ദേശീയ രാഷ്ട്രീയം :
കോണ്‍ഗ്രസ്‌ 

മരണവീട്ടിലെ നിശബ്ദത  കോണ്‍ഗ്രസ് ഒരു മരണവീടുപോലെ ആയിരിക്കുന്നു. കുടുംബനാഥന്‍ മരണപ്പെട്ട വീടുപോലെ. എങ്ങും വിലാപങ്ങള്‍; തേങ്ങലുകള്‍; അടക്കിപ്പിടിച്ച സംസാരങ്ങള്‍. എല്ലാം രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്യാഗത്തെച്ചൊല്ലിയാണ്. രാഹുലിന്‍റെ കസേരയില്‍ മറ്റൊരാളെ കോണ്‍ഗ്രസ്സുകാര്‍ക്ക്  സങ്കല്‍പിക്കാന്‍ കഴിയുന്നില്ല. സ്ഥാനമില്ലെങ്കിലും രാഹുലിന് പാര്‍ട്ടിയില്‍ അനിഷേധ്യനേതാവായി  തുടരാനാകുമെന്ന് അവര്‍ ഓര്‍ക്കുന്നില്ല.


വാസ്തവത്തില്‍ ഊര്‍ദ്ധ്വന്‍ വലിച്ചുകിടക്കുന്ന കോണ്‍ഗ്രസ്സിന് ഊര്‍ജസ്വലമായ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഒരു നല്ല അവസരമാണ് തന്‍റെ രാജിയിലൂടെ രാഹുല്‍ നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ജില്ലാതലത്തിലായാലും പാര്‍ട്ടിക്ക് പരാജയം സംഭവിച്ചാല്‍ അതാത് മേഖലകളിലെ നേതാക്കന്മാര്‍ (പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍) സ്ഥാനമൊഴിയണം എന്നതാണ് ഈ രാജിയുടെ സന്ദേശം. അങ്ങിനെ ഒരു കീഴ്വഴക്കം സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങുന്ന നേതാക്കന്മാര്‍ക്ക് ദോഷകരമാണെങ്കിലും പാര്‍ട്ടിക്ക് ഗുണകരമായിരിക്കും എന്നതില്‍ സംശയമില്ല. 

മറ്റൊരു സുവര്‍ണാവസരം കൂടി തന്‍റെ രാജിയിലൂടെ രാഹുല്‍ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. പ്രസിഡണ്ട് അടക്കം നേതൃസ്ഥാനത്തുള്ളവരെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് ഇത് അവസരം നല്‍കുന്നു. പാര്‍ട്ടിയിലെ നോമിനേഷന്‍ ഭരണം അവസാനിപ്പിക്കാനും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് പുന:സ്ഥാപിക്കാനും ഇതുതന്നെയാണ് സമയം. അതുവഴി അര്‍ഹതയുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങളിലെത്തുന്നത് കോണ്‍ഗ്രസ്സിന് പുതുജീവന്‍ പകരും. ആഭ്യന്തരജനാധിപത്യം ഇല്ലാത്ത ഒരു പാര്‍ട്ടിക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഭരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ബൂത്ത് കമ്മിറ്റി മുതല്‍ എഐസിസി വരെ തെരഞ്ഞെടുപ്പ് നടക്കണം. യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരും അതുതന്നെയാണ് ആഹ്രഹിക്കുന്നത്.
പക്ഷെ, നിലവിലെ നേതാക്കന്മാര്‍  അത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. അവരുടെ സ്ഥാനം നഷ്ടപ്പെടുമെന്നതുതന്നെ കാരണം. കേരളത്തിലെ നേതാക്കന്മാര്‍ ഇത് ഒട്ടും സമ്മതിക്കില്ല. കാരണം ഗ്രൂപ് അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ വീതം വെക്കുന്ന ഏര്‍പ്പാടിന് പിന്നെ പ്രസക്തിയുണ്ടാവില്ല. ഗ്രൂപ്പുകളുടെ മല്‍പ്പിടുത്തത്തിനുള്ള ഒരു ഗോദമാത്രമാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. രാഷ്ട്രീയ തെരുവിലെ ഗ്രൂപ്പ് ഗുണ്ടായിസമല്ലാതെ മറ്റെന്താണ് ഇന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തില്‍ നടത്തുന്നത്? 

