കഥ പോലെ ജീവിതം.

അഭിമുഖം ജോസഫ്‌ വൈറ്റില /ബാബു ഇരുമല 
 

ഇത് ജോസഫ് വൈറ്റില.വൈറ്റില ഇന്നത്തെ വൈറ്റിലയാകുന്നതിനും അര നൂറ്റാണ്ടു മുൻപ് വൈറ്റിലയെ വൈറലാക്കിയ  80 കഴിഞ്ഞ മലയാളത്തിന്റെ മഹാ കഥാകാരൻ. മെട്രോ തട്ടി വീട് നഷ്ടപ്പെട്ട്, അവശേഷിക്കുന്ന മൂന്നു സെന്റിൽ ഒരു കൊച്ചു വീട് പണിയാൻ ആഗ്രഹിച്ച് സർക്കാർ ഓഫീസുകളുടെ തിണ്ണകൾ കയറിയിറങ്ങുന്ന മനുഷ്യസ്നേഹി. രോഗം തളർത്തുമ്പോഴും, ഉള്ളം വിങ്ങുമ്പോഴും ജനിച്ചിടവും തന്റെ കഥയിടങ്ങളും ഒഴിഞ്ഞു പോകാനില്ലെന്നുറച്ച് വീടിരുന്നതിനോട് ചേർന്ന് അടുത്ത ബന്ധുവീട്ടിൽ  ഭാര്യയ്ക്കും മകനുമൊപ്പം  പ്രതീക്ഷയോടെ ജീവിതം തുടരുന്നു പ്രിയപ്പെട്ട ജോസഫ് വൈറ്റില.

 

?ചെറുപ്പകാലത്തെ ഓർത്തെടുക്കുമോ. 

 

    എനിക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല. പോഞ്ഞിക്കരയിൽ അമ്മാവന്റെ വീട്ടിൽ നിന്നായിരുന്നു പ്രൈമറി സ്കൂൾ പഠനം. പൊന്നുരുന്നി, സെന്റ്‌ ആൽബർട്ട്സ് സ്കൂളുകളിലായിരുന്നു തുടർപഠനം. 10 ൽ ആദ്യം തോറ്റു. കണക്കിന് മൂന്നു മാർക്കിന്റെ കുറവ്. അടുത്ത വർഷം ഫുൾ കോഴ്സ് എഴുതി പത്ത് കടന്നു.  സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഡിഗ്രിക്കാരനാകാനായിരുന്നു ആഗ്രഹം. അതിലും  ആവശ്യം ഒരു ജോലിക്കാരനാകുക, കുടുംബം പുലർത്തുക  എന്നതായിരുന്നു. 

 

?ചാലക്കുടി പോളിയിൽ എത്തപ്പെട്ടു.

 

     അതെ. മൂന്നു വർഷം വെറുതെ ഇരുന്നിട്ടാണ് ചാലക്കുടി  ഗവ.പോളിടെക്നിക്ക് കോളേജിൽ ഐ.ടി.ഐ.ഇന്റർവ്യൂവിന് പോകുന്നത്. 'സാമാന്യം നല്ല മാർക്കുണ്ടല്ലൊ. പിന്നെന്തിന ഐ.ടി.ഐ.യ്ക്ക് ചേരുന്നത്? ' എന്നായിരുന്നു  ഇന്റർവ്യു ബോർഡിൽ നിന്നു വന്ന ചോദ്യം. എന്നെ എടുക്കാതിരിക്കാനാണോ ആ ചോദ്യമെന്ന് തോന്നിയതിനാൽ ഞാൻ പറഞ്ഞു. 'ഡിഗ്രി പഠിച്ചതുകൊണ്ട് എനിക്ക് പ്രത്യേകിച്ച്  പ്രയോജനമൊന്നുമില്ല. സാങ്കേതികമായ കോഴ്സ് പഠിച്ചാൽ ഒരു ജോലിയെന്ന എന്റെ ആഗ്രഹം സാധിച്ചെടുക്കാനായേക്കാം. അങ്ങനെ എന്റെ കുടുംബത്തെ സഹായിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു ', അതായിരുന്നു  എന്റെ മറുപടി. എന്റെ കുടുംബം അംഗ സംഖ്യ കൊണ്ട് വലുതായിരുന്നു. 11 മക്കളിൽ എട്ടാമനായിരുന്നു ഞാൻ. എനിക്കൊരു ജോലി അത്യാവശ്യമാണെന്ന മറുപടി മനസിൽ തറച്ചിട്ടാകണം അവരെനിക്ക് അഡ്മിഷൻ തന്നു.

 

?പഠനം തുടങ്ങിയപ്പോഴെ സർക്കാർ ജോലി ലഭിച്ചു. 

 

    ചാലക്കുടിയിലെ കാമ്പസിൽ പുറത്തു നിന്നുള്ള ആരെയും അന്ന് കയറ്റില്ല. പഠിത്തം തുടങ്ങി അഞ്ചുമാസം കഴിഞ്ഞപ്പോൾ ഒരു രജിസ്ട്രേഡ് ലെറ്ററും കൊണ്ട് വരികയാണ് പോസ്റ്റുമാൻ. 'ആരാണീ എ.പി.ജോസഫ് '. 'ഞാനാണ് എ.പി.ജോസഫ് '.  ഞാൻ പേടിച്ചങ്ങനെ നിൽക്കുകയാണ്. കവറൊക്കെ കൊണ്ടുവരുമ്പോൾ വല്ല പുലിവാലുമായിരിക്കുമോ എന്ന ഭയമായിരുന്നു ഉള്ളിൽ. വാങ്ങി നോക്കിയപ്പോൾ എനിക്ക് പി.എസ്.സി.സെലക്ഷൻ കിട്ടിയിരിക്കുന്നതാണ്. കൂട്ടുകാരെല്ലാം കൂടി എന്നെ പൊക്കി എടുത്ത് ഉയർത്തിയിട്ട്  നിലത്ത് നിറുത്തുന്നില്ല. 'ഞങ്ങള് പഠിക്കണെ ജോലി കിട്ടാൻ, നിനക്ക് ഇപ്പഴേ ജോലി കിട്ടി' എന്നായി അവർ.

