തിരുമനശ്ശേരി കോതയത്ത് മനയുടെ തെക്കെ മുറ്റത്തിനരികെ പുരാതനമായൊരു മരമുണ്ട്. ശാഖകളോ ഇലകളോ ഇല്ലാത്ത ഒറ്റത്തടി. അതിന്റെ വംശപ്പെരുമയും യൗവ്വനവും എന്നേ നഷ്ടമായിരുന്നു. എന്നിട്ടും മുഖത്തും മേനിയിലും മൂടിയൊലിച്ച് ഇത്തിള്‍ കണ്ണിക്കൂട്ടം അതിനെ സംരക്ഷിച്ചു പോന്നു. സംഭവ ബഹുലമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി ചിരഞ്ജീവിയാകാന്‍ പ്രകൃതി നിയോഗിച്ച പേരില്ലാമരം!
ഇതെന്തു മരം? നാട്ടിലെ മുത്താശാരിമാര്‍ ഇത്തിള്‍  കണ്ണി വകഞ്ഞുമാറ്റി അതിന്റെ നെഞ്ചില്‍ ചെവി ചേര്‍ത്തു. വരിക്ക പ്ലാവാണെങ്കില്‍ അകത്ത് പാണ്ടിയും പഞ്ചാരിയും മുഴങ്ങണം. അരയാലാണെങ്കില്‍ ഓങ്കാരം. ഈ മരം അതൊന്നുമല്ല. അതിന്റെ നട മുറിച്ചു കടക്കുന്നവര്‍ വിനയപൂര്‍വ്വം കയ്യിലെ ആയുധങ്ങള്‍ ഒളിച്ചു പിടിച്ച് മരത്തെ വന്ദിച്ചു. കാലത്തിന്റെ ഓരം പറ്റി നിന്ന് മരം ഒരുപാട് കാഴ്ചകള്‍ കണ്ടു അനുഭവിച്ചു.
മരവും പുഴയും ഒരുപോലെ! രണ്ടും വേരുകളില്‍ തുടങ്ങുന്നു. ഒഴുകുന്നു ഉടലില്‍ നിന്ന് ശാഖകള്‍ പിരിയുന്നു.
ബുദ്ധന് ജ്ഞാനക്കുട പിടിച്ച ദേവവൃക്ഷം. കിളിപ്പാട്ട് കേട്ട് ജൈവസിദ്ധമായ കയ്പ് ത്യജിച്ച തുഞ്ചന്റെ കാഞ്ഞിരം. തിരുപ്പിറവി കണി കാണുന്ന കോണിഫറസ് മരങ്ങള്‍, ശൈത്യകാലത്ത് കണ്ണീരൊടുങ്ങാത്ത യൂറോപ്പിലെ വില്ലോ മരങ്ങള്‍. ചരിത്രത്തിന് സാക്ഷിയും സ്വയം  ചരിത്രമാകുന്ന ജ•ങ്ങള്‍! നൊബേല്‍ ജേതാവാ പോര്‍ച്ചുഗലിലെ സരമാഗുവിന്റെ അച്ഛന് മരങ്ങളോട് സഹജതാദാത്മ്യമായിരുന്നു. അദ്ദേഹം മരങ്ങളോട് സംസാരിച്ചു. മരക്കൊമ്പുകളില്‍ ഉറങ്ങി. അവസാനം ഗാഢമായ അശ്ലേഷത്തില്‍ നിന്നും സ്വയം വിരമിച്ച് മരങ്ങള്‍ ഓരോന്നായി അദ്ദേഹത്തെ മരിക്കാന്‍ അനുവദിച്ചു.
ഒരുപാട് കുടിയാ•ാര്‍ ഈ പേരില്ലാ മരത്തിന്റെ ചുവട്ടില്‍ നിന്ന് മനയെ തൊഴുതിട്ടുണ്ടാകും. വിള പിഴച്ചതിന് നിരവധി പേരെ ഇതേ മരത്തിയില്‍ കെട്ടിയിട്ടുട്ടുണ്ടാകും. കുടിയൊഴിപ്പിക്കപ്പെട്ട അമ്മുണ്ണേ്യടത്തിയും കുഞ്ഞും ഒരു രാത്രി മുഴുവനും കരഞ്ഞു വെളുപ്പിച്ചത് ഈ മരം മഞ്ഞിലാണ്. ചിരഞ്ജീവിയാകാന്‍ ശപിക്കപ്പെട്ടതാണീ മരം. ചിരഞ്ജിവിക്ക് മറ്റുള്ളവരുടെ ദുരന്തങ്ങള്‍ സ്വന്തം ജ•-ദു:ഖത്തേക്കാള്‍ വലുതല്ല.
ഒഴുകുന്ന കാലത്തിന് അയിത്തം തീണ്ടാതിരിക്കാനായി പേരില്ലാമരത്തിന്റെ ഓരത്തെ വിശാലമായ മുറ്റം കൃത്യമായ ഇടവേളകളില്‍ ചാണകം മെഴുകിയിടാറുണ്ട്. എത്രയെത്ര ആഘോഷങ്ങള്‍! കളംപാട്ടു കള്‍! താലപ്പൊലികള്‍! മാറ് മറയ്ക്കാത്ത പെണ്‍കിടാങ്ങളുടെ മുലകളില്‍ പ്രതിഫലിക്കാന്‍ നെഞ്ചോടു ചേര്‍ത്ത താലങ്ങളിലെ സ്വര്‍ണ്ണനാളങ്ങള്‍! താലപ്പൊലി കണ്ടുപിടിച്ചവര്‍ക്ക് കള്ളച്ചിരി കൊണ്ട് നന്ദി രേഖപ്പെടുത്തിയിട്ടുണ്ടാകും, ഇല്ലത്തെ മാടമ്പിമാര്‍.
കോതയത്ത് മനയ്ക്കലെ അന്തേവാസികള്‍ക്ക് സന്തതികള്‍ ഉണ്ടാകില്ലെന്ന് മറ്റാരെക്കാളും മുമ്പ് പേരില്ലാമരത്തിന് അറിയാമായിരുന്നു. ഇരുനൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭ്രഷ്ടാക്കി കെട്ടിയിട്ട ഇല്ലത്തെ ഗര്‍ഭിണിയായ പെണ്‍കിടാവിന്റെ പൊരിയുന്ന പ്രാണനില്‍ നിന്നാണ് മരം വായിച്ചെടുത്തത്.
വീര്‍ത്ത വയറില്‍ മരത്തോട് ചേര്‍ന്ന് കയര്‍ മുറുകിയപ്പോള്‍ പിറന്നു വീണ ഇല്ലത്തെ ശപിക്കാന്‍ മറന്നുപോയ പെണ്‍കിടാവിനു വേണ്ടി ആ കൃത്യം ചെയ്തത് പേരില്ലാമരമായിരുന്നു. കയര്‍ പൊട്ടിച്ച് ഓടാനും മരം കൂട്ടു നിന്നു. അവര്‍ നിലവിളിച്ച് ഇല്ലപ്പറമ്പ് വിട്ടോടി. കല്ലും കുന്തവുമായി പിന്തുടര്‍ന്നവരെ പിന്നിലാക്കി ഗോവിന്ദന്റെ തറവാടായ മാഞ്ചോരത്ത് ചെന്ന് അഭയം യാചിച്ചു. വാതിലുകള്‍ കൊട്ടിയടച്ച് അവിടുത്തെ മുത്തശ്ശി പിന്തുടര്‍ന്നവരോടു പറഞ്ഞു: അതാപോണൂ..........പിടിച്ചോളിന്‍.
നിറഞ്ഞ വയറുമായി അവള്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് ഓടി. ഓടാന്‍ വയ്യാണ്ടായപ്പോള്‍  അഭയമായി ഒരു പൊട്ടകിണര്‍ കണ്ടു. കിണറിന് പൂജ്യത്തിന്റെ മുഖഛായ കണ്ടു. പൂജ്യത്തിലൂടെ അതിന്റെ ആഴത്തിലേക്ക് എടുത്തു ചാടി. കിണറ്റില്‍ നിന്നും ആക്രോശമുയര്‍ന്നു: കൊല്ല്......എന്നെകൊല്ല്!
കരയില്‍കൂട്ടി ഇട്ടിരുന്ന പച്ചത്തേങ്ങകള്‍കൊണ്ട് നമ്പൂതിരിമാര്‍ പ്രഹരം തുടങ്ങി. ഒരു തോളില്‍ ഏറുകൊള്ളുമ്പോള്‍മറ്റേതോളിലും എറിയാനായി അവള്‍ കെഞ്ചി. അതുപോലെ തകര്‍ന്ന ശിരസ്സിലേക്ക് മുതുകിലേക്ക്. മറ്റൊരു ജീവന്‍ സ്പന്ദിക്കുന്ന ഉദരത്തിലേക്ക്. 
എറിഞ്ഞെറിഞ്ഞ് തേങ്ങകള്‍ തീര്‍ന്നു പോയി. കിണറ്റില്‍ തേങ്ങകള്‍ക്ക് അടിയില്‍ നിന്ന് പിഴച്ചപെണ്‍കിടാവിന്റെ ശബ്ദം കേള്‍ക്കാതായി. ഉടല്‍ മൂടിയ തേങ്ങകള്‍ ജീവന്റെ അവസാനത്തെ അനക്കങ്ങളുടെ കൂറെടുത്ത് ഇരിപ്പുറയ്ക്കാതെ വിറ കൊണ്ടു.
ഈ കഥ മറക്കാന്‍ മാഞ്ചോരത്തെ നാണി മുത്തശ്ശി ആരെയും അനുവദിച്ചില്ല. കൊടിയാഴ്ചകളില്‍ അര്‍ദ്ധരാത്രിയായാല്‍ അവര്‍ ചോദ്യം തുടങ്ങും: അതാ പോണൂന്ന് പറഞ്ഞിലേ്യ! കൂപത്തിലിട്ട് എറിഞ്ഞു കൊന്നിലേ്യ! ചോദ്യങ്ങള്‍ തലമുറകളിലൂടെ ആവര്‍ത്തിക്കപ്പെടാനായി ഗോവിന്ദന്റെ മുത്തശ്ശിമാര്‍ ദീര്‍ഘായുസ്സുള്ളവരായി. അരും കൊല നടന്ന വളപ്പിന് കൊല്ലവളപ്പ് എന്ന പേരും കിട്ടി.
പേരില്ലാമരത്തിന്റേ നൊമ്പരത്തില്‍ തൊട്ട് ഇത്തിള്‍ക്കണ്ണികള്‍ ഇടക്കെല്ലാം പൂത്തു.
ഈ കഥ ഗോവിന്ദന് പറഞ്ഞു കൊടുക്കാന്‍ ഓപ്പോള്‍ക്ക് ഒരു പാട് രാത്രികള്‍ വേണ്ടി വന്നു. എന്നിട്ടും കഥ തീര്‍ന്നു എന്ന് പറയാന്‍ വയ്യ. ഒരു പക്ഷേ, രാത്രികള്‍ തീര്‍ന്നാലും കോതയത്ത് മനയ്ക്കലെ പെണ്‍കിടാവിന്റെ കഥ തീരുമായിരിക്കില്ല. ഇരുനൂറോളം വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കഥ  ഒരു ധര്‍മ്മവും നിര്‍വ്വഹിക്കില്ലെന്ന് അപ്പുച്ചെട്ടിയുടെ കാളവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ഗോവിന്ദന് തോന്നി. ഓര്‍മ്മകള്‍ വികാരിമായി കഴിഞ്ഞിരുന്നു. മായ്ക്കാനാവില്ല. ഓര്‍ക്കാനും വയ്യ. കാളവണ്ടി ഇപ്പോള്‍ ആലിന്‍ കൂട്ടത്തിലൂടെയുള്ള ഇറക്കത്തില്‍ മാഞ്ചോരത്ത് വീടിനടുത്താണ്. 
ചരിത്രത്തിന്റെ ഗ്രന്ഥിയില്‍ ചോരയും കണ്ണീരുമുണ്ട്. ഉചിതമായ നേരത്ത് പില്‍ക്കാല ജ•-പരമ്പരകളിലെത്താന്‍ അത് പൊട്ടിയൊഴുകുന്നു. രക്തബന്ധത്തിന്റെ ചാലിലൂടെ ഇരുനൂറു വര്‍ഷം പുറകോട്ട് നടന്നാല്‍ ഗോവിന്ദന് പിഴച്ച പെണ്‍കിടാവിലെത്താം. അച്ഛന്റെ ഇല്ലത്തേതാണവള്‍. കൊല ചെയ്യുന്നതിന് തൊട്ട് മുമ്പ് ഇത്തിരി കരുണയ്ക്കായി യാചിച്ചത് അമ്മയുടെ തറവാട്ടിലും. അവളുടെ ചോദ്യം ഗോവിന്ദനു മാത്രം കേള്‍ക്കാം- നാളികേരം കൊണ്ട് എറിഞ്ഞുകൊന്നില്ലേ?
ആലിന്‍ കൂട്ടത്തിലൂടെ നീണ്ടുപോകുന്ന ഊടുഴിയും കാളവണ്ടിയുടെ പ്രകമ്പനവും കാളകളുടെ കുടമണിയുടെ അച്ചടക്കമില്ലായ്മയും അവനെ അസ്വസ്ഥനാക്കി. പെണ്‍കിടാവ് കെട്ടു പൊട്ടിച്ച് മരണത്തിലേക്ക് ഓടിയത് ഇതുവഴിയാണ്. ഇരുനൂറ് വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്നും അവള്‍ അപ്പുച്ചെട്ടിയേയും താമിയേയും തിരിച്ചറിയുന്നില്ല. അറിയേണ്ട കാര്യവുമില്ല. അറിയുന്നത് ഗോവിന്ദനെ മാത്രം.
ആവശ്യത്തിലധികം ബഹളമുണ്ടാക്കിയതിന് കുടമണികളെ അപ്പുച്ചെട്ടി ശാസിച്ചു. അവ പെട്ടെന്നു തന്നെ നാവടക്കി. കാളവണ്ടി ഊടുവഴിവിട്ട് പുല്‍പ്രദേശത്തേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.
ഓപ്പോളുടെ നിര്‍ദ്ദേശപ്രകാരം അമ്മമ്മയെ തേടി ഇറങ്ങിയതാണ് ഗോവിന്ദന്‍. ആരും കാണാതെ കാലത്ത് ഇറങ്ങപ്പോയതാണവര്‍. ചിലപ്പോള്‍ തറവാടായ മാഞ്ചോരത്തുണ്ടാകും. സന്ധ്യയ്ക്കു മുമ്പ് അവരെ കൂട്ടി തിരിച്ചു പോണം. അമ്മാവന്‍ വീട്ടീലുണ്ടെന്ന് പറഞ്ഞാല്‍ ഭയന്ന് കൂടെ വരും. പക്ഷേ അവര്‍ മാഞ്ചേരത്ത് എത്തിയിട്ടില്ല.  ഇനി എവിടെ അനേ്വഷിക്കണമെന്ന് ചിന്തിച്ചു നിന്നപ്പോഴാണ് അപ്പുച്ചെട്ടിയുടെ തേര്‍ പ്രത്യക്ഷപ്പെട്ടത്.
വറ്റി വരണ്ട ഭാരതപ്പുഴയും കടന്ന് മല്ലൂര്‍ കടവ വഴി ദേശാടനത്തിന് ഇറങ്ങിയതാണയാള്‍. ഉച്ചക്കഞ്ഞി താമിയുടെ വീട്ടില്‍. പകരം രസകരമായ സ്വന്തം സഞ്ചാര കഥകള്‍ അയാള്‍ വീട്ടുകാര്‍ക്ക് കൊടുത്തു. കൊല്ലവളപ്പിന് താഴെ കൊയ്‌തൊഴിഞ്ഞ പാടത്ത് കഥകളിയുണ്ട്. ദേശാടനത്തിനിടെ അതൊന്ന് കാണണം. അയാളുടെയും താമയിയുടെയും ലോകത്ത് പ്രവേശിക്കാനായി ഗോവിന്ദന്‍ ചോദിച്ചു: അപ്പാച്ചെട്ടിക്ക് കഥകളിയൊക്കെ കണ്ടാല്‍ മനസ്സിലാവ്വോ? കുട്ടേ്യ.....അയാള്‍ പറഞ്ഞു-മനസ്സിലാവ്വോ നോക്കാനാണ് അപ്പൂപ്പന്റെ ശ്രമം. അയാള്‍ മറന്നു പോകാതിരിക്കാന്‍ പറഞ്ഞു നിര്‍ത്തിയ കഥയിലേക്ക് തന്നെ താമി ശ്രദ്ധക്ഷണിച്ചു. എന്നിട്ടോ അപ്പേ്വാട്ടാ....?
ന്നിട്ടെന്താ! തൃശ്ശൂര്‍ പൂരപ്പറമ്പില്‍ ഉപേക്ഷിച്ച സ്ഥലത്തു നിന്നു അയാള്‍ക്ക് കഥയുടെ തുമ്പു കിട്ടി.വെടിക്കെട്ടു വരെ ഒന്നു മയങ്ങാമെന്ന് ഞാന്‍ തീരുമാനിച്ചു. ഉടുമുണ്ടഴിച്ച് പുതച്ച് ഒരു കടത്തിണ്ണയില്‍ കിടക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ചില്ലറ മുണ്ടിന്റെ കോന്തലയ്ക്കല്‍ കെട്ടിയിട്ടു. ഉറക്കം പിടിച്ചതും ആരോന്റെ മുണ്ടഴിച്ച് ഒറ്റ ഓട്ടം അപ്പോളോ.......കഥയുടെ അന്ത്യത്തിലെത്താന്‍ താമി തിടുക്കപ്പെട്ടു. അയാള്‍ തുടര്‍ന്നു: അപ്പോ ന്താ...... അടുത്തു കിടന്നിരുന്ന മറ്റൊരുത്തന്റെ പിന്നാലെ വന്ന് വഴക്കായി. ഒന്നും ഉടുക്കാതെ ന്റെ പിന്നാലെ ഓടി, ആ ഞാന്‍ കുറ്റിപ്പുറത്ത്ന്ന് വര്ാ. ഉടുമുണ്ടില്ലാണ്ടെ ഇത്രയും ദൂരംഞാന്‍ വരും ന്ന് ങ്ങക്ക് തോന്ന്ണ്ണ്ടാ? മറ്റയാള്‍ പറഞ്ഞു: ഇതേന്റെ അമ്മാമടെ മുണ്ടാ. ചോന്ന കരയുള്ളത്. ന്നാ, കേട്ടോളിന്‍ മുപ്പരേ, ചോന്ന കരയുള്ളമുണ്ട് കുറ്റിപ്പുറത്തും കിട്ടും. അത് ശരിയാണെന്ന് ധരിക്കാന്‍ മാത്രം ദുര്‍ബ്ബലനായിരുന്നു മറ്റയാള്‍. ഉടുമുണ്ട് ന്യായത്തിന് വിട്ട് ആ പാവം അപ്പുച്ചെട്ടി സമ്മാനിച്ച നഗ്നത സ്വീകരിച്ചു. എന്നിട്ട് പുരുഷാരം വെടിക്കെട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അവരുടെ കാഴ്ചയുടെ നിഴലിലൂടെ പൂരപ്പറമ്പ് വിട്ടു.
അപ്പേ്വട്ടാ.....താമി അഭിപ്രായപ്പെട്ടു, ന്നാലും ങ്ങള് ചെയ്തത് ഇത്തിരി കടുപ്പായി. അതിനുത്തരമായി രണ്ടു കാളകളും അകാരണമായി അടി കൊണ്ടു.
അപ്പുച്ചെട്ടിക്ക് കഥകളി കാണാനുള്ള മോഹമുണ്ടായത് അയാള്‍ക്ക് പറ്റിയ ഒരു അമ്മളിയില്‍ നിന്നാണ്. അറുപത്തി നാല് ആണുങ്ങളെ പ്രാപിച്ച സുന്ദരിയായ കുറിയേടത്തു താത്രി എന്ന അന്തര്‍ജ്ജനം പങ്കെടുക്കുന്ന കഥകളി എന്നാണ് ആദ്യം കേട്ടത്. വഴിയില്‍ വെച്ച് ആരോ തിരുത്തി. താത്രി പിഴച്ചവളാണെന്നും, അറുപത്തിനാലില്‍പ്പെട്ട കാവുങ്ങല്‍ ശങ്കരപ്പണിക്കരുടെ സംഘമാണ് കഥകളി അവതരിപ്പിക്കുന്നതെന്നും. അപ്പോള്‍ അന്തര്‍ജ്ജനം വരുന്നില്ല! എങ്കില്‍ ശങ്കരപ്പണിക്കരെ കാണാം. നാടുകടത്തപ്പെട്ടവന്‍. ഇല്ലങ്ങളെ ധിക്കരിച്ച് ശൂദ്ര•ാരുടെ പാടത്ത് കിരീടം വച്ച് അലറുന്നവന്‍. അദ്ദേഹത്തെപ്പറ്റി കേട്ടപ്പോള്‍ തന്നെ അയാള്‍ക്ക് ബഹുമാനമായി. അതുവരെ തോന്നാത്ത ആവേശം ഗോവിന്ദനും ഉണ്ടായി. അമ്മമ്മ വീട്ടിലേക്ക് വരുമ്പോള്‍ വരട്ടെ.
പണിക്കരുടെ കൂടെ കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരാണയന്‍നായര്‍, ആശാരി കോപ്പന്‍ നായര്‍, കോട്ടപ്പടി മാധവപണിക്കര്‍, ചെറിയ ചാത്തുണ്ണി പണിക്കര്‍ തുടങ്ങിയ പ്രമുഖരുമുണ്ട്. കളിക്കുള്ള ചിലവ് അരങ്ങുപണമായി ആറുരൂപ. മാഞ്ചേരത്തു നിന്ന് ചൂടുള്ള കഞ്ഞിയോടൊപ്പം എരിവുളള ഉള്ളിച്ചമന്തി കൂട്ടി യഥേഷ്ടം വിയര്‍ക്കുകയുമാകാം!
സദസ്സില്‍ നമ്പൂതിരിമാര്‍ ആരുമില്ല. വന്നവരെല്ലാം തന്നെ കുറിയേടത്ത് താത്രിയുടെ നായകനെ കാണാനെത്തിയവരാണ്. ബ്രാഹ്മണരില്ലാത്തതിനാല്‍ പെരുമാറ്റത്തിലും സംസാരത്തിലും മറ്റും സദസ്യര്‍ ഇഷ്ടം പോലെ സ്വാതന്ത്ര്യം ആഘോഷിക്കുന്നുണ്ടായിരുന്നു. മേല്‍ ജാതിക്കാര്‍ക്ക് ഇടയില്‍ കീഴാളര്‍ പാലിക്കേണ്ട അതീവ ജാത്രകളുണ്ട്. ശബ്ദഘോഷങ്ങളും സംജ്ഞകളുമുണ്ട്. വെറ്റിലയുടെ ശൂദ്രനാമം പഴുത്തില, അടയ്ക്കയ്ക്ക് കമുകിന്‍ കായ്. ഞെട്ടിയാണ് പുകയില. ചുണ്ണാമ്പിന് വെളുത്തത്. ഭാഷ കേള്‍ക്കുമ്പോള്‍ തന്നെ അയിത്തം മണക്കണം.
എല്ലാവരുടെയും ശ്രദ്ധ കാവുങ്ങള്‍ ശങ്കരപ്പണിക്കരിലാണ്. ചുവന്ന താടിയായി അലറി രംഗവും സദസ്സും ഇളക്കി മറിച്ചക വളപ്പാറ നാരായണന്‍ നായരെയും, തോരണ യുദ്ധത്തില്‍ ഹനുമാനായി വന്ന് മരക്കൊമ്പുകള്‍ കുലുക്കിയ ആശാരി കോപ്പന്‍ നായരെയും മറികടന്ന് സാധാരണക്കാര്‍ക്കിടയില്‍ താരാമായിക്കഴിഞ്ഞ കാവുങ്ങള്‍ പണിക്കാരിലേക്ക്. കഥകളിക്ക് ശേഷം കുളക്കടവില്‍ കീചകന്റെ വേഷം അഴിക്കാതെ താത്രിയോടു ചേര്‍ന്ന് ആടിയതിന് ഭ്രഷ്ടിന്റെ അകലങ്ങളിലേക്ക് തെറിച്ചു വീണ മഹാനടനിലേക്ക്. അയാള്‍ വൃദ്ധനായിക്കഴിഞ്ഞിരുന്നു. തല വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
നേരം പുലര്‍ന്നപ്പോഴാണ് കളി തീര്‍ന്നത്. ഇതൊന്നു മറിയാതെ രണ്ടു സ്ത്രീകള്‍ പാടത്ത് തഴപ്പായില്‍ കിടന്നുറങ്ങുന്നു. ഗോവിന്ദന്‍ അവരെ തിരിച്ചറിഞ്ഞു. അമ്മമ്മയും, അമ്മുണ്ണേ്യടത്തിയും! 

