പൂപ്പാറ

ജീവിതങ്ങള്‍ തകര്‍ത്ത 

ഉരുള്‍ പൊട്ടലുകള്‍

തകര്‍ത്തെറിഞ്ഞ പ്രളയത്തിന്‍റെ ദുരന്തത്തില്‍ നിന്ന് പതിയെപ്പതിയെ കരകയറാനുള്ള ശ്രമങ്ങളിലാണ് കേരളം. എന്നാല്‍  മഹാപ്രളയത്തിനും മുന്‍പേ അഭൂതപൂര്‍വമായ മഴയില്‍ മലകള്‍ കുതിര്‍ന്നപ്പോള്‍ സഹ്യപര്‍വതസാനുക്കളില്‍ നൂറുകണക്കിന് ഉരുള്‍പൊട്ടലുകളാ ണ്ഉണ്ടായത്. വയനാട്ടിലും ഇടുക്കിയിലുമായിരുന്നു ഇവയില്‍ ഭൂരിഭാഗവും. ഒരിക്കല്‍ ഉരുള്‍ പൊട്ടിയിടത്ത് വീണ്ടും ഉരുള്‍ പൊട്ടി. ഇടുക്കിയില്‍ പന്നിയാര്‍കുട്ടി എന്ന ഗ്രാമം തന്നെ ഉരുള്‍ പൊട്ടി  ഇല്ലാതായി. കോഴിക്കോട് ജില്ലയിലെ  കട്ടിപ്പാറയിലെ കരിഞ്ചോലയിലായിരുന്നു  ഇത്തവണ തുടക്കം. വയനാട് ചുരത്തോട്  ചേര്‍ന്ന് നില്‍ക്കുന്ന ഈ കുന്നിന്‍ചെരുവില്‍ ഉരുള്‍പൊട്ടി മുന്ന് കുടുംബങ്ങളിലെ  14 പേരാണ് മരിച്ചത്. ഒരു ഉരുള്‍പൊട്ടലില്‍ ഇത്രപേര്‍ സമീപകാലത്ത് മരിക്കുന്നത് ഇതാദ്യം. പിന്നിട് കൊട്ടിയൂരിലും മലപ്പുറത്ത് കൈതക്കുണ്ടിലും നിലമ്പൂരും  പാലക്കാട്ട്‌ നെല്ലിയാമ്പതിയിലും വലിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായി  പ്രളയം പോലെ ഉരുള്‍പൊട്ടലും കേരളത്തില്‍ വലിയ നാശനഷ്ടമാണ്‌ സൃഷ്ടിച്ചത്.

 പൊതുവേ വൃക്ഷങ്ങളും സസ്യജാലവും  നശിപ്പിക്കപ്പെട്ട കുന്നുകളില്‍ മഴ പെയ്തിറങ്ങി ആ മല കുതിര്‍ന്നു പൊട്ടി നിലം പതിക്കുന്നതിനെയാണ് ഉരുള്‍പൊട്ടല്‍ എന്ന് വിളിക്കുന്നത് പ്രളയം പോലെ അതിനു കീഴിലുള്ള എല്ലാം, അത് നശിപ്പിക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ദുര്‍ബലമാക്കുന്ന  മലകള്‍ പൊട്ടിവരുന്ന കുത്തൊഴുക്കില്‍ ഗ്രാമങ്ങള്‍ തന്നെ  ഇല്ലാതാകും. ഗാഡ്ഗില്‍ റിപ്പോട്ടില്‍ സൂചിപ്പിച്ചിരുന്ന ഇടങ്ങളില്‍ ആയിരുന്നു ഈ ഉരുള്‍പൊട്ടലില്‍ ഭൂരിഭാഗവും.

