കാമ്പോസ്
ജോസഫ് ഓടയ്ക്കാലി


ആഞ്ഞ് തുപ്പുമ്പോള്‍ കഫം ദൂരേക്കു തെറിച്ചു പോകുമെന്നായിരുന്നു പ്രതീക്ഷ. അതു തെറ്റിപ്പോയി എന്ന് തുരുമ്പ് പിടിക്കുവാന്‍ തുടങ്ങുന്ന ജനലഴികളില്‍ പ്യൂപ്പകള്‍ പോലെ കഫക്കട്ടകള്‍ തൂങ്ങിക്കിടക്കുവാന്‍ തുടങ്ങിയപ്പോള്‍  മനസിലായി. തുരുമ്പ് വര്‍ദ്ധിച്ചിരിക്കുന്നത് തന്റെ പരീക്ഷണം ആവര്‍ത്തിക്കുന്നതു കൊണ്ടാണെന്നും ഉണങ്ങിവരണ്ട കഫക്കട്ടകള്‍ അതിന് തെളിവാണെന്നും തോന്നി. കട്ടില്‍ തലയ്ക്കല്‍ അടപ്പുള്ള ടിന്നുണ്ട്. അത് നിറഞ്ഞു തുളുമ്പിയതാണ് പ്രശ്‌നമായത്.

ഒരു ജനല്‍ പുറത്തേക്കാണ്. അതിലൂടെ ആമ്പാറക്കുന്നും അതിന്റെ ഉച്ചിയിലെ നടുവൊടിഞ്ഞ കഴുമരവും കഴുവേറിയവരുടെ ആത്മാവുകള്‍ നരച്ചീറുകളായി തലകീഴായി തൂങ്ങുന്ന കാഞ്ഞിരവും കാണാം. തലകീഴായി തൂങ്ങുന്ന ആത്മാവുകള്‍. നിറനിലാവില്‍ നോക്കുന്തോറും ചെറുപ്പത്തില്‍ പേടി ആയിരുന്നു. പക്ഷെ പകല്‍ ആണ് ആത്മാവുകള്‍ തൂങ്ങിക്കിടന്നുറങ്ങുക എന്ന് പിന്നീടാണ് മനസിലായത്. താനും അതുപോലെ ഒരാത്മാവായി തലകീഴായി തൂങ്ങുന്നത്  ഈയിടെയായി സ്വപ്നം കാണാറുണ്ട് എന്നോര്‍ത്തപ്പോള്‍ ചിരിവന്നു.


അച്ഛന്റെ കൈവിരലില്‍ തൂങ്ങി എത്രയോ തവണ ആമ്പാറക്കുന്നും കഴുവേറ്റംമോളവും കയറി ഇറങ്ങിയിരിക്കുന്നു. രാജ ചിഹ്നങ്ങളുടെ അടയാളപ്പെടുത്തലുകളുള്ള അവശേഷിപ്പുകള്‍ ചൂണ്ടി അച്ഛന്‍ പറയും 'രാജാക്കന്മാര് ഈ കഴുമരത്തിലാണ് പണ്ട് കുററവാളികളെ കഴുവേറ്റിയിരുന്നത്. കരിങ്കല്‍ തൂണുകള്‍ക്ക് മുകളില്‍ ഒരു ബീമും നടുവില്‍ ഒരു കൊളുത്തും അറിയോ തൂക്കിലേറ്റപ്പെട്ടവര്‍ മാംസം അഴുകി അടര്‍ന്ന് അസ്ഥികൂടങ്ങളായി തൂങ്ങി ചത്തുകിടക്കും. ഗുഹ പോലത്തെ ഒരു കിണറുണ്ടായിരുന്നു. പണ്ടിവിടെ അസ്ഥികള്‍ ഇട്ടാണത്രെ അത് മൂടിപ്പോയത്. 
അച്ഛന്‍ പറയും. അത് ശരിയായിരിക്കും. അച്ഛന്‍ ചെത്തുകാരനായിരുന്നെങ്കിലും അറിവുള്ളവനായിരുന്നു. അതൊടൊപ്പം വിപ്ലവകാരിയും. എ.കെ.ജി യൊടൊപ്പം ജയിലില്‍ കിടന്നിട്ടുള്ള കഥ അച്ഛന്റെ കല്യാണത്തിന് എ.കെ.ജി പങ്കെടുത്ത കഥ ഇതൊക്കെ എത്രയോ തവണ രോമാഞ്ചത്തോടെ കേട്ടിരിക്കുന്നു. കഥ പറയുന്നതില്‍ അച്ഛനും കേള്‍ക്കുന്നത് തനിക്കും ഹരമായിരുന്നല്ലോ. കഴുവിലേറ്റപ്പെട്ടവരൊന്നും രാജ്യദ്രോഹികളോ കള്ളന്മാരോ പിടിച്ചുപറിക്കാരോ, ബലാല്‍സംഗക്കാരോ ഒന്നുമായിരുന്നില്ല. രാജാവിനും നാടുവാഴിക്കുമെതിരെ ശബ്ദിച്ചവരായിരുന്നു വിപ്ലവം പറഞ്ഞവരായിരുന്നു. അറിയ്യോ. വളര്‍ന്നുവന്നപ്പോഴാണ് അച്ഛന്‍ പറഞ്ഞത് ശരിയാണെന്ന് അച്ഛനേക്കാള്‍ അറിഞ്ഞത്. ആമ്പാറക്കുന്നിനെ ഓര്‍മ്മകളില്‍ നിന്നും അറിയാതെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. വീണ്ടും കഫം നിറഞ്ഞ ടിന്നും ജനലഴികളിലെ പ്യൂപ്പകളും അലോസരപ്പെടുത്താന്‍ തുടങ്ങി.

ഒരു ജനല്‍ മാത്രമല്ല വാതിലും പുറത്തേക്കാണ്. വീടിനകം പാതി തുറന്ന ഒരു ജനലിലൂടെ തെളിച്ചമില്ലാതെ കാണാം. കണ്ണന്‍ വന്നിരുന്നെങ്കില്‍ താന്‍ പറയാതെ തന്നെ നിറഞ്ഞ ടിന്‍ പുറത്തുകൊണ്ടുപോയി കഫം കുഴിച്ചുമൂടിയേനെ. അവനൊരു  കുഞ്ഞി തൂമ്പായുണ്ട്്. അതുകൊണ്ടാണ് കുഞ്ഞികുഴിയെടുക്കുക. അതിനായി അവന്‍ തന്നെയുണ്ടാക്കിയ തൂമ്പയായിരുന്നത്രേ അത്. ആറുവയസ്സേ ഉളളു എങ്കിലും കണ്ണന് തന്റെ ആഗ്രഹം അറിഞ്ഞു പ്രവര്‍ത്തിക്കാനറിയാം. ഓര്‍ക്കുന്തോറും കണ്ണുകളില്‍ ഒരു നീറ്റല്‍. കഫം കുഴി കുത്തി മൂടുന്നത് ശ്യാമള കണ്ടതാണ് ഭൂകമ്പത്തിന് കാരണമായത്. വീടവള്‍ കീഴ്‌മേല്‍ മറിക്കുക മാത്രമല്ല കണ്ണന്റെ വെളുത്ത തുടയില്‍ ചോരപ്പാടുകള്‍ വീഴ്ത്തുകയും ചെയ്തു. പിന്നണിയായി ശകാരം കാതില്‍ ഈറന്‍ കാറ്റുപോലെ വന്നലച്ചുകൊണ്ടിരുന്നു. 

ഇന്ന് തുപ്പണ പാത്രം നാളെ തൂറിയാലും ഇവന്‍ കോരുമല്ലോ എന്തൊക്കെ രോഗങ്ങളുള്ള ആളാ എന്റെ കാവിലമ്മേ ഈ കുരുത്തം കെട്ടതിനെക്കൊണ്ട് എന്താ ഞാനിനി ചെയ്യുക? തലയില്‍ കൈവച്ചായിരുന്നു ശാപ വാക്കുകള്‍. അവയെല്ലാം തനിക്കെതിരെ ആണല്ലോ എന്നോര്‍ത്തപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. കണ്ണനും ഒന്നും അറിയാത്തതുപോലെ അടുത്ത് വന്നിരുന്ന്. നിറഞ്ഞ കണ്ണുകളോടെ ചിരിക്കുകയാണ് ചെയ്തത്. അത്ഭുതം തോന്നി.

