മറന്നുപോയ കവിയെ ഓര്‍ക്കുന്നു

കരുണാകരന്‍

വളരെ മുമ്പേ മറന്നുപോയ

കവിയുടെ നാട്ടിലൂടെ ഞങ്ങള്‍

യാത്ര പോവുകയായിരുന്നു.

 

ഒരു രാവിലെ.

 

കുന്നുകളും മരങ്ങളുമുള്ള

നാട്ടുമ്പുറത്തിലൂടെ.

 

കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടയ്ക്ക്

അവള്‍ എന്നെ നോക്കി ചോദിച്ചു:

 

നീ ഇന്ന് തേച്ച സോപ്പിന്‍റെ പേര്

ഞാന്‍ പറയട്ടെ?

 

മറന്നുപോയവരുടെ ഓര്‍മ്മ

ഏതു പരിമളമായാണ്, ഒരു വേള,

നമ്മളിലുണരുക എന്ന് എനിക്ക്

തീര്‍ച്ചയില്ലായിരുന്നു.

 

പറയണ്ട, ഞാനവളെ നോക്കി ചരിച്ചു.

 

ഒരു കുഞ്ഞുപക്ഷി

അതിന്റെ നിഴലിനൊപ്പം

കാറിന്‍റെ ചില്ലില്‍ തൊട്ട പോലെ

പറന്നുപോയി.

 

അടുത്ത തിരിവില്‍

കവിയുടെ നാട് കഴിയുകയായിരുന്നു...

 

അവള്‍ സമയം ചോദിച്ചു.

ഞാന്‍ സമയം പറഞ്ഞു.

 

ഇനിയും സമയമുണ്ട്, അവള്‍ പറഞ്ഞു:

 

നിനക്ക് വേണമെങ്കില്‍ എന്നോട്

ഒരു കഥ പറയാം.

 

പക്ഷിയുടെ രൂപത്തിലുള്ള

പ്രതിമക്കുമുമ്പില്‍ നിന്ന് തിരിഞ്ഞു നടക്കുന്ന

ഒരാളെ ആ സമയം

കണ്ടപോലെ എനിക്ക് തോന്നി.

 

ഞാന്‍ വിചാരിച്ചു,

മറന്നുപോയ കവിയെപ്പറ്റി

ഞാനിതാ ഒരു കഥ പറയാന്‍

പോകുന്നുവെന്ന്.

 

ഞാന്‍ കഥ പറയുകയും ചെയ്തു.

 

ഒരു കവിയെപ്പറ്റിത്തന്നെ. മറന്ന ഒരാളെ

ഓര്‍ക്കുന്നപോലെത്തന്നെ..

 

 


 

 രാജ് എന്ന് പേരുള്ള നായ 

കരുണാകരന്‍ 

രാജ്
ഞങ്ങളുടെ നായ

പിടയ്ക്കുന്ന മീനിനെയും 
വായില്‍ വെച്ചു
പുഴയില്‍ നിന്നും
നീന്തി വരികയായിരുന്നു

ഒരു പൊന്മാന്‍
ശരവേഗത്തില്‍ 
അവനുനേരെ പറന്നു 

ഒരു പരുന്തു മരണവേഗത്തില്‍ 
അവനുനേരെ പറന്നു 

രാജ്

അതേപോലെ 
പുഴയില്‍ വീണ്ടും മുങ്ങി

അവനെ കാണാതാക്കിയ ഓളങ്ങള്‍ 
വേറൊരു ദിക്കിലേക്ക് നീന്തിപ്പോയി

ഇപ്പോള്‍ പുഴ വറ്റുമ്പോള്‍ 
പുഴ നിറഞ്ഞൊഴുകുമ്പോള്‍   

ചില സമയം 
അവന്‍ ഓരിയിടുന്നത് കേള്‍ക്കാം

മാനത്തലയുന്ന ഒച്ചയിലേക്ക് 
പക്ഷികള്‍ 
പറന്നു പോകുന്നത് കാണാം Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image