 

? ജോലി എങ്ങനെയുണ്ടായിരുന്നു .

 

   പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ടിന്റെ കോതമംഗലത്തെ ഡിവിഷൻ ഓഫീസിലാണ്  ജോലി കിട്ടിയത്. എൽ.ഡി. ക്ലാർക്കായിട്ടായിരുന്നു നിയമനം. രേഖകളുടെ പരിശോധനാനന്തരം എക്സിക്യൂട്ടീവ് എൻജിനീയറുടെ മുന്നിൽ ജോയിൻ ചെയ്യാൻ എത്തി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം  'ഞാൻ കെ.പി.ജോസഫ്ആയത്തു പറമ്പിൽ ഹൗസ്, വൈറ്റില '.  വൈറ്റില എന്നതു കേട്ടതേ അദ്ദേഹം  ചോദിച്ചു . 'ജോസഫ് അറിയുമോ, കഴിഞ്ഞയാഴ്ച്ചത്തെ മാതൃഭൂമി ആഴ്പ്പതിപ്പിൽ ഒരു കഥ വന്നിരുന്നു , അതെഴുതിയ ജോസഫ് വൈറ്റിലയെ  അറിയുമോ? അദ്ദേഹത്തിന്റെ വീടിനു് അടുത്തെങ്ങാനുമാണോ വീട്?'.  എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. 

 

     'സാറേ ആ ആളു തന്നെയാണ് ഈ ആൾ', എൻജിനീയർ പറഞ്ഞു,  'അനിയ ആ കഥ ഞാൻ വായിച്ചു. തിരുവനന്തപുരത്താണ് എന്റെ വീട്. അനിയന്റെ കഥ എന്നെ വല്ലാതെ സ്പർശിച്ചു. എന്റെ ജീവിതമാണ് എഴുതി വച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. ഞാൻ നിങ്ങളെ കണ്ടിട്ടില്ല, നിങ്ങൾ എന്നേം കണ്ടിട്ടില്ല. എന്തിന അനിയ ഈ ജോലിക്ക് കയറുന്നത്. ഐ.ടി.ഐ. പഠനം തുടർന്നു കൂടെ. 80-150 സ്കെയിലും കിട്ടും.'  40-120 ആണ് അന്നത്തെ എൽ. ഡി. ക്ലാർക്കിന്റെ സ്കെയിൽ. 13 ദിവസം മാത്രമാണ് സർക്കാർ ജോലിയിൽ കഴിഞ്ഞത്. എക്സിക്യൂട്ടീവ് എൻജിനീയറുടെ സംസാരവും, ചാലക്കുടിയിലെ പഠനം തുടരുകയെന്ന വീണ്ടുവിചാരവും ആണ്  രാജി വയ്ക്കുവാൻ എന്നെ  പ്രേരിപ്പിച്ചത്.

 

?വീണ്ടും ചാലക്കുടിയിലേയ്ക്കായിരുന്നോ.

 

    തിരിച്ചു ചെന്നപ്പോൾ   ക്ലാസിൽ കയറ്റാൻ എന്നെ അനുവദിച്ചില്ല. റോളിൽ നിന്നു്  നീക്കം ചെയ്തിരുന്നു. ആകെ വിഷമത്തിലായി. എനിക്കവിടെ പഠിക്കാനും പറ്റില്ല, കിട്ടിയ ജോലി ഞാൻ കളയുകയും ചെയ്തു. അദ്ധ്യാപകർ ഇനി ജോസഫ് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. ' തിരിച്ച്  ഇനി വീട്ടിലേയ്ക്ക് ഇല്ല. ' ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു 'എന്റെ പ്രശ്നങ്ങളൊക്കെ ഞാൻ തീർക്കുകയാണ്.  ചാലക്കുടി പുഴയ്ക്ക് എന്നെ സംഭാവന ചെയ്യാൻ പോകുകയാണ് '.  എന്റെ പറച്ചിലിന്റെ രീതി കണ്ടാകണം അവര് ഭയന്നു പോയി. ആത്മഹത്യ ചെയ്യുമായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ എനിക്ക് തിരിച്ചുപോരുവാൻ പറ്റുമായിരുന്നില്ല. 'വേണ്ടാത്തതൊന്നും ചിന്തിക്കണ്ട', എന്നു പറഞ്ഞ് അവർ വീണ്ടും കൂടിയാലോചിച്ചു.  ക്ലാസിൽ കയറാത്ത ദിവസങ്ങൾ 10 ആക്കി  കുറച്ച് എനിക്ക് വീണ്ടും പഠിക്കാനുള്ള അവസരം  ഒരുക്കിത്തന്നു. അങ്ങനെ കോഴ്സ് പൂർത്തിയാക്കാനും നല്ല മാർക്കോടെ പുറത്തു വരാനും എനിക്കായി.

 

?ആദ്യ കഥ വന്നതും ഒരു കഥയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

 

   ആദ്യ കഥ 'ചരമവാർഷികം ' പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ്.  പോളിക്ക്‌ ചേർന്നിട്ട് അഞ്ചു മാസം ആയതേ ഒള്ളു.  വീട്ടിൽ നിന്ന് ചെലവിന്‌ കാര്യമായ രൂപയൊന്നും കിട്ടില്ല.  ഭക്ഷണം അടുത്തുള്ള ചെറിയ ഹോട്ടലിൽ നിന്നായിരുന്നു. കടം കൂടിയപ്പോൾ ഭക്ഷണം തരില്ലെന്നായി ഹോട്ടലുടമ. അന്നു് ഉച്ചയ്‌ക്ക്  വിശന്നു വലഞ്ഞപ്പോൾ മേശയിലിരുന്നു. ഇരു വശവും ഇരുന്നവർക്ക് വിളമ്പിയെങ്കിലും ബെഞ്ചിന്റെ നടുക്കിരുന്ന എനിക്ക് ഇലയിട്ടില്ല. നാണം കെട്ട് ഒന്നും മിണ്ടാതെ തിരിച്ച് നടക്കുമ്പോഴാണ് പോസ്റ്റുമാന്റെ വിളി. മാതൃഭൂമിയിൽ 'ചരമവാർഷികം' പ്രസിദ്ധീകരിക്കുവാൻ പോകുന്നതിന്റെ പ്രതിഫലമായി 20 രൂപയുടെ മണിയോർഡർ ലഭിച്ചതോടെ മുഖവും മനസും തളിർത്തു. നേരെ പോയത് ചായക്കടയിലേക്കായിരുന്നു.12 രൂപ പറ്റു തീർത്ത് അന്തസായി ഊണുകഴിച്ച് പുറത്തിറങ്ങി.  