കണ്ണനോട് ഞാന്‍ പറഞ്ഞോപാത്രം എടുക്കാന്‍. ഉവ്വോ... ഇപ്പ എന്തായി.. തുടയില്‍ അടി വീണില്ലേ...' മുറിവെണ്ണ ഇരുന്ന കുപ്പി കാലിയായിരുന്നെങ്കിലും ഒരു തുള്ളി കിട്ടി. ഒരിക്കലും മോചനമില്ലാത്ത രോഗങ്ങളുടെ തടവറയിലാണ് താനെന്ന് ശ്യാമളയ്ക്കറിയാം അതിന്റെ പ്രതിഫലനങ്ങളാണ് പരിദേവനങ്ങള്‍. 

മുറിവെണ്ണചോരപ്പാടുകളില്‍ പുരട്ടി തടവുമ്പോഴും കണ്ണന്‍ മെല്ലെ ചിരിച്ചുകൊണ്ടിരുന്നു. മോന് വേദനിച്ചോ? അച്ഛന് വേദനിച്ചോ?'മറുപടിയായി മറുചോദ്യവും മന്ത്രണം പോലെ ആയിരുന്നല്ലോ.

ഒരു വാതിലും ജനല്‍ പകുതിയും പുറത്തേക്കായതു നന്നായി. പഴയ തേങ്ങാപ്പുരയ്ക്ക് ഇത്രയുമൊക്കെയേ ആകുവാന്‍ ആകു. അച്ഛന്റെ കാലം മുതല്‍ ഉള്ളതായിരുന്നു തേങ്ങാപുര. ക്രമേണ തേങ്ങയും, തെങ്ങും കുറഞ്ഞു, തേങ്ങാപുര മാത്രം ഓര്‍മ്മത്തെറ്റു പോലെ ബാക്കിയായി. മകന്‍ പുര പുതുക്കി ഹാളും മുറികളും എല്ലാം കൂട്ടി എടുത്തപ്പോള്‍ തേങ്ങാപുര അശ്രീകരമായ തടസ്സമായി മാറി. താനാണ് പറഞ്ഞത് തേങ്ങാപുര ഒപ്പം ചേര്‍ത്ത് നന്നാക്കി ചെറുതാണെങ്കിലും മുറിയാക്കുവാന്‍. ആര്‍ക്കും ശല്യമാകാതെ ഒതുങ്ങിക്കൂടുവാന്‍ പറ്റിയ ഒരിടമായി അതുമാറുമെന്നു തോന്നിയത് എത്ര നന്നായി. ഗുണവും ദോഷവും ഈ ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും ഉണ്ട്. കാരണം മകന്റെ കിടപ്പുമുറിയും സ്വീകരണ ഹോളുമാണ് തന്റെ കിടപ്പുമുറിയായ തേങ്ങാപുരയുടെ ഇരുവശത്തും. എത്ര അശ്രദ്ധയോടെ ഇരുന്നാലും രണ്ടിടത്തുനിന്നും ശബ്ദ വീചികള്‍ വരും. പലപ്പോഴും നിര്‍വികാരതയോടെ കാതോര്‍ത്തു പോകും. മനസ്സില്‍ ഒന്നും കരുതി വയ്ക്കുവാന്‍ വേണ്ടിയല്ല. വെറും കൗതുകം. പലപ്പോഴും ചിരിപ്പിക്കുന്ന കൗതുകത്തില്‍ വാക്കുകളുടെ വായ്ത്തലയ്ക്ക് മൂര്‍ച്ച അറ്റുപോകുന്നു. 'ശ്...ശ്. അച്ഛാ ഒറങ്ങുവാണോ?' കണ്ണന്‍. വാതില്‍ വിടവിലൂടെ അവന്റെ പാതിമുഖം കാണാം. ഇന്ന് അവധി ആയിരിക്കുമോ? സ്‌കൂളില്ലേ? പരിസരത്തെ നിശബ്ദത പേടിപ്പെടുത്തി. കാരണം ശ്യാമളയും ലെനിനും പൊന്നൂട്ടിയും ഇത്രയും കനത്ത നിശബ്ദതയിലാവാന്‍ വഴിയില്ല. എഴുന്നേറ്റാല്‍ ഒരുപക്ഷേ അറിയുവാന്‍ കഴിഞ്ഞേക്കും. പക്ഷെ അവരിവിടെ ഉണ്ടെങ്കില്‍ ചോദ്യമൂറുന്ന നോട്ടങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും.

അച്ഛനടങ്ങി കിടന്നുകൂടെ എന്നോ അതെങ്ങനെയാ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണ്ടേ എന്നോ ആയിരിക്കും ചോദ്യങ്ങള്‍. ശരിയാണ് ഓരോ ബഹിര്‍ഗമനവും വീഴ്ചകള്‍ ആയിരുന്നല്ലോ. ഈ അടുത്തകാലം മുതല്‍. അവരും സഹിക്കുന്നതിന് ഒരതിരില്ലേ? ആശുപത്രി അഡ്മിഷന്‍ ടെസ്റ്റുകള്‍ മരുന്നുകള്‍ കാവല്‍. ഏതുകടമകളും ഈ മുനമ്പില്‍ തട്ടിത്തകരാതിരിക്കുമോ? 

ലെനിന്‍എന്ന പേരു തന്നെ ഭാരമാണെന്ന് അവന്‍ കഴിഞ്ഞ ദിവസം കൂടി സ്വീകരണമുറിയില്‍ അതിഥിയോട് പറയുന്നത് കേട്ടതാണ്. അയാള്‍ പൊട്ടിച്ചിരിച്ച് അത് ശരി വയ്ക്കുന്നതും കേട്ടു. സ്വീകരണ മുറിയില്‍ ഇരുന്നിട്ടില്ലെങ്കിലും അതൊരു ദൃശ്യ ശ്രാവ്യ വിരുന്നായി പലപ്പോഴും ബോധാബോധങ്ങളില്‍ കടന്നുവരുവാന്‍ തുടങ്ങിയിരുന്നല്ലോ.

ശേഖരന്‍ സാറിനറിയാമോ അച്ഛന്റെ വിപ്ലവകാലത്ത് അച്ഛനെനിക്കിട്ട പേരാണ് ലെനിന്‍. അന്നച്ഛനത് ശരിയായിരിക്കാം. പക്ഷെ എനിക്കിന്നത് ഭാരമാണ്. കഴിഞ്ഞദിവസം അതിന്റെ തിക്തമായ അനുഭവം എനിക്കുണ്ടായി. സാറ് കേള്‍ക്കണം.'

സാറിനോടൊപ്പം താനും കേള്‍ക്കുകയായിരുന്നല്ലോ. നമ്മുടെ സഭയുടെ താലുക്ക് സമ്മേളനം. സംസ്ഥാന ഭാരവാഹികള്‍ വരെ പങ്കെടുക്കുന്ന യോഗം. സ്വാഗതം ഒരുപയ്യന്‍. അവനങ്ങ് കത്തിക്കയറുകയാണ്. നമ്മുടെ അദ്ധ്യക്ഷനാരാ ലെനിന്‍, നിരീശ്വരവാദിയായ ലെനിന്‍. നമ്മുടെ സമുദായത്തില്‍ തന്നെ അനവധി ഗുരുഭൂതന്മാരുണ്ടായിട്ടും നമ്മുടെ നേതാവിന്റെ പേര് ലെനിന്‍. എന്ത് വൈരുദ്ധ്യമാണെന്ന് നോക്കു. ആളുകളങ്ങ് ആര്‍ത്തു ചിരിച്ചില്ലേ സാറെ എന്റെ മാനം പോയി.


അതിഥി പേര് മാറ്റിക്കൂടെ എന്ന് ചോദിക്കുന്നതായി അവ്യക്തമായികേട്ടു. പേര് മാറ്റുവാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുന്നതും ചിരിയോടെ കേട്ടു. പേര് ഒരു ഭാരമാകുന്ന മകന്റെ ദൈന്യത ഓര്‍ക്കുന്തോറും സഹതാപമായിരുന്നു. എന്നാല്‍ മകള്‍ക്ക് അങ്ങനെ ഒരു പരാതി ഇല്ലെന്നും തോന്നി. ഗൗരിയമ്മ കത്തിനില്‍ക്കുന്ന കാലത്താണല്ലോ അവള്‍ ജനിച്ചത്. പേരിന്റെ മലയാളിത്തവും പാര്‍വ്വതിയുടെ പര്യായവും അവളുടെ ഭാരം കുറച്ചുകാണും. അങ്ങനെ അല്ലല്ലൊ ലെനിന്‍. അന്ന് ഓരോ മനസിലും ലെനിന്‍ ഉണ്ടായിരുന്നു. ഇന്ന് റഷ്യയില്‍ പോലും ഇല്ല. എന്നാല്‍ മക്കളായ ഏംഗല്‍സിനും  മാര്‍ക്‌സിനും ആ പ്രശ്‌നം ഇല്ലെന്നു തോന്നുന്നു. റഷ്യന്‍ പേരുകള്‍ അല്ലാത്തതു കൊണ്ടാവാം. പിന്നെയും ചിരിക്കാതെ എന്തു ചെയ്യും.