**************************************************

മദിരാശി യൂത്ത് ലീഗ്‌സമ്മേളനത്തില്‍ എം.എന്‍.റോയിയുടെ പ്രസംഗമുണ്ടെന്ന ്കണ്ണിമേഠയില്‍ ചെന്നപ്പോള്‍ രാജാബാദര്‍ പറഞ്ഞു.വരണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.
രാജാബാദര്‍ റോയിയെ കുറിച്ച് ശരിക്കും പഠിച്ച ആളാണ്. യൂറോപ്പിലെ വിപ്ലവങ്ങള്‍ക്ക് ലെനിന്‍ നല്‍കിയ അത്രയും സിദ്ധാന്തപരമായ സംഭാവന കൊളോണിയന്‍ നാടുകളിലെ വിപ്ലവമാര്‍ഗ്ഗങ്ങള്‍ക്ക് റോയി നല്‍കിയിട്ടുണ്ട്.ഈ വിഷയത്തില്‍ സ്റ്റാലിനെയും, ട്രേഡ്‌സ്‌കിയെയും, ലെനിനെയും അതിശയിപ്പിക്കുന്ന ക്രാന്തദര്‍ശിത്വമാണ് റോയി പ്രദര്‍ശിപ്പിച്ചത്. ചൈനയിലും മറ്റും പില്ക്കാലത്ത് സംഭവിച്ച വിപ്ലവമാര്‍ഗ്ഗങ്ങളെ ആയിരത്തി തൊള്ളായിരത്തി ഇരുപതില്‍ തന്നെ റോയി പ്രവചിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം സമ്മേളനത്തില്‍കൊളോണിയന്‍ നാടുകളിലെ വിപ്ലവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ലെനിന്റെ നിര്‍ബന്ധ പ്രകാരം അനുബന്ധ തീസിസായി സ്വീകരിക്കപ്പെട്ടു. മാവോയുടെ പേരില്‍ പ്രചരിച്ച പുതിയ ജനാധിപത്യം, കര്‍ഷകര്‍ക്ക് കമ്മ്യൂണിസത്തിലുള്ള സ്ഥാനം, ജനാധിപത്യ വിപ്ലവത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീരിക്കേണ്ട നിലപാട് എന്നിവയുടെ മൂലം ബംഗാളിലെ കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന നരേന്ദ്രഭട്ടാചാര്യ എന്ന മാനവേന്ദ്രനാഥ് റോയിയാണ് കുറിച്ചത്.
പ്രസംഗം കേള്‍ക്കാന്‍ തീര്‍ച്ചയായും താനെത്താമെന്ന് ഗോവിന്ദന്‍ വാക്കു കൊടുത്തു. 'ഇന്ന് ഏത് വഴിക്കാ, തെണ്ടാന്‍ പോണ്?'
അമ്മ ചോദിച്ചു. ഉത്തരത്തിന് കാക്കാതെ അവര്‍ വാ മൂടിയ ഒരു പാത്രം കൊടുത്തു. തിളച്ച എണ്ണയില്‍ കുളിച്ചു കയറിയ എന്തോ പലഹാരമാണ്.
'പോണ വഴിക്ക് ഇത് ആ കൊഴലൂത്തുകാരന് കൊടക്ക്. പാവം!'
അമ്മ പറഞ്ഞ കുഴലൂത്തുകാരന്‍, ബഞ്ചമിന്ദേവ സഹായം, സെന്റ് തോമസ് മൗണ്ടിലെ പോലീസ് ആസ്ഥാനത്ത് ബ്യൂഗ്ലര്‍ ആയിരുന്നു. ഗോവിന്ദന്‍ ചെന്നപ്പോള്‍ അയാള്‍ പലഹാരപ്പാത്രം പ്രതീക്ഷിച്ചിരിക്കുകയായിരുന്നില്ല.തീര്‍ത്തും അന്ധനായ അയാള്‍ പോലീസ ്ആസ്ഥാനത്തെ പ്രധാന ഗോപുരത്തില്‍ നിന്നും വരുന്ന ബ്യൂഗിളിന്റെ നാദത്തിന് കാതോര്‍ക്കുകയായിരുന്നു.
മെല്ലെയാണ് അയാളുടെ കാഴ്ച കെട്ടുപോയത്. ആദ്യം ഇടത് കണ്ണ് പിന്നീട് മറ്റേതും. മദ്രാസ് പ്രസിഡന്‍സിയുടെ ആസ്ഥാനത്ത് ഇരുപത് വര്‍ഷം ബ്യൂഗ്ലറായിരുന്നു. ദേവസഹായം ഈ കാലമത്രയും അയാള്‍ ബ്രിട്ടീഷ് പതാകയെ പള്ളിക്കുറപ്പുണര്‍ത്തി. ബ്യൂഗ്ലിളിന്റെ ഉണര്‍ത്തുപാട്ട് കേട്ട്, കൊടിമരത്തെ സാഷ്ടാംഗമുഴിഞ്ഞ്, മൊട്ടായി കൂമ്പിയ യൂനിയന്‍ ജാക്ക് എന്ന ബ്രിട്ടീഷ് പതാക അരിച്ചരിച്ച്  ശിഖരത്തില്‍ എത്തുമ്പോഴേക്കും ഇതളുകള്‍ വിരിഞ്ഞ് പൂര്‍ണ്ണമാകണം. അപ്പോള്‍ പ്രഭാതത്തിന് ഇരുട്ടും വെളിച്ചവും ചേര്‍ന്ന കരിമ്പഴുക്കനിറമായിരിക്കും. പരിചിതമായ ആകാശത്ത് വിരിഞ്ഞു കഴിഞ്ഞാല്‍ പതാകയുടെ ചരട് മുറുക്കിക്കെട്ടി വൃത്തിയായി അഭിവാദ്യം ചെയ്യേണ്ടതുണ്ട്. ഒരു ദിവസത്തെ കൂടി മംഗളകരമായി തുറന്നു കൊടുത്ത ചാരിതാര്‍ത്ഥ്യത്തോടെ ഗാര്‍ഡുമാര്‍ഡ്യൂട്ടി മുറിയിലേക്ക് മടങ്ങുന്നു. ഇരുന്നു കൊണ്ട് അല്പംകൂടി മയങ്ങാന്‍ നേരമുണ്ട്. മുകളിലെ പുളിമരത്തില്‍ കിളിക്കൂട്ടം വന്നിരിക്കും വരെ.
കുതിര വണ്ടിയില്‍ ആദ്യം ഗേറ്റ് കടന്നു വരുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ പുഞ്ചിരിയുടെ പാതി ദേസഹായത്തിന്റെ ബ്യൂഗിളന് അവകാശപ്പെട്ടതാണ്. 

