അജിത് ബലമുള്ള ഒരു ഓർമ്മ


സുരേഷ് കുറുപ്പ് 

 

ഒരു വർഷം കടന്നുപോയത് എത്ര പെട്ടന്നാണ്. കാറിൽ പിൻസീറ്റിൽ ഇടത്തെ അറ്റത്ത് ചെരിഞ്ഞിരുന്നു പുറത്തേക്കു നോക്കി കണ്ണുകൾകൊണ്ട് സംസാരിക്കുന്ന അജിത് ഇന്നലെ എന്നപോലെ ഓർമ്മയിൽ.

 എവിടെവെച്ചാണ് എപ്പോഴാണ് അജിത്തിനെ പരിചയപ്പെട്ടതു എന്നുള്ളതെല്ലാം ഇപ്പോള്‍ ഓർമ്മയിൽ ഇല്ല. കോട്ടയം സി എം എസ്  ഹൈസ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ താഴത്തെ ക്‌ളാസിൽ പഠിക്കുന്ന അജിത്തിനെ അറിയാം. പരിചയം സൗഹൃദമാകുന്നത് കോഫി ഹൗസ് വെടി വട്ടത്തിലാണ്.

കോട്ടയം ടി ബി റോഡിലെ ഇന്ത്യൻ കോഫി ഹൗസിലെ വിവിധ വിദ്യാര്ത്ഥി സംഘടനക്കാരുടെ വൈകുന്നേര  സദസ്സില്‍ 1970 കളുടെ രണ്ടാം പാദത്തിൽ എപ്പോഴോ അജിത്തും സ്വാഭാവികമായി വന്നുകുടി. അജിത്ത് അന്ന് നാട്ടകം കോളേജിലെ കെ എസ് യു നേതാവാണ്. എല്ലാവരോടും സ്നേഹത്തോടെ മാത്രം ഇടപെടുന്ന കൂട്ടുകാരൻ. അജിത്തുമായി അന്ന് തുടങ്ങിയ സൗഹൃദം അജിത് പങ്കെടുത്ത ഇടങ്ങളിൽ സാന്നിധ്യമായിഫോണിൻറെ അങ്ങേ തലക്കലെ സൗമ്യമായ ശബ്ദമായി അജിത്തിന്റെ മരണംവരെ തുടർന്നു.

അജിത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും നല്ല അംശങ്ങള്‍ അജിത്തിനോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. പൂർണ്ണമായും മതനിരപേക്ഷമായിരുന്നു എല്ലാവരെയും സമഭാവനയോടെ കണ്ട ആ മനസ്സ്ജീവിതത്തിൽ ഉടനീളം തികഞ്ഞ ജനാധിപത്യബോധം നിലനിർത്തി.പ്രസാദാത്മതയും പ്രസന്നതയുംകൊണ്ട് ഇടപഴകിയ  ഇടങ്ങളെയെല്ലാം അജിത് പ്രകാശമാനമാക്കി.

അസുഖം തുടങ്ങിയപ്പോഴാണ് അജിത്ത് വേറിട്ട ഒരു വ്യക്തിത്വമായി പരിഗണിക്കപ്പെട്ടും അനുഭവപ്പെട്ടും തുടങ്ങിയത്. അതുവരെ അജിത്തിൻറെ വ്യക്തിത്വം മാറ്റുരക്കാൻ സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും വലിയ അവസരങ്ങൾ കിട്ടിയില്ല എന്നതാണ് സത്യം. വൈകുന്നേരങ്ങളിൽ പതിവായി കോഫി ഹൗസിൽ എത്തുന്ന മറ്റു കെ എസ് യു നേതാക്കളെയുംപോലെ,ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന ഞങ്ങൾ  മറ്റുള്ളവരെപ്പോലെഒരാൾ. എല്ലാവരുടെയുംപോലെ ഒരു സാധാരണ ജീവിതം.

രോഗം അജിത്തിനെ മറ്റൊരാളാക്കി മാറ്റി. സമാനതകളില്ലാത്ത  വലിയ വ്യക്തിത്വമായി സാവധാനം അജിത്ത് മാറി. അല്ലെങ്കിൽ രോഗം അജിത്തിനെ മാറ്റി. അത്ഭുതാവഹമായ രീതിയിലായിരുന്നു കാലിൽനിന്നും ബലക്കുറവായി പതിയെ തന്നിൽ പടർന്നു കയറിയ മാരകമായ രോഗത്തോട് അജിത്ത് പ്രതികരിച്ചത്. രോഗത്തെ അജിത്ത് സംയമനത്തോടെ സൗഹൃദമായി നേരിട്ടു. സ്വാഗതം ചെയ്തു എന്ന് പറയുന്നതാവും ശരി.