കണ്ണന്റെ ആംഗ്യം വാതില്‍ വിടവിലൂടെ അവ്യക്തമായി വായിച്ചെടുത്തു. നിറഞ്ഞ ടിന്നിലെ കഫം പുറത്തുകൊണ്ടുപോയി കുഴിച്ചു മൂടുന്നതിനെക്കുറിച്ചാണ് ആംഗ്യം. അപ്പോള്‍ വീട്ടില്‍ എല്ലാവരും ഉണ്ട്. അല്ലെങ്കില്‍ ആംഗ്യഭാഷ വേണ്ടല്ലോ.

'വേണ്ട കണ്ണാ നീ അച്ഛനെ ഒന്ന് പിടിച്ച് ആ വടി എടുത്ത് തന്നാല്‍മതി. ഞാന്‍ പുറത്തോ ബാത്‌റൂമിലോ കൊണ്ടുപോയി കളഞ്ഞോളാം'.എന്നായിരുന്നല്ലോ  തന്റെ ആംഗ്യം. അവനു ചിരി വന്നു കൊണ്ടിരുന്നു. അത് അധികനേരം നീണ്ടു നിന്നില്ല എന്ന് ശ്രദ്ധിക്കാനായത് ലെനിന്റെ കിടപ്പുമുറിയില്‍ നിന്നും ശബ്ദം ഉയര്‍ന്നു കേട്ടപ്പഴാണ്. ശ്യാമള മന്ത്രിക്കുകമാത്രം ചെയ്യുകയും അവന്റെ പ്രതിമന്ത്രണം ഉച്ചത്തിലാവുകയും എന്നത് പതിവില്ലാത്തതാണ്. കാതോര്‍ക്കാതിരിക്കാന്‍ ആവില്ലല്ലോ. അവന്‍ ഒരിക്കല്‍ ഒരു അതിഥിയോട് സുഹൃത് സംഭാഷണത്തില്‍ പറഞ്ഞതാണല്ലോ, അച്ഛന് പട്ടിയുടെ ചെവിയും പൂച്ചയുടെ കണ്ണുമാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഇലയനക്കം പോലും കേള്‍ക്കുമോ? 

പ്രായം തളര്‍ത്തുന്നത് ചിലരുടെ കൈകാലുകളെ ആവാം അല്ലാതെ  മൂക്കും ചെവിയും കണ്ണുമല്ല എന്നോ മറ്റോ ആയിരുന്നു സുഹൃത്തിന്റെ മറുപടി. അവന് ഒരുപാട് സുഹൃത്തുക്കളുണ്ട്. പ്രമാണിമാരും അല്ലാത്തവരുമായിട്ട്. 

ഒരു തീരുമാനം തീര്‍ച്ചയായും ഉണ്ടാവണം' ശ്യാമള മന്ത്രിച്ചു തുടങ്ങിയത് ഇങ്ങനെയായിരിക്കണം.

എന്തു തീരുമാനം ...'സ്വാഭാവികമായ മറുചോദ്യം.
അഞ്ചുമാസമായി നിങ്ങളുടെ അച്ഛന്റെ പെന്‍ഷന്‍ മുടങ്ങിയിട്ട്.
അതിന്?'

അതിനെന്താണെന്നോ നിങ്ങള്‍ക്ക് ഒന്നും അറിയേണ്ടല്ലോ ആയകാലത്ത് ജോലിയുണ്ടായിട്ടും രാഷ്ട്രീയം കളിച്ച് നിങ്ങടെ അച്ഛന്‍ എല്ലാം നശിപ്പിച്ചു. ഒന്നും സമ്പാദിച്ചുമില്ല. നിങ്ങള്‍ക്ക് നല്ലൊരു ജോലി പോലും നേടിയില്ല. എന്റെ വരുമാനം കൊണ്ട് ഇനി മരുന്നും മന്ത്രോം ഒന്നും നടക്കില്ല. ഒന്നും രണ്ടുമല്ല അയ്യായിരം രൂപ വേണം മാസം മരുന്നിന്. പിന്നെ കൂടെക്കൂടെ ചെക്കപ്പ് ടെസ്റ്റ് കാറ് കൂലി. കടം എത്രയായിന്നറിയോ?'

'ശ്യാമളേ പതുക്കെ അച്ഛന് കൂര്‍ത്ത ചെവിയാ കേള്‍ക്കും.' 

'കേള്‍ക്കട്ടെ വേറെയുമുണ്ടല്ലോ മക്കള്‍ മാര്‍ക്‌സും, ഏംഗല്‍സുമായിട്ട് മൂത്തവര്. മോളുണ്ടല്ലോ ഗൗരിത്തമ്പുരാട്ടി. തിരിഞ്ഞുനോക്കണ്ടാ ഫോണിലൊന്നു തിരക്കാലോ ഇല്ലേ? ഇല്ല.. തിരക്കൂല്ല. തള്ള നേരത്തെ അങ്ങ് പോയത് എത്ര നന്നായി. ഇല്ലെങ്കില്‍ അതും കൂടി... ശബ്ദം നേര്‍ത്തുവരുന്നതായി തോന്നുന്നതാവാം.

ശ്യാമളയ്ക്ക് വിവരം ഉണ്ട.് അമ്മ നേരത്തെ അരങ്ങ് ഒഴിഞ്ഞത് അച്ഛന്റെ പെന്‍ഷന്‍ മുടങ്ങും എന്ന മുന്നറിയിപ്പു അറിഞ്ഞായിരിക്കും. ശ്യാമളയ്ക്കങ്ങനെ തോന്നിക്കാണും. പിന്നെയും ശബ്ദമില്ലാത്ത ചിരി ഉള്ളില്‍ നുരഞ്ഞു കൊണ്ടിരുന്നു. 

പെന്‍ഷനായപ്പോള്‍ ആദ്യം അവകാശവാദം ഉന്നയിച്ചത് ശ്യാമളയിലൂടെ ലെനിനായിരുന്നല്ലോ.'ഞാനല്ലേ ഇളയത്. അച്ഛനേയും അമ്മയേയും ഞാനാണ് നോക്കേണ്ട്ത് ശ്യാമളയ്ക്കും അതിഷ്ടമാണ് . അവള്‍ പറയുന്നത് എന്റെ അച്ഛനും അവളുടെ അച്ഛനും ഒരുപോലെയാണെന്നാണ്.'
 
മൂത്തവര്‍ മാര്‍ക്‌സും ഏംഗല്‍സും എന്താണാവോ അന്ന് തര്‍ക്കം ഉന്നയിക്കാതിരുന്നത്. പെന്‍ഷന്‍ തന്നെ മുടങ്ങുവാന്‍ സാധ്യതയുണ്ടെന്ന് അവരും മുന്‍കൂട്ടി കണ്ടിരിക്കാം മുംബയില്‍ സെറ്റിലായ ഏംഗല്‍സിനും ഭാര്യക്കും അമ്മയെകൂടെ കൊണ്ടുപോകണമെന്നുണ്ടായിരുന്നു. 

'എന്നാല്‍ അമ്മ ഞങ്ങളുടെ കൂടെ നില്‍ക്കട്ടെ ഞങ്ങളില്ലാത്തപ്പോള്‍ മക്കള്‍ക്കൊരു സുരക്ഷിതത്വം ആവൂലോ.'ആ ആഗ്രഹം തടഞ്ഞതും ലെനിന്‍ ആയിരുന്നു
'അമ്മയും അച്ഛനും ഒന്നിച്ചു കഴിയുവാന്‍ തുടങ്ങുന്നതു തന്നെ ഇപ്പഴാണ്. ജോലി രാഷ്ട്രീയം സമരം പൊതുകാര്യം ഇതിനിടയില്‍ എന്നാ അവര്‍ ഒന്നിച്ച് ജീവിച്ചത്. വളരെ കുറച്ചു നാളുകള്‍.


