മുപ്പിറവിയാണ്ട തലൈവന്‍ ആണ് എം ജി ആര്‍ തമിഴക ജനതയ്ക്ക്. തന്‍റെ സിനിമയിലെ അതിശയീകരിക്കപ്പെട്ട പ്രതിച്ഛായ എം ജി ആര്‍ ജീവിതത്തിലും ആവര്‍ത്തിച്ചതിനു പിന്നില്‍ ചില കൗതുകകരമായ സത്യങ്ങളുണ്ട്. തമിഴ്നാട്ടില്‍ ഏറെക്കാലം ദുരൂഹമായ രഹസ്യമായിരുന്നു വെടിയുണ്ട ഏറ്റിട്ടും രക്ഷപ്പെട്ട എം ജി ആറിന്‍റെ അതിശയ ജീവിതകഥ.


 സിനിമയില്‍ ഏറ്റവും ഉയരങ്ങളില്‍ വിരാജിക്കുമ്പോഴാണ് എം ജി ആറിനെ അടുത്ത സുഹൃത്തും തമിഴിലെ പ്രമുഖതാരവുമായ എം ആര്‍ രാധ വെടിവയ്ക്കുന്നത്‌. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു എന്ന് മാത്രമല്ല അടുത്ത സുഹൃത്തുക്കളുമായിരുന്നു. അവര്‍ ഒരുമിച്ചാണ് ചെന്നൈയില്‍ പി ഒ ആര്‍ ആര്‍ & സണ്‍സില്‍ നിന്ന് റിവോള്‍വര്‍ വാങ്ങിയതും. എം ജി ആര്‍ തന്‍റെ റിവോള്‍വറിന് എല്ലാ കൊല്ലവും ലൈസന്‍സ് പുതുക്കിപ്പോന്നു. എന്നാല്‍ രാധ അത് ശ്രദ്ധിച്ചതേയില്ല. 

 67-ല്‍ കാമരാജ് ഭരണത്തിന്‍റെ അന്തിമ നാളുകളില്‍ ഡി എം കെ യുടെ ഉന്നതനായ നേതാവായി കഴിയുമ്പോഴാണ് എം ജി ആറിനെ എം ആര്‍ രാധ സന്ദര്‍ശിക്കുന്നത്. ഒരു പെട്ടിയുമായാണ് അദ്ദേഹം നന്ദംപാക്കത്തുള്ള എം ജി ആറിന്‍റെ വസതിയില്‍ എത്തിയത്. പുതിയ പടത്തിന്‍റെ കോണ്ട്രാക്റ്റ് ചര്‍ച്ച ചെയ്യാന്‍ തന്‍റെ മുന്‍ നിര്‍മ്മാതാവുമായി എത്തിയതായിരുന്നു രാധ. ഇതിനു തൊട്ടു മുന്‍പ് രാധ രാഷ്ട്രീയമായി എം ജി ആറിനെ വിമര്‍ശിച്ചു കൊണ്ട് ചില യോഗങ്ങളില്‍ പ്രസംഗിച്ചിരുന്നു.

 പൊതുവേ ഒട്ടും വിമര്‍ശനം സഹിക്കാന്‍ തയ്യാറുള്ള ആളല്ല എം ജി ആര്‍. ചര്‍ച്ചക്കിടെ രാധ എഴുനേറ്റു നിന്നു. ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാധ അത് ചെയ്തില്ല. പൊടുന്നനെ രാധ തോക്കെടുത്ത് വെടി വച്ചു. എം ജി ആറിന്‍റെ കഴുത്തില്‍ വെടിയുണ്ട പതിച്ചു. ചെവിയില്‍ നിന്ന് രക്തം ഒഴുകി. അക്ഷോഭ്യനായി അദ്ദേഹം വാതില്‍ക്കലേക്ക് നീങ്ങി ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. 

ഇതിനിടെ വീണ്ടും വെടിയൊച്ച കേട്ടു. രാധ സ്വന്തം ജീവനെടുക്കാന്‍ ശ്രമിച്ചതായിരുന്നു. രാധയും എം ജി ആറിനോടൊപ്പം ആശുപത്രിയിലായി. എം ജി ആറിന്‍റെ നട്ടെല്ലിന്‍റെ അടുത്ത് വെടിയുണ്ട കുടുങ്ങിയതിനാല്‍ അത് പുറത്തെടുത്തില്ല ഡോക്ടര്‍മാര്‍. പക്ഷേ അദ്ദേഹത്തിന് സംസാര ശേഷി നഷ്ടമായി. 

