കേരളത്തെ ദുരിതക്കടലിലാഴ്ത്തിയ നൂറ്റാണ്ടിലെ പ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ പ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടം അനുഭവിക്കേണ്ടി വന്ന ഇടുക്കിയിലെ ജനങ്ങള്‍ ഇപ്പോഴും അതിന്റെ ആഘാതത്തില്‍ നിന്നു കരകയറിയിട്ടില്ല. പ്രളയകാലത്ത് ഇടുക്കിയില്‍ മാത്രം 278 ഉരുള്‍പൊട്ടലുകളും 1800 മണ്ണിടിച്ചിലുകളുമാണുണ്ടായത്. പ്രളയക്കെടുതിയില്‍ മൊത്തം 57 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 47 പേര്‍ക്കാണ്. മൊത്തം 7500 വീടുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തകര്‍ന്നത്. ഇതില്‍ മിക്കവര്‍ക്കും ഇപ്പോഴും നഷ്ടപരിഹാരം കിട്ടിയിട്ടില്ലായെന്നതാണ് യാഥാര്‍ഥ്യം. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ഇടുക്കി ഡാമില്‍ നിന്നു വെള്ളം തുറന്നുവിട്ടപ്പോള്‍ ആദ്യം ജലപ്രവാഹമെത്തിയ ചെറുതോണിയും പരിസര പ്രദേശങ്ങളുമായിരുന്നു. ചെറുതോണിയുടെ ഇരുകരകളിലുമുള്ള ഗ്രാമങ്ങളെ ഡാമില്‍ നിന്നു തുറന്നുവിട്ട പ്രളയജലം തുടച്ചുമാറ്റിയപ്പോള്‍ അവശേഷിച്ചത് ചെറുതോണി പാലത്തിനു കുറുകേ കനേഡിയന്‍ എന്‍ജിനീയര്‍മാര്‍ നിര്‍മിച്ച പാലം മാത്രമായിരുന്നു. തടിയമ്പാട്, കരിമ്പന്‍, കരിമ്പന്‍, കീരിത്തോട്, കഞ്ഞിക്കുഴി, വാത്തിക്കുടി ഗ്രാമങ്ങളും പ്രളയത്തിലും ഉരുള്‍പൊട്ടലിലും നിശേഷം തകര്‍ന്നടിഞ്ഞവയാണ്. 


ഇതോടൊപ്പം പ്രളയത്തില്‍ കൂടുതല്‍ പരിക്കേറ്റത് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിനായിരുന്നു. പ്രളയത്തിലും ഉരുള്‍പൊട്ടലിലും മുങ്ങിയ മൂന്നാര്‍ ദിവസങ്ങളോളം ഒറ്റപ്പെട്ട നിലയിലായിരുന്നു. മൂന്നാര്‍ ഗവണ്‍മെന്റ് കോളജും ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പെരിയവര പാലവുമെല്ലാം പ്രളയത്തില്‍ തകര്‍ന്നവയാണ്. മൂന്നാറിന്റെ സമീപഗ്രാമമായ അടിമാലിയിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാര്യമായ നാശമുണ്ടാക്കി. അടിമാലിക്കു സമീപമുള്ള പന്നിയാര്‍കുട്ടിയെന്ന കുടിയേറ്റ ഗ്രാമം ഭൂമിയില്‍ നിന്ന് ഉരുള്‍പൊട്ടലിലൂടെ അപ്രത്യക്ഷമാകുന്നതിനും പ്രളയകാലം സാക്ഷ്യം വഹിച്ചു. പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ 279 പേരുടെ വീടും സ്ഥലും പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. 1993 പേരുടെ വീട് പൂര്‍ണമായി നഷ്ടപ്പെട്ടപ്പോള്‍ 7160 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. 11530.64 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായി നശിച്ചതിലൂടെ 67,24,74,110 രൂപയുടെ നഷ്ടമാണുണ്ടായത്. ഇടുക്കി ജില്ലയിലുടനീളം 2711 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുള്ളതില്‍ 1195 കിലോമീറ്റര്‍ റോഡും പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇത്തരത്തില്‍ ജില്ലയിലുടനീളം 140 റോഡുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. കുടിയേറ്റ കര്‍ഷകര്‍ പതിറ്റാണ്ടുകളായി സ്വരുക്കൂട്ടിയ വിഭവങ്ങളാണ് പ്രളയത്തില്‍ നഷ്ടമായത്. മറ്റു ജില്ലകളില്‍ വെള്ളപ്പൊക്കമായിരുന്നു നാശനഷ്ടമുണ്ടാക്കിയതെങ്കില്‍ ഇടുക്കിയില്‍ തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളുമായിരുന്നു നാശത്തിന്റെ ആക്കംകൂട്ടിയത്. ഏലവും കുരുമുളകും തേയിലയും കാപ്പിയും ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയുടെ തകര്‍ച്ച പ്രളയദുരന്തത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു.
എന്നാല്‍ പ്രളയത്തിന്റെ ഒന്നാംവാര്‍ഷികം അടുക്കുമ്പോഴും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കെല്ലാം നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട
അമ്പതിലധികം കുടുംബങ്ങള്‍ ഇപ്പോഴും ചെറുതോണിക്കു സമീപമുള്ള കെഎസ്ഇബിയുടെ ഉപേക്ഷിക്കപ്പെട്ട ക്വാര്‍ട്ടേഴ്‌സുകളില്‍ ഭവനരഹിതരായി കഴിയുകയാണ്. പ്രളയം പൂര്‍ണമായി തുടച്ചുമാറ്റിയ പന്നിയാര്‍കുട്ടിയില്‍ ചില കുടുംബങ്ങള്‍ക്കു സന്നദ്ധ സംഘടനകള്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ മാത്രമാണ് ജീവിതത്തിലേക്കു തിരിച്ചുവരാന്‍ വഴിയൊരുക്കിയത്. പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി ടൗണിന്റെ പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികളും ഇതുവരെ തുടങ്ങിയിട്ടില്ല. പ്രളയത്തില്‍ ഗ്രാമീണ റോഡുകളാണ് വ്യാപകമായി തകര്‍ന്നത്. ഇത്തരത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാതിവഴിയില്‍ മാത്രമാണ് എത്തിയിട്ടുള്ളത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മൂന്നാര്‍ ആര്‍ട്‌സ് കോളജ് ഇപ്പോഴും തകര്‍ന്ന നിലയില്‍ തുടരുകയാണ്. ഉരുള്‍പൊട്ടിയിടത്തു നിന്ന് വീണ്ടും മണ്ണിടിഞ്ഞ് മൂന്നാര്‍ ദേശീയ പാതയിലേക്കു വീഴാന്‍ സാധ്യതയുണ്ടെങ്കിലും ഇതിനു പരിഹാരം കാണാന്‍ പോലും അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image