ഇളയമകന്റെ വികാരവായ്പിന്റെ പൊരുള്‍ അന്നേ മനസ്സില്‍ മിന്നിയതാണ്. പറഞ്ഞില്ല. അമ്മയോടൊപ്പം അച്ഛനും മറ്റ് മക്കളുടെ തണലില്‍ ആയാല്‍ പെന്‍ഷനും അവിടെ ആവില്ലെ എന്ന ധ്വനി ശ്യാമളയുടെ മുഖത്ത് അന്നേ ഉണ്ടായിരുന്നു. ലെനിന്റെ ആഗ്രഹത്തിന് വാശിക്ക് അന്നവര്‍ വഴങ്ങിയത് ഒരു ചിരിയോടെ ഓര്‍ക്കുവാനേ ഇന്നു കഴിയു. കിടപ്പുമുറിയിലെ ശബ്ദ വീചികളില്‍ ഇന്ന് ഒരു ദുരന്തസ്മൃതിയുടെ നെടുവീര്‍പ്പുകളാണ്. തലയില്‍ വെറുതെ കയറ്റി വച്ച ഭാരം എന്ന പരിദേവനം കൂടെകൂടെ ഉയരുവാന്‍ അതാണല്ലോ കാരണമായത്.

'പെന്‍ഷന്‍ മുടങ്ങി എന്ന് പറഞ്ഞ് മറ്റ് മക്കളെ വിളിച്ചുവരുത്തുന്നത് ശരിയാണോ ശ്യാമളെ?'

'ശരി തെറ്റുകള്‍ നിങ്ങള്‍ക്കുമാത്രമേ ഉള്ളോ. അച്ഛന്റെ ആവശ്യങ്ങളും ചിലവുമൊന്നും പെന്‍ഷനില്ലാതെ ആയിട്ടും കുറഞ്ഞിട്ടില്ല. കുറയുന്നതേ എന്റെയും മക്കളുടെയും ആവശ്യങ്ങളാണ്. മുണ്ട് ഇനിലും മുറുക്കാന്‍വയ്യ. അച്ഛനേ എല്ലാവരുടേയും കൂടിയാ. നിങ്ങളുടെ മാത്രമല്ല.'

ലെനിനും അനുകൂലിക്കുന്നതിനാലാകാം ശബ്ദം പിന്നെ ഉയരാതെ മന്ത്രണം പോലെ താഴ്ന്നത്. തേങ്ങാപുരയുടെ സീലിംഗിന്റെ വിടവിലൂടെ അന്ന് പതിവില്ലാതെ ഈറനണിഞ്ഞ വെയില്‍ ഇറങ്ങിവന്നത് കണ്ട്  കിടന്നു. 

കണ്ണന്‍ വീണ്ടും മുരടനക്കിയപ്പോള്‍ കണ്ണുകള്‍ ശ്രമപ്പെട്ട് തുറക്കുക മാത്രമല്ല കണ്ണുകള്‍ കൊണ്ടുതന്നെ വിളിക്കുകയും ചെയ്തു. അവന്റെ കൈയില്‍ ഒരിലപ്പൊതി അവന്‍തന്നെ അത് തുറന്ന് കാണിച്ചു. അവലും മലരും പൂവും കൂടെ ഒരറ്റത്ത് കടും പായസവും അമ്പലത്തില്‍ നിന്നാണ്.'എന്താ വിശേഷമെന്നാണ് ചോദ്യമെന്ന് ചുണ്ടനക്കം കൊണ്ട് അവന് മനസിലായി. അത്ഭുതം തോന്നി എത്ര പെട്ടെന്നാണ് തന്റെ മനസ്സ് വായിച്ചവന്‍ പ്രതികരിക്കുന്നത്.

അച്ഛന്‍ മലക്ക് പോവാത്രെ. അതിന്റെയാ ഇത്. അച്ഛന് വേണ്ട എന്നുപറഞ്ഞാല്‍ കണ്ണന്റെ കണ്ണുകള്‍ നീരണിയും. അതുകൊണ്ടുതന്നെ വാങ്ങി രുചിക്കേണ്ടി വന്നു. ഷുഗറുള്ള അച്ഛന് മധുരം നിറഞ്ഞ  കടും പായസം അറിഞ്ഞുകൊണ്ട് കൊടുത്തതാവില്ല. അറിയാതെ കണ്ണന്‍ എടുത്തുകൊണ്ടുവന്നതാവും. അതിനുള്ള അടിയുടെയും ശകാരത്തിന്റെയും പിന്നണി പിന്നാലെ വരുമായിരിക്കും.
തുപ്പണ പാത്രം കണ്ണന്‍ പുറത്തു കൊണ്ടുപോകണ്ടാ ക്ലോസ്സറ്റില്‍ അച്ഛന്‍ കമിഴ്ത്തി കളഞ്ഞോളാം കേട്ടോ. അവനതു സമ്മതമായില്ല. അവനുള്ളപ്പോള്‍ വയ്യാത്ത അച്ഛന്‍ കഷ്ടപ്പെടുന്നതുശരിയാണോ?

ടിന്നവന്‍ കൈയ്യിലെടുത്തതും ശ്യാമള വിളിച്ചതും ഒപ്പമായിരുന്നു. അവള്‍ക്കറിയാം കണ്ണുതെറ്റിയാല്‍  കണ്ണന്‍ അച്ഛന്റെ അടുത്താണെന്ന്. അതിന്റെ പിറുപിറുക്കലും പിന്നാലെ വന്നു.

അച്ഛന്റെ മുലകുടിച്ചാലെ നിനക്ക് തൃപ്തിയാകു അല്ലേ കണ്ണാ. അച്ഛനെങ്കിലും പറഞ്ഞുകൂടെ പോയി എഴുതുകയോ വായിക്കുകയോ ചെയ്യാന്‍. അതെങ്ങിനെയാ പറയില്ലല്ലോ.'കണ്ണന്‍ കുറ്റവാളിയെപ്പോലെ പതുങ്ങി ഇറങ്ങുമ്പോഴും തിരിഞ്ഞുനോക്കി ഞാന്‍ ഇനിയും വരാം പേടിക്കണ്ട എന്നാഗ്യം കാണിച്ചിരുന്നു. ചിരിക്കാതെന്തു ചെയ്യും. 
മൂടിവച്ച ദോശയിലും സാമ്പാറിലും ഈച്ചകള്‍ വന്നിരുന്നു തുടങ്ങി. അതുകഴിക്കണമെങ്കില്‍ എഴുന്നേല്‍ക്കണം ടിന്നിലെ കഫം ക്ലോസ്സറ്റിലേക്ക് കമിഴ്ത്തണമെങ്കിലും എഴുന്നേല്‍ക്കണം. ശ്രമിച്ചാല്‍ അതു നടക്കാഞ്ഞിട്ടല്ല. ബാത്‌റൂമിലെ തെന്നല്‍ പലപ്പോഴും പേടിപ്പിക്കുന്നു. 

എങ്കിലും എഴുന്നേറ്റു ടിന്നെടുക്കുമ്പോള്‍ ഒരു വിറയല്‍ കൈക്ക് തുളുമ്പിപ്പോകാതെ രണ്ടുകൈകൊണ്ടും പിടിക്കേണ്ടി വന്നു. എങ്കിലും കൈ നനഞ്ഞു. വലതുകാലാണ് ആദ്യം വലിച്ചുവച്ച് നടന്ന് തുടങ്ങിയത് ഇപ്പോള്‍ ഇടതുകാലും വലിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ട് വീഴ്ചകളില്‍ ഏറെയും ബാത്‌റൂമില്‍ ആയിരുന്നല്ലോ. വേണ്ട ടിന്നവിടെതന്നെ വച്ചു. ഇനിയും സഹികേടിന്റെ പിന്നണി കേള്‍ക്കണ്ട. അച്ഛന് എന്നെയോ ശ്യാളയെയോ ഒന്ന് വിളിക്കാന്‍ മേലെ. അതെങ്ങിനെയാ എല്ലാം എന്നും ഒറ്റയ്ക്ക് ചെയ്യണമല്ലോ. വാശിയല്ലേ. ഇപ്പോ എന്തായി. കഴിഞ്ഞ മാസം വലത് തുടയെല്ല് അതിന് മുമ്പ് ഇടത്. പിന്നെ കൈ പിന്നെ തല അതും തിരഞ്ഞെടുപ്പുപോലെ ഇടതും വലതും മാറി മാറിയല്ലേ ഹൗ മടുത്തു.'

