മതം എന്ന ശീട്ട്

ഉല്ലേഖ് എന്‍ പി 

അണികൾ പരസ്പരം വെട്ടി മരിക്കുന്നത് തുടരുമ്പോൾ കണ്ണൂരിൽ സമാധാനം ഒരു വിദൂര സ്വപ്നം ആയി അവശേഷിക്കും

ഉല്ലേഖ് എന്‍ പി

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ഉല്ലേഖ് എന്‍ പി ഇംഗ്ലീഷില്‍ എഴുതിയ ,പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച കണ്ണൂര്‍  :ഇന്‍ സൈഡ് ദി ബ്ലൂഡിയെസ്റ്റ് റിവന്ജ് പൊളിറ്റിക്സ് എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ആണ് ഇവിടെ നല്‍കുന്നത്   ഇത് അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ഗ്രന്ഥമാണ്   എന്ത് കൊണ്ടു കണ്ണൂര്‍ എന്നും  നിരന്തരമായി നടക്കുന്ന ഈ പ്രതികാര രാഷ്ട്രീയം എങ്ങനെ അവസാനിപ്പിക്കാനാവും എന്ന്  അദ്ദേഹം വ്യക്തമാക്കുന്നുണ്ട്    കണ്ണൂരുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യക്തി ആ നാട്ടിനെ ബാധിക്കുന്ന രക്തചൊരിച്ചിലിനെ എങ്ങനെ കാണുന്നു   എന്നതാണ് പ്രത്യേകത .നിശിതവും സമഗ്രവുമായ ഈ വിശകലനം പാര്‍ട്ടികളുടെ  കണ്ണ് തുറപ്പിച്ചെങ്കില്‍...


പുസ്തകത്തില്‍ നിന്ന് 

  ആര്‍ എസ് എസിനും അവിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിക്കും  ഒരു കാര്യത്തില്‍ സാമ്യമുണ്ടായിരുന്നു .1948 ഇല്‍ ഇരു വിഭാഗവും ഒരു പോലെ നിരോധനവും അറസ്റ്റുകളും പ്രോസിക്യുഷനും നേരിട്ടു.ഗാന്ധി വധത്തില്‍ പങ്കുണ്ടായിരുന്ന മുന്‍ ആര്‍ എസ് എസ് അംഗം നാഥുറാം ഗോഡ്സെയുടെ പേരില്‍  ആര്‍   എസ് എസും രണദിവെയുടെ കല്കത്ത തീസിസിന്‍റെ പേരില്‍ സി പി ഐ യും .
 അന്ന് കേരളം തിരുവതാംകൂര്‍ ,കൊച്ചി ,മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടിരുന്നു.മൂന്നിടങ്ങളിലുമായി 27 ശാഖകള്‍ .ആണ് ആര്‍ എസ് എസിന് ഉണ്ടായിരുന്നത് .ഇന്നത്തെ കാസര്‍കോട് ഉള്‍പെട്ട കണ്ണൂര്‍ ജില്ലയില്‍ നാലും .. കാസര്‍കോട്.കാഞ്ഞങ്ങാട്,കണ്ണൂര്‍ തലശേരി എന്നിവയായിരുന്നു അവ 
 ആര്‍ എസ് എസിന്‍മേലുള്ള നിരോധനം 18 മാസം നീണ്ടു നിന്നു.സി പി ഐ 1948 മുതല്‍ 51 വരെ അതിന്റെ ശക്തി കേന്ദ്രങ്ങളില്‍ എല്ലാം നിരോധിക്കപെട്ടു.1948 ഇല്‍ പാര്‍ട്ടിയുടെ രണ്ടാം കൊണ്ഗ്രസ്സില്‍ അംഗീകരിച്ച " സാഹസികമായ തന്ത്രപരമായ  സംഘടന ലൈന്‍ " പാളിച്ചകള്‍ ഉള്ളതായിരുന്നുവെന്നു  പാര്‍ട്ടി നേതാക്കന്മാര്‍ പിന്നിട് സമ്മതിച്ചു .

  കൌതുകകരമെന്നു പറയാം ,ഇടതുപക്ഷ സി പി ഐയും വലതുപക്ഷ ആര്‍ എസ എസുമായുള്ള സംഘര്‍ഷം അതിനുമുന്‍പെ തുടങ്ങിയിരുന്നു..1948 ജനുവരിയില്‍ ആര്‍ എസ് എസ് നേതാവ് മാധവ് സദാശിവ് "ഗുരുജി"ഗോള്‍വള്‍ക്കര്‍ക്കു ഒരു സ്വീകരണം നടക്കവേ അതിലേക്കു യുവ കമ്യുണിസ്റ്റു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു ചാടിക്കയറിയതാണ്  സംഘര്‍ഷത്തിനു  ഇടയാക്കിയതെന്നു മുതിര്‍ന്ന ആര്‍എസ് എസ് പ്രചാരകും എഴുത്തുകാരനുമായ   രംഗ ഹരി പറയുന്നു.തങ്ങള്‍ അന്നു വേണ്ടവിധം തിരിച്ചടിച്ചുവെന്നും  ഹരി പറയുന്നു ..അന്ന് അടികൊണ്ടവരില്‍ യുവാവായ, പിന്നിട്എഴുത്തുകാരനും ബ്യുറോക്രാറ്റുമായ മലയാറ്റൂര്‍ രാമകൃഷ്ണനും ഉണ്ടായിരുന്നു.അന്നത്തെ മുറിവുകള്‍ കരിഞ്ഞുവെങ്കിലും അതിന്റെ ഓര്‍മ തന്നെ വിടാതെ പിന്തുടരുന്നതായി പിന്നിട്  മലയാറ്റൂര്‍ സ്വതസിദ്ധമായ  നര്‍മത്തില്‍ എഴുതുകയുണ്ടായി

1948 ജനുവരിയില്‍ ആര്‍ എസ് എസ് നേതാവ് മാധവ് സദാശിവ് "ഗുരുജി"ഗോള്‍വള്‍ക്കര്‍ക്കു ഒരു സ്വീകരണം നടക്കവേ അതിലേക്കു യുവ കമ്യുണിസ്റ്റു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു ചാടിക്കയറിയതാണ്  സംഘര്‍ഷത്തിന്  ഇടയാക്കിയത് 

 .
1949 ഇല്‍ ഗോള്‍വള്‍ക്കര്‍ക്കു സ്വീകരണം നല്‍കുമ്പോള്‍ രണ്ടിടത്തു .കോഴിക്കോടും ആലപ്പുഴയിലും ആക്രമണം ഉണ്ടായതായി മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടരുമായ പദ്മവിഭുഷന്‍ ജേതാവ് പി  പരമേശ്വരന്‍ 2008 ഇല്‍ എഴുതിയ ഒരു ലേഖനത്തില്‍  പറയുന്നു ഇവ അവരുടെ അസഹിഷ്ണുത മൂലം കരുതികൂട്ടി നടത്തിയതും ഏകപക്ഷീയവുമായിരുന്നു എന്നദ്ദേഹം എഴുതുന്നു.

 "1950 കളില്‍ ആര്‍ എസ് എസ വടക്ക് ശക്തി വര്‍ദ്ധിപ്പിച്ചു വന്ന വേളയില്‍ അവിടെ പ്രചാരണത്തിന് പോയ ആര്‍ എസ് എസ്  നേതാക്കള്‍ക്ക് ഭക്ഷണമോ താമസ സൌകര്യമോ പാര്‍ട്ടി  നിഷേധിച്ചുവെന്നു  അദ്ദേഹം പറയുന്നു.അവസാനം അവര്‍ക്ക് റെയില്‍വേ ഫ്ലാറ്റ്ഫോമിനെ   ആശ്രയിക്കേണ്ടിവന്നു."   
 കോണ്‍ഗ്രസ്സിന്റെയും സര്‍ക്കാറിന്റെയും ആക്രമണം ഏറെയും സി പി ഐ നേരിട്ടപ്പോള്‍ ആര്‍ എസ് എസ അതില്‍നിന്നു രക്ഷപെടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചു .അവര്‍ ഫുട്ബോള്‍ ,ബാസ്കറ്റ് ബോള്‍ കുബ്ബുകള്‍ സംഘടിപ്പിച്ചു പ്രത്യേക ക്ലാസ്സുകള്‍ നടത്തി .ഇതില്‍ ഒട്ടേറെ  യുവാക്കളായിരുന്നു പങ്കെടുത്തത് .ആപത്തു അവര്‍ ഒരു അവസരമാക്കി .ഇതിനിടെ അവര്‍ ചില പ്ലെഷര്‍ ട്രിപ്പുകളും സംഘടിപ്പിച്ചു .സ്വാമി ആഗമാനന്ദയുടെ കീഴില്‍ കാലടി അദ്വൈതാശ്രമത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരെ അവര്‍ കൊണ്ടുപോയി .അദ്ദേഹമാണ് പി പരമേശ്വരനെപോലെയുള്ളവരെ രാമകൃഷ്ണാശ്രമത്തില്‍  ചേര്‍ത്തത്.

 ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തകരെ  തികഞ്ഞ പ്രതികാരമനോഭാവത്തോടെ വേട്ടയാടിയതോടെ കോണ്ഗ്രെസ്സിനെതിരെ ജനവികാരം കടുത്തു .ഇത്  സി പി ഐ ക്കു സഹായകരമായി. കോണ്‍ഗ്രസ് നേതാക്കളുടെ ഹീനമായ നടപടികള്‍ ജനങ്ങള്‍ക്ക്‌ അവരോടുള്ള രോഷം വര്‍ധിപ്പിച്ചു .നൂറുകണക്കിന്മ ഗ്രാമങ്ങള്‍ ,പ്രത്യേകിച്ചും മലബാറില്‍ ,കമ്മ്യുണിസ്റ്റ് കോട്ടകളായി മാറി .സ്ത്രീകള്‍ക്കിടയിലും നിരക്ഷര്ക്കിടയിലും നടത്തിയ സാക്ഷരതാപരിപാടികള്‍ യുവാക്കള്‍ മുതിര്ന്നവരുമായി ഒരു ആല്മബന്ധംസ്ഥാപിക്കുന്നതിനു വഴിതെളിച്ചു.ഈ ബന്ധം ശക്തമായി മാറി . കര്‍ഷകസമരങ്ങളുടെ തീച്ചൂളയിലുടെ വളര്‍ന്നവര്‍ ഇങ്ങനെ ഒന്ന് ചേര്‍ന്നതില്‍ അതിശയമില്ലായിരുന്നു 

  നൂറു കണക്കിന് കമ്മുണിസ്റ്റുകാരെ അറസ്റ്റ് ചെയ്തപ്പോള്‍ ഏതാനും ആര്‍ എസ് എസ്പ്രവര്‍ത്തകരും അറസ്റ്റിലായി .തമിഴ്നാട്ടില്‍ ആര്‍ എസ് എസ് പ്രാന്ത പ്രചാരക് ആയ ദത്താജി ദിദോല്കര്‍,1944 ഇല്‍ കല്കതയിലേക്ക് മാറ്റിയ ദത്തോപാന്ത് തെന്ഗിടിക്കു പകരം മലബാറില്‍ പ്രചാരക് ആയി വന്ന ശങ്കര്‍ ശാസ്ത്രി ,പി കെ എം രാജ ,നാമദേവ കാമത്ത്,മാധവ കാമത്ത് ,തുടങ്ങിയവര്‍ അറസ്റ്റില്‍ ആയവരില്‍ ഉള്‍പെടുന്നു .മലബാറില്‍ പ്രവര്‍ത്തിച്ചു വന്ന ടി എന്‍ ഭരതന്‍,പി മാധവന്‍, ആര്‍ വേണുഗോപാല്‍ ,ടി എന്‍ മാര്‍ത്താണ്ഡന്‍ തുടങ്ങിയവര്‍ ഒളിവില്‍ പോയി.
 രാജഭരണത്തിലുണ്ടായിരുന്ന തിരുവതാംകൂറും  കൊച്ചിയും ആര്‍ എസ് എസിനോട് മൃദുല സമീപനം സ്വീകരിച്ചു .അതിനാല്‍ മലബാറില്‍ നിന്നുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കുടുതലായി അറെസ്റ്റ്‌ ചെയ്യപ്പെട്ടില്ല .  ഗാന്ധി വധത്തെ തുടര്‍ന്നു ആര്‍ എസ്സ് എസിനു നേരെയുണ്ടായ കടുത്ത സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ജയിലില്‍ അടച്ച  ഗുരുജി ഗോള്‍വള്‍ക്കറുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെങ്കിലും  അദ്ദേഹത്തെ വിടുന്നില്ലെന്നു കണ്ട .സംഘ് ഇന്ത്യ ഒട്ടാകെ സത്യാഗ്രഹം തുടങ്ങി .കേരളത്തിലും സര്‍ക്കാര്‍ സര്‍വിസില്‍ ഉള്ളവര്‍ ഉള്‍പ്പടെ  നിരവധി നേതാക്കള്‍അതില്‍ പങ്കെടുത്തു .പലരും സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപെട്ടു .ആറു കൊല്ലം മുന്‍പ് കേരളത്തില്‍ എത്തിയ നീലകണ്ഠ യേശ്വന്ത് തെലാന്ഗ് എന്ന പ്രചാരക് തിരുവനതപുരത്ത്തു  തുടങ്ങിവെച്ച പ്രചാരണത്തിലെ നിര്‍ണ്ണായക ഘട്ടമായിരുന്നു അത് .ബാബു എന്നപേരിലും അറിയപ്പെട്ടിരുന്ന അദ്ദേഹം ആറുമാസം തിരുവനന്തപുരത്തും അടുത്തുമുള്ള ജില്ലകളില്‍ പലരുമായി ബന്ധപ്പെട്ടു .അദ്ദേഹത്തിനു ശേഷം കേരളത്തില്‍ എത്തിയ മധുകര്‍ കൃഷ്ണ ഒക് ഭക്ഷണവും കാലാവസ്ഥയും പിടിക്കായ്തത് കൊണ്ടു ഒരു വര്‍ഷത്തിനുള്ളില്‍ല്‍ തിരികെ പോയി .

*****
ബുദ്ധിജീവികളെയും പ്രമാണിമാരെയും ആകര്‍ഷിച്ച്  തെംഗടി   നടത്തിയ പ്രചാരണം ആര്‍ എസ് എസിന് മലബാറില്‍  വേരുകള്‍ നല്‍കി എന്ന് രംഗ ഹരി

മഹാരാഷ്ട്രയില്‍ ചന്ദ്രപുരില്‍ നിന്നുള്ള മനോഹര്‍ ദേവ് 1944 ഇല്‍ ആണ് തിരുവനന്തപുരത്ത് പ്രചാരക് ആയി എത്തിയത്.അദ്ദേഹം അടുത്ത 11 വര്‍ഷങ്ങള്‍ തിരുവനന്തപുരത്ത് താമസിച്ചു ആര്‍ എസ എസ്സിന്റെ തെക്കന്‍ കേരളത്തിലെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. എന്നാല്‍ ബുദ്ധിജീവികളെയും പ്രമാണിമാരെയും ആകര്‍ഷിച്ചു  തെംഗടി   നടത്തിയ പ്രചാരണം ആര്‍ എസ് എസിന് മലബാറില്‍ വലിയ വേരുകള്‍ നല്‍കിഎന്ന് രംഗ ഹരി ചൂണ്ടിക്കാട്ടുന്നു. .അങ്ങനെയാണ്ആ ര്‍ എസ് എസ് തങ്ങളുടെ പ്രവര്തനപഥത്തില്‍ പ്രധാന ഇടമായി മലബാറിനെ കണ്ടു തുടങ്ങിയത് .തെംഗടി ആവേശമുണര്‍ത്തുന്ന നേതാവായിരുന്നു .കുറച്ചു പേരെ സംഘത്തിലേക്ക് ചേര്‍ക്കാന്‍ എത്തിയ അദ്ദേഹം ഒരു ശക്തമായ  .അങ്ങോട്ടാകര്ഷിച്ച് ഒരു  ശ്രുംഖല തന്നെ സൃഷ്ടിച്ചു .അദ്ദേഹം പ്രമാണിമാരെയും ബുദ്ധിജീവികളെയും അങ്ങോട്ടാകര്ഷിച്ചു .അതുകൊണ്ടു തന്നെ ശങ്കര്‍ ശാസ്ത്രി എത്തിയപ്പോള്‍  കാര്യങ്ങള്‍ എളുപ്പമായിരുന്നു .കെ ടി ചന്തു നമ്പിയാരും പി കെ എം രാജയും അദ്ദേഹത്തിനു തികഞ്ഞ പിന്തുണ നല്‍കി . 

ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചുവെന്നു സംഘിലെ ആളുകള്‍ വിശേഷിപ്പിക്കുന്ന തെന്ഗിടിയെ പോലെയുള്ളവരുടെ ശ്രമഫലമായി മലബാര്‍ ആര്‍ എസ് എസിന് പ്രധാന ഇടമായി മാറി .1947 ഇല്‍ മദ്രാസില്‍ നടന്ന ഒരു ക്യാമ്പില്‍ പ്രധാന ഘടകങ്ങള്‍ മദ്രാസില്‍ നിന്നും മലബാറില്‍ നിന്നുമുള്ളവരായിരുന്നു .പിന്നിട് നാല് ദശകങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഭാസ്കര്‍ റാവു കലമ്പിയാണ്  നയിച്ചത് .1946ഇല്‍ പ്രാന്ത് പ്രചാരക് ആയി ചുമതലയേറ്റ അദ്ദേഹം ആര്‍ എസ് എസിന്റെ ഏറ്റവും പ്രക്ഷുബ്ദമായ ഒരു കാല്ഘട്ടത്തില്‍ സംഘിനെ നയിച്ചു .1982ഇല്‍ ചികിത്സക്കായി മുംബൈക്ക്   മടങ്ങും വരെ കേരളത്തിലെ കാര്യങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചു പോന്നു.