ഒരു ദിനം രോഗം തന്നെ പൂർണ്ണമായും തളർത്തിക്കളയും എന്ന് അജിത്തിന് നന്നായി അറിയാമായിരുന്നു. പക്ഷെ അദ്ദേഹം രോഗത്തെ ഒരു സുഹൃത്തിനെ എന്നവണ്ണം കൂട്ടത്തിൽ കൊണ്ടുനടന്നു. തൻറെ ഒരു കാര്യത്തിനും രോഗം തടസ്സമാവില്ലെന്ന്ആവരുതെന്ന് അജിത് തീർച്ചപ്പെടുത്തി. അപരിചിതമായ സ്ഥലത്ത് സ്വന്തമായി ഗ്യാസ് ഏജൻസി തുടങ്ങി. അത് ആർക്കും  പരാതിയില്ലാതെ വിജയകരമായി കൊണ്ടുനടന്നു. സധൈര്യം കുടുംബജീവിതത്തിലേക്കു പ്രവേശിച്ചു. സന്തോഷമായി കുടുംബജീവിതം നയിച്ചു. ആത്മവിശ്വാസം നൽകിയ ഭാര്യ പ്രസന്ന താങ്ങും തണലുമായി. മക്കളായ ജ്യോതിർമയിയുടെയും ചിന്മയിയുടെയും സ്നേഹനിധിയായ അച്ഛനായി. ജീവനക്കാരുടെ പ്രിയപ്പെട്ടവനായി.

പ്രതിസന്ധിയില്‍നിന്നും മറ്റൊരു അജിത് പ്രകാശഗോപുരംപോലെ ഉയർന്നു വന്നു. ബന്ധങ്ങളും സൗഹൃദങ്ങളും എല്ലാം നിലനിർത്തി. ഒരു സൗഹൃദ കൂട്ടായ്മയും അസൗകര്യം പറഞ്ഞ് മുടക്കിയില്ല. സ്വന്തം വീട് സൗഹൃദം ചേക്കേറുന്ന സ്നേഹക്കൂട്ടാടാക്കി. അങ്ങനെ അജിത് ഒരു അസാധാരണ വ്യക്തിയായി മറ്റുള്ളവരേക്കാള്‍ ഉയരുന്നുനിന്നു. ആ അജിത് എല്ലാവരുടെയും ആദരവ് ഏറ്റുവാങ്ങിയ അജിത്തായിരുന്നു.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി മുണ്ടക്കയം വഴി കടന്നു പോകുമ്പോള്‍ അജിത്തിൻറെ സ്ഥാപനവും വീടും എപ്പോഴും എനിക്കും ഒരു സ്നേഹതീരമായിരുന്നു. അവിടെ അജിത്തിൻറെയും ഭാര്യ പ്രസന്നയുടെയും മക്കളുടെയും സ്നേഹപൂർണ്ണമായ പരിചരണം മനം കുളിർപ്പിക്കും. അതിനിടെശാരീരികമായ അവശതകളെക്കുറിച്ച് ചോദിക്കാൻ നമ്മൾ മറന്നു പോകും. കാരണം അജിത് ഇപ്പോഴും ഉന്മേഷവാനാണ്. നമ്മുക്ക് പിന്നെ അതെക്കുറിച്ച് തിരക്കാന്‍ തോന്നില്ല. അജിത്തിനു അറിയേണ്ടത് നമ്മുടെ സുഖവിവരങ്ങളാണ്.

കോട്ടയത്തെ സുഹൃദ്സദസ്സുകളില്‍, ആദ്യം വീൽചെയറിലും പിന്നീട് കാറിനകത്തിരുന്നും പങ്കെടുത്ത അജിത്തിനെ ഞങ്ങൾക്കാർക്കും മറക്കാൻ കഴിയില്ല. അജിത് എന്നും സി കെ ജീവൻ സ്മാരക ട്രസ്റ്റിൻറെ ജീവനാഡിയായിരുന്നു. രാകേന്ദു സംഗീത പരിപാടി നടക്കുമ്പോൾ ആദ്യം സി എം എസ് കോളേജ് അങ്കണത്തിലെ മരത്തണലിലും പിന്നീട് എം ടി സ്കൂൾ മൈതാനിയിലും അജിത്തിൻറെ സാന്നിധ്യംതന്നെ ഞങ്ങൾ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പ്രചോദനമായിരുന്നു. ആ കണ്ണുകൾ മനോഹരമായിരുന്നു. ആ ചിരി സ്നേഹസമ്പന്നമായിരുന്നു.

പ്രിയപ്പെട്ട അജിത് എല്ലാ പരീക്ഷണങ്ങളിലും ബലമുള്ള ഒരു ഓർമ്മയാണ്. തളരാതെ മുന്നോട്ടുപോകാന്‍, അതിജീവിക്കാൻസ്വയം പരിതപിക്കാതിരിക്കാൻ,സുഹൃത്തുക്കളെ കൂടെനിർത്താൻ, ജീവിതം ആസ്വദിച്ച് മുന്നോട്ടുപോകാന്‍,ബലമുള്ള ഒരു ഓർമ്മ. എൻറെ ചെറിയ പരിചിതവലയത്തില്‍ അങ്ങനെ രണ്ട് പേരെ ഉള്ളു. ഒന്ന് പ്രിയപ്പെട്ട സൈമണ്‍ ബ്രിട്ടോ. പിന്നെ അജിത്തും.

(2018 ഓഗസ്റ്റ് 23.  പി കെ അജിത്കുമാറിന്റെ ഒന്നാം  ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുറത്തുവരുന്ന "അജിത് എന്നൊരു കാലം" എന്ന പുസ്തകത്തിൽനിന്ന്.)


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image