ഇടതു കണ്ണിലെ തിരി കെട്ടപ്പോള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സായിപ്പ് ദേവഹായത്തെ ആശ്വസിപ്പിച്ചു. ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിച്ചു. എങ്കില്‍ അങ്ങിനെയാകട്ടെ എന്ന് ദേവസഹായം കരുതി. ഒരു നാള്‍ സെന്റ് മൗണ്ടില്‍ ഇന്ത്യയുടെ ഉയിരില്‍ തൊട്ട് മറ്റൊരു ദേശീയ പതാക ഉയരും. അന്ന് ഇതേ കൊടിമരത്തില്‍ നാല്പത് കോടി ജനങ്ങള്‍ക്കായി സ്വാതന്ത്ര്യത്തിന്റെ മഴവില്ല് ഞാത്തിയിടുമ്പോള്‍ രോമാഞ്ചത്തോടെ കുഴല്‍പ്പാട്ടു പാടാന്‍ ഒറ്റക്കണ്ണനായ താനുണ്ടാകണം. അതെന്നാണ്? ഏറെ വ്യാകുലപ്പെട്ട് സുബ്രഹ്മണ്യ ഭാരതീയാര്‍ ചോദിച്ച അതേ ചോദ്യം:

'എന്റു തണിയും ഇന്ത ചുതന്തിര ദാഹം? എന്റു മടിയും എങ്കള്‍ അടി മൈയിന്‍ മോഹം? എന്റ് എമത് അന്നൈ കൈവിലങ്കുകള്‍ പോകും? എന്റ് എമത് ഇന്നല്‍കള്‍ തീര്‍ന്ത് പോയ് ആകും?'
ഒരു നാള്‍ പുളിമരത്തിന് മുകളില്‍ പകല്‍ കത്തി നില്ക്കുമ്പോള്‍, അയാള്‍ സാര്‍ജന്റിനെ ഫ്‌ളാഗ് റിട്രീറ്റിന് ക്ഷണിച്ചു. അസ്തമയത്തില്‍കൊടി കൂമ്പിയിറങ്ങുന്നതു കാണാന്‍ എത്താറുള്ള കിളിക്കൂട്ടം ഇരതേടി തീര്‍ന്നിരുന്നില്ല. ദേവസഹായം ധൃതിപ്പെട്ട് റീട്രീറ്റ് വായിച്ചു. അങ്ങനെ ബ്രിട്ടീഷ് പതാക അപമാനിക്കപ്പെട്ടു. അസ്തമിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‌ക്കേ ബ്രിട്ടീഷ് സൂര്യന് ഒരിന്ത്യാക്കാരന്റെ ചരമഗീതം!
ദേവസഹായത്തെ വലതു കണ്ണും ചതിക്കുകയായിരുന്നു. ജോലിയില്‍ നിന്നും പുറത്തായ അയാളെ അസിസ്റ്റന്റ് കമ്മീഷണര്‍ സായിപ്പ് തന്നെ ദയാവായ്‌പോടെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. ബ്യൂഗിളുമായി കുതിര വണ്ടിയില്‍ നിന്നിറങ്ങാന്‍ കൈപിടിച്ച് സഹായിച്ചു. അയാള്‍ക്ക് പകരം മകന്‍ അരുള്‍ ദേവസഹായത്തെ നിയമിക്കുകയും ചെയ്തു.

ദേവസഹായം തപ്പിത്തടഞ്ഞ് ചെറിയാച്ഛന്റെ ക്വാര്‍ട്ടേഴ്‌സില്‍ വരാറുണ്ട്. കൈയിലെപ്പോഴും പഴയ ബ്യൂഗിളുണ്ടാവും. തിരുനെല്‍വേലിക്കാരനായ അയാള്‍ക്ക് മലയാളം കുറച്ചൊക്കെ വശമാണ്. നാട്ടുകാരനായ സുബ്രഹ്മണ്യ ഭാരതിയുടെ കവിതകളും പേരക്കുട്ടിയുമുണ്ട് കൂട്ടിന്. പിത്തള കൊളണ്ടുള്ള ലോട്ടയില്‍ അമ്മ അയാള്‍ക്കു കാപ്പി കൊടുക്കാറുണ്ട്.

സായിപ്പിന് ദേവസഹായത്തെ വലിയ ഇഷ്ടമാണ്. ജോലിയില്‍ നിന്ന് ഒഴിവായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം ഇടയ്ക്കിടെ ദേവസഹായത്തെ കാണാന്‍ വരും. ക്വാര്‍ട്ടേഴ്‌സിന് മുന്നിലെ മുരിങ്ങാച്ചോട്ടില്‍ എത്തുമ്പോഴേക്കും അന്ധനായ ദേവസഹായം സായിപ്പിനെ തിരിച്ചറിഞ്ഞിട്ടുണ്ടാവും.

രണ്ടു മാസത്തിലൊരിക്കല്‍ രക്തദാനത്തിനായി ജനറല്‍ ആശുപത്രിയിലേക്കു സായിപ്പിനൊപ്പം കുതിര വണ്ടിയില്‍ പോകുമ്പോള്‍ മാത്രമേ അയാള്‍ മുഖക്ഷൗരം നടത്താറുള്ളു. ഇനിയും ജീവിക്കണമെന്ന മോഹം ദേവസഹായത്തിനുണ്ടാകുന്നത് ഈ യാത്രകളിലാണ്. തന്റെ വിശേഷപ്പെട്ട രക്തത്തില്‍ വേരൂന്നി മറ്റൊരു ജീവന്‍ എവിടെയോ നിലനില്‍ക്കുന്നു.

പോലീസ് ആസ്ഥാനത്ത് കൊടിയിറക്കത്തിന്റെ അന്തിച്ചടങ്ങുകള്‍ കേള്‍ക്കാന്‍ കാതുകളെ അയച്ച് ദേവസഹായം മയങ്ങിപ്പോയിരുന്നു. കൂടെ പേരക്കുട്ടിയും. അയാളുടെ കൂട്ടം വിട്ട ഏതാനും മുടിയിഴകള്‍ പോക്കുവെയിലിന്റെ അവസാനത്തെ മഞ്ഞയില്‍ നിവര്‍ന്ന് നിന്നു വിറകൊണ്ടു. ഭാവിയിലെന്നോകൂമ്പിവിടരേണ്ട ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് താളമിടുന്നതിന്നിടയില്‍ മയങ്ങിപ്പോയ വിരലുകള്‍ മടങ്ങിയും നിവര്‍ന്നും കുഞ്ഞിന്റെപുറത്ത് വീണ് കിടക്കുന്നു. കുത്തഴിഞ്ഞ ഉടുമുണ്ടും അത് തുറന്നുവിട്ട നരച്ചുവളര്‍ന്നഗുഹൃരോമങ്ങളും അയാളുടെ കറുത്ത അരക്കെട്ടിനെ ഒട്ടൊക്കെ മറയ്ക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ പതാകയ്ക്കായി ഇതിനേക്കാള്‍ തീവ്രമായി കാത്തിരിക്കാന്‍ ആര്‍ക്കുമാവില്ല.

ദേവസഹായം ഗൂഢമായ മയക്കത്തില്‍ തന്നെയാണ്. ക്ഷീണിതനും നിസ്സഹായനുമായ അയാളുടെ തുറന്നു കിടക്കുന്ന ഗുഹ്യഭാഗത്തേക്ക് മന:പൂര്‍വ്വമല്ലെങ്കിലും നോക്കിയതില്‍ പാപബോധമുണ്ടായി, ഗോവിന്ദന് - കാഴ്ചകള്‍ ചിലപ്പോള്‍ അങ്ങിനെയാണ്.

മാനവേന്ദ്രനാഥ് റോയി പ്രസംഗിക്കുന്ന സമ്മേളനത്തിന് പോകാന്‍ വൈകുകയാണെന്ന് ഗോവിന്ദനറിയാമായിരുന്നു. എന്തു ചെയ്യാം. ദേവ സഹായത്തില്‍ നിന്നും മനസ്സിനെ പറിച്ചെടുക്കാന്‍ കഴിയുന്നില്ല.
ബോധമണ്ഡലത്തിലെ ഭാരതത്തെയാണ് റോയി പ്രസംഗത്തിലുടനീളം പരിശോധിക്കുന്നത്. ആറേകാലടി ഉയരമുള്ളഅദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ മുറിവേറ്റു കിടക്കുകയാണ് മനുസ്മൃതിയും ഹിന്ദുമത വിശ്വാസികളും. പ്രസംഗം ഒഴുകുകയാണ്. വിരല്‍ വെച്ചാല്‍ മുറിയുന്ന ഒഴുക്ക്. അദ്ദേഹം പറയുന്നു:

ഭാരതത്തില്‍ മനുഷ്യരെ മേലാളാരും, കീഴാളരുമാക്കി ആദ്യമായി ഭിന്നിപ്പിച്ചത് ആര്യ•ാരാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സമൂഹങ്ങള്‍ ഏകമതമായിരുന്നപ്പോള്‍, ഇന്ത്യന്‍ സമൂഹം ബഹുമതമായിരുന്നു. ഇവയ്ക്കിടയിലുള്ള സ്പര്‍ദ്ധ കാരണം ഓരോ മതത്തിന്റെയും പുറം തോടുകള്‍ക്ക് കട്ടി കൂടിവന്നു. ഇവിടെ ഒരു മതത്തില്‍ നിന്നും മറ്റൊന്നിലേക്ക് സാഘോഷം മാറാന്‍ കഴിയുമെങ്കിലും ഒരു ജാതിയില്‍ നിന്നും മറ്റൊന്നിലേക്ക് മാറാന്‍ നിവൃത്തിയില്ല. ഒരു പക്ഷേ, മതത്തേക്കാള്‍ കെട്ടുറപ്പാണ് ജാതിക്ക്. അതിനാല്‍ ഹിന്ദുമതത്തിലെ ജാതീയതയില്‍ നിന്നും ഒരാളെ രക്ഷപ്പെടുത്താന്‍ അയാളുടെ മരണത്തിന് മാത്രമേ കഴിയൂ. ശങ്കരാചാര്യരെ രൂക്ഷമായി വിമര്‍ശിച്ച റോയി ബുദ്ധദര്‍ശനങ്ങള്‍ക്ക് എതിരായി വളരുന്ന ശങ്കരന്റെ മായാവാദവും അദെ്വതവും ഒരു ബ്രാഹ്മണമതം സൃഷ്ടിക്കാന്‍ മാത്രം സഹായകമായി എന്നും കുറ്റപ്പെടുത്തി.

ഒരു പുതിയ ജീവിത്തിനു വേണ്ടി കൊതിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഓര്‍ക്കാനുള്ളത് ബുദ്ധപാരമ്പര്യമാണ്. ദൈവമില്ലാത്ത മതം മനുഷ്യരില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചു. ശ്രീബുദ്ധന്‍, ഇത്രയും മഹത്തായ മാനവ സ്‌നേഹം അതിന്റെ കാതലാക്കാന്‍ മറ്റൊരു മതത്തിനും ഇന്നോളം കഴിഞ്ഞിട്ടില്ല. മരണാസന്നനായ ബുദ്ധന്‍ അന്തിമോപദേശം തേടിയെത്തിയ ആനന്ദിനോട് പറഞ്ഞു: അപ്പാ ദീപോ ഭവ!

ജാതി അടിസ്ഥാനത്തില്‍ സംവരണം വേണമെന്നു പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കക്ഷി ജസ്റ്റിസ് പാര്‍ക്കിയാണ്. ഈ പാര്‍ട്ടി ആയിരത്തി തൊള്ളായിരത്തി ഇരുപതു മുതല്‍ മുപ്പത്തിയേഴുവരെ മദ്രാസ് പ്രസിഡന്‍സിയില്‍ ഭരണത്തിലുണ്ടായിരുന്നു.

റോയിക്കു മുന്നില്‍ ആരും തലകുനിക്കേണ്ടതില്ല. കുനിയേണ്ടത് അറിവിന്റെ ആറേകാലടി ഉയരമുള്ള റോയി മാത്രമാണ്. അതിന് വിനയപൂര്‍വ്വം അദ്ദേഹം തയ്യാറുമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്നും താന്‍ അതുവരെ അലഞ്ഞനേ്വഷിച്ച ഒരു സന്ദേശം കിട്ടി - ഒറ്റപ്പെട്ടാലും കുഴപ്പമില്ല!

തമിഴകത്തെ കളിക്കമ്പോളങ്ങളില്‍ സവര്‍ണ്ണനും, അധ:കൃതനും ചായകൊടുക്കാന്‍ വെവ്വേറെ ഗ്ലാസ്സുകളുണ്ട്. ഗ്ലാസ്സുകളെ വേര്‍തിരിക്കുന്ന വരമ്പുകള്‍ വളരെ ശക്തവുമാണ്. റോയി പറഞ്ഞ പലകാര്യങ്ങളും ദ്രാവിഡന്റെ ഇഴക്കമുള്ള മണ്ണിലിരുന്ന് സുബ്രഹ്മണ്യഭാരതിയും പറഞ്ഞിട്ടുള്ളതാണ്.

ദേവസഹായത്തിന് ഭാരതിയാരുടെ കവിതകള്‍ പലതും ഹൃദിസ്ഥമാണ്. ഗോവിന്ദന്‍ അയാളോട് അപേക്ഷിച്ചു: പെരിയോരേ, ആ കവിതയൊന്ന് പാടാമോ?
'ഒനക്ക് അതെല്ലാം പുരിയുമാ'?

മനസ്സിലാകും. ഇന്നു മുതല്‍ ഗോവിന്ദന് അതെല്ലാം കൃത്യമായി മനസ്സിലാകും.

ദേവസഹായം 'വിടുതലൈ' എന്ന ദേശഭക്തിഗാനം പാടി. പിന്നീടത് ഭംഗിയായി ബ്യൂഗിളില്‍ ആവര്‍ത്തിച്ചു:
-വിടുതലൈ...... വിടുതലൈ...... വിടുതലൈ,
പറയരുക്കും ഇങ്ക് തീയ്യര്‍ പുലയര്‍ക്കും -വിടുതലൈ,
പരവനോട് കുറവര്‍ക്കും, മറവര്ക്കും വിടുതലൈ,
തിറമൈ കൊണ്ട തീമൈ അറ്റ തൊഴില്‍ പുരിന്ത് യാവരും,
തേര്‍ന്ത കല്‍വി ജ്ഞാനം എയ്തിവാഴ്‌വും ഇന്തനാട്ടില്‍,
ഏഴൈ എന്റും, അടിമൈ എന്റും ഏവനുമില്ലൈ..

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഇനിയും അകലെയാണോ? അതോ, കാത്തിരിപ്പ് വളരെ നേരത്തേ തുടങ്ങിയതു കൊണ്ട് തോന്നുന്നതാണൊ? ചുതന്തിരത്തിന് ദാഹിച്ച ഭാരതിയാര്‍ ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍ മരിച്ചു പോയി. സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ബ്യൂഗിള്‍ വായിക്കാന്‍ മോഹിച്ച ബഞ്ചമിന്‍ ദേവസഹായം അന്ധനായി. ദീര്‍ഘകാലം ചികിത്സിച്ചിട്ടും, സായിപ്പ് ഇംഗ്ലണ്ടില്‍ നിന്നു പോലും മരുന്ന് വരുത്തി കൊടുത്തിട്ടും ദേവസഹായത്തിന്റെ മകന്‍അരുള്‍ മരിച്ചു പോയി. ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

രക്തദാനത്തിന്റെ ഇടവേള ഇത്തവണ നീണ്ടുപോയതിനാല്‍ ദേവസഹായത്തിന്റെ ദീക്ഷ വല്ലാതെ വളര്‍ന്നിരുന്നു. ഏതാനും വര്‍ഷങ്ങളായി പുറത്തിറങ്ങുന്നത് രക്തദാനത്തിന് മാത്രമാണ്. പോകുമ്പോള്‍ പോലീസുകാരുടെ ബൂട്ടുകളുടെ ശബ്ദവും, നഗരത്തിന്റെ ആരവവും അടങ്ങുന്ന പുറംകേള്‍വികള്‍ അനുഭവിക്കാന്‍ അയാള്‍ക്ക് കൊതിയായി. തിരിച്ചു വരുമ്പോള്‍ പാരീസ് മൂലയില്‍ നിന്നും പേരക്കുട്ടിക്ക് മിഠായികളും വാങ്ങുന്ന പതിവുണ്ട്.

സായ്പ് പറഞ്ഞു: 'നിങ്ങളുടെ മുഖത്തിന് ഇത്രയും താടി നന്നായി ചേരുന്നുണ്ട്'.
ദേവസഹായത്തിന് സംശയമായി.
'ഇനി പോകുമ്പോള്‍ താടി വടിക്കേണ്ട എന്നാണോ'?
സായ്പ് ദേവസഹായത്തിന്റെ നിര്‍ജ്ജീവമായ കണ്ണുകളിലേക്ക് നോക്കി. അന്ധത ഒരാളെ ഇത്രയ്ക്ക് നിഷ്‌കളങ്കനാക്കുമേ!
അയാളെ സ്വാന്ത്വനിപ്പിക്കാന്‍ കരുതിയിരുന്ന വാക്കുകളോക്കെ സായിപ്പ് മറന്നുപോയിരുന്നു.
'ഇനി രക്തം ആവശ്യമില്ല. ആപാവം മരിച്ചുപോയി!'
സായിപ്പ്  പറഞ്ഞൊപ്പിച്ചു.
'ആര്?'
ദേവസഹായം രക്തം കൊടുത്തിരുന്നത് ആര്‍ക്കായിരുന്നെന്ന് പറയാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സായിപ്പ് നിര്‍ബന്ധിതനായി.

'അരുള്‍. അരുള്‍ ദേവസഹായം.'
തന്റെ മകന്‍!