 അടിയന്തിരാവസ്ഥക്കു ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു . 1979-80 ആയപ്പോഴേക്കും അതൊരു കുരുതിക്കളം തന്നെയായി മാറി.തന്നെ വധിക്കാന്‍  കൊലയാളികള്‍ എത്തുമെന്ന് ഭാസ്കര്‍ റാവു ഭയന്നു . എന്നാല്‍ ഒരു ദേശീയ പ്രശ്നമാകുമെന്നു    ഭയന്ന് ഇരു വിഭാഗവും ഉന്നത നേതാക്കളെ തൊടുമായിരുന്നില്ല. 

  തുടക്കത്തില്‍ തങ്ങളുടെ പ്രവര്‍ത്തനവും ത്യാഗവും മറ്റുള്ളവര്‍ അറിയുന്നതില്‍ താല്പര്യമുള്ളവര്‍ ആയിരുന്നില്ല ആദ്യകാലത്തെ പ്രചാരകര്‍ .1957ഇല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന അവിഭക്ത സി പി ഐ യും പിന്നിട് സി പി എം നേതൃത്വത്തില്‍ വന്ന മുന്നണിയും രണ്ടു വര്ഷം  വീതം അധികാരത്തിലിരുന്നു .പിന്നിട് 87 ഇലും 96ഇലും 2006 ഇലും 2016 ഇലും സി പി എം നേതൃത്വത്തില്‍ ഉള്ള മുന്നണി അധികാരത്തില്‍ വന്നു .ഇത്തവണ അധികാരത്തില്‍ എത്തിയ പിണറായി വിജയനെ ആര്‍ എസ്എസിന് കണ്ണെടുത്താല്‍ കണ്ടു കൂടാ.തിരിച്ചും  അതേ വികാരമാണ്.

 ഇതിനിടെ ആര്‍ എസ് എസിന്റെ രാഷ്ട്രീയ കരമായ ബി ജെ പി ദേശീയതലത്തില്‍ അധികാരം പിടിക്കുകയും 21 പ്രമുഖ   സംസ്ഥാനങ്ങളില്‍ 17 എണ്ണത്തിലുംതനിച്ചോ സംഖ്യ കക്ഷികളുമായി ചേര്‍ന്നോ അധികാരത്തില്‍ വരുകയും ചെയ്തു .ഇന്ത്യയിലെ പ്രതാപിയായിരുന്ന പാര്‍ട്ടി കോണ്ഗ്രസ് നാല് സംസ്ഥാനങ്ങളിലായി  ഒതുങ്ങിപ്പോയി .

******
ആര്‍ എസ് എസിനെ ഇരയായും സി പി എമ്മിനെ ആക്രമണകാരികളായും ഉയര്‍ത്തികാട്ടി നടത്തുന്ന ദേശീയ പ്രചാരണം പോലെയൊന്ന് ഇന്ത്യയില്‍ മറ്റൊരിടത്തും തങ്ങള്‍ നടത്തിയിട്ടില്ല എന്ന് നന്ദകുമാര്‍ സമ്മതിക്കുന്നു 

 ഞാന്‍ ജെ നന്ദകുമാറിനെ ലുട്ടെയിന്‍സ് നിര്‍മിച്ച ഡല്‍ഹിയിലെ ഒരു ബംഗ്ലാവില്‍ കാണുമ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ നിന്ന് മടങ്ങിയിട്ടെ ഉള്ളൂ.നിരന്തരമായി ഭക്ഷണം കഴിക്കാത്തത്  മൂലം ഉണ്ടായ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം .എന്നാല്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ ആ തലനരച്ച പ്രചാരകിന്റെ  വാക്കുകള്‍  തീഷ്ണവും മൂര്‍ച്ചയുള്ളതും  കുറിക്കുകൊള്ളൂന്നതുമാണ്അനര്‍ഗളമായി പ്രവഹിക്കുന്ന വാക്കുകള്‍.കഴിഞ്ഞ ഒരു ദശകമായി ദേശീയതലത്തില്‍തന്നെ ശ്രദ്ധപിടിച്ചു പറ്റിയ കണ്ണൂരിലെ അക്രമങ്ങളെ പറ്റിയുള്ള അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ തനിമയുള്ളതും ശ്രദ്ധേയവുമാണ് .കേരളത്തിലെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഏറെ ബഹുമാനത്തോടെ കാണുന്ന നന്ദേട്ടനാണ് അദ്ദേഹം എന്നാല്‍ സി പി എമ്മിന് അദ്ദേഹം വലിയ മോഹങ്ങളുള്ള ,അപകടകാരിയായ , ഷയ്ലോക്കിനെ പോലെ തന്റെ വീതം രാഷ്ട്രീയ രക്തത്തിനു  വില പേശുന്ന വ്യക്തിയാണ്.എന്നാല്‍ നേരില്‍ കാണുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍  അദ്ദേഹത്തെ വിമര്‍ശിക്കുന്നപോലെ പേ പിടിച്ച ഒരു കമ്മ്യുണിസ്റ്റ് വിരുദ്ധനാണെന്ന് തോന്നില്ല .തന്റെ രാഷ്ട്രീയ പ്രതിയോഗിയുമായി ഈ അര്‍ത്ഥമില്ലാത്ത രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ അന്ത്യം വരെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു സമാധാന കാംക്ഷിയെപോലെയാണ് ഈ മുതിര്‍ന്ന ആര്‍ എസ് എസ്നേതാവ്  പെരുമാറിയത്.. ഏറ്റവും പ്രധാനമായി ഈ വിഷമകരമായ വിഷയത്തില്‍ ദേശീയ ശ്രദ്ധ തന്നെ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.പ്രശ്നം അവഗണിച്ചു തള്ളിക്കളയാന്‍ ഒട്ടും അദ്ദേഹത്തിനു തെല്ലും താല്പര്യമില്ല. അദ്ദേഹം സമ്മതിച്ചാലും ഇല്ലെങ്കിലും ചുവപ്പന്‍ അതിക്രമങ്ങളെ പറ്റിയുള്ള പ്രചാരണം ചുരുങ്ങിയ ചിലരുടെ കൈയ്യില്‍ നിന്നും ദേശവ്യാപകമായി മാറ്റിയതിനു പിന്നിലും അതിനു പിന്നില്‍ ഹിന്ദുത്വ നേതൃനിര ഉള്‍പടെ പല വിഭാഗത്തില്‍ പെട്ടവരെ അണിനിരത്തിയതിലും അദ്ദേഹത്തിന്‍റെ കൈകളുണ്ട് 

.
  ആര്‍ എസ് എസിന്റെ ബൗദ്ധിക വിഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന പ്രഞ്ജ പ്രവാഹിന്റെ ദേശീയ കണ്‍ വീനര്‍ ആണദ്ദേഹം ഒട്ടേറെ ബൗദ്ധിക ഘടകങ്ങള്‍ക്കു പിന്തുണ നല്‍കുന്ന ഈ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവുമാണ് അദ്ദേഹം തങ്ങള്‍ ഒരു വ്യക്തിയെയോ പാര്‍ട്ടിയെയോ  ഉന്നം വയ്ക്കുന്ന സംഘടനയല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.നെഹ്‌റു തന്റെ മകള്‍ ഇന്ദിരയെ വിദേശയാത്രകളില്‍ കൊണ്ടുപോയിരുന്നതിനെ വിമര്‍ശിച്ച ഒരു സഹപ്രവര്‍ത്തകനു  ആര്‍ എസ് എസിന്‍റെ രണ്ടാമത്തെ  തലവന്‍ ആയിരുന്ന ഗോള്‍വള്‍ക്കര്‍  കടിഞ്ഞാണിട്ടകാര്യം അദ്ദേഹം ഇതിനുദാഹരണമായി കാട്ടുന്നു .വിഭാര്യനും പ്രായം ചെന്നയാളുമായ നെഹ്രുവിനെ സഹായിക്കാന്‍ ഒരു കുടുബാംഗം കൂടെ പോയതിനെ കുറ്റപ്പെടുത്തുന്നത് സംഘത്തിനു ചേര്‍ന്നതല്ല എന്നായിരുന്നു ഗോള്‍വള്‍ക്കര്‍ ആ ജനക്കുട്ടത്തോട് പറഞ്ഞത് .
 ഇതിനാലാണ് വളരെ വിഷമത്തോടെയാണെങ്കിലും മൂന്നു വര്ഷം മുന്‍പ് ചുവപ്പന്‍  അതിക്രമത്തിനെതിരെയുള്ള പ്രചരണം ആര്‍ എസ് എസ് തുടങ്ങിയത് .അങ്ങനെയാണ് പിണറായി വിജയനെതിരെ മധ്യപ്രദേശിലും ഡല്‍ഹിയിലും പ്രതിഷേധ പ്രകടനം ഉണ്ടായത് .പിണറായി സുരക്ഷാകാരണങ്ങളാല്‍  മധ്യപ്രദേശിലെ പരിപാടി റദ്ദാക്കി .