 

? ചരമവാർഷികം മാതൃഭൂമിയിൽ വരുവാൻ ഇടയായതെങ്ങനെ. 

    

    വായനയും, വായനശാല സന്ദർശനവും ഒക്കെ ചെറുപ്പം മുതലുണ്ടായിരുന്നു. 'ചരമവാർഷികം ' എന്ന കഥ എഴുതിയെങ്കിലും ഞാനെഴുതിയത് കഥയാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. അപ്പൻ തച്ചേത്ത് എന്ന കവി സുഹൃത്ത് ആണ് കഥ മാതൃഭൂമിയ്ക്ക് അയച്ചുകൊടുക്കുവാൻ പറയുന്നത്. അങ്ങനെയാണ് 20 വയസിൽ 1962 ൽ ആദ്യ കഥയ്ക്ക് അച്ചടിമഷി പുരണ്ടത്.

 

     മാതൃഭൂമി വല്ല്യ വാരികയാണെന്നൊന്നും അന്നെനിക്ക്  അറിയില്ലായിരുന്നു. കുറെ ലക്കങ്ങൾക്കുള്ള മാറ്ററുകൾ മുൻകൂട്ടി തെരഞ്ഞെടുത്ത് വയ്ക്കുന്നതായിരുന്നുവത്രെ അന്നത്തെ രീതി.  എന്നാൽ എന്റെ കഥ വായിച്ചതോടെ അടുത്ത ലക്കത്തിൽ കഥ വരുന്നുവെന്ന അറിയിപ്പ് കൊടുക്കുകയും, തുടർന്ന് ഇറങ്ങിയ ലക്കത്തിൽ കഥ പ്രസിദ്ധീകരിക്കുകയുമായിരുന്നു എം.ടി.വാസുദേവൻ നായർ എന്ന എഡിറ്റർ ചെയ്തത്.  അതൊക്കെ പിന്നീടാണ് അറിയുന്നത്. ചരമവാർഷികം ശ്രദ്ധ പിടിച്ചുപറ്റിയ കഥയാണ്.  പല ഭാഷകളിലേയ്ക്കും ആ കഥ വിവർത്തനം ചെയ്യപ്പെടുകയുണ്ടായി.

 

?അപ്പോൾ അടുത്ത കഥ.

 

    ഒന്നാമത്തെ കഥ മാതൃഭൂമിയിൽ വന്നതോടെ ഇവിടെ എറണാകുളത്തുള്ളവരെല്ലാം കൂടി എന്നെ പേടിപ്പിച്ചു. സത്യത്തിൽ എന്റെ എഴുത്തും നിലച്ചുപോയി. അന്ന് മാതൃഭൂമിയിൽ എഴുതുന്ന മൂന്ന് പേരെ ഒള്ളു കൊച്ചിയിൽ .  മഹാകവി ജി.ശങ്കരക്കുറുപ്പ് , ടി.കെ.സി.വടുതല, പോഞ്ഞിക്കര റാഫി. നാലാമനായി ഞാനും!  എഴുത്തിന്റെ ഗൗരവം അറിയില്ലാത്ത കാലമായിരുന്നു അത്.

 

? ആദ്യകാല വായന എന്തെല്ലാമായിരുന്നു.

 

    വായനയും, വായനശാല സന്ദർശനവും ഒക്കെ ചെറുപ്പത്തിൽ ചുരുക്കമായി ഉണ്ടായിരുന്നു.  സ്കൂൾ കാലം ഒന്നും വായിക്കുവാൻ കിട്ടാത്ത അവസ്ഥ ആയിരുന്നു എന്നു തന്നെ പറയേണ്ടി വരും.  മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്നാണ് വല്ലപ്പോഴും കിട്ടുന്ന പത്രം പോലും വായിക്കുക. ഒന്നും വായിക്കാനില്ലാതെ വിഷമിച്ചപ്പോഴാണ് ബൈബിൾ ശ്രദ്ധയിൽ പെടുന്നത്. ബൈബിൾ വല്ലാത്ത ഒരു അനുഭവമായി തോന്നി.

 

? ഇടയ്ക്ക് പഠനം നിലക്കുന്ന അവസ്ഥ വന്നു. 

 

    പിതാവ് ഒരു തേങ്ങ കച്ചവടക്കാരനായിരുന്നു.  എന്നെ പഠിപ്പിക്കണമെന്ന നിർബന്ധം അമ്മയ്ക്കായിരുന്നു.  ഫീസു കൊടുക്കാനാകാതെ ക്ലാസിന് പുറത്താക്കിയത് പൊന്നുരുന്നി പഠന കാലത്താണ്.  കുറച്ചു ദിവസമായപ്പോൾ അമ്മയതറിഞ്ഞു. അങ്ങനെ അപ്പനോട് പറഞ്ഞ് പിറ്റേന്ന് സ്കൂളിൽ ഫീസടച്ച് പഠനം തുടരുകയായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ  എന്റെ വായനയോടുള്ള താൽപ്പര്യവും, ഒരു പക്ഷെ എഴുത്തു ജീവിതവും ഉണ്ടാകുമായിരുന്നില്ല. 

 

?പോഞ്ഞിക്കരയിലെ ജീവിതം എങ്ങിനെയായിരുന്നു. 

 

    എന്റെ അമ്മ വീട് പോഞ്ഞിക്കര ആയിരുന്നല്ലൊ. അമ്മാവൻ ജോൺ രാജാവിനെപ്പോലെ ആർഭാടത്തിൽ ജീവിച്ച ആളായിരുന്നു.  ഐലന്റിലെ കൊച്ചിൻ പോർട്ടിൽ റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള ചുമതല സായിപ്പ് ഏൽപ്പിച്ചിരുന്നത് അമ്മാവനെ ആയിരുന്നു. ഗാംഭീര്യമുള്ള ശബ്ദവും നല്ല ആകാരവുമായിരുന്നു അദ്ദേഹത്തിന്റേത്.