സായിപ്പ് ദേവസഹായത്തിന് കണ്‍കണ്ട ദൈവമാണ്. നാട്ടില്‍ പള്ളിപ്പാട്ടുമായി നടന്നപ്പോള്‍ മദ്രാസ്സില്‍ കൊണ്ടു വന്ന് ബ്യൂഗ്ലറായി പോലീസില്‍ ചേര്‍ത്തത് അദ്ദേഹമാണ്. വെറുമൊരു പരിചയത്തിന്റെ പേരില്‍. അന്നദ്ദേഹം സാര്‍ജ്ന്റായിരുന്നു. തനിക്കും കുടുംബത്തിനും വര്‍ഷങ്ങളായി അന്നവും ഇത്തിരി സ്‌നേഹവും തരുന്നതദ്ദേഹമാണ്. അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാലും അദ്ദേഹത്തെ പിരയാനുമാവില്ല. ഏറ്റവുമൊടുവില്‍, മകന്റെ മരണശേഷം, അവന്റെ ഭാര്യ മാര്‍ത്തയ്ക്ക് തൂപ്പുകാരിയുടെ ജോലി കൊടുത്തതും മറക്കാനാവില്ല.

ഇംഗ്ലണ്ടിലേക്ക് മടങ്ങാന്‍ അദ്ദേഹത്തെ അമ്മനിര്‍ബന്ധിക്കുന്നുണ്ടു പോലും പ്രാര്‍ത്തനകളെ ജീസസ്സില്‍ അര്‍പ്പിക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്. ഉപദേശത്തിന് ഒരു യാത്രാമൊഴിയുടെ ആര്‍ദ്രതയുണ്ട്.
ബ്യൂഗിളിന്റെ ഇരുമ്പാണികളില്‍ ആകെ തുരുമ്പ് കയറിയിരുന്നു. എങ്കിലെന്ത്? ഇരുമ്പിലും തുരുമ്പിലും ദൈവമുണ്ടല്ലോ! രണ്ടിനെയും കൂടെ കൊണ്ടു നടന്നിട്ടും അകാലത്തില്‍ തന്നെ ഭാര്യ മേരി പോയി. സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക കാണാനാവാതെ കാണാനാവാതെ കണ്ണു രണ്ടും കെട്ടു. തന്റെ ചോരയില്‍ നിന്ന് വേരുകള്‍ പറിച്ചെടുത്ത്, യാത്ര പോലും പറയാതെ മകനും പോയി. അയാള്‍ ബ്യൂഗിളെടുത്ത് മുറ്റത്തേക്കെറിഞ്ഞു. ഇനി ദൈവം സ്വയം കുഴലൂതി കളിക്കട്ടെ! 

പേരക്കുട്ടി അകത്തെവിടെയോ ഉണ്ട്. ദേവസഹായം ഉച്ചത്തില്‍ വിളിച്ചു.
'കണ്ണാ, ഇന്ത പക്കം വാ'
'ഇന്ന പെരിപ്പാ?'
'പെരിയപ്പാവോടെ ബ്ലേഡ് എങ്കെടാ വെച്ചിരിക്ക്?'
'ഷേവ് പണ്ണപ്പോറിങ്കളാ?'
കുട്ടി ഉത്സാഹത്തോടെചോദിച്ചു.
'ആമ, കണ്ണേ!'
'ഇണ്ണേക്ക് രത്തംകൊടുക്കപ്പോണമാ?'
'ആമാ ടാ.'
ഒരിക്കല്‍ കൂടി തപ്പി നോക്കി അയാള്‍ ഉറപ്പു വരുത്തി - തലയിണയ്ക്കടിയില്‍ ഒരു മിഠായിയുണ്ട്.
ബഞ്ചമിന്‍ ദേവസഹായത്തിന്റെ മോക്ഷഗതിക്കായി ചോരയും, പ്രാണാദി വായുക്കളും കഴുത്തിലെ മുറിപ്പാടുകളും ശരീരം വിട്ടെഴിഞ്ഞപ്പോള്‍ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട ബ്യൂഗിളില്‍ ദൈവം ലാസ്റ്റ് പോസ്റ്റ് വായിക്കുന്നുണ്ടായിരുന്നു.

അറന്നു പോയി മിഠായി വെച്ച സ്ഥലം കുഞ്ഞിന് പറഞ്ഞു കൊടുക്കാന്‍ ബഞ്ചമിന്‍ ദേവസഹായം മറന്നുപോയി!
**********************************************************
നേരം പുലര്‍ന്നിട്ടും സെന്റ് തോമസ് മൗണ്ടിലെ പോലീസ് ആസ്ഥാനത്തെ ആര്യവേപ്പ് മാത്രം ഉണര്‍ന്നിരുന്നില്ല. അതിലെ കിളികളെല്ലാം പതിവ് തെറ്റിച്ച് ഗാഢനിദ്രയിലാണ്. അയല്‍ക്കൂടുകളില്‍ നിന്നെത്തിയ കിളിക്കൂട്ടം അത്ഭുതപ്പെട്ടു. ഇതെന്തിപ്പറ്റി! മരം മാറിപ്പോയതാകുമോ? ചിറകടികളെണ്ണി ദിശയും കണിശമാക്കി വീണ്ടും വരാനായി അവതിരിച്ചുപോയി വീണ്ടും എത്തിയപ്പോഴും ആരയവേപ്പ് നിന്നുറങ്ങുകയാണ്. 
ഒടുവില്‍ വിരുന്നുകാരുടെ ചിലപ്പ് കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ആദ്യമുണര്‍ന്ന കിളി ഉറക്കച്ചടവോടെ ചിലച്ചു: ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല. എന്തൊരാഘോഷമായിരുന്നു! രാത്രിയെ പകലാക്കി ആട്ടവും പാട്ടും സല്‍ക്കാരങ്ങളും! ഉണരാന്‍ വൈകിയതില്‍ കിളിക്കൊരു ചമ്മലുണ്ണായിരുന്നു.

ആയിരത്തി തൊള്ളായിരത്തി നാല്‍പത്തിയേഴ് ആഗസ്റ്റ് പതിനഞ്ച്!

വെളിച്ചം അപ്പോഴും മടിച്ചു നിന്ന ആകാശത്തിന്റെ തമാലനീലത്തില്‍ സ്വതന്ത്ര ഇന്ത്യയുടെദേശീയ പതാക പ്രസരിച്ച് നില്‍ക്കുന്നു. കിളികള്‍ ആവേശത്തോടെ ത്രിവര്‍ണ്ണത്തില്‍ മുങ്ങിക്കുളിക്കുകയാണ്. കുഞ്ഞുങ്ങള്‍അതിലെ ശ്രീചക്രത്തിലെ നീതിസാരത്തില്‍ തൊട്ടപ്പോള്‍ മുതിര്‍ന്ന കിളിയുടെ തിര്‍വൃതിയില്‍ നിന്നുംഒരാത്മഗതമുണ്ടായി - കുഞ്ഞുങ്ങളെ, നമ്മുടെ കുലത്തോട്‌ചേര്‍ന്നു നില്‍ക്കുന്ന 'സ്വാതന്ത്ര്യം' എന്ന സംജ്ഞയെപ്പറ്റി നിങ്ങള്‍ക്കറിയാം!

കിളികള്‍കൂട്ടത്തോടെ നിലത്തിറങ്ങി. ബെഞ്ചമിന്‍ ദേവസഹായം ഇരിക്കാറുള്ള പാറാവ് മുറിക്ക് മുന്നില്‍ തലേ നാളിലെ ആഘോഷങ്ങളുടെ പൊട്ടും പൊടിയുംചിതറിക്കിടക്കുന്നു. അത് കൊത്തി പെറുക്കുമ്പോള്‍ അവയ്ക്ക് ബോധ്യമായി:സ്വാതന്ത്ര്യംമധുരമാണ്!

ആഹാരത്തിന് വഴിയില്ലാത്തവര്‍ അവര്‍ക്കാവശ്യമായ സ്വാതന്ത്ര്യത്തെ ആഹാരമെന്ന് വിളിക്കുന്നു. സ്വാതന്ത്ര്യം തുടങ്ങുന്നത് പ്രാതലോടൊപ്പമാണെന്ന് ഫ്രഞ്ച് പഴമൊഴിയും ഗോവിന്ദനോര്‍മ്മ വന്നു.സ്വാതന്ത്ര്യമില്ലാത്ത ആഹാരംകാലക്രമത്തില്‍വിഷമായിത്തീരുമെന്നും ഒരു ചൊല്ലുണ്ട്.അത്ര തന്നെ ശരിയാണ് ആഹാരം ലഭിക്കാത്ത സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്നത്'.
കുട്ടികളേ,
എന്തില്‍ നിന്നുള്ള സ്വാതന്ത്ര്യം?
ഒരു ചോദ്യം കൂടി.
എന്തിനുള്ള സ്വാതന്ത്ര്യം?

തലേന്ന് രാത്രിയിലെ ആഘോഷങ്ങള്‍ കാണാന്‍ ഗോവിന്ദനുംപോയിരുന്നു. ആഘോഷങ്ങള്‍ കണ്ടു നിന്നപ്പോള്‍ ഗോവിന്ദന് സ്വാതന്ത്ര്യത്തിന്റെ പ്രഭവസ്ഥാനമനേ്വഷിക്കണന്നെ തോന്നലുണ്ടായി. എത്തിച്ചേര്‍ന്നതോ,അറിവിന്റെ ഫലം തിന്നതു മൂലമുണ്ടായ 'അപകീത്തി'യിലും! ഏദന്‍ തോട്ടത്തിലെ വൃക്ഷങ്ങളെല്ലാം ദൈവം സൃഷ്ടിച്ചത്. ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചതും ദൈവം. അവനെ മണ്ണില്‍ നിന്നും, അവളെ അവനില്‍ നിന്നും ഭക്ഷണോല്‍പാദനത്തിന്റെയും മനുഷേ്യാല്‍പാദനത്തിന്റെയും കുത്തക യാഹോവയ്ക്കാണ്. ഭൂമിയില്‍ ഈ രണ്ട് വിദ്യയും ആദാമിനും ഹവ്വയ്ക്കും സാധിച്ചു. എങ്ങനെ? അവര്‍ അറിവിന്റെ ഫലം തിന്ന് സ്വതന്ത്രരായി. ബഹിഷ്‌കരണവും ഒറ്റപ്പെടലും അവരെ സ്വയം ഭരണത്തിലേക്ക് നയിച്ചു.

സ്വാതന്ത്ര്യം ഒരു യാത്രയാണ്. ലക്ഷ്യമല്ല തന്നെ.അത് യഹോവയുടെ പരിസരത്ത് വെച്ച് തുടങ്ങുന്നു. ഈ യാത്ര ഏറ്റവും ഒടുവിലായി ഇന്നലെ രാത്രിയിലെ പോലീസ് പരേഡ് നിലത്തെ അത്യാഘോഷങ്ങളില്‍ എത്തി നില്‍ക്കുകയാണ്.

വിശാലമായ പരേഡ് നിലത്തേക്ക് വൈദ്യുതി വെളിച്ചത്തിന്റെ പകലിനെ തുറന്നു വിട്ടിരുന്നു. അതിനാല്‍ തിരൂര്കാരനായ അവറാന് തിരക്കിനിടയിലും ഗോവിന്ദനെ കണ്ടുപിടിക്കാന്‍ എളുപ്പമായി. കാണികള്‍ക്കായി ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യമെന്നാല്‍ അവറാന് ബാപ്പയെ കണ്ടെത്തലാണ്. അദ്ദേഹത്തെ അനേ്വഷിച്ച് അജ്മീറിലും, ഹൈദരാബാദിലും, നാഗൂരിലും അലഞ്ഞശേഷം നിരാശനായി മദിരാശിയില്‍ എത്തിയയതാണവന്‍. ബ്രിട്ടീഷ് പോലീസുകാര്‍ മാപ്പിള ലഹള കാലത്ത് പിടിച്ചു കൊണ്ടു പോയതാണ് ബാപ്പയെ. കുറ്റം ചുമത്തപ്പെട്ടവരെല്ലാം ബെല്ലാരി ജയിലില്‍ നിന്ന് മോചിതരായി. നിരപരാധിയായ ബാപ്പ മാത്രം വന്നില്ല. ബാപ്പയെ സ്‌നേഹിച്ച അവറാന്‍ അലയാതിരിക്കാന്‍ വയ്യ.

അലച്ചിലിനൊടുവില്‍ വിശപ്പിനഭിമുഖമായി അവന്‍ ബാപ്പയുടെ മരുന്നുപെട്ടി തുറന്നുവെച്ചു. ഊദും ഊദിന്റെ അത്തറും വില്‍ക്കുന്ന മറ്റൊരു മലയാളിയുടെ കടയ്ക്കരികെ, പുനമല്ലിഹൈറോഡില്‍,അവന്‌ഗോവിന്ദന്‍ മദിരാശിയിലെ മലബാറാണ്, തിരൂരാണ്.നാടിന്റെ ഓര്‍മ്മവന്നാല്‍മരുന്നുപെട്ടിയടച്ച്വെപ്പേരിയിലെ കേരള സമാജത്തില്‍ ഗോവിന്ദനെകാണാനെത്തും. പത്മാവതിക്കും അവനെ വലിയ കാര്യമാണ്. അവന്റെ 'നായരേ' എന്ന വിളി ഗോവിന്ദന് കൗതുകമായി. 

അവറാന്‍ മദിരാശിയിലെത്തിയിട്ട് അഞ്ചാറു വര്‍ഷം കഴിഞ്ഞു. ഇപ്പോഴും കേരളം തന്നെയാണിഷ്ടം. ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും മദിരാശി മെയില്‍ അതിര്‍ത്തിയായ വാളയാര്‍ ചുരംകടക്കുമ്പോള്‍ അവന് കരച്ചില്‍ വരും. വീട്ടുകാരെ പിരിയുമ്പോള്‍ പോലും കരയാത്ത അവന്‍ അതിര്‍ത്തി വിടുമ്പോള്‍ നിയന്ത്രണം വിടുന്നു. കഴിഞ്ഞ പെരുന്നാളിന് നാട്ടില്‍ പോകുന്ന വഴി ഇതേ അതിര്‍ത്തിയില്‍ തീവണ്ടിക്ക് മാര്‍ഗ്ഗ തടസ്സമുണ്ടായി. ട്രാക്കില്‍ വീണ മരം മുറിച്ചു മാറ്റുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. പതിവായി കരച്ചില്‍ വരുന്ന സ്ഥലം. പക്ഷേ ഇപ്പോള്‍ യാത്ര വീട്ടിലേക്കാണല്ലോ. അവനിരിക്കുന്ന തടക്കം ഏതാനും ബോഗികള്‍ തമിഴ് ഭാഗത്താണ് മുന്നിലുള്ളവ മലബാറിലും.

നമസ്‌ക്കരിക്കേണ്ട നേരമായപ്പോള്‍ അവറാന്‍ വണ്ടിയില്‍ നിന്നിങ്ങി അതിര്‍ത്തി താണ്ടി, മലബാറിന്റെ മണ്ണില്‍ നെറ്റി ചേര്‍ത്ത് നമസ്‌കരിച്ചു. നാടുവിട്ടശേഷം പിറന്ന മണ്ണിന് അവന്റെ നിരവധി നമസ്‌കാരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അതിലൊന്ന് കടം വീട്ടിയിരിക്കുന്നു. അവന്‍ പുഞ്ചിരിച്ചു.

ഏറെ പാടുപെട്ടാണ് ഒരിക്കല്‍ അവന്റെ താമസസ്ഥലം ഗോവിന്ദന്‍ കണ്ടെത്തിയത്. വീടിനു പുറത്ത് നിറയെ വികൃതമായ പരസ്യങ്ങളുണ്ടായിരുന്നു. അതിലൊന്ന് മാതൃഭാഷയില്‍ ഗോവിന്ദന്റെ നേര്‍ക്ക് മിഴി തുറന്നു-''മൂലക്കുരുവും മണിവീക്കവും ചികിത്സിച്ചു മാറ്റുന്നു.'' കരീം ബനഗല്‍. തമിഴ് വംശത്തിലുള്ള പരസ്യത്തിന്റെയും പൊരുള്‍ ഇതു തന്നെയായിരിക്കും!
'നായരേ,ന്റെ ബംഗ്ലാവ് കണ്ടുപിടിക്കാന് ങ്ങള് ബെസമിച്ചാ?'
ചിരിയും ചോദ്യവുമായി അവറാന്‍.