 പാത്തമുറിയിലെ ഉരുള്‍പൊട്ടല്‍

മലയോര ജില്ലയായ ഇടുക്കി പ്രളയത്തോടെ പതിറ്റാണ്ടുകള്‍ പിന്നിലേക്കു പോയിരിക്കുന്നു. തുടര്‍ച്ചയായുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ജില്ലയില്‍ 46 ജീവനുകള്‍ അപഹരിക്കുകയും ഏഴു പേരെ കാണാതാവുകയും ചെയ്തു. പരിക്കേറ്റ 56 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയും ചെയ്യുന്നു. ഇടുക്കി ജില്ലയില്‍ മഴക്കെടുതികളില്‍ 56 പേര്‍ മരിച്ചപ്പോള്‍ 46 ജീവനുകളും അപഹരിച്ചത് ഉരുള്‍പൊട്ടലുകളാണെന്നു മനസ്സിലാക്കുമ്പോഴേ ഇത് ജില്ലയ്ക്കു വരുത്തിയിട്ടുള്ള പരുക്കിന്‍റെ ആഴം വ്യക്തമാകൂ. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണില്‍ മാത്രം 278 ഉരുള്‍പൊട്ടലുകളും 1800 മണ്ണിടിച്ചിലുകളുമാണ് ജില്ലയിലെമ്പാടുമുണ്ടായത്. ഇതില്‍ പ്രധാനപ്പെട്ട 19 ഉരുള്‍പൊട്ടലുകളാണ് 46 ജീവനുകള്‍ കവര്‍ന്നത്. മിക്ക ഉരുള്‍പൊട്ടലുകളും  പലകുടുംബങ്ങളെയും വേരോടെ തുടച്ചുനീക്കിയപ്പോള്‍ പരിക്കേറ്റവരും ഇതിന്‍റെ കെടുതികള്‍ പേറുന്നവരും ഇനിയും ബാക്കി. ഉരുള്‍പൊട്ടലില്‍ 60 വര്‍ഷത്തെ കുടിയേറ്റത്തിന്‍റെ ചരിത്രം പേറിയിരുന്ന അടിമാലിക്കു സമീപത്തുള്ള പന്നിയാര്‍കുട്ടി എന്ന ഗ്രാമം തന്നെ ഇടുക്കി ജില്ലയുടെ ഭൂപടത്തില്‍ നിന്നു തുടച്ചുനീക്കപ്പെട്ടു. ഉരുള്‍പൊട്ടലില്‍ ജില്ലയിലെ 93 റോഡുകളില്‍ 89 എണ്ണവും തകര്‍ന്നു. മൂന്നാര്‍ ഉള്‍പ്പടെയുള്ള ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ദിവസങ്ങളോളം ഒറ്റപ്പെട്ടു. 

ഭൂപടത്തില്‍ ഇല്ലാതായ പന്നിയാര്‍കുട്ടി


നീലക്കുറിഞ്ഞി പൂക്കാലം അടുക്കലെത്തി നില്‍ക്കുമ്പോഴാണ് ഉരുള്‍പൊട്ടലുകളും പ്രളയവും മൂന്നാറിനെ തകര്‍ത്തെറിഞ്ഞത്. റോഡുകളും തകര്‍ന്നതോടെ ടൂറിസം മുഖ്യവരുമാന മാര്‍ഗമായ ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങായ മൂന്നാര്‍, തേക്കടി, വാഗമണ്‍, രാമക്കല്‍മേട് എന്നിവ നിലനില്‍പ്പു ഭീഷണിയിലാണ്. ഇടുക്കിയും വയനാടും ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ള ജില്ലകളാണെന്നും ഇവിടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും മുന്നറിയിപ്പു നല്‍കുമ്പോള്‍ പിറന്ന മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാദമുയര്‍ത്തിയാണ് രാഷ്ട്രീയക്കാരും മതമേധാവികളും ഇതിനെ നേരിട്ടത്. ഉരുള്‍പൊട്ടലുകളുണ്ടായ മേഖലകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തേ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറായിരുന്നുവെങ്കില്‍ ഇടുക്കിക്ക് ഇപ്പോഴത്തെ ദുരന്തം അനുഭവിക്കേണ്ടി വരുമായിരുന്നില്ല.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image