 

   പോഞ്ഞിക്കരയിലെ സ്കൂൾ  പഠനം തന്നത് ഒത്തിരി അനുഭവങ്ങളും ഓർമകളുമാണ്. പോഞ്ഞിക്കര റാഫിയെന്ന എഴുത്തുകാരന്റെ വീട്ടിനു മുന്നിൽ അത്ഭുതത്തോടെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. തൊട്ടടുത്തായിരുന്നു അമ്മ വീട്.  റാഫി സാറെന്നാൽ വിട്ടുവീഴ്ച്ച എന്നത് തെല്ലുമില്ലാത്ത വ്യക്തിത്വമായിരുന്നുവെന്ന് പിൽക്കാലത്ത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. എഴുത്തിലൊക്കെ ഒരു വാക്കിനു വേണ്ടി വേണമെങ്കിൽ ഒരു കൊല്ലക്കാലം കാത്തിരിക്കും. 

 

    ബോൾഗാട്ടി പാലസുമായി ബന്ധപ്പെട്ടു തന്നെ ഒത്തിരി കഥകൾ കേട്ടാണ് വളർന്നത്.  പറങ്കികൾ ഉൾപ്പെടെയുള്ളവരുടെ  എത്രയോ സംഭവ കഥകൾ അമ്മ പറഞ്ഞു തന്നിരിക്കുന്നു. അതെല്ലാം ഇപ്പോഴും മനസിലുണ്ട്.  അമ്മ 92 വയസിലാണ് മരിച്ചത്. എന്റെ ചേട്ടന് ഇഷ്ടമല്ലാത്തതുകൊണ്ടാണ് പഠനം സ്വന്തം നാട്ടിലേയ്ക്ക് പറിച്ചു നടപ്പെട്ടത്.

 

?കൊച്ചിയിലെ എഴുത്തുകാരുമായി ഏറെ ആത്മബന്ധം പുലർത്തി. 

 

  

   അതിലൊരാൾ മഹാരാജാസ് കോളേജ് അദ്ധ്യാപകൻ  ടി.ആർ. ആയിരുന്നു. വർഷങ്ങളുടെ സൗഹൃദം ഉണ്ടായിരുന്നു. വളരെ വ്യത്യസ്തനായ വ്യക്തിയായിരുന്നു, കഥാകാരനായിരുന്നു. അദ്ദേഹത്തിന്റെ കഥകൾ പകർത്തി എഴുതി വാരികകൾക്ക് അയച്ചു കൊടുത്തിരുന്ന അനുഭവം എങ്ങനെ മറക്കാനാവും. 

 

?വിക്ടർ ലീനസ് എന്തായിരുന്നു.

 

   ഒത്തിരി പറയാനുണ്ട്. എന്നിരുന്നാലും ചുരുക്കി പറയാം. വിക്ടർ ലീനസും ഞാനും 25 കൊല്ലത്തോളം കൊച്ചി നഗരത്തിൽ ആകമാനം സഞ്ചരിച്ച് നടന്നിട്ടുള്ളവരാണ്. ഞങ്ങൾ ഇരട്ടകളാണെന്ന് പലരും പറയുമായിരുന്നു. 22 അസാമാന്യ കഥകൾ മാത്രം എഴുതിയ ആത്മ സുഹൃത്താണ് വിക്ടർ.  കഥ എഴുതി വച്ചാലും വാരികകൾക്ക് അയച്ചുകൊടുക്കാൻ  താൽപ്പര്യപ്പെടാതിരുന്ന വിക്ടറിന്റെ കഥകൾ പകർത്തിയെഴുതി അയച്ചുകൊടുക്കുന്ന സന്തോഷകരമായ ജോലിയും എനിക്ക് പലപ്പോഴും ചെയ്യേണ്ടി വന്നിട്ടുണ്ട്. 

 

?വിക്ടറുമൊത്തുള്ള സൗഹൃദത്തിന്റെ ഓർമകൾ.

 

    സംഭവങ്ങൾ തന്നെ ഒരുപാടുണ്ട്. കല്യാണത്തിന് മുണ്ടും മടക്കിക്കുത്തി പള്ളിയിൽ നിന്ന വിക്ടർ, പള്ളീലച്ചന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മടക്കിക്കുത്ത് അഴിച്ചതെന്നത് ഓർക്കുന്നു. വലിയ ധിക്കാരിയായിരുന്നു. അയൽക്കാരായിരുന്നു ഞങ്ങൾ. സെന്റ് ആൽബർട്ട്സ് കോളേജിൽ ജോലിയിലായിരുന്ന കാലത്ത്  എന്നെ വന്ന് പരിചയപ്പെടുകയായിരുന്നു. അത് നല്ലൊരടുപ്പമായി. വിക്ടർ വായിച്ചതിന്റെ ഒരംശം എനിക്ക് വായിക്കാനായിട്ടില്ല. പ്രത്യേകിച്ച് ലോക സാഹിത്യം. അറിവിലും അങ്ങനെ തന്നെ . ആ വിക്ടർ എന്നോട് ചോദിച്ചിട്ടുണ്ട്, 'ജോസഫിന് എങ്ങനെയാണ് ഇങ്ങനെ എഴുതാനാകുന്നത് .ഇത്ര എല്ലു മുഴുത്ത കഥാപാത്രങ്ങളെയൊക്കെ എങ്ങനെ സൃഷ്ടിക്കാനാകുന്നു ', എന്ന്. എന്റെ ലോകം വേറൊന്നാണ്. ജീവിതമാണ് എന്നെക്കൊണ്ട് എഴുതിപ്പിച്ചത്. എന്റെ കൺമുന്നിൽ വന്നു നിന്നു ജീവിതം പറയുന്നവരുടെ അനുഭവങ്ങൾ മുഴുവൻ എന്റേതായി മാറും. 

