തെരുവോരത്തെ അക്ഷരവെളിച്ചം

 

ചെന്നൈ മൈലാപ്പൂർ ലസിലെ തെരുവോര പുസ്തക വിൽപ്പനക്കാരൻ ആൾവാർ അക്ഷരങ്ങളോട് യാത്രപറഞ്ഞു. അനേകം ദശകങ്ങളായി പഴയ പുസ്‌തകങ്ങൾ വായനക്കാരിൽ എത്തിച്ചിരുന്ന ആൾവാർ ചെന്നൈയിലേയും ചെന്നൈയിലെത്തുന്ന മറ്റ് അക്ഷരസ്നേഹികളുടെയും അത്ഭുതമായിരുന്നു. അപൂർവമായ പല പുസ്തകങ്ങളും അന്വേഷിച്ചു സ്ഥിരമായി എത്തുന്നവർ കുറച്ചൊന്നുമായിരുന്നില്ല. സാഹിത്യം മാത്രമല്ല എല്ലാ മേഖലയിലും ഉള്ള പുസ്തകങ്ങളും അവിടെ ലഭിച്ചിരുന്നു. 

    കോപ്പർപറേഷൻ അധികാരികളുടെ ആക്രമണങ്ങളെ നേരിട്ടാണ് അദ്ദേഹം ഈ തെരുവോരക്കട നടത്തിയിരുന്നത്. അക്ഷരപ്രേമികളായ ചില അധികാരികൾ ആൽവാറിനോട് സൗമനസ്യം കാട്ടിയിരുന്നു. അതിനാൽ ചവറുലോറിയിൽ പോകുന്ന പുസ്തകങ്ങൾ വീണ്ടും തിരിച്ചെത്തിയിരുന്നു.15 വയസ്സുള്ളപ്പോഴാണ് വില്ലുപുരത്തുകാരൻ ആൾവാർ നഗരത്തിൽ എത്തുന്നത്. അക്ഷരമറിയില്ലെങ്കിലും ഈ നീണ്ട താടിക്കാരനു മഹാന്മാരായ ഗ്രന്ഥകർത്താക്കളുടെ പേരുകൾ കാണാപ്പാഠമായിരുന്നു. വരുന്നവർ വലിയവനോ ചെറിയവനോ എന്നൊന്നും അദ്ദേഹം നോക്കിയിരുന്നില്ല. 


ഒരിക്കൽ എംടി വന്നപ്പോൾ ആൽവാറിന്റെ കേന്ദ്രത്തിലേക്ക്പോകണമെന്ന് പറഞ്ഞു. ഞാൻ കൊണ്ട് പോയി. അപൂർവമായ ചില പുസ്തകങ്ങൾ കണ്ടപ്പോൾ എംടി ചിരിച്ചു. (അപൂർവമായ ചിരി) അപ്പോഴും ആൾവാർ പുസ്തകങ്ങളെ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. പുസ്തക പ്രേമികളുടെ ഈ പറുദീസ ആൽവാറിന്റെ മകളും മരുമകനും തുടരുമെന്ന് കേൾക്കുന്നു. തൊണ്ണൂറാമത്തെ വയസ്സിലും ആൾവാർ 24 മണിക്കൂറും അക്ഷരങ്ങളെ ആലിംഗനം ചെയ്തു കിടന്നു. അക്ഷരങ്ങൾ അദ്ദേഹത്തെയും. 
---------------

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image