രാഹുലിനെക്കൊണ്ട് രാജി തീരുമാനം പിന്‍വലിക്കാന്‍ ദല്‍ഹിയില്‍ സത്യഗ്രഹമിരുന്ന നേതാക്കളുടെ ലക്ഷ്യം സ്വന്തം താല്‍പര്യസംരക്ഷണം മാത്രമായിരുന്നു. രാഹുലിന്‍റെ  ഉപഗ്രഹങ്ങളായി ചുറ്റും കറങ്ങി നടന്നവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് രാഹുലിന്‍റെ ഒരു ബിനാമിയെ പ്രസിഡണ്ട് സ്ഥാനത്ത് അവരോധിക്കാനാണ്. വിനയംകൊണ്ടോ അഹന്തകൊണ്ടോ അറിവുകൊണ്ടോ അറിവില്ലായ്മകൊണ്ടോ താന്‍ വിട്ടൊഴിഞ്ഞ സ്ഥാനത്തേക്ക് മറ്റൊരാളെ ചൂണ്ടിക്കാട്ടാന്‍ രാഹുല്‍ ഇതുവരെ തയാറായിട്ടില്ല. അത്രയും നല്ലത്. പാര്‍ട്ടി നേതൃത്വത്തിലെ പ്രധാന ഉപദേശികളില്‍ ഒരാളായ എ. കെ. ആന്‍റണിക്ക് കോണ്‍ഗ്രസ്സിന് ജനാധിപത്യമാര്‍ഗം ഉപദേശിച്ചുകൊടുക്കാന്‍ പറ്റിയ സന്ദര്‍ഭമാണിത്. എന്നാല്‍ ആരാലും തെരഞ്ഞെടുക്കപ്പെടാതെ ഇങ്ങിനെ നേതൃസ്ഥാനത്ത് ചടഞ്ഞുകൂടാമെങ്കില്‍ പിന്നെ എന്തിന് തെരഞ്ഞെടുപ്പ് എന്നാകാം അദ്ദേഹം ചിന്തിക്കുന്നത്.

നെഹ്റുകുടുംബം ഇത്രകാലവും ചങ്ങലയ്ക്കിട്ട് കൊണ്ടുനടന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ യജമാനന്‍ ആ ചങ്ങല ഊരിയിട്ടും സ്വയം മുന്നോട്ട് പോകാതെ വാലാട്ടി വട്ടം കറങ്ങുന്നു. പാര്‍ട്ടിക്ക് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പതനത്തെക്കുറിച്ച് നേതാക്കള്‍ക്ക് ഒരു ധാരണയുമില്ലെന്നാണ് തോന്നുന്നത്. കോണ്‍ഗ്രസ് തോല്‍പിക്കപ്പെടുകയല്ല, തുടച്ചുമാറ്റപ്പെടുകയാണ്. തോല്‍പ്പിക്കപ്പെട്ടാല്‍ തീവ്രശ്രമംകൊണ്ട് തിരിച്ചുവരാം. എന്നാല്‍ തുടച്ചുമാറ്റപ്പെട്ടാലോ? കേരളത്തില്‍ വന്‍വിജയം നേടി എന്ന് അഹങ്കരിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കേണ്ടത് സിപിഎമ്മിന്‍റെ നഷ്ടമാണ് അവര്‍ക്ക് നേട്ടമായത് എന്നാണ്. കോണ്‍ഗ്രസ്സിനെപ്പോലെ തുടച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസ്സുകാരെപോലെതന്നെ സി പിഎമ്മുകാരും അത് മനസ്സിലാക്കുന്നില്ല. കേരളത്തില്‍ മാറിമാറി തോറ്റും ജയിച്ചും അധികാര കസേരകളി തുടരാമെന്നത് ഇനി നടപ്പില്ലാത്ത കാര്യമാണ്. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുലഭിച്ച് വന്‍ വിജയത്തിനുകാരണം സാന്ദര്‍ഭിക വോട്ടുകള്‍ (accidental votes) ആണ്. ശബരിമല യുവതീപ്രവേശം, പ്രളയദുരിതം, പൊലീസ്‍രാജ് തുടങ്ങി പലകാരണങ്ങളാലും ഉണ്ടായ ഭരണവിരുദ്ധവികാരം യുഡി‍എഫിന് തുണയായി. എന്നാല്‍ എക്കാലത്തും ഇതാകണമെന്നില്ല സാഹചര്യം.