ഗോവിന്ദനെ തിക്കിത്തിരക്കി അഞ്ചാറു ചെരിപ്പിള്ളേര്‍ ഇതിനകം വീട്ടിലേക്ക് കയറിക്കഴിഞ്ഞിരുന്നു.എല്ലാവരെയും അവന്‍ തുരത്തി വിട്ടപ്പോള്‍ ഗോവിന്ദന്‍ ആരാഞ്ഞു:
'കൂടെ ആരാ താമസം, വൈദ്യരാ?'
'ആണെന്ന് കൂട്ടിക്കോളീ!'
'എന്നിട്ട് അയാളെവിടെ?'
അവറാന്‍ ശരീരമൊതുക്കി ഗോവിന്ദന്റെ മുന്നിലേക്ക് നീങ്ങി നിന്നു. അവന്‍ അനങ്ങിയപ്പോള്‍ പച്ചക്കര്‍പ്പൂരത്തിന്റെ മണമിളകി.
'ഇതാ, നല്ലോണം കണ്ടോളീ,
മുറിയില്‍ മരത്തിന്റെ ഒരു മരുന്നു പൊട്ടി ഇരിക്കുന്നു. അതിന്റെ വശങ്ങളിലും പരസ്യങ്ങളുണ്ട്. അവറാന്‍ വിശദീകരിച്ചു. 
'നായരേ, കരിമ്പനയ്ക്കല്‍ അവറാനെ 'കരീം ബനഗലാ'ക്കീത് ഈ പെട്ട്യാ.ന്റെ ബാപ്പാന്റെ പെട്ടി.എങ്ങനെണ്ട് ന്റെ പേരിന്റെ മൊഞ്ച്?'
കരിമ്പനയ്ക്കല്‍ അവറാന്‍. അഥവാ കരീം ബനഗല്‍!
വയറ്റുപ്പിഴപ്പിനായി കരിമ്പനയിലൊരു കരവിരുത്! പാവം അവറാന്‍. 

ദേശീയ സ്വാതന്ത്ര്യത്തിന്റെ ഞാറ്റടിയായി ഇന്നലെ രാത്രി അവര്‍ക്ക് മുന്നില്‍ പരേഡ് നിലം മിനുങ്ങി കിടന്നപ്പോള്‍ നാട്ടില്‍ കാളംപൂട്ട് കാണുന്ന ഉത്സാഹമായിരുന്നു അവറാന്.

ഇന്ത്യയുടെ സേനാ വിഭാഗങ്ങള്‍ക്ക് പുറകിലായി ഒരു ബ്രിട്ടീഷ് കണ്ടിന്‍ജന്റ് നിലയുറപ്പിച്ചു. ബാന്‍ഡ് സംഘം പരമ്പരാഗതമായ ബ്രിട്ടീഷ് ഗാനങ്ങള്‍ ആലപിക്കുകയാണ്. ഒരു സ്‌കോട്ടിഷ് മേജറുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ പൈപ്പര്‍മാര്‍ 'ഫ്‌ളവേഴ്‌സ് ഓഫ് ദഫോറസ്റ്റ് എന്ന ഗാനം അതിമധുരമായി വായിക്കുന്നുണ്ട്. ഗാനങ്ങള്‍ക്കൊപ്പം കാണികളാകമാനം ചരിത്ര മുഹൂര്‍ത്തത്തിന്റെ അഴിമുഖത്ത് ഒഴുകി എത്തിയ നേരംപെട്ടെന്ന് വൈദ്യുതി വെളിച്ചത്തിന്റെ പകലണഞ്ഞു. അവശേഷിച്ചത് ബ്രിട്ടീഷ് പതാകയുടെ നേര്‍ക്ക് ജ്വലിക്കുന്ന ഒരു പുള്ളി മാത്രം. ആയിരത്തോളം വരുന്ന ജനക്കൂട്ടം നിശ്ശബ്ദമാണ്. ഓഫീസര്‍മാരായ ഒരിന്ത്യക്കാരനും ബ്രിട്ടീഷുകാരനും കൊടിമരത്തിന്റെ ഇരുവശങ്ങളിലായി അപസ്മാര വടിവില്‍ നിലയുറപ്പിച്ചപ്പോള്‍ ബാന്‍ഡ് സംഘത്തിലെ പൈപ്പര്‍മാര്‍ 'അബൈഡ് വിത്ത് മി' എന്ന പാട്ട്വായിക്കാന്‍ തുടങ്ങി.നാല്പത് കോടി ജനങ്ങളുടെ ജ•-നാടിന്റെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുത്ത വിദേശീയരുടെ പതാകയ്ക്ക് വിട.

സൂര്യനസ്തമിക്കാത്ത സാമ്രജ്യത്തിന്റെ കൊടിക്കൂറ കൊടിമരത്തെ തഴുകി ഭൂമിയിലേക്ക് ചുരുണ്ടിറങ്ങുകയാണ്. പരാജിതന്റെ തലപ്പാവുപോലെ! എല്ലാമറിയുന്ന ആകാശം ഇന്ത്യയുടെ പതാകക്കായി കൈകള്‍ നീട്ടി കാത്തു നില്‍ക്കുന്നു. പൈപ്പര്‍മാര്‍ ഇന്ത്യയുടെ ദേശീയഗാനം ഉച്ചസ്ഥായില്‍ വായിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യവും ദേശീയ പതാകയും കാത്തു സൂക്ഷിക്കേണ്ടത് ദേശീയ ഗാനത്തിന്റെ ഈ രാസതീര്‍ത്ഥത്തലാണ്. തീര്‍ത്ഥം ഒഴുകുന്നു. രോമാഞ്ചമാകുന്നു.

യാതൊരു പരിചയക്കുറവുമില്ലാതെ ഇന്ത്യയുടെ ദേശീയ പതാക നിറങ്ങളില്‍ നീരാടി നില്‍ക്കുന്നു. വിളക്കുകളെല്ലാം പെട്ടെന്ന് മദാമ്മമാരുടെ നനഞ്ഞ കവിള്‍ത്തടങ്ങളിലേക്ക് പ്രകാശിച്ചപ്പോള്‍ നാട്ടുകാരുടെ കാതടപ്പിക്കുന്ന കൈയടിയില്‍ അവരുടെ തേങ്ങലുകള്‍ കേള്‍ക്കാതെ പോയി.

സ്വാതന്ത്ര്യത്തിന്റെ കന്നിയുത്സവം തീര്‍ന്നു. സംഭവിച്ചതെന്താണെന്ന് അവറാന് മനസ്സായിട്ടുണ്ടാവില്ല. അവനോടൊപ്പം ആഘോഷം കണ്ടു മടങ്ങുമ്പോള്‍ ഗോവിന്ദന്റെ മനസ്സില്‍ മറ്റൊരു കുഴലൂത്തുകാരനുണ്ടായിരുന്നു. ബെഞ്ചമിന്‍ ദേവസഹായം-എന്റ് ഏമത്അന്നൈ കൈവിലങ്കുകള്‍ തീര്‍ന്ത് പൊയ് ആകും?

അവറാന്റെമനസ്സിലിപ്പോള്‍എന്തായിരിക്കും?
'കരിമ്പനേ..'
ഗോവിന്ദന്‍ വിളിച്ചു.
'കരിമ്പനയല്ല നായരേ.... കരീം, കരീം ബനഗല്‍!'
'എന്തായാലുംകരിമ്പന കൊണ്ടുള്ളതാണല്ലോ! ഒരു സിഗരറ്റെടുക്ക്!'
അവറാന് ദേഷ്യം വന്നു.

'രണ്ട് പാക്കറ്റാണ് ങ്ങള് ഈ സമയം പൊകച്ചു തീര്‍ത്തത്. ഇഞ്ഞി വേണെങ്കി ങ്ങള് കായ് കൊടുത്ത് വാങ്ങിക്കോളീ.' അപ്പോള്‍ ദേശീയ സ്വാതന്ത്ര്യത്തിന്റേതായ യാതൊരു പുതുവികാരവും ഇനിയും അവനിലെത്തിയിട്ടില്ല! ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവന്റെ ശബ്ദം ഇത്രയും പരുഷമാകില്ലായിരുന്നു. ഗോവിന്ദന്‍ ചോദിച്ചു:

'അതിരിക്കട്ടെടോ, ചൂടാവാതെ - എങ്ങനെങ്ങ് ചികിത്സയൊക്കെ?'
'ന്ത് സികിത്സ....?'
പാതിയും സൗമ്യനായി അവറാന്‍ പറഞ്ഞു.
'ബാപ്പ സൊന്തം സൂക്കേടിന് ഇതേ പച്ച മരുന്നും പച്ചക്കര്‍പ്പൂരോം കൊണ്ടോര്‍ന്നു ചികിത്സ. ബാപ്പാനെ കാണാതാവും വരെ സൂക്കേട് മാറീതായിട്ട്ക്ക് അറിയൂല. പിന്നല്ലേ ബ്ടത്തെ തമിഴര്‌ടെ!.... നേരം ബെളുത്താ വീര്‍ത്ത കൊറെ പിട്ക്ക് കാണാം. അത്ര തന്നെ!'

'എന്നാ പിന്നെ ഈ തട്ടിപ്പ് നിര്‍ത്തിക്കൂടെ?'
ഈ ചോദ്യത്തെഎന്നെങ്കിലും നേരിടേണ്ടി വരുമെന്ന് അവറാന് അറിയാമായിരുന്നു.
'നിര്‍ത്ത്യാ ങ്ങള് ക്ക് ചെലവിനുള്ളകായി തര്വാ?'

പെട്ടിക്കു മികളിലെ പിത്തള കൊണ്ടുള്ള അര്‍ദ്ധ ചന്ദ്രക്കലയില്‍ ഉടുമുണ്ടിന്റെ തലകൊണ്ട് ഉരച്ചു കൊണ്ടാണ് അവന്‍ മറുചോദ്യം തൊടുത്തത്. ചോദ്യം തീര്‍ന്നതും ക്ലാവിന്റെ മൗഢ്യം നീങ്ങിയ ചന്ദ്രക്കല നിലാവ് പൊഴിക്കാന്‍ തുടങ്ങി.

പെട്ടിക്ക് മുകളില്‍ വേറെയും ചന്ദ്രക്കലകളുണ്ട്. പാതി രൂപങ്ങളില്‍ മുഴുതിങ്കളിന്റെ പൂര്‍ണ്ണത! അല്ലെങ്കില്‍ തിങ്കളിന് പാതിയിലേ പൂര്‍ണ്ണതയുള്ളൂ!

അവറാനെ ചിലപ്പോഴെങ്കിലും ഭയക്കാന്‍ ഗോവിന്ദന് ഇഷ്ടമാണ്. പൂര്‍ണ്ണ ഗര്‍ഭിണിയായ പത്മാവതിയെ വീട്ടില്‍ തനിച്ചാക്കി പുറത്തു പോകരുതെന്ന് അവന്‍ കര്‍ശനമായി താക്കീത് ചെയ്തിരുന്നതാണ്. പക്ഷെ അവറാന്‍ ഭയന്നതു തന്നെ സംഭവിച്ചു. പ്രസവവേദന തുടങ്ങിയപ്പോള്‍ അവള്‍ തനിച്ച് ആശുപത്രിയില്‍ പോകേണ്ടിവന്നു. ഗോവിന്ദനിപ്പോള്‍ ഒഴിവാക്കാമായിരുന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് കേരള സമാജത്തിലായിരുന്നു. ഗോവിന്ദനെ കൂടുതലറിയാന്‍ അവറാന് ഇതൊരവസരമായി. സ്വന്തം കാര്യം നോക്കാതെ ഇയാള്‍ എങ്ങനെ മറ്റുള്ളവരുടെ കാര്യം നോക്കാനാണ്? അവന്‍ ഗോവിന്ദനെ ഒരുപാടു വഴക്കു പറഞ്ഞു. കേട്ടു നിന്ന ഗോവിന്ദന് ഒരു കാര്യം ബോധ്യമായി: ചീത്ത പറയാനാണെങ്കില്‍ അവറാന്റെ മലയാളം അസ്സലാണ്!

പെണ്‍കുഞ്ഞാണെന്നു കൂടി അറിയച്ച് അവറാന്‍ ആശുപത്രി വിട്ടു. പത്മാവതി പാതി മയക്കത്തിലാണ് നന്നായി കണ്ടയുടനെ അവള്‍ 'നമ്മുടെ മോളിതാ' എന്നു പറഞ്ഞിരുന്നെങ്കില്‍ ഇരു കൈകളും നീട്ടാന്‍ ഗോവിന്ദന്റെ മനസ്സ് പാകപ്പെട്ടിരുന്നില്ല. പെരുമാറാന്‍ അറിയാതെ ഗോവിന്ദന്‍ നിന്ന് പരുങ്ങി.

കരിമ്പനയ്ക്കല്‍ കളള അവറാനേ....സ്‌നേഹിതാ: നീ പറഞ്ഞ തത്രയും നേരാണ്. നീ നല്ലവനുമാണ്....ഗോവിന്ദന്‍ മനസ്സില്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴെനിക്കൊരു തോന്നല്‍. വെറുതെ തോന്നുന്നതാണ് കേട്ടോ. മനസ്സിലാവില്ലെങ്കില്‍ വിട്ടുകള.

പൂര്‍ണ്ണാവതാരത്തിന് മുമ്പ് മനുഷ്യക്കുഞ്ഞുങ്ങള്‍ മറ്റൊരു മാധ്യമത്തിലേക്ക് പിറക്കുന്നതാണ് നല്ലത്. മുട്ടയോ പായലോ പോലെ. വേറൊന്നിനുമല്ല.... അച്ഛനായി ഒരുങ്ങാന്‍ ഇത്തിരി സാവകാശം കിട്ടുമല്ലോ! അപ്പോള്‍ ജനന തീയ്യതി പഞ്ചാംഗത്തിന്റെ ചട്ടയിലോ വാതിലിന്റെ കട്ടിളപ്പടിയിലോമുന്‍കൂട്ടി കുറിച്ചിടാം. മീറ്റീങ്ങുകള്‍ മാറ്റിവെയ്ക്കുകയോ, ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയോ, യാത്രകള്‍ വേണ്ടന്ന് വെയ്ക്കുകയോ ചെയ്യാം മനുഷ്യനെന്താ മുട്ടയില്‍ നിന്ന് വിരിഞ്ഞാല്‍? ഗര്‍ഭത്തെ നൂറു കുടങ്ങളിലേക്ക് പകര്‍ന്ന കൗരവ മാതാവിനെ ഓര്‍ത്തു പോകുന്നു. മുട്ടകള്‍ക്ക് പകരം കുംഭങ്ങള്‍ നല്ല ഒരു നിര്‍ദ്ദേശമാണ്. ദുരേ്യാധനനും ദുശ്ശാസനനും മറ്റു കുംഭങ്ങള്‍ പിളര്‍ത്തി മണ്ണില്‍ തലകുത്തുന്ന നേരവും നാളും നോക്കി ഗാന്ധാരിയുടെ നായര്‍ക്ക് മീറ്റിങ്ങുകളില്‍ പങ്കെടുക്കാം. യാത്രകള്‍ പോകാം. 

അവറാന്‍ തിരിച്ചെത്തുന്നു. കൂടെ അമ്മയുമുണ്ട്. അവറാന്‍ പോയത് അമ്മയെ കൂട്ടിവരാനാണ്. കുഞ്ഞിനെ കാണിക്കാന്‍. ഗോവിന്ദന്റെ രക്ഷിതാവാകുന്നതില്‍ അവന്‍ വിജയിക്കുന്നുണ്ട്. അവറാന്‍ കാണുന്നെങ്കില്‍ കാണട്ടെ എന്നു കരുതി ഗോവിന്ദന്‍ ചിരിച്ചു. ചിരിയല്പം നീട്ടീപ്പിടിച്ചു നോക്കി. കരിമ്പന വഴങ്ങിയില്ല. അടുത്ത് ചെന്ന് ആവുന്നത്ര ബഹുമാനത്തോടെ ചോദിച്ചു.

'പത്മാവതി എന്തെങ്കിലും പറഞ്ഞിരുന്നോ!'
അവറാന്‍ അപ്രിയം മറച്ചു വച്ചില്ല.
'ങ്ങക്ക് പിരാന്താണെന്ന് ഓര് ഇതുവരെ പറഞ്ഞിട്ടില്ല. ങ്ങളെന്താ നായരേ ങ്ങനെ? ങ്ങക്ക് സരിക്കും പിരാന്ത് ണ്ടോ?'
ഭാഗ്യം അവനൊന്ന് മിണ്ടി കിട്ടിയല്ലോ, വഴക്ക് പറഞ്ഞ് തീര്‍ന്നിട്ട് ഏറെ നേരമായെങ്ങങ്കിലും അതിന്റെ കഷായച്ചുവ ഇപ്പോഴും അവന്റെ നാവിലുണ്ട്.
'കാര്യമായിട്ട് ചോദിക്ക്യാ, അവളെന്താ പറഞ്ഞത്?'
'ങ്ങള് ഹോട്ടലീലൊന്നും പോണ്ടാന്ന്, ചോറ് അമ്മന്റെ കുടീ പോയി കയിച്ചോളാന്.'