ആര്‍ എസ് എസിനെ ഇരയായും സി പി എമ്മിനെ ആക്രമണകാരികളായും ഉയര്‍ത്തികാട്ടി നടത്തുന്ന ദേശീയ പ്രചാരണം പോലെയൊന്ന് ഇന്ത്യയില്‍ മറ്റൊരിടത്തും തങ്ങള്‍ നടത്തിയിട്ടില്ല എന്ന് നന്ദകുമാര്‍ സമ്മതിക്കുന്നു .ഇന്ത്യയില്‍ മറ്റൊരിടത്തും ഇങ്ങനെ ആര്‍ എസ് എസിനെതിരെ ആക്രമണം നടക്കുന്നില്ല എന്നതാണ് ഇതിനു കാരണമെന്നാണ് നന്ദകുമാര്‍ പറയുന്നത് .ചരിത്രപരമായി ഇത്തരം 'പ്രതിലോമപരമായ പ്രചാരണത്തിന്"ആര്‍ എസ് എസ എതിരാണെങ്കിലും തങ്ങള്‍ നിര്‍ബന്ധിതരായിപ്പോയി എന്ന് നന്ദകുമാര്‍ പറയുന്നു .

കേരളത്തില്‍ സി പി എമ്മിന് പതിവായി വോട്ട് ചെയ്യുന്നവരെ പിന്തിരിപ്പിക്കാന്‍ അല്ലെ ആര്‍ എസ് എസ് അക്രമം അഴിച്ചു വിടുന്നതെന്നും സി പി എം ചോദിക്കുന്നു. 

 ഇതിനു മറുപടിയായി, മറ്റു സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങളെ ആക്രമിച്ചു ശേഷം യാതൊരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകാന്‍  ,.2014ഇല്‍ ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷം പ്രത്യേകിച്ചും,ആര്‍ എസ് എസിന് കഴിയുന്നുണ്ട് എന്ന് സി പി എം  കുറ്റപെടുത്തുന്നു  .എന്നാല്‍ കേരളത്തില്‍ ബഹുസ്വരത തങ്ങളുടെ ആദര്‍ശമായി കരുതുന്ന സി പി എം ഉള്ളതുകൊണ്ട് അങ്ങനെ കൈമലര്‍ത്തി കടക്കാന്‍ അവര്‍ക്കാവുന്നില്ല .കേരളത്തില്‍ സി പി എമ്മിന് പതിവായി വോട്ട് ചെയ്യുന്നവരെ പിന്തിരിപ്പിക്കാന്‍ അല്ലെ ആര്‍ എസ് എസ് അക്രമം അഴിച്ചു വിടുന്നതെന്നും സി പി എം ചോദിക്കുന്നു. സി പി എമ്മിന് പതിവായി ഹിന്ദു ഭൂരിപക്ഷത്തിന്‍റെ കൈയ്യില്‍ നിന്നു  നല്ല ശതമാനം വോട്ട് ലഭിച്ചു വരുന്നു ആര്‍ എസ് എസ ആഗ്രഹിക്കുനത് പോലെ വര്‍ഗീയധ്രൂവീകരണം ഇവിടെ ഇതേ വരെ സാധ്യമായിട്ടില്ല പ്രധാനമായി ഭൂപരിഷ്കരണ നടപടികളിലൂടെ ഉണ്ടായ ഭൂവിതരണം മൂലം കേരളത്തിലെ ഒ ബി സികളുടെ പിന്തുണ സമാഹരിക്കാന്‍ സി പി എമ്മിന് കഴിഞ്ഞു .രണ്ടാമതായി 90 കള്‍ വരെ പാര്‍ട്ടി നേത്രുത്വം ഉയര്‍ന്ന ജാതികളില്‍ നിന്നായിരുന്നുവെങ്കിലും ജാതിയില്‍ താണ വിഭാഗത്തില്‍ പെട്ട അണികള്‍ പാര്‍ട്ടിയില്‍ ഉറച്ചു നിന്നു .മാത്രമല്ല പാര്‍ട്ടി ക്രൈസ്തവ  മുസ്ലിം പാര്‍ട്ടികളില്‍ നിന്ന് അകലം പാലിച്ചു ഹിന്ദു വോട്ടുകളെ ആശ്രയിച്ചു .പാര്‍ട്ടി അടുക്കാന്‍ ശ്രമിക്കഞ്ഞിട്ട്ല,ക്രൈസ്തവ മുസ്ലിം മതങ്ങള്‍ കമ്മ്യുണിസ്റ്റുകളോട് അകല്‍ച്ച പാലിച്ചത് കൊണ്ടാണിതെന്നു മറ്റൊരു കാര്യം . 

 മത ന്യൂനപക്ഷങ്ങളെ ആര്‍ എസ് എസില്‍ നിന്ന് രക്ഷപെടുത്താനാണ് സി പി എം ശ്രമിക്കുന്നതെന്നു പറഞ്ഞപ്പോള്‍ നന്ദകുമാര്‍ പൊട്ടിച്ചിരിക്കുന്നു .തുടക്കം തൊട്ടേ ആര്‍ എസ എസിന്റെ പ്രവര്‍ത്തനങ്ങളെ തടയാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ ആശയപരമായ കാരങ്ങള്‍ ഉണ്ടാകാമെന്ന് നന്ദകുമാര്‍ കരുതുന്നു .എന്നാല്‍ എന്തിനായിരുന്നു 1948 ഇല്‍ തിരുവനന്തപുരത്ത് ഗോള്‍വള്‍ക്കറെ തടഞ്ഞത് :അന്ന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ സാധ്യതകള്‍ ഉച്ചസ്ഥായിയിലാണ് .ലോകം സോഷ്യലിസത്തിലേക്ക് നീങ്ങുന്നു എന്ന് കരുതപ്പെട്ട നാളുകള്‍ ആണവ .അന്ന് വലിയ സ്വാധീന മുള്ള പാര്‍ട്ടി ശൈശവ ദശയിലുള്ള  ഒരു സംഘടനയ്ക്കെതിരെ എന്തിനു കൈയ്യുയര്‍ത്തിയെന്നു നന്ദകുമാര്‍ ചോദിക്കുന്നു .അത് പ്രത്യയ ശാസ്ത്ര പരം  മാത്രമല്ല,മതപരവും ധാര്‍മികവും ആകാം .

നന്ദകുമാറിന്‍റെ ചുവപ്പന്‍ അക്രമങ്ങള്‍ക്ക് നേരെയുള്ള പ്രചരണത്തിനു കേരളത്തിനു വെളിയില്‍ വലിയ പിന്തുണ കിട്ടി .ഞാന്‍ സിക്കിമിലും അസ്സമിലും ചെന്നപോള്‍ ആളുകള്‍ കണ്ണൂരിനെപറ്റിയും  അവിടത്തെ അക്രമങ്ങളെപറ്റിയുമായിരുന്നു  അന്വേഷിച്ചത്  .ഭൂപടത്തില്‍ കണ്ണൂര്‍ എവിടെയെന്നു അടയാളപെടുത്താന്‍ പോലും കഴിയാത്തവരായിരുന്നു അവര്‍. അവരുടെ ഓര്‍മയില്‍ തറച്ച പേരായി കണ്ണൂര്‍.

  ആര്‍ എസ് എസിന് നേരെ അക്രമവും സാമൂഹിക ബോയ്‌ക്കോട്ടും,പ്രത്യേകിച്ചു അറുപതുകളിലും എഴുപതുകളിലും,  കേരളമൊട്ടാകെ വ്യാപകമായുണ്ടായതായി  നന്ദകുമാര്‍ പറയുന്നു.കണ്ണൂരില്‍ മാത്രമല്ല പാലക്കാടും ആലപ്പുഴയിലും തിരുവനന്തപുരത്തും സി പി എം പ്രവര്‍ത്തകരും ആര്‍ എസ എസ്പ്രവര്‍ത്തകരും തമ്മില്‍ കൊലകളും  പ്രതികാര  കൊലകളും ഉണ്ടായി എന്നദ്ദേഹം പറയുന്നു 1969ഇല്‍ കണ്ണൂരില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടു .പിന്നെയും നിരവധി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊല്ലപെട്ടു .പ്രതികാരമായോ അല്ലെങ്കില്‍ ആലോചിച്ചുറപ്പിച്ചോ സി പി എം പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.തൃശൂര്‍ ചാവക്കാട് മുല്ലശേരിയില്‍ മണ്ഡല്‍  കാര്യവഹ് ആയിരുന്ന ഭക്തവത്സലം 1973ഇല്‍ കൊല്ലപ്പെട്ടു . മൃതദേഹം ഒരു കിണറ്റില്‍ തള്ളിഎന്നാണ് റിപ്പോര്‍ട്ടുകള്‍ . .1970 ഇല്‍ വെളിയത്തുനാട് ചന്ദ്രശേഖരന്‍  എറണാകുളത്തു കൊല്ലപ്പെട്ടു .1969 ഇല്‍ പി എസ് ശ്രീധരന്‍നായര്‍ കോട്ടയത്തും .ഇതേ കാലത്ത് ആര്‍ എസ് എസൂകാരാല്‍ കൊല്ലപ്പെട്ട   നിരവധി സി പി എം പ്രവര്‍ത്തകരുടെ പേര് ഓര്‍മയില്‍ നിന്ന് ഒറ്റയടിക്ക്പറയാമെന്നു സി പി എം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് പറയുന്നു. 1970 മാര്‍ച്ച് മൂന്നിന്  പാലക്കാട്‌  വിക്ടോറിയ കോളേജ് ജീവനക്കാരനായിരുന്ന സി പി എം പ്രവര്‍ത്തകന്‍ ടി  ഭാസ്കരന്‍ ആര്‍ എസ് എസുകാരാല്‍ കൊല്ലപ്പെട്ടു  1974 ഡിസംബറില്‍ പട്ടാമ്പി കോളേജില്‍ വെച്ചു സെയ്യദലി കട്ടപ്പാറ എന്ന എസ് എഫ് ഐക്കാരന്‍ കൊല്ല പ്പെട്ടു .ആ പട്ടിക അങ്ങനെ നീണ്ടു  പോകുകയാണ് .