 

    വിക്ടർ ലീനസിനെപ്പോലെ ഒരസാമാന്യ കഥാപാത്രത്തെ എനിക്ക് ജീവിതത്തിൽ കാണാനായിട്ടില്ല. ലോകസാഹിത്യം മുഴുവൻ അരച്ചുകലക്കിക്കുടിച്ച വിക്ടറിന്, സാഹിത്യത്തിലെ നോബൽ പ്രൈസുകൾ വരെ മുൻകൂട്ടി പ്രവചിക്കുവാനായിരുന്നു. ഇവരു രണ്ടു പേരും കൂടി നടക്കുന്നത് കണ്ടിട്ട് ഇവരെയൊന്ന് തൊടാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെന്ന് വിക്ടറിന്റെയും എന്റെയും അനന്തമായ നടത്തങ്ങളെ കണ്ടിട്ടുള്ള ജോൺ പോൾ ഒരു യോഗത്തിൽ അനുസ്മരിച്ചത് ഓർക്കുന്നു. 'ഇന്നെങ്ങോട്ട് ', എന്ന് ഞാൻ ചോദിക്കുമ്പോൾ 'ഇന്ന് നമുക്ക് കാക്കനാട്ടേയ്ക്ക് പോകാം '. പറഞ്ഞാൽ പിന്നെ പറഞ്ഞിടത്തേയ്ക്കായി നടത്തം.  വായനാനുഭവങ്ങൾ പങ്കുവച്ചുള്ള കിലോമീറ്ററുകൾ നീളുന്ന യാത്രയോളം തന്നെയുള്ള തിരിച്ചുള്ള യാത്രയും കഴിയുമ്പോൾ കുറച്ചു വിവരം വച്ചില്ലെ എന്ന് നമ്മൾ സന്ദേഹിക്കും. വൈകുന്നേരങ്ങളിലായിരുന്നു ആ നടത്ത യാത്രകളെല്ലാം.

 

   വിക്ടറിന് വിനയമുണ്ടായില്ല. വായിച്ച് വായിച്ച് തല മുഴുവൻ അഹംഭാവമായിരുന്നു. അറിവുണ്ടാകുമ്പോൾ വിനയമുണ്ടാകണ്ടെഅല്ലെങ്കിൽ പൈശാചികത നമ്മെ ഭരിക്കില്ലെ?

 

?കൺമുന്നിൽ കണ്ടറിഞ്ഞ ജീവിതങ്ങളാണോ കഥകളിലും നോവലുകളിലും പകർത്തപ്പെട്ടത്.

 

     തീർച്ചയായും. ലോകസാഹിത്യം ഒരുപാട് വായിച്ചിട്ടുണ്ട് ഞാൻ. പ്രത്യേകിച്ച് വിവർത്തനം ചെയ്യപ്പെട്ട ക്ലാസിക്കുകൾ.അവരൊക്കെ എഴുതിയത് അവര് കണ്ട ജീവിതം. എങ്കിൽ പിന്നെ ഞാൻ കണ്ട ജീവിതം എന്തുകൊണ്ട് എനിക്ക് എഴുതിക്കൂട. ഈ വിധ ചിന്തകളാണ് എഴുത്തു വഴിയിലെ ശൈലിയ്ക്കും തുടർച്ചയ്ക്കും എനിക്ക് ഉൾപ്രേരണയായത്. എനിക്കത് ഗുണം ചെയ്തു . ഞാൻ എന്റെ വഴിക്കു തന്നെ പോയി. അതു കൊണ്ട് മൗലികത നഷ്ടപ്പെടാതിരിക്കുവാൻ സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്.

 

    ഈ മഹാനഗരത്തിലെ ഒത്തിരി ആളുകളുടെ ജീവിതം നേരിട്ടു കേൾക്കുവാൻ എനിക്കായിട്ടുണ്ട്. ഞാൻ ജനിച്ചതും ജീവിച്ചതും ഇവിടെയാണ്. അതു കൊണ്ടു തന്നെ എന്റെ കാഴ്ച്ചകളും അനുഭവങ്ങളും ഒത്തിരിയേറെ ഇനിയും പകർത്തുവാനുണ്ട്. 

 

?കേരളീയർക്ക് അനുഭവങ്ങൾ തുലോം കുറവാണെന്ന്, അങ്ങനെയൊരു സാമൂഹ്യ അന്തരീക്ഷം ഇവിടെ ഇല്ലെന്ന്  തോന്നിയിട്ടുണ്ടോ.

 

     വ്യക്തി ജീവിതത്തോടൊപ്പം, സാമൂഹ്യ  ജീവിതം കൂടിയാണല്ലൊ നമ്മുടെ മനസുകളെ മഥിക്കുന്നത്. അതു നമുക്ക്  കുറവാണ്. പ്രക്ഷുബ്ധമായ അന്തരീക്ഷം ചുറ്റുവട്ടത്ത് നിൽക്കുന്ന പ്രദേശമല്ല കേരളം .  ഞാനിപ്പോഴും വിശ്വസിക്കുന്നത് സാഹിത്യത്തിലെ ഒരു നോബൽ സമ്മാനം കലാപങ്ങളുടെ ഭൂമിയായിരുന്ന ശ്രീലങ്കയിലേക്ക് ചെല്ലുമെന്നാണ്. അത്രമാത്രം ദുരന്തങ്ങൾ നേരിട്ട നാടാണത്. അതൊക്കെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ആരെങ്കിലും അതുരേഖപ്പെടുത്തുവാൻ തുനിഞ്ഞാൽ അത് വിശ്വസാഹിത്യം ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. എത്രയോ ആയിരങ്ങളാണ് പ്രഭാകരന്റെ ഭ്രാന്തമായ ശൈലികൊണ്ട് മരിക്കേണ്ടി വന്നത്.  ഒരോ ദിവസത്തെയും മരണവാർത്തകൾ അത്ര മാത്രം  നടുക്കം ഉളവാക്കുന്നതായിരുന്നു. 