അവറാന്‍ ഗോവിന്ദനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് എന്നു മുതലാണെന്നതിന് കൃത്യമായ കണക്കില്ല. അവന് തന്നെ സഹായിക്കാന്‍ ഗോവിന്ദന് കഴിയുമെന്ന് ഇപ്പോഴും അവന്‍ വിശ്വസിക്കുന്നു. ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗങ്ങള്‍, ചര്‍ച്ചകള്‍ ഇവയൊന്നും തന്റെ ബാപ്പയുടെ തിരോധാനത്തെക്കുറിച്ചല്ല. ലാഹോറും, കറാച്ചിയും തിരൂര്‍കാര്‍ക്ക് പരിചിതമായ പേരുകളാണ്. ബാപ്പ അവിടെയെങ്ങാനും...

ഒരിക്കല്‍ മദിരാശിയില്‍ നിന്നും മുങ്ങിയ ഗോവിന്ദനെ അവന്‍ കണ്ടെത്തിയത് തിരുന്നാവായ മണപ്പുറത്താണ്. അവിടെ പൊന്നാനി കലാസമിതിയുടെ വാര്‍ഷികം നടക്കുകയായിരുന്നു. ഇടശ്ശേരിയും പി.സി.കുട്ടിക്കൃഷ്ണനും ഗോപാലക്കുറുപ്പും മറ്റുമാണ് സംഘാടകര്‍. മദിരാശിയില്‍ നിന്ന് ഗോവിന്ദനൊപ്പം എം.വി.ദേവനും കെ.എ.കൊടുങ്ങല്ലൂരുമുണ്ട്. ഒരു പായ്ക്കറ്റ് സിഗരറ്റ് ഗോവിന്ദന്റെ നേര്‍ക്ക് നീട്ടിക്കൊണ്ടാണ് അവറാന്‍ തന്റെ വരവറിയിച്ചത്.

ബ്രിട്ടീഷ് പതാക ചുരുണ്ടിറങ്ങിയതോടെ 'വാര്‍ റവ്യൂ' നിന്നുപോയിരുന്നു. ഗോവിന്ദന്‍ 'മദ്രാസ് പത്രിക'യുടെ പത്രാധിപരായി ഗോവിന്ദന്റെ തിരക്കും സമയക്കുറവും കണ്ടറിയാനുള്ള വളര്‍ച്ച അവറാന്‍ കൈവരിച്ചിരുന്നു. മാസങ്ങള്‍ക്കു ശേഷമാണ് ഗോവിന്ദന് രണ്ടാമതൊന്ന് അവന്റെ വൈദ്യശാല സന്ദര്‍ശിക്കാനായത്. ഗോവിന്ദന്‍ അവറാനോട് അവധി കുറച്ചു കൂടി നീട്ടി വാങ്ങി. കൊല്ലത്ത് പോകേണ്ടതുണ്ട്, പുരോഗമന സാഹിത്യ സമ്മേളനത്തിന്.

രാഷ്ട്രം സ്വതന്ത്രമാകുകയും, അതിന്റെ ഒരു ഭാഗം പാക്കിസ്ഥാനെന്ന വിദേശമാകുകയും ചെയ്തതോടെ ദേശീയതയുടെ തീഷ്ണതയില്‍ നിന്നും രാജിയായ അരാഷ്ട്രീയ വാദികളില്‍ പലരും അവരുടെ പൂര്‍വ്വാശ്രമങ്ങളിലേക്ക് പിന്‍ വലിഞ്ഞ കാലം. സാഹിത്യകാര•ാരാണ് ഈ പിന്‍ മാറ്റത്തിന് ധൃതി കാണിച്ചവര്‍. സാഹിത്യവും രാഷ്ട്രിയവും തമ്മിലുള്ള ബന്ധം ഇവര്‍ക്കു കാതലായൊരു തര്‍ക്ക വിഷയമായി. പുരോഗമന സാഹിത്യ സംഘടനയുടെ ലക്ഷ്യം സാഹിത്യ പുരോഗതി മാത്രമായിരിക്കണമെന്ന് എം.പി.പോള്‍ മുണ്ടശ്ശേരി, കെ.സുരേന്ദ്രന്‍, സി.ജെ.തോമസ്, തകഴി എന്നിവര്‍ക്കൊപ്പം ഗോവിന്ദനും ശഠിച്ചു. തുടര്‍ന്ന് 'മംഗളോദയ'ത്തിലും ! 'ജയകേരള'ത്തിലും ഗോവിന്ദന്‍ വിശദീകരണങ്ങളെഴുതി. ''എന്തെഴുതണം, എന്തെഴുതരുത് എന്ന് തീരുമാനിക്കേണ്ടത് സാഹിത്യസംഘം സെക്രട്ടറിയോ പാര്‍ട്ടിയോ ആകരുത്. നിങ്ങള്‍ ഏത് ചേരിയിലാണ്? ട്രൂമാന്റെയോ സ്റ്റാലിന്റെയോ? എന്നെ സംബന്ധിച്ച് പറയാം. ഞാന്‍ രണ്ടിലുമില്ല. മനുഷ്യന്റെ ചേരിയില്‍ ഉണ്ടുതാനും. അതായത് പുരോഗതിയുടെയും, സാഹിത്യത്തിന്റെയും ചേരിയില്‍.''

ഇനിയുള്ളത് കലഹങ്ങളുടെ കാലമായിരിക്കുമോ? അങ്ങനെ സംശയിക്കാന്‍ തോന്നി ഗോവിന്ദന്.

മറ്റൊരു സന്ദര്‍ഭത്തില്‍ എം.വി.ദേവനോടും എന്‍.പി.മുഹമ്മദിനോടും ഗോവിന്ദന് വിയോജിക്കേണ്ടിവന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് ചിന്തകനും പിന്നീട് വിരോധിയുമായ സ്റ്റീഫന്‍ സ്‌പെന്‍ര്‍എന്ന ഇംഗ്ലീഷുകാരന് സി.ജെ.തോമസും മറ്റും കൊച്ചിയില്‍ വെച്ച് സ്വീകരണം നല്‍കിയിരുന്നു. രണദിവെയുടെ സായുധ വിപ്ലവാഹ്വാനത്തിലെ പാളിച്ചകളും, പുരോഗമന സാഹിത്യകാര•ാര്‍ക്കിടയിലെ സ്പര്‍ദ്ധയും സി.ജെ.യെപ്പോലുള്ള കമ്മ്യൂണിസ്റ്റുകാരെ പാര്‍ട്ടി വിരുദ്ധരാക്കിയിട്ടുണ്ടാവും. പക്ഷെ പാര്‍ട്ടി സഖാക്കളോ അനുഭാവികള്‍ പോലുമോ അല്ലാത്ത ദേവനും എന്‍.പി.യും വിരുദ്ധരുടെ യോഗത്തില്‍ പങ്കെടുത്തതെന്തിന്?

'അവര്‍ക്ക് ശരി എന്ന് തോന്നിയത് അവര്‍ ചെയ്ത് കാണും അതില്‍ താനെന്തിനിടപെടണം?'

പത്മാവതിയുടെ മൂര്‍ച്ചയുള്ള ചോദ്യം-കാര്യം മനസ്സിലായില്ലെങ്കിലും അവളുടെ തന്റേടം അവിടെ ഉണ്ടായിരുന്ന അവറാന് ഇഷ്ടമായി. ഗോവിന്ദന്റെ മകള്‍ ബാലഅവന്റെ മടിയിലിരുന്ന് ഉറങ്ങുന്നുണ്ട്.
'ഞാന്‍ ഇടപെട്ടൊന്നുമില്ല. അഭിപ്രായം പറഞ്ഞെന്നുമാത്രം'.
ഗോവിന്ദന്‍ വ്യക്തമാക്കി.

ഗാന്ധി വധത്തിനുശേഷം മാത്രമാണ് അവറാന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും, വിഭജനത്തെക്കുറിച്ചും, അറിഞ്ഞതു തന്നെ! അറിഞ്ഞതെല്ലാം പിന്നീട് അവന്റെ ചോദ്യങ്ങളായി. ഇന്ത്യയെ പകുത്തതെന്തിന്? ഗാന്ധിജിയെ കൊന്നതെന്തിന്?
ഗോവിന്ദന് വിശദീകരിക്കേണ്ടി വന്നു:
വളരെ മുമ്പുതന്നെ സ്വാതന്ത്ര്യാനന്തരഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം വാഗ്ദാനം ചെയ്യപ്പെട്ടതായി കരുതണം. സമരങ്ങളില്‍ അവരുടെ പങ്കാളിത്തംഉറപ്പാക്കാനി ആനിബസന്റുംതിലകനും മറ്റം ജിന്നയുമായി സമവായത്തില്‍ എത്തിയിരിരുന്നതായി പ്രചരിക്കപ്പെട്ടിരുന്നു. ഗാന്ധിജി അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു. എന്നിട്ടും വിഭജനത്തിന് ഗോഡ്‌സെയും കൂട്ടരുംഉത്തരവാദയായി കണ്ടത് അദ്ദേഹത്തെയായിരുന്നു. കൂട്ടരെന്നു വെച്ചാല്‍ ഗൂഢാലോചനയില്‍പങ്കെടുത്ത നാരായണന്‍ ആപ്‌തെ,കര്‍ക്കാറെ, മദന്‍ലാല്‍, ഗോപാല്‍ ഗോഡ്‌സെഎന്നിവര്‍.

ഗോഡ്‌സെയുടെ ആരോപണങ്ങള്‍നിരവധിയാണ്. മുപ്പത് കോടിയോളം വരുന്ന ഹന്ദുക്കളെ വിട്ട് പത്ത് കോടി മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ്ഗാന്ധിജി നിലകൊണ്ടത്. ഭൂരിപക്ഷംമുസ്ലീങ്ങളുടെ ഭാഷയായ ഹിന്ദുസ്ഥാനിയെ  ഹിന്ദിക്ക് പകരം രാഷ്ട്രഭാഷയാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.ഉര്‍ദുവുംഹിന്ദിയും ചേര്‍ന്ന മണിപ്രവാളമാണ് ഹിന്ദുസ്ഥാനി. കറാച്ചിയിലെയും  ലാഹോറിലെയും ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കുകയും, ദില്ലിയിലും നാഗ്പൂരിലും കര്‍ക്കത്തയിലും മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടതായി വിലപിക്കുകയും ചെയ്തു. വിശ്വാസത്തിലെ വശ്യസുന്ദരമായ ദേശം നമ്മുടെ ഹിന്ദുസ്ഥാനാണെന്ന് പാടിയ ഉര്‍ദു കവിയില്ലെ, ഇഖ്ബാല്‍. സാരെ ജഹാം സെ അഛാ? ഈ മനോഹര ഭൂമിയില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യക രാഷ്ട്രം വേണമെന്ന് അദ്ദേഹം പണ്ടേ പറഞ്ഞിരുന്നതായി ഗോഡ്‌സെ ആരോപിക്കുന്നു.

ഇനിയുമുണ്ട് ഗോഡ്‌സെയുടെ ആരോപണങ്ങള്‍. ഒടുവില്‍ മൗണ്ട ബാറ്റനും കോണ്‍ഗ്രസ്സിന്റെ ഒത്താശയോടെ ഹിന്ദുക്കളെ ചതിച്ചതായി അയാള്‍ പറയുന്നു. അധികാര കൈമാറ്റത്തിന് ആദ്യം നിശ്ചയിച്ച തീയ്യതി നാല്‍പ്പത്തിയെട്ട് ജൂണ്‍ മാസം മുപ്പതായിരുന്നു. അത് നേരത്തെ ആക്കിയതാണ്. എന്തിന്? മുസ്ലീങ്ങള്‍ക്ക് ഇന്ത്യയെ മുറിച്ചു നല്‍കാന്‍ ധൃതിയായതു കൊണ്ട്. യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവാണ് ഗാന്ധിജി!

ആയിരത്തി കൊള്ളായിരത്തി മുപ്പത്തിനാല് മുതല്‍ തന്നെ അഞ്ചോ ആറോ തവണ നിരവധി വെടിയുണ്ടകള്‍ പാഞ്ഞടുത്തിട്ടും ഒരേ ഒരു മരണം മാത്രമേ ധീരനായ അദ്ദേഹം വരിച്ചുള്ളൂ. നാല്‍പ്പത്തിയെട്ട് ജനുവരി മുപ്പതിന് നാഥുറാം വിനായക് ഗോഡ്‌സെയുടെ കൈകള്‍ കൊണ്ട്.

സ്വതന്ത്ര് ഇന്ത്യ തപ്പിയും തടഞ്ഞും നീങ്ങുകയാണ്. ഒരു രാഷ്ട്രീയത്തിന് അതിന്റെ സ്വാതന്ത്യത്തെക്കാള്‍ വലിയൊരു ലക്ഷ്യം ഉണ്ടാകാനില്ല. എന്നാല്‍ ലക്ഷ്യ പ്രാപ്തിയില്‍ കര്‍മ്മം കാലാഹരണപ്പെട്ടെന്ന തോന്നലുണ്ടായപ്പോള്‍ അതേ കര്‍മ്മത്തില്‍ ഒന്നിച്ചു നിന്നവര്‍ക്ക് തങ്ങള്‍ ഭിന്നിക്കേണ്ടവരാണെന്ന വെളിപാടുണ്ടായി. അതും മതങ്ങളുടെ പേരില്‍. തന്റെ ജീവിതത്തിന്റെ ലക്ഷ്യം വെട്ടിവീതിച്ചവര്‍ തന്നെ തന്റെ ശവംചുമന്നപ്പോള്‍ ആ മഹാത്മാവ് വെടികൊണ്ടതിനേക്കാള്‍ വേദിനിച്ചിട്ടുണ്ടാവും. 'ഹേ രാം' എന്ന ആര്‍ത്തനാദം ആരു കേള്‍ക്കാന്‍.

ഒരു കൂലിവക്കീലായ്
ഒരു കുടിലില്‍
ദര്‍ബാന്‍ നഗരത്തില്‍
സ്ഥിരമായങ്ങു
കൂടിപാര്‍ത്തിരുന്നെങ്കില്‍,
മുപ്പതിലുപ്പു സത്യാഗ്രഹ-
മാരംഭിക്കാതിരുന്നെങ്കില്‍,
ക്വിറ്റ് ഇന്ത്യാപ്രമേയം
ഡ്രാഫ്റ്റ് ചെയ്യാതിരുന്നെങ്കില്‍,
വെടിമൂന്നേറ്റു ബിര്‍ലാഹൗസില്‍
പിടഞ്ഞു മരിക്കാതിരുന്നെങ്കില്‍,
അത്രമാത്രയുമല്ലീയനുഗൃഹീഥ ഭൂവില്‍-
പ്പിറക്കാതിരുന്നെങ്കില്‍
ഇന്ത്യക്കാരായ ഞങ്ങള്‍-
ടക്കന്തു താന്‍ സംഭവിച്ചിരിക്കും?
ഒന്നുമില്ല
ഒന്നുമില്ല
ഒന്നുമില്ല
.............................
.............................
(രാഷ്ട്ര)പിതാവേ,
ഞങ്ങള്‍ ചെയ്‌വതെന്തന്ന്
നന്നായറിയാം ഞങ്ങള്‍ക്ക്
ജയ്ഹിന്ദ്!

ബാപ്പയെ കണ്ടെത്താനായില്ലെങ്കിലും പില്‍ക്കാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഒട്ടൊക്കെ അവറാന്റെ പൊതുവിജ്ഞാനത്തില്‍ ഉള്‍ച്ചേരുകയുണ്ടായി.

ഈയിടെയായി ബാപ്പയുടെ മരണപ്പെട്ടി അവന്‍തുറക്കാറില്ല. അതിലെ ചന്ദ്രക്കലകള്‍ ഓരോന്നായി ക്ലാവിന്റെ കയത്തില്‍ അസ്തമിക്കുന്നത് അവന്‍ നിര്‍വ്വികാരനായി നോക്കിയിരുന്നു.

പത്മാവതിയില്ലാത്ത ജീവിതം ഗോവിന്ദന് ദുസ്സഹമാകുമെന്ന് എം.കെ.കെ.നായര്‍ എം.വി ദേവനോട് പറഞ്ഞു. ഗോവിന്ദനെ പ്രതേ്യകം ശ്രദ്ധിക്കണം.

ദീക്ഷ വളര്‍ത്തിയ  ഗോവിന്ദനെ ദേവന്‍ വരച്ചു നോക്കി. രമണ മഹര്‍ഷി തിരുത്തുന്തോറും ഛായ പെരുകി വരുന്നു.