കണ്ണൂരിന്റെ കുപ്രസിദ്ധിക്ക് പിന്നില്‍ അവിടുത്തെ നേതാക്കന്മാര്‍ -പിണറായി വിജയന്‍,കോടിയേരി ബാലകൃഷ്ണന്‍,ഇ പി ജയരാജന്‍ ,പി ശശി  പി ജയരാജന്‍ തുടങ്ങിയവര്‍ .ഒരു കാരണമാണെന്ന് നന്ദകുമാര്‍ പറയുന്നു
  
 നന്ദകുമാര്‍ പറയുന്ന പോലെ കേരളമൊട്ടാകെ ഇങ്ങനെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെങ്കില്‍ എന്ത് കൊണ്ടു കണ്ണൂരിനു മാത്രം ഈ കുപ്രസിദ്ധി ?
  അക്കാര്യം താനും  ഏറെക്കാലമായി ആലോചിച്ചുവെന്നു  നന്ദകുമാര്‍ പറയുന്നു .പെട്ടന്നൊന്നും അതിനു ഉത്തരം കിട്ടിയില്ല .ആലപ്പുഴയിലും പാലക്കാടും ആര്‍ എസ് എസ് -മാര്‍ക്സ്സിറ്റ്ഏറ്റുമുട്ടലുകള്‍ വ്യാപകമായിരുന്നുവെങ്കിലും ക്രമേണെ അത് കുറഞ്ഞു .അവിടെ സാധാരണ നിലയിലായി .എന്നാല്‍ കണ്ണൂരില്‍ അതല്ല നില .

 കണ്ണൂരിന്റെ കുപ്രസിദ്ധിക്ക് പിന്നില്‍ അവിടുത്തെ നേതാക്കന്മാര്‍ -പിണറായി വിജയന്‍,കോടിയേരി ബാലകൃഷ്ണന്‍,ഇ പി ജയരാജന്‍ ,പി ശശി  പി ജയരാജന്‍ തുടങ്ങിയവര്‍ .ഒരു കാരണമാണെന്ന് നന്ദകുമാര്‍ പറയുന്നു . അവര്‍ക്ക് പ്രതിയോഗികളോട് അവന്ജ്ജയാണ് ,മറ്റുള്ളവര്‍  സംഘടിക്കുന്നതു അനുവദിക്കാന്‍ അവര്‍ തയ്യാറല്ല .ശിവന്‍ കുട്ടിയോ ജി സുധാകരനോ ഒഴികെ തെക്ക് നിന്നുള്ള ഒരു നേതാവും ഇതുപോലെ അക്രമത്തിനൊപ്പമില്ല .നന്ദകുമാറും തെക്കന്‍ ജില്ലയില്‍ നിന്നാണ് .

   കണ്ണൂരില്‍ നിന്നുള്ള മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ (ചിലര്‍ ഇപ്പോഴും)ആര്‍ എസ്ട് എസിനെ രൂക്ഷമായി വിമര്‍ശി ക്കുന്നവരാണ് .സമാധാനചര്‍ച്ചയുടെ നേരത്ത് പോലും രാഷ്ട്രീയ പ്രതിയോഗികളോട് യാതൊരു ബഹുമാനവുമില്ലാതെ പെരുമാറുന്നത് സി പി എം മേധാവിത്വം ഉള്ള കണ്ണൂരിലെ നില സൂചിപ്പിക്കുന്നതാണ് എന്ന് നന്ദകുമാര്‍ പറയുന്നു .1980 കളില്‍ ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന സമാധാന ചര്‍ച്ചയില്‍ എം വി രാഘവന്‍ ആര്‍ എസ് എസുകാരെ അധിക്ഷേപിച്ചു സംസാരിക്കുമായിരുന്നു ബ്യുറോ ക്രാറ്റിന്റെ മുന്‍പില്‍ വെച്ചു .ഞങ്ങളെ തൊട്ട് പോകരുത് എന്നു പറഞ്ഞ  എം വി ആറിന്റെ വാക്കുകള്‍ ഇന്നും മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഓര്‍ക്കുന്നത് .കടുത്ത ഭാഷ ഉപയോഗിക്കുന്നതില്‍ ആര്‍ എസ് എസും പിന്നിലല്ല എന്ന് വി ശശിധരനെയും വത്സന്‍ തില്ലംകേരിയെയും  ചൂണ്ടികാട്ടി സി പി എം കാരും പറയുന്നു .1971 തലശ്ശേരി കലാപകാലത്ത് സി പി എം രക്തസാക്ഷിയായ യു കെ കുഞ്ഞിരാമന്‍ മുസ്ലിംകളെ സംരക്ഷിക്കാന്‍ ജീവന്‍ ബലി കൊടുത്തതല്ല എന്നും മദ്യം കുടിച്ചു നടത്തിയ സംഘട്ടനത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും വത്സന്‍ തില്ലങ്കേരി ആക്ഷേപിച്ചിരുന്നു 

കമ്മ്യുണിസത്തിനു പകരം കണ്ണൂറിസം ആണ് അവരെ നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു

  അറുപതുകള്‍ തൊട്ട് എണ്‍പതുകള്‍  വരെ   തങ്ങള്‍ ശക്തിയാര്‍ജിച്ച ഇടങ്ങളില്‍ കണ്ണൂരില്‍ സി പി എം തങ്ങളോടു ചെയ്യുന്ന പോലെ ഒരു  പ്രത്യാക്രമണം നടത്തുകയുണ്ടായില്ല എന്ന് നന്ദകുമാര്‍ അവകാശപ്പെടുന്നു .സംസ്ഥാനതലത്തില്‍ അധികാരം കൈയ്യാളുന്ന ചിലരുടെ  അക്രമവാസന സൂചിപ്പിച്ച്കൊണ്ട്  സി പി എമ്മില്‍ ചില നേതാക്കന്മാര്‍ക്ക്  സൈദ്ധാന്തികമായ വിരോധം രൂഡമൂലമായിരിക്കുന്നു എന്നദ്ദേഹം കുറ്റപെടുത്തുന്നു കമ്മ്യുണിസത്തിനു പകരം കണ്ണൂറിസം ആണ് അവരെ നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു .ആര്‍ എസ് എസിന്റെ ബദ്ധശത്രുവായ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതാണ് കണ്ണൂരിലെ അക്രമങ്ങള്‍ വര്‍ദ്ധിക്കാനിടയായതെന്ന ഇരു പക്ഷത്തെയും വാദം അദ്ദേഹം തള്ളിക്കളയുന്നു .

"ഇരു പക്ഷവും ശരിയല്ല",അദ്ദേഹം പറയുന്നു .ഈ സംഘര്‍ഷങ്ങളെപറ്റിയുള്ള യഥാര്‍ത്ഥ സ്ഥിതി അറിയിക്കാനുള്ള ശ്രമമാണ് ആര്‍ എസ് എസ്  നടത്തുന്ന പ്രചാരണം ."ആര്‍ എസ് എസും സി പി എമ്മും ആയുള്ള സംഘര്‍ഷം പുതിയ കാര്യമല്ല " അദ്ദേഹം പറഞ്ഞു .ഒന്ന് പതുക്കെ നിര്‍ത്തിയിട്ടു ഗോള്‍വള്‍ക്കര്‍ തന്നെപോലെയുള്ളവര്‍ക്ക് ഈശ്വരനെപൊലെയാണെന്ന് അദ്ദേഹം പറഞ്ഞു രാമകൃഷ്ണ വിവേകാനന്ദ പാരമ്പര്യമനുസരിച്ച് ദീക്ഷ പോലും അദ്ദേഹത്തിനു നല്കാനിരുന്നതാണ് .പക്ഷെ അദ്ദേഹം അത് ഉപേക്ഷിച്ചു സാമൂഹികസേവനത്തിനിറങ്ങുകയായിരുന്നു."അത്ര വലിയ ഒരു മനുഷ്യനെ എന്ത് കൊണ്ടാണ് അക്ഷേപിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനാവുന്നില്ല ",അദേഹം പറയുന്നു .