കുറ്റബോധം ജാള്യതയിലാക്കുമ്പോള്‍ നഷ്ടപ്പെടുന്ന സമയം പണം ഇതേക്കുറിച്ചെല്ലാമായിരുന്നല്ലോ അവനും താനും ഒരേപോലെ ചിന്തിച്ചിരുന്നത്.
ഡോക്ടര്‍ എപ്പോഴും സമാശ്വാസമായി പറയുന്നത് പ്രായം ഒരു പ്രശ്‌നമാണ് എന്നാണ്. എങ്കിലുംമാറും എന്നായിരുന്നു. അതാണേറെയും ചിരിപ്പിച്ചത്. പ്രശ്‌നമാകാത്ത പ്രായം എപ്പോഴെങ്കിലും ഉണ്ടോ. ബാല്യ കൗമാര യൗവ്വന പ്രായങ്ങളെല്ലാം പ്രശ്‌നരഹിതങ്ങളാണോ? വീണ്ടും ജനലിലൂടെ ആമ്പാറകുന്നിനേയും കാഞ്ഞിരമരം തണലിടുന്ന കഴുമരത്തേയും നോക്കികിടന്നു. ആത്മാവുകള്‍ തലകീഴായി തൂങ്ങി ഉറങ്ങുന്ന കാഞ്ഞിരമരം.

കിടപ്പുമുറിയില്‍ നിന്നും വീണ്ടും പരിദേവനം ഉയരുന്നുണ്ടോ അതോ തോന്നലാണോ. തോന്നലുകള്‍ക്കും ഇപ്പോള്‍ സത്യത്തിന്റെ ഛായയാണ്.

'മാസങ്ങളായി പെന്‍ഷന്‍ കൂടിയില്ലാതായിട്ട് കടം പെരുകി മെഡിക്കല്‍സ്റ്റോറില്‍ എത്രയായി എന്നറിയോ? എന്നാലും മരുന്ന് മുടക്കാന്‍ പാടുണ്ടോ? അങ്ങനെ മുടങ്ങിയാല്‍ മറ്റുമക്കള്‍ നമ്മളെ വെറുതെ വിടുമോ? എനിക്ക് വയ്യ. ശ്യാമള എന്തിനാണിങ്ങനെ ആവര്‍ത്തിക്കുന്നത്. സ്വയം ആശ്വസിക്കുന്നതിനോ പാവം. പക്ഷെ തനിക്ക് എന്തു ചെയ്യാനാകും. ലെനിന്‍ സാന്ത്വനിപ്പിക്കുന്നുണ്ടാകും എന്നു തന്നെ വിശ്വസിക്കുവാനായിരുന്നു ഇഷ്ടം. കുടിശ്ശിക സഹിതം പെന്‍ഷന്‍ കിട്ടും അതുവരെ കടം വാങ്ങാം എന്നൊക്കെ അവന്‍ പറയുന്നുണ്ടാവില്ലേ? ഉണ്ടാവും.

രാത്രിയിലെ കഫം കൂടിയതാണ് ടിന്ന് നിറയാന്‍ കാരണം. ജനലിലെ പരീക്ഷണവും പരാജയപ്പെടുകയാണ് എന്ന് തൂങ്ങി നൂലിട്ട് താഴെ പതിക്കുന്ന കഫക്കട്ടകള്‍ സൂചിപ്പിച്ചു കൊണ്ടിരുന്നു. 

കണ്ണന്‍ ആംഗ്യം കാട്ടി മറഞ്ഞിട്ട് നേരം കുറെയായി. വരുമായിരിക്കും. വടിയെടുത്ത്  നടക്കുവാനും ടിന്നെടുക്കുവാനും സഹായിക്കുമായിരിക്കും.

എഴുന്നേറ്റിരുന്ന് ദോശ രുചിച്ചുനോക്കി. വല്ലാത്തപുളി ദോശക്കുമാത്രമല്ല സാമ്പാറിനും ഉണ്ടെന്ന് തോന്നി. പെട്ടെന്ന് കഫം നിറഞ്ഞ ഓക്കാനം അടിവയറ്റില്‍ നിന്നേ ഉണ്ടായി. ബാത്‌റൂമില്‍ പോകാനായി  ആരേയും വിളിക്കാതെ എഴുന്നേറ്റു. പക്ഷെ വീഴ്ചയില്‍ അതും അവസാനിച്ചു. ലെനിനാണ് ഓടിപാഞ്ഞ് വന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചത്. ശ്യാമള പൊന്നൂട്ടിയെ സ്‌കൂള്‍ ബസ്സിലയച്ച് കണ്ണനേയും കൊണ്ട് സമത സ്‌കൂളില്‍ പോയിക്കാണും. ഇപ്പോള്‍ ഒന്നാം ക്ലാസ്സിനു മുമ്പ് രണ്ടു ക്ലാസ്സുകൂടി ഉണ്ട് എല്‍.കെ.ജി.യും  യു.കെ.ജി.യും കണ്ണന്‍ യു.കെ.ജി.യിലാണെന്ന് തോന്നുന്നു. ചിരി വന്നുകൊണ്ടിരുന്നു. ചിരി ലെനിനെ അസ്വസ്ഥനാക്കിയെന്ന് തോന്നുന്നു. കട്ടിലില്‍ തലയണവച്ച് ചാരി ഇരുത്തുമ്പോള്‍ അവന്റെ കണ്ണുകള്‍ ധൃതഗതിയില്‍ തുറന്നടഞ്ഞുകൊണ്ടിരുന്നു. പകുതി മുറിഞ്ഞ ദോശയിലും സാമ്പാറിലും അവന്റെ നോട്ടമെത്തി.

അച്ഛന് ഭക്ഷണവും വേണ്ടാതായോ? തിന്നാലും തിന്നില്ലേലും അത് വെയ്സ്റ്റായില്ലേ അച്ഛാ. ഉള്ളതില്‍ ഒതുങ്ങി ജീവിക്കാന്‍ അച്ഛനിപ്പോഴും ആവില്ലേ..' എന്നൊക്കെയല്ലേ അവന്റെ കണ്ണുകള്‍ ചോദിച്ചത്... ഉത്തരം തിരഞ്ഞത്.

ദോശ അവിടെ ഇരുന്നോട്ടെ ഞാന്‍ പതുക്കെ കഴിച്ചോളാം എന്നല്ലേ തനിക്കും പറയാനുള്ളു. മരുന്നു കുപ്പികളിലേക്കും ടാബ്‌ലററുകളിലേക്കും അവന്റെ നോട്ടം വ്യാപരിച്ചപ്പോഴാണ് കാമ്പോസ് ഗുളിക തീര്‍ന്ന കാര്യം ഓര്‍മ്മിപ്പിക്കാം എന്ന് വച്ചത്. ഒഴിഞ്ഞ കൂട് അവനെ ബോദ്ധ്യപ്പെടുത്തുമ്പോള്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. ഇതുകൊണ്ടും വലിയ ഗുണമൊന്നുമില്ല. ഇപ്പോഴും ഉറക്കം അകലെയാണ് എങ്കിലും ഒന്നു കണ്ണടയ്ക്കാന്‍ ഇതില്ലാതെ പറ്റില്ല എന്നായിട്ടുണ്ട്.'ഗുളിക വാങ്ങാമെന്നും അച്ഛന്‍ ഇനിയും എഴുന്നേറ്റ് വീണ് പരിക്കുണ്ടാക്കരുതെന്നും സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞിരിക്കുന്നു എന്നും മറ്റുമാണ് അവനും പറയാതെ പറയുന്നതെന്നും മനസിലായി. ഗുളിക കഴിച്ചിട്ടും ഉറങ്ങാതെ ചുമച്ച് രാത്രി മുഴുവന്‍ കുരയ്ക്കുന്നത് എന്താണാവോ എന്നുള്ള അമ്പരപ്പും അവന്റെ മുഖത്തുണ്ടായിരുന്നു. ഒന്നുകൂടി ചെക്കപ്പ് നടത്താം ഗുളിക മാറ്റി പരീക്ഷിക്കേണ്ടി വരുമെന്നും അവനില്‍ പിറുപിറുപ്പുണ്ടായിക്കൊണ്ടിരുന്നു. കാമ്പോസ് മാറ്റി പരീക്ഷിക്കുന്നതാണ് നല്ലത് അറിയാതെയാണോ അല്ല അറിഞ്ഞുകൊണ്ടാണോ തലയിണ ഉറയ്ക്കുള്ളില്‍ കണ്ണന്‍ പോലുമറിയാതെ സൂക്ഷിച്ചിരുന്ന പോളിത്തിന്‍ കവറില്‍ മനസ്സുമാത്രമല്ല കൈയ്യും എത്തി.ഇപ്പോള്‍ എത്രയായിക്കാണും ഇരുപതോ അതോ മുപ്പതോ ഏതായാലും ആവശ്യത്തിനായിട്ടാണ്ടാകും എങ്കിലും കൂടുതല്‍ ഉണ്ടാകുന്നത് നല്ലതാണ്.ഇന്ന് ലെനിന്‍ കൊണ്ടുവരുന്നതോടുകൂടി എണ്ണം മിക്കവാറും തികഞ്ഞേക്കും. കാമ്പോസ് തന്നെ വാങ്ങുവാന്‍ തോന്നിയാല്‍ മതിയായിരുന്നു. വാങ്ങാതിരിക്കില്ല. താന്‍ ഉറങ്ങേണ്ടത് അവന്റെയും ആവശ്യമാണല്ലോ. വീണ്ടും തന്നെ നോക്കി ചിരിക്കുന്ന ദോശയിലേക്ക് കണ്ണുനട്ടിരുന്നു. ഇതു പോലും ഇല്ലാതെ എത്രയോ പേര്‍ ഏതോ പ്രസാദ ഊട്ടിന് മെഡിക്കല്‍ കോളേജിലെ സൗജന്യ ഭക്ഷണപ്പൊതിക്ക് ക്യൂ നില്‍ക്കുന്ന പെന്‍ഷന്‍കാരന്റെ ചിത്രമുള്ള വാര്‍ത്ത സ്വീകരണമുറിയിലെ സംഭാഷണത്തില്‍ പ്രതിധ്വനിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