 ഇതിനിടെ ഡി എം കെ അണ്ണാദുരയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ അധികാരത്തിലെത്തി. ആശുപത്രിക്കിടക്കയില്‍ എം ജി ആര്‍ ഒപ്പിട്ടു, അധികാരമേറ്റു. ഒരു സിനിമാക്കഥ പോലെയായിരുന്നു എല്ലാം നടന്നത്. കോടതിയില്‍ എം ജി ആര്‍ ആണ് തന്നെ വെടിവച്ചതെന്ന് രാധ വാദിച്ചു. താന്‍ ആ തോക്ക് വാങ്ങി തിരികെ വെടി വച്ചുവെന്നും. എം ജി ആറിന്‍റെ തോക്കില്‍ നിന്നും വെടിയുണ്ടയൊന്നും നഷ്ടമായിരുന്നില്ലെന്നും ഒരേ ഒരേ ഇനം  വെടിയുണ്ടകളാണ് രാധയുടെയും എം ജി ആറിന്‍റെയും ദേഹത്തില്‍ ഉണ്ടായിരുന്നതെന്നും കോടതി കണ്ടെത്തി. 

രാധക്ക് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. അത് മുഴുവന്‍ പൂര്‍ത്തിയാകും മുമ്പ് അദ്ദേഹത്തെ ഡി എം കെ സര്‍ക്കാര്‍ മോചിപ്പിച്ചു. പക്ഷേ അതോടെ ആ കുടുംബം ആകെ തകര്‍ച്ചയില്‍ എത്തിയിരുന്നു. പിന്നിട് മകന്‍ രാധാ രവിയും മകള്‍ രാധികയും സിനിമയില്‍ വലിയ നിലയിലെത്തി എം ജി ആറിന്റെ   നട്ടെല്ലില്‍ തുളച്ചു നിന്നിരുന്ന വെടിയുണ്ട പിന്നിട് സ്ഥാനം മാറി. അത് ഡോക്ടര്‍മാര്‍ പുറത്തെടുത്തു. സംസാരത്തിലെ വൈകല്യം അവര്‍ക്ക് പരിഹരിക്കാനായില്ല. എന്നാല്‍ അതൊന്നും ആരാധകരെ നിരാശപ്പെടുത്തിയില്ല. പിന്നിട് 84-ല്‍ അദ്ദേഹം വൃക്ക മാറ്റത്തിന് അമേരിക്കയില്‍ ചികിത്സയ്ക്കു പോയി അതും അതിജീവിച്ചു മുപ്പിറവിയായി അദ്ദേഹം തിരിച്ചെത്തി മുഖ്യമന്ത്രിയായി അധികാരമേറ്റു. തമിഴകത്തെ മറ്റൊരു രാഷ്ട്രീയ അത്ഭുതം. പക്ഷേ വെടിയുണ്ടകളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത് അപ്പോഴും അതിശയമായി തുടര്‍ന്നു. തമിഴ്നാട് പോലീസിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ചന്ദ്രശേഖരന്‍ ആണ് അതിനുത്തരം കണ്ടെത്തിയത്. 

ഇടയ്ക്കിടെ എം ആര്‍ രാധ മേശവലിപ്പ് തുറക്കും .ഇത് മൂലം മേശവലിപ്പിലെ ബുള്ളറ്റ് കേസ് ഇളകും .ഇത് മൂലം ഉള്ളിലെ ബുള്ളറ്റിന്റെ പ്രഹരശേഷി കുറയും .കൃത്യത നഷ്ടമാകും .അതാണ്‌ ഇവിടെ നടന്നത് .  അവ തോക്കില്‍ ലോഡ് ചെയ്യാന്‍ ആയി എങ്കിലും അതിന്‍റെ ചലനശേഷി അപ്പോഴേക്കും ബാധിക്കപ്പെട്ടിരുന്നു. പ്രഹരശേഷി കുറഞ്ഞതു കൊണ്ടാണ് അത് എം ജി ആറിന്‍റെ കഴുത്തില്‍ തുളച്ചു കയറാതെ പോയതും രാധ രക്ഷപ്പെട്ടതും ഒരര്‍ത്ഥത്തില്‍ വലിയൊരു അല്‍ഭുതം തന്നെ! 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image