ച ആകാശത്ത് 
പൂത്ത നിലാവുകളെ 
നോക്കി മറ്റൊരു 
ഭൂഖണ്ഡമെന്നോതാം.. 

അറിയാതെയിരിക്കും  
കാത്തിരിപ്പുരാവുകളെ 
അനശ്വരമായൊരു 
നുണയായി കരുതാം

വഴിയിൽ നനഞ്ഞൊട്ടി 
വിറച്ച കാലങ്ങളെ 
പുതുക്കി പണിതൊരു 
നഗരത്തിലേക്ക് 
പറയാതെയയക്കാം.. 

നെഞ്ചിലെ വീർപ്പുമുട്ടലുകളെ 
ചിലതരം മഴച്ചാറ്റൽ 
കാരണമെന്നും 
പറയാം.. 

പറയാം, 
ഒരുപാട് കള്ളങ്ങളാലൂട്ടിയ
കൈകളുടെ നെറികേടുകളെ 
കുറിച്ച്, 
നനച്ചു തിരുമ്മിയ 
വിഴുപ്പുകളെ 
കുറിച്ച്..

പറയാതിരുന്നിട്ടും 
അറിയാതിരുന്നിട്ടും 
വെറുപ്പ്‌ കൊണ്ട് 
മൂടിയ ചിതയിൽ 
നിന്നുയരുന്ന 
പുകചുഴിയിൽ 
തെളിയുന്ന  
നമ്മുടെ
ഇന്നലെകളെ കുറിച്ച്.. 

മൗനം 
പടികടന്നകലുമ്പോഴേക്കും
മരിച്ചിട്ടും മരിക്കാത്ത 
നമ്മുടെ ശൂന്യതയ്ക്ക് 
ഇനിയെന്ത് 
പേര് നൽകി വിളിക്കാം? 

തിരിച്ചു വരാത്ത നമ്മുടെ 
കരയുടെയറ്റത്ത് 
ജീവനിൽ 
പിടിമുറുക്കിയിരിക്കുന്ന
രണ്ട് കടൽക്കാകകൾ
കാണാം
തുരുമ്പെടുത്ത ഓർമകളുടെ 
പെയ്ത്തുകാലത്തെ 
മറ്റൊരോർമ കാലമായി 
വായിക്കാം..

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image