 

?സുഹൃത്ത് വർക്കി അഭിനയത്തിലെ അസാമാന്യ പ്രതിഭയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

 

    കോൺട്രാക്റ്റർ വർക്കി എന്നൊരു ആത്മ സുഹൃത്തുണ്ടായിരുന്നു. ഒമർ ഷെറീഫിന്റെയൊക്കെ ലെവലിൽ അഭിനയിക്കുമായിരുന്ന അസാമാന്യ പ്രതിഭയായിരുന്നു. അസാമാന്യമായ കണ്ണുകൾ. നാടകം കാൺകെ ആ രംഗം ശരിയായില്ല, ഇങ്ങനെയാണ് ആകേണ്ടിയിരുന്നത് എന്നൊക്കെ വ്യക്തമായി പറഞ്ഞിരുന്ന ചെലവന്നൂർക്കാരൻ സ്നേഹിതൻ. അത്രയും അറിവുണ്ടായിട്ടാണ് വർക്കി അങ്ങനെയൊക്കെ പറഞ്ഞിരുന്നത്.

 

?ഇതിനിടയിൽ നാടകവും നാടകട്രൂപ്പും രൂപീകരിച്ചു. 

 

    ഞാനൊരു നാടക കമ്പനി ഉണ്ടാക്കി.  നിർബന്ധിതനായതാണ്. നവദർശന എന്നായിരുന്നു ട്രൂപ്പിന്റെ പേര്.  ഒരു നാടകം ചോദിച്ച് പോയതാണ്. പെരുമ്പാവൂര് കാലടി ഗോപിയുടെ അടുത്ത് . സാധിക്കാതെ തിരിച്ചുപോരുകയായിരുന്നു.  വൈറ്റില പവർഹൗസിനടുത്ത് നവദർശനയുടെ ബോർഡും സ്ഥാപിച്ചിരുന്നു. നിരാശയ്ക്കിടയ്ക്ക്  ഞാൻ തന്നെ നാടകം  എഴുതുമെന്നായി വിക്ടർ ലീനസിനോടുള്ള എന്റെ സംസാരം. അങ്ങനെ ഞാൻ എഴുതിയതാണ് അമാവാസി എന്ന നാടകം. 

 

?അമാവാസി തന്ന അനുഭവം. 

 

    ഇത് അമാവാസിയാകുമെന്ന് അഭിനയിക്കാൻ വന്ന തൃപ്പൂണിത്തുറ അംബുജം തുടക്കത്തിലേ പറഞ്ഞത് ഫലിച്ചു. എട്ടിനടുത്ത് വേദികൾ മാത്രമാണ് നാടകത്തിന് ലഭിച്ചത്. വർക്കിയിലെ അസാമാന്യ നടന്റെ സാന്നിദ്ധ്യം ഞാൻ നാടകത്തിനു വേണ്ടി ഉപയോഗിച്ചു. നാടകത്തിലെ ഒരോ രംഗം കഴിയുമ്പോഴും പ്രധാന കഥാപാത്രമായ ചിത്രകാരനെ അവതരിപ്പിക്കുന്ന വർക്കിയെത്തേടി ആരാധകർ ഗ്രീൻ റൂമിൽ എത്തുമായിരുന്നു.  നാടകം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ചിത്രകാരന് ഭാന്ത് തന്നെ. തന്മയത്വത്തോടെ അസാമാന്യമായ അഭിനയമാണ് അയാൾ കാഴ്ച്ച വച്ചത്.

 

    ഇയാൾക്ക് ശരിക്കും വട്ടായോ എന്നു തന്നെ കാണികൾ സംശയിച്ചു പോയി. വർക്കി ഒരു സാധനം ഇടട്ടെ എന്നൊക്കെ പറഞ്ഞാൻ അത് നാടകകാരൻ ചിന്തിക്കുന്നതിലുമൊക്കെ എത്രയോ അപ്പുറത്തായിരുന്നു എന്നെനിക്ക് പറയാതെ വയ്യ. എവിടെ ചെന്ന് നാടകം കളിച്ചാലും കാണികൾ മുഴുവൻ എഴുന്നേറ്റു നിന്നു പോകുന്ന ആ അവസ്ഥ എനിക്ക് കുളിരു പകരുന്ന ഓർമയാണ്. അങ്ങനെ ഒറ്റപ്പെട്ടു നിന്ന ആ പ്രതിഭയെ ചലച്ചിത്രരംഗത്തേക്ക് കൂടി ആനയിക്കുവാനായി എന്നതിൽ എനിക്ക്  അഭിമാനമുണ്ട്.

 

? 'ചെമ്മീൻകെട്ട്' അന്ന് ചർച്ചയായിരുന്നു.

 

   ഞാൻ തിരക്കഥ രചിച്ച ചെമ്മീൻകെട്ട് എന്ന സിനിമ പുറത്തിറങ്ങിയില്ല. വിജയൻ കരോട്ടിൽ ആയിരുന്നു സംവിധായകൻ.  സാമ്പത്തികയിരുന്നു പ്രശ്നമായത്.  ഭാഗ്യക്കേട് എന്നല്ലാതെ എന്തു പറയാൻ .  അതിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചവർ ലോറി സിനിമയിലെ വില്ലൻ കോട്ടയം അച്ചൻകുഞ്ഞുംകോൺട്രാക്ടർ  വർക്കിയും ആയിരുന്നു. സിനിമയുടെ ചിത്രീകരണം മിക്കവാറും പൂർത്തിയായി. ഏതാനും രംഗങ്ങൾ ബാക്കിയുള്ളത് മദ്രാസിൽ ചിത്രീകരിക്കുവാൻ തീരുമാനിച്ച് അവിടെയെത്തി. ചിത്രീകരണത്തിനിടയിൽ നിസാര കാര്യത്തിന് വർക്കിയും അച്ചൻകുഞ്ഞും ഒടക്കായി. അടിക്കെന്നായി വർക്കി. പിറ്റേന്ന് പാക്കപ്പ് ആയപ്പോൾ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടാളുടേയും വഴക്ക് തീർന്നിരുന്നു. സിബി മലയിലിന്റെ അസിസ്റ്റന്റായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. 

 

? ഒത്തിരി തൊഴിലിടങ്ങൾ, ജീവിത പ്രാരാബ്ധങ്ങൾ. എഴുത്തിനെ ബാധിച്ചുവോ. 