എന്റെ അച്ഛനൊന്നും ആ  ഗതി ഉണ്ടാവില്ല. എനിക്ക് ജീവനുണ്ടെങ്കില്‍ അച്ഛനും അന്നമുണ്ട് 'എന്നെല്ലാമായിരുന്നില്ലേ ലെനിന്റെ മറുപടി സ്‌നേഹിതന്‍ പിന്നെ എന്താണാവോ പറഞ്ഞത്. ഓര്‍ക്കാന്‍ ശ്രമിച്ചു. ഒരു രഹസ്യ മന്ത്രണമായിരുന്നില്ലേ സ്‌നേഹിതന്റെ  വാക്കുകള്‍.

എത്ര പോറ്റി വളര്‍ത്തിയവരാണ് എന്നൊക്കെപറഞ്ഞാലും ഇവര്‍ ഒരു ബാധ്യത തന്നെയാണ്. എല്ലാം സഹിക്കാം. ഇവരുടെ വാശി ശാഠ്യം ഇതൊക്കെ വെറുപ്പിക്കുക തന്നെ ചെയ്യും. അതിന്റെ കൂടെ പെന്‍ഷനും കൂടെയില്ലെങ്കില്‍ നമ്മുടെ ജീവിതം കൂടി തകര്‍ക്കുന്ന ബാധ്യതയാകും. എന്റെ വീട്ടിലുമുണ്ട് ഒന്ന്. പക്ഷെ എനിക്കൊരു ഗുണമുണ്ട് അപ്പന്‍ പട്ടാളത്തിലായിരുന്നതു കൊണ്ട് പെന്‍ഷന് മുടക്കമില്ല. കൂടെ ക്വാട്ടയും. അപ്പനതും കഴിച്ചങ്ങ് കിടന്നോളും. ഇടയ്ക്ക് ചില അലര്‍ച്ചകളും ലെഫ്റ്റും റൈറ്റുമൊക്കെ ഉണ്ടെന്നേയുള്ളു. അതങ്ങ് സഹിക്കും. ഇടയ്ക്ക് എനിക്കും സൗജന്യമായി മദ്യം കിട്ടുന്നതല്ലേ അക്കാര്യത്തില്‍ മാത്രം അപ്പന്‍ ഉദാരനാണ്.'

മദ്യം ഉറങ്ങാന്‍ നല്ലതാണെന്ന് സര്‍വ്വീസിനിടയിലും കേട്ടിട്ടുണ്ട്. പക്ഷെ പല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും രുചിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അച്ഛനെ ആയിരുന്നുപേടി. ചെത്തുകാരനായിരുന്നെങ്കിലും അച്ഛന്‍ കുടിക്കില്ലായിരുന്നു. എ.കെ.ജിയോടൊപ്പം ജയിലില്‍ കിടന്നിട്ടുള്ള ആളായിരുന്നല്ലോ.  ഓര്‍ക്കുമ്പോള്‍ ഇന്നും രോമാഞ്ചമാണ്. 

ഓര്‍മ്മകള്‍ ഇപ്പോള്‍ കയങ്ങള്‍പോലെയാണ്. വെള്ളം വല്ലാതെ ആഴത്തില്‍ കെട്ടിക്കിടക്കുന്ന കയങ്ങള്‍. ഒഴുക്കില്ല. അതുകൊണ്ടു തന്നെ ഓര്‍മ്മകള്‍ക്ക് തുടര്‍ച്ചയില്ല. അതും നന്നായി. ജീവിതം ഏറെയും സമര പോരാട്ടങ്ങളുടെ തീച്ചൂളയില്‍ ആയിരുന്നു. എങ്കിലും ജോലി ഒരു തണലായിരുന്നു. പെന്‍ഷന്‍ ആകുമ്പോള്‍ സന്തോഷിച്ചു. കൂടുതല്‍ വീറോടെ മുഷ്ടി ചുരുട്ടുവാന്‍ സമയം ഏറെകിട്ടും എന്നായിരുന്നല്ലോ പ്രതീക്ഷ. ഇപ്പോള്‍ മനസിലാകുന്നു ഏത് വിപ്ലവാഭിനിവേശവും തടഞ്ഞു നില്‍ക്കുന്ന മുനമ്പ് സാമ്പത്തികമാണെന്ന്. അല്ലെങ്കില്‍ അഞ്ചുമാസത്തെ പെന്‍ഷന്‍ മുടക്കം ഇത്രയേറെ താളം തെറ്റിക്കുമോ? കൈകാലുകള്‍ പണിമുടക്കാതിരുന്നെങ്കില്‍ പരിചിതമല്ലാത്ത തീര്‍ത്ഥാടനങ്ങള്‍ക്കെങ്കിലും പോകാമായിരുന്നു. അതിനു പോലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നു എന്നത് ഭയാനകമായി ഇപ്പോള്‍ അനുഭവപ്പെടുന്നു. ചിരിക്കാനാണ് എന്നിട്ടും തോന്നുന്നത്  വാര്‍ദ്ധക്യം അറിഞ്ഞും അനുഭവിച്ചും തന്നെ തീര്‍ക്കേണ്ട ഒന്നാണെന്ന്  ഇപ്പഴാണ് ബോധ്യമാകുന്നത്,
ഇതാ അച്ഛാ ഗുളിക കാംബോസിനേക്കാള്‍ നല്ലതാണ് നൈട്രോസന്‍ എന്നാണ് ഡോക്ടര്‍ പറയുന്നത്. ഓരോന്നേ കഴിക്കാവൂ. അതും ഉറക്കം വരാതിരിക്കുമ്പോള്‍ മാത്രം.'
പിന്നെയും എന്തൊക്കെയോ ലെനിന്‍ പറഞ്ഞു കൊണ്ടിരുന്നു. ഗുളികകളുടെ എണ്ണം തലയിണക്കവറിലെ പോളിത്തീന്‍ കവറില്‍ ഇതും കൂടി ചേരുമ്പോള്‍ എത്രയാകും ആവശ്യത്തിന് ആകാതിരിക്കുമോ?

കണ്ണന്‍ ഇതുവരെ ഇടയ്‌ക്കൊന്നു വന്നതേയില്ല. തിരക്കുണ്ടാവും. അതോ വരുന്നതേയുള്ളോ. സമയകാലങ്ങള്‍ ഇപ്പോള്‍ പുറത്തെ നിഴലുകളെ ആശ്രയിച്ചിരിക്കുന്നു. അച്ഛന്റെ ക്ലോക്ക് തേങ്ങാപുരയിലേക്ക് സ്‌നേഹപൂര്‍വ്വം മാറ്റിയിരുന്നതാണ്. അതും പെന്‍ഷന്‍ മുടങ്ങിയതുപോലെ നിശ്ചലമായിട്ട് ഏറെനാളായി.

ശ്യാമളയെക്കുറിച്ച് പതിവില്ലാതെ ഒരു വിശദീകരണം ലെനിന്‍ നടത്തിയപ്പോഴാണ് അവള്‍ ഇവിടെയില്ല എന്ന് മനസിലായത്.

