സുഭാഷിതം
മാങ്ങാട് രത്‌നാകരൻ

എം എന്‍ വിജയന്‍ /റസാക്ക് കോട്ടക്കല്‍ 


അവിദഗ്ധതൊഴിലാളി

തലശേരിയില്‍ ബ്രണ്ണനിൽ പഠിക്കുന്ന കാലത്ത് മിക്കവാറും
സായാഹ്നങ്ങളിൽ കരുണയിലായിരുന്നു. കരുണ,
എം.എൻ. വിജയൻമാഷുടെ വീട്. മാഷ് അഗാധമായ
പാണ്ഡിത്യംകൊണ്ടും ഞാൻ എന്റെ സാമാന്യമായ
അജ്ഞതകൊണ്ടും മിണ്ടാതിരിക്കും. ഇടയ്ക്ക്
കണ്ണുകൾ കൂട്ടിമുട്ടും. അതു
പ്രകമ്പനമുണ്ടാക്കും.
ചില ചോദ്യങ്ങൾക്ക് ചിതറിത്തെറിക്കുന്ന
പൊട്ടിച്ചിരിയായിരിക്കും മറുപടി. മനോഹരമായ
ആ പൊട്ടിച്ചിരി കാണാൻവേണ്ടി മാത്രം
വിഡ്ഢിത്തമെന്ന് എനിക്ക് തന്നെ ബോധ്യമുള്ള
ചോദ്യങ്ങൾ ചോദിക്കും.
വിദഗ്ധതൊഴിലാളി ആര്, അവിദഗ്ധതൊഴിലാളി ആര്
എന്ന ചർച്ച ചൂടുപിടിച്ച കാലമായിരുന്നു അത്.
ഒരു ദിവസം മാഷുമായി സംസാരിച്ചിരിക്കെ ഒരു
പത്രപ്രവർത്തകൻ വന്നുപെട്ടു.
കുശലാന്വേഷണത്തിന് ശേഷം പത്രപ്രവർത്തകൻ
ചോദിച്ചു.
“ആരാണ് മാഷെ വിദഗ്ധതൊഴിലാളി? ആരാണ്
അവിദഗ്ധതൊഴിലാളി?”

മാഷുടെ മുഖം ചുവന്നു; ആ ചോദ്യത്തിലെ മുന
കൊണ്ടിട്ടെന്നപോലെ.
പ്രതിപക്ഷഭീഷണനാണല്ലോ!
“അണുശക്തി കമ്മീഷൻ ചെയർമാൻ
മുടിമുറിക്കാനിരിക്കുമ്പോള്‍
അണുശക്തികമ്മീഷൻ ചെയർമാൻ
അവിദഗ്ധതൊഴിലാളിയും മുടിമുറിക്കുന്ന ആൾ
വിദഗ്ധതൊഴിലാളിയും ആകുന്നു!”


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image