കേരളത്തില്‍ (ക്രമേണ ഭാരത്തിലാകമാനവും) ഒരു പുതിയ രാഷ്ട്രീയ ചിന്ത ജനങ്ങളില്‍ രൂപംകൊള്ളുന്നുണ്ട്. വികസനത്തിന്‍റെ രാഷ്ട്രീയമാണ് അത്. അതില്‍ ഓരോ കക്ഷിയുടേയും നിലപാട് എന്ത് എന്നായിരിക്കും ജനങ്ങള്‍ ഇനി ചോദിക്കുക. കക്ഷികള്‍ക്കപ്പുറം ഓരോ സ്ഥാനാര്‍ത്ഥിയോടും തെരഞ്ഞെടുപ്പില്‍ ജനം ചോദിക്കുക അതാണ്. ആ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാത്തവരെ ജനം തള്ളിപ്പറയും. പ്രത്യയശാസ്ത്രഗരിമയോ പാരമ്പര്യമഹിമയോകൊണ്ട് ഒരു കക്ഷിക്കും ഇനി വോട്ടര്‍മാരെ പാട്ടിലാക്കാനാവില്ല.

കോണ്‍ഗ്രസ് പറയുന്നത് പാരമ്പര്യമഹിമയാണല്ലോ. എന്നാല്‍ ഗാന്ധിയുടേയോ നെഹ്റുവിന്‍റേയോ ഒരു പാരമ്പര്യവും ഇന്ന് കോണ്‍ഗ്രസ്സില്‍ ഇല്ല. ഞാന്‍ പഴയ കോണ്‍ഗ്രസ് ചരിത്രം ഒന്നുകൂടി മറിച്ചുനോക്കി. അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനങ്ങളും അവയില്‍ നടന്നിരുന്ന സംവാദങ്ങളും പ്രമേയ ചര്‍ച്ചകളും ഇന്ന് വായിക്കുമ്പോഴും ആവേശകരം. പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന ഒന്നിലധികം പേരുകള്‍, എല്ലാവരും അതികായന്മാര്‍, സമവായചര്‍ച്ചകള്‍, സമവായമില്ലെങ്കില്‍ മത്സരം. 1929-ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലാഹോര്‍ കോണ്‍ഗ്രസ്സ് സമ്മേളനം പൂര്‍ണസ്വരാജ് പ്രമേയം അംഗീകരിച്ചതും തുടര്‍ന്ന് 1929 ഡിസമ്പര്‍ 31ന് അര്‍ദ്ധരാത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന അഭിമാനത്തോടെ നെഹ്റു ലാഹോറിലെ രാവി നദിക്കരയില്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തിയതും കോണ്‍ഗ്രസ്സിന്‍റെ ചരിത്രത്തിലെ ആവേശോജ്വലമായ നിമിഷമാണ്. എന്നാല്‍ ഇന്നോ? നെഹ്റു കുടുംബത്തിലെ പുതുതലമുറക്കാരന്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് പദം ഇട്ടെറിഞ്ഞ് തിരിഞ്ഞുനോക്കാതെ പലായനം ചെയ്യുന്നു. പാര്‍ട്ടി അണികള്‍ ഒന്നടങ്കം അലമുറയിട്ട് അദ്ദേഹത്തിനുപിന്നാലെ. 


ഇനി എന്ത്? പാര്‍ട്ടി നേതാക്കളുടെ സ്ഥാനമോഹവും മക്കള്‍സ്നേഹവും കൊണ്ട് പൊറുതിമുട്ടിയാണ് തന്‍റെ ഈ കടുംകൈ എന്ന് രാഹുല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം സ്വാര്‍ത്ഥതകള്‍ കയ്യൊഴിയാന്‍ ഇനിയെങ്കിലും നേതാക്കള്‍ തയാറാകുമെന്നതിന്‍റെ ഒരു സൂചനയും ഇപ്പോഴില്ല. സമവായത്തിന്‍റെ മറവില്‍ നട്ടെല്ലില്ലാത്ത ഏതെങ്കിലും ഇഴജീവിയെ പ്രസിഡണ്ട് സ്ഥാനത്തിരുത്തി തങ്ങളുടെ ’പരിപാടി’ തുടരാനുള്ള വരുടെ ശ്രമം വിജയിച്ചാല്‍ കോണ്‍ഗ്രസ്സിന്‍റെ വംശനാശം ഉറപ്പ്.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image