  എന്നാല്‍ ഇടതുപക്ഷ ചരിത്രകാരന്മാരും പോലിസ് രേഖകളും മറ്റൊരു കഥയാണ്‌ പറയുന്നത് .മതധ്രൂവീകരണത്തിനു ശ്രമിച്ച വ്യക്തിയെന്നാണ് അവരുടെ വിലയിരുത്തല്‍  ,നമ്മുടെ രാഷ്ട്ര സങ്കല്പം നിര്‍വചിക്കുമ്പോള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലെ മറ്റു മതവിഭാഗങ്ങളെ കുറിച്ചുള്ള രൂക്ഷമായ പരാമര്‍ശങ്ങളുടെ  പേരില്‍  ചില സി പി എം നേതാക്കന്മാര്‍ അദ്ദേഹത്തെ ഇന്ത്യന്‍ ഹിറ്റ്ലര്‍ എന്നാണു വിശേഷിപ്പിക്കുന്നത് .അരുണ്‍ ജയ്ട്ട്ലി മൂന്നാം ഭരണകൂടത്തെ  പറ്റി പറഞ്ഞപോള്‍ രാജ്യസഭാ സമ്മേളനത്തില്‍ സി പി എം നേതാവ് സീതാറാം യെച്ചുരി ആ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ പരാമര്‍ശിക്കുകയുണ്ടായി.

"രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും പവിത്രത സംരക്ഷിക്കുന്നതിനു വേണ്ടി ജര്‍മനി  സെമിടിക് വംശജരെ -.ജൂതരെ - ഒഴിവാക്കി .ദേശീയ അഭിമാനത്തിന്റെ ഏറ്റവും ഉന്നതമായ തലമാണ് ഇവിടെ കാണുന്നത് .കൂടാതെ സാംസ്കാരികമായി വ്യത്യസ്തമായ വേരുകളുള്ളവരെ സമന്വയിപ്പിക്കുക  അസാധ്യ മാണെന്നും അവര്‍ വ്യക്തമാക്കി .ഹിന്ദുസ്ഥാനില്‍ ഉള്ള നമുക്ക്  പഠിക്കാവുന്ന പാഠമാണിത് .,അത് വഴി ലാഭമുണ്ടാക്കാനും കഴിയും .

*******

കോൺഗ്രസും ആർ എസ് എസും തമ്മിൽ

 തെരഞ്ഞെടുപ്പുകളിൽ രഹസ്യ ധാരണ ഉണ്ടെന്നും

 അതിനാൽ അവർ തമ്മിൽ വഴക്കിടേണ്ട 

കാരണങ്ങളൊന്നും ഇല്ലെന്നും  സി പി എം നേതാക്കൾ

 

1978 സെപ്തംബറിൽആർഎസ്എസ് സംഘടിപ്പിച്ച എബിവിപി ക്യാമ്പിൽ പങ്കെടുത്ത പാനുണ്ട ചന്ദ്രന്‍റെ കൊലപാതകം അന്ന് പന്ത്രണ്ടു വയസ്സുകാരനായ ന്ദന്ദകുമാറിന്‍റെ മനസ്സിനെ ആഴത്തിൽ ഉലച്ചു. നന്ദകുമാറിന്‍റെ ജ്യേഷ്ഠൻ കൃഷ്ണ കുമാർ ആ ക്യാമ്പിൽ വച്ച് ചന്ദ്രനെ കാണാനിരിക്കുകയായിരുന്നു. കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രമായ പാനുണ്ടയിലെ മാർക്‌സിസ്റ്റ് കുടുംബത്തിൽ നിന്നുള്ള യുവ എബിവിപി പ്രവർത്തകനായ ചന്ദ്രന്‍റെ കൊലപാതകത്തെക്കുറിച്ച് വീട്ടിൽ ധാരാളം ചർച്ചകൾ ഉണ്ടായി. ഒരു മാസത്തിനുള്ളിൽ തന്നെ ഒക്‌ടോബർ 26-ന് സിപിഎമ്മിന്‍റെ രാജു മാസ്റ്റർക്കു നേരെ പ്രത്യാക്രമണം ഉണ്ടാകുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.

ജില്ലയിലെ അക്രമത്തിൽ മാധ്യമങ്ങൾ ആർഎസ്എസിനെയും സിപിഎമ്മിനെയും ഒരുപോലെ പഴിചാരുന്നതിൽ അസ്വസ്ഥനായിരുന്നു നന്ദകുമാർ. ആർ എസ് എസിനോടു മാത്രമല്ല എല്ലാവരോടും സിപിഎമ്മിന് വിരോധം ഉണ്ടെന്ന് അദ്ദേഹം വാദിച്ചു. കോൺഗ്രസും ആർ എസ് എസും തമ്മിൽ തെരഞ്ഞെടുപ്പുകളിൽ രഹസ്യ ധാരണ ഉണ്ടെന്നും അതിനാൽ അവർ തമ്മിൽ വഴക്കിടേണ്ട കാരണങ്ങളൊന്നും ഇല്ലെന്നും സൂചിപ്പിച്ചു കൊണ്ടാണ് പി ജയരാജനെപ്പോലെയുള്ള സി പി എം നേതാക്കൾ ഇതിനോട് പ്രതികരിച്ചത്. പ്രതിയോഗിയുടെ വെറുമൊരു ആരോപണം ആയിരുന്നില്ല അത്. തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ്-ബിജെപി ധാരണകൾ അങ്ങാടിപ്പാട്ടാണ്. ബിജെപി വിട്ട ശേഷം ആദ്യം സാമൂഹിക സംഘടന ആരംഭിക്കുകയും പിന്നീട് സിപിഎമ്മിൽ ചേരുകയും ചെയ്ത ഒ കെ വാസു 1991നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ പെരിങ്ങളം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾവോട്ട് മറിക്കാൻ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെന്ന് 2017 ഡിസംബറിൽ ഒരു അഭിമുഖത്തിൽ എന്നോട് പറയുകയുണ്ടായി.

വടകര പാർലമെന്‍റ് മണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകൾ (കോലീബി സഖ്യം) കാണാൻ കഴിഞ്ഞിരുന്നു. 50-ഓളം നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിന് അനുകൂലമായി ആർ എസ് എസ് വോട്ട് മറിക്കുകയും അത് 41 സീറ്റുകളിൽ എൽ ഡി എഫിനെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആ വർഷം ദി ഹിന്ദു റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഇരു പാർട്ടികളിലെയും അണികളേയും ശാരീരികമായും മാനസികമായും തകർത്ത ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്തും (1975-77) അതിനെ തുടർന്നുള്ള കാലയളവിലുമാണ് വലതു പക്ഷവും സിപിഎമ്മും അൽപമെങ്കിലും പരസ്പരം അനുതാപപൂർവം പെരുമാറിയിട്ടുള്ളത്. 1977-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽബി ജെ എസും (ബിജെപിയുടെ മുൻഗാമി, 1951-ൽ സ്ഥാപിക്കുകയും 1977-ൽ പിരിച്ചുവിടുകയും ചെയ്തു) സി പി എമ്മും തമ്മിൽ നിരവധി സീറ്റുകളിൽ ധാരണകൾ ഉണ്ടായിരുന്നുവത്രെ. പക്ഷേ അതിൽ ആർക്കും പ്രയോജനം ഉണ്ടായില്ല. കേരളത്തിൽ സിപിഎം നേതൃത്വത്തിലുള്ള സഖ്യം ദേശീയ തരംഗത്തിനു വിരുദ്ധമായി മോശം പ്രകടനമാണ് കാഴ്ചവച്ചത്.

 കോൺഗ്രസ് വിരുദ്ധ വികാരം കേരളത്തിലുടനീളമുള്ള

 മാർക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ ശാഖകൾ സ്ഥാപിച്ചു 

കൊണ്ട് ആർഎസ്എസ് ബുദ്ധിപൂർവം

 വിനിയോഗിച്ചുപ്രത്യേകിച്ച് കണ്ണൂരിൽ.


എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് വ്യാപകമായി ഉയർന്ന കോൺഗ്രസ് വിരുദ്ധ വികാരം കേരളത്തിലുടനീളമുള്ള മാർക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ ശാഖകൾ സ്ഥാപിച്ചു കൊണ്ട് ആർഎസ്എസ് ബുദ്ധിപൂർവം വിനിയോഗിച്ചുപ്രത്യേകിച്ച് കണ്ണൂരിൽ. അങ്ങനെ ഈ കാലയളവിൽ സിപിഎം കുടുംബങ്ങളിൽ നിന്നുള്ള നിരവധി യുവാക്കൾ ആർ എസ് എസിൽ ആകൃഷ്ടരായി. ആർ എസ് എസ് അണികളും സിപി എം നേതാക്കളെ അപേക്ഷിച്ച് അത്ര പ്രശസ്തരൊന്നും അല്ലാത്ത അവരുടെ മുതിർന്ന നേതാക്കളും പൊലീസിന്‍റെ ശ്രദ്ധയിൽ പെടാതെ തന്നെ ശാഖാ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പോന്നു. അതിനാൽ തന്നെ ആർ എസ് എസിനെ സംബന്ധിച്ച് അടിയന്തരാവസ്ഥ ഒരു അനുഗ്രഹമായി മാറുകയായിരുന്നു. 1977-ൽ ഈ കരിനിയമം പിൻവലിച്ചപ്പോഴേക്കും കണ്ണൂരിൽ ശാഖകളുടെ എണ്ണം പല മടങ്ങായി ഉയര്‍ന്നിരുന്നു. തുടർന്നുള്ള നിരവധി വർഷങ്ങളിൽ ഈ രണ്ട് പ്രസ്ഥാനങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അലക്‌സാണ്ടർ ജേക്കബ് ചൂണ്ടിക്കാട്ടുന്നത് ഈ പ്രതിഭാസമാണ്.

 

X

 

എല്ലാക്കഥയ്ക്കും ഒരു വഴിത്തിരിവ് ഉണ്ടാകുമല്ലോ. ഇക്കാലയളവു വരെ സംസ്ഥാനത്ത് അത്ര കണ്ട് ദൃശ്യമാകാതിരുന്ന റെഡ്‌ട്രോസിറ്റി (ചുകപ്പൻ അക്രമം) പ്രചാരണത്തിന് തുടക്കം കുറിക്കുകയും അത് 'ഇന്‍റർനെറ്റ് ഹിന്ദു'ക്കൾ (ഓൺലൈൻ ആർ എസ് എസ്-ബിജെപി അനുയായികളും ട്രോളുകളും) എന്നറിയപ്പെടുന്നവർക്ക് പുതിയ പിടിവള്ളിയുമായി മാറുകയും ചെയ്തു. സംഘത്തിലേക്ക് ഹിന്ദുക്കളെ ആകർഷിക്കാനുള്ള ഒരു വലിയ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായി കമ്യൂണിസ്റ്റുകാർ ഇസ്ലാം മൗലികവാദികളുമായി പുലർത്തുന്ന സഖ്യത്തെക്കുറിച്ച് അവര്‍ അലമുറയിടാൻ തുടങ്ങി.

 ഇത്തരത്തിലുള്ള അവിശുദ്ധ സഖ്യമൊന്നും പൊലീസ് രേഖകളിൽ പോലും നിലവില്ലെങ്കിലുംകേരളത്തിനുള്ളിൽ ഇസ്ലാം മൗലികവാദ സംഘങ്ങളുടെ വളര്‍ച്ച (വിശുദ്ധ യുദ്ധം  നടത്താനുള്ള ഐ എസ് ഐ എസിന്‍റെ (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍റ് ദി ലെവാന്‍റ്) ആഹ്വാനത്തിൽ ആകൃഷ്ടരായി പശ്ചിമേഷ്യയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും ഈ അംഗങ്ങളിൽ ചിലർ പോയെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ ഐ എ) കണ്ടെത്തുകയുണ്ടായി) ഇത്തരം കഥകൾക്ക് കൂടുതൽ എരിവു പകർന്നു. (കൂടുതൽ അധ്യായം 8-ൽ). കേരളത്തിനുള്ളിൽസി പി എമ്മിനേക്കാൾ ആർ എസ് എസുമായാണ് പി എഫ് ഐ കൊമ്പുകോർക്കുന്നതെന്ന് പൊലിസ് രേഖകൾ തന്നെ പറയുന്നുണ്ട്. എന്നാൽഐ എസ് ഐ എസ് അനുകൂല സംഘങ്ങളുടെ വളർച്ച സി പി എമ്മിന്‍റെ മൗനാനുവാദത്തോടു കൂടിയാണെന്നാണ് ആർ എസ് എസിന്‍റെ വാദം.

നാഷണൽ ഡെവലപ്‌മെന്‍റ് ഫ്രണ്ടും കർണാടകത്തിലെ ഫോറം ഫോർ ഡിഗിനിറ്റിയും തമിഴ്‌നാട്ടിലെ മനിത നീതി പാസറൈയും പോലെയുള്ള തീവ്ര ഇസ്ലാമിക സംഘടനകൾ വർഷങ്ങൾ കൊണ്ട് ലയിച്ച് 2006-ൽ സ്ഥാപിതമായ പി എഫ് ഐ,ഗോവയിലെ സിറ്റിസൺ ഫോറംരാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യൽ ആന്‍റ് എജ്യൂക്കേഷണൽ സൊസൈറ്റിപശ്ചിമ ബംഗാളിലെ നാഗരിക്ക് അധികാർ സുരക്ഷാ സമിതിമണിപ്പൂരിലെ ലിലോങ് സോഷ്യൽ ഫോറംആന്ധ്രപ്രദേശിലെ അസോസിയേഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് എന്നീ സംഘടനകളേയും തങ്ങളുടെ കൂടെ കൂട്ടി. വർഗീയ വിദ്വേഷവും തീവ്രവാദവും വളർത്തുന്നതിൽ ഈ സംഘടന കുപ്രസിദ്ധി നേടി. ഈ സംഘടനയ്ക്ക് ഇരുപത്തി മൂന്നു സംസ്ഥാനങ്ങളിലും നിരവധി നഗരങ്ങളിലും മുസ്ലിംകൾക്കിടയിൽ സ്വാധീനം ഉണ്ടെന്നും കഴിഞ്ഞ ദശാബ്ദക്കാലയളവിലായി അവരുടെ 'നീരാളിക്കൈകൾഅതിവേഗം പടർത്തിക്കൊണ്ടിരിക്കുകയാണെന്നും ഈ ഏജൻസികൾ പറയുന്നു.

2012-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് കേരളവും ജമ്മു-കശ്മീരും അസമും അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ മത തീവ്രവാദം വളരുന്നുണ്ടെന്ന് സൂചിപ്പിച്ചതു മുതൽ കേന്ദ്രത്തിന്‍റെ റഡാറിൽ ഉണ്ടായിരുന്നു പി എഫ് ഐ. പ്രത്യേകിച്ച് 2012-ൽ അസമിലെ മുസ്ലിംകൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് പ്രതികാരമായി ബംഗലൂരും പൂനെയും പോലെയുള്ള നഗരങ്ങളിൽ ഉള്ള വടക്കു-കിഴക്കൻ വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുമെന്ന് ഓൺലൈൻ വിദ്വേഷ പ്രചാരണം നടത്തുകയും ആ വിദ്യാർത്ഥികൾ ഭയന്ന് നാടുവിടുകയും ചെയ്തതിന്‍റെ  ബുദ്ധികേന്ദ്രം  ഇവർ ആണെന്ന് ആരോപിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ. തങ്ങൾ നിരപരാധികളാണെന്ന് പി എഫ് ഐ വാദിക്കുന്നുണ്ടെങ്കിലും പി എഫ് ഐയെ നിരോധിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് എൻ ഐ എ ശുപാർശ ചെയ്യുകയുണ്ടായി. 

ആ ഭീഷണി വാസ്തമാണെന്ന നിലപാടിലാണ് നന്ദകുമാർ. 'അഫ്ഘാനിസ്ഥാനിലെ കമ്യൂണിസ്റ്റ് അനുകൂല ഭരണാധികാരിയായ മുഹമ്മദ് നജീബുള്ളയ്ക്ക് താലിബൻ ഉയിർത്തെഴുന്നേറ്റപ്പോൾ എന്തു സംഭവിച്ചുവെന്ന കാര്യം പിണറായി വിജയൻ മറക്കരുത്,' അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നു.

പുഞ്ചിരിക്കാൻ അദ്ദേഹത്തിന് കാരണവുമുണ്ട്. കാരണം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന ആൾക്കൂട്ട അക്രമങ്ങൾമുസ്ലിംകൾക്കൂം യുക്തിവാദികൾക്കും നേരെയുള്ള ആക്രമണങ്ങൾഅധികാര ദുർവിനിയോഗം;രാജസ്ഥാനും ഉത്തര പ്രദേശും പോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനത്തകർച്ചഅഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ വർധിച്ചു വരുന്ന ആക്രമണം എന്നിങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങൾ കൊണ്ട് വിമർശനങ്ങൾ നേരിടുന്ന കേന്ദ്രത്തിലെ ഭരണകക്ഷിയായ വലതു പക്ഷത്തിന് റെഡ്‌ട്രോസിറ്റി പ്രചാരണം ഏറ്റവും മികച്ച രാഷ്ട്രീയ ആയുധമായി മാറുകയായിരുന്നു.

കേരളമാണ് അവർ കീഴടക്കാൻ ഉദ്ദേശിക്കുന്ന അവസാന 

മണ്ണ്. കേരളത്തിൽ 5600-ലധികം ശാഖകൾ ആർ എസ്

 എസ് സ്ഥാപിക്കുകയുണ്ടായി. മറ്റ് ഏത് 

സംസ്ഥാനത്തേക്കാളും ഉയർന്നതാണ് ഈ സംഖ്യ.