ശ്യാമള പൊന്നൂട്ടിയേയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി. അവളുടെ അച്ഛനെന്തോ ഒരു അസ്‌കിത. പയറ് പോലെ നടന്ന മനുഷ്യനാണ്. പെട്ടെന്ന് കുഴഞ്ഞുവീണു. ആശുപത്രിയിലാണ്. കുറവുണ്ട്.ഇതെല്ലാം ആരോടെന്നില്ലാതെയാണ് ലെനിന്‍ പറഞ്ഞത്. പൂര്‍ത്തിയാക്കുവാന്‍ ഉപയോഗിച്ച വാചകങ്ങള്‍ പറഞ്ഞതുമായി ബന്ധമില്ലാത്ത മറ്റ് ചിലതായിരുന്നു.

അവളുടെ അച്ഛന്റെ കാര്യവും കൂടി അവളുടെ തലയിലാകുമെന്നാണ് തോന്നുന്നത്. മറ്റാരും അടുത്തില്ലല്ലോ. വെളിയിലല്ലേ. ഇവളല്ലേ അടുത്തുള്ളത്. ഏതു ഭാരത്തിനും അത്താണിയാവാന്‍.'

തന്റെ വെറും നോട്ടത്തില്‍ അവനോടുള്ള സഹതാപവും ശ്യാമളയോടുള്ള ഉത്കണ്ഠയും അറിഞ്ഞുകാണും. അതുമതി. ഞാന്‍ ചിലപ്പോള്‍ കണ്ണനേയും കൂട്ടി ശ്യാമളയുടെ വീട്ടിലൊന്നു പോകും. അച്ഛന് പേടിയൊന്നുമില്ലെന്ന് അറിയാം. അല്ലെങ്കില്‍ത്തന്നെ എന്തിനാ പേടിക്കുന്നത്. കഞ്ഞി മൂടി വച്ചേക്കാം. വിശപ്പു തോന്നുകയാണെങ്കില്‍ കഴിച്ചാല്‍മതി. മൂത്രമൊഴിക്കാന്‍ ബാത്‌റൂമിലൊന്നും പോകണ്ട. ഇനിയും വീണാലോ. ഒരു ബേസിന്‍ വച്ചുതരാം അതിലൊഴിച്ചാല്‍മതി.'അവന്‍ വല്ലാതെ ആശങ്കാകുലനാണെന്ന് കരുതലില്‍ നിന്നും മനസ്സിലായിക്കൊണ്ടിരുന്നു. പാവം.

ചേട്ടന്മാരേയും ഗൗരിയേയും ഞാനറിയിച്ചിട്ടുണ്ട്. ശ്യാമള പറഞ്ഞിട്ടൊന്നും അല്ലാട്ടോ അവര്‍ കൂടെക്കൂടെ തിരക്കുന്നു അച്ഛനെ കാണണമെന്നുപറയുന്നു. നേരിട്ട് കാണുന്നതും പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ അവര്‍ക്കും അച്ഛനെ അടുത്ത് കാണണമെന്ന് ഉണ്ടാവില്ലേ. പരാതി വേണ്ട. വരട്ടെ നേരിട്ട് കാണട്ടെ. വല്ല തീരുമാനങ്ങള്‍ഉണ്ടെങ്കില്‍അതും അറിയാലോ.'


ലെനിന്‍ ചെറുപ്പം മുതല്‍ ഇങ്ങനെയാണ് ഏതുകാര്യവും വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും എന്നാല്‍ കണ്ണന് ഏതാനും വാക്കുകളും ആംഗ്യങ്ങളും മാത്രം. തന്റെ പ്രതികരണമോ മറുപടിയോ ലെനിന്‍ ആഗ്രഹിക്കുന്നില്ല എന്നറിയാമെങ്കിലും വെറുതെ ചോദിച്ചു. കണ്ണനെ കൊണ്ടുപോകണോ അവന്‍ എന്റെ അടുത്ത് നില്‍ക്കില്ലേ?

 നില്‍ക്കൂലോ. അതല്ലേ പ്രശ്‌നം. ശ്യാമളയ്ക്കും അവനെ എപ്പോഴും കാണണമല്ലോ. പോയപ്പോള്‍ അവള്‍ പ്രത്യേകം പറഞ്ഞിട്ടാണ് പോയത് അവനേയും കൂട്ടി ചെല്ലണമെന്ന്. അല്ലെങ്കിലും കണ്ണന്‍ നിന്നിട്ട് അച്ഛനെന്താ ഗുണം.

ഗുണദോഷങ്ങള്‍ എങ്ങിനെയാണ് വേര്‍ തിരിക്കുക ഒന്നും മിണ്ടിയില്ല. കാമ്പോസിന്റെയും നൈട്രോസന്റെയും എണ്ണങ്ങളെ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കുന്നതാണ് ഇപ്പോള്‍ ഏറെ ഗുണകരമെന്നും തോന്നി.
മക്കളെല്ലാം ഒത്തുകൂടി തീരുമാനിക്കേണ്ടതായ അടിയന്തിരകാര്യം തന്നെക്കുറിച്ചാണല്ലോ എന്നതും ചിരിപ്പിച്ചു കൊണ്ടിരുന്നു. ലെനിനെ കുറ്റം പറയാന്‍ ആവില്ല. എല്ലാറ്റിനുമില്ലേ ഒരു പരിധി.

അച്ഛനെ കണ്ട് യാത്ര പറയാന്‍ അച്ഛന്റെ കണ്ണ് വെട്ടിച്ചാണ് കണ്ണന്‍ വന്നതെന്ന് അവന്റെ താഴ്ന്ന ശബ്ദത്തില്‍ നിന്നും ആംഗ്യങ്ങളെ അമിതമായി ആശ്രയിക്കുന്നതില്‍ നിന്നും മനസ്സിലായി.

അച്ഛന്‍ വിഷമിക്കരുത്. 20 പ്രാവശ്യം കണ്ണടച്ച് ശ്വാസം അകത്തേക്ക് വലിച്ച് പുറത്തേക്കുവിട്ടാല്‍ ഉറക്കം വരുമെന്ന് അച്ഛന്‍ തന്നെ പറയാറില്ലെ... ഒന്നും ഓര്‍ക്കാതെ മയങ്ങിക്കൊള്ളുട്ടൊ. ഉണരുമ്പോള്‍ കണ്ണന്‍ വരുട്ടോ.. ഉറപ്പ് ഒറ്റക്കിരിക്കാന്‍ അച്ഛന് പേടിയൊന്നും ഇല്ലല്ലൊ... എന്നെല്ലാമാണ് ആംഗ്യമെന്ന് ചുണ്ടനക്കത്തിന്റെ മന്ത്രണത്തില്‍ നിന്നും മനസിലായിക്കൊണ്ടിരുന്നു. കണ്ണന് തീരെ ഇഷ്ടമില്ലാതെയാണ് യാത്ര എന്നും വ്യക്തമായി തടയാന്‍ തനിക്കാവില്ലല്ലോ അല്ലെങ്കില്‍ തന്നെ എന്തിന്? 
ഇപ്പോള്‍ തനിക്കും ആവശ്യം ഏകാന്തത തന്നെയാണ്. സര്‍ഗ്ഗാത്മകതയുടെ ഏകാന്തത. ഒറ്റപ്പെടല്‍ പണ്ടും ഇഷ്ടമായിരുന്നു. കുത്തിക്കുറിക്കപ്പെടാതിരിക്കാന്‍ അക്ഷരങ്ങള്‍ക്കാവില്ലാത്ത അവസ്ഥ ഏത് യൗവ്വനത്തിന്റേയും കൂടപ്പിറപ്പാണല്ലോ. പ്രേമവും പ്രണയാതിരേകങ്ങളുമാണ് മറ്റുളളവര്‍ക്കെങ്കില്‍ തനിക്ക് മുദ്രാവാക്യങ്ങളായിരുന്നു എന്നുമാത്രം. അതുകൊണ്ടുതന്നെ നഷ്ടപ്പെട്ട സ്വകാര്യതകളെക്കുറിച്ച് ഇന്നും ദു:ഖമില്ല. എന്നാല്‍ രമണിക്ക് അവസാനകാലത്തുണ്ടായിരുന്നില്ലേ. മരണക്കിടക്കയില്‍പ്പോലും അവളുടെ ആവശ്യം അതായിരുന്നല്ലോ. എന്റെയടുത്തിരുന്ന് രമണിക്കുഞ്ഞേയെന്നു വിളിക്കണം. ഞാന്‍ വിളികേള്‍ക്കാതാവുന്നതുവരെ വിളിക്കണം. വിളിക്ക്വോ?'
ആഗ്രഹം നിറവേറ്റപ്പെട്ടതിന്റെ നിര്‍വൃതി അവളുടെ മുഖത്ത് അന്ത്യശ്വാസത്തിലും ഉണ്ടായിരുന്നു.

വീണ്ടും ചിരിക്കാന്‍ തോന്നുന്നു.