   

    ആദ്യം ലഭിച്ച സർക്കാർ ജോലി രാജി വെച്ച് പോന്നുവെങ്കിൽ പിന്നീട് എറണാകുളത്ത് പല തൊഴിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടി വന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റും, പോപ്പുലർ ഓട്ടോമൊബൈൽസും ഒക്കെ അവയിൽ പെടുന്നു. കുടുംബ പശ്ചാത്തലം വച്ച് എനിക്ക് ജോലി ചെയ്യാതിരിക്കാനാവില്ലായിരുന്നു. അതു കൊണ്ട് എന്തു സംഭവിച്ചു. എഴുത്തു പോയി . എഴുത്തു പോയെന്നു പറഞ്ഞാൽ എവിടെയെങ്കിലും ഒരു മേശയും, ഇരുന്നു ചിന്തിക്കാനൊരു മുറിയും വേണ്ടെ . എനിക്കതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ജീവിതം മുഴുവൻ ഓടി നടക്കുകയായിരുന്നില്ലെ? ഭാരവണ്ടി വലിച്ചിട്ടുണ്ട്. സിനിമ തീയേറ്ററിൽ ടിക്കറ്റ് ശേഖരിക്കുന്ന ജോലി ചെയ്തു. സ്വാമി നിർമ്മലാനന്ദന്റെ ആശ്രമത്തിൽ അന്തേവാസിയായിരുന്നു. മാസിക എഡിറ്റർകണക്കെഴുത്തുകാരൻ, പ്രൂഫ് റീഡർ...

 

?പുസ്തകങ്ങൾ, എഴുത്ത്. 

 

    24 പുസ്തകങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. അഞ്ച് കഥാസമാഹാരങ്ങളും, 15  നോവലുകളും രണ്ടു വീതം നാടകങ്ങളും , തിരക്കഥകളും  ആണവ. 

 

   രണ്ട് കഥാസമാഹാരങ്ങൾക്കു ശേഷം ഇറങ്ങിയ കൃതി 1965 കാലത്ത് മാതൃഭൂമിയിൽ വന്ന ആശ്രമം എന്ന നോവലായിരുന്നു. കഥാസമാഹാരങ്ങൾ പുറത്തിറങ്ങിയപ്പോൾ ഇനി ഒരു നോവലായിക്കൂടെ എന്നായി ചിന്ത. എന്റെ ഗ്രാമവും ഞാനുമായിരുന്നു കഥാപാത്രങ്ങൾ. ആത്മകഥാംശമുള്ളതായിരുന്നു എന്റെ ആദ്യ നോവൽ. എനിക്കാണെങ്കിൽ നോവലെഴുതുവാൻ അറിയില്ല. പിന്നെ എങ്ങനെ എഴുതും. 

 

?എങ്ങനെ തുടങ്ങി.

 

    ഒരു ദിവസം കിടക്കുമ്പോൾ പെട്ടെന്ന് എഴുന്നേറ്റിരുന്ന് ഞാനെഴുതി  'പുഴ ശാന്ത ഗംഭീരമായിട്ട് ഒഴുകുകയായിരുന്നു.കുരുടൻ ഗോപാലന്റെ നീന്തുചാലിനപ്പുറം കൂററൻ ആഞ്ഞിലിച്ചുവട്ടിൽ ഞാൻ നിന്നു '. അങ്ങനെ എന്തൊക്കെയോ  എഴുതി വച്ചു. എം.ടി.യ്ക്ക് ആ നോവൽ നന്നെ ബോധിച്ചു കാണണം. ഏകദേശം ഒരു കൊല്ലക്കാലമാണ് മാതൃഭൂമിയിലത് ഖണ്ഡഃശ വന്നത്.  എൻ.ബി.എസ്.ആണ് പ്രസിദ്ധീകരിച്ചത്. എന്റെ മിക്ക പുസ്തകങ്ങളുടെയും പ്രസാധകർ സാഹിത്യ പ്രവർത്തക സംഘം ആയിരുന്നു. പക്ഷെ, എൻ.ബി.എസ്.ന്റെ ഇപ്പോഴത്തെ പല പ്രവർത്തനങ്ങളോടും എനിക്ക്  യോജിക്കാനാവുന്നില്ല. 

 

?സാഹിത്യ അക്കാദമി അവാർഡ് ലഭിക്കാൻ വൈകിയോ.

 

    ഒരിക്കലുമില്ല.അവാർഡുകൾ തേടി പോകുന്ന  വ്യക്തിയല്ല ഞാൻ. അതു കൊണ്ടു തന്നെ അവാർഡ് ലബ്ധി അത്ഭുതപ്പെടുത്തി.  ഒരു ദിവസം എന്റെ കൂട്ടുകാരൻ പ്രണത ഷാജി വിളിച്ചിട്ടു പറഞ്ഞു. 'ജോസഫ് ചേട്ട, ആ ടീവിയൊന്ന് ഓൺ ചെയ്യ് '. ടി.വി നോക്കീപ്പം ജോസഫ് വൈറ്റിലയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്ക്കാരം. 2011 ലെ അവാർഡാണ് ലഭിച്ചത്.  എഴുതി തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി. എന്നെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലായിരുന്നു. സാഹിത്യ അക്കാദമി അവാർഡ് വാർത്ത വന്നതോടെ ഏതാനും പ്രസ്ഥാനങ്ങൾ സ്വീകരണങ്ങളും ആദരവുകളും തരികയുണ്ടായി. മെച്ചപ്പെട്ട തുകകൾ പലപ്പോഴും ഒപ്പമുണ്ടായിരുന്നത് ആശ്വാസമായി!

 

? പുതിയ എഴുത്ത് എന്തൊക്കെയാണ്.

 

    ഒരു നോവലിന്റെ രചനയിലാണ്. 'അവൻ പിശാചിനെ സ്നേഹിച്ചു'. പത്തു പ്രമാണങ്ങളും തെറ്റി ജീവിച്ച ഒരു പച്ച മനുഷ്യന്റെ കഥയെന്ന് പറയാം.  പൂർത്തീകരിക്കാറായി. ആത്മകഥാംശമുള്ള കൃതിയാണ്.  300 പേജ് അച്ചടിയിൽ വരാവുന്ന ഈ വലിയ നോവൽ എഴുതി തുടങ്ങിയിട്ട് 10 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പല തവണ തിരുത്തി എഴുതി.  എഴുതുവാനുള്ള ആരോഗ്യം ഇപ്പോൾ എനിക്കില്ല. ഡി.റ്റി.പി.ചെയ്യുവാൻ ഇതുവരെ കൊടുത്തിട്ടില്ല. എഴുതി വച്ചിരിക്കുന്നതിൽ നിന്ന് ഒരു വാക്കു പോലും മാറ്റുവാൻ താൽപ്പര്യമില്ലാത്തതും നോവൽ പുറത്തിറങ്ങുന്നതിനെ വൈകിച്ചേക്കാം.

