കസ്റ്റഡി കൊലപാതകങ്ങള്‍ :

സന്ദീപ്‌ വെള്ളാരങ്കുന്ന്

കക്കയം ക്യാമ്പിലെ രാജന്‍ മുതല്‍ നെടുങ്കണ്ടത്തെ രാജ്കുമാര്‍ വരെ. കേരളത്തിലെ പോലീസ് കസ്റ്റഡി മരണങ്ങളുടെ പേരിലുള്ള തീരാ കളങ്കത്തിലേക്ക് ഒരു പേരു കൂടി ഇടുക്കിയില്‍ നിന്ന് എഴുതി ചേര്‍ക്കപ്പെട്ടിരിക്കുന്നു. കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലാണ് പോലീസുകാര്‍ ഒരു സാമ്പത്തിക തട്ടിപ്പു കേസ് പ്രതിയെ നാലു ദിവസത്തോളം അനധികൃത തടങ്കലില്‍ വച്ചു പീഡിപ്പിച്ചത്. 


നെടുങ്കണ്ടത്തിനടുത്ത് തൂക്കുപാലത്ത് ഹരിത ഫൈനാന്‍സിയേഴ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്ന രാജ്കുമാര്‍ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു പണം തട്ടിയതിന്റേ പേരില്‍ 34 സ്വയം സഹായ സംഘങ്ങള്‍ നല്‍കിയ പരാതിയിലാണ് നെടുങ്കണ്ടം പോലീസ് രാജ്കുമാറിനെയും ജീവനക്കാരായ ശാലിനിയെയും മഞ്ജുവിനെയും ജൂണ്‍ 12-ന് കസ്റ്റഡിയിലെടുക്കുന്നത്. 13-ന് തന്നെ രണ്ടു സ്ത്രീകളെയും കോടതിയില്‍ ഹാജരാക്കിയ പോലീസ് രാജ്കുമാറിനെ ജൂണ്‍ 15 വരെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനകം അറസ്റ്റു രേഖപ്പെടുത്തണമെന്ന നിയമം കാറ്റില്‍പ്പറത്തിയായിരുന്നു ഇത്. തുടര്‍ന്നു ജൂണ്‍ 16-ന് അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ രാത്രി 1.20 ന് പീരുമേട് ജയിലിലെത്തിച്ചു. ജയിലില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ കാട്ടിയ രാജ് കുമാറിന് പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ച് ചികിത്സ നല്‍കിയെന്നാണ് ജയില്‍ അധികൃതരുടെ വാദം. എന്നാല്‍ ജൂണ്‍ 21-ന് ജയിലില്‍ അവശനിലയിലായ രാജ് കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും വൈകാതെ മരിക്കുകയുമായിരുന്നു. 


ബന്ധുക്കളുടെ പരാതിയും മാധ്യമങ്ങളുടെ നിരന്തര ഇടപെടലുമാണ് രാജ്കുമാറിന്റെ മരണം കസ്റ്റഡി കൊലപാതകമാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. തുടക്കത്തില്‍ ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന നിലപാടില്‍ ഉറച്ചു നിന്ന പോലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാജ്കുമാറിന്റെ ശരീരത്ത് 22 ചതവുകള്‍ കണ്ടെത്തിയതും വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊടുങ്കാറ്റായ ഉയര്‍ത്തുകയും ചെയ്തതോടെ പ്രതിരോധത്തിലായി. തുടക്കത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തും സ്ഥലം മാറ്റിയും മുഖം രക്ഷിക്കാന്‍ തുടങ്ങിയ തുടര്‍ന്നു സര്‍ക്കാര്‍ പ്രതിഷേധം കനത്തതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്‍ മുന്‍ എസ്‌ഐയായ കെ എ സാബുവും സിവില്‍ പോലീസ് ഓഫീസറായ സജീവ് ആന്റണിയും അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റ് വരും നാളുകളില്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതിനിടെ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം രാജ് കുമാര്‍ കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അന്വേഷണം മുന്നോട്ടു പോകുമ്പോഴും എന്തിനാണ് ഇത്രയധികം ദിവസം രാജ്കുമാറിനെ അനധികൃതമായി പോലീസ് കസ്റ്റഡിയില്‍ വച്ചതെന്നു കണ്ടെത്താന്‍ ഇതുവരെ ക്രൈംബ്രാഞ്ച് സംഘത്തിനു കഴിഞ്ഞിട്ടില്ലായെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇടുക്കി എസ്പിയായിരുന്ന കെബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞാണ് രാജുമാറിനെ നാലുദിവസം കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നും രാജ് കുമാറിന്റെ പക്കലുള്ള പണംകണ്ടെത്താന്‍ ഇടുക്കി എസ്പി നിര്‍ദേശിച്ചിരുന്നുവെന്ന് പിടിയിലായ പോലീസുകാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തടി കേടാകാതെ രക്ഷപെട്ടുവെന്നും താഴേത്തട്ടിലുള്ള പോലീസുകാരെ ബലിയാടാക്കിയെന്നുമാണ് സേനയ്ക്കുള്ളില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വികാരം.


കണക്കുകള്‍ പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആറ് കസ്റ്റഡി മരണക്കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ പേരിന് നടപടിയെടുത്തുവെന്നല്ലാതെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ഉയരുന്ന പൊതു വികാരം.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image