കണ്ണനും പോയിക്കഴിഞ്ഞപ്പോള്‍ ലെനിന്റെ തിരിച്ചുവരവില്‍ കണ്ണന്‍ കൂടെ ഉണ്ടാവില്ല എന്നൊരു തോന്നല്‍. എല്ലാവരും ഒത്തുകൂടി വിധി നിര്‍ണയിക്കുന്ന വേളയില്‍ കണ്ണനും അവന്റെ കുരുന്ന് സ്‌നേഹവും അലോസരമാണ് എന്നോര്‍ക്കുന്തോറും വിരലുകള്‍ പോളിത്തിന്‍ കവറിനകത്ത് അനൗപചാരിക കണക്കെടുപ്പ്  നടത്തിക്കൊണ്ടിരുന്നു. നവാതിഥികളായി നൈട്രോസന്‍മാരെകൂടി കൂട്ടുമ്പോള്‍ മുപ്പത്. മതിയാകും ഒരെണ്ണം മാത്രം കൊണ്ട് കണക്കുകള്‍ അവസാനിപ്പിക്കുന്ന തീവ്രതയേറിയ നൈട്രോസന്‍മാരെ കണ്ടു പിടിക്കപ്പെട്ടു കാണില്ല.

കണ്ണന്‍പറഞ്ഞ വ്യായാമമാണ് ശരി. ഇരുപതു പ്രാവശ്യം ശ്വാസം അകത്തേക്ക് വലിച്ച് ഘട്ടം ഘട്ടമായി പുറത്തേക്കുവിടുക. മയക്കം കണ്‍പോളകളില്‍  അനുവാദമില്ലാതെ വിരുന്നു വരിക തന്നെ ചെയ്യും. പ്രായം കൂടുന്തോറുമാണ് കാമ്പോസുകള്‍ വേണ്ടിവന്നു തുടങ്ങിയത്. 

കണ്ണുകള്‍ക്കു മീതെ മറയായി നെറ്റിയില്‍ വെറുതെ കൈപ്പത്തിവച്ച് നീണ്ടുനിവര്‍ന്ന് കിടന്നു. മയക്കം അണിമുറിഞ്ഞ ജാഥപോലെ സ്വപ്നങ്ങളെ  വരവേറ്റുകൊണ്ടിരുന്നു. അറിയാതെ വെള്ളം നിറഞ്ഞ ഗ്ലാസ് അടുപ്പിച്ചു വച്ചു. ആവശ്യം എപ്പോഴും വരാം.
ജനലിനപ്പുറം കഴുവേറ്റുന്ന കുന്നും ആത്മാവുകള്‍  തലകീഴായി തൂങ്ങുന്ന കാഞ്ഞിരവും . അകത്ത് തന്റെ അടുത്ത് മാര്‍ക്‌സും, ഏംഗല്‍സും,ലെനിനും, ഗൗരിയും ഉത്കണ്ഠാകുലമായ നോട്ടങ്ങള്‍ കൊണ്ട് വലം വയ്ക്കുന്നതുപോലെ. അവരെന്തൊക്കെയോ ഉച്ചത്തില്‍ പറയുന്നില്ലേ. എന്തിനാണവര്‍ തമ്മില്‍ ശകാരിക്കുന്നത്. പോളിത്തിന്‍ കവറില്‍ നിന്നും കൈവെള്ളയിലേക്ക് ആദ്യം പൊഴിഞ്ഞത് അഞ്ചെണ്ണമായിരുന്നു. വിറയ്ക്കുന്ന വിരലുകള്‍ കൊരുത്ത ഗ്ലാസിലെ ഒരിറക്കു വെള്ളത്തില്‍  വീണ്ടും അഞ്ച് കൂടി ആയപ്പോള്‍ ബാക്കിയെത്ര ഇരുപതുണ്ടാവില്ലേ കാമ്പോസായിട്ടും നൈട്രോസന്‍ ആയിട്ടും ഉണ്ടാവും. ആശ്വാസം തോന്നി വല്ലാതെ.

മയക്കത്തിന്റെ ആഴമുള്ള കയത്തിലേക്ക് വഴുതി വീഴവേ സ്വപ്നങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി മാറിക്കൊണ്ടിരുന്നു. പലതും കാണുവാനാഗ്രഹിച്ചിട്ടില്ലാത്ത ദുസ്വപ്നങ്ങള്‍ കണ്‍പോളകള്‍ക്ക് മേല്‍ അവ ഭാരം കയറ്റി വച്ചുകൊണ്ടിരുന്നു. ജനലിലൂടെ വെളിയില്‍ ആകാശം തെളിച്ചമില്ലാതെ. അതിനുള്ളില്‍ തെളിച്ചമായി രമണിയുടെ വട്ടമുഖം ഇല്ലേ. അവളും ക്ഷണിക്കുന്നതാവും. ഒന്നിനും സമയമുണ്ടായിരുന്നില്ലല്ലോ. ഒന്നിക്കാനും പങ്കുവയ്ക്കാനും ഒന്നിനും സമയമുണ്ടായിരുന്നില്ലല്ലോ. ഇപ്പോള്‍ സമയം ഏറെയായില്ലെ വന്നുകൂടെ എന്നല്ലേ. ചിരിവന്നു കൊണ്ടിരുന്നു. വീണ്ടും വിരലുകള്‍ പോളിത്തീന്‍ കവറില്‍ എന്തിനാണ് പരതുന്നത്. അഭേദ്യമായ അഭിവാഞ്ചയോടെ നിതാന്തമായ മയക്കള്‍ക്ക് കാംപോസ് നൈട്രോസന്‍ ഇവയ്ക്ക് ഏതിനാണ് കഴിയുക.

അച്ഛ എന്നല്ലേ കേട്ടത് അതോ അച്ഛാ എന്നോ രണ്ടുമല്ലെങ്കില്‍പിന്നെ മറ്റെന്താണ്. പേരു വിളിക്കാവുന്നവര്‍ എല്ലാം എന്നേ പോയ്ക്കഴിഞ്ഞു. തളര്‍ച്ചകള്‍ തേടിയെത്തുന്നതറിഞ്ഞ് യാത്രാമൊഴി കുറിച്ച് പോകാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാര്‍.

വീണ്ടും വീണ്ടും പോളിത്തിന്‍ കവര്‍ കാംപോസിനെ നൈട്രോസനെ ഇരട്ടക്കുട്ടികളെപ്പോലെ പ്രസവിച്ചുകൊണ്ടിരുന്നു. ഗ്ലാസിലെ വെള്ളത്തോടൊപ്പം കട്ടിലും മറയുന്നതുവരെ പ്രസവിച്ചുകൊണ്ടിരുന്നു കൈവിരലിന്‍ തുമ്പിലും മേല്‍ചുണ്ടിലും കാംപോസ് സ്ഥാനം പിടിച്ച് തറയില്‍ ചിതറിയ നൈട്രോസനെ നോക്കി ചിരിച്ചു. 

കയത്തിന്റെ ആഴം ഗര്‍ഭപാത്രം പോലെ സുരക്ഷിതത്വം ഏകിക്കൊണ്ടിരുന്നു. ചുറ്റും തിങ്ങിനിറയുന്ന മുഖങ്ങളില്‍കണ്ണനെ മാത്രം കണ്ടില്ല. എന്തിനാ പേടിക്കുന്നെ ഞാനിങ്ങ് വരില്ലെ? മരുന്നും ഗുളികയും കഴിക്കാതിരിക്കരുത് കേട്ടോ.

ആമ്പാറകുന്നിന്റെ ഉച്ചിയിലേക്ക് എത്ര വേഗമാണ് പറന്നത്. കാഞ്ഞിരം എത്ര സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. തല കീഴായി തൂങ്ങുമ്പോള്‍ താഴെ എല്ലാം വ്യക്തമായി കാണാമായിരുന്നു. 

കണ്ണനെ മാത്രം നോക്കിക്കിടന്നു. ഗുളികകളെല്ലാം തീര്‍ന്ന് കണക്ക് ശരിയായതുപോലുള്ള സംതൃപ്തിയായിരുന്നു പതം പറയുന്ന എല്ലാവരിലും. മുകളില്‍ നിന്ന് തലകീഴായി നോക്കുമ്പോള്‍ എല്ലാവരേയും നേരെ കാണുവാന്‍ കഴിഞ്ഞു. ചിരിവന്നു. മാര്‍ക്‌സും, ഏംഗല്‍സും,ലെനിനും ഗൗരിയും കരയുന്നു. എന്താണാവോ കണ്ണന്‍ മാത്രം കരയാത്തത്.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image