രമണ മഹര്‍ഷിയെ കാണണം. ഗോവിന്ദന്റെ തറവാട്ടു മുറ്റത്ത് കാറിറങ്ങിയ ഒ.വി.വിജയന്‍ നേരെ പോയത് പാമ്പിന്‍ കാവിലേക്കാണ്. അവിടെ കുന്നിമണികളുടെ ചാറ്റല്‍മഴ തുടങ്ങിയിരുന്നു. കാലത്തിന്റെ ജപമാല പൊട്ടി കരിയിലകളിലേക്ക് ഇറ്റിറ്റ് ചെയ്യുന്ന കുന്നിമണിത്തുള്ളികള്‍.

സിഞ്ഞോര്‍ ബ്രിഗ്‌സിന്റെ സെക്രട്ടറി സ്പാനീഷ് പ്രസാധകനുള്ള കത്ത് ടൈപ്പ് ചെയ്യും പോലെ!

സിഞ്ഞോര്‍ ബ്രിഗ്‌സ് ഈസ് വെരി പ്ലീസ്ഡ്.. ട്ട..ട..ട്ടട..ട്ടി!

ഗോവിന്ദന്റെ 'സര്‍പ്പം' എന്ന കഥ ഒരാവര്‍ത്തി കൂടി ഓര്‍ക്കാന്‍ പ്രേരണയുണ്ടായി, വിജയന്.

ഓര്‍മ്മ ഇളവെയിലില്‍ പുളച്ച ഒരു മണിനാഗമെന്നോണം അല്പനേരംത തലയുയര്‍ത്തി.രണ്ടു മൂന്നുവട്ടം കുണുങ്ങിയാടി. എന്നിട്ട് അലിഞ്ഞകലുന്ന മിന്നലൊളി പോലെ മാഞ്ഞു.
********************************************************
ഗോവിന്ദനെ പുറത്തെങ്ങും കണ്ടില്ല. വിജയന്‍ ഉമ്മറക്കോലായിലിരുന്നു. അയാളിപ്പോഴും കഥയ്ക്കകത്തിരുന്ന് പ്രസംഗിക്കുകയാവും. കഥയിലേക്ക് തന്ത്രപൂര്‍വ്വം കയറിപ്പറ്റിയ ഗോവിന്ദന്‍ കഥാപാത്രത്തിന്റെ അപരനായി. സിഞ്ഞോര്‍ ബ്രിഗ്‌സ്! ഒരേ സമയം സൃഷ്ടിയും സ്രഷ്ടാവുമാകാനുള്ള മിടുക്ക്.കാറ്റും കസവു സാരിയും സീല്‍ക്കാരത്തോടെ മിനുസപ്പെട്ടിടപെടുന്ന കഥയിലെ മണിയറ. ചെക്കനും പെണ്ണിനുമിടയില്‍ ഒരു പാമ്പിന് എത്തിപ്പിടിക്കാവുന്ന ദൂരം മാത്രം.ബാഹ്യചിന്തകള്‍ അസംബന്ധമാകുന്ന നേരം. കുസൃതിക്കാരനായ ഗോവിന്ദന്‍ തന്റെ ഉള്‍ഭാഷയെ സിഞ്ഞോര്‍ ബ്രിഗ്‌സ് എന്ന അപരനിലൂടെ ഫാന്റസിയുടെ ചാരുതയിലേക്ക് തുറന്നു വിടാന്‍ കണ്ടെത്തിയത് ഈ മുഹൂര്‍ത്തമാണ്. ന്യായവാദങ്ങളുടെ കുതിപ്പിനായി മാറിയ കൊറോസ്സിയെന്ന പത്രാധിപയുടെ സംശയങ്ങള്‍, ഇടപെടലുകള്‍, വിജയന് 'സര്‍പ്പം' എന്ന കഥ ആദ്യം വായിച്ച് കേള്‍പ്പിച്ചത് ഗോവിന്ദന്‍ തന്നെയായിരുന്നു.  മദിരാശിയില്‍ വെച്ച്.

പാമ്പിന്‍കാവ് സര്‍പ്പമണ്ഡപമാണ്. ക്ഷേത്രമാണ്. മനോഹരികളായ കന്യകമാര്‍ പറമ്പിന്‍ തുള്ളലിന്റെ താളത്തില്‍ തരംഗങ്ങളെപ്പോലെ നൃത്തം വയ്ക്കുന്നു. മുടിയഴിച്ചിട്ട്, മുഴുമുല തുള്ളിച്ച്, വിയര്‍പ്പിന്റെ മുല്ലമൊട്ടുകളുതിര്‍ത്ത് മഴമുകിലുകളെപ്പോലെ. ഇളകിയാട്ടത്തില്‍ തുള്ളിത്തളര്‍ന്ന തളിര്‍മേനികളായ മലയാള മങ്കകളുടെ മനസ്സും വപുസ്സും ഇളമപ്പെടുന്നു. സുരത കര്‍മ്മത്തിന് ശേഷമെന്നപോല ഒരു ലാഘവം. സര്‍ഗ്ഗാത്മകമായ സെക്‌സിന്റെ നൃത്തവിലാസമാണത്  ജീവിതത്തോട് വരിക, വിളയാടുക എന്ന ക്ഷണം.   
      
ആദാമിനും ഹവ്വയ്ക്കും രതിബോധമുണ്ടായത് സര്‍പ്പവുമായി സമ്പര്‍ക്കത്തിലേര്‍പ്പെതിന്റെ പില്പാടാണ്. ഹവ്വയാണ് പറമ്പിന്‍ തുള്ളല്‍ ആരംഭിച്ചത്. സര്‍പ്പം ആവേശിച്ചപ്പോള്‍ അവളില്‍ കാമം കലര്‍ന്നു. ആനിമിഷം മുതല്‍ നാണമെന്ന വികാരമുണ്ടായി.

ഗോവിന്ദന്റെ അപരന്‍ തുടരുന്നു.. സര്‍പ്പം ചെകുത്താനല്ല, സ്രഷ്ടാവാണ്. ദൈവത്തിന്റെ ശത്രുവല്ല, സഹായിയാണ്. സര്‍പ്പത്തിന് പുരോഗതിയും ചാക്രിയ ഗതിയും സിദ്ധമാണ്. അതിന്റെ അഭാവത്തില്‍ ദൈവങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയില്ല.

ഏഷ്യയിലെ ജനപ്പെരുപ്പവും യൂറോപ്പിലെ ജനസംഖ്യാ കുറവും ഈ പശ്ചാത്തലത്തില്‍വേണം വിലയിരുത്താന്‍. ഞങ്ങള്‍ കാട•ാരായതു കൊണ്ട് കിടാങ്ങളെ ഉല്പാദിപ്പിച്ചു വിടുന്നു എന്നല്ലേ നിങ്ങള്‍ പ്രചരിപ്പിക്കുന്നത്? കൊള്ളാം നിങ്ങള്‍ സംസ്‌കാര സമ്പന്നരാകയാല്‍ ജനന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണുപോലും! ജീവചൈതന്യം ക്ഷതപ്പെടുത്തലാണോ സംസ്‌കാരം?രതി പോലും യന്ത്രവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ സംവിധാന രീതിയും ഗതിയും നൈമിഷികമായ ഒരു നേരമ്പോക്കാണ്. ചില നീക്കങ്ങള്‍, മുട്ടിത്തെറിച്ചൊരു പോക്ക്. എല്ലാം കഴിഞ്ഞു. തെരുവില്‍ വാഹനങ്ങള്‍ തൊട്ടുരുമ്മുകയും ചിലപ്പോള്‍ മുട്ടി വീഴുകയും ചെയ്യുന്നപോലെ! എല്ലായ്‌പ്പോഴും പെണ്ണുങ്ങള്‍ പൊങ്ങച്ച സഞ്ചിയിലും ആണുങ്ങള്‍ ജീന്‍സിന്റെ പോക്കറ്റിലും റബ്ബര്‍ത്തോലുറ കൊണ്ടുനടക്കുന്നതെന്തിനാണ്? ആണും പെണ്ണും തമ്മിലുള്ള പ്രത്യക്ഷ സമ്പര്‍ക്കം നിങ്ങള്‍ക്ക സാദ്ധ്യമായിരിക്കുന്നു. ആവരണമാണ് നിങ്ങള്‍ക്കെല്ലാറ്റിന്റെയും നിവാരണം. പാശ്ചാത്യര്‍ ജീവിക്കുന്നതിന് പ്രകൃതിയില്‍ ന്യായീകരണമില്ല.

യൂറോപ്യന്‍ ഒരു പൊയ്മനുഷ്യനാണ്. നിങ്ങള്‍ കൃത്രിമത്വത്തില്‍ സുരക്ഷിതത്വം കാണുന്നു. പൊയ്‌നിതംബം, പൊയ്പല്ല്, പൊയ്മാറിടം, പൊയ്‌രതി, ഇപ്പോഴിതാ പൊയ്ഹൃദയവും. യുവാക്കള്‍ കിഴക്കിനെ ശരണം പ്രാപിക്കുന്നു. വെളിച്ചം എപ്പോഴും ഉദിച്ചിട്ടുള്ളത് കിഴക്കാണ്. കെട്ടട്ടങ്ങിയിട്ടുള്ളത് പടിഞ്ഞാറും.

ബ്രിഗ്‌സ് ചോദിക്കുന്നു:
'നിങ്ങളെപ്പോഴെങ്കിലും ജനനേന്ദ്രിയങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഒരു ദുര്‍ബ്ബല നിമിഷത്തിലെങ്കിലും?'
മറിയ  കൊറോസ്സിയോടാണ് ചോദ്യം.തുടര്‍ന്ന് ഉത്തരവും.

ആണിനും പെണ്ണിനും ആദ്യം ജനനേന്ദ്രിയങ്ങള്‍ ഉണ്ടായിരുന്നില്ല. ജനനേന്ദ്രിയം ദൈവത്തിന്റെ സംഭാവനയല്ല. സര്‍പ്പത്തിന്റേതാണ്. ദൈവം ആദി സര്‍പ്പത്തെ കൊന്നു. അതിനെ തുണ്ടായി വെട്ടി. ഒരു തുണ്ടെടുത്ത് ആദാമിന്റെ തുടകള്‍ക്കിടയില്‍ തുന്നിപ്പിടിപ്പിച്ചു. ഇരുവശത്തും രണ്ട് സര്‍പ്പ മുട്ടകളും. എന്നിട്ട് മഹാനായ ദൈവം ഹവ്വയുയെ വയറുകീറി അവളുടെ വയറ്റില്‍ ഒരു ചെറിയ സഞ്ചി, പാമ്പിന്റെ കൂട് തുന്നിവെച്ചു. അതിനൊരു സുഷിരവും. നിങ്ങള്‍ സര്‍പ്പത്തിന്റെചങ്ങാതികളാകയാല്‍ എക്കാലവും സര്‍പ്പ പൂജ ചെയ്ത് വംശം പെരുക്കി വാഴുക എന്ന് ഇരുവരുടെയും ചെവിയില്‍ മന്ത്രിച്ചു. സര്‍പ്പവിഷമാണ് സര്‍ഗ്ഗചൈതന്യം. പുരുഷന്‍ തന്നില്‍ നിക്ഷിപ്തമായ വിഷം പ്രസരിപ്പിച്ച് സൃഷ്ടികര്‍മ്മത്തിന് മുതിരുന്നു. ആ വിഷമേറ്റ് സര്‍ഗ്ഗക്രിയയില്‍ പങ്കാളികയാകാന്‍ സ്ത്രീയും. ഇതാണ് ആദി പാപം. മനുഷ്യനെ സംബന്ധിച്ചിടത്തോളം മഹത്തായ സിദ്ധിയും. സെക്‌സും സര്‍പ്പവും ഒന്നുതന്നെ.

ഓരോ പാമ്പിന്‍ കുഞ്ഞും അതിന്റെ കൂടണയാന്‍ വെമ്പല്‍ കൊള്ളുന്നു. ഓരോപാമ്പിന്‍ കൂടും അതിന്റെ വിഷമേല്‍ക്കാനും. ഇണയൊത്ത് പത്തി വിടര്‍ത്തിയാടി കാമം അവര്‍ ഒരു കലയാക്കുന്നു.

ആണ്‍ സര്‍പ്പം പത്തി വിടത്തിയാടുന്നു. പെണ്‍പാമ്പ് പതിഞ്ഞു കിടക്കുകയാണ്. ആണ്‍പാമ്പ് പതുക്കെ അവളുടെ തലയില്‍ ചുംബിച്ചു. അപ്പോള്‍ അവളും തീനാളം പോലെ ഞെട്ടിത്തെറിച്ചെഴുന്നേറ്റ് പടം വിര്‍ത്തിയാടാന്‍ തുടങ്ങി. അവ നാറ്റിയണച്ച് ചുറ്റിപ്പിണഞ്ഞു.

കാവില്‍ കുന്നിമണിത്തുള്ളികള്‍ വീണുകൊണ്ടേയിരുന്നു. പുഞ്ചപ്പാടത്തു നിന്നും ഇളംകാറ്റുണ്ട്. ഉമ്മറകോലായില്‍ ഓര്‍മ്മകളുടെ മഴക്കുളിരില്‍ വിജയന്‍ മയങ്ങിപ്പോയിരുന്നു. ഇടയ്ക്ക് ഡ്രൈവര്‍ വന്ന് തലയ്ക്കടിയില്‍ ടര്‍ക്കി ടവ്വര്‍ വെച്ചുകൊടുത്തതുപോലുമറിയാതെ.

അമ്മയുടെയും ഓപ്പോളുടെയുംഅകമ്പടിയോടെ ഗോവിന്ദന്‍തൊടിയില്‍നിന്നും കയറി വന്നു. അമ്മയാണ് ഗോവിന്ദന്റെ കാലില്‍ വെള്ളമൊഴിച്ചു കൊടുത്തത്. കഥയില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ കാലില്‍ പറ്റിപ്പോയ മഷി കഴുകിത്തുടച്ച് ഗോവിന്ദന്‍ വിജയനെ ഉണര്‍ത്തി.

'ഞാന്‍ പാടവരമ്പത്തായിരുന്നു.'
വിജയന്‍ ചിരിച്ചു. അല്ലായിരുന്നു. നിങ്ങള്‍ കഥയ്ക്കകത്തായിരുന്നു. മിസ്റ്റര്‍ ഗോവിന്ദ് ബ്രിഗ്‌സ്! അതോ സിഞ്ഞോര്‍ ഗോവിന്ദനോ?'
താന്‍ പുകവലി നിര്‍ത്തിയെന്ന് ഗോവിന്ദന്‍ പരസ്യപ്പെടുത്തിയിരുന്നു ഒളിച്ചു നിന്ന് ബീഡി വലിക്കുന്ന ഗോവിന്ദനെ ഓപ്പോളാണ് പിടികൂടിയത്. തൊടിയില്‍ ചേമ്പിലകളുടെ ആകാശത്ത് പുക പരന്നിരുന്നു. പാടത്തെ കൃഷിപ്പണിക്കാരില്‍ നിന്നും ബീഡി ഇരന്നു വാങ്ങിയതിലാണ് അമ്മയ്ക്ക് പരാതി.

വരാന്‍ വൈകിപ്പോയെന്ന ക്ഷമാപണം വിജയന് നല്ല തുടക്കം കൊടുത്തു. ഗോവിന്ദന്‍ ദീക്ഷ വടിച്ചിരുന്നു. 'കാവിലിപ്പോഴും സര്‍പ്പപൂജയുണ്ടോ?' 
വിജയന്‍ അനേ്വഷിച്ചു.
'ഇപ്പോഴെന്നല്ല, പണ്ടുമില്ല.'
'പണ്ടു പണ്ടോ?'
ഗോവിന്ദന്‍ പറഞ്ഞു: 'ഉണ്ടായിരിക്കാം.' പൂജമുടക്കരുതെന്ന് പറഞ്ഞു കൊണ്ട് വിജയന്‍ ജൂബ്ബായുടെ കീശയില്‍ നിന്നും കണ്ണടക്കൂട് പുറത്തെടുത്തു. അതിന്റെ വാ പിളര്‍ത്തിയപ്പോള്‍ രണ്ട് കുന്നിമണികള്‍ നിലത്തേക്ക് വീണുരുണ്ടു. ചെമ്പോത്തിന്റെ കണ്ണുകള്‍! രണ്ടു പേരും സംയുക്തമായി നടുങ്ങിയ ശേഷം കുന്നിമണികള്‍ പങ്കിട്ടെടുത്തു.