 

?ഈ മേശപ്പുറത്തെ പേപ്പറുകൾ നോവലിന്റെ ഭാഗമാണോ.

 

    അല്ല .ഇതൊരു കഥ എഴുതിയതാണ്. തിരുത്തുവാനുണ്ട്. കഥകൾ വല്ലപ്പോഴും എഴുതാറുണ്ട്.

 

? കുടുംബം.

 

     മൂന്നു മക്കളാണ്. രണ്ട് പെൺമക്കളേയും നല്ല വിദ്യാഭ്യാസം നൽകിയ ശേഷം വിവാഹം കഴിച്ചയച്ചു. മൂത്ത മകൾ ദീപ കുമ്പളങ്ങിയിലും, ഇളയത് അപർണ മദ്രാസിലും കുടുംബസമേതം നല്ല നിലയിൽ കഴിയുന്നു.ഭാര്യ എലിസബത്ത്, ഗിത്താറിസ്റ്റായ, കലാനികേതനിൽ അദ്ധ്യാപകനായ മകൻ ജോൺ വില്യംസ് എന്നിവരാണ് കുടുംബാംഗങ്ങൾ. 

 

?ജനിച്ച്, ജീവിച്ചിടത്ത് തുടർന്നും ജീവിക്കണമെന്ന ചിന്ത മുന്നിട്ടു നിൽക്കുന്നു അല്ലെ. 

 

     വികസനത്തിന്റെ ഭാഗമായി രണ്ടു വീടുകളാണ് നഷ്ട്ടപ്പെട്ടത്.  തറവാട് , ചമ്പക്കര പാലത്തിനു് വീതി കൂട്ടിയപ്പോൾ പോയി. ഞാനായിട്ട് വച്ച വീട് ഇപ്പോൾ പേട്ട വരെ നീട്ടുന്ന മെട്രോ നിർമാണത്തിനു വേണ്ടി പൊളിക്കപ്പെട്ടു. പുതിയ വീട് വയ്ക്കുവാനുള്ള ആഗ്രഹത്തിന്  നിയമങ്ങൾ എതിരാണ് എന്ന് പറയുന്നു. കോർപ്പറേഷനാണോ, മെട്രോ അധികൃതരാണോ എന്നറിയില്ല. ഏതായാലും വീട് വയ്ക്കാൻ അനുമതി ലഭിക്കുന്നില്ല. മൂന്നു വർഷമായി അനുവാദത്തിനായുള്ള നടത്തത്തിലാണ്. ഫ്ലാറ്റൊന്നും വാങ്ങുവാൻ താൽപ്പര്യമില്ല. ജനിച്ച മണ്ണിൽ നിന്നും മാറിപ്പോകുവാൻ ഒട്ടും താൽപ്പര്യമില്ല. അതൊന്നും ഉൾക്കൊള്ളുവാൻ എനിക്ക് 

കഴിയുന്നില്ല.  

 

    വീട് നഷ്ട്ടപ്പെടുന്നവർക്ക് വീട് നിർമിച്ചു നൽകുന്ന പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്നയാളാണ് ഞാൻ.  80 കഴിഞ്ഞു. ആരോഗ്യം കമ്മിയാണ്. പക്ഷാഘാതത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് പൂർണമായും തിരിച്ചെത്തിയിട്ടില്ല. പത്തിൽ ഏഴു സെന്റ് നഷ്പെട്ടിട്ടും ബാക്കിയുള്ള മൂന്നു സെന്റിൽ ഒരുവീടെന്ന ആഗ്രഹം ശൂന്യമായി നിൽക്കുന്നു. ഒന്നാം നിലയിൽ 8000 രൂപ വാടക കൊടുത്ത്, മണ്ണു തൊടാതെ, ജീവിച്ച സ്ഥലത്തിന്റെ ഗന്ധം മാത്രം ആസ്വദിച്ച് കഴിയാനാണ് എന്റെ വിധി എന്നു തോന്നുന്നു. 

 

മഹാനഗരമായി മാറിയ കൊച്ചിയ്ക്കൊപ്പം തന്നെ വളരുകയാണ് തികഞ്ഞ ഗ്രാമമായിരുന്ന , ഒരിക്കൽ ഇടവഴികളും, കുളങ്ങളും, കാവുകളും നിറഞ്ഞു നിന്നിരുന്ന വൈറ്റില. ഒറ്റ നില കെട്ടിടങ്ങളിൽ നിന്ന് കണ്ണെത്താത്ത ഉയരങ്ങളിലേയ്ക്ക് എത്തപ്പെടുകയും, പെരുകുകയും ചെയ്യുന്ന നഗരത്തെയും, അതിനനുസൃതമായി ഭാവം മാറ്റുന്ന മനുഷ്യരെയും കണ്ടറിഞ്ഞ്, വൈറ്റിലയുടെ നാമം ലോകത്തിലെ മുഴുവൻ മലയാളികളിലും എത്തിച്ച ജോസഫ് വൈററില ഇവിടെത്തന്നെയുണ്ട്.  അതുപോലെ, പുതുമയുടെ നിറക്കൂട്ടിൽ മാഞ്ഞു പോയ  ആ പഴയ കൊച്ചിയുടെ കാഴ്ച്ചകളും, ജീവിതങ്ങളും  ജോസഫ് വൈറ്റിലയ്ക്കൊപ്പം ജീവിക്കുന്നു. ആയതിനാൽ വൈറ്റില  ഒരു ജംഗ്ഷൻ മാത്രമല്ല , പ്രശസ്തനായ ഒരു ജോസഫും  ഉറവ വറ്റാത്ത ജീവസുറ്റ അതിലെ കഥകളും  കൂടിയാകുന്നു. 

 

     

 ബാബു ഇരുമല 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image