ഇതിനു പുറമേവടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തിയതു പോലെ ദക്ഷിണേന്ത്യയിലും തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ ഇപ്പോൾ ആർ എസ് എസും ബിജെപിയും നടത്തി വരികയുമാണ്. കേരളമാണ് അവർ കീഴടക്കാൻ ഉദ്ദേശിക്കുന്ന അവസാന മണ്ണ്. കേരളത്തിൽ 5600-ലധികം ശാഖകൾ ആർ എസ് എസ് സ്ഥാപിക്കുകയുണ്ടായി. മറ്റ് ഏത് സംസ്ഥാനത്തേക്കാളും ഉയർന്നതാണ് ഈ സംഖ്യ. 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ മുതൽ സംസ്ഥാനത്ത് സംഘടനാ ശേഷി ആർ എസ് എസ് വീണ്ടെടുത്തുവെങ്കിലും ബിജെപിക്ക് അല്ലെങ്കിൽ അവരുടെ മുൻഗാമിയായ ബി ജെ എസിന് തെരഞ്ഞെടുപ്പു വിജയം അകലത്തന്നെ ആയിരുന്നു. 2016-ലാണ് കേരളത്തിൽ ആദ്യമായി ഒരു സീറ്റ് നേടിക്കൊണ്ട് നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറക്കുന്നത്. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ നിന്നും ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ തെരഞ്ഞെടുക്കപ്പെട്ടു. പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ നേടിക്കൊണ്ടാണ് മുഖ്യ എതിരാളിയായ സി പി എം സ്ഥാനാർത്ഥിയെ അദ്ദേഹം തോൽപിച്ചത്.

2016-ൽ സി പി എമ്മിന്‍റെ നേതൃത്വത്തിലുള്ള എൽ ഡി എഫിന് ഏതാണ്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിഞ്ഞെങ്കിലും 2011-ലെ 6 ശതമാനത്തിൽ നിന്ന് 15ശതമാനത്തിലധികം നിർണായകമാംവിധം വോട്ട് പങ്ക് നേടാൻ ബിജെപിക്ക് സാധിച്ചു. ഈഴവ വോട്ടുകൾ ഭിന്നിപ്പിക്കാന്‍ ശ്രീനാരായണ ധർമ്മ പരിപാലന സംഘം ജനറൽ സെക്രട്ടറി നയിച്ച ഭാരത ധർമ്മ ജന സേന (ബിജെഡിഎസ്) യുമായി ബിജെപി സഖ്യമുണ്ടാക്കുകയും ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തത് ഇടതിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫിലും ആശങ്ക പടർത്തി.

നിലവിൽകേരളത്തിനു പുറത്ത്ആർ എസ് എസ് നേതൃത്വത്തിൽ നടക്കുന്ന മാധ്യമ പ്രചാരണങ്ങൾ ഈ ഹിന്ദു ദേശീയ പാർട്ടിയുടെ അണികളെ കുറ്റവാളികളെക്കാൾ ഇരകളായി ഉയർത്തിക്കാട്ടുന്നതിൽ വിജയിച്ചു. സംസ്ഥാനം രൂപീകൃതമായ 1956 മുതൽ മാറിമാറി ഭരിച്ച ഇടതിനോ കോൺഗ്രസിനോ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധയില്ലെന്നാണ് ആർ എസ് എസും ബിജെപിയും ആരോപിക്കുന്നത്. സംസ്ഥാനത്ത് 54 ശതമാനത്തിലധികം ഹിന്ദുക്കളും ബാക്കി മുസ്ലിംകളും ക്രിസ്താനികളുമാണ്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ ഭൂരിഭാഗവും ഗൾഫ് പണത്തിനോട് കടപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലിംകളും രാഷ്ട്രീയ അധികാരത്തിന്‍റെ പങ്ക് വലിയ തോതിൽ തന്നെ പറ്റുന്നുമുണ്ട്. നിലവിൽഉയർന്ന സാമൂഹിക സൂചകങ്ങളിൽ സ്വയം അഭിമാനിക്കുന്ന കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ നല്ല സ്വാധീനമാണ് സിപിഎമ്മിന് ഉള്ളത്. 


ആർ എസ് എസിലെ ചുരുക്കം ചില നേതാക്കളൊഴികെ

 മറ്റാർക്കും കേരളത്തിൽപ്രത്യേകിച്ച് കണ്ണൂരിൽ തുടരുന്ന

 അക്രമങ്ങൾക്ക് എന്തെങ്കിലും ഒരു പരിഹാരം കാണാൻ 

താൽപര്യമില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ


ഈ ആരോപണ പ്രത്യാരോപണക്കളികൾക്കിടയിൽആർ എസ് എസിലെ ചുരുക്കം ചില നേതാക്കളൊഴികെ മറ്റാർക്കും കേരളത്തിൽപ്രത്യേകിച്ച് കണ്ണൂരിൽ തുടരുന്ന അക്രമങ്ങൾക്ക് എന്തെങ്കിലും ഒരു പരിഹാരം കാണാൻ താൽപര്യമില്ലെന്ന് 2017ജൂലൈയിൽ ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്നോട് പറയുകയുണ്ടായി. എന്നാൽ ആർ എസ് എസിലെ ഒരു വിഭാഗം പറയുന്നത് അതാതു കാലത്ത് ഭരിക്കുന്ന സർക്കാരാണ് അതിന് തുടക്കം കുറിക്കേണ്ടതെന്നും മുഖ്യമന്ത്രിയുടെ ഉൽക്കണ്ഠഅങ്ങനെയൊന്നുണ്ടെങ്കിൽഅത് അദ്ദേഹത്തിന്‍റെ സഖാക്കൾക്കില്ലെന്നും ആണ്. 2008-ന്‍റെ തുടക്കത്തിൽ ആർ എസ് എസ് നേതാവ് പി പരമേശ്വരൻ കേരളത്തിൽ തന്‍റെ സംഘടനയുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അടിവരയിട്ട് പറയുകയുണ്ടായി: 

ഒരു മൂന്നിന അജണ്ട ഉണ്ടാക്കുകയും ബന്ധപ്പെട്ട എല്ലാ കക്ഷികളുംപ്രത്യേകിച്ച് സിപിഎംഅവ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം:

1. കണ്ണൂർ ജില്ലയിൽ സിപിഎം ചുമത്തിയിരിക്കുന്ന പ്രത്യേക രാഷ്ട്രീയ അധികാരം അവർ ഉപേക്ഷിക്കണം.

2. സംഘ പ്രസ്ഥാനം ഇന്ത്യൻ റിപ്പബ്ലിക്കിലെ മറ്റേതു ഭാഗത്തും ഉള്ളതു പോലെ തന്നെ കണ്ണൂരിലും ശാശ്വതമായ ഒരു യാഥാർത്ഥ്യം ആണെന്ന് സിപിഎം അംഗീകരിക്കണം. കൊലപാതക രാഷ്ട്രീയം കൊണ്ട് ഈ യാഥാർത്ഥ്യം തൂത്തെറിയാമെന്ന് വിശ്വസിക്കരുത്.

3. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങളെ തങ്ങളോടൊപ്പം നിർത്താൻ കൊലപാതക രാഷ്ട്രീയം അടക്കമുള്ളവ കൊണ്ട് ആര്‍ എസ് എസിനെ തകര്‍ക്കമെന്ന കൊത്തുമെന്ന ക്രൂരമായ വിശ്വാസം സിപിഎം ഉപേക്ഷിക്കണം.

എന്നാൽ സിപി എം ആവശ്യപ്പെടുന്നത് സാമുദായിക ധ്രുവീകരണം എന്ന ആർ എസ് എസിന്‍റെ തന്ത്രം അവസാനിപ്പിക്കണമെന്നും അവരുടെ ആയുധ പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം എന്നുമാണ്.

ഇവയെല്ലാം നല്ല കാര്യങ്ങൽ തന്നെയാണ്. പക്ഷേ ഒരു ധാരണയിലെങ്കിലും എത്താൻ ഇരുഭാഗത്തും വ്യക്തിപരവും രാഷ്ട്രീയപരവുമായ ഇച്ഛാശക്തി കൂടി വേണം. കേരളത്തിൽ മാത്രമല്ലആർ എസ് എസിന്‍റെയും ബിജെപിയുടേയും ദേശീയ അജണ്ട തന്നെ ഇടതു പക്ഷത്തെ ഒറ്റപ്പെടുത്താനും ഹിന്ദു വോട്ടുകൾ നേടാനും മത കാർഡ് ഇറക്കി രാഷ്ട്രീയ നേട്ടം കൊയ്യുകയാണ്. എന്നാൽ ഇരു ഭാഗത്തും അണികൾ പരസ്പരം വെട്ടി മരിക്കുന്നത് തുടരുമ്പോൾ കണ്ണൂരിൽ സമാധാനം ഒരു വിദൂര സ്വപ്നം ആയി അവശേഷിക്കും

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image