ചായയെത്തി. അമ്മയെയും ഓപ്പോളെയും വിജയന്‍ പരിചയപ്പെട്ടു. അയാളുടെ കൈ സാവധാനം നടുവൊടിഞ്ഞുവന്ന് ചായക്കോപ്പയില്‍ വിരലുകള്‍ കോര്‍ത്തു. ആകൈ കൊണ്ട് ഇത്രയും ഭാരമുഴയര്‍ത്താനാകുമെന്ന് ഗോവിന്ദന്‍ കരുതിയിരുന്നില്ല.

വിജയന്‍ അനേ്വഷിച്ചു.
'ഇപ്പോഴും പ്രസംഗമൊക്കെയുണ്ടോ?'
ചുരുങ്ങിയ നേരം കൊണ്ട് ഗോവിന്ദന്റെ ചായ തീര്‍ന്നിരിക്കുന്നു.
'എനിക്ക് വായ്ക്കുരിപ്പില്ല. പണ്ടും ഞാന്‍ പ്രസംഗിക്കാറില്ല. എന്തെങ്കിലും സംസാരിക്കുമെന്ന് മാത്രം.'

വിജയന്റെ കൈ നിവര്‍ന്ന് മടങ്ങി. ചായ യഥാസ്ഥാനത്ത് ചൊരിയുന്ന കാഴ്ച ഗോവിന്ദനെ അഹ്ലാദിപ്പിക്കുന്നുണ്ട്. അനുമതിക്ക് കാക്കാതെ വിജയന്റെ കോപ്പയില്‍ വീണ്ടും ചായനിറഞ്ഞു. അതിനാല്‍ അടുത്ത ചോദ്യത്തിനു മുമ്പ് ഒരിടവേളയുണ്ടായി.

'ഗോവിന്ദന്റെ സുഹൃത്തുക്കള്‍?'

'വരാറുണ്ട്. ദേവന്‍, റഹീം, ഗംഗാധരന്‍, ദാമോദരന്‍....അങ്ങനെ പലരും പലരും എഴുത്തിലൂടെ ബന്ധപ്പെടുന്നു. അനന്തമൂര്‍ത്തി വന്നിരുന്നു. അദ്ദേഹം മഹാത്മാഗാന്ധിയൂണിവേഴ്‌സിറ്റിയില്‍ എനിക്കൊരു 'പീഠം' നിര്‍ദ്ദേശിച്ചിരുന്നു.

'പീഠം'
'അതെ, റൈറ്റര്‍ ഇന്‍ റസിഡന്‍സ്.' എന്റെ നോമിനിയാണെദ്ദേഹമെന്ന് എന്തുകൊണ്ടോ ഒരു തെറ്റിദ്ധാരണ. ഞാന്‍ പറഞ്ഞു.. അനന്തമൂര്‍ത്തി, ഐ ഹാവ് നോ പ്രോബ്ലംസ.് പോകാന്‍ നേരം അദ്ദേഹം അമ്മയെയും ഓപ്പോളെയും നമസ്‌ക്കരിച്ചു.

മനോരാജ്യത്തിലായിരുന്ന അമ്മ അവരുടെ സംഭാണത്തിലേക്കുണര്‍ന്നു. വിജയനോട് പറഞ്ഞു:
'ആ എമ്പ്രാതിരി..'

അനന്തമൂര്‍ത്തി കര്‍ണ്ണാടകക്കാരനാണെന്നും കേരളത്തിലെ എമ്പ്രാന്തിരമമാരുടെ കൂട്ടത്തില്‍ പെട്ടയാളാണെന്നും ചുരുക്കുവഴിയില്‍ ഗോവിന്ദന്‍ പരിചയപ്പെടുത്തിയിരുന്നു.

'ആ എമ്പ്രാന്തിരി വന്ന കാലത്ത് ശ്രീധരനുംവന്നിരുന്നു. 'കലാകൗമുദീ'ന്ന് ഓണത്തിന് വീട്ടില്‍ പോകുന്ന വഴിക്ക്.അയാളെനെലം തൊടീക്കാതെ പറഞ്ഞയച്ചു.മദിരാശിക്ക്. അയാള്‍ക്കും ഉണ്ടാവില്യ അമ്മേം പെങ്ങ•ാരും?' പരാതികള്‍ വിജയന്‍ പുഞ്ചിരിയോടെകേട്ടിരുന്നു. കൂടുതലും ഗോവിന്ദന്റെ വാശിയെക്കുറിച്ചാണ്.

'കണ്ടവരോടെല്ലാം ഗോവിന്ദന്‍ ദേഷ്യപ്പെടും. ഇന്നലെ രാത്രി കിടക്കയും തലയണയുമെടുത്ത് മുറ്റത്തേക്ക എറിഞ്ഞു. എന്താ കാരണം? കഞ്ഞിക്കൊപ്പം കൊടുത്ത ചുട്ട പപ്പടത്തില് വെണ്ണീറുണ്ടായിരന്നത്രെ! ചുട്ട സാധനത്തില് പിന്നെ എന്താ ഉണ്ടാവ്ാ? അല്ലെങ്കില്‍ പ്ലാവില ചോരുന്നുണ്ടെന്നാവും ബഹളം. അര്‍ദ്ധരാത്രി ഉറങ്ങുന്നവരെ ഉണര്‍ത്തി ചീത്ത പറയും. ഇന്നതേ പറയൂ എന്നില്യ. രണ്ട് മണിക്കൂറ് കഴിഞ്ഞാല് അവരെത്തന്നെ വീണ്ടും വിളിക്കും. എന്തിനാ, മുമ്പുണര്‍ത്തിയത് തെറ്റായിപ്പോയെന്നു പറയാന്‍. ഇങ്ങനേം ഉണ്ടോ മനുഷ്യര്?'

ഇല്ലെന്ന് വിജയനും തോന്നി. കലഹത്തിന്റെ വൃത്തം ചുരുങ്ങുന്നതാവാം. അവനവനിലേക്ക് പരിമിതപ്പെടുന്നതാവാം. ബിന്ദിവില്‍ നിന്ന് വികസിക്കുന്ന ബ്രാഹ്മാണ്ഡം. ബിന്ദുവിലേക്ക് തന്നെ ചുരുങ്ങുന്ന ബ്രഹ്മാണ്ഡം.
'ചികിത്സയെക്കുറിച്ചും അല്‍പ്പം ചിന്തിച്ചാലെന്ത്?'

അപ്രിയകരമായ ചോദ്യം വിജയനും ചോദിച്ചു.
'ചികിത്സയുണ്ട്. അതുകൊണ്ടൊന്നും പ്രാണനെ പുതുക്കിപ്പണിയാനാവില്ലല്ലോ!'

അമ്മയുടെ പരാതികള്‍ തീരുന്നില്ല.ചികിത്സക്കാനെന്നും പറഞ്ഞ് ഗോവിന്ദന്‍ പാവം അച്ചുവിനെ തട്ടിക്കൊണ്ടുപോയ കാര്യം അവര്‍ ഓര്‍മ്മിച്ചു. ഗോവിന്ദന്‍ പൊട്ടിത്തെറിച്ചു. 'അമ്മ എഴുന്നേറ്റ് പോണുണ്ടൊ?'
അവര്‍ പോയില്ല.

പുഴയും ഇടവപ്പാതികളും ഇപ്പോള്‍ അച്ചുവിനെ മോഹിപ്പിക്കാറില്ല. എന്നും പുഴ കടന്ന് അയാള്‍ തവനൂരിലെ സര്‍ക്കാര്‍ കൃഷിത്തോട്ടത്തില്‍ ജോലിക്കെത്തും, ടാക്‌സി വിളിച്ച് ഗോവിന്ദന്‍ കാണാന്‍ ചെന്നപ്പോള്‍ അച്ചു ജോലിത്തിരക്കിലായിരുന്നു. വിയര്‍പ്പിര്‍ മണ്ണു കുഴഞ്ഞു നിന്ന അയാളോട് കൂടെ ചെല്ലാന്‍ ഗോവിന്ദന്‍ നിര്‍ബന്ധിച്ചു. മണ്ണ് കഴുകക്കളയേണ്ട.കൈക്കോട്ടോ? അച്ചുചോദിച്ചു. അതും ഇരുന്നോട്ടെ. ഒന്നുംമറുത്തു പറയാന്‍ അച്ചുവിനറിയില്ല. ചെളിയും കൈക്കോട്ടുമായി അയാള്‍ കാറിന്റെ പിന്‍ സീറ്റില്‍ ഒതുങ്ങിയിരുന്നു. നേരെ മേഴത്തൂരേക്ക്. വൈദ്യമഠം നമ്പൂതിരിയെ കാണണം. കാറിറങ്ങിയപ്പോള്‍ അച്ചുതന്റെ പണിയായുധത്തെ ഓര്‍ത്തു: കൈക്കോട്ടെടുക്കണോ?

'എടുത്തോ'.
അച്ചുവിന്റെ ഉടുവസ്ത്രത്തില്‍ നിന്നും പരിശോധനാ മുറിയില്‍ ചെളിവെള്ളം വീഴുന്നുണ്ടായിരുന്നു. ഗോവിന്ദന്‍ പരിചയപ്പെടുത്തി. ഇതെന്റെ സഹോദരനാണ്, അച്ചു എന്ന അച്ചുതന്‍. 
ഒരു സംശയം.

'നായര്‍ എന്ന് ചേര്‍ക്കണോ?'
അച്ചു പറഞ്ഞു: 'റിക്കാര്‍ഡില്‍ നായരെന്നുണ്ട്.'
'എങ്കില്‍ ഇരുന്നോട്ടെ. ഇയാള്‍ക്ക് പ്രാന്താ. ചികിത്സിക്കാന്‍ പറ്റേ്വാ. 
നമ്പൂരിക്ക്?'

പരിഭ്രമത്തോടെ വൈദ്യമഠം പറഞ്ഞു.
'ഗോവിന്ദന്‍, ആര്‍ക്കാ പ്രാന്തെന്ന് നമുക്ക് നോക്കാം. ഇല്ലാത്തത് ആര്‍ക്കാണെന്നും. ഇത്തിരി ക്ഷമിക്ക്.'  തുടര്‍ന്നു കേട്ട സംസ്‌കൃത ശ്ലോകത്തെ ഗോവിന്ദന്‍ അവഗണിക്കുകയാണുണ്ടായത്.

ഗോവിന്ദന്‍ കൊടുത്ത നൂറുരൂപ അച്ചു വിനയപൂര്‍വ്വം നിരസിച്ചു. തനിക്ക് കൃത്യമായി കൂലി തന്നിട്ടുണ്ട്. അതൊക്കെ മതി.
വിജയനും ഗോവിന്ദനും കഞ്ഞി കുടിക്കാനിരുന്നു. മെഴുക്കു പുരട്ടിയിലെ പാവം പച്ചക്കുമിളകളെ വിജയന്‍ മൃദുവായി തൊട്ടു നോക്കി. പുത്തരിച്ചുണ്ട്. അമ്മയുടെ പ്രതേ്യക വിഭവമാണ്. കഥകളി നട•ാര്‍ കണ്ണു ചുവപ്പിക്കുന്ന വര്‍ഗ്ഗം. ഗോവിന്ദന്‍ പറഞ്ഞു. 'ഈയിടെ പുത്തരിച്ചുണ്ട എനിക്കൊരു കവിത തന്നു.
വിജയന് കൗതുകമായി. 
പുത്തരിച്ചുണ്ടകള്‍ പൂവിട്ട കാലത്തു.
പുഞ്ചിരിച്ചെണ്ടുമായെത്തിയവള്‍.
.............................

.............................
നേരം പുലര്‍ന്നപ്പോള്‍ ഒട്ടത്തു പായ്ച്ചുരു-
ളായോരോ കൂട്ടരും യാത്രയായി.
ആരോ തിരിഞ്ഞെന്നെ നോക്കുന്നു കണ്ടു ഞാന്‍
ആരോമലാളേ നീ തന്നെയാവാം.
ആളൊന്നു കൈകോര്‍ത്തു നിന്നൊപ്പം
നി•-ണവാളന്‍ ചമയും ചെറുക്കനാവാം.
പൂവിട്ട പുത്തരിച്ചുണ്ട ഉണക്കമായ്
വേനലിന്‍ വേര്‍പാടു മാത്രം മണ്ണില്‍.

മെഴുക്കു പുരട്ടിക്കൊപ്പം തീര്‍ച്ചയായും ചുട്ട പപ്പടവുമുണ്ട്. ഗോവിന്ദന്റെ പപ്പടങ്ങളെടുത്ത് വിജയന്‍ ഊതിക്കൊടുത്തു. വെണ്ണീറു പാറ്റാന്‍ എന്നിട്ടും പപ്പടച്ചീളുകള്‍ നേരിയ ശബ്‌ത്തോടെ ഒടിയുമ്പോള്‍ ആര്‍ക്കോ ശകാരം കിട്ടാനായി ഇലച്ചീന്തിന്റെ  മാനത്ത് മഞ്ഞുപോലെ നേര്‍ത്ത പുക പരന്നു. ഉറക്കം അറ്റുപോകുന്ന രാത്രികള്‍ക്കായി ഗോവിന്ദന്‍ ഇലച്ചീന്തില്‍ കരുതിവെക്കുന്ന വെടിപ്പുക!

'നിങ്ങള് മുറുക്കേ്വാ'

കഞ്ഞികുടി കഴിഞ്ഞ് ഉമ്മറത്തെത്തിയപ്പോള്‍ വിജയനോട് അമ്മ അനേ്വഷിച്ചു. ഗോവിന്ദന് ചിരി വന്നു. അതിഥിയില്‍ നിന്നു തന്നെ മറുപടി വരട്ടെ. പക്ഷേ ചിരി അയാളിലേക്കു കൂടി പടര്‍ന്നതേയുള്ളൂ. വെറ്റിലച്ചെല്ലം ആതിഥ്യ മര്യാദയോടെ തുറന്നു തന്നെയിരുന്നു.

ഭക്ഷണവും ഗോവിന്ദന് ചുമയായി.

'വിജയന് പോകാന്‍ ധൃതിയില്ലല്ലോ, എനിക്കല്‍പ്പം കിടക്കണം.

പങ്കയുടെ കൊടുങ്കാറ്റില്‍ ധൃതിപിടിച്ച് ഉറങ്ങാന്‍ ശ്രമിക്കുന്ന ഗോവിന്ദനെ വിജയന്‍ നോക്കി നിന്നു. 'ഖസാക്കിന്റെ ഇതിഹാസ'ത്തിന് അവതാരിക എഴുതാന്‍ സമീപിച്ചപ്പോള്‍ വിനയപൂര്‍വ്വം നിരസിച്ചയാളാണ് ഗോവിന്ദന്‍. പുസ്തകത്തിന് തന്റെ അവതാരിക ഭാവിയിലൊരു ഭാരമായേക്കാം എന്ന ന്യായം!

ഒരു കവിയല്ലാതെ മറ്റാരുമായി അറിയപ്പെടാന്‍ ആഗ്രഹിക്കാത്തവന്‍. എന്നാല്‍ കവിയായി മാറി നില്‍ക്കാനുള്ളതല്ല കവിയുടെ ജീവിതമെന്നും, അതുകൊണ്ട് മാറി നടന്നപ്പോഴെല്ലാം കവിതയെ ഒപ്പം കൂട്ടുകയായിരുന്നെന്നും വിശദീകരണം. രാജ്യത്തെ പല വ്യവസ്ഥിതികളെയും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. ശാഠ്യത്തോടെ കലഹിക്കേണ്ടിയും വന്നിട്ടുണ്ട്. അപ്പോഴും ഗോവിന്ദന്‍ ഊറ്റം കൊണ്ടു- ഈ മണ്‍തരി, ഈ മരണം, ഈ വികാരം തന്റെ, താനതിന്റെയും.

അതിന്‍ ജീവിത ഗര്‍വ്വങ്ങള്‍
അതിന്റെ ജീര്‍ണ്ണ പര്‍വ്വങ്ങള്‍
അതിന്റെ ഇതിഹാസങ്ങള്‍
എല്ലാമെന്റേതു തന്നെയാം
തായ്‌നാടായുള്ള താദാത്മ്യം
ദു:ഖവും കാവ്യവുമാക്കവേ,
അമ്മേ മുട്ടിക്കുടിപ്പു ഞാന്‍.

'ഞാന്‍ വിശ്വസിക്കുന്നത് മനുഷ്യനിലാണ്. ആ ബിംബം നന്നാക്കുക. എന്നതാണ എന്റെ ലക്ഷ്യം. ഇതെന്റെ  സ്വാര്‍ത്ഥ താല്പര്യം കൂടിയാണ്.'
ഗോവിന്ദരേ, മനുഷ്യനെ വിശ്വസിക്കുക. നിദ്രയിലും ജാഗ്രത്തിലും! 
വിളിച്ചുണര്‍ത്താതെ വിജയന്‍